ഉത്തരം തേടിയുളള വായന

രേഷ്മ കൊട്ടക്കാട്ട് /സിവില്‍ എഞ്ചിനീയര്‍ No image

     ഡോ: ആര്‍തര്‍ ഡെങ്കലിന്റെ ഡെങ്കന്‍ ഡ്രാഫ്റ്റിനെ വിശകലനം ചെയ്തുകൊണ്ട് ഇ.എം ശ്രീധരന്‍ എഴുതിയ 'ഗാട്ട് കരാറും ഡെങ്കന്‍ പ്രഭുവും' എന്ന പുസ്തകം ഞാന്‍ വായിക്കുന്നത് പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്.
     വായന അതിനു മുന്‍പേ തന്നെ ജീവിത ചര്യയുടെ ഭാഗമായിരുന്നു. പത്രങ്ങളായിരുന്നു പ്രധാനം. ദേശാഭിമാനിയും ദ ഹിന്ദുവും മാധ്യമവുമൊക്കെ സ്ഥിരമായി വായിക്കുമായിരുന്നു. ലഘുപുസ്തകങ്ങളും പ്രബോധനം വാരികയുമൊക്കെ പതിവായി വായിച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് ഏറെയൊന്നും ചിന്തിച്ചിരുന്നില്ല. ''ഖലീഫ ഉമര്‍ വായനയിലൂടെ സ്വാധീനിച്ച വ്യക്തിയായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുന്ന കാലത്ത് എന്റെ കുടുംബത്തില്‍ ഉണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ട് അഹ്‌ലുല്‍ ഖിതാബുകാരെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ഒരു ഖുര്‍ആന്‍ ആയത്ത് കേള്‍ക്കാനിടയായി. അന്ന് അത് ഒരു അദ്ഭുതമായി തോന്നിയതുകൊണ്ട് ഖുര്‍ആനിലെ ആ ഭാഗം കണ്ടെത്തി വായിച്ചു. അതിനപ്പുറം ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിച്ചില്ല.

     1997-ല്‍ എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷം കോതമംഗലം M.A College of Engineering-ല്‍ പഠിക്കുമ്പോള്‍ ധര്‍മ്മഗിരി ഹോസ്റ്റലില്‍ വെച്ച് ബൈബിള്‍ വായിക്കാന്‍ ഇടയായി. അബ്രഹാമിനെ കുറിച്ച ചരിത്ര വായന കൗതുകമുണ്ടാക്കി. അദ്ദേഹത്തിന്റെ മൂത്തപുത്രനെ 'കഴുതക്കുട്ടി' എന്ന് ബൈബിള്‍ വിശേഷിപ്പിച്ചതിന് ന്യായം കണ്ടെത്താന്‍ കഴിയാതിരുന്നത് അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ഐ.പി.എച്ച് വിവര്‍ത്തനം ചെയ്ത ''മുഹമ്മദ് നബി ബൈബിളില്‍'' എന്ന ബെഞ്ചമിന്‍ കെല്‍ദാനിയുടെ പുസ്തകം വായിച്ചു. അതിന് ശേഷമാണ് ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങുന്നതും അത് ചിന്തയെ സ്വാധീനിക്കുന്നതും. വ്യാഖ്യാനങ്ങളില്ലാതെ മനാസ് ഫൗണ്ടേഷന്‍ ഇറക്കിയ ''ഖുര്‍ആന്‍ മലയാളസാരം'' എന്ന പരിഭാഷയായിരുന്നു വായിച്ചത്. ആദ്യവായനയില്‍ സംശയങ്ങളുടെ കൂമ്പാരം തന്നെയുണ്ടായി. 'കാരുണ്യവാനായ സ്വേഛാധിപതി'യാണ് അല്ലാഹു എന്നെനിക്ക് തോന്നി. പിന്മാറാതെ വീണ്ടും വായിച്ചപ്പോള്‍ പഴയ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു. എങ്കിലും പുതിയ സംശയങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. അക്കാലത്ത് എസ്. ഐ. ഒവിന്റെ ഒരു വലിയ സമ്മേളനം കായംകുളത്ത് വെച്ച് നടന്നു. മുറാദ്‌ഹോഫ്മാന്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ പോയിരുന്നില്ല. സമാപനത്തിന്റെ പിറ്റേ ദിവസം രാവിലെ കോളേജിലേക്ക് പോകുമ്പോള്‍ ഐ.പി.എച്ചിന്റെ സ്റ്റാള്‍ കണ്ടു. അവിടെ നിന്നും മുഹമ്മദ് അസദിന്റെ 'രാഷ്ട്രവും ഭരണകൂടവും ഇസ്‌ലാമില്‍' എന്ന പുസ്തകം വാങ്ങി. ഖുര്‍ആനിനെ - ഇസ്‌ലാമിക നിയമങ്ങളെ പ്രായോഗികമായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ആ പുസ്തകത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അസദിന്റെ ഇസ്‌ലാമിക നിയമങ്ങളോടുളള സമീപനം ചിന്തയെ സ്വാധീനിക്കുകയും വളര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ 'ഇസ്‌ലാം രാജമാര്‍ഗ്ഗം' വായിക്കുകയുണ്ടായി. മലയാളപരിഭാഷ വളരെ ഉയര്‍ന്ന നിലവാരത്തിലുളളതിനാല്‍ മനസ്സിലാക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. എങ്കിലും അതിലെ ഉളളടക്കം ഒരു പരിധിവരെ എന്നെ തൃപ്തിപ്പെടുത്തിയിരുന്നു. അങ്ങനെ ചിന്തയുടെ സ്വാതന്ത്ര്യം മനസ്സിലാക്കിയ ശേഷമുള്ള ഖുര്‍ആന്‍ വായന എന്റെ ചിന്തയെയും ബുദ്ധിയെയും ഉണര്‍ത്തിയത് ഒരു ഉറച്ച ദൈവവിശ്വാസിയിലേക്കായിരുന്നു. തുടര്‍ന്ന് മുഹമ്മദ് നബിക്ക് ശേഷമുളള ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രങ്ങള്‍ വിവരിക്കുന്ന ചില പുസ്തകങ്ങള്‍ വായിച്ചു. സ്‌പെയിന്റെയും ഫ്രാന്‍സിന്റെയും ചരിത്രം വല്ലാതെ അദ്ഭുതമുണ്ടാക്കി. ബാഗ്ദാദ് നശീകരണത്തിന്റെ ആവര്‍ത്തന ചരിത്രം വലിയ കൗതുകമുണ്ടാക്കി. ഈ ചരിത്രങ്ങള്‍ ഇസ്‌ലാമിക ആദര്‍ശത്തിന്റെ സമഗ്രതയും പില്‍ക്കാല മുസ്‌ലിം സമൂഹത്തിന്റെ ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍ സഹായിച്ചു. അക്കാലത്ത് വായിച്ച റജാ ഗരോഡിയുടെ 'സയണിസം' എന്ന പുസ്തകം ഇസ്രായേലിന്റെ ചരിത്രവും സയണിസവും ജൂതായിസവും തമ്മിലുളള അന്തരം മനസിലാക്കാന്‍ സഹായിച്ചു. അത്തരം എഴുത്തുകള്‍ മുസ്‌ലിം സമൂഹത്തിന് ഫലസ്തീന്‍ പ്രശ്‌നത്തില്‍ വ്യക്തമായ വാദമുഖങ്ങള്‍ തുറന്നുകൊടുത്തു.

     ചെറുപ്പത്തില്‍ കുറ്റാന്വേഷണ കഥകള്‍ വായിക്കാനായിരുന്നു താല്‍പര്യം. ബാലരമയില്‍ വന്ന 'കടല്‍ ചെന്നായ' എന്ന തുടര്‍ക്കഥ ഇന്നും മനസ്സിന്‍ മായാതെ കിടക്കുന്നു. നാന്‍സി ട്രൂവുമൊക്കെ അന്ന് വായനയുടെ ഭാഗമായിരുന്നു. എന്നാല്‍ മായാവി പോലുളള അദ്ഭുതകഥകള്‍ ഒരു തരത്തിലും സ്വാധീനിച്ചില്ല. മുതിര്‍ന്നപ്പോള്‍ ഫിലോസഫിക്കല്‍ ബുക്കുകള്‍ വായിക്കാനായി താല്‍പര്യം. ചിന്തിക്കാനും വരികള്‍ക്കിടയില്‍ വായിക്കാനും അത്തരം പുസ്തകങ്ങള്‍ നമ്മെ പ്രാപ്തരാക്കും. മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുളള പാത' വായിച്ചിട്ടുെണ്ടങ്കിലും അതെന്നില്‍ സ്വാധീനം ചെലുത്തിയില്ല. എന്നാല്‍ രാഷ്ട്രവും ഭരണകൂടവും ഇസ്‌ലാമില്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം എന്നില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കുകയും ചെയ്തു. സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടിയുളളതാണ് മിക്കപ്പോഴും വായന. അത് പുതിയ വഴികളും ചിന്തകളും തുറന്ന് തരും. വായന പലവിധമുണ്ട്. ചിന്തിച്ചുളള വായന, വരികള്‍ക്കിടയിലുളള വായന, അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുളള കേവല വായന (അക്ഷരവായന), അക്ഷരവായന പ്രയോജനരഹിതമാണ്‌. ചിന്തിച്ച് വായിക്കുമ്പോഴാണ് വരികള്‍ക്കിടയില്‍ വായിക്കാനാകുന്നത്. അത്തരം വായനകളാണ് വിപ്ലവമാകുന്നത്. ഖുര്‍ആനില്‍നിന്നും മനസ്സിലാക്കുന്ന വായന അത്തരത്തിലുളളതാണ്. ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. അത്തരം വായനകളാണ് പ്രായോഗിക ഇസ്‌ലാമിനെ പറഞ്ഞുതരുന്നത്. ചിന്തിക്കാത്ത വായന ബോണ്‍സായ് ചെടികളെ പോലെയാണ്. കായ്ഫലങ്ങള്‍ ഉണ്ടാകില്ല മാറ്റങ്ങള്‍ക്ക് നിമിത്തമാകില്ല.
     പത്രവായനതന്നെ പലവിധമുണ്ട്; സ്‌പോര്‍ട്‌സ് പേജ് പ്രാധാന്യത്തോടെ വായിക്കുന്നവര്‍, സെലിബ്രിറ്റി വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍. ചിലര്‍ കൗതുകവാര്‍ത്തകള്‍ വായിക്കുന്നവരാണ്. രാഷ്ട്രീയ - പ്രദേശിക വാര്‍ത്തകള്‍ വായിക്കുന്നവരാണ് ചിലര്‍. വിദേശവാര്‍ത്തകളും എഡിറ്റോറിയലുകളും വായിക്കുന്നവരുണ്ട്. ഇക്കാലത്ത് പത്രങ്ങള്‍ വാര്‍ത്ത അവതരിപ്പിക്കുന്നത് ഹരംപിടിപ്പിക്കുന്ന രീതിയിലാണ്. സാമാന്യവായനക്കാരെ തൃപ്തിപ്പെടുത്തുന്നതും അതാണ്. എന്നാല്‍ അത്തരം വാര്‍ത്തകള്‍ വരികള്‍ക്കിടയില്‍ വായിച്ചാലെ സത്യം മനസ്സിലാകൂ. വ്യക്തമായ രാഷ്ട്രീയ നിലപാടുളളതുകൊണ്ടാവാം ഞാന്‍ ഏറ്റവും പ്രാധാന്യത്തോടെ വായിക്കുന്നതും പത്രം കിട്ടിയാല്‍ ആദ്യം നോക്കുന്നതും എഡിറ്റോറിയല്‍ പേജാണ്. രാഷ്ട്രീയ വിദേശ വാര്‍ത്തകളും മുന്‍ഗണന കൊടുത്ത് വായിക്കുന്നു. ഒരു കാലത്ത് മാധ്യമം പത്രത്തിന്റെ എഡിറ്റോറിയല്‍ പേജുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. കുല്‍ദീപ് നയ്യാര്‍, വയലാര്‍ ഗോപകുമാര്‍, എ.എസ് സുരേഷ് കുമാര്‍, പി.ടി നാസര്‍, എ.റഷീദുദ്ദീന്‍, എം.സി.എ നാസര്‍, പി.പി. അബൂബക്കര്‍, പി.സി സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ എഡിറ്റോറിയല്‍ പേജില്‍ നിറഞ്ഞുനിന്നിരുന്ന അക്കാലത്ത് അതിരാവിലെ ആവേശത്തോടെ എഴുന്നേല്‍ക്കുമായിരുന്നു. ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ ലേഖനങ്ങള്‍ ഇന്ത്യ-പാകിസ്താന്‍ ഐക്യത്തെയും കാശ്മീര്‍ പ്രശ്‌നപരിഹാരത്തേയും കുറിച്ച് ചിന്തിക്കാന്‍ നമ്മളെപ്പോലും പ്രേരിപ്പിക്കുന്നതായിരുന്നു. വിദേശ വാര്‍ത്തകളുടെ സ്വാധീനം ഫലസ്തീന്‍ അടക്കമുളള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നും അവിടത്തെ ജനങ്ങളെ നേരിട്ട് കാണണമെന്നും ആഗ്രഹമുണ്ടാക്കി. നിര്‍ഭാഗ്യവശാല്‍ ആ യാത്ര ഇന്നും നടന്നിട്ടില്ല.
     വായന എന്നാല്‍ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉച്ചരിക്കലല്ല, പ്രപഞ്ചത്തെ വായിക്കലാണ് എന്നാണ് ഖുര്‍ആനില്‍ നിന്നും മനസിലാകുന്നത്. ലോകത്ത് നടക്കുന്ന ഏത് സംഭവങ്ങളെയും പ്രതിഭാസങ്ങളെയും മൂന്നാംകണ്ണുകൊണ്ട് വായിക്കാനുമാവും. അതിന് ഇപ്പോള്‍ കൂടുതല്‍ സഹായിക്കുന്നത് ദൃശ്യമാധ്യമങ്ങളാണ്. പ്രണോയ്‌ റോയ് ദൂരദര്‍ശനില്‍ അവതരിപ്പിക്കുന്ന 'The world around us' എന്ന പ്രോഗ്രാം ഞാന്‍ ചെറുപ്പത്തില്‍ കാത്തിരുന്നു കാണുമായിരുന്നു. ഇക്കാലത്ത് കരണ്‍ ഥാപ്പറിന്റെ 'devil's advocate' കാണാന്‍ പ്രേരിപ്പിക്കുന്നത് വരികള്‍ക്കിടയില്‍ വായിക്കുന്നത് കൊണ്ടാണ്. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് കെട്ടുകഥകള്‍ക്കും ഇക്കിളിപ്പെടുത്തുന്ന അവതരണങ്ങള്‍ക്കുമാണ്. അപ്രായോഗികമായ ഭാവനകള്‍ ദൃശ്യവല്‍ക്കരിച്ച് കൊണ്ടാണ് മലയാള ചാനലുകള്‍ പൊതുവെ പ്രേക്ഷകരെ കൂട്ടുന്നത്. ഇത്തരം പരമ്പരകള്‍ ചിന്തയെ മരവിപ്പിക്കുന്നതാണ്. ചാനല്‍ പ്രോഗ്രാമുകള്‍ കാണുന്നതില്‍ സെലക്ടീവാകണം. ചിന്തയെ സ്വാധീനിക്കുന്ന, ബുദ്ധിയെ ഉണര്‍ത്തുന്ന, ജീവിതത്തെ ഉത്തേജിപ്പിക്കുന്ന കാഴ്ചകളാകണം കാണേണ്ടത്. പുതിയകാലത്ത് വായനകളിലധികവും അച്ചടിച്ച പുസ്തകങ്ങളിലൂടെ അല്ല, ഇന്റര്‍നെറ്റിലൂടെയാണ്. അവിടെ നമ്മള്‍ കുടുതല്‍ സെലക്ടീവ് ആകണം.
     ക്രമമില്ലാതെ പലയിടത്ത് ചിതറിക്കിടക്കുന്ന രീതിയിലാണ് ഖുര്‍ആന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. ദൈവികമായ ക്രമീകരണമാണത്. ആശയങ്ങളെ വേഗത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊളളാനും പ്രയോഗവല്‍ക്കരിക്കാനും അത് സഹായിക്കുന്നു. മാത്രമല്ല, ഏറ്റവും ചുരുങ്ങിയ വാക്കുകളിലാണ് ഖുര്‍ആന്റെ ആശയപ്രകാശനം. അത് ചിന്തയെ ഉണര്‍ത്തുകയും വരികള്‍ക്കിടയില്‍ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യബുദ്ധിയെ ഇത്രത്തോളം വളര്‍ത്തുന്ന, ചിന്തയെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥവും ലോകത്ത് ഇല്ല. ആദ്യത്തെ മൂന്നോ നാലോ തവണയുളള ഖുര്‍ആന്റെ പൂര്‍ണ്ണവായനക്ക് ശേഷം വിഷയാധിഷ്ഠിതമായാണ് ഞാന്‍ ഖുര്‍ആനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. കേവല 'പാരായണം' എന്ന ഉദ്ദേശത്തോടെ ഒരിക്കലും ഞാന്‍ ഖുര്‍ആന്‍ വായിച്ചിട്ടില്ല. മനസ്സിലാകാത്തത് വായിക്കുന്നത് ഒരിക്കലും എന്റെ രീതിയായിരുന്നില്ല. ഖുര്‍ആന്‍ ആയത്തുകള്‍ നിലവിലെ ലോകത്തോട് എങ്ങനെയാണ് സംവദിക്കുന്നത് എന്ന് ചിന്തിച്ചപ്പോഴാണ് ഖുര്‍ആന്റെ ദൈവികത മനസ്സിലായത്.
     എന്നെ ഏറ്റവും കുടുതല്‍ സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്നാണ് 'രാഷ്ട്രവും ഭരണകൂടവും ഇസ്‌ലാമില്‍' എന്ന പുസ്തകം. ഇസ്‌ലാമിക നിയമങ്ങളെ വിശകലനം ചെയ്യുന്ന മുഹമ്മദ് അസദിന്റെ ഈ പുസ്തകം ഇസ്‌ലാമിക ശരീഅത്തിനെ പ്രയോഗവല്‍ക്കരിക്കേണ്ടവിധം മനസ്സിലാക്കിത്തരുന്നു. ചിന്തിക്കാനും പുതിയ വഴികള്‍ കണ്ടെത്താനും സഹായിക്കുന്നതാണ് അതിലെ ഉളളടക്കം. സയ്യിദ് ഖുത്വുബിന്റെ ഇതരപ്രത്യയശാസ്ത്രങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുളള 'ഇസ്‌ലാമിലെ സാമൂഹികനീതി' ഇസ്‌ലാമിന്റെ സമഗ്രതയും മറ്റുളളവയുടെ ദൗര്‍ബല്യങ്ങളും ബോധ്യപ്പെടുത്തുന്നതാണ്. സോഷ്യലിസ്റ്റ് പശ്ചാത്തലത്തില്‍ വളര്‍ന്നുവന്നത് കൊണ്ടാകണം ഇസ്‌ലാമിലെ സാമൂഹികനീതിയെ സംബന്ധിച്ച അവതരണം എന്നെ ആകര്‍ഷിച്ചത്.
     ദൈവം എന്ന സങ്കല്‍പ്പം മിഥ്യയല്ല യാഥാര്‍ഥ്യമാണ് എന്ന് അത് വായിക്കുന്നവരെ ബോധ്യപ്പെടുത്താന്‍ 'ഭാരതസംസ്‌കാരത്തിന്റെ അടിയൊഴുക്കുകളി'ലെ ആശയ വിശദീകരണങ്ങള്‍ക്ക് കഴിയുന്നു. പുരാണഗ്രന്ഥങ്ങളെ ഖുര്‍ആനുമായി താരതമ്യം ചെയ്തുകൊണ്ടുളളതാണ് അതിന്റെ അവതരണം. മതേതരത്വം വിളിച്ചോതുന്ന, മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന ഒരര്‍ത്ഥത്തില്‍ മതത്തിന് പുറത്തുനിന്നുളള എഴുത്തായതുകൊണ്ട് മതമില്ലാത്ത മനുഷ്യനെ പോലും ചിന്തിപ്പിക്കാന്‍ ആ ഗ്രന്ഥത്തിന് കഴിയുന്നു. മതമെന്ന ബോധം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുളളതുകൊണ്ടാകാം ആ ഗ്രന്ഥം എന്നെ സ്വാധീനിച്ചത്.
     ചരിത്രത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളെ ക്രമപ്രകാരം പരിചയപ്പെടുത്തുന്ന ദി 100 മൈക്കിള്‍.എച്ച് ഹാര്‍ട്ട് എന്ന എഴുത്തുകാരന്റെ ചിന്തയുടെ വ്യക്തത മനസ്സിലാക്കിത്തരുന്നതാണ്. അദ്ദേഹത്തിന്റെ ചിന്തയും നിലപാടുകളും അനുകരണീയമാണ്. ആ പുസ്തകം പരിചയപ്പെടുത്തുന്ന വ്യക്തിത്വങ്ങളെക്കാള്‍ എന്നെ സ്വാധീനിച്ചത് അവരെ ക്രമീകരിക്കാന്‍ അദ്ദേഹമെത്തുന്ന നിഗമനങ്ങളും നിലപാടുകളുമാണ്.
     ആധുനിക മുസ്‌ലിം പണ്ഡിതരില്‍ പ്രഗല്‍ഭനായ സിയാഉദ്ദീന്‍ സര്‍ദാറിന്റെ മാസ്റ്റര്‍പീസ് ഗ്രന്ഥമായ 'സ്വര്‍ഗംതേടി നിരാശയോടെ' ഖുര്‍ആന്റെയും ഇസ്‌ലാമിന്റെയും വേറിട്ട വായനയാണ്. മുസ്‌ലിം ഇതര പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ പോലുളളവരുടെ ചിന്തയും നിലപാടുകളും ഉത്തമമാണ്.
അതിനുമപ്പുറമുളള സ്വതന്ത്ര-പ്രായോഗിക ഇസ്‌ലാമിനെ സ്വപ്നം കാണുന്നത് കൊണ്ടാവാം അത്തരം എഴുത്തുകള്‍ എന്നെ സ്വാധീനിച്ചത്.
       ഇസ്‌ലാമിക നിയമങ്ങളോടുളള യൂസുഫുല്‍ ഖറദാവിയുടെ സമീപനം എന്നെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല. എങ്കിലും പ്രായോഗിക ഇസ്‌ലാമിനെ ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന് വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
     മറ്റെന്തിനേക്കാളും എന്നെ ഹരം പിടിപ്പിക്കുന്നത് വായനയാണ്. 16-ാം വയസ്സോടെയാണ് ഗൗരവത്തിലുളള വായന തുടങ്ങുന്നതെങ്കിലും സോക്രട്ടീസും അരിസ്റ്റോട്ടിലും പ്ലേറ്റോയുമൊക്കെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ എന്നെ സ്വാധീനിച്ചിരുന്നു. സോക്രട്ടീസ് പ്രവാചകനാകാം എന്ന ഒരു തോന്നല്‍ ഇന്നും എനിക്കുണ്ട്. സോഷ്യലിസവും മാര്‍ക്‌സിസവും പിന്നീട് എന്നെ സ്വാധീനിച്ചിട്ടുണ്ട്. അത്തരം ധാരാളം എഴുത്തുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒടുവില്‍ ഇതെല്ലാം എത്തുന്നത് ഖുര്‍ആനിലേക്കാണ് എന്ന് ബോധ്യപ്പെട്ടു. ജെഫ്രി ലാംഗും നോം ചോംസ്‌കിയും മാര്‍ട്ടിന്‍ ലിംഗസും മാല്‍കം എക്‌സും മുറാദ് ഹോഫ്മാനും അടക്കം നിരവധി പേരുടെ എഴുത്തുകള്‍ വായിച്ചിട്ടുണ്ട്. വായിക്കുന്നത് കുറിച്ച് വെക്കുന്ന സ്വഭാവമില്ല. അതിനാല്‍ വായിച്ചത്‌ ഉദ്ധരിക്കാനോ പുസ്തകങ്ങളുടെ പേരുകള്‍ ഓര്‍ത്തിരിക്കാനോ സാധിക്കാറില്ല. പുസ്തകങ്ങളെ ആശയതലത്തില്‍ മനസ്സിലാക്കുന്നതുകൊണ്ടാകാം ഇത്. എന്റെ കുടുംബപശ്ചാത്തലം വായനക്ക് വഴിയൊരുക്കുന്നതായിരുന്നു. എന്നാല്‍ എന്നിലെ എഴുത്തുകാരിയെ കണ്ടെത്തിയത് പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാടാണ്. വായന ഇല്ലാത്ത അവസ്ഥ മന്ദത ഉണ്ടാക്കാറുണ്ട്. അത്തരം അവസ്ഥയില്‍കൂടി നിരവധി തവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ തളളിക്കയറ്റം എന്റെ വായനയെയും മോശമായി ബാധിച്ചിട്ടുണ്ട്. വായനയിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായൊരു തൊഴില്‍ മേഖലയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ പരിമിതികളും വായനയെ ബാധിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top