എല്ലാം സമസ്യ

കെ.വൈ.എ /ചുറ്റുവട്ടം No image

     ചിലരങ്ങനെയാണ്. ലളിതമായതിനെ സങ്കീര്‍ണ്ണമാക്കും. സാധാരണക്കാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ ഇവര്‍ ഓരോ ഉത്തരത്തിനും മുമ്മൂന്ന് ചോദ്യമെങ്കിലും ഉണ്ടാക്കും. മറ്റുളളവര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ ഇവര്‍ പരിഹാരത്തിന് പ്രശ്‌നങ്ങള്‍ തേടും. അതുകൊണ്ട് അവരെ നാട്ടുകാര്‍ ബുദ്ധിജീവികളെന്ന് വിളിക്കുന്നു.
     ചങ്ങലംപരണ്ട ഗ്രാമത്തിലെ കുറെ വീട്ടുകാര്‍ ചേര്‍ന്ന് ഒരു പൊതുകിണര്‍ കുഴിക്കാന്‍ തീരുമാനിച്ചു. സ്ഥലത്തെ ബുദ്ധിജീവിയെ പദ്ധതി ഉദ്ഘാടനത്തിന് ക്ഷണിച്ചു.
     പ്രസംഗത്തിനിടക്ക് ബുദ്ധിജീവി കുറെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ആഗോള കാലാവസ്ഥാ ഭൂമികയുടെ പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലസാമൂഹികത ഉള്‍ക്കൊളളാവുന്ന ചോദ്യങ്ങളെ അടയാളപ്പെടുത്തുന്നതാവണം. നവജാഗര പ്രസ്ഥാനങ്ങളുടെ കിണര്‍നയമെന്നും തദടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, അരികുവല്‍ക്കരിക്കപ്പെട്ട സാമാന്യമാനുഷ്യകത്തിന്റെ ദാഹങ്ങളെ തൃപ്തിപ്പടുത്താന്‍ കൂട്ടുനീര്‍സംരംഭങ്ങള്‍ക്ക് കഴിയാതെ പോയില്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംശയം. ചടങ്ങ് കഴിഞ്ഞുളള ചായസല്‍ക്കാരത്തിന് പലഹാരം ഉണ്ടോ എന്ന സംശയവും അദ്ദേഹം സ്വരം താഴ്ത്തി അന്വേഷിക്കുകയുണ്ടായി.
     കിണര്‍ കുഴിക്കുന്നതിന്റെ തുടക്കമായതുകൊണ്ട് ചങ്ങലപരണ്ടയിലെ പ്രധാന പൗരന്‍മാര്‍ ചടങ്ങിലുണ്ടായിരുന്നു. ബുദ്ധിജീവിയുടെ ആദ്യസംശയം കേട്ട ഉടനെ അവര്‍ കയ്യടിച്ചു. കാരണം അവര്‍ക്കത് മനസ്സിലായിരുന്നില്ല. തന്നെയുമല്ല സാധാരണനിലക്ക് വെറുംവയറ്റില്‍ കേട്ടാല്‍ ദഹനക്കേടുണ്ടാക്കുന്ന വാക്കുകള്‍ ഇത്രയെണ്ണം ഒരൊറ്റ വാചകത്തില്‍ കോര്‍ത്തുവെക്കുന്ന സാമര്‍ത്ഥ്യം അവര്‍ മുമ്പ് കണ്ടിട്ടില്ല. അതുകൊണ്ട് അവര്‍ ഉദാരമായിത്തന്നെ ഹസ്തതാഡനം നടത്തി. രണ്ടാമത്തെ സംശയം അധ്യക്ഷനോടുമാത്രമായതിനാലും സദസ്സ് ശരിക്ക് കേട്ടില്ല എന്നതിനാലും കേട്ടാല്‍ തന്നെ മനസ്സിലാകും എന്നതിനാലും കൈയടി നേടിയില്ല.
     പറഞ്ഞു വരുന്നത്, എന്തിനെയും പ്രശ്‌നവല്‍ക്കരിക്കാന്‍ ബുദ്ധിജീവികള്‍ക്കുളള കഴിവിനെപ്പറ്റിയാണ്. എല്ലാംസമസ്യയാണെന്ന് ബുദ്ധിജീവികള്‍ പറയുന്നത് വെറുതെയല്ല ബുദ്ധിജീവികള്‍ക്ക് വിവരമുണ്ട്. അതുകൊണ്ടാണ്.
     ഉദാഹരണത്തിന് ഒരു ബുദ്ധിജീവി രാവിലെ കുളികഴിഞ്ഞ് (ചില ബുദ്ധിജീവികള്‍ കുളിക്കാറുണ്ട്) പഠനമുറിയില്‍ കയറി ഹാജര്‍ പട്ടിക ഒപ്പിട്ട ശേഷം പ്രപഞ്ചരഹസ്യങ്ങളെ പറ്റി ഗാഢമായി ചിന്തിക്കാന്‍ തുടങ്ങി എന്ന് കരുതുക. പ്രപഞ്ചരഹസ്യം ഒന്ന് കിട്ടിപ്പോയി എന്ന് കരുതി തുടങ്ങുമ്പോഴാണ് പുറത്താരോ കാളിങ് ബെല്ലില്‍ വിരലമര്‍ത്തിപ്പിടിക്കുന്നത്.
     അതോടെ സമസ്യ ഇരട്ടിക്കുകയായി: എന്ത്‌കൊണ്ടാണ് ആളുകള്‍ കാളിങ് ബെല്ലില്‍ വിരലമര്‍ത്തുന്നത്? അകത്തേക്ക് വരുമ്പോഴല്ലാതെ പുറത്തേക്ക് പോകുമ്പോള്‍ ആളുകള്‍ ബെല്ലടിക്കാത്തത് എന്തുകൊണ്ടാണ്? ഇനികുറച്ചുകൂടി ഗഹനമായി ആലോചിച്ചാല്‍, എന്തുകൊണ്ടാണ് ആളുകള്‍ കൈവിരല്‍ കൊണ്ടല്ലാതെ കാല്‍വിരല്‍കൊണ്ട് ബെല്ലടിക്കാത്തത്? പോരാ, എന്തുകൊണ്ട്, എന്തു കൊണ്ടെന്തുകൊണ്ടാണ് ആളുകള്‍ നടത്തം കൈകൊണ്ടല്ലാതെ കാലുകൊണ്ടാക്കിയത്?
     എല്ലാം നിഗൂഢം. അനന്തമജ്ഞാതം. അടുത്ത ലേഖനത്തിലേക്ക് സമസ്യകളുടെ ഒരു പട്ടിക കിട്ടിയ അസ്തിത്വ സുഖത്തോടെ ബുദ്ധിജീവി പേനയെടുക്കുമ്പോള്‍ ബെല്ല് വീണ്ടും.
     ആരാവും അത്? പാല്‍ക്കാരന്‍? പോസ്റ്റ്മാന്‍? ഇന്‍ഷൂറന്‍സ് ഏജന്റ്? മാര്‍ക്കറ്റിങ് കമ്പനിക്കാരന്‍? യാചകന്‍?
     നിഗൂഢം തന്നെ. ഒന്നിനുമില്ലൊരു നിശ്ചയം.....
     മൂന്നാം ബെല്ലോടെ ബുദ്ധിജീവി ചാടിയെഴുന്നേല്‍ക്കുകയായി. പക്ഷെ അങ്ങനെ തോറ്റുകൊടുക്കാന്‍ അയാള്‍ തയ്യാറല്ല. കിട്ടുന്ന ഉത്തരത്തിന് മൂന്ന്‌ചോദ്യം അയാളുണ്ടാക്കും. പാല്‍ക്കാരനാണങ്കില്‍ എന്ത് കൊണ്ടിത്ര വൈകിയെന്ന് ചോദിക്കാം. പോസ്റ്റുമാനാെണങ്കില്‍ എന്തിനിത്ര നേരത്തെ എന്നും. ഇന്‍ഷൂറന്‍സ് ഏജന്റിനാണങ്കില്‍ ചോദ്യമെല്ലാം വന്നയാള്‍ ചോദിക്കുമെന്നതിനാല്‍ ബുദ്ധിജീവിക്ക് വിശ്രമിക്കാം.
     ആരും വന്നില്ലെങ്കിലും ആ ബുദ്ധി എട്ടുസിലിണ്ടറില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടാകും. അത്തരം നിമിഷങ്ങളിലാണ് ജീവിതത്തിന്റെ ചില അടിസ്ഥാന ചോദ്യങ്ങള്‍ ബുദ്ധിയില്‍ തെളിയുക. അങ്ങനെ കിട്ടിയ, ഇന്നുവരെ ഉത്തരം കിട്ടിയിട്ടില്ലാത്ത ഒരു ചോദ്യമാണ്, നാം കാര്യമായ പണിയിലായിരിക്കുന്ന തക്കം നോക്കി എങ്ങനെ ഫോണ്‍ അടിക്കുന്നു എന്നത്. ലോകത്തെ ഒരു ദാര്‍ശനിക പ്രതിഭക്കും ഈ സംശയം നിവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലത്രെ. അത് അങ്ങനെ സംഭവിച്ച് പോകുന്നതാെണന്ന് നിങ്ങള്‍ പറഞ്ഞേക്കും. പക്ഷെ അത് ഉത്തരമല്ല എന്നാണ് ബുദ്ധിജീവിയുടെ മറുപടി. സര്‍വ്വ കാലത്തേക്കുമുളള നിത്യസമസ്യയായി അത് നിലനില്‍ക്കും.
     മറ്റൊരു സമസ്യ ഇതാണ്: നമ്മള്‍ ഒരു സാധനം അടിയന്തരാവശ്യത്തിനായി തിരയുന്നു. ഒരുപാട് സാധനങ്ങള്‍ക്കിടയില്‍ നിന്നാണ് അത് കണ്ടെടുക്കേണ്ടത്. പക്ഷേ എപ്പോഴും ഒരു വ്യത്യാസവുമില്ലാതെ, ഒരേ രൂപത്തിലാണ് ആ തിരച്ചില്‍ അവസാനിക്കുക. അതായത്, നമ്മള്‍ നോക്കുന്ന സാധനം നമ്മുടെ തിരച്ചിലിന്റെ ഏറ്റവും ഒടുവില്‍ നോക്കുന്നതായിരിക്കും.
     ഈ സമസ്യക്ക് ഉദാഹരണം ബുദ്ധിജീവി നല്‍കുന്നു. ഒരു ഷെല്‍ഫില്‍ അഞ്ച് തട്ട്. ഒരോ തട്ടിലും മുപ്പതോളം പുസ്തകങ്ങള്‍. നിങ്ങള്‍ക്ക് ഒരു പുസ്തകം കിട്ടണം. നിങ്ങള്‍ക്ക് മുകള്‍ തട്ടില്‍ നിന്ന് താഴോട്ട് എന്ന ക്രമത്തില്‍ തിരയാം. താഴെ നിന്ന് മേലോട്ട് എന്നുമാക്കാം. ഓരോ തട്ടിലും ഇടത്തുനിന്ന് വലത്തോട്ട് തിരയാം. മറിച്ചുമാകാം. നടുക്കുനിന്നും തുടങ്ങാം. എങ്ങനെയൊക്കെ നോക്കിയാലും നിങ്ങളുടെ തിരച്ചിലില്‍ മറ്റെല്ലാ പുസ്തകവും വന്നു കഴിഞ്ഞേ ആവശ്യമുളളത് കൈയില്‍ തടയൂ.
ഇത് വെറും വരട്ടുവാദമാണ് എന്ന് തോന്നുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാം. വലത്തുനിന്ന് തിരയാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ നിങ്ങള്‍ നോക്കുന്ന പുസ്തകം ഇടത്തേയറ്റത്ത് ചെന്നു നില്‍ക്കും. നടുവിലെ തട്ടില്‍ തുടങ്ങി അതിനെ പറ്റിക്കാന്‍ നോക്കേണ്ട. ക്രമമില്ലാതെ പലേടത്തും പരതിയാലും കാര്യമില്ല. അവന്‍ തഞ്ചം പോലെ എവിടെയും മാറിനടക്കും.
     പുസ്തകം തന്നെ ആവണമെന്നില്ല. അടുക്കള ജോലിക്കിടയില്‍ ഒരു പ്രത്യേക കയിലോ കുപ്പിയോ നോക്കിയാലും സ്ഥിതി ഇതുതന്നെ. സാധനങ്ങള്‍ എടുത്ത് വെക്കുന്നിടത്ത് ചിട്ടയും വ്യവസ്ഥയുമില്ലാത്തതാണന്ന് വിശദീകരിക്കാന്‍ നോക്കേണ്ട. ഇത് ആരുടെയും കുറ്റമല്ല. പ്രപഞ്ചനിയമങ്ങളില്‍ പെടുന്ന സമസ്യയാണത്. എന്തെങ്കിലുമൊക്കെ വിശദീകരണം കണ്ടുപിടിച്ച് ബുദ്ധിജീവികളെ കഷ്ടപ്പെടുത്തരുത്.
     മറ്റൊരു സമസ്യയും സാര്‍വലൗകികമാണ്. യാന്ത്രിയുഗത്തിലാണ് അത് വ്യാപകമായി കാണുന്നത്. എന്തെങ്കിലും വസ്തു - പ്രത്യേകിച്ച് ഒരു യന്ത്രം - എങ്ങനെയോ കേടാവുന്നു. പ്രവര്‍ത്തിക്കാതാവുന്നു. നമ്മള്‍ അത് താങ്ങിപ്പിടിച്ച് റിപ്പയര്‍ ഷാപ്പില്‍ ചെല്ലുന്നു. അവിടെ, കേട് എന്താണെന്ന് കാണിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ അദ്ഭുതം, കൃത്യമായി ആ സമയത്ത് സാധനം ഒരു മുടക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്നു. തിരിച്ച് വീട്ടിലെത്തുന്നതോടെ വീണ്ടും പണിമുടക്കുന്നു.
     റിപ്പയര്‍കാരന്റെ അടുത്തേക്ക് കൊണ്ടുപോകാതെ, അയാളെ വീട്ടിലേക്ക് വിളിച്ചാലും കാര്യമില്ല. അയാളുടെ സാന്നിധ്യത്തില്‍ അത് പ്രവര്‍ത്തിക്കും. എങ്ങനെയെന്ന് ചോദിക്കേണ്ട. ഇതും ഒരു സമസ്യ.
     ചിലപ്പോള്‍ ബുദ്ധിജീവിക്ക് സമസ്യയായി തോന്നുന്നത് മറ്റൊരാള്‍ക്ക് ലളിതമായി തോന്നാം. അത് ബുദ്ധിയില്ലാത്തത് കൊണ്ടാവാനേ തരമുളളൂ. ഒരു വീട്ടില്‍ ഒരു പുതിയ കാര്‍ വാങ്ങുന്നു. വീട്ടിലെ നാലംഗങ്ങള്‍ നാലുതരം ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. വിലയെത്ര വരും എന്നൊരാള്‍. കളര്‍ എന്ത് എന്ന് മറ്റൊരാള്‍. എത്ര പേരെ കൊളളും എന്ന് മൂന്നാമതൊരാള്‍. ഏതാണ് മോഡല്‍ എന്ന് നാലാമത്തെയാള്‍.
     ഒരേ വസ്തുതയോട് നാലുപേര്‍ ഇത്ര വ്യത്യസ്തമായി പ്രതികരിക്കുന്നതും സമസ്യയാണെന്ന് ബുദ്ധിജീവിക്കറിയാം. അത്ര ബുദ്ധിയില്ലാത്ത ഒരാള്‍ വിശദീകരിച്ച് നോക്കും. വില ചോദിച്ചയാള്‍ അച്ഛനാവാനേ തരമുളളൂ. നിറം ചോദിച്ചത് മകള്‍. എത്രയാള്‍ക്കിരിക്കാം എന്ന ചോദ്യം അമ്മയുടേത്. മോഡല്‍ ചോദിച്ചത് മകന്‍.
     ബുദ്ധിജീവിക്കറിയാം ഉത്തരം അത്ര ലളിതമല്ലെന്ന്. ഒന്നും ലളിതമല്ല. എല്ലാം സമസ്യ. അതുളളതുകൊണ്ടാണല്ലോ ബുദ്ധിജീവിള്‍ ജീവിച്ചുപോകുന്നത്.





Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top