എനിക്ക് സ്വന്തമായി ഒരു ലോകം

സഹീറാ തങ്ങള്‍ No image

      ഒരു ചെറിയ കുട്ടിയുടെ കണ്ണിലൂടെ ഒരു വലിയ ലോകം സൃഷ്ടിക്കപ്പെടുന്നു.എന്റെ വായനയെ ഒറ്റ വാക്കില്‍ അങ്ങനെ പറയാനാവും. അക്ഷരങ്ങള്‍ കൂട്ടിവായിച്ച് തുടങ്ങിയ അന്നുമുതലേ കൈയില്‍ കിട്ടിയതെന്തും വായിക്കാനുളള അത്യാര്‍ത്തി എനിക്ക് ലോകത്തെ അനുഭവവേദ്യമാക്കിത്തന്നു.
പുഴകളെ, പൂക്കളെ, മാനത്തെ, മഴയെ, പക്ഷികളെ, കാറ്റിനെ, കനവിനെ, പ്രണയത്തെ എല്ലാം വര്‍ണ്ണിക്കാനുളള പദങ്ങളെ മനസ്സിനോട് ഇഴ ചേര്‍ത്തു തുന്നിയ ഏതോ ഒരു ദിവ്യ നിമിഷത്തിലായിരിക്കാം എന്നിലെ അഞ്ചാം ക്ലാസ്സുകാരിക്കുട്ടി 200 പേജുളള ഒരു നോട്ടുബുക്കും പേനയുമായി എന്റെ വല്ല്യുപ്പ സ്ഥിരമായി ഇരിക്കാറുളള ഈസിചെയറില്‍ പോയി ഇരുന്നു എഴുതാന്‍ ആരംഭിച്ചത്. അതായിരുന്നു എന്റെ ആദ്യ സൃഷ്ടി; ''തെങ്ങോലയിലെ കിളിക്കൂട്'' എന്ന പ്രണയ നോവല്‍.
വായിക്കാനുളള ത്വരയെ ശമിപ്പിക്കാനായിരുന്നു അക്കാലത്തെ വായന. എന്ത് കിട്ടിയാലും നേരവും കാലവും നോക്കാതെ ഇടതടവില്ലാതെ വായിച്ചുകൊണ്ടിരിക്കുക.... അയല്‍ വീടുകളില്‍ നിന്നും കിട്ടുന്ന ''പൈങ്കിളി'' എന്നു ഗണത്തില്‍ പെട്ട ആഴ്ചപ്പതിപ്പുകളിലെ നോവലുകളായിരിക്കും വായനയുടെ ലിസ്റ്റില്‍ ആദ്യം.
അത്തരം പ്രണയ നോവലുകളുടെ വായനാസ്വാധീനമാവാം ആദ്യനോവല്‍ ഒരു പ്രണയനോവല്‍ ആയി ജനിക്കാന്‍ കാരണം.
      കുട്ടികള്‍ ഇത്തരം വായനയിലേര്‍പ്പെട്ടിരിക്കുന്നത് വിലക്കുന്ന മാതാപിതാക്കളോട് എന്റെ അനുഭവത്തില്‍നിന്ന് ഒരു എഴുത്തുകാരി എന്ന നിലയിലോ ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിലോ എനിക്ക് പറയാനുളളത് അങ്ങനെ വിലക്കുകയല്ല വേണ്ടത് എന്നാണ്. വിലക്കപ്പെട്ടത് എന്തും കൂടുതല്‍ വാശിയോടെ ഒളിച്ചും പാത്തും ആസ്വദിക്കാനുളള മനുഷ്യസഹജമായ വാസനയെ തിരിച്ചറിയുക. ശരിതെറ്റുകളൊന്നും വ്യക്തമായി ആലോചിക്കാത്ത കുട്ടിക്കാലത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതിരിക്കുക. നാനാതരം വായനയിലൂടെ മുമ്പോട്ട് വന്നു സ്വയം സ്ഫുടം ചെയ്യുന്ന ഒരു അവസ്ഥവരും. അതിന് മിഴിയും വ്യക്തതയും കൂടും. ഒരു കാലത്ത് ആഴ്ച്ചപ്പതിപ്പുകളിലെ തുടര്‍കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ പിന്നീട് അത്തരം പുസ്തകങ്ങള്‍ തിരസ്‌ക്കരിക്കുന്നതിന്റെ മനശ്ശാസ്ത്രം അതാണ്. തരംതിരുവുകള്‍ക്ക് വഴിതെളിയിച്ച് കൊടുക്കാം. അതാണ് നല്ലത്.
      ഹൈസ്‌കൂള്‍ തലത്തില്‍ എത്തിയപ്പോഴേക്കും എന്റെ വായനയെ വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നു. വേണ്ടാത്തത് മാറ്റിവെക്കാനും വേണ്ടത് എടുക്കാനും ആവുമായിരുന്നു. ബഷീറിനെയും ബാലാമണിഅമ്മയെയും ടി.പത്മനാഭനെയും എം.ടിയെയും മാധവിക്കുട്ടിയെയും സുഗതകുമാരിയേയും ഒ.വി വിജയനേയും ഒ.എന്‍.വിയെയും സക്കറിയയെയുമെല്ലാം മത്സരിച്ചു വായിച്ച കാലം.
ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കവിതകളുടെ സൃഷ്ടാക്കളായ ഈസ്റ്റിനേയും വേള്‍ഡ്‌സ്‌വര്‍ത്തിനേയുമെല്ലാം വായിച്ച് അനുഭവിച്ചപ്പോള്‍ കൂടുതല്‍ അറിയാനുളള ആഗ്രഹം വളര്‍ന്നു. അക്കാലത്ത് തന്നെ ആയിരുന്നു കഥകളും കവിതകളും എഴുതിത്തുടങ്ങിയതും.
എങ്കിലും വായനയോളം എത്തിയില്ല എഴുത്ത്. മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിക്കുന്നു. വളരെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് വായിക്കാന്‍ കൊടുക്കുന്നു. പിന്നെ ഞാന്‍ തന്നെ മൂടിവെക്കുന്നു.
     അത്രമാത്രം.
     പത്താം തരത്തിലും പിന്നീട് ഡിഗ്രിക്കു പഠിക്കുമ്പോഴും കഥാരചനക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കുമ്പോള്‍ 'എനിക്കും എഴുതാന്‍ സാധിക്കുന്നു, അംഗീകരിക്കപ്പെടുന്നു എന്ന ആത്മവിശ്വാസം എന്നിലുണ്ടായി എന്നത് സത്യം.
     ഓരോരുത്തരുടെ ജീവിതത്തിലും ഓരോ നിയോഗഘട്ടങ്ങളുണ്ടാവും എന്നത് വിശ്വസിക്കുന്ന തരത്തിലാണ് എന്റെ അനുഭവങ്ങള്‍.....
     ബിരുദവിദ്യാഭ്യാസത്തിന് ശേഷം വിവാഹിതയായി പ്രവാസലോകത്തിലെത്തുന്നതാണ് എന്നെ സംബന്ധിച്ച് വളരെ വിശാലമായ അര്‍ത്ഥത്തിലുളള മുന്നേറ്റം. ഒരു വ്യക്തി എന്ന നിലയിലും എന്നെ ഏറെ സ്വാധീനിച്ച ദുബായ് നഗരം.
     കൂടുതല്‍ അന്യഭാഷാ സാഹിത്യപുസ്തകങ്ങള്‍ വായിക്കാനുളള ഭാഗ്യമാണ് എടുത്ത് പറയുന്നത്. കാഫ്ക്കയുടെ 'മെറ്റമോര്‍ഫോസിസ്' എന്റെ        സര്‍വ്വവായനാനുഭവത്തേയും മാറ്റി മറിച്ചു. ഒരു പരകായപ്രകാശം പോലുളള കഥാകാരന്റെ മായാജാലം എന്നെ വിസ്മയിപ്പിച്ചു.....
     ഇനിയൊന്നും എഴുതാന്‍ ധൈര്യമുണ്ടാവില്ലേ എനിക്ക് എന്നുപോലും സംശടിച്ചു.
     ഭയത്തെ മറിക്കടക്കാന്‍ അതിനെ സധൈര്യം അഭിമുഖരിക്കുകയാണ് വേണ്ടത് എന്ന അറിവ് മാര്‍ക്ക്വേസിലും, കൂറ്റ്‌സെയിലും, ആന്‍ണ്‍ ചെക്കോവിലും,   എമിലിഡിക്കിന്‍സണ്‍, എഡ്ഗര്‍ അലന്‍ പോ, പാലോകൊയ്‌ലോവിലുമെല്ലാം കൊണ്ടെത്തിച്ചു.....നെരുദയുടെയും ജിബ്രാന്റെയും കവിതകള്‍ എന്നെ ഭ്രമാത്മകമായ, ദൈവീകമായ പ്രണയ-ഉന്മാദത്തിലെത്തിച്ചു. ഞാന്‍ നിര്‍ത്താതെ കവിതകള്‍ എഴുതാനും എഴുതിയതെല്ലാം മറക്കാനും ആഗ്രഹിച്ചു....
ഞാന്‍ എന്ത് എന്ന് എപ്പോഴെങ്കിലും എനിക്കു വ്യക്തമാക്കിത്തരുന്നത് എന്റെ പുസ്തകങ്ങള്‍ തന്നെയാണ്. ഞാന്‍ ഏത് സങ്കര്‍ഷാവസ്ഥയിലാണെങ്കിലും അതിനെ തണുപ്പിക്കാന്‍ , വീണ്ടും ഉത്തേജിപ്പിക്കാന്‍ തക്ക ഒരു പുസ്തകം സര്‍വ്വേശ്വരന്‍ എനിക്ക് സമ്മാനിക്കാറുണ്ട്.
     വായന മരിക്കുന്നു എന്ന് ഒരിക്കലും എനിക്കു പറയാനാവില്ല. അനുകൂലിക്കാനുമാവില്ല. വായനയുടെ മഹത്വം നമ്മെ പുനര്‍ജ്ജനിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. തന്റെ സൃഷ്ടിയെ സ്വാധീനിച്ച ഒരു വായനാനുഭവം എടുത്ത് പറയാനാവാത്ത ഏതെങ്കിലും ഒരു സാഹിത്യകാരന്‍/സാഹിത്യകാരി ഉണ്ടാവുമോ?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top