നീതി തേടുന്ന യഹ്‌യയുടെ കുടുംബം

അന്‍വര്‍ ചെറുവാടി No image

                ഡിസംബര്‍ പത്ത് ലോക മനുഷ്യാവകാശ ദിനം. മനുഷ്യാവകാശ ലംഘനത്തിനെതിരായവര്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സന്ദര്‍ഭം. ഓരോ മനുഷ്യനും ജനിക്കുന്നത് സ്വതന്ത്രനായാണ്. നിര്‍ഭയത്തോടെ ജീവിക്കാനുള്ള അവകാശം ഏതൊരു രാഷ്ട്രത്തിലെയും ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. ഒരു വ്യക്തിയുടെ ന്യായമായ ജീവിതം നയിക്കാനുള്ള അവകാശത്തിന് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഗ്രൂപ്പുകളോ വിഘാതമായി നില്‍ക്കുന്നുവെങ്കില്‍, ഇരകളോടൊപ്പം നിന്ന് അവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഭരണകൂടമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഭരണകൂടം തന്നെ അറിഞ്ഞോ അറിയാതെയോ വേട്ടക്കാരനാവുകയോ വേട്ടക്കാരുടെ ഓരം ചേര്‍ന്ന് നില്‍ക്കുന്നതോ ആയ ദയനീയ കാഴ്ചകള്‍ക്കും നാം സാക്ഷിയാവുന്നു. അത്തരമൊരു നേര്‍സാക്ഷ്യത്തിന്റെ കഥകളാണ് യഹ്‌യയുടെ കുടുംബത്തിനു പറയാനുള്ളത്.
കോഴിക്കോട് ജില്ലയിലെ മുക്കം ഗോതമ്പ് റോഡ് ദേശത്തെ ഫാത്തിഹ് അബ്ദുല്‍ ഫത്താഹ്-പന്ത്രണ്ട് വയസ്സ്, മുഇസ്സത്തുല്‍ ഇസ്‌ലാം-പത്ത്, മുസഫറുല്‍ ഇസ്‌ലാം-അഞ്ച്, ലബൂഅ്-അഞ്ച് എന്നീ പിഞ്ചു പൈതങ്ങളും അവരുടെ ഉമ്മ ഫരീദയും അഞ്ചുവര്‍ഷം മുമ്പ് അവരുടെ കണ്‍മുമ്പില്‍നിന്ന് കാക്കിധാരികള്‍ പിടിച്ചുകൊണ്ടുപോയ പ്രിയ കുടുംബനാഥന്റെ മോചനം കാത്ത് ദിവസങ്ങളെണ്ണുകയാണ്. ഗോതമ്പ്‌റോഡ് നീരോലിപ്പില്‍ വീരാന്‍കുട്ടിയുടെയും ഖദീജയുടെയും മകന്‍ കമ്മുക്കുട്ടി എന്ന യഹ്‌യയെ 2008 ഫെബ്രുവരി 18-ന് രാത്രി ഏകദേശം പത്ത് മണിക്കാണ് അവര്‍ താമസിച്ചിരുന്ന ബാംഗ്ലൂരിലെ ഫ്‌ളാറ്റില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത്. 1995-ല്‍ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബി.ടെക്കില്‍ (ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്) ഉയര്‍ന്ന മാര്‍ക്കോടെ പാസായ ശേഷം കാമ്പസ് ഇന്റര്‍വ്യൂവില്‍ ബാംഗ്ലൂരിലെ ടാറ്റാ ഇന്‍ഫോടെക്കില്‍ ജോലി ലഭിച്ചു. തുടര്‍ന്ന് ബാംഗ്ലൂരിലെ അമേരിക്കന്‍ കമ്പനിയായ വിപ്രോ ജനറല്‍ ഇലക്ട്രിക്കല്‍ സിസ്റ്റത്തില്‍ സീനിയര്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്ത ശേഷം സ്വന്തമായി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി തുടങ്ങാനുള്ള ശ്രമം ആരംഭിച്ച സമയത്തായിരുന്നു അറസ്റ്റ്. ഹുബ്ലിയില്‍ ഒരു മുസ്‌ലിം കൂട്ടായ്മ നടത്തിയ ഇഫ്ത്വാറില്‍ പ്രസംഗിച്ചു എന്നതും നിരോധിത സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചു എന്നതുമാണ് യഹ്‌യയുടെ മേല്‍ ചുമത്തിയിരുന്ന കുറ്റം.
''2008 ഫെബ്രുവരി 17-ന് ഗോതമ്പ് റോഡിലുള്ള യഹ്‌യയുടെ വീടിന്റെ മെയിന്‍ വാര്‍പ്പ് കഴിഞ്ഞ് ഗര്‍ഭിണിയായ ഭാര്യയും മൂന്ന് കുട്ടികളുമൊത്താണ് ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്.  പിറ്റേന്ന് രാത്രി ഫ്‌ളാറ്റില്‍ കുടുംബസമേതം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നാലു പോലീസുകാര്‍ വരികയും ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഞങ്ങളോടൊപ്പം വരണമെന്നും ഇരുപതു മിനിറ്റിനുള്ളില്‍ തിരിച്ചെത്തിക്കാമെന്നും പറഞ്ഞു. അവര്‍ ഐ.ബി ഉദ്യോഗസ്ഥരാണെന്ന രേഖ കാണിക്കുകയും ചെയ്തു. പിന്നീട് രാത്രി വളരെ വൈകിയിട്ടും തിരിച്ചു വന്നില്ല. തുടര്‍ന്ന് ഞാനും ഫരീദയും അവരുടെ സഹോദരനും യഹ്‌യയെ തേടി പരിചയമില്ലാത്ത ബാംഗ്ലൂര്‍ സിറ്റിയിലൂടെ അലഞ്ഞു തിരിഞ്ഞു. നാല് ദിവസത്തിന് ശേഷം അന്വേഷണം അവസാനിപ്പിച്ച് ഒരു കേസ് ഫയല്‍ ചെയ്യുവാന്‍ വക്കീലിനെ ഏര്‍പ്പെടുത്തി. തുടര്‍ന്ന് കുട്ടികളെയുംകൊണ്ട് നാട്ടിലേക്ക് മടങ്ങുവാന്‍ ബസ്റ്റാന്റില്‍ നില്‍ക്കുമ്പോഴാണ് ചാനലുകളില്‍ മകനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടത്'' നടുക്കുന്ന ഓര്‍മകളോടെ പിതാവ് വീരാന്‍കുട്ടി പറഞ്ഞു.
ചാനലുകളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 22-ന് ഫരീദയും സഹോദരനും വീരാന്‍കുട്ടിയുടെ ഫ്‌ളാറ്റിലേക്ക് മടങ്ങിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്. യഹ്‌യയുടെ കുടുംബം താമസിച്ചിരുന്ന ഫ്‌ളാറ്റ് മാധ്യമപ്രവര്‍ത്തകരുടെ ലൈവ് റിപ്പോര്‍ട്ടോടെ പോലീസ് തുറന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരിശോധന നടത്തുന്നത് കണ്ടതോടെ തല്‍ക്കാലം ഫ്‌ളാറ്റിലേക്ക് പോവാതെ അവര്‍ മാറിനിന്നു.
നാല് മലയാളികളടക്കം പതിനാറ് ആളുകളെയാണ് പ്രസ്തുത കേസില്‍ ഇതുവരെ അറസ്റ്റു ചെയ്തത്. ഈരാറ്റുപേട്ട സ്വദേശി ശിബിലി, സഹോദരന്‍ ശാദുലി, ആലുവയിലെ അന്‍സാര്‍ നദ്‌വി, യഹ്‌യ എന്നിവരാണ് ഈ മലയാളികള്‍. മറ്റു ഭീകര കേസുകളെപ്പോലെ ഈ കേസും ഏറ്റെടുക്കുവാന്‍ അഭിഭാഷകര്‍ തയ്യാറായിരുന്നില്ല. പിന്നീട് സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി നല്‍കിയെങ്കിലും ഫലമില്ലാതായപ്പോള്‍ ഹൈകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ നല്‍കി. കോടതി പരിഗണിക്കുമ്പോഴൊക്കെ പ്രാദേശിക മാധ്യമങ്ങളില്‍ 'എക്‌സ്‌ക്ലൂസീവു'കളും അന്വേഷണ റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെട്ടു. ഇത് ഉയര്‍ത്തിക്കാട്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ഈ കേസില്‍ പെട്ട ഒരാള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും പ്രസ്തുത ആനുകൂല്യം യഹ്‌യക്ക് നിഷേധിച്ചു.
196 സാക്ഷികളാണ് കേസിലുള്ളത്. തുടക്കത്തില്‍ സാക്ഷിവിസ്താരം വളരെ സാവധാനത്തിലായിരുന്നു. അതിനെതിരെ വക്കീല്‍ അപ്പീല്‍ നല്‍കിയപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ എന്ന തോതില്‍ സാക്ഷിവിസ്താരം നടന്നു. എന്നാല്‍ പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രോസിക്യൂട്ടര്‍ സാക്ഷിവിസ്താരം നിരവധി തവണ മാറ്റിവെച്ചു. കേസിലെ യഹ്‌യ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ധാര്‍വാഡ് ജയിലിലും മറ്റുള്ളവര്‍ ഗുജറാത്ത് ജയിലിലുമാണുള്ളത്. കേസ് പരിഗണിക്കുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതികളെ വിസ്തരിക്കുന്നത്. എന്നാല്‍ പല സമയങ്ങളിലും സാങ്കേതിക തകരാര്‍ കാരണങ്ങളായും ധാര്‍വാഡ് ജയില്‍ ചുമതലയുള്ള പ്രോസിക്യൂട്ടര്‍ നിലവിലില്ലാത്തതിനാലും കേസ് അനന്തമായി നീളുകയാണ്. മൊത്തം 196 സാക്ഷികളില്‍ ഇതുവരെ 165 പേരെ വിസ്തരിച്ചു. പക്ഷേ, 2013-ല്‍ ആകെ അഞ്ച് സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഫയല്‍ സ്വീകരിച്ചെങ്കിലും 2013 ഒക്ടോബറില്‍ ജാമ്യം നിഷേധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചു. യഹ്‌യ ആദ്യം ബല്‍ഗാം ജയിലിലായിരുന്നു. മനുഷ്യത്വരഹിതവും മതവിരുദ്ധവുമായ പ്രതികരണങ്ങളായിരുന്നു ജയിലധികൃതരില്‍ നിന്ന് യഹ്‌യക്ക് അനുഭവിക്കേണ്ടിവന്നത്. ഖുര്‍ആന്‍ ഓതുമ്പോള്‍ തട്ടിത്തെറിപ്പിക്കുക, നമസ്‌കരിക്കുന്നിടത്ത് വൃത്തിഹീനമാക്കുക തുടങ്ങിയ അന്ധമായ മതനിന്ദാ പ്രതികരണങ്ങള്‍ അതിരുവിട്ടപ്പോള്‍ യഹ്‌യയുടെ അപ്പീല്‍ പരിഗണിച്ച് ഗുല്‍ബര്‍ഗ് ജയിലിലേക്ക് മാറ്റി. ഇപ്പോള്‍ ധാര്‍വാര്‍ഡ് ജയിലിലെ ഇരുമ്പഴിക്കുള്ളില്‍ ദൈവത്തില്‍ എല്ലാം ഭരമേല്‍പ്പിച്ച് നീതിയുടെ വെളിച്ചം പ്രതീക്ഷിച്ച്, ആറ് മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കുന്ന പറക്കമുറ്റാത്ത സ്‌നേഹനിധികളായ കുട്ടികളുമായുള്ള ഒരു മണിക്കൂര്‍ സമയം മാത്രമുള്ള സമ്പര്‍ക്കത്തിന്റെ ഓര്‍മകള്‍ താലോലിച്ച് ജീവിക്കുന്നു.
അറസ്റ്റ്‌ചെയ്ത് അഞ്ച് ആണ്ടുകള്‍ പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാനോ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാനോ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. യഹ്‌യ ഒരു പ്രതീകം മാത്രം; യു.എ.പി.എ എന്ന ഭീകരവിരുദ്ധ കരിനിയമത്തിന്റെ ദുരുപയോഗത്തിന് വിധേയമായി അന്യാമായി തടവറയിലാക്കപ്പെട്ട് യൗവന വസന്തം ഇരുട്ടറയില്‍ ഹോമിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരുടെ ഒരു പ്രതിനിധി. ഇനിയും വര്‍ഷങ്ങളെടുത്ത് സാക്ഷിവിസ്താരം പൂര്‍ത്തിയാക്കി ഇവര്‍ നിരപരാധികളായി വിധിച്ച് കോടതി വെറുതെ വിടുമ്പോള്‍, ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലവും സുന്ദരവും പ്രക്ഷുബ്ധവുമായ യൗവന കാലഘട്ടം ആര്‍ക്കാണ് തിരിച്ചുനല്‍കാന്‍ സാധിക്കുക?
''പറക്കമുറ്റാത്ത നാല് മക്കളുടെ ചിരികളികളും തുള്ളിച്ചാടലുകളും കുസൃതികളും കാണുവാന്‍, അവര്‍ക്ക് താങ്ങും തണലുമായി കൂടെ നടക്കുവാനുള്ള അവസരം അഞ്ച് വര്‍ഷക്കാലം എന്റെ പ്രിയതമന് നിഷേധിക്കുവാന്‍ എന്ത് പാതകമാണ് അവര്‍ ചെയ്തത്. രാജ്യത്തിന്റെ നട്ടെല്ലായ യുവാക്കളോട് ഭീകരവിരുദ്ധ പോരാട്ടം എന്ന മേല്‍വിലാസത്തില്‍ ഒരു ന്യൂനപക്ഷ സമുദായത്തിലെ നിരവധി ചെറുപ്പക്കാരെ അന്യായമായി തടവിലിടുന്നതിന് എന്നാണ് അറുതിയുണ്ടാവുക? എന്റെ പ്രിയ ഇക്കക്ക് ജാമ്യം ലഭിക്കുവാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം? ഈ ദുര്‍ഗതി മറ്റൊരു കുടുംബത്തിനും വരാതിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ഥന'' ഇത് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഫരീദയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.   
        

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top