സുഖപ്രസവം

കെ.പി. സല്‍വ No image

നുഷ്യകുലത്തിന്റെ ഇടമുറിയാത്ത തുടര്‍ച്ച ഉറപ്പാക്കുന്ന ഒരേയൊരു സംവിധാനമാണ് ഗര്‍ഭധാരണവും പ്രസവവും. അനുഭവിക്കുന്നവര്‍ക്ക് അത് അങ്ങേയറ്റത്തെ പ്രയാസവും വേദനയും ഇഴയിടുന്ന ഒന്നാണ്. ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിന്റെ സാമീപ്യത്തെക്കുറിച്ച സന്തോഷങ്ങളാണ് ഇത് സഹിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നത്. ജന്മം നല്‍കാന്‍ പോകുന്നത് ബുദ്ധിമാന്ദ്യമോ വൈകല്യമോ ഉള്ള കുഞ്ഞാണെന്ന് അറിയുന്ന സ്ത്രീയുടെ ഗര്‍ഭകാലം ഉമിത്തീയിലായിരിക്കും. ആശുപത്രിപ്രസവങ്ങള്‍ കുറവായിരുന്ന കാലത്ത് ദിവസങ്ങളോളം നീളുന്ന പ്രസവവേദനകള്‍ ഉണ്ടായിരുന്നു. ഉടലുചീന്തുന്ന വേദന അറ്റമില്ലാതെ തുടര്‍ന്നിട്ടും പുറത്തുവരാത്ത കുഞ്ഞിനെ കാളക്കൊമ്പുകൊണ്ട് ഉദരം കീറി പുറത്തെടുത്ത് മരണശാന്തി പുല്‍കിയ അമ്മമാരെക്കുറിച്ച് പറയുന്നുണ്ട് ഡോ: ഖദീജ മുംതാസിന്റെ 'മാതൃകം'. എങ്കിലും കാത്തിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടക്കുന്ന പ്രസവത്തെ നമ്മള്‍ 'സുഖപ്രസവ'മെന്നു വിളിക്കുന്നു.
പ്രശസ്ത എഴുത്തുകാരിയും ഗൈനക്കോളജിസ്റ്റുമായ ഡോ: ഖദീജ മുംതാസിന്റെ 'പച്ചക്കുതിര' യില്‍ വന്ന പംക്തി പുസ്തകമായതാണ് 'മാതൃകം'. മലയാളത്തില്‍ ഇത് അനന്യമാണ്. ഡോ: പി. ഇഖ്ബാലിന്റെ 'ആലീസിന്റെ അദ്ഭുത രോഗം' ലോക രചനകളിലെ നാഡീരോഗങ്ങളെക്കുറിച്ചുള്ളതാണ്. സൂക്ഷ്മാര്‍ത്ഥത്തില്‍ ഗര്‍ഭം, പ്രസവം തുടങ്ങിയ ശരീരശാസ്ത്രപരമായ സാങ്കേതികതകള്‍ മാതൃത്വമെന്ന വൈകാരികതയിലേക്ക് ചേക്കേറുകയാണ് 'മാതൃക'ത്തില്‍. തന്റെ വായനയിലെയും ചികിത്സയിലെയും അനുഭവങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളും സ്‌ത്രൈണ പ്രചനനാവയവങ്ങള്‍, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍, അതിലെല്ലാം ഉള്ള സങ്കീര്‍ണതകള്‍, വൈകല്യങ്ങള്‍, രോഗങ്ങള്‍, ചികിത്സകള്‍ എന്നിവയോട് ചേര്‍ത്തുവെക്കുന്നതാണ് ഈ പുസ്തകത്തിന്റെ ശൈലി. ആപ്തവാക്യങ്ങള്‍ക്കും സര്‍ഗാവിഷ്‌കാരങ്ങളിലെ കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമൊപ്പം ശാസ്ത്ര ചിത്രീകരണങ്ങളും ധന്യമാക്കുന്ന അവതരണം. പ്രതിബദ്ധതയുള്ള സാമൂഹ്യ വിമര്‍ശക, സൂക്ഷ്മമായതില്‍ ആജ്ഞേയ ശക്തിയുടെ സാമീപ്യം കണ്ടെത്തുന്ന വിശ്വാസി, വൈദ്യധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ഡോക്ടര്‍, വൈദ്യരംഗത്തും സമൂഹത്തിലുമുള്ള പുതുതലമുറ പ്രവണതകളില്‍ പ്രായോഗികമതി, ഫെമിനിസ്റ്റ് തുടങ്ങി ഡോക്ടറുടെ ഒട്ടേറെ ഭാവങ്ങള്‍ ഈ കൃതിയിലുണ്ട്.
മാതൃത്വമെന്ന അദ്വിതീയമായ മഹത്വത്തെ വാഴ്ത്തുന്നതിന് മുമ്പ് ഗര്‍ഭപാത്രമില്ലാത്തവരുടെ അലച്ചിലുകളാണ് ഒന്നാമധ്യായത്തില്‍ പങ്കുവെക്കുന്നത്. ജനിതക വൈകല്യങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, മറ്റ് അറിയാത്ത കാരണങ്ങള്‍കൊണ്ട് ഗര്‍ഭപാത്രമില്ലാതായവര്‍, സ്ത്രീക്കും പുരുഷനുമിടയിലുള്ളവര്‍, ബാഹ്യപ്രകൃതിയില്‍ സ്ത്രീയായിരിക്കുന്നവര്‍ എല്ലാം സാമൂഹ്യ ജീവിതത്തില്‍ ഭ്രഷ്ടരാക്കപ്പെടുന്നു. ചെറിയ പ്ലാസ്റ്റിക് സര്‍ജറികൊണ്ട് ശരിയാകുന്ന വൈകല്യങ്ങള്‍ ഉള്ളവര്‍ പോലും ഹിജഡ കേളനിയിലെത്തിപ്പെടുക, ബാല്യവും കൗമാരവും പെണ്‍കുട്ടിയായി ജീവിച്ച ശേഷം ആന്തരിക ഘടന പുരുഷന്റേതാണെന്നറിയുക തുടങ്ങിയ വിഹ്വലതകള്‍... അവിടെ വൈദ്യലോകത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതകള്‍ ഇങ്ങനെ പോവുന്നു ഈ ഭാഗം.
ഈ കൃതിയിലെ രചനാശില്‍പത്തെ ഒറ്റ ഖണ്ഡികയിലേക്ക് ചുരുക്കാമെങ്കില്‍ രണ്ടാമത്തെ അധ്യായത്തിന്റെ തുടക്കമാണത്.  വിവരണംകൊണ്ടും അറിവുകൊണ്ടും എനിക്കേറ്റം ഇമ്പം തോന്നിയ ഭാഗവും അതുതന്നെ. 'ഒരു സ്വയംവരത്തിന്റെ സൗന്ദര്യമുള്ള പരിണയം' എന്നാണ് ഗര്‍ഭധാരണപ്രക്രിയയെ അവര്‍ വിശേഷിപ്പിക്കുന്നത്. ആയിരക്കണക്കിന് പുരുഷബീജങ്ങളില്‍ ഗര്‍ഭപാത്രമുഖത്തെ തെരഞ്ഞെടുപ്പും പരിശീലനങ്ങളും കഴിഞ്ഞ് നൂറിന്റെ ഗുണിതങ്ങള്‍ക്കേ മുന്നോട്ട് അനുമതി കിട്ടൂ. 'അണ്ഡാശയ കവാടം തള്ളിത്തുറന്ന് സഖിമാരെപ്പോലെ വലംവെച്ചുനില്‍ക്കുന്ന ചെറു കോശങ്ങളുടെ അകമ്പടിയോടെ ഫെലോപ്പിയന്‍ നാളിയിലേക്ക് ആനയിക്കപ്പെടുന്ന ഓവത്തിന് തികച്ചും ഒരു രാജകുമാരിയുടെ ആഢ്യത്വവും ലാലസതയുമുണ്ട്.' ഈ രാജകുമാരി തന്നെ തേടിവരുന്ന നൂറുകളായി കുറഞ്ഞ പുരുഷ ബീജത്തില്‍നിന്ന് ഏറ്റവും അനുയോജ്യനായ ഒരുവനെ തെരഞ്ഞെടുക്കുന്നു. (വിസ്താരഭയം) ഇതേപോലെ ജാഗ്രത്തായ തെരഞ്ഞെടുപ്പ് ഭ്രൂണത്തിന്റെ കാര്യത്തിലും നടക്കുന്നു. വേരുറക്കലിന് ശേഷവും അലസിപ്പോകുന്ന ഗര്‍ഭങ്ങളില്‍ 50 ശതമാനംവരെ ജനിതക വൈകല്യങ്ങളുള്ളവയാണ്. ബാക്കിയുള്ളവയിലാണ് ചികിത്സക്ക് വഴങ്ങുന്നതും വഴങ്ങാത്തതും. ഈ സ്വാഭാവികാന്തരീക്ഷവും തെരഞ്ഞെടുപ്പും ടെസ്റ്റ്യൂബ് ചികിത്സയില്‍ നടക്കുന്നില്ല. മാതൃശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ വരുന്ന പരിഷ്‌കരണം, ജീവശാസ്ത്രപരമായി അന്യവസ്തുവായ ഒരുപക്ഷേ, മാതാവിന് രക്തമോ വൃക്കയോ ദാനം ചെയ്യാന്‍ പറ്റാത്ത (ഡിൗെശമേയഹല റീിലൃ) ആയ കുഞ്ഞിനെ തിരസ്‌കരിക്കാതെ കാക്കുന്നു. അതിനായി മാതൃശിശു കോശങ്ങള്‍ ചേരുന്ന പ്ലാസന്റയുടെ കരകളില്‍ പുതിയ സുരക്ഷാ കോശങ്ങള്‍ രൂപപ്പെടുന്നു. ഇതില്‍ പരാജയപ്പെടുമ്പോള്‍ മാതൃശരീരം ഭ്രൂണത്തെ തിരസ്‌കരിച്ചുകൊണ്ടേയിരിക്കും. അലസുന്ന ഗര്‍ഭങ്ങളും പുറത്തെ ഗര്‍ഭധാരണകളും അതിന്റെ സങ്കീര്‍ണതകളുമാണ് രണ്ടാമധ്യായത്തില്‍.
ഇരട്ടകളെക്കുറിച്ചാണ് മൂന്നാമധ്യായം. സമാന ഇരട്ടകള്‍ സമാനരല്ലാത്ത ഇരട്ടകള്‍, അമ്‌നിയോട്ടിക്ക് അറ ഒന്നായിരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍, മറുപിള്ള ഒന്നായവരുടെ പ്രശ്‌നങ്ങള്‍, സയാമീസ് ഇരട്ടകള്‍ മാഞ്ഞുപോകുന്ന ഇരട്ടകള്‍, വന്ധ്യതാ ചികിത്സയില്‍ ടലഹലരശേ്‌ല ൃലറൗരശേീി, ഇരട്ട ഗര്‍ഭക്കാരിയുടെ പരിചരണം എന്നിങ്ങനെയാണ് ഇതിലുള്ളത്. എന്നെ ഏറ്റവും വിഹ്വലമാക്കിയ ഭാഗവും ഇതിലാണ്. ഇരട്ടകളുടെ കൊളുത്തിപ്പിടുത്തം. ഇരട്ടകളുടെ പ്രസവത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന അപായമാണിത്. 'ഉടല്‍മുഴുവന്‍ പുറത്തായ കുഞ്ഞ് പിടഞ്ഞു കളിക്കുകയാണ്. അതിന്റെ ശിരസ്സ് അകത്തു തന്നെ. അതു പുറത്തുവരാന്‍ സാധിക്കാത്ത വണ്ണം അകത്തുള്ള കുഞ്ഞിന്റെ ശിരസ്സ് അമ്മയുടെ ഇടുപ്പെല്ലിനകത്തേക്ക് താഴ്ന്നിറങ്ങിയിരിക്കുകയാണ്. ശരീരം മുഴുവന്‍ പുറത്തുവന്ന കുഞ്ഞിന്റെ ശിരസ്സ് അകത്തുള്ള കുഞ്ഞിന്റെ ശിരസ്സിനും മുകളിലാണ്. ആദ്യകുഞ്ഞിന്റെ കഴുത്തില്‍ രണ്ടാം കുഞ്ഞിന്റെ ശിരസ്സ് അമര്‍ന്നിരിക്കുന്നു. ഘീരസലറ ഠംശി!െ ഇതിനിടെ ആദ്യകുഞ്ഞിന്റെ ചലനങ്ങള്‍ കുറഞ്ഞുവരുന്നു. സീനിയര്‍ ഡോക്ടര്‍ കത്രിക ആവശ്യപ്പെടുന്നു. എന്നിട്ട് ജൂനിയര്‍ ഡോക്ടര്‍മാരെ ഞെട്ടിച്ചുകൊണ്ട് തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ സാവകാശം ഗളഹസ്തം ചെയ്ത് തലയില്ലാത്ത അതിന്റെ ഉടല്‍ അസിസ്റ്റന്റിന്റെ കൈയില്‍ കൊടുക്കുന്നു!'
88 ശതമാനം പ്രസവങ്ങളും ആശുപത്രിയില്‍ നടത്തി കേരളം ജൈവികമായ പ്രക്രിയയെ രോഗമാക്കിമാറ്റി എന്ന പതംപറച്ചില്‍ നാം ഒരുപാട് കേട്ടതാണ്. ഒറ്റ നിമിഷം കൊണ്ട് ചിത്രമാകെ മാറി ചോരക്കഥയാകാവുന്ന അപകടങ്ങള്‍ പ്രസവത്തിലുണ്ട്. ഗര്‍ഭപാത്ര സങ്കോചം മുതല്‍ കുഞ്ഞിന്റെ ജന്മം വരെ വിവരിക്കുന്ന നോവല്‍ പോലെ വായിച്ചു പോകാവുന്നതാണ് 'അനര്‍ഘനിമിഷം' എന്ന അധ്യായം. ഗര്‍ഭപാത്രവും ശിശുവും പ്ലാസന്റയും ഇടുപ്പെല്ലും യോനീനാളവുമൊക്കെയാണ് അതിലെ കഥാപാത്രങ്ങള്‍.
അത്രയെളുപ്പം വായിച്ചുപോകാവുന്നതല്ല അടുത്ത രണ്ട് അധ്യായങ്ങള്‍. ഗര്‍ഭത്തിലോ പ്രസവത്തിലോ വരുന്ന താളപ്പിഴകള്‍ മൂലം ചോരപ്പുഴയില്‍ ജന്മമൊടുക്കേണ്ടി വരുന്നതിനെക്കുറിച്ചാണ് 'ചോരയിലെഴുതിയ കാവ്യങ്ങള്‍'. കേരളത്തിലെ മാതൃമരണങ്ങളില്‍ 20 ശതമാനം ഗര്‍ഭാനന്തര രക്തസ്രാവം മൂലമാണത്രെ. ഗര്‍ഭസ്ഥശിശുവിന്റെ ചെറുവിരല്‍ വൈകല്യംപോലും നോവായി മാറുന്ന മാതാവിന് തലച്ചോറില്ലാത്ത, ഹൃദയത്തകരാറുകൊണ്ട് നീലച്ച, ബുദ്ധിമാന്ദ്യമുള്ള കുള്ളന്മാരായ കുട്ടികളെയൊക്കെ ഓമനിക്കേണ്ടി വരുമ്പോള്‍... കണ്ണീരുപോലും ഉറഞ്ഞുപോയ പിടച്ചിലോടുകൂടിയാണ് ഈ അധ്യായം വായിച്ചു തീര്‍ത്തത്. ഗര്‍ഭസ്ഥശിശുക്കളുടെ വൈകല്യവും കാരണങ്ങളും വിവരിക്കുന്ന ഈ അധ്യായം എന്‍ഡോസള്‍ഫാന്‍ വിനകളെക്കുറിച്ച ശക്തവും യുക്തിഭദ്രവും ആധികാരികവുമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.
'സിസേറിയന്റെ സാമൂഹ്യ ശാസ്ത്ര'മാണ് ഏഴാമത്തെ ഭാഗം. അതിന്റെ ചരിത്രം, കാരണങ്ങള്‍, രീതികള്‍, സങ്കീര്‍ണതകള്‍, ചാക്രികത, മനോഭാവം എന്നിവയെല്ലാം ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അരിവാള്‍ രോഗവും എയ്ഡ്‌സും എങ്ങനെയാണ് ഗര്‍ഭത്തിലും പ്രസവത്തിലും വില്ലനാവുന്നതെന്ന് വിശദീകരിക്കുകയാണ് എട്ടാമത്തെയും പത്താമത്തെയും അധ്യായത്തില്‍. ഒമ്പതാം അധ്യായത്തില്‍ മുന്തിരിക്കുല ഗര്‍ഭങ്ങളെ പറ്റിയാണ്. നേരത്തെ രണ്ടാമധ്യായത്തില്‍ പരാമര്‍ശിച്ച ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുകയാണ് ഇതില്‍. ഗര്‍ഭധാരണപ്രായത്തിന്റെ രണ്ടറ്റത്തുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. ശരിയായ ചികിത്സ ഏശിയില്ലെങ്കില്‍ അര്‍ബുദ സാധ്യതയിലെത്തിച്ചേരുന്നു മുന്തിരിക്കുല ഗര്‍ഭം. കീമോതെറാപ്പി ഉള്‍പ്പെടുന്നതാണ് ഇതിന്റെ ചികിത്സ. ചെറുപ്രായ വിവാഹം ഏറെയുള്ള മലബാറില്‍ മുന്തിരിക്കുല ഗര്‍ഭിണികളുടെ എണ്ണവും അതില്‍ 'ചെറുവാല്യക്കാരി'കളുടെ ശതമാനവും കൂടുതലാണ്. ഇതേ കാരണംകൊണ്ട് തന്നെ അവര്‍ ഭര്‍തൃവീടുകളില്‍ കൂടുതല്‍ അരക്ഷിതരാവുകയും ചിലപ്പോള്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതാണിതിലെ വൈരുധ്യം. വിവാദങ്ങളും നിയമങ്ങളുമൊന്നും കണക്കിലെടുക്കാതെ കിളുന്തുകളെ 'കെട്ടുന്നവരും കെട്ടിക്കുന്നവരും' ഈ ഭാഗമൊന്ന് വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.
ഗര്‍ഭഛിദ്രത്തിലെ നൈതികത, രീതികള്‍, അപകട സാധ്യതകള്‍, അബോര്‍ഷന്‍ ക്ലിനിക്കുകളിലെ തട്ടിപ്പ് തുടങ്ങിയവയാണ് പതിനൊന്നാം അധ്യായം. ഹൃദയരോഗങ്ങള്‍ ഗര്‍ഭത്തെയും പ്രസവത്തെയും പ്രശ്‌നഭരിതമാക്കുന്നതിനെക്കുറിച്ചാണ് അവസാനത്തെ താളുകള്‍.
ഗര്‍ഭവും പ്രസവവും ഇത്രയൊക്കെ സങ്കീര്‍ണവും അപകടകരവുമായ അവസ്ഥകള്‍ തരണം ചെയ്താണ് സാധ്യമാവുന്നത് എന്നറിയുമ്പോഴാണ് ഏറെ നോവ് സഹിച്ച ശേഷവും പ്രസവം സുഖപ്രസവവമാകുന്നതിലെ 'സുഖം' മനസ്സിലാവുന്നത്.

പ്ലെയിന്‍ഗ്ലാസ്സ്:
പൂര്‍ണഗര്‍ഭിണിയായിരിക്കെയാണ് ഞാനീ പുസ്തകം വായിക്കാനെടുത്തത്. ഉള്ളടക്കത്തിലെ കഥാപാത്രമായിക്കൊണ്ടുള്ള വായന പക്ഷെ, പകുതിയായപ്പോള്‍ നിര്‍ത്തിവെച്ചു. കാരണം അത് തരുന്ന അറിവ് താങ്ങാനുള്ള കരുത്ത് എനിക്കില്ലായിരുന്നു. ഇപ്പോള്‍ ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും പരിധിക്ക് പുറത്തുളളവരോ പുരുഷന്മാരോ വായിക്കുമ്പോള്‍ ഇതേ അനുഭവം ഉണ്ടായിക്കൊള്ളണമെന്നില്ല. ഏതായാലും മലയാളസാഹിത്യത്തിലെ വേറിട്ടൊരു വായനാനുഭവമാണ് 'മാതൃകം.' വൈദ്യവും സര്‍ഗാത്മകതയും ഒത്തുചേരുന്ന രചനാവൈഭവം.                   


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top