കാലത്തെ പഴിച്ചിട്ട് കാര്യമില്ല

സമയവും കാലവും ആരെയും കാത്തിരിക്കില്ല എന്നത് നാം കേട്ടു ശീലിച്ച പഴമൊഴിയാണ്. വര്‍ഷാവസാനം രാജ്യങ്ങളും ജനതകളും സംഘടനകളും വ്യക്തികളും കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച കണക്കെടുപ്പുകള്‍ നടത്താറുണ്ട്. കാലയവനികക്കുള്ളില്‍ മറഞ്ഞുപോയവരെകുറിച്ചും  നാടും നാട്ടാരും ചെയ്തുപോയ നന്മതിന്മകളെയും കുറിച്ചും അവലോകനങ്ങള്‍ നടത്തുകയും ചെയ്യുന്നതപ്പോഴാണ്.
 കഴിഞ്ഞ വര്‍ഷത്തെക്കുറിച്ച് വിശകലനം നടത്തുമ്പോള്‍   ഒട്ടേറെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ഓര്‍മകളിലേക്ക് വരുന്നുണ്ട്. അതിലേറ്റവും വലുതാണ് കുഞ്ഞുമക്കള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരതകള്‍. അതില്‍ മിക്കതും ചെയ്തവര്‍ അന്യരല്ലായെന്നും ജന്മം നല്‍കിയ മാതാപിതാക്കളാണെന്നതും ഏറെ ഞെട്ടലുണ്ടാക്കുന്നു. അതിനു പലപ്പോഴും കാരണമാകുന്നത് മാതാപിതാക്കളുടെ വഴിവിട്ട ബന്ധമോ കുടുംബത്തിലെ സ്വരചേര്‍ച്ചയില്ലായ്മയോ ആണ്. കൗമാരം വിട്ട്, പക്വതയും പാകതയും ഉണ്ടാകുമെന്ന് പൊതുവെ പറയപ്പെടുന്ന പ്രായത്തില്‍ പോലും സ്വകാര്യമായ അവിഹിതത്തിന് മക്കളൊരു തടസ്സമെന്ന് കരുതി അവരെ ഉപേക്ഷിച്ചോ കൊന്നോ  ഇല്ലാതാക്കുന്ന നയമാണ് ഇങ്ങനെയുള്ള മാതാപിതാക്കള്‍ ചെയ്തുപോരുന്നത്. വര്‍ഷത്തിന്റെ തുടക്കത്തിലെന്നപോലെ ഒടുക്കത്തിലും ഇത്തരം വാര്‍ത്തകള്‍ നമ്മുടെ പത്രത്താളുകളില്‍ നിറഞ്ഞു.
കഴിഞ്ഞ തലമുറകളിലും കാലങ്ങളിലും ഒരിക്കല്‍ പോലും കേട്ടറിവില്ലാത്ത കാര്യമല്ല ഇതെങ്കിലും ഇപ്പോള്‍ ഇത്തരം ചെയ്തികള്‍ കൂടിക്കൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഇതൊക്കെ വാര്‍ത്തയാകുന്നതു തന്നെ ഈ നീചത്വത്തെ ന്യായീകരിക്കാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും നമുക്കാകാത്തതുകൊണ്ടാണ്. ഈ വാര്‍ത്തകള്‍ നിരന്തരം കണ്ടും വായിച്ചും ഇവ നമുക്ക് സാധാരണ സംഭവങ്ങളായി മാറുകയാണ്. പക്ഷെ, കാലത്തെയും ദേശത്തേയും പഴിച്ചിരുന്നിട്ട് കാര്യമില്ല. കാരണങ്ങളുടെ അടിവേര് കണ്ടെത്തി പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് അഭികാമ്യം. കാരണങ്ങള്‍ ചെന്നെത്തുന്നത് നമ്മുടെ കുടുംബ സദാചാര സങ്കല്‍പത്തിലും പ്രശ്ങ്ങളെ സമീപിക്കുന്നേടത്തും വന്ന പാളിച്ചകളിലാണെന്നുകാണാം. മക്കളെ പരിപാലിച്ചും ലാളിച്ചും പരസ്പരം സ്‌നേഹിച്ചും അറിഞ്ഞും ആശ്രയിച്ചും ജീവിക്കേണ്ടവര്‍ക്കിടയില്‍ ആരോഗ്യകരമല്ലാത്ത അവിഹിത ബന്ധങ്ങള്‍ മേല്‍ക്കൈ നേടുകയും കുടുംബം താറുമാറാവുകയും ചെയ്യുന്നു. ഇണയില്‍ ഏതെങ്കിലുമൊരാള്‍ക്ക് മറ്റൊരാളില്‍ നിന്നും സ്വതന്ത്രരാകുന്നതിനുള്ള തടസ്സം മക്കളായി വരുമ്പോഴാണ് അവരെ നശിപ്പിക്കാനുള്ള ത്വര വരുന്നത്.  മൊബൈല്‍ ഫോണ്‍ എന്ന ഉപകരണത്തെ ശപിച്ചതുകൊണ്ടോ സദാചാരത്തിന്റെ പാഠങ്ങള്‍ ഏതെങ്കിലുമൊരു വശത്തേക്കു മാത്രം പഠിപ്പിച്ചതുകൊണ്ടോ ആയില്ല. സമൂഹത്തിന്റെ പൊതു ഇടങ്ങളില്‍ പങ്കാളിത്തം വഹിക്കേണ്ടവരാണ് സ്ത്രീ പുരുഷന്മാര്‍.  ആ ഇടപെടലുകളില്‍ പൈശാചികതയിലേക്ക് നയിക്കുന്നതരത്തിലുളള ചിന്തകള്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ പരസ്പരം പാലിക്കേണ്ട സദാചാര മര്യാദകള്‍ പാലിച്ചേ പറ്റൂ. പൈശാചികതയിലേക്ക് നയിക്കുന്ന എല്ലാ നോട്ടങ്ങളില്‍ നിന്നും കണ്ണുകളെ തിരിച്ചുവിടാനുള്ള പാഠങ്ങളാണ് നമ്മുടെ ആണിനും പെണ്ണിനും പകര്‍ന്നുനല്‍കേണ്ടത്. അത്തരമൊരു തിരിച്ചറിവിന്റെ നാളുകളായിരിക്കട്ടെ ഇനി നമുക്കുമുമ്പില്‍ തുറക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top