തലമുറകള്‍ തീര്‍ത്ത ദുര്‍വൃത്തികള്‍

എ.യു റഹീമ No image

                 ഒരു മരണവീട് സന്ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ അഞ്ചാറ് പെണ്ണുങ്ങള്‍ ഒലവക്കോടുള്ള ഒരു ഉള്‍വഴിയിലൂടെ നടക്കുകയായിരുന്നു. അതിലൊരാള്‍ എന്നോട് പറഞ്ഞു: ''ടീച്ചര്‍ കാണേണ്ട ഒരാള്‍ അവിടെ അടുത്തൊരു വീട്ടില്‍ കിടപ്പുണ്ട്. നമുക്കവിടെ കയറിപ്പോകാം.'' ഞങ്ങള്‍ ഒരു ലൈന്‍ വീടിന്റെ മുറ്റത്തെത്തി. മൂന്ന് കുടുംബങ്ങള്‍ താമസിക്കുന്ന, പോര്‍ഷനായിത്തിരിച്ച ആ വീടിന്റെ തുറന്നുകിടക്കുന്ന വാതിലിലൂടെ ഞാന്‍ അകത്തേക്ക് നോക്കി. ''ടീച്ചര്‍ അവിടെയല്ല, ഇവിടെയാണ്...!'' മുറ്റത്തുനിന്നും ഓപ്പണ്‍ ടെറസ്സിലേക്കുള്ള കോണിയുടെ ചുവട്ടില്‍ ചാക്കുകൊണ്ടും ഫ്‌ളക്‌സ്‌കൊ ണ്ടും മറച്ച ഒരു മറപ്പുര കാണിച്ചിട്ട് അവര്‍ പറഞ്ഞു. സാരികൊണ്ട് മറച്ച വാതില്‍പ്പഴുതിലൂടെ ഞാന്‍ നോക്കി. ഒരു ഇരുപത്തിയഞ്ചുകാരി വിളറി വെളുത്ത് മെലിഞ്ഞുണങ്ങിക്കിടക്കുന്നു. അടുത്ത് ഒരു സ്റ്റൂളില്‍ അവളുടെ ഉമ്മയിരിക്കുന്നു. രണ്ടു പേരും കീറിയതും മുഷിഞ്ഞതുമായ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മുറ്റത്തുനിന്നും ഒരു മുപ്പത്തഞ്ചുകാരി ഞങ്ങളുടെ അടുത്തേക്കുവന്നു. തലമുടി ഓരോന്ന് നരച്ചിരിക്കുന്നു. കുറച്ചുകഴിഞ്ഞ് നാല്‍പതു വയസ്സുള്ള, മുഖപ്രസാദമുള്ള ഒരാള്‍ പുറത്തുനിന്നും വന്നു. തല മുക്കാല്‍ ഭാഗവും നരച്ചിരിക്കുന്നു. നാലാളുകളിലും അകാലനര ബാധിച്ചിട്ടുണ്ട്. ആ ഉമ്മയെ ഞാനൊന്നുകൂടി നോക്കി. ഒരു ബാബിലോണിയന്‍ സുന്ദരിയെപ്പോലെ ഇപ്പോഴും ആഢ്യത നിറഞ്ഞ ഭാവം. എങ്കിലും കണ്ണുകളില്‍ ദൈന്യതയും വിഹ്വലതയും ഓളംവെട്ടുന്നു. ''ആരാണിവര്‍?''
പാലക്കാട് പുത്തൂരുള്ള സുബൈദ പറഞ്ഞു: ''ഈ കാണുന്ന ലൈന്‍ വീടിന്റെ ഉടമസ്ഥ ഇവരാണ്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ ഭര്‍ത്താവ് പണയത്തിന് കൊടുത്തതാണ്. പണയത്തുക കൊടുത്ത് കെട്ടിടം വീണ്ടെടുക്കാന്‍ കഴിയാതെ അയാള്‍ മരണപ്പെട്ടു. ഇതു മാത്രമല്ല, പാലക്കാട്ടും പരിസരപ്രദേശങ്ങളിലും വേറെയും വീടുകള്‍ ഇയാള്‍ മരിക്കുന്നതിന് മുമ്പ് ഒക്കെ പണയപ്പെടുത്തിയും വിറ്റും തുലച്ചിരുന്നു. ഇങ്ങനെയുള്ള വീടുകളുടെ ഓരത്ത് ഇവര്‍ ഇതുപോലെ മാറിമാറി താമസിച്ചു വരുന്നു.''
ഞാന്‍ രോഗി കിടക്കുന്നിടത്തേക്ക് കയറിച്ചെന്നു. എന്റെ കൂടെ കയറാന്‍ ശ്രമിച്ചവര്‍ നില്‍ക്കാന്‍ സ്ഥലമില്ലാതെ ഇറങ്ങിപ്പോയി മുറ്റത്ത് നിന്നു! ഒരു സ്റ്റയര്‍കേസിന് ചുറ്റും മറച്ചയിടത്ത് എത്രമാത്രം സ്ഥലം കാണും?
''എന്താണസുഖം?''
''മാനസികമാണ്. മരുന്നു കഴിക്കുന്നുണ്ട്. ഉറക്കമില്ല. ഞങ്ങള്‍ക്കാര്‍ക്കും ഉറക്കമില്ല. എങ്ങനെയുറങ്ങാനാണ്?'' - മകന്‍ പറഞ്ഞു.
ഞാന്‍ ചുറ്റും നോക്കി. ഒരു വളഞ്ഞുതൂങ്ങിയ കയറു കട്ടില്‍. അതില്‍ രോഗി കിടക്കുന്നു. ''നിങ്ങളൊക്കെ രാത്രി എന്തു ചെയ്യും? കിടക്കാന്‍ ഇടമില്ലല്ലോ...! ഞങ്ങളൊക്കെ ഈ സ്റ്റൂളിലും കസേരയിലുമായി ഇരിക്കും. ഉമ്മ കുറച്ചു നേരം ആ കുട്ടിയുടെ അടുത്ത് കിടക്കും. ഞാന്‍ പിന്നെ, പകല്‍ പള്ളിയില്‍ പോയി കുറച്ച് നേരം കിടക്കും.'' ആ മകന്‍ പറഞ്ഞു. അയാള്‍ക്ക് പള്ളി പരിപാലനമാണ് ഇപ്പോള്‍ ജോലി. രണ്ടായിരം രൂപ മാസം കിട്ടും. അതുകൊണ്ട് പുറത്തുനിന്നും കിട്ടുന്ന ഭക്ഷണം വാങ്ങി ഉമ്മക്കും രണ്ടനിയത്തിമാര്‍ക്കും കൊടുക്കും. പാകംചെയ്യാന്‍ അടുപ്പുകൂട്ടാന്‍ വയ്യല്ലോ ആ മറപ്പുരയില്‍...!
സുബൈദ പറഞ്ഞു: ''എങ്ങനെ കഴിഞ്ഞവരാണ്? ഈ നാട്ടില്‍ ഇതുപോലെ സമ്പന്നരില്ല! ഈ ഉമ്മയുടെ ഭര്‍ത്താവിന്റെ ഉമ്മക്ക് നൂറു പവനും കാറും സ്ത്രീധനമായി കിട്ടിയിട്ടുണ്ട്. ഈ ഉമ്മ അതിലേറെ പൊന്നും പണവും കാറും വീടും ഒക്കെ സ്ത്രീധനമായി കൊണ്ടുവന്നു കയറിയവരാണ്...'' കൂടെയുള്ള റയിത്തയും അവരുടെ ചരിത്രം പറഞ്ഞു തന്നു.
''പിന്നെ എങ്ങനെ ഇങ്ങനെയായി?''
ആ മകന്‍ അതിനുത്തരം നല്‍കി: ''എന്റെ ബാപ്പയും ബാപ്പയുടെ ബാപ്പയും ചെയ്തുകൂട്ടിയ അക്രമത്തിന്റെ ഫലമായാണിങ്ങനെ വന്നത്. കഷ്ടപ്പെട്ടവന്റെ മുതല്‍ ചുളു വിലക്ക് വാങ്ങിയെടുത്ത് സമ്പാദിച്ചുകൂട്ടിയ ബാപ്പയുടെ ബാപ്പ പലിശ കൊടുത്തും സമ്പാദിച്ചുകൂട്ടി. ഈ ഒലവക്കോടും പാലക്കാടും നിറയെ സ്വത്തുക്കളുണ്ടായിരുന്നത്രെ. എന്റെ ബാപ്പ ഒരുപടികൂടി കടന്നാണ് പ്രവര്‍ത്തിച്ചത്. മേല്‍പ്പറഞ്ഞതിനു പുറമെ മദ്യപാനവും ചൂതുകളിയും പലിശയും, എല്ലാം കൂടി അന്ധമായി ജീവിച്ചു. ഞങ്ങളുടെ സുരക്ഷിതത്വമോ വിദ്യാഭ്യാസമോ ഒന്നും നോക്കിയില്ല. എല്ലാ കൈകാര്യവും ബാപ്പയുടെ കൈയിലായിരുന്നു. എന്റെ ചെറുപ്പത്തില്‍ എനിക്കൊന്നിനും സ്വാതന്ത്ര്യമില്ലായിരുന്നു. ഇപ്പോള്‍ എനിക്കു നാല്‍പതും മൂത്തവള്‍ക്ക് മുപ്പത്തഞ്ചും ഇളയവള്‍ക്ക് ഇരുപത്തഞ്ചും പ്രായമായി. എല്ലാവരും അവിവാഹിതരാണ്. ചെറിയവള്‍ക്കാണ് മാനസിക വിഭ്രാന്തി തുടങ്ങിയത്. ഇപ്പോള്‍ മൂത്തവള്‍ക്കും ഉമ്മാക്കും ചെറിയതോതിലുണ്ട്.''
''എവിടെ താമസിച്ചാലും ഉമ്മാക്ക് മാനക്കേടാണ്...'' എന്തോ ഓര്‍ത്തുനിന്നിട്ടയാള്‍ തുടര്‍ന്നു. ''അവിടെ നിന്നു പോരാന്‍ ഉമ്മ ധൃതി കൂട്ടും. വാടകക്ക് സൗകര്യമുള്ള വീട് എടുക്കാന്‍ എന്നോട് പറയും. ഞാന്‍ എന്തുചെയ്യാനാണ്. ഇവരെയൊക്കെ വിട്ട് ഞാന്‍ ജോലിതേടി എവിടെ പോകാനാണ്...!''
വാടകക്ക് വീട് എന്ന് കേട്ടമാത്രയില്‍ ഉമ്മ ഞങ്ങളോട് പറഞ്ഞുതുടങ്ങി: ''വേറെ ഒരു വീട് വാടകക്ക് എടുത്തു താ, വേറെ ഒരു വീട്ടില്‍ പോയാമതി...!'' ഇങ്ങനെ പിറുപിറുത്തു കൊണ്ടേയിരുന്നു! പാവം! പത്തിരുനൂറു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മാറിമാറിയണിഞ്ഞ്, പരിചാരകരുടെ നടുക്ക് അവരുടെ സേവനങ്ങള്‍ അനുഭവിച്ച് ജീവിച്ചിരുന്ന ഒരു യുവതിയെ ഞാന്‍ ഓര്‍ത്തുനോക്കി. അവര്‍ ജീവിതത്തില്‍ ഇന്നുവരെ ഭക്ഷണം പാകംചെയ്തിട്ടില്ലത്രെ! ഉള്ളകാലത്ത് പരിചാരകരുണ്ടായിരുന്നല്ലോ. ഇല്ലാതായപ്പോള്‍ ഭക്ഷണം പാകംചെയ്യുന്ന ഒരടുക്കള പോലും ഇല്ലാതായിപ്പോയി! കുമാരനാശാന്റെ വരികളോര്‍ത്തു ഞാന്‍.
''ഹാ! പുഷ്പമേ, അധികതുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാജ്ഞികണക്കെ നീ!
ശ്രീ ഭൂവിലസ്ഥിരമസംശയമിന്നു നിന്റെ
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍.''
ഈ പതനത്തിനുത്തരവാദി ആരാണ്? വെറുമൊരു പെണ്ണായിപ്പോയി അവര്‍. പെണ്ണെന്നാല്‍ പിതാവിന്റെയും പിന്നെ ഭര്‍ത്താവിന്റെയും ഒടുവില്‍ മകന്റെയും സംരക്ഷണത്തില്‍ ജീവിക്കേണ്ടവളാണെങ്കിലും ഇവരാരും സംരക്ഷിച്ചില്ലെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തം ജീവിതവും തന്നെ ആശ്രയിക്കുന്നവരുടെ ജീവിതവും കെട്ടിപ്പടുക്കേണ്ടതിന് ഈ ജീവിതത്തില്‍ അവസരം കണ്ടെത്തേണ്ടതുണ്ട്. ഏതൊരു വ്യക്തിക്കും എന്തെങ്കിലുമൊരു കഴിവുണ്ടായിരിക്കും. എത്ര സുഖാഢംബരങ്ങളില്‍ കഴിയുന്നവരായാലും സ്വന്തമായ കഴിവുകള്‍ വളര്‍ത്തി പ്രതിഫലാര്‍ഹമാക്കേണ്ടതുണ്ട്. ജീവിതത്തിന്റെ കയറ്റിറക്കങ്ങളില്‍ അത് നമ്മള്‍ക്ക് ഉപകാരപ്പെട്ടേക്കും. ഇല്ലെങ്കില്‍ സ്വന്തമായി സമ്പാദിച്ചത് ദാനം ചെയ്യാനെങ്കിലും സാധിക്കും.
ഈ സഹോദരിക്ക് ജീവിതം ആര്‍ഭാടങ്ങളായിരുന്നു. ധൂര്‍ത്തടിക്കുന്നവനും കുടിയനും പലിശയിടപാടുകാരനും ചൂതുകളിക്കാരനുമായ ഒരു ഭര്‍ത്താവാണെന്നു കണ്ടാല്‍, അത് തിരുത്താന്‍ വേണ്ട പരിശ്രമം വിജയിച്ചില്ലെങ്കില്‍, പിന്നെയെന്തിനിവര്‍ കുറെ ജീവിതങ്ങളെക്കൂടി നരകിപ്പിക്കാന്‍ അയാളോടൊപ്പം നിന്നു? വിശാലമായ ഒരു മതത്തില്‍ ജീവിതവിജയത്തിന് എന്തെന്തു സന്ദര്‍ഭങ്ങളുണ്ടായിരുന്നു! ഇവരുടെ ബന്ധുക്കളെ എന്തുകൊണ്ട് ഇടപെടുത്തിയില്ല?
ഈ വക ചോദ്യങ്ങള്‍ ചോദിച്ചിറങ്ങിപ്പോരുന്ന വരല്ലായിരുന്നു, അന്ന് ചെന്നുകയറിയവരായ ഞങ്ങളുടെ സംഘം. ഒരു സന്നദ്ധസംഘടനയെ ഇടപെടുത്തി തല്‍കാലം ആ ലൈന്‍ വീടിന്റെ പണയം തീര്‍ത്ത് അവരെ ആ വീട്ടില്‍ കയറ്റി പാര്‍പ്പിച്ചു! ഞങ്ങളുടെ കൂട്ടത്തിലുള്ള, ഐ.ടി.ഐയില്‍ ഉന്നത ഉദ്യോഗസ്ഥയായ റംല ടീച്ചറുടെ ശ്രമഫലമായിരുന്നു അത്.
പിന്നീട് ഒരു ദിവസം ഞാനും മറ്റൊരു സഹോദരിയും കൂടി അവിടെ പോയി. അപ്പോള്‍ അവിടെ കണ്ട കാഴ്ച എന്നെ സ്തബ്ധയാക്കി! അവര്‍ വീണ്ടും ആ മറപ്പുരയില്‍ തന്നെ താമസം തുടങ്ങിയിരിക്കുന്നു! കാരണം, മാറ്റിപ്പാര്‍പ്പിച്ച ആ വീട്ടില്‍ ഏതോ 'ബാധ'യുടെ ഉപദ്രവമുണ്ടത്രെ! താളം തെറ്റിപ്പോയ മനസ്സുകളുടെ വിഭ്രാന്തിയെന്നല്ലാതെന്തു പറയാന്‍!
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top