അനുതാപത്തിന്റെ വിസ്മയശേഷി

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍ No image

                  അടുത്ത വീടുകളില്‍ സൂക്ഷ്മമായ ആത്മബന്ധങ്ങളൊന്നും പങ്കുവെക്കപ്പെടാതെ കഴിഞ്ഞുകൂടുന്നവരാണവര്‍. ഒരു നാള്‍ രാത്രിയില്‍ അയല്‍വീട്ടില്‍നിന്നും ചെറിയ മകന്റെ അസഹനീയമായ കരച്ചില്‍. ഇത്തിരി നേരം സാകൂതം ശ്രദ്ധിച്ചുനിന്നു. കരച്ചില്‍ ശബ്ദത്തിന്റെ ഉച്ഛസ്ഥായി പിന്നിട്ട് ഏങ്ങലിന്റെ വിതാനത്തിലെത്തി നിന്നു. ഇനിയും കാത്തുകൂടാ. ഇറങ്ങിയന്വേഷിക്കാന്‍ വിളംബം വന്നാല്‍ ചിലപ്പോള്‍ അപായം സംഭവിച്ചേക്കാം. കരച്ചിലിന്റെ സ്വരവ്യതിയാനം ഭയാനകരമായ ഒരന്തരീക്ഷമാണ് ഉല്‍പാദിപ്പിക്കുന്നത്. പണ്ട് തങ്ങളുടെയൊക്കെ കുട്ടിക്കാലങ്ങളിലായിരുന്നുവെങ്കില്‍ കാര്യങ്ങളൊന്നും തന്നെ ഇങ്ങനെ വികസിക്കുവാന്‍ സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഏത് കുഞ്ഞു ആരവങ്ങളും പരസ്പരം പങ്കുവെക്കപ്പെടുമായിരുന്നു; ആര്‍ക്കും വിരോധങ്ങള്‍ ഏതുമില്ലാതെ. സന്തോഷങ്ങളും സന്താപങ്ങളും പങ്കുവെക്കപ്പെടുന്ന ഗ്രാമ്യജീവിതത്തിന്റെ അത്യാഹ്ലാദങ്ങള്‍ കാലത്തിന്റെ വികാസ പരിണാമങ്ങളും സാങ്കേതിക സാമഗ്രികളുടെ ഇരമ്പവും വന്നതോടെ പാരസ്പര്യങ്ങളുടെ സര്‍വ ആര്‍ദ്രതയും വറ്റിവരണ്ട് ഊഷരമായി. വന്മതിലിന്റെ വിഘ്‌നവിസ്മയങ്ങള്‍ പാഠപുസ്തകങ്ങള്‍ പറഞ്ഞു തന്ന വിവരങ്ങള്‍ മാത്രമായിരുന്നു. എന്നാലിപ്പോള്‍ വീടുകള്‍ക്കു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന വന്മതിലുകള്‍ ഇവയത്രയും അനുഭവബോധ്യങ്ങളാക്കി. നിത്യഹരിതങ്ങളായ ഓര്‍മയുടെ മണിത്താഴുകള്‍ തുറന്നു. മനോരാജ്യങ്ങളുടെയും ബാല്യ- കൗമാര സ്മരണകളുടെയും ഗൃഹാതുരതയില്‍ ഒരു നമിഷം ലയിച്ചിരുന്നു. അതിശീഘ്രം അതില്‍നിന്നും വിമോചിതനായി ഒരു ഞെക്കുവിളക്കിന്റെ അകമ്പടിയില്‍ അയല്‍വീട്ടിലേക്ക് ഇത്തിരി ഉദ്വേഗത്തോടെ കുതിച്ചെത്തി. ഹ്രസ്വതയാര്‍ന്ന ഒരു കാത്തിരിപ്പിനൊടുവില്‍ ഉമ്മറവാതിലുകള്‍ കവിത പോലെ തുറന്നു നിന്നു. കേരളത്തിലെ ഏതു പൊതു കുടുംബങ്ങളെപ്പോലെയും ഇവിടെയും താമസിക്കുന്നത് ചെറിയ കുടുംബം. ഉമ്മയും ബാപ്പയും പിന്നെ രണ്ടു മക്കളും. രണ്ട് ആണ്‍മക്കള്‍. ചേട്ടന്‍ ആറിലും അനിയന്‍ രണ്ടിലും. അച്ഛന്‍ മറുജില്ലയില്‍ ജോലിസ്ഥലത്ത്. കുടുംബം ഓടിക്കുന്ന കപ്പിത്താന്‍ അമ്മ.
ധൃതിയില്‍ വീട്ടിലെത്തിയെങ്കിലും ആരും അവിടെ ഒന്നും സംസാരിക്കുന്നില്ല. എല്ലാവരുടെ മുഖങ്ങളിലും ഉല്‍കണ്ഠയുടെയും അതിസംഘര്‍ഷങ്ങളുടെയും കൊടുങ്കാറ്റു പറക്കുന്നു. അപ്പോഴും ചെറിയ മകന്‍ മേശക്കാലില്‍ ബലമായി പിടിച്ച് ഏങ്ങിയേങ്ങി കരയുന്നു. അപ്പോള്‍ അവന്റെ സ്വരസ്ഥായികളില്‍ ഏതോ ഉന്മാദികളുടെ അവ്യക്ത പദവിന്യാസങ്ങള്‍ കലര്‍ന്നുനിന്നു. അടുത്ത കട്ടിലില്‍ നനഞ്ഞുകുതിര്‍ന്ന കണ്ണുകളുമായി ഉള്ളുരുക്കത്തോടെ ഉമ്മ. കട്ടിലിന്റെ അങ്ങേത്തലയില്‍ മൂത്ത മകന്‍ കൂനിക്കൂടി ചുരുണ്ടുകിടന്നു. കരച്ചിലിനപ്പുറം വാചികമായ ഒരു വിനിമയങ്ങളും സംഭവിക്കുന്നതേയില്ല. എന്താണു സംഭവിച്ചതെന്ന് അതിനാല്‍തന്നെ അവ്യക്തമാവുന്നു. ഒരു നിമിഷാര്‍ദ്ധത്തിലെ നിസ്സംഗതയെ വകഞ്ഞ് പതിയെ വീട്ടമ്മയെ സമീപിച്ചു, സംഭവ പരിണാമത്തിന്റെ മര്‍മത്തിലേക്കെത്താന്‍.
കൊച്ചുമക്കള്‍ മുറിയിലിരുന്നു പഠിക്കുകയായിരുന്നു. ഉമ്മ അടുക്കളയില്‍ പാചകത്തിന്റെ ധൃതിയില്‍. തീര്‍ത്തും സ്വാഭാവികമായ ഒരു ഗ്രാമസന്ധ്യ. മക്കള്‍ മുറിയില്‍നിന്നും അടക്കം പറയുന്നതും ചിരിക്കുന്നതും വെപ്പറയില്‍നിന്നും ഉമ്മ ശ്രദ്ധിക്കുന്നുണ്ട്. ഇതിനിടയില്‍ വൈദ്യുതി കണ്ണു ചിമ്മി. മുറിയില്‍ മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം. പുസ്തകം ഉപേക്ഷിച്ച് മക്കള്‍ കളിക്കേളികളില്‍ മുഴുകി. അപ്പോള്‍ അടുക്കളയിലെ പങ്കപ്പാടുകളിലേക്കെത്തിയത് ഒരു പെരുംശബ്ദഘോഷപ്പെരുമകളായിരുന്നു. എന്തൊക്കെയോ വസ്തുവഹകള്‍ തറത്തുറവിയില്‍ വീണുടഞ്ഞു ചിതറിത്തെറിക്കുന്ന ശീല്‍ക്കാരങ്ങള്‍. കിതച്ചെത്തിയ ഉമ്മ കണ്ടത് മേശപ്പുറത്ത് ഏറെ കൗതുകത്തോടെ ഒരുക്കിവെച്ച പളുങ്കുപാത്രങ്ങള്‍ അത്രയും വെറുംനിലത്ത് വീണുടഞ്ഞ് ചിതറിത്തെറിച്ചുനില്‍ക്കുന്നു. വിലയേറിയ പാത്ര സൗന്ദര്യങ്ങളത്രയും സുരക്ഷിതമായിരിക്കാനാണ് ശ്രദ്ധയോടെ അവയ്ക്ക് മേശപ്പുറത്തു തന്നെ സുരക്ഷിതത്വം നല്‍കിയത്. അവയാണ് പളുങ്കുചീളുകളായി വെറുംതറയില്‍ ചിതറിനില്‍ക്കുന്നത്. വില കൂടിയ ജംഗമങ്ങള്‍ വീണുടഞ്ഞ സങ്കടവും രോഷവും ഇരമ്പി വന്നപ്പോള്‍ താരതമ്യേന കുസൃതിത്തരങ്ങള്‍ കൂടുതലുള്ള അനിയനെ രണ്ടു തല്ലു തല്ലി. അതവനിലുണ്ടാക്കിയ ദുഃഖവും സങ്കടവുമാണ് നിര്‍ത്താത്ത പെരുംകരച്ചിലായി വീടാകെ സംഘര്‍ഷത്തിന്റെ കടലിരമ്പം സൃഷ്ടിച്ചത്. അപ്പോഴും പയ്യന്‍ ഏങ്ങലടങ്ങാതെ കരച്ചിലില്‍ ആപാദം മുങ്ങിനിന്നു. തല്‍ക്കാലം അവനെ വിട്ടു. ഒരു തരം സാന്ത്വനവും ഏല്‍ക്കുന്ന പരിസരമല്ല അവന്റേത്. വളരെ സൗമ്യതയില്‍ മൂത്തപയ്യനോടു അടുത്തുനിന്നു. തൊട്ടും തലോടിയും അവനെ പരിഗണിച്ചപ്പോള്‍ സംഗതിയത്രയും അവന്‍ പറഞ്ഞുതന്നു: ''ഞാന്‍ അനിയന്റെ എഴുത്തു സാമഗ്രികള്‍ ബലാല്‍ക്കാരം കൈവശപ്പെടുത്തി മേശയില്‍ കയറി അപ്പുറത്തേക്ക് പായുകയായിരുന്നു. ഇതിനിടയില്‍ വെളിച്ചം കെട്ടുപോയി. ഇരുട്ടില്‍ കയറി ഓടുന്നതിനിടയില്‍ മേശ മറിഞ്ഞാണ് പാത്രങ്ങളുടഞ്ഞത്. അനുജനല്ല ഞാനാണു തെറ്റുകാട്ടിയത്. ഉമ്മ വന്നു തല്ലിയതാവട്ടെ അവനെ.'' കാര്യത്തിന്റെ കിടപ്പു കൃത്യം. ചെയ്യാത്ത കുറ്റത്തിനാണ് അവന് ശിക്ഷ കിട്ടിയത്. അവന്റെ എഴുത്തു സാമഗ്രികളും ഇതിനിടയില്‍ ചേട്ടന്‍ ഒടിച്ചെറിഞ്ഞു. കുറ്റം തെളിഞ്ഞില്ല. വിചാരണയില്ല. തെളിവുവേണ്ട. അന്വേഷണങ്ങളില്ല. ഏകപക്ഷീയമായ ശിക്ഷാവിധി. ഇതാണ് ഈ കുഞ്ഞിനെ ഇങ്ങനെ കരയിച്ചത്. അപ്പോഴും അവനില്‍ ഏങ്ങലിന്റെ ആവര്‍ത്തി കൂടിക്കൊണ്ടിരുന്നു. സങ്കടത്തിലും വെപ്രാളത്തിലും കുഴഞ്ഞുനില്‍ക്കുന്ന വീട്ടമ്മയെ പതിയെ വിളിച്ച് അപ്പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി. അവരുടെ ഭാവവും വിക്ഷേപങ്ങളും കുറ്റബോധത്തില്‍ മുങ്ങിനിന്നു. ഏതു സമയവും ഇരമ്പിപ്പെയ്യാവുന്ന ഒരു കൊടുംമഴ ആ മുഖത്ത് ഘനീഭവിച്ചുനിന്നു. നേര്‍ത്ത സത്യങ്ങള്‍ തിരക്കാതെ അത്യാവേശത്തില്‍ ഇടപെട്ടുപോയ സ്ഖലിതമാണിത്. ഇതിനെങ്ങനെ പ്രായശ്ചിത്തം ചെയ്യും.
ആത്മസംഘര്‍ഷങ്ങളുടെ തലങ്ങളില്‍നിന്നും അവരെ യഥാര്‍ഥ്യലോകത്തിന്റെ തലങ്ങളിലേക്ക് കൊണ്ടുവരാന്‍ സമയമെടുത്തു. ഒരു വിധം കാര്യങ്ങളവരെ ബോധ്യപ്പെടുത്തി: ''നിങ്ങള്‍ എത്രയും പെട്ടെന്ന് ഏങ്ങിക്കരയുന്ന മോനെ സ്‌നേഹത്തോടെ ഒക്കത്തെടുക്കുക. വാത്സല്യത്തോടെ ഉമ്മവെച്ചു സ്‌നേഹം അവനെ ബോധ്യപ്പെടുത്തുക. എന്നിട്ട് തനിക്കു സംഭവിച്ചുപോയ തെറ്റ് മകനോട് ഏറ്റുപറയുക. ഈ ഏറ്റുപറച്ചില്‍ മാത്രമാണ് ഇപ്പോള്‍ അവന്‍ അകപ്പെട്ടു പോയ സംഘര്‍ഷങ്ങളുടെ കയത്തില്‍നിന്നും അവനെ കരകയറ്റാനുള്ള ഏക വഴി. അവന്റെ പ്രശ്‌നം തല്ലുകിട്ടിയതിന്റെ നോവല്ല. വിചാരണയില്ലാതെ, ചെയ്യാത്ത കുറ്റത്തിന് മറ്റുള്ളവന്റെ മുന്നില്‍വെച്ചു നിര്‍ദയം ഏറ്റുവാങ്ങിയ അപമാനവും അവഗണനയുമാണ്. അതിനു പരിഹാരം അവന്റെ കണ്ണീരിന്റെ മുമ്പില്‍ തെറ്റ് ഏറ്റുപറയുന്നതാണ്. അതവനു സത്യമായും ബോധ്യപ്പെടണം. മക്കള്‍ എത്ര ചെറുപ്പമാണെങ്കിലും അവര്‍ക്കു അവരുടേതായ സ്വത്വബോധമുണ്ട്. അതിന്റെ മേലെ അന്യായമായി കൈവെച്ചാല്‍ അതവനെ ഉലച്ചുകളയും.'' ആദ്യമാദ്യം ആ അമ്മ സംശയിച്ചുനിന്നു. ഉള്ളില്‍ ദുഃഖത്തിന്റെ ജ്വാലകള്‍ ഉയരുമ്പോഴും മകന്റെ മുന്നില്‍ തെറ്റ് ഏറ്റുപറയുകയോ എന്ന അഹം പൊതിഞ്ഞുനിന്നു. പൊടുന്നനെ ഒരു വെളിപാടിന്റെ പ്രസരിത ഊര്‍ജം ആവേശിച്ച മട്ടില്‍ അവര്‍ മുറിയില്‍നിന്നും ഇറങ്ങിയോടി. കണ്ണുനീരില്‍ മുങ്ങി ഏങ്ങി യേങ്ങിക്കരയുന്ന മകനെ അവര്‍ വാരിയെടുത്തു. അപ്പോള്‍ അവനില്‍ ഏങ്ങലിന്റെ താളവ്യതിയാനം ഉച്ഛസ്ഥായിയിലായി. ഉമ്മ മകന്റെ മുഖത്തേക്ക് കണ്ണുകള്‍ തുറന്നു. വിക്ഷേപങ്ങള്‍ കൊണ്ടു നല്‍കിയ മൗനധൈര്യത്തില്‍ ഉമ്മ ആവേശഭരിതയായി. അപ്പോള്‍ മകന്‍ അവരുടെ ചുമലില്‍ പറ്റിനിന്നു. ഇതിനിടയില്‍ പറഞ്ഞുതുടങ്ങി: ''ഉമ്മക്ക് തെറ്റുപറ്റിയതാണു മോനേ. മോനല്ല പാത്രമുടച്ചത്. മോനെ ഉമ്മ വെറുതെ തല്ലിപ്പോയതാണ്. എന്റെ മോന്‍ ഉമ്മയോടു പൊറുക്കണം. ഇനി അങ്ങനെ മോനെ അടിക്കുകയില്ല. മോനെ ഉമ്മക്ക് എത്ര ഇഷ്ടമാണെന്നറിയാമോ. ഉമ്മയോട് ക്ഷമിക്കുക. അപ്പോഴേ ഉമ്മക്ക് സമാധാനമുള്ളൂ.'' കണ്ണുനീരില്‍ മുക്കിപ്പിഴിഞ്ഞ ഈ ഏറ്റുപറച്ചില്‍ ഇളംമനസ്സിന്റെ ചക്രവാളങ്ങളില്‍ മാരിവില്ലുകളായി പൂത്തുനിന്നു. നിഷ്‌കളങ്കതയുടെ വിമലസരസ്സില്‍ സ്‌നേഹപാരവശ്യങ്ങളുടെ ആമ്പല്‍മൊട്ടുകള്‍ വിരിഞ്ഞു. മെല്ലെ അവന്റെ സങ്കടക്കടലില്‍ ചുഴിമലരുകള്‍ അടങ്ങിപ്പാര്‍ത്തു. അതിനനുസൃതമായി അവന്റെ വാരിളം കൈകള്‍ ഉമ്മയുടെ മുഖവും മാറിടവും ചുറ്റിപ്പിടിച്ചു. ചുണ്ടുകള്‍ ചുണ്ടുകളോട് അരുമയായി അമര്‍ന്നുനിന്നു. എത്രനേരം അങ്ങനെ നിന്നെന്നറിയില്ല. അപ്പോള്‍ കട്ടില്‍ മൂലയില്‍ ചുരുണ്ടുകിടന്ന ചേട്ടന്‍ മെല്ലെ തലപൊക്കി. യഥാര്‍ഥ കുറ്റവാളിയുടെ ജാള്യതയും അധൈര്യവും അവന്റെ കുഞ്ഞുമുഖവട്ടത്തിലും വിളര്‍പ്പുകള്‍ വരച്ചിരുന്നു. ഉമ്മയുടെ മുഖത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന മകന്‍ പെട്ടെന്നു കൈകള്‍ സ്വതന്ത്രമാക്കി. എന്നിട്ട് മുഖം ചെരിച്ചുപിടിച്ച് ഉമ്മയെ നോക്കി. അപ്പോള്‍ ആ മുഖം ചാകരക്കടലുപോലെ പ്രശാന്തമായി. ക്രമത്തില്‍ ഇളംചുണ്ടുകളില്‍ നിലാവു പൂത്തു. ഈ ദൃശ്യവിസ്മയമാണ് സത്യത്തില്‍ ഏട്ടന്‍ പ്രതീക്ഷിച്ചു കിടക്കുന്നത്. അവന്‍ പരപ്രേരണയേതുമില്ലാതെ എഴുന്നേറ്റു. അനിയന്റെ അടുത്തേക്ക് നീങ്ങി. എന്നിട്ട് ഉമ്മയെ അനുകരിച്ച് കണ്ണീരിന്റേയും ഗദ്ഗദത്തിന്റെയും അകമ്പടിയില്‍ കുറ്റം ഏറ്റുപറഞ്ഞു. ഒരാളും അവനെ ഇതിനു നിര്‍ബന്ധിച്ചിരുന്നതേയില്ല. കുട്ടികള്‍ക്ക് മുതിര്‍ന്നവരെക്കാള്‍ വിവേകമുണ്ട്. അത് കണ്ടെത്തുവാനുള്ള വിവേകമാണ് മുതിര്‍ന്നവര്‍ക്ക് വേണ്ടത്. ഒരു നിമിഷം മൂന്നുപേരും ചേര്‍ന്നുനിന്നു.  ഉമ്മ രണ്ടു മക്കളുടെയും നെറുകയില്‍ മുഗ്ധതയോടെ മുകര്‍ന്നുനിന്നു.
സത്യത്തില്‍ ഏറെ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ടായിരുന്ന ഈയൊരു സന്ദിഗ്ധത ലഘൂകരിച്ചത് ഉമ്മയുടെ ഒരു കുറ്റസമ്മതമാണ്. തെറ്റുവന്നെങ്കില്‍ അതേറ്റുപറയാനും സമ്മതിക്കാനുമുള്ള ജനാധിപത്യവിനയം നമുക്കുണ്ടാവേണ്ടതുണ്ട്. മക്കളുടെ മുന്നില്‍പോലും അതിനുള്ള മാനസിക വിശാലത നമ്മുടെ വലിപ്പം കൂട്ടുകയേ ഉള്ളൂ. ഏതു ചെറിയവരുടെ മുന്നിലും തന്നില്‍ സംഭവിച്ച പിഴവുകള്‍ ആത്മബോധത്തോടെ ഏറ്റുപറയാന്‍ നമുക്ക് സാധിക്കണം. അത് നമ്മുടെ പദവികള്‍ മറിച്ചിടുകയില്ല. ഏറ്റുപറച്ചില്‍ അപരന്റെ- അതു മക്കളാണെങ്കില്‍ പോലും- സ്വത്വബോധത്തെ ഉജ്ജ്വലമാക്കുകയും അവരുടെ വ്യക്തിത്വത്തെ അത്യസാധാരണമാം വിധം വികസിതമാക്കുകയും ചെയ്യും. ഇത്തരം സങ്കീര്‍ണതകളെ സംബോധനം ചെയ്യുമ്പോള്‍ സ്ഥാനവലിപ്പങ്ങള്‍ അഹംബോധങ്ങളായി നമ്മുടെ മുന്നില്‍ വിഘ്‌നങ്ങള്‍ തീര്‍ക്കരുത്. അത് അപായങ്ങള്‍ വിളിച്ചുവരുത്തും.           

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top