മോഹഭംഗങ്ങളെ അഭിമുഖീകരിക്കുമ്പോള്‍

എന്‍.പി ഹാഫിസ് മുഹമ്മദ് No image

             സുഹൃത്തിന്റെ മകന്‍. കഴിവുകളെമ്പാടുമുള്ള പതിമൂന്നുകാരന്‍, പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചു. വീടിനടുത്തുള്ള പുഴയില്‍വെച്ചാണ് മരണം. പ്രിയപ്പെട്ട മകന്റെ മരണം അയാള്‍ക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു. അയാളുടെ വേദന പങ്കിടാന്‍ ചെന്ന നേരം എന്റെ കൈപിടിച്ചയാള്‍ പറഞ്ഞു: ''വല്ലാതെ മോഹിച്ചു പോയി.''
മകന്‍ വളര്‍ന്ന് വലുതാകുമെന്ന്, കഴിവുകളാല്‍ ആരുടേയും അംഗീകാരം പിടിച്ചുപറ്റുമെന്ന്, അവര്‍ക്ക് വലിയ സന്തോഷം നല്‍കുമെന്ന് അയാള്‍ മോഹിച്ചു. അതൊരു തെറ്റല്ല. അതിലൊട്ടും അസ്വാഭാവികതയില്ലതാനും. ഏതൊരു രക്ഷിതാവും സ്വന്തം മക്കളില്‍നിന്ന് മറ്റൊന്നല്ല ആശിക്കുന്നത്. ആശിക്കേണ്ടത് മറ്റൊന്നല്ല.
നല്ല മക്കളെ പെറ്റ വയറേ തണുക്കൂ! നല്ല മക്കള്‍ തന്നെ ആരുടെയും മോഹം. മോഹം വഴിക്കുവെച്ചുടയുമ്പോള്‍, ജീവിതത്തിലൊരിക്കലുമത് സഫലമവുകയില്ല എന്ന് തിരിച്ചറിയുമ്പോള്‍ അയാള്‍ക്കും താങ്ങാനാവുമായിരുന്നില്ല. മോഹസഫലീകരണം എളുപ്പം അംഗീകരിക്കാനാവുന്നതുമായിരുന്നില്ല. അതിലയാള്‍ കത്തിയെരിയുന്നു. ആഘാതത്തില്‍നിന്ന് മുക്തി നേടാന്‍ സ്വയം ശ്രമിച്ചപ്പോള്‍, മറ്റുള്ളവരുടെ സാന്നിദ്ധ്യവും വാക്കുകളും അതിനായി ഉപയോഗിച്ചപ്പോള്‍, മെല്ലെയാണെങ്കിലും മുക്തിനേടാനുമായി.
മോഹങ്ങള്‍ നമ്മുടെ വളര്‍ച്ചയുടെ ഉര്‍ജസ്രോതസ്സാണ്. മോഹങ്ങളില്‍നിന്നാണ് ഒരാള്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നത്. ലക്ഷ്യങ്ങള്‍ സഫലീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ലക്ഷ്യങ്ങളിലെത്തിച്ചേരുകയും പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ചാലക ശക്തിയാണ് മോഹം; സാധാരണക്കാര്‍ക്ക് പ്രത്യേകിച്ചും.
സ്വപ്നം കാണാനും സ്വപ്നങ്ങളില്‍നിന്ന് ആഗ്രഹങ്ങള്‍ രൂപീകരിക്കാനും ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് ഉചിതമാര്‍ഗങ്ങള്‍ കണ്ടെത്താനും നാം കുട്ടികളോട് പറയുന്നത് മറ്റൊന്നും കൊണ്ടല്ല. അധസ്ഥിതിയില്‍നിന്നും, പരാധീനതയില്‍നിന്നും പിന്നാക്കാവസ്ഥയില്‍നിന്നും മോചനം നേടാനുള്ള പരിഹാരം കൂടിയാണിത്. ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുവാന്‍ അത് വഴിയൊരുക്കുന്നു. അത് മാനസികവും സാമൂഹികവുമായ വളര്‍ച്ചയെയാണ് വെളിപ്പെടുത്തുന്നത്. നമ്മുടെ മോഹസഫലീകരണം മറ്റുള്ളവരുടെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് പ്രതീക്ഷയായിത്തീരുന്നു.
എന്നാല്‍ മോഹം ചിലപ്പോള്‍ ഒരു കെണിയായും സംഭവിക്കുന്നു. മോഹം നിറവേറ്റപ്പെടാതെ പോവുന്നത് അസ്വസ്ഥകരമായ അനുഭവമായും വളര്‍ച്ചക്ക് തടസ്സമായും തീരുന്നു. ചിലര്‍ക്ക് മോഹഭംഗം തീരാത്ത മാനസിക വിഷമങ്ങള്‍ക്ക് കാരണമായിത്തീരുന്നു. അത് ചിലരെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്നു. ജീവിക്കാനുള്ള ആഗ്രഹവും ചിലപ്പോള്‍ മറ്റുള്ളവരിലുള്ള വിശ്വാസവും അത് നഷ്ടപ്പെടുത്തുന്നു.
മോഹങ്ങളുടെ മേല്‍ ഇടിത്തീ വീഴുക അപ്രതീക്ഷിതമായിരിക്കും. എല്ലാം ഞൊടിയിടകൊണ്ട് ചാരമായിത്തീരുന്നു. ഒരാളും അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ച നാളുകളിലാണ് പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നതെങ്കില്‍ മാനസികമായും ശാരീരികമായും ചിലര്‍ തകര്‍ന്നു പോയേക്കും.
കൗണ്‍സലിംഗിന് വന്ന ഒരാളുടെ അനുഭവം ഓര്‍ക്കുന്നു: ഒരു ഗള്‍ഫുകാരന്‍. ഒമ്പത് കൊല്ലക്കാലത്തെ വിവാഹജീവിതത്തില്‍ കുട്ടികളുണ്ടാകാത്തതില്‍ ഏറെ നിരാശനായിരുന്നു അദ്ദേഹം. വര്‍ഷത്തിലൊരിക്കല്‍ അവധിക്ക് വന്നു. ഒന്നോ രണ്ടോ മാസം ഭാര്യയോടൊപ്പം കഴിഞ്ഞ്, മക്കളുണ്ടാവുന്നില്ലെന്നറിഞ്ഞ് വിഷമിച്ചു. അയാള്‍ക്ക് ഗള്‍ഫ് ജോലി മടുത്തു. ജീവിക്കാനുള്ള വകയുള്ളതിനാല്‍ നാട്ടിലേക്ക് തിരിച്ചുവന്നു. ചെറിയൊരു കച്ചവടം കൊണ്ട് അയാള്‍ തൃപ്തനായി. ഭാര്യക്ക് പരാതിയില്ല. പത്താം വര്‍ഷം തീരെ നിനക്കാതെ ഭാര്യ ഗര്‍ഭിണിയായി പ്രസവിച്ചു. ഒരു പെണ്‍കുഞ്ഞ്. മകളെ അയാള്‍ക്ക് ജീവനായിരുന്നു. മകളെ താലോലിച്ചു വളര്‍ത്തി. അയാളും ഭാര്യയും സന്തോഷത്തോടെ കഴിഞ്ഞു.
അവളില്‍ അയാളുടെ മോഹങ്ങള്‍ ഉണര്‍ന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം വിനിയോഗിച്ചു. മകള്‍ക്കൊപ്പം നടത്തം, കിടത്തം. മകളില്ലാതെ ഭക്ഷണം കഴിക്കില്ല. നാലുനേരം ഭക്ഷണം കഴിക്കാനും അയാള്‍ക്കിഷ്ടം അവളോടൊപ്പമായിരുന്നു. അയാള്‍ക്കും ഭാര്യക്കുമിടയില്‍ അവള്‍ കിടന്നു. അയാള്‍ കഥപറഞ്ഞുകൊടുക്കും. രാവിലെ പാട്ടുപാടിയുണര്‍ത്തും. അയാള്‍ എല്ലാം അവളില്‍ കേന്ദ്രീകരിച്ചുകൊണ്ട് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തി. അങ്ങനെയവള്‍ക്ക് പതിനൊന്ന് വയസ്സായി. ആറാംക്ലാസുകാരി. ഒരുനാള്‍ രാവിലെ പാട്ടുപാടിയിട്ടും തട്ടിവിളിച്ചിട്ടും അവളുണര്‍ന്നില്ല. രാത്രിയുറങ്ങുമ്പോള്‍ ഒരു നേര്‍ത്ത പനിപോലും ഉണ്ടായിരുന്നില്ല. ഉറക്കത്തിലെവിടെവെച്ചോ നിത്യസുഷുപ്തിയിലേക്ക് അവള്‍ പോലുമറിയാതെ നീങ്ങിപ്പോയിരുന്നു. രാവിലെ തണുത്ത് മരവിച്ച ഒരു കൈ അയാളെ ചുറ്റിവരിഞ്ഞ് കിടപ്പുണ്ടായിരുന്നു.
അയാള്‍ക്ക് ആ മരണം താങ്ങാനായില്ല. കടുത്ത മാനസികാഘാതത്തില്‍ അയാള്‍ വെന്തു. രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണുതുറന്നാലും അടച്ചാലും അയാളുടെ വിചാരങ്ങളില്‍ മകളുടെ മരവിച്ചുകിടക്കുന്ന കൈ.
അയാളുടെ എല്ലാ മോഹങ്ങളും കുട്ടിയില്‍ കുടിയിരുത്തിയതായിരുന്നു. രണ്ടാമത്തെ ആത്മഹത്യാ ശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടപ്പോഴാണ് ആശുപത്രിയില്‍ നിന്ന് നേരെ കൗണ്‍സലിംഗിനെത്തിയത്. കൗണ്‍സലിംഗിലൂടെ മെല്ലെയാണെങ്കിലും അയാളെ യാഥാര്‍ഥ്യങ്ങളിലേക്ക് കൊണ്ടുവരാനായി. കുടുംബാംഗങ്ങളുടെ ഫലവത്തായ ഇടപെടലുകള്‍ സാധ്യമാക്കി. മോഹഭംഗത്തിന്റെ തീവ്രമായ പൊള്ളല്‍ മാറ്റിയെടുക്കാന്‍ അയാള്‍ക്ക് പ്രൊഫഷണല്‍ സഹായം കൊണ്ട് സാധ്യമായി. അല്‍പം സമയമെടുത്തു എന്നുമാത്രം.
മോഹങ്ങളെ നുള്ളി മാറ്റാനാവില്ല. മോഹങ്ങളില്ലാത്ത ജീവിതം ഏറെ വിരസമായിരിക്കും. നമ്മിലെ മോഹങ്ങളുടെ സ്വഭാവികമായ രൂപീകരണം തടഞ്ഞുനിര്‍ത്താനാവില്ല. മോഹങ്ങള്‍ക്ക് ബോധപൂര്‍വം തീകൊടുത്ത് ചാരമാക്കുന്നത് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. മോഹങ്ങളോടുള്ള നമ്മുടെ അടുപ്പം തീവ്രമായി നിലകൊള്ളുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് ഹേതുവാകുന്നത്.
മോഹങ്ങളോട് അടുത്തും ആവശ്യമെങ്കില്‍ അകന്നും കഴിയാന്‍ നമുക്കാവുന്നില്ല. ആഗ്രഹങ്ങള്‍ക്ക് നമ്മുടെ വ്യക്തിത്വ വികാസത്തിന്റെ ചാലക ശക്തിയായി മാറാന്‍ സാധിക്കണം. ലക്ഷ്യങ്ങളിലെത്തിക്കാന്‍ ആവശ്യമായ വിധം മോഹങ്ങളെ വളര്‍ത്താം. എന്നാല്‍ എല്ലാ മോഹങ്ങളും സഫലീകരിക്കപ്പെടുന്നില്ല. പല ലക്ഷ്യങ്ങളും ഫലം കാണാതെ പോകുന്നു. ചിലപ്പോള്‍ നാം ഏറ്റവും പ്രാധാന്യം കൊടുത്തതായിരിക്കും സഫലീകരിക്കപ്പെടാനാവാതെ പോവുക. അത്രക്ക് പ്രാമുഖ്യം കൊടുക്കാത്ത മോഹം സഫലീകരിക്കപ്പെടുകയും ചെയ്യുന്നു. എല്ലാം ലക്ഷ്യത്തിലെത്തിച്ചേര്‍ന്നാല്‍ അത് മോഹമല്ലെന്നര്‍ഥം.
ആശിക്കുമ്പോള്‍ തന്നെ അത് നേടാനാവാതെ പോകാന്‍ ഇടയുണ്ടെന്നത് മറക്കുന്നവരെയാണ് മോഹഭംഗം അസ്വസ്ഥപ്പെടുത്തുന്നത്. നേടാനാവാതെ പോയത് മറക്കാനാവാത്തതും നമ്മെ മോഹഭംഗത്തിന് അടിപ്പെടുത്താന്‍ ഇടവരുത്തുന്നു.
മോഹങ്ങളെ യാഥാര്‍ഥ്യബോധത്തോടെ കൊണ്ടുനടക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. മോഹം സഫലീകരിക്കാനുള്ള സാധ്യതകളെക്കുറിച്ചും അസാധ്യതകളെക്കുറിച്ചും മനസ്സിലാക്കണം. സാധ്യതകള്‍ പരമാവധി ഉപയോഗിക്കാം. ആവശ്യമാണെങ്കില്‍ അതിനുചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിദഗ്ധരില്‍നിന്ന് സ്വീകരിക്കുകയോ സ്വയം പരിശീലിക്കുകയോ ആവാം. മോഹസഫലീകരണത്തിന് ശ്രമം ആവശ്യമാണെന്നര്‍ഥം.
ഒരാള്‍ക്ക് ഒരിഷ്ടം ചിലപ്പോള്‍ സാക്ഷാത്കരിക്കാനാവാതെ പോയെന്നിരിക്കും. അതിനെ എങ്ങനെ അഭിമുഖീകരിക്കണമെന്നും നേരത്തെ മനസ്സില്‍ കാണാവുന്നതാണ്. അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള സാധ്യതകളെ നേരത്തെ വിശകലനം ചെയ്യാം. എങ്ങനെയെല്ലാം അത്തരം സാഹചര്യത്തെ അഭിമുഖീകരിക്കാം എന്ന് പരിശോധിച്ച് ഏറ്റവും അനുയോജ്യമായത് നടപ്പില്‍വരുത്താം.
ഒന്നിന് മാത്രം മുന്‍ഗണന കൊടുക്കുകയും അത് അസാധ്യമാകരുത് എന്ന വിചാരം ആര്‍ത്തിയോടെ കൊണ്ടുനടക്കുകയും ചെയ്യുമ്പോള്‍ അസ്വസ്ഥപൂര്‍ണമായ അവസാനം വന്നെത്താന്‍ ഇടയുണ്ട്. മോഹസഫലീകരണം സാധ്യമാകാതെ വരുമ്പോള്‍ അത്തരക്കാരാണ് കടുത്ത ഇച്ഛാഭംഗത്തിന് ഇരയായിത്തീരുന്നത്. ഒരു മോഹം തകര്‍ന്നാല്‍ സര്‍വവും നഷ്ടമായെന്ന വിചാരവും വേവലാതിയും സഫലീകരണ സാധ്യതയുള്ള മറ്റൊരു മോഹത്തെക്കൂടി പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
കുട്ടികളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പരിശീലിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അത് അടുത്ത തലമുറക്ക് നല്‍കാവുന്ന വലിയ സമ്പാദ്യമാണ്. അത് നമുക്ക് താഴെ വരുന്നവരെ ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള പ്രേരണ നല്‍കല്‍ കൂടിയാണ്. മാറിവരുന്ന ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള ശാക്തീകരണമാണ്. നമ്മുടെ ലോകത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും അത് കാരണമായിത്തീരുന്നു. എന്നാല്‍ നമ്മുടെ കുട്ടികളെ കൂടുതല്‍ സര്‍ഗാത്മകവും ക്രിയാത്മകവുമാക്കി മാറ്റാന്‍ ശ്രമിക്കുന്നതുപോലെത്തന്നെ ലക്ഷ്യം നിറവേറ്റാനാവാതെ പോകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ എന്തു ചെയ്യണമെന്ന മുന്നറിയിപ്പും മുന്നൊരുക്കവും നല്‍കേണ്ടതുമുണ്ട്.
മോഹഭംഗങ്ങള്‍ കടുത്ത ആഘാതങ്ങള്‍ക്കും താങ്ങാനാവാത്ത പ്രത്യാഘാതങ്ങള്‍ക്കും ഇടയാകുന്നുവെങ്കില്‍, എളുപ്പം ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ പറ്റാതെയും പോകുന്നുവെങ്കില്‍, പരിചയസമ്പന്നനായ ഒരു കൗണ്‍സലറെയോ മനശ്ശാസ്ത്ര വിദഗ്ധനെയോ സമീപിക്കുന്നതാണ് വിവേകം.
ശേഷക്രിയ
1. മോഹങ്ങള്‍ക്ക് ഒരയഥാര്‍ഥ തലമുണ്ട്. എന്നാല്‍  ഈ അയഥാര്‍ഥ തലത്തെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ ശീലിക്കുക. മോഹങ്ങളോട് വൈകാരികമായ ഒരടുപ്പമുണ്ടാവും. എന്നാല്‍ യുക്തിയോടെ അവയെ കാണാന്‍ ശ്രമിക്കുക.
2. കൊച്ചു മോഹങ്ങള്‍ സഫലീകരിക്കാന്‍ കഠിനശ്രമങ്ങളോ കൂടുതല്‍ സമയമോ ആവശ്യമായി വരുന്നില്ല. അവ നിറവേറ്റാന്‍ സമയം കണ്ടെത്തുക. സാധ്യമാകുന്ന മോഹങ്ങള്‍ കൈയൊഴിയേണ്ടതില്ല.
3. ചില മോഹങ്ങള്‍ സഫലീകരിക്കാന്‍ കൂടുതല്‍ ശ്രമവും സമയവും വേണ്ടിവരും. അവയെ മൂര്‍ത്തമായ ലക്ഷ്യങ്ങളാക്കി മാറ്റണം. മോഹങ്ങളെ അമൂര്‍ത്തതലത്തില്‍നിന്നും മാറ്റിയെടുക്കാനും അതുകൊണ്ട് കഴിയുന്നു. ലക്ഷ്യങ്ങളില്‍ നിന്ന് അപ്പോള്‍ 'ഉന്ന'ങ്ങള്‍ കേന്ദ്രീകരിക്കാനും കഴിയും. ഇത്തരം മോഹങ്ങളെ സഫലീകരിക്കാന്‍ ക്രമാനുസൃതമായി ചിട്ടപ്പെടുത്തിയ ശ്രമങ്ങള്‍ വേണ്ടിവരും.
4. മോഹസഫലീകരണത്തില്‍ അമിതമായി ആഹ്ലാദിക്കുകയോ ആവേശംകൊള്ളുകയോ ചെയ്യാതിരിക്കുക.  
5. ചില മോഹങ്ങള്‍ അപ്രതീക്ഷിതമായി തകരുന്നു. അത് ഇച്ഛാഭംഗത്തിനും നിരാശക്കും കാരണമാകാവുന്നതാണ്. കഴിയാവുന്നത്ര യാഥാര്‍ഥ്യബോധത്തോടെ ഇത്തരം സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കേണ്ടതുണ്ട്.
6. മോഹഭംഗങ്ങളെ അതിജീവിക്കാന്‍ സ്വസ്ഥമായ ചുറ്റുവട്ടം ആവശ്യമാണ്. ഇഷ്ടപ്പെടുന്നവരുടെ സാന്നിധ്യം, ഇഷ്ടവിഷയങ്ങളിലുള്ള പ്രവര്‍ത്തനം എന്നിവ പ്രയോജനകരമായിരിക്കും. ചുറ്റുവട്ടം പ്രതികൂലമാണെങ്കില്‍ അവയില്‍നിന്ന് മാറിനില്‍ക്കാവുന്നതുമാണ്. പുതിയ ഒരു സാഹചര്യത്തിലേക്ക് 'പറിച്ചു നടുക.'
7. പ്രാര്‍ഥന, ധ്യാനം എന്നിവയിലൂടെ മോഹഭംഗങ്ങളെ അഭിമുഖീകരിക്കാന്‍ ശീലിക്കുക.
8. ഒരു കാര്യത്തില്‍ മോഹഭംഗമുണ്ടായാല്‍, അടുത്തതോ പകരം നില്‍ക്കുന്നതോ ആയ മോഹത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവ നിറവേറ്റാന്‍ ശ്രമിക്കുക.
9. മോഹങ്ങള്‍ തകരുമ്പോള്‍ ഉറക്കം നഷ്ടപ്പെടുക, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ പോവുക, മറ്റുള്ളവരോട് അകാരണമായി ദേഷ്യം തോന്നുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാവുകയാണെങ്കില്‍, അവ ദീര്‍ഘമായും കുറെ ദിവസങ്ങളായും നീണ്ടുനില്‍ക്കുന്നുവെങ്കില്‍ പ്രൊഫഷണലുകളുടെ സഹായം തേടുക.
10. മോഹഭംഗങ്ങളുടെ നിമിഷങ്ങളില്‍ പുകവലി, മദ്യം, മയക്കുമരുന്ന്, ആത്മഹത്യാ ചിന്ത എന്നിവയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കുക.              


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top