വൃക്കരോഗചികിത്സ പൊള്ളുന്നത് തന്നെ

കെ.എം അബ്ദുല്‍ സലീം എടവനക്കാട്

 

ഡോ. എം.കെ മണി എഴുതിയ 'വൃക്കരോഗങ്ങള്‍' (ജനുവരി ലക്കം) ശ്രദ്ധേയമാണ്. മറ്റുള്ള രോഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൃക്കരോഗങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യവും ഗൗരവവും അര്‍ഹിക്കുന്നു എന്നത് പ്രസ്തുത രോഗത്തിന് അടിമപ്പെടുന്നവര്‍ക്ക് മാത്രമേ പൂര്‍ണമായും മനസ്സിലാവുകയുള്ളൂ. കാരണം, മറ്റ് ഗുരുതരമായ രോഗങ്ങളെ അപേക്ഷിച്ച് വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കുറവാണ് എന്നതുതന്നെ.
ഇക്കഴിഞ്ഞ ദിവസം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ റിസപ്ഷന്‍ കൗണ്ടറിനടുത്ത് മനോഹരമായ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 200 പേരുടെ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്തതും അതിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരായ പി.എച്ച് മുഹമ്മദ് ഇഖ്ബാല്‍, മാമന്‍ എം.ജോണ്‍, വിനോദ്, കിഷോര്‍ എന്നിവരുടെ പേരുവിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രസ്തുത ബോര്‍ഡ്. ശരാശരി 75 പേരെങ്കിലും പ്രസ്തുത ആശുപത്രിയില്‍ നിത്യേന ഡയാലിസിസിന് വിധേയരാകുന്നു എന്നതും ശ്രദ്ധേയമാണ്.
ഇതുപോലെ, കേരളത്തില്‍ എത്രയേറെ ആശുപത്രികളില്‍ കിഡ്‌നി ട്രാന്‍സ്പഌന്റേഷന്‍ നടത്തുന്നുണ്ടെന്നും എത്രയേറെ യൂണിറ്റുകളില്‍ ഡയാലിസിസിന് പ്രസ്തുത രോഗികള്‍ വിധേയരാകുന്നുണ്ടെന്നും ഒരു സര്‍വേ നടത്തിയാല്‍ കിഡ്‌നി രോഗത്തിന് അടിമയായവരുടെ ഞെട്ടിപ്പിക്കുന്ന കണക്കായിരിക്കും വെളിപ്പെടുക.
വൃക്കരോഗങ്ങളുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ജനകീയ ആരോഗ്യപ്രസ്ഥാനങ്ങളും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും കൈകോര്‍ക്കണമെന്ന, ലേഖകന്റെ പരാമര്‍ശത്തോടൊപ്പം, വൃക്കരോഗികള്‍ ഉപയോഗിക്കേണ്ട മരുന്നുകളുടെയും മറ്റ് ഇഞ്ചക്ഷനുകളുടെയും തീപ്പൊള്ളുന്ന വിലയിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്.
കെ.എം അബ്ദുല്‍ സലീം
എടവനക്കാട്

കരുത്താര്‍ജിച്ച
സാരഥികള്‍



ജനുവരി ലക്കത്തിലെ രണ്ട് ഫീച്ചറുകളും വായിച്ചപ്പോള്‍ അതിലെ ഓരോ വരിയും എന്റെ മനസ്സിന് വല്ലാത്ത കരുത്തും സന്തോഷവും നല്‍കുകയുണ്ടായി. എങ്ങനെ നമുക്ക് ജനസമൂഹത്തിലേക്ക് ഇറങ്ങിത്തിരിക്കമെന്നും ഏതു രൂപത്തില്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാമെന്നും അവരുടെ ജീവിതത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം.
പത്തോ, പതിനൊന്നോ വയസ്സില്‍ ആരംഭിച്ചതാണ് റുഖിയ എന്ന മഹതിയുടെ ജനസേവന പ്രവര്‍ത്തനം. അത് സ്‌കൂള്‍തലത്തില്‍ നിന്നും ആരംഭിച്ച്, കുടുംബജീവിതത്തിലും തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിച്ചത് അവരുടെ സമ്പത്താണോ, അതോ അവരുടെ ഇഛാശക്തിയാണോ, എന്ന് ഓരോ സഹോദരിയും വായിച്ചറിയേണ്ടതുണ്ട്. ഏഴാം ക്ലാസ് വരെയുള്ള അവരുടെ വിദ്യാഭ്യാസം കൊണ്ട് നിരക്ഷരരായ ജനങ്ങള്‍ക്ക് വേണ്ടി അക്ഷരജ്ഞാനം നല്‍കാന്‍ അവര്‍ക്ക് സാധിച്ചു.
അയല്‍പക്കത്ത് പോയി പണിയെടുത്തുകിട്ടുന്ന പണം കൊണ്ട് കുടുംബം സംരക്ഷിച്ചു പോന്ന ധീരവനിത. സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒട്ടേറെ വീടുകള്‍ കയറിയിറങ്ങി മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി. ആ അറിവിന്റെ വെളിച്ചത്തില്‍ അവര്‍ക്കു മുമ്പില്‍ അനുഭവങ്ങളുടെ വാതായനങ്ങള്‍ തുറക്കപ്പെടുകയായിരുന്നു. 'സമൂഹത്തിലെ പാവപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി ജീവിക്കാന്‍ സാധിച്ചാല്‍ അതിനപ്പുറം നന്മ മറ്റൊന്നില്ല' എന്ന് തിരിച്ചറിഞ്ഞ റുഖിയയുടെ ജീവിതം നമുക്കേവര്‍ക്കും പാഠമാവട്ടെ. ഇവരെ പരിചയപ്പെടുത്തിയ യു.കെ മുഹമ്മദലിക്ക് അഭിനന്ദനങ്ങള്‍.
റംല സലാം ടി.പി,
കാരക്കുന്ന്

എന്റെ കല്യാണ ദിവസം


കഴിഞ്ഞ ലക്കം ജുസ്‌ന മലപ്പുറം എഴുതിയ 'മൈ വെഡ്ഡിംഗ് ഡേ' എന്ന കവിത എനിക്കു മുമ്പില്‍ വളരെ അര്‍ഥപൂര്‍ണമായി. കാരണം എന്റെ ജീവിതത്തോട് സാമ്യമുള്ളതാണത്. അതിലെ കഥാവാക്യം ഇന്ന് ഒരുപാട് പെണ്‍കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. അതില്‍ പറഞ്ഞതുപോലെ വേദന അനുഭവിച്ചാണോ എഴുതിയത് എന്നറിയില്ല. ആണെങ്കിലും അല്ലെങ്കിലും ജുസ്‌ന മലപ്പുറത്തിന് ഇങ്ങനെയൊരു കാവ്യസത്ത മനസ്സില്‍ തോന്നിപ്പിച്ചതിന് പടച്ചവനെ സ്തുതിക്കുന്നു.
ആരിഫ എ.പി
പൊന്‍മുണ്ടം

വായന;
അസ്വസ്ഥ മനസ്സിന്റെ ആനന്ദം


ഫെബ്രുവരി ലക്കം ആരാമത്തിലെ കെ.പി സല്‍വയുടെ ലേഖനമാണ് (രണ്ട് ദോശകള്‍ക്കിടയിലെ സമയം) ഈ കുറിപ്പിനാധാരം. ലളിത ഭാഷയില്‍ സാധാരണ സംഭവത്തെ അവതരിപ്പിച്ചിരിക്കുകയാണ് ലേഖിക.
വായനാ സംസ്‌കാരത്തിന്റെ നേര്‍ചിത്രമാണ് ലേഖിക ചൂണ്ടിക്കാണിച്ചതൊക്കെയും. സ്വന്തം മൊബൈല്‍ഫോണുള്ള സ്ത്രീകളെക്കാളും എന്തുകൊണ്ടും കുറവു തന്നെയാണ് സ്വന്തം പേനയുള്ള സ്ത്രീകള്‍. പേന രണ്ടാംഘട്ടമാണ്. ഒന്നാം ഘട്ടം വായനയാണ്. അതിനു വേണ്ടത് പുസ്തകമാണ്. എത്ര പേരുടെ കൈയില്‍ പുസ്തകമുണ്ട്? വാരികകള്‍ ഉണ്ട്? പത്രവായന ശീലമുണ്ട്?
വായനക്ക് സമയം ആവശ്യമാണ്. എന്നാല്‍ സമയമില്ലാത്തവര്‍ എങ്ങനെ വായിക്കും? ഉത്തരം ലളിതമാണ്. വായന ഒരാവശ്യഘടകമാണെന്ന യാഥാര്‍ഥ്യം ആദ്യം ബോധ്യപ്പെടുക. ശേഷം ചെയ്തുതീര്‍ക്കേണ്ട മുഴുവന്‍ ജോലിയും വിലയിരുത്തുക. പ്രാധാന്യത്തിന്റെ മുന്‍ഗണനയനുസരിച്ച് ക്രമപ്പെടുത്തുക. അനാവശ്യമായി സമയം പാഴാകുന്നത് എവിടെയാണെന്ന് കണ്ടെത്തുകയും തിരിച്ചറിഞ്ഞ ശേഷം വായനക്ക് സവിശേഷ സ്ഥാനം ലഭിക്കുന്ന തരത്തില്‍ പരിപാടികള്‍ ക്രമപ്പെടുത്തുകയും ചെയ്യുക. ഓരോ ദിവസവും അല്‍പസമയം വായിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക.
സമകാലിക ലോകത്തെ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കാനല്ലെങ്കിലും ലോകത്തിന്റെ സ്പന്ദനമറിയാന്‍ വായന ആവശ്യമാണ്. അത് നമ്മുടെ ഏകാന്തതയിലെ സുഹൃത്തും അസ്വസ്ഥ മനസ്സിന് ആനന്ദവുമായിത്തീരും. തീര്‍ച്ച.
അബ്ദുറസാഖ്
പുലാപറ്റ

ദൈവതൃപ്തി നേടുക


ആരാമം ജനുവരി ലക്കം വായിച്ചു. അമ്മ ഒരു മാനേജ്‌മെന്റ് വിദഗ്ധ എന്ന ലേഖനത്തില്‍ സൂചിപ്പിച്ചതെല്ലാം സര്‍വാംഗീകൃത സത്യമാണ്. വൈറ്റ് കോളര്‍ ജോലിയുടെ കാലത്ത് വലിയ പ്രാധാന്യവും ഉയര്‍ന്ന ശമ്പള സാധ്യതയും ഉള്ള ജോലിയാണ് മാനേജ്‌മെന്റ്. എന്നാല്‍ എല്ലാ മാനേജ്‌മെന്റിനെയും വെല്ലുന്നതാണ് അമ്മയെന്ന മാനേജ്‌മെന്റ് വിദഗ്ധ.
ശമ്പളം മോഹിക്കാതെയും പ്രതിഫലം ആഗ്രഹിക്കാതെയും പബ്ലിസിറ്റി പരിഗണിക്കാതെയും കര്‍മനിരതരായ ഒരു പറ്റം അമ്മമാര്‍. അവര്‍ക്ക് പകരം കൊടുക്കാന്‍ ഉതകുന്ന ഒന്നും ലോകത്തില്ല. അവരുടെ വാക്കുകള്‍ കേള്‍ക്കുക. ആശ്വാസം പകരുക, ആവശ്യമുള്ളത് ചെയ്തുകൊടുക്കുക. അതിലൂടെ രക്ഷാകര്‍തൃ സ്‌നേഹവും ദൈവിക തൃപ്തിയും പരലോകമോക്ഷവും സാധ്യമാക്കുക. പതിഫലം ആഗ്രഹിക്കാതെ പബ്ലിസിറ്റി പരിഗണിക്കാതെ കര്‍മനിരതരായ ഒരു പറ്റം അമ്മമാര്‍. അവര്‍ക്ക് പകരം കൊടുക്കാന്‍ ഉതകുന്ന ഒന്നും ലോകത്തില്ല. അവരുടെ വാക്കുകള്‍ കേള്‍ക്കുക. ആശ്വാസം പകരുക, ആവശ്യമുള്ളത് ചെയ്തുകൊടുക്കുക. അതിലൂടെ രക്ഷാകര്‍തൃ സ്‌നേഹവും ദൈവിക തൃപ്തിയും പരലോകമോക്ഷവും സാധ്യമാക്കുക.
അബ്ദുല്‍ റസാഖ്,
പാലക്കാട്

വായനക്കാരന്റെ വെളിച്ചം


ഫെബ്രുവരി ലക്കം ആരാമത്തിലെ നാസിറുദ്ദീന്‍ ആലുങ്ങള്‍ എഴുതിയ കുറ്റകൃത്യങ്ങള്‍ക്കു പരിഹാരം നല്ല രക്ഷിതാക്കള്‍ എന്ന മുഖലേഖനം കൗമാരപ്രായക്കാര്‍ക്കും പീഢനത്തിനിരയാകുന്ന വിദ്യാര്‍ഥികള്‍ക്കും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ജാതിമതഭേദമന്യെയുള്ള രക്ഷിതാക്കള്‍ക്കും കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ക്കും പ്രയോജനപ്രദമായ ഒന്നാന്തരം ഉപദേസനിര്‍ദെശങ്ങള്‍ നല്‍കുന്ന മന:ശാസ്ത്ര ഫീച്ചറായിരുന്നു. ലേഖകനും വായനക്കാര്‍ക്ക് വെളിച്ചം പകര്‍ന്നു തന്ന എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍. തുടര്‍ലക്കങ്ങളിലും നല്ല രക്ഷിതാക്കളെക്കുറിച്ചും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെക്കുറിച്ചും മാതൃകാ കുടുംബങ്ങളെക്കുറിച്ചും ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നു.
ഫാറയില്‍ ഫസലു
തിരൂര്‍

കുറച്ചുകൂടി
വിശദീകരിക്കാമായിരുന്നു.


ഫെബ്രുവരി ലക്കത്തിലെ എല്ലാ ലേഖനങ്ങളും ഒന്നിനൊന്ന് മെച്ചം. വിവരാവകാശ വിവരങ്ങള്‍ക്ക് കുറച്ചുകൂടി വിശദീകരണം നല്‍കാമായിരുന്നു. അപേക്ഷ ആര്‍ക്ക്, എവിടെ നല്‍കണം, എത്ര ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കും, ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ കൂടി വിശദീകരിക്കാമായിരുന്നു.
കെ.ഹൈദരാലി
ആനക്കര

പൊട്ടുന്ന ബന്ധങ്ങള്‍


തൊട്ടാല്‍ പൊട്ടുന്ന ബന്ധങ്ങളാണ് നമുക്കുചുറ്റുമുള്ളത്. ദുര്‍ബലമായ നൂലിഴകളിലാണ് അത് നിലകൊള്ളുന്നത്.
അസംതൃപ്തിയും ആത്മസംഘര്‍ഷങ്ങളും നിഴല്‍ വീഴ്ത്തിയ ബന്ധങ്ങളൊക്കെയും മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നു. പുതിയ തലമുറ തന്നിഷ്ടത്തോടെയാണ് വളരുന്നത്. യഥാര്‍ത്ഥ വ്യക്തിത്വത്തിന്റെ അളവുകോല്‍ നല്ല പെരുമാറ്റമാണ്. നന്നായി പെരുമാറുന്നവരോട് അടുത്തിടപഴകാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. സമൂഹവുമായി അടുത്തിടപഴകുന്നതിലൂടെ ഒരാളുടെ വ്യക്തിത്വം പരിപോഷിപ്പിക്കപ്പെടുന്നു. എന്നാല്‍ ഒരു വ്യക്തിയെ മാന്യനാക്കുകയും അധമനാക്കുകയും ചെയ്യുന്ന കാര്യമാണ് അയാളുടെ സംസാരം. വാക്കുകള്‍ക്ക് പരസ്പരം അടുപ്പിക്കാനും അകറ്റാനും കഴിവുണ്ട്. ഒരാളുടെ സ്വഭാവവും മാനസിക നിലയും അയാളുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കാം. സൗഹൃദങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നുപോലും അകന്നുപോയിരിക്കുന്നു. വീടിനു ചുറ്റും വന്മതില്‍ പണിത് സ്വാര്‍ഥതയുടെ വിലങ്ങുകളില്‍ ബന്ധിക്കപ്പെടുന്നതാണ് ആധുനികപ്രവണത. അയല്‍വീട്ടില്‍ നിന്ന് ഉപ്പും പഞ്ചസാരയും അരിയും വായ്പ വാങ്ങിയിരുന്ന കാലം നാം മറന്നു. അയല്‍ രാജ്യങ്ങളെ പോലെ തര്‍ക്കിച്ചുകഴിയുന്ന അയല്‍വാസികളാണിന്ന്. അയല്‍വാസിക്ക് വല്ലതും സംഭവിച്ചാല്‍ നാട്ടുകാര്‍ പറഞ്ഞുവേണം നമ്മളറിയാന്‍. ബന്ധങ്ങള്‍ പരിപാലിക്കപ്പെടാന്‍ ഉപയുക്തമായ മരുന്നാണ് പുഞ്ചിരിയും കശലാന്വേഷണവും അഭിവാദ്യം ചെയ്ത് സുഖവിവരങ്ങളാരാഞ്ഞ് ഇതരകുടുംബങ്ങളെക്കുറിച്ചറിഞ്ഞ് വേര്‍പിരിയുമ്പോള്‍ മനസ്സിന് വല്ലാത്തൊരു നിര്‍വൃതിയുണ്ടാകും. മനുഷ്യനുണ്ടാവേണ്ട പരസ്പര സഹകരണത്തെയും ബന്ധങ്ങളുടെ കെട്ടുറപ്പിനെയും സൂക്ഷ്മതയെയും കുറിച്ചുള്ള പ്രതിപാദ്യങ്ങള്‍ ഹാഫിസ് മുഹമ്മദിന്റെ ലേഖനത്തില്‍ വന്നത് പ്രശംസനീയമാണ്.
യു.കെ. സൗജത്ത്
ചൊക്ലി

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top