അടുക്കളക്കു പിന്നില്‍

ഷീബാ നബീല്‍ /ലേഖനം No image

         സിറ്റൗട്ടിലിരുന്ന് കല്‍പിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഇന്ന് കല്‍പനയൊക്കെ അവസാനിപ്പിച്ച് മെല്ലെ അടുക്കളയില്‍ വന്ന് ചായയുണ്ടാക്കാനും ഡ്രസ്സുകള്‍ ഇസ്തിരിയിടാനും ഷൂ പോളിഷ് ചെയ്യാനുമൊക്കെ തുടങ്ങിയിരിക്കുന്നു.
ഇവരെ അടുക്കളയിലേക്ക് എത്തിച്ചത് ആരാണ്? നമ്മുടെ കേരളത്തിലെ സ്ത്രീകള്‍ തന്നെ. അതെ, കേരളീയ സ്ത്രീകളുടെ സാമൂഹികപരമായ മുന്നേറ്റമാണ് പുരുഷനില്‍ ഭാര്യമാരെ വീട്ടുജോലികളില്‍ സഹായിക്കാമെന്ന മനോഭാവം ഉണ്ടാക്കിയെടുത്തത്. വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത സാഹചര്യമാണിന്ന് കേരളത്തില്‍. ഉദ്യോഗസ്ഥകളായ സ്ത്രീകളാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തൊഴിലാളി വര്‍ഗം ഉള്‍പ്പെടുന്ന സ്ത്രീ ജീവിതം മാറിക്കൊണ്ടിരിക്കുന്നു. പണ്ടത്തെപോലെ പകലന്തിയോളം കരിപിടിച്ച അടുക്കളയില്‍ പുക ശ്വസിച്ചും എച്ചില്‍ പാത്രം കഴുകിയും ജീവിക്കാന്‍ ഇന്നാരും തയ്യാറാകുന്നില്ല.
കൂടാതെ വീട്ടുപണിക്കാരെന്ന ഒരു വര്‍ഗം നിലനില്‍ക്കുന്നുമില്ല. ആര്‍ക്കും ആരെയും വീട്ടുജോലിക്കായി നിര്‍ബന്ധിക്കാനോ ക്ഷണിക്കാനോ അവകാശവുമില്ല. സ്വന്തം ഇഷ്ടപ്രകാരം വീട്ടുജോലി എടുക്കാന്‍ തയ്യാറായി വന്നാല്‍ അവരെ മാന്യമായി സ്വീകരിക്കുക. കൂടാതെ വീട്ടുപണിക്കാരോട് നല്ല സമീപനമായിരിക്കണം അവരെ ആവശ്യമുള്ളവര്‍ കാഴ്ചവെക്കേണ്ടത്. അല്ലെങ്കില്‍ അവരില്‍ നിന്നുണ്ടാകുന്ന പ്രതികരണം നാം ചിന്തിക്കുക പോലും ചെയ്യാത്ത ഒന്നായിരിക്കും.
അറുപത് വര്‍ഷമായി വീട്ടുപണിക്ക് പോകുന്ന വൃദ്ധ എന്റെ വീട്ടില്‍ സ്ഥിരമായി വരാറുണ്ട്. അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാറുമുണ്ട്.
കുറച്ചുകാലം അവര്‍ ഒരു ഡോക്ടറുടെ വീട്ടില്‍ പണിക്ക് നിന്നിരുന്നു. ഡോക്ടറുടെ കുടുംബക്കാര്‍ പണിക്കാരെ അധസ്ഥിത വിഭാഗക്കാരായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. കുടിക്കാന്‍ അവര്‍ക്ക് കൊടുത്തിരുന്ന വെള്ളം പോലും വേറെയാണ് സൂക്ഷിച്ചിരുന്നത്. കിടക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തിരുന്നില്ല. സ്റ്റോര്‍ റൂമിലോ അടുക്കളയിലോ വേണമായിരുന്നു കിടക്കാന്‍. വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ അസുഖം വരുമെന്നും ജോലിയെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നും പറഞ്ഞ് ഡോക്ടറുടെ അമ്മ ഭക്ഷണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
അടുക്കളക്ക് പുറത്ത് പറമ്പിലായിരുന്നു പണിക്കാരുടെ ബാത്‌റൂം. രാത്രി പത്ത് മണിക്കു മുമ്പേ തന്നെ അടുക്കള ഭാഗങ്ങളൊക്കെ പൂട്ടി ഡോക്ടറുടെ അമ്മ ഉറങ്ങാന്‍ പോകും. രാത്രി പകുതിയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് പണിക്കാരിക്ക് തോന്നിയാല്‍ കുഴഞ്ഞതു തന്നെ. വീട്ടുകാരെ വിളിച്ചുണര്‍ത്തി പുറം വാതിലിന്റെ ചാവി ചോദിച്ചാല്‍ ശകാരം കേള്‍ക്കേണ്ടി വരും.
അവസാനം രാത്രി ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് മറ്റൊരു വഴി കണ്ടുപിടിക്കേണ്ടി വന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും പാത്രമെടുത്ത് അതില്‍ ആവശ്യം കഴിച്ച് സിങ്കിലേക്കൊഴിച്ച് പാത്രം കഴുകിവെക്കുമത്രെ.
നോക്കൂ. ഇവിടെ സംഭവിച്ച ഈ മ്ലേഛ പ്രവര്‍ത്തിക്കുത്തരവാദി ആരാണ്?
വിഴുപ്പലക്കാന്‍ വരുന്നവരോട് അനീതിയില്‍ പെരുമാറുന്നതുകൊണ്ടാണ് ഇത്തരം പ്രവൃത്തികള്‍ നാമറിയാതെ അവര്‍ ചെയ്തുവെക്കുന്നത്. എല്ലാവരും മനുഷ്യരാണ്. മനുഷ്യരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, താമസം, വസ്ത്രം തുടങ്ങിയവ ഒരു കാരണവശാലും പണിക്കാര്‍ക്ക് നിഷേധിക്കരുത്.
വീട്ടുജോലിക്കാരോട് അനീതിയോടെ പെരുമാറുന്നവര്‍ ഒന്നോര്‍ക്കണം; ചിലപ്പോള്‍ അവരുടെ എച്ചിലായിരിക്കും നാം കഴിക്കേണ്ടിവരിക. ഇങ്ങനെയുള്ള തരംതാണ പ്രവണത സഹിക്കാനുള്ള മനസ്സില്ലാത്തതുകൊണ്ടായിരിക്കാം വീടു പണിക്ക് നില്‍ക്കാന്‍ ആരും തയ്യാറാകാത്തതും.
വീട്ടുപണിക്ക് സഹായിക്കാന്‍ ആളെ കിട്ടാത്ത അവസരത്തില്‍ തമിഴ് സ്ത്രീകളെ പണിക്കു നിര്‍ത്തി പരീക്ഷിക്കുന്നവര്‍ ധാരാളം. ഇവരില്‍ അറുപത് ശതമാനം പേരും രണ്ടുമാസത്തില്‍ കൂടുതല്‍ ഒരു വീട്ടിലും സ്ഥിരമായി നില്‍ക്കില്ല. ഇത്തരം നാടോടികളായ സ്ത്രീകളെ പണിക്ക് നിര്‍ത്തുമ്പോള്‍ വളരെയധികം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ചിലപ്പോള്‍ വീട്ടുകാരുടെ ജീവന്‍ പോലും അപകടത്തിലായെന്നുവരാം. മനുഷ്യരെന്ന കാരുണ്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇവരോട് ഒരകല്‍ച്ച പാലിക്കുന്നത് നന്നായിരിക്കും.
പ്രസവ ശുശ്രൂഷക്ക് പോകുന്ന സാഹചര്യത്തില്‍ ഗ്രമങ്ങളില്‍ ഒരു വീട്ടുപണിക്കാരിക്ക് മണിക്കൂറില്‍ അറുപത് രൂപ കിട്ടുന്നുവെങ്കില്‍ ടൗണില്‍ എത്തുമ്പോഴേക്കും മണിക്കൂറിന് നൂറ്റമ്പതോ അതില്‍ കൂടുതലോ കിട്ടുന്നു. അങ്ങനെ ശരാശരി വീട്ടുപണിക്കാരി ദിവസത്തില്‍ എണ്ണൂറോ അതിലധികമോ സമ്പാദിക്കുന്നു
ഈ പണം അവര്‍ക്ക് ലഭിക്കുന്നത് എത്രയോ വീടുകള്‍ കയറിയിറങ്ങി വൃത്തിയാക്കിയിട്ടും എത്രയോ കച്ചറ കോരിയിട്ടുമാണെന്നും ഓര്‍ക്കണം. അപ്പോള്‍ അവരില്‍ ഏറിയ ഭാഗവും ചിന്തിക്കുന്നു ഇതിനെക്കാള്‍ നല്ലത് പ്രസവ ശുശ്രൂഷക്ക് പോവുന്നതാണെന്ന്.
മുപ്പതോ മുപ്പത്തഞ്ചോ കൂടിയാല്‍ നാല്‍പതോ ദിവസം വരെയാണ് പ്രസവ ശുശ്രൂഷക്ക് വേണ്ടി ആളുകള്‍ അവരെ ക്ഷണിക്കുക. ഈ ദിവസങ്ങളില്‍ അവര്‍ക്ക് സുഖ താമസവും നല്ല ഭക്ഷണവും ലഭ്യമാകുന്നതോടൊപ്പം 15000 രൂപ മുതല്‍ 20000 രൂപ വരെ കൈയ്യില്‍ ഒരുമിച്ച് ലഭിക്കുകയും ചെയ്യുന്നു.
പ്രസവ ശുശ്രൂഷക്ക് ഇഷ്ടംപോലെ സ്ത്രീകളെ കിട്ടാനുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. പ്രസവ ശുശ്രൂഷക്കുള്ള ഈ പോക്കും വീട്ടുജോലിക്കു പോകുന്നവരുടെ കൊഴിയലിന് ഒരു കാരണമാകാം.
ജീവിതത്തിലൊരിക്കലെങ്കിലും ഒരു പണിക്കാരിയുടെ സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. അപ്പോള്‍ കണ്ടെത്തുന്ന അവസാന കച്ചിത്തുരുമ്പാണ് ഹോം നഴ്‌സുമാര്‍. അവരെ ഭയപ്പെടുന്നവരും കൂടുതലായി സ്‌നേഹിച്ച ഉപദ്രവിക്കുന്നവരും കേരളത്തില്‍ ധാരാളം. ഹോം നഴ്‌സുമാരില്‍ നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട മോശമായ സംഭവങ്ങള്‍ നിമിത്തം എല്ലാ ഹോം നഴ്‌സുമാരും കുറ്റവാളികളായി മുദ്രകുത്തപ്പെടുന്ന പ്രവണത അടുത്തകാലത്തായി ഏറിവരികയാണ്. ഒരാള്‍ ചെയ്ത മോശമായ പ്രവര്‍ത്തികള്‍ എല്ലാവരിലും കാണുമെന്ന് സംശയിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ല. നല്ല സ്വഭാവമുള്ളവരും ത്യഗമനസ്ഥിതിയുള്ളവരും ഇക്കൂട്ടരില്‍ ധാരാളമുണ്ട്. സ്വന്തം മാതാപിതാക്കളെപോലെ വൃദ്ധരായ രോഗികളെ പരിപാലിക്കുന്നവരും ഇവരിലുണ്ട്. നന്മ തിന്മകള്‍ വേര്‍തിരിച്ചറിയാനുള്ള മനസ്സ് എല്ലായ്‌പ്പോഴും നമുക്കുണ്ടായിരിക്കണം.
മറ്റു ചിലപ്പോള്‍ ഹോം നഴ്‌സുമാരായിരിക്കുന്ന സ്ത്രീകളുടെ മാനത്തിനും ഭീഷണി നേരിടാറുണ്ട്. ഭാര്യമാര്‍ ജോലിക്കുപോകുന്ന വീടുകളാണെങ്കില്‍ രോഗികളായി കിടക്കുന്ന വൃദ്ധരും ഗൃഹനാഥന്മാരും തനിച്ചാകുന്ന സന്ദര്‍ഭങ്ങളില്‍, അല്ലെങ്കില്‍ അച്ഛനും അമ്മയും ജോലിക്കാരാണെങ്കില്‍ യുവാവായ മകന്‍ വീട്ടിലുണ്ടാകുന്ന അവസരങ്ങളില്‍... അങ്ങനെ എത്രയോ സന്ദര്‍ഭങ്ങളില്‍ അവരും ഉപദ്രവിക്കപ്പെടുന്നു.
ആശയും അഭിലാഷവും മാത്രം മുന്നില്‍ കാണുന്ന മലയാളിയുടെ സ്വതസിദ്ധമായ ഉല്‍ക്കര്‍ഷതാ ബോധം നിമിത്തം വെള്ളക്കോളര്‍ ജോലികളോടുള്ള അഭിനിവേശവും നിമിത്തം വീട്ടുജോലി ഒരു മോശമായ പണിയായി തരം താണിരിക്കുന്നു എന്നുവേണം കരുതാന്‍. സ്ത്രീകളിന്ന് സാമൂഹിക പുരോഗതി കൈവരിച്ചുകൊണ്ടിരിക്കയാണ്. ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമായ കുടുംബശ്രീ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് നല്‍കിയ സംവരണം, സ്ത്രീ പീഡനങ്ങള്‍ക്കു നേരെയുള്ള ചെറുത്തുനില്‍പ്പ്, സര്‍ക്കാര്‍ തലത്തിലുള്ള വനിതാ ക്ഷേമപ്രവര്‍ത്തനം ആരോഗ്യനിരക്ക്, സാക്ഷരത ഇവയൊക്കെ തന്നെ സമൂഹത്തിലെ ഏറ്റവും അവശവിഭാഗത്തിലുള്ള തൊഴിലാളി സ്ത്രീകളുടെയും കൂടി ഉന്നമനത്തിന് വേണ്ടി ഉള്ളതാണ്. പക്ഷേ അക്കാര്യം മറന്നുപോകുന്നു.
പണിക്കാര്‍ക്ക് വേണ്ടി അലഞ്ഞ് സമയം നഷ്ടപ്പെടുത്താതെ നമ്മുടെ വീടുകള്‍ നമ്മുടേതു മാത്രമാണെന്നോര്‍ത്ത് അവിടം നാം തന്നെ വൃത്തിയാക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
വീട്ടുജോലികള്‍ തരംതിരിച്ച് കുടുംബത്തിലുള്ള ഓരോരുത്തര്‍ക്കായി വീതിക്കുക. ഒഴിവു ദിവസങ്ങളില്‍ വ്യായാമം പോലെ രണ്ടുമണിക്കൂര്‍ ഒത്തൊരുമയോടെ എല്ലാവരും വീട്ടുജോലികളില്‍ മുഴുകുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാം. പണിക്കാരി വന്ന് പണിയെടുത്ത് പോകുന്നതിനെക്കാള്‍ എന്തുകൊണ്ടും വൃത്തിയും വെടിപ്പും കൂടുക നമ്മള്‍ ആത്മാര്‍ഥതയോടെ ചെയ്യുമ്പോഴായിരിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top