കൊളോണിയല്‍ മിത്ത് പൊളിച്ചെഴുതി ലൈല

ലൈല അബൂ ലുഗ്ദ്(മൊഴിമാറ്റം: സഅദ് സല്‍മി) No image

Laila Abu-Lughod:
കഴിഞ്ഞ 20 വര്‍ഷമായി മിഡിലീസ്റ്റിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. ധാരാളം പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.writing women's worlds: Bedouin Stories, Remarking Women: Feminism and Modernity in the Middle east, veiled sentiments: Honor and poetry in a Bedouin Society, Do muslim women need saving? തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മുസ്‌ലിം സ്ത്രീകളെ ഇസ്‌ലാമിന്റെ കുടുസ്സതയില്‍ നിന്നും പുരുഷ മേല്‍ക്കോയ്മയില്‍നിന്നും രക്ഷപ്പെടുത്തുക എന്നതായിരുന്നു സെപ്റ്റംബര്‍ 11 ന് ശേഷം മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടന്ന അമേരിക്കന്‍ അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ കൊണ്ടുവന്ന പ്രധാന വാദം. ഈ കൊളോണിയല്‍ മിത്തിനെ പൊളിച്ചടുക്കുന്ന അവരുടെ ഏറ്റവും പുതിയ പുസ്തകമാണ് Do muslim women need saving? (മുസ്‌ലിം സ്ത്രീകള്‍ക്ക് രക്ഷകരെ ആവശ്യമുണ്ടോ?) ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ആന്ത്രോപോളജിയിലെയും വുമണ്‍സ് ആന്‍ഡ് ജെന്‍ഡര്‍ സ്റ്റഡീസ് വിഭാഗത്തിലെയും പ്രൊഫസറാണ് ലൈല അബൂ ലുഗ്ദ്. അവരുമായി ഏഷ്യാ സൊസൈറ്റി വെബ് പോര്‍ട്ടല്‍ നടത്തിയ അഭിമുഖമാണിത്.

  മുസ്‌ലിം സമൂഹങ്ങള്‍ക്ക് മാത്രമായി എന്തെങ്കിലും പ്രത്യേകതകളുണ്ടോ എന്നാണ് സെപ്റ്റംബര്‍ 11 ന് ശേഷം ആളുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം സമൂഹങ്ങളുടെ ജീവിതരീതിയെ ഇസ്‌ലാം എത്രത്തോളം സ്വാധീനിക്കുന്നുണ്ട്? നമ്മില്‍നിന്ന് അവരെ വേര്‍തിരിക്കുന്നതെന്താണ്?
ഒരു സമൂഹത്തെ മനസ്സിലാക്കണമെങ്കില്‍ അവരെ സ്വാധീനിച്ച മതങ്ങളെയും ദര്‍ശനങ്ങളെയും കുറിച്ച് ആദ്യം പഠിക്കേണ്ടതുണ്ട്. ക്രിസ്റ്റ്യാനിറ്റി യൂറോപ്പിലെയും അമേരിക്കയിലെയും സമൂഹങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അപ്പോള്‍ അവിടത്തുകാരെ മനസ്സിലാക്കണമെങ്കില്‍ ക്രിസ്റ്റ്യാനിറ്റിയെ കുറിച്ച് പഠിക്കല്‍ അനിവാര്യമാണ്. ഇത് മുസ്‌ലിം സമൂഹങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, അതോടൊപ്പം തന്നെ അമേരിക്കയിലെയും യൂറോപ്പിലെയും സങ്കീര്‍ണ്ണമായ രാഷ്ട്രീയ ഘടനയെയും സാമൂഹിക ചലനങ്ങളെയും ക്രിസ്റ്റ്യാനിറ്റിയിലേക്ക് ചുരുക്കാന്‍ കഴിയില്ല. മുസ്‌ലിംകളുടെ സങ്കീര്‍ണ്ണവും ബഹുസ്വരവുമായ ജീവിതത്തെ ഇസ്‌ലാമിന്റെ ലെന്‍സിലൂടെ മാത്രം നോക്കിക്കാണുന്നതും ഇതുപോലെ അസാധ്യമാണ്. നമ്മില്‍നിന്നും മുസ്‌ലിം സമൂഹങ്ങള്‍ എത്ര മാത്രം വ്യത്യസ്തരാണ് എന്നല്ല, മറിച്ച് അവര്‍ രാഷ്ട്രീയമായും സാംസ്‌കാരികമായും എത്രത്തോളം ബഹുസ്വരമാണ് എന്നാണ് നാം ചോദിക്കേണ്ടത്.
  മുസ്‌ലിം സ്ത്രീകളെ കുറിച്ചാണ് എല്ലാവരും ഉത്കണ്ഠപ്പെടുന്നത്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് താങ്കള്‍ മുമ്പ് എഴുതിയതായി ഓര്‍ക്കുന്നു.
അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തോട് കൂടി മുസ്‌ലിം സ്ത്രീകളെ ഇസ്‌ലാമില്‍നിന്നും രക്ഷപ്പെടുത്തുന്നതിനെ കുറിച്ചാണ് വെസ്റ്റേണ്‍ മീഡിയകള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിം സ്ത്രീകളെയും കുറിച്ച് മനസ്സിലാക്കുക എന്നതിനപ്പുറം കൊളോണിയല്‍ താല്‍പര്യങ്ങളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാമിലെ പുരുഷാധിപത്യം എന്ന ബ്രാന്‍ഡാണ് ഇതിനായി അവര്‍ കൊണ്ടുവന്നിരിക്കുന്നത്.
മുസ്‌ലിം പെണ്ണിന് രക്ഷകരെ ആവശ്യമില്ല എന്നാണ് കൊളോണിയലിസ്റ്റുകളും അവര്‍ക്ക് തിയറിയുണ്ടാക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകളും മനസ്സിലാക്കേണ്ട വളരെ പ്രാഥമികമായ കാര്യം.
  നാറ്റീവ് വുമണിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വരുന്നത് എന്നാണ് കൊളോണിയല്‍ ശക്തികള്‍ ചരിത്രത്തിലുടനീളം അവകാശവാദമുന്നയിച്ചിട്ടുള്ളത്. അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങളിലും ഈ മിത്ത് തന്നെയല്ലേ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്?
മുസ്‌ലിം നാടുകളിലെ അമേരിക്കന്‍ ഇടപെടലുകളെ ന്യായീകരിക്കാന്‍ വേണ്ടി രൂപപ്പെട്ട മിത്താണിത്. ഇതിനെ ബലപ്പെടുത്തുന്ന ലോറ ബുഷിന്റെ പത്രസമ്മേളനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അമേരിക്കയിലെയും യൂറോപ്പിലെയും ഫെമിനിസ്റ്റുകളും ഈ കൊളോണിയല്‍ മിത്ത് ഏറ്റ് പാടുകയായിരുന്നു. സ്ത്രീകളുടെ സാമൂഹിക പദവിയെക്കുറിച്ച് ബേജാറാകുന്ന ആക്റ്റിവിസ്റ്റുകളുടെ നിലപാടും വ്യത്യസ്തമായിരുന്നില്ല. മുസ്‌ലിം സ്ത്രീകളുടെ രക്ഷാകര്‍തൃത്വം വെസ്റ്റേണ്‍ പുരുഷന്മാരുടെ കയ്യിലാണ് എന്നായിരുന്നു ഇവരൊക്കെയും വിളിച്ചുപറഞ്ഞത്.
എന്തില്‍നിന്ന് എന്തിലേക്കാണ് മുസ്‌ലിം സ്ത്രീകളെ രക്ഷപ്പെടുത്തുന്നത് എന്ന ചോദ്യം വളരെ പ്രധാനമാണ്. ഓറിയന്റലിസ്റ്റ് നിര്‍മ്മിതികളെ ഏറ്റുപാടുന്ന ഫെമിനിസ്റ്റുകള്‍ ഈ ചോദ്യത്തിനുത്തരം നല്‍കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ 'യാഥാസ്ഥികത'യില്‍നിന്നും ആധുനികത സമ്മാനിക്കുന്ന 'വിമോചന'ത്തിലേക്കാണ് പൊതുവെ ലിബറല്‍ ഫെമിനിസ്റ്റുകള്‍ അവരെ ക്ഷണിക്കാറ്. ഉത്തരം കിട്ടേണ്ട ഒരുപാട് ചോദ്യങ്ങള്‍ ഇവിടെ ബാക്കിയാകുന്നുണ്ട്. യാഥാസ്ഥികത എന്നതിന് ലിബറല്‍ ഫെമിനിസ്റ്റുകള്‍ നല്‍കുന്ന നിര്‍വചനം എന്താണ്? ആധുനിക മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത വിധം പരിശുദ്ധമാണോ? ആധുനികതയുടെ 'വിമോചനം' എത്രത്തോളം വിമോചനപരമാണ്.
  ചോയ്‌സ് എന്ന ലിബറല്‍ അര്‍ഥത്തിലല്ല, മറിച്ച് മതകീയമായ മാനമാണ് മഫ്ത ധരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ മുമ്പ് എഴുതിയിട്ടുണ്ട്. കര്‍തൃത്ത(Agency)മില്ലാത്തവരായി മഫ്ത ധരിക്കുന്നവരെ നോക്കിക്കാണാന്‍ കഴിയില്ലെന്നും നിങ്ങള്‍ പറയുകയുണ്ടായി?
ചലിക്കുന്ന വീടുകളെ(mobile home)പ്പോലെ സ്വതന്ത്രമായി പാറിനടക്കുന്ന പര്‍ദ്ദധാരിണികളെ വളരെയധികം ആനന്ദത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. കര്‍തൃത്വ(Agency)മില്ലാത്തവരായി മഫ്ത ധരിക്കുന്നവരെ നോക്കിക്കാണാന്‍ കഴിയില്ല എന്ന് ഞാന്‍ പറഞ്ഞതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. മുസ്‌ലിം സ്ത്രീകള്‍ മുഖമക്കന ധരിക്കുന്നത് പല വിധത്തിലാണ്. സൗന്ദര്യത്തെക്കുറിച്ച അവരുടെ സങ്കല്‍പ്പങ്ങള്‍ തന്നെ ബഹുസ്വരമാണ്. ചില മുസ്‌ലിംഗ്രാമങ്ങളില്‍ വ്യാപകമായി കാണാവുന്ന വീതി കൂടിയ മഫ്ത മുതല്‍ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ഥിനികള്‍ ധരിക്കുന്ന വ്യത്യസ്ത കളറുകളുള്ള മുഖമക്കനകള്‍ വരെയുണ്ട്. ഇവ ധരിക്കുന്നവര്‍ ചോയ്‌സ് എന്ന അര്‍ഥത്തിലല്ല മുഖമക്കനയെ മനസ്സിലാക്കുന്നത്. മറിച്ച് ഇസ്‌ലാമികമായ ബാധ്യതയായും അല്ലാഹുവോടുള്ള അങ്ങേയറ്റത്തെ പ്രണയത്തിന്റെ ആവിഷ്‌കാരവുമായാണ്. അപ്പോള്‍ ലിബറല്‍ യുക്തിയനുസരിച്ച് ഇതിനെ മനസ്സിലാക്കുക അസാധ്യമാണ്.
 വ്യത്യസ്തതകളോട് നാമെങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ നല്ലൊരു പ്രതീകമാണ് മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണം എന്ന് താങ്കള്‍ മുമ്പ് എഴുതുകയുണ്ടായി. സ്വാതന്ത്രത്തെ കുറിച്ച നമ്മുടെ ലിബറല്‍ സങ്കല്‍പ്പത്തില്‍ നിന്നും എത്രയോ വ്യത്യസ്തമായാണ് അഫ്ഗാനിലെയും ഇറാനിലെയും തുര്‍ക്കിയിലേയുമൊക്കെ മുസ്‌ലിം കോളേജ് കുമാരിമാര്‍ ചിന്തിക്കുന്നതെന്നും താങ്കളെഴുതി. ഒന്ന് വിശദീകരിക്കാമോ?
വ്യത്യസ്തതയെ അംഗീകരിക്കാനും ബഹുമാനിക്കാനും നാം തയ്യാറാകണമെന്നാണ് ഞാനെപ്പോഴും പറയാറുള്ളത്. എന്തിനെയും റാഡിക്കലായി സമീപിക്കാന്‍ നമുക്ക് കഴിയണം. (അങ്ങനെയൊരു സമീപനം അക്കാഡമിസ്റ്റുകളില്‍ നിന്നുണ്ടാകുന്നില്ല. ചാവേറുകളെ റാഡിക്കല്‍ സ്വഭാവത്തില്‍ തന്നെ വിശകലനം ചെയ്യുന്ന തലാല്‍ അസദിന്റെ On Suicide Bombing എന്ന പുസ്തകമാണ് എടുത്തുപറയാവുന്ന ഒന്ന്). മുസ്‌ലിം നാടുകളിലെ അമേരിക്കന്‍ അധിനിവേശങ്ങളെ ന്യായീകരിക്കുന്ന എലൈറ്റ് ഫെമിനിസ്റ്റുകള്‍ക്ക് ഇതംഗീകരിക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും തങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടേ പറ്റൂ എന്നതാണ് അവരുടെ നയം.
മുസ്‌ലിം നാടുകളിലൂടെ ഞാന്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. വെസ്റ്റേണ്‍ ജീവിതരീതിയെ കോപ്പിയടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സ്ത്രീകളെ നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയില്ല. മറിച്ച് ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് നിന്നുകൊണ്ടുതന്നെ ഇസ്‌ലാമിക് ടെക്സ്റ്റുകളെ പുനര്‍വായനക്ക് വിധേയമാക്കുകയാണ് അവര്‍ ചെയ്യുന്നത്. എങ്ങനെ കൂടുതല്‍ ലിബറലാകാം എന്നല്ല, മറിച്ച് എങ്ങനെ കൂടുതല്‍ മതപരമാകാം എന്നാണ് അവര്‍ ആലോചിക്കുന്നത്. മുസ്‌ലിം സമൂഹം ഇതിനോട് കുറച്ചു കൂടി തുറന്ന സമീപനം സ്വീകരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഇസ്‌ലാമിക ഫെമിനിസം എന്ന് വ്യവഹരിക്കപ്പെടുന്ന ഇത്തരം ആലോചനകളോട് എന്‍ഗേജ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കണം. വിജഞാനത്തിലെ ബഹുസ്വരതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പിന്‍മുറക്കാരില്‍നിന്ന് തുറന്ന ഒരു സമീപനം നമുക്ക് പ്രതീക്ഷിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top