കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍-3

നൂറുദ്ദീന്‍ ചേന്നര No image

ഹമീദാ, എന്താണ് നീ ആലോചിക്കുന്നത്?''
സൈനബുല്‍ ഗസ്സാലിയെന്ന സഹയാത്രികയുടെ ചോദ്യം അവളെ ചിന്തയില്‍നിന്നുണര്‍ത്തി.
''ജ്യേഷ്ഠന്‍ മുഹമ്മദ് ഖുതുബിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.'' ഹമീദയുടെ മറുപടി.
ജയിലില്‍ വെച്ച് ഈയിടെ ജ്യേഷ്ഠനെ കണ്ട കാര്യം ഹമീദ് പറഞ്ഞു.
തന്റെ ജ്യേഷ്ടന്‍ തന്നെയോ അതെന്ന് ഒരു വേള സംശയിച്ചുപോയി. പീഡനങ്ങള്‍കൊണ്ട് കീറിപ്പറിഞ്ഞ ശരീരം. തൂങ്ങിക്കിടക്കുന്ന മുഖം. ചുണ്ടുകള്‍ക്കുമേല്‍ വീണുകിടക്കുന്ന മൂക്ക്. ആകെ വിളര്‍ത്ത ശരീരം. പ്രകാശം പ്രസരിച്ചിരുന്ന ആ മുഖം കുണ്ടും കുഴിയും നിറഞ്ഞ ഒരു പ്രതലമായിരിക്കുന്നു. അദ്ദേഹത്തിന്റെ തല ശവങ്ങളുടെ തലയോട്ടിപോലെ തോന്നിച്ചു. അവിടെയുമിവിടെയുമൊക്കെ ഇത്തിരി മുടിയുണ്ടെന്നു മാത്രം. നെഞ്ചിലേക്ക് വീണുകിടക്കുന്ന താടി. നീളന്‍ കുപ്പായത്തിനുള്ളില്‍ ഒരു മെലിഞ്ഞൊട്ടിയ ശരീരം. ആ ശരീരത്തിലെ ഉന്തിനില്‍ക്കുന്ന എല്ലുകള്‍ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിപ്പേക്കോലങ്ങളെ ഓര്‍മിപ്പിക്കുന്നു.
പീഡനത്തിന്റെ കൊടുമുടിയില്‍നിന്ന് താഴേക്ക് ചിതറിവീഴുമ്പോള്‍ ഈ ജയിലിലെ എല്ലാ അന്തേവാസികള്‍ക്കും ഒരേ മുഖം. ഒരേ കോലം. ഒരാളെ മറ്റൊരാളില്‍ നിന്ന് തിരിച്ചറിയാനേ കഴിയില്ല.
''എന്റെ ജീവിതത്തില്‍ ആത്മനിയന്ത്രണം വിട്ട വളരെ കുറഞ്ഞ സമയങ്ങളേ ഉണ്ടായിട്ടുള്ളൂ. അതിലൊന്നായിരുന്നു അത്.'' സഹോദരനെ കണ്ടതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഹമീദ സൈനബുല്‍ ഗസ്സാലിയോട് പറഞ്ഞു.

അക്രമികളുടെ കൈയില്‍ ബന്ധനസ്ഥനായി നില്‍ക്കുന്ന പ്രിയപ്പെട്ട ജ്യേഷ്ഠന്റെ മുഖം ഹമീദയുടെ മനസ്സില്‍ ആകുലചിന്തകള്‍ വിതച്ചു. തന്റെ ഉടപ്പിറപ്പിനെ ഈ കോലത്തില്‍ കാണേണ്ടിവന്നതില്‍ അവള്‍ക്ക് അതിയായ സങ്കടം തോന്നി. അനങ്ങാനാവാതെ, മിണ്ടാനാവാതെ, സ്വന്തത്തെയോ സ്വന്തം സഹോദരിയെയോ സംരക്ഷിക്കാനാവാതെയുള്ള ആ നില്‍പ്!
അപമാനത്തിന്റെ ചങ്ങലക്കണ്ണികളാല്‍ തളച്ചുള്ള ആ നില്‍പ് അവള്‍ക്ക് സഹിക്കാനായില്ല.
അസഹ്യതയുടെ നീര്‍ച്ചുഴിയില്‍ കറങ്ങുന്നതിനിടയില്‍ അവളുടെ തൊണ്ടക്കുഴിയുടെ ആഴങ്ങളില്‍നിന്ന് കലങ്ങിമറിഞ്ഞ വാക്കുകള്‍ ജയില്‍കിങ്കരന്മാരുടെ ചെവികളിലേക്ക് തെറിച്ചുവീണു.
''നിയന്ത്രണം വിട്ട എന്റെ പെരുമാറ്റം ജയില്‍കിങ്കരന്മാരെ വിളറിപിടിപ്പിച്ചു. ഭ്രാന്തുപിടിച്ചവരെപ്പോലെയായിരുന്നു പിന്നീട് അവരുടെ പെരുമാറ്റം. അവരെന്നെ കാലുകള്‍കൊണ്ട് തൊഴിച്ചു. കൈകള്‍കൊണ്ട് ഇടിച്ചു. കുറേനേരം അവര്‍ എന്റെ ദേഹത്ത് മര്‍ദ്ദനങ്ങള്‍കൊണ്ട് അഴിഞ്ഞാടി.''
''നിന്നെ കുറിച്ച് പൊതുവെ അവര്‍ക്കുള്ള അഭിപ്രായം നീ ഏറെ ക്ഷമയുള്ള തടവുകാരിയാണെന്നായിരുന്നല്ലോ. അങ്ങനെയുള്ള ഒരാളില്‍നിന്ന് ആരും അങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.''
''അവരെന്നെ കൈകള്‍ ബലമായി പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ഞാനെന്റെ ജ്യേഷ്ഠനെ തിരിഞ്ഞു നോക്കി. നിശ്ശബ്ദമായി അദ്ദേഹം എല്ലാം നോക്കിനില്‍ക്കുകയായിരുന്നു. ആ കണ്ണുകളില്‍ കണ്ണീരു നിറഞ്ഞത് ഞാന്‍ കണ്ടു.''
സൈനബുല്‍ ഗസ്സാലി അവളെ തലോടിക്കൊണ്ടു പറഞ്ഞു. ''ഈ തടവറയില്‍ ഉറ്റബന്ധുക്കളെ കാണാന്‍ കഴിയുകയെന്നതുതന്നെ വലിയൊരു പരീക്ഷണമല്ലേ മോളേ. കണ്ടു കഴിഞ്ഞാല്‍ തോന്നും കാണാതിരുന്നെങ്കിലെന്ന്.''
''ശരിയാണ്. ഒന്നു കണ്ടെങ്കിലെന്ന് ഏറെ പൂതിവെച്ചിരുന്നു. ദൂരെ നിന്നെങ്കിലും ഒരു നോക്കു കാണാന്‍ ഏറെ പ്രാര്‍ഥിച്ചിരുന്നു. ഈ തടവറയുടെ ഏതെങ്കിലും മൂലയില്‍നിന്ന് ആ പേര് ഒരു ജയിലര്‍ ഉറക്കെ വിളിക്കുന്നതെങ്കിലും കേട്ടാല്‍ മതിയായിരുന്നുവെന്ന് കരുതിയിട്ടുണ്ട്. ഒന്നിനും വേണ്ടിയല്ല. ജീവിച്ചിരിക്കുന്നല്ലോ എന്ന് ആശ്വസിക്കാന്‍. മൂത്ത ജ്യേഷ്ഠനെക്കുറിച്ച് അങ്ങനെ ധാരാളം കേള്‍ക്കാറുണ്ട്. അപ്പോഴൊക്കെ മനസ്സ് നീറുമെങ്കിലും അദ്ദേഹത്തിനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ ജ്യേഷ്ഠനെപ്പറ്റി അങ്ങനെയൊന്നും കേള്‍ക്കാറില്ലായിരുന്നു.''
ദുഃഖസാന്ദ്രമായ ആ കൂടിക്കാഴ്ചയെപ്പറ്റിയുള്ള ഹമീദയുടെ വിവരണങ്ങള്‍ കുറേനേരം നീണ്ടു. ഇഖ്‌വാന്റെ പ്രസിദ്ധീകരണങ്ങളില്‍ ഇടക്കിടെ മനോഹരകഥകളെഴുതാറുള്ള ഹമീദയുടെ വാക്കുകള്‍ക്ക് കവിതയുടെ ഗന്ധമുണ്ടായിരുന്നു. കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് വേദനകള്‍ എണ്ണിപ്പറഞ്ഞത്.... രിഫ്അത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.
''രിഫ്അത്ത്! അവനും രക്തസാക്ഷിയായി?'' സൈനബുല്‍ ഗസ്സാലിയെ ആ വിവരം അല്‍ഭുതപ്പെടുത്തി.
''അതെ. രിഫ്അത്തിന്റെ ശഹാദത്ത് പുറത്തറിയിക്കരുതെന്ന് ജയിലധികൃതര്‍ എന്നെ നിരന്തരം പറഞ്ഞു പഠിപ്പിക്കുമായിരുന്നു. അതേക്കുറിച്ച് അവരോട് തര്‍ക്കിക്കാതിരിക്കാന്‍ അവര്‍ പല പ്രലോഭനങ്ങളും കോരിച്ചൊരിഞ്ഞു. മുന്തിയ ഭക്ഷണം, സെല്ലില്‍ കട്ടിലും കിടക്കയും. കൂടാതെ റൂമില്‍ വെളിച്ചവും നല്‍കാം!''
''ഈ തടവറയിലെ പീഡനങ്ങള്‍ക്കിടയില്‍ ആ വാഗ്ദാനങ്ങളൊന്നും അത്ര ചെറുതല്ലല്ലോ. നീയെന്തു പറഞ്ഞു?'' സൈനബുല്‍ ഗസ്സാലി ചിരിച്ചുകൊണ്ട് ചോദിച്ചു.
''ഒന്നും വേണ്ട എനിക്കിവിടെ സുഖമാണ് എന്നുമാത്രം പറഞ്ഞു. രിഫ്അത്തിന്റെ രക്തസാക്ഷ്യത്തെക്കുറിച്ച ആരോടെങ്കിലും പറയേണ്ടതുണ്ടെന്ന് എനിക്ക് അപ്പോള്‍ തോന്നിയിരുന്നുമില്ല. എന്തോ ഒരു നിര്‍വികാരതയായിരുന്നു അപ്പോളൊക്കെ എന്നെ ഭരിച്ചിരുന്നത്. അതുകൊണ്ടാവാം എനിക്കതില്‍ പ്രത്യേകിച്ചൊന്നും തോന്നാതിരുന്നത്. പിന്നെയും അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു മുസ്ഹഫ് കൊണ്ടുവന്നു തരൂ എന്നു മാത്രം പറഞ്ഞു.''
''ഞാന്‍ കിങ്കരന്മാരോട് പൊട്ടിത്തെറിച്ചതിന്റെ പേരിലും രിഫ്അത്തിന്റെ മരണവാര്‍ത്ത അദ്ദേഹത്തെ അറിയിച്ചതിന്റെ പേരിലും അവര്‍ ജ്യേഷ്ഠനെ കൂടുതല്‍ ശിക്ഷിക്കുമോ എന്നാണ് എന്റെ പേടി. മാത്രമല്ല, രിഫ്അത്തിന്റെ രക്തസാക്ഷ്യത്തെ അവര്‍ പരിഹസിച്ചപ്പോള്‍ ഇതുപോലെ നിയന്ത്രണം വിട്ട് ഞാന്‍ മുമ്പും പെരുമാറിയിട്ടുണ്ട്. അതിന്റെ പേരില്‍ അവരെനിക്കും ഇനി കണക്കിന് തരുമായിരിക്കും.''
''ആ പേടിയുടെ അര്‍ഥമില്ലായ്മ നിനക്കുതന്നെ അറിയാമല്ലോ ഹമീദാ. ആ മനുഷ്യമൃഗങ്ങളില്‍നിന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരിളവും പ്രതീക്ഷിക്കാനാവില്ലെന്ന് നിനക്കറിയാമല്ലോ. അല്ലാഹുവിന്റെ ശത്രുക്കള്‍ നമ്മോട് കരുണ കാണിക്കുന്നതിനെയാണ് നാം ഭയപ്പെടേണ്ടത്. അതിനുപിന്നില്‍ ഈ മര്‍ദ്ദനങ്ങളേക്കാള്‍ വലിയ പരീക്ഷണം കാത്തിരിക്കുന്നുണ്ടാവും.''
സമരപാതയിലെ തന്റെ സഹയാത്രികയുടെ ചുമലില്‍ ചാരി തളര്‍ന്നുകിടന്നുകൊണ്ട് ഹമീദാ ഖുതുബ് ആ വാക്കുകള്‍ ശ്രവിച്ചു.
(തുടരും)






Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top