കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍

നൂറുദ്ദീന്‍ ചേന്നര / ചരിത്രം കഥ പറയുന്നു No image

            പുതിയ തടവുമുറിയിലേക്ക് സൈനബുല്‍ ഗസ്സാലി കടന്നയുടനെ ഇടുങ്ങിയ വാതില്‍ അവര്‍ക്കു  പിന്നില്‍ ഞരക്കത്തോടെ അടഞ്ഞു. ഓരോ പീഡനമുറക്കു ശേഷവും ഇപ്പോള്‍ മരിക്കും എന്ന അവസ്ഥയില്‍ ജയിലിലെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കേണ്ടി വന്നതാണ് ഈ ധീരവനിതയെ. ഇപ്പോള്‍ ഇതാ ഈ ഇരുട്ടുനിറഞ്ഞ ഇടുങ്ങിയ സെല്ലിലെത്തിയിരിക്കുന്നു.
പതിനെട്ടാം വയസ്സില്‍ സ്ത്രീകള്‍ക്കുവേണ്ടി സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ച മഹതിയാണ് സൈനബുല്‍ ഗസ്സാലി. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന ഇസ്‌ലാമികപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ദീര്‍ഘകാലം അബ്ദുന്നാസിര്‍ ഭരണകൂടത്തിന്റെ തടവറയില്‍ കഴിയേണ്ടിവന്ന ധീരവനിത.
1965 ആഗസ്റ്റ് 20-ന് വെള്ളിയാഴ്ചയാണ് സൈനബുല്‍ ഗസ്സാലിയെ ഈജിപ്ത് പോലീസ് അറസ്റ്റ്‌ചെയ്ത് ജയിലിലിടുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ജമാല്‍ അബ്ദുന്നാസിറിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സൈനബുല്‍ ഗസ്സാലിയെ അറസ്റ്റ് ചെയ്യുന്നതിനായി കെട്ടിച്ചമച്ച ഒരു കുറ്റം മാത്രമായിരുന്നു അത്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്നതായിരുന്നു സൈനബുല്‍ ഗസ്സാലി ചെയ്ത കുറ്റം. ആറു വര്‍ഷം അവര്‍ ജയിലില്‍ പാര്‍ക്കേണ്ടി വന്നു. ജയില്‍ എന്നു പറയുന്നതിനേക്കാള്‍ നരകം എന്നു പറയുന്നതാണ് ശരി. അതിക്രൂരമായ പീഡനങ്ങളും മര്‍ദ്ദനങ്ങളുമാണ് അവര്‍ക്ക് അവിടെ അനുഭവിക്കേണ്ടിവന്നത്.
ഈജിപ്തിലെ ഇസ്്‌ലാമികപ്രവര്‍ത്തകര്‍ കുപ്രസിദ്ധമായ ഈജിപ്ത്യന്‍ തടവറകളില്‍ അനുഭവിക്കേണ്ടിവന്ന വേദനാജനകമായ പീഡനമുറകള്‍!
ആ ധീരവനിത ചുറ്റും നോക്കി. പീഡനങ്ങളുടെ കാലിഗ്രാഫികള്‍ തീര്‍ത്ത ചുമരുകള്‍. ദുസ്സഹമായ ഗന്ധം. വെളിച്ചം കടന്നുവരാന്‍ വാതിലിനു മുകളിലെ ചെറിയൊരു ദ്വാരം മാത്രം. ഇരുട്ട് തളംകെട്ടി നില്‍ക്കുന്നു. ഈജിപ്തിന്റെ രാഷ്ട്രീയം പോലെത്തന്നെ പേടിപ്പിക്കുന്ന ഇരുട്ട്.
ഇവിടെ മറ്റാരോ കഠിന പീഡനങ്ങളനുഭവിച്ച് കഴിയുന്നുണ്ടെന്ന കാര്യം തീര്‍ച്ച. മുറിയുടെ മൂലയില്‍ കിടക്കുന്ന ആ ചെറിയ ഹാന്‍ഡ്ബാഗും മണ്ണുപുരണ്ട് ഉപേക്ഷിക്കപ്പെട്ട ഈ ഉണക്കറൊട്ടിയും ഒരു സ്ത്രീ കൂടി ഈ സെല്ലിലെ തടവുകാരിയാണെന്നതിന്റെ തെളിവായെടുക്കാമെന്നു തോന്നുന്നു. ഒരു പക്ഷേ, അവളെയിപ്പോള്‍ ക്രൂരമായ വിചാരണക്കായ ആ ചെകുത്താന്മാര്‍ കൊണ്ടു പോയതായിരിക്കാം. ആരായാലും ഇസ്‌ലാമിനുവേണ്ടി പ്രവര്‍ത്തിച്ചതിന്, ഭൂമിയില്‍ അല്ലാഹുവിന്റെ നാമം ഉയര്‍ത്തുന്നതിന് കഠിന പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്ന ഒരു മുസ്്‌ലിംവനിത തന്റെ കൂടെയുണ്ടാവുമല്ലോ എന്നു സമാധാനിക്കാം. ഇതുവരെയുള്ള ഏകാന്തതടവിന് ഇനി ഒരല്‍പം ആശ്വാസമായേക്കും. ഒരു പക്ഷേ, ആ വനിതക്ക് ഞാനും അങ്ങനെത്തന്നെയാകും.
അധികം വൈകാതെ ആ കനത്ത നിശ്ശബ്ദതയിലേക്ക് ജയില്‍ പരിചാരകരുടെ ബൂട്‌സിന്റെ ശബ്ദം കേട്ടുതുടങ്ങി. ആ ഇരുട്ടുമുറിയുടെ വാതില്‍ തുറന്ന് കിങ്കരന്മാര്‍ക്കൊപ്പം അവള്‍ വന്നു. അകത്തേക്ക് നടന്നടുക്കുന്ന ആ മെലിഞ്ഞ പെണ്‍കുട്ടിയെത്തന്നെ നോക്കിയിരിക്കുകയാണ് സൈനബുല്‍ ഗസ്സാലി അല്‍ ജുബൈലി. പീഡനംകൊണ്ട് നുറുങ്ങിയ തന്റെ ശരീരം ഒരിക്കല്‍ കൂടി പീഡിപ്പിക്കപ്പെട്ടതിനു തുല്യമായിരുന്നു സൈനബുല്‍ ഗസ്സാലിക്ക് ആ കാഴ്്ച.
ഹമീദാ ഖുതുബ്. അതാവണവളുടെ പേര്. ഈജിപഷ്യന്‍ ചിന്തകനായ സയ്യിദ് ഖുതുബിന്റെയും മുഹമ്മദ് ഖുതുബിന്റെയും ഇളയ സഹോദരി. സയ്യിദ് ഖുതുബ് ഒരിക്കല്‍ അവളെപ്പറ്റി പറഞ്ഞിട്ടുണ്ട്:''കളങ്കമറിയാത്ത കൊച്ചുകുട്ടിതന്നെയാണിപ്പോഴുമവള്‍. പേടിയാണവളുടെ സ്ഥായീഭാവം. പേടിച്ചരണ്ട മാന്‍കിടാവിനെപ്പോലെയാണവള്‍. ജീവിതത്തെ അവള്‍ അതിരറ്റു സ്‌നേഹിക്കുന്നു. അത്രതന്നെ അതിനെ പേടിയുമാണവള്‍ക്ക്.''
ആ പെണ്‍കുട്ടിയാണിപ്പോള്‍ തന്റെ മുന്നില്‍. കൊലുന്നനെയുള്ള ആ സുന്ദരശരീരം എവിടെ? പീഡനങ്ങള്‍കൊണ്ട് എല്ലും തോലുമായ ഈ പേക്കോലം എവിടെ? താന്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍ ഓരോന്നോരോന്നായി ആ മഹതിയുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. അതുപോലെ എന്തെല്ലാം പീഡനങ്ങള്‍ ഈ പാവം പെണ്‍കുട്ടിയും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. ഈജിപ്തിലെ ക്രൂരരായ ഭരണകൂടത്തിനും അവരുടെ കിങ്കരന്മാര്‍ക്കും മുമ്പില്‍ പതറാത്ത സൈനബ് എന്ന മഹതിയുടെ ഉള്ള് ഒരല്‍പനേരത്തേക്ക് പിടഞ്ഞുവോ?
പുറത്തെ വെളിച്ചത്തില്‍നിന്ന് അകത്തെ ഇരുട്ടിലേക്ക് കടന്നുവന്ന ഹമീദ സൈനബുല്‍ ഗസ്സാലിയെ കണ്ടില്ല. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ഹമീദ വിരപ്പിനടുത്തെത്തി. മണല്‍തിട്ട വെള്ളത്തിലേക്ക് ഇടിഞ്ഞുപൊളിഞ്ഞ് വീഴുന്ന പോലെ ആ പെണ്‍ തയ്യലാള്‍ വിരിപ്പിലേക്ക് വീണു.
ഇരുട്ടില്‍ അവളുടെ മുഖം തപ്പിത്തടഞ്ഞുകൊണ്ട് സൈനബുല്‍ ഗസ്സാലി ചോദിച്ചു: ''എവിടെയായിരുന്നിത്രനേരം മോളേ? ആ ദുഷ്ടന്മാര്‍ നിന്നെ വല്ലതും ചെയ്‌തോ?''  
അതൊരു ചോദ്യമായിരുന്നില്ല. ആശ്വസിപ്പിക്കലായിരുന്നു. കാരണം, ആ ചോദ്യത്തിന് ഈ തടവറയില്‍ ഒരൊറ്റ ഉത്തരമല്ലേ ആര്‍ക്കും പറയാനുണ്ടാകൂ. ഭാവനയില്‍പോലും കാണാനാവാത്ത കഠിനമര്‍ദ്ദനങ്ങള്‍ കടന്നെത്താത്ത ഒരു മാംസക്കഷ്ണമെങ്കിലും ഈ തടവറയിലെ ഏതെങ്കിലും തടവുകാരനോ തടവുകാരിക്കോ ഉണ്ടാകുമോ?
എങ്കിലും തന്റെ ചോദ്യം ഹമീദക്ക് നല്‍കുന്ന ആശ്വാസം വലുതായിരിക്കുമെന്ന് സൈനബുല്‍ ഗസ്സാലിക്ക് അറിയാമായിരുന്നു. ചെറുപ്പത്തിലേ ഉമ്മയും ഉപ്പയും മരിച്ചുപോയ പെണ്‍കുട്ടി. അനാഥത്വമറിയാന്‍ ഇടകൊടുക്കാതെ ഉമ്മയുടെയും ഉപ്പയുടെയും ജ്യേഷ്ഠന്റെയും സ്‌നേഹം ഒന്നിച്ചുകൊടുത്ത മൂത്ത സഹോദരനായ സയ്യിദ് ഖുതുബ്. അങ്ങനെ വളര്‍ന്ന ഈ പെണ്‍കുട്ടിക്ക് എന്റെ വാക്കുകള്‍ ഒരു ഉമ്മയുടെ വാക്കായി അനുഭവപ്പെട്ടെങ്കില്‍!
വേനല്‍ച്ചൂടില്‍ പെയ്ത കുളിര്‍മഴപോലെ ഹമീദയുടെ മനസ്സിലേക്ക് ആ വാക്കുകള്‍ പെയ്തിറങ്ങുകയായിരുന്നു. മാതൃസന്നിഭയായ ആ മഹതിയുടെ മാറിലേക്കു വീണ് ഹമീദ പൊട്ടിക്കരഞ്ഞു. സൈനബുല്‍ ഗസ്സാലിയുടെ കണ്ണീര്‍മുത്തുകള്‍ ആ പെണ്‍കുട്ടിയുടെ മുടിയിഴകളില്‍ വീണുപരന്നു.
''മോളേ, ഈ അക്രമികളുടെ കൈയിലല്ല കാര്യങ്ങളൊന്നും. എല്ലാം അല്ലാഹുവിന്റെ കൈയിലാണ്. അവന്‍ മാത്രമാണ് എന്തിനും കഴിയുന്നവന്‍. ഈ പരീക്ഷണങ്ങളെയെല്ലാം സന്തോഷത്തോടെ നേരിടുക. നമ്മുടെ ജീവന്‍ അല്ലാഹുവിന്റേതാണ്. അതവന്‍ ഇഷ്ടമുള്ളപ്പോള്‍  എടുത്തുകൊള്ളട്ടെ. തീരുമാനങ്ങളെല്ലാം അവന് വിട്ടുകൊടുക്കുക.''
ഹമീദ ഉമ്മയുടേതെന്നപോലെ ആ വാക്കുകള്‍ക്ക് ചെവികൊടുത്തു.
അതിനിടയിലെപ്പോഴോ സൈനബുല്‍ ഗസ്സാലി ഉറക്കത്തിലേക്ക് തെന്നിവീണു. ''ദൈവമാര്‍ഗത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട സഹയാത്രികേ സുഖമായുറങ്ങുക. ഈ ഇരുട്ടറയുടെ ഏകാന്തവാസത്തിനിടയില്‍ ഞങ്ങളെ ഒരുമിച്ചുകൂട്ടിയതിന് സ്‌നേഹക്കടലായ രക്ഷിതാവേ നിനക്ക് നന്ദി.'' ഹമീദ അല്ലാഹുവിനെ സ്തുതിച്ചു.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top