ആരാമം തന്ന ഇച്ഛാശക്തി

ഷംസീര്‍ No image

                  മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള സ്വപ്നപദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിലും തേന്‍ പുരട്ടിയ വര്‍ത്തമാനങ്ങളിലും മാത്രമൊതുങ്ങുകയും പ്രായോഗിക രംഗത്ത് തീര്‍ത്തും കൂമ്പടഞ്ഞു പോകുകയും ചെയ്യുന്ന ഇക്കാലത്ത്, ഈ രംഗത്ത് ഇച്ഛാശക്തി കൊണ്ട് വിജയം വരിച്ചവര്‍ നമുക്ക് മാതൃകയാവുകയാണ്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ മാലിന്യ മുക്തവും പരിസ്ഥിതി സൗഹൃദവുമായ ഒരു സമൂഹം വിദൂരസ്വപ്നമല്ല എന്നിവര്‍ തെളിയിക്കുന്നു.
മലപ്പുറം ജില്ലയില്‍ മേലാറ്റൂര്‍ പഞ്ചായത്തിലെ സഹ്‌ല സക്കീര്‍ തന്റെ വായനയിലൂടെയുള്ള അന്വേഷണങ്ങള്‍ക്കും സഞ്ചാരങ്ങള്‍ക്കുമിടയിലൂടെയാണ് പരിസ്ഥിതി സൗഹൃദ ഇടങ്ങളെ സ്വപ്നംകണ്ടു തുടങ്ങിയത്. ഗള്‍ഫിലെ ജോലി മതിയാക്കി തിരിച്ചുവരാനൊരുങ്ങിനിന്ന ഭര്‍ത്താവുമായുള്ള ചര്‍ച്ചകളില്‍ ബയോഗ്യാസ് പ്ലാന്റ്, ജൈവ പച്ചക്കറിത്തോട്ടം, കൂണ്‍കൃഷി, മുയല്‍ കൃഷി, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം തുടങ്ങിയ വിഷയങ്ങളെല്ലാം വന്നു. അത്തരം ചര്‍ച്ചകള്‍ സഹ്‌ലക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. പിന്നെ ഒന്നും ആലോചിച്ചില്ല. ഓരോന്നിനും മുന്നിട്ടിറങ്ങുകയായിരുന്നു. കേവലം പരിസ്ഥിതി സൗഹൃദം എന്നതിനപ്പുറം വിലക്കയറ്റത്തിന്റെ കാലത്ത് കുടുംബബജറ്റ് പിടിച്ചു നിര്‍ത്തുന്ന ചെറിയ വരുമാനം തരുന്ന ലളിത പദ്ധതികളാണ് സഹ്‌ല സക്കീര്‍ തയ്യാറാക്കിയത്.
ബയോഗ്യാസ് പ്ലാന്റ്
നിരന്തരമായ വായനയും പഠനവും അന്വേഷണവുമാണ് സഹ്‌ലയെ ബയോഗ്യാസ് പ്ലാന്റ് എന്ന പദ്ധതിയിലേക്കെത്തിച്ചത്. ശ്രദ്ധക്കുറവും പരിചരണത്തിന്റെ അഭാവവും കാരണമായി പരാജയപ്പെട്ടുപോയ നിരവധി ബയോഗ്യാസ് പദ്ധതികളുണ്ട് സര്‍ക്കാര്‍ മാലിന്യ സംസ്‌കരണത്തിനും ഇന്ധന ലാഭത്തിനും മാതൃകയായി നേരത്തെ ഈ പദ്ധതി കേരളത്തിലവതരിപ്പിച്ചിരുന്നുവെങ്കിലും 'റിസ്‌ക്' എടുക്കാന്‍ കഴിയില്ലെന്നതുകൊണ്ട് പലരും പിന്മാറി. എന്നാല്‍ ഇത് പരീക്ഷിച്ച് വിജയിച്ചവരുടെ കഥകള്‍ പലരും സൗകര്യപൂര്‍വം മറന്നു. സഹ്‌ല ആ വിജയിച്ചവരിലേക്കാണ് നോക്കിയത്. ഇത് നടപ്പിലാക്കിയതിനെക്കുറിച്ച് അവര്‍ പറഞ്ഞതിങ്ങനെ: ''മൊത്തം 40000 രൂപയാണ് നിര്‍മാണ ചെലവ്. 8000 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിച്ചു. ആന്ധ്രക്കാരനായ അന്യ സംസ്ഥാന തൊഴിലാളിയുടെ മേല്‍നോട്ടത്തില്‍ ഗവണ്‍മെന്റ് ഏജന്‍സിയാണ് ഇത് നിര്‍മിച്ചിരുന്നത്. നിര്‍മാണ സമയത്ത് ധാരാളം ചാണകം ആവശ്യമായതിനാല്‍ അതില്‍ കുളിച്ചുകൊണ്ടുള്ള പണിക്ക് കേരളക്കാരെ കിട്ടില്ല.
ഒരു ദിവസം ചുരങ്ങിയത് 25 കിലോ മാലിന്യം വേണം. ഏറ്റവും നല്ലത് ചാണകമാണ്. ചാണകത്തിന്റെ ലഭ്യത കുറവായതിനാല്‍ മത്സ്യമാര്‍ക്കറ്റില്‍നിന്ന് മീന്‍വേസ്റ്റ് എടുത്തും വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും ചേര്‍ത്താണ് മാലിന്യം പ്ലാന്റിലേക്ക് തള്ളുന്നത്. ഇതു കാരണം ഒരേ സമയം മത്സ്യമാര്‍ക്കറ്റിലെയും വീട്ടിലേയും മാലിന്യം സംസ്‌കരിക്കപ്പെടുന്നു. ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും ആവശ്യമായത് വേസ്റ്റാണ്. ഭക്ഷണാവശിഷ്ടങ്ങള്‍, മണ്ണിലലിയുന്ന വസ്തുക്കള്‍, മത്സ്യ വേസ്റ്റ്, കാലികളുടെ വിസര്‍ജ്യം തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. എന്നാല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍, കോഴിപാര്‍ട്‌സ്, തൂവല്‍, നാരങ്ങ, പുളി തുടങ്ങിയവ ഒരു കാരണവശാലും പ്ലാന്റില്‍ നിക്ഷേപിക്കരുത്.''
ഇങ്ങനെ വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് സഹ്‌ല ഈ പ്ലാന്റ് തയ്യാറാക്കിയിരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനു പുറമെ ഇന്ധനലാഭമാണ് മറ്റൊരു പ്രത്യേകത. ഗ്യാസ് സിലിണ്ടറുകള്‍ സ്ഥിരമായി അവര്‍ ഉപയോഗിക്കാറില്ല. ഒരു വര്‍ഷത്തേക്ക് ഒരു കുറ്റി മാത്രം കരുതും. അതുതന്നെ ബയോഗ്യാസ് പ്ലാന്റിന് വല്ല ലീക്കോ മറ്റോ ഉണ്ടായി അത് വൃത്തിയാക്കുന്ന നേരത്തേക്ക് മാത്രം. സാധാരണ സിലിണ്ടറുകളില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ തീനാളം ഉണ്ടാകുന്നതിനാല്‍ ഭക്ഷണം പെട്ടെന്ന് പാകമാകുമെന്ന പ്രത്യേകതയുമുണ്ട്. ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിക്കുകയില്ല എന്നതാണ് മറ്റൊരു സവിശേഷത. ലീക്കുണ്ടെങ്കില്‍ അല്‍പം ദുര്‍ഗന്ധമുണ്ടാകുമെന്നു മാത്രം. ഒന്നര വര്‍ഷത്തോളമായി ഇവര്‍ ഈ പ്ലാന്റ് കാര്യക്ഷമമായി ഉപയോഗിക്കുന്നു. കൃത്യമായ ശ്രദ്ധയും പരിചരണവുമുള്ളതിനാല്‍ പറയത്തക്ക യാതൊരു പ്രതിബന്ധങ്ങളും ഉണ്ടായിട്ടില്ലെന്ന് സഹ്‌ലയുടെ അനുഭവ സാക്ഷ്യം.
ജൈവകൃഷി: വഴികാട്ടി ആരാമം
ഭര്‍ത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന സഹ്‌ലയുടെ വീട് ഇരുനില കെട്ടിടമാണ്. മുകളിലെ രണ്ടു മുറികളുടെ ടെറസിന്റെ വലിയൊരു ഭാഗവും ഒഴിഞ്ഞു കിടക്കുന്നു. ആ സ്ഥലം എന്തിനുപയോഗിക്കാം എന്ന ചിന്തയില്‍നിന്നാണ് ജൈവകൃഷി എന്ന ആശയം സഹ്‌ല വികസിപ്പിച്ചെടുത്തത്. അതിലേക്കുള്ള വഴികാട്ടിയായത് ആരാമം മാസികയും. അവരത് ഇങ്ങനെ വിവരിക്കുന്നു: ''ഞാന്‍ ആരാമത്തിന്റെ സ്ഥിരം വായനക്കാരിയാണ്. മതധാര്‍മിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ലേഖനങ്ങളോടൊപ്പം കൃഷി, പരിസ്ഥിതി, കല, സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ എന്നിങ്ങനെയുള്ള വിഷയ വൈവിധ്യം എന്നെ ആരാമത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അങ്ങനെയിരിക്കെ 2012 മെയ് മാസത്തില്‍ 'അകത്തിരുന്ന് അരങ്ങ് വാഴുന്നവര്‍' എന്ന കവറോട് കൂടിയ ആരാമം കൈയില്‍ കിട്ടി. വീടിന്റെ പരിസരത്തും ടെറസിനു മുകളിലുമെല്ലാം ജൈവകൃഷി നടത്തി വിജയം വരിക്കുകയും വരുമാനമുണ്ടാക്കുകയും ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും ആ ലക്കം പ്രതിപാദിച്ചിരുന്നു. അത് എന്നെ വല്ലാതെ സ്വാധീനിച്ചു. മാഗി, ഹെലന്‍ തുടങ്ങിയ സ്ത്രീകള്‍ പരീക്ഷിച്ചു വിജയിച്ച പൂകൃഷിയും കൂണ്‍കൃഷിയും വായിച്ചപ്പോള്‍ അത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. വീടിന്റെ മുകളിലെ രണ്ടു മുറിയിലും കൂണ്‍കൃഷിയും ഒഴിഞ്ഞ ടെറസില്‍ പച്ചക്കറിത്തോട്ടവും തുടങ്ങി. കൃത്യമായ പരിചരണം ഉള്ളതിനാല്‍ സംഗതി വലിയ വിജയമായി. കൂണില്‍നിന്നു മാത്രം ദിവസം 200 രൂപ വരുമാനം (ചൂട് സീസണില്‍ ഇത് കുറയും) കിട്ടും. പച്ചക്കറികളൊന്നും പുറത്തു നിന്ന് വാങ്ങാറില്ല. പയറുവര്‍ഗങ്ങള്‍, പച്ചമുളക്, പപ്പായ, മത്തന്‍, ചീര തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. നേരത്തെ മുയല്‍ വളര്‍ത്തലും തുടങ്ങിയെങ്കിലും ചെറിയ ചില ബുദ്ധിമുട്ടുകള്‍ കാരണം നിര്‍ത്തി. ഇതിനൊക്കെ വളം തയ്യാറാക്കുന്നതിന് തീര്‍ത്തും ശാസ്ത്രീയമായി നിര്‍മിച്ച മണ്ണിരകമ്പോസ്റ്റ് സംവിധാനവും ഇവിടെയുണ്ട്. ഇതിനെല്ലാം അംഗീകാരമായി ഇത്തവണ മേലാറ്റൂര്‍ പഞ്ചായത്ത് മികച്ച സ്ത്രീ കര്‍ഷകര്‍ക്കു നല്‍കുന്ന അവാര്‍ഡിനും സഹ്‌ല അര്‍ഹയായി.
വായനയിലൂടെയും അന്വേഷണങ്ങളിലൂടെയും പുതിയ ഇടങ്ങള്‍ കണ്ടെത്തുന്ന സഹ്‌ലക്ക് വായനക്കാരോട് പറയാനുള്ളത് ഇത്രമാത്രം: ''ബയോഗ്യാസ് പ്ലാന്റും ജൈവകൃഷിയും മണ്ണിര കമ്പോസ്റ്റിംഗുമെല്ലാം പരാജയപ്പെടുന്നതോ അപ്രായോഗികമായതോ ആയ പദ്ധതികളല്ല. അല്‍പം ശ്രദ്ധയും പരിചരണവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഇത് വിജയിക്കും. ഒഴിവുകഴിവു പറയുന്നവരിലേക്കും പരാചിതരിലേക്കുമല്ല നാം നോക്കേണ്ടത്; ആത്മവിശ്വാസമുള്ളവരിലേക്കും വിജയിച്ചവരിലേക്കുമാണ്.''              

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top