ദൈവസ്മരണയിലൂടെ മാനസികാനുഭൂതി

ഇസ്മത്ത് ഉമര്‍ / സച്ചരിതം No image

മനസ്സ് അനുഭവിക്കുകയും നാവ് മൊഴിയുകയും ചെയ്യുന്ന ദൈവ പ്രകീര്‍ത്തനവും ദൈവ സ്തുതിയുമാണ് ദൈവസ്മരണ. അതോടൊപ്പം ദൈവത്തിന്റെ പൂര്‍ണതയെയും സൗന്ദര്യത്തെയും പുകഴ്ത്തലുമാണത്. അതിലൂടെ സത്വം വികസിക്കുകയും മനസ്സ് സമാധാനം പ്രാപിക്കുകയും ചെയ്യുന്നു. ''സത്യവിശ്വാസം സ്വീകരിക്കുകയും മനസ്സ് സമാധാനം പ്രാപിക്കുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.'' (അര്‍റഅ്ദ്: 28) ഒരു ഖുദ്‌സിയായ തിരുമൊഴിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ''എന്നെക്കുറിച്ച് എന്റെ അടിമകളുടെ ധാരണ എന്താണോ അതിനനുസൃതമായിരിക്കും ഞാന്‍. അവനെന്നെ സ്മരിക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ടാവും. അവന്‍ അവന്റെ മനസ്സില്‍ എന്നെ ഓര്‍ത്താല്‍ അവനെയും ഞാന്‍ ഓര്‍ക്കും. അവനെന്നെ ഒരു ജനസമൂഹത്തില്‍ വെച്ച് സ്മരിച്ചാല്‍ അവനെ അവരെക്കാള്‍ ഉത്തമരായ ഒരു സമൂഹത്തില്‍ വെച്ച് ഞാന്‍ അവനെ സ്മരിക്കും.'' (മുസ്‌ലിം)
ദൈവസ്മരണയുള്ള സദസ്സുകള്‍ക്ക് പ്രത്യേക സ്ഥാനവും ഉയര്‍ന്ന പ്രതിഫലവും കൈവരുന്നു. മാലാഖമാര്‍ ആ സദസ്സിന്റെ പദവിയില്‍ പെരുമ നടിക്കുകയും കാരുണ്യവും ശാന്തിയും വര്‍ഷിക്കുകയും ചെയ്യുന്നു. ''ദൈവഭവനത്തില്‍ ഒരുമിച്ചു കൂടുകയും വിശുദ്ധ വേദം പാരായണം ചെയ്യുകയും പരസ്പരം അത് പഠിപ്പിക്കുകയും ചെയ്യുന്നവരില്‍ ശാന്തിയും കാരുണ്യവും വര്‍ഷിക്കുകയും മാലാഖമാര്‍ തങ്ങളുടെ ചിറകുകള്‍ കൊണ്ട് അവരെ പൊതിയുകയും ദൈവം തമ്പുരാന്‍ തന്റെ അരികിലുള്ളവരോടൊപ്പം അവരെ സ്മരിക്കുകയും ചെയ്യുന്നതായിരിക്കും'' (മുസ്‌ലിം) എന്ന പ്രവാചക വചനം ശ്രദ്ധേയമാണ്.
ഓരോ നിമിഷത്തിലും ദൈവസ്മരണ ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. ഒരു മികച്ച തുന്നല്‍ക്കാരനായിരുന്നു പ്രവാചകന്‍ ഇദ്‌രീസ് (അ) ''ദൈവത്തിന് പ്രകീര്‍ത്തനം'' എന്ന് മൊഴിഞ്ഞു കൊണ്ടല്ലാതെ അദ്ദേഹം നൂല്‍ നൂല്‍ക്കുകയോ അതുയര്‍ത്തുകയോ ചെയ്യാറുണ്ടായിരുന്നില്ല. സന്തോഷത്തിലും സന്താപത്തിലും ദൈവസ്മരണ വേണം. ''വിശ്വാസിയുടെ കാര്യം വിസ്മയകരം തന്നെ. ആയാസം പ്രാപിക്കുമ്പോള്‍ അവന്‍ ദൈവത്തോട് കൃതജ്ഞത പ്രകടിപ്പിക്കുന്നു. അതവന് നന്മയായി ഭവിക്കുകയും ചെയ്യുന്നു. പ്രയാസം ബാധിക്കുമ്പോള്‍ അവന്‍ സഹനം അവലംബിക്കുകയും ചെയ്യുന്നു. അതും അവന് നന്മയായി തീരുന്നു.'' (മുസ്‌ലിം)
തിരുചര്യയില്‍ വന്ന ദിക്‌റുകളും ദിക്‌റുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ പരിചയിക്കുന്നതും നല്ലതാണ്. മുസ്‌ലിം ഓരോ അവസ്ഥയിലും പ്രവാചകനെ അനുധാവനം ചെയ്യുന്നു. ദിക്‌റുകളും പ്രാര്‍ഥനകളും വന്ന ഗ്രന്ഥശേഖരങ്ങളോട് അവന്‍ ആത്മാര്‍ഥ ബന്ധം സ്ഥാപിക്കുന്നു. അതോടൊപ്പം ദൈവസ്മരണക്ക് യോജിക്കാത്ത തിന്മകളില്‍ നിന്നും പുത്തന്‍ പ്രവണതയില്‍ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു.
പാപമോചനത്തിന്റെ നിദാനം ദൈവസ്മരണയത്രെ. ദൈവത്തെ ധാരാളം സ്മരിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക് ദൈവം പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കി വെച്ചിട്ടുണ്ട്. കൂടാതെ ദാസനുമേല്‍ ദൈവസ്‌നേഹം ഉണ്ടാകുന്നതിനും ദൈവസ്മരണ ഹേതുവാകുന്നു. ''അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. ഞാന്‍ നിങ്ങളെയും ഓര്‍ക്കാം. എന്നോട് നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്.'' (അല്‍ബഖറ: 152) ''ദൈവനാമം കേള്‍ക്കുമ്പോള്‍ മനസ്സുകള്‍ ഭയചകിതരാവുന്നവര്‍ മാത്രമാണ് വിശ്വാസികള്‍. ദൈവവാക്യങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. ദൈവത്തില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നു.'' (അല്‍ അന്‍ഫാല്‍ : 2)
ദൈവസ്മരണയുടെ സന്ദര്‍ഭത്തില്‍ മനസ്സുകള്‍ ഭയഭക്തി നിര്‍ഭരമാവുകയും നയനങ്ങള്‍ സജലങ്ങളാകുകയും ചെയ്യണമെന്നാണ് ദൈവം തന്റെ ദാസന്മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ദൈവസ്മരണ കുറിക്കുന്ന വാക്യങ്ങള്‍ കേവലം നാവില്‍ ഉരുവിടുകയും മനസ്സില്‍ യാതൊരു പ്രതിഫലനവും ഉണ്ടാക്കാത്ത വിഭാഗം പോലെ വിശ്വാസികളാവരുത്. കര്‍മങ്ങളിലേറ്റവും വിശുദ്ധമായതും ശ്രേഷ്ഠമായതുമാണ് ദൈവസ്മരണ. പ്രവാചകന്‍ (സ) പറയുന്നു: ''നിങ്ങളുടെ നാഥനരികെ കര്‍മങ്ങളില്‍ ഉത്തമമായതും വിശുദ്ധമായതുമായ പദവികളുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്നതായ സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനേക്കാള്‍ ഉത്തമവുമായ, ശത്രുക്കളെ അഭിമുഖീകരിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നതിനേക്കള്‍ ശ്രേഷ്ഠകരമായ ഒരു കാര്യത്തെക്കുറിച്ച് നിങ്ങളെ ഞാന്‍ അറിയിക്കട്ടെയോ?'' അനുയായികള്‍ പറഞ്ഞു: ''അറിയിച്ചാലും ദൂതരെ.'' പ്രവാചകന്‍ മൊഴിഞ്ഞു: ''ദൈവസ്മരണയത്രെ അത്.'' (അഹ്മദ്) ബുഖാരിയിലും ഇപ്രകാരമുള്ള ഒരു തിരുവചനം വന്നിരിക്കുന്നു. ''തന്റെ നാഥനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവനുള്ളവന്റെയും ജീവനില്ലാത്തവന്റെയും ഉപമ പോലെയാണ്.''

വിവ: മുസ്ഫിറ കൊടുവള്ളി

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top