വായയും ചെവിയും

കെ.വൈ.എ / ചുറ്റുവട്ടം No image

            മുക്ക് ദൈവം ഒരുവായേ തന്നുള്ളൂ; ചെവി രണ്ടെണ്ണവും. എന്തുകൊണ്ട്?''
'കമ്മ്യൂണിക്കേഷന്‍' എന്ന വിഷയത്തില്‍ വിദഗ്ധന്‍ ക്ലാസെടുക്കുകയാണ്. ആ ചോദ്യം ഉത്തരം കിട്ടാനുള്ളതല്ല. ഉറങ്ങുന്നവര്‍ക്ക് ഉണരാനൊരവസരം- അത്രമാത്രം. ഉത്തരം അദ്ദേഹം തന്നെ പറഞ്ഞു: ''ആശയവിനിമയത്തിനുള്ളതാണ് വായും കാതും. വായകൊണ്ട് പറയുന്നു. കാതുകൊണ്ട് കേള്‍ക്കുന്നു. പറയുന്നതിന്റെ ഇരട്ടി കേള്‍ക്കണമെന്ന് അറിയിക്കാനാണ് നമുക്ക് കാതുകള്‍ ഇരട്ടി തന്നത്.''
പരീക്കുട്ടിക്ക് ചിരിയാണ് വന്നത്. ഇത് വാസ്തവമാണെങ്കില്‍ തന്റെ ഭാര്യ സാറക്ക് രണ്ടു വായ കാണണം; ഒറ്റച്ചെവിയും. ഇരട്ടി കേള്‍ക്കുമ്പോഴേ ആശയവിനിമയം ഫലപ്രദമാകൂ എന്നാണ് വിദഗ്ധന്‍ പറയുന്നത്.
അയാളെന്തറിഞ്ഞു! കേള്‍ക്കുന്നതിന്റെ എത്രയോ ഇരട്ടി സംസാരിക്കുന്ന സാറ എത്ര ഫലപ്രദമായാണ് ആശയ വിനിമയം നടത്തുന്നത്! ഇത്ര വ്യക്തമായി ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നവര്‍ ചുരുങ്ങും.
ഇന്ന് രാവിലെത്തന്നെ എന്താണ് സംഭവിച്ചത്? ദോശക്ക് ചമ്മന്തി പോരെന്ന് പരീക്കുട്ടി ഒന്ന് പറഞ്ഞതേയുള്ളൂ. അതിന് സാറ കൊടുത്ത മറുപടി ആശയവിനിമയത്തിന്റെ മികച്ച ഉദാഹരണമായിരുന്നു. ചമ്മന്തി നിര്‍മാണത്തിന്റെ വിശദാംശങ്ങളിലേക്ക് കടന്ന്, അതിന്റെ ചേരുവയും പ്രക്രിയയും സവിസ്തരം പ്രതിപാദിച്ച്, അതില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഹോട്ടലുണ്ടെന്നുകൂടി അറിയിച്ചു. ചമ്മന്തി ഇഷ്ടമില്ലാത്ത അരസികന്മാരെപ്പറ്റി വാചാലമായ നാലഞ്ചു വാക്യങ്ങള്‍ നിറപ്പകിട്ടോടെ അവര്‍ വര്‍ണിച്ചു. ആ വാക്കുകള്‍ക്ക് മറ്റെന്ത് കുറവുണ്ടായാലും (ഉദാഹരണത്തിന്, ശബ്ദതീവ്രത അതിന് അല്‍പം കൂടുതലായിരുന്നു) വ്യക്തതക്കുറവ് തീരെ ഉണ്ടായിരുന്നില്ല. പരീക്കുട്ടിക്ക് കാര്യം ശരിക്കും മനസ്സിലായി- 'കിട്ടിയ ചമ്മന്തിയും കൂട്ടി മിണ്ടാതെ തിന്ന്' എന്നാണ് വിനിമയം ചെയ്യപ്പെട്ട ആശയം.
ഒരാശ്വാസമുള്ളത്, ഏത് തര്‍ക്കത്തിലും അവസാനവാക്ക് പരീക്കുട്ടിയുടേതാകും എന്നതാണ്. സാറ വകവെച്ചുകൊടുക്കാറുണ്ട്. 'ശരി, അങ്ങനെത്തന്നെ' എന്നാണ് ആ വാക്ക്.
എല്ലാംകൊണ്ടും നല്ലൊരു കേള്‍വിക്കാരനാണ് പരീക്കുട്ടി ഇന്ന്. കേള്‍വി എന്ന കലയില്‍ മുന്‍നിരക്കാരന്‍. എന്ത് ജോലി കിട്ടിയാലും മറ്റുള്ളവര്‍ (പ്രത്യേകിച്ച് ഭാര്യ സാറ) പറയുന്നത് അയാള്‍ കേള്‍ക്കും.
മലയാളി പുരുഷന്മാര്‍ രണ്ടുതരക്കാരാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രാതലിനൊപ്പം പത്രം വായിക്കുന്നവരും ഒട്ടും തന്നെ പത്രം വായിക്കാത്തവരുമാണ് ഈ രണ്ടുതരക്കാര്‍. പരീക്കുട്ടി പത്രപാരായണത്തോടൊപ്പം ഭക്ഷണം കഴിക്കും; ഒപ്പം സാറ പറയുന്നതൊക്കെ കേള്‍ക്കും.
എന്നുവെച്ചാല്‍, കേള്‍ക്കുന്നുണ്ടെന്ന് അവരെ തോന്നിപ്പിക്കും. വായനക്കിടയില്‍ ചായ കഴിക്കുന്നവര്‍ക്കറിയാം ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന ജോലിയാണതെന്ന്. മനസ്സൊന്ന് തെറ്റിയാല്‍ കറി പത്രത്തിലൊഴിക്കും; പാത്രം മറിച്ചിട്ട് മറുപുറം വായിക്കും. അതിനിടക്ക് ഭാര്യവന്ന് സംസാരിച്ചാല്‍?
മുമ്പ് കോളജ് ക്ലാസില്‍ പരീക്കുട്ടി ചില ടെക്‌നിക്കുകള്‍ വികസിപ്പിച്ചിരുന്നു. കൈമുട്ടുകള്‍ ഡെസ്‌കില്‍ വെച്ച്, മുന്‍ കൈകള്‍ പൊക്കിവെച്ച്, കൈവിരലുകള്‍ തമ്മില്‍ ചേര്‍ത്ത് ഊഞ്ഞാലാക്കുക. അതില്‍ താടി അമര്‍ത്തി കണ്ണു തുറന്നു പിടിക്കുക. അധ്യാപകന്റെ ഓരോ വാക്കും സാകൂതം ശ്രദ്ധിക്കുന്ന പ്രതീതി ഇതുണ്ടാക്കും.
അതിന്റെ കുഴപ്പം മനസ്സിലായത് പിന്നീടാണ്. അറിയാതെ കണ്ണടഞ്ഞ് വിരലൂഞ്ഞാല്‍ മുറിഞ്ഞതും നിശ്ശബ്ദമായ ക്ലാസിലാകെ സ്‌ഫോടനം പോലൊരു ശബ്ദത്തോടെ തല ഡെസ്‌കിലടിച്ചതും ഒന്നിച്ചാണ്. അതില്‍പ്പിന്നെ ആ ടെക്‌നിക് ഒഴിവാക്കി.
വലത്തെ കൈമുട്ട് ഡെസ്‌ക്കില്‍ കുത്തി കൈയില്‍ മുഖം താങ്ങിനിര്‍ത്തലും അത്ര സുരക്ഷിതമല്ലെന്ന് മനസ്സിലായി.
എത്രയായാലും ഭാര്യ പറയുന്നത് ശ്രദ്ധിക്കേണ്ടി വരുന്നതിന്റെ അത്ര പ്രയാസം അതിനില്ല. അതുകൊണ്ട് പുതിയ രീതി പരീക്ഷിച്ചു.
മൂളിക്കൊണ്ടിരിക്കുക, ഇടക്ക് 'ആങ്ഹാ?' എന്ന് ആശ്ചര്യംകൊള്ളുക - ഇതാണ് രീതി. ചിലപ്പോള്‍ ഭാര്യ അകത്തേക്ക് പോയാലും ഭര്‍ത്താവ് മൂളിക്കൊണ്ടിരിക്കും എന്നതാണ് കുഴപ്പം. പക്ഷേ, ഇത് ഭാര്യ അറിയുന്നില്ല എന്നത് രക്ഷയാണ്. എന്നാല്‍ ശരിക്കും കുഴപ്പം മറ്റൊന്നാണ്. വലിയ സാമ്പത്തിക ബാധ്യതകള്‍ ചിലപ്പോള്‍ ഏറ്റുപോകും എന്നതാണാ കുഴപ്പം.
''... ആ കല്ല്യാണത്തിന്, പോകാതെ പറ്റില്ലല്ലോ'' - ഭാര്യ പറയുന്നു. ''ഹ്ംംം'' - ഭര്‍ത്താവ് മുളിക്കൊണ്ട്, ഒരു പണിമുടക്ക് വാര്‍ത്ത പരതുന്നതിനിടെ അപ്പം വായില്‍ വെക്കുന്നു.
''... അതിന് എനിക്ക് ഒരു സാരി വേണം'' - ഭാര്യ.
''ഹ്ംംം'' - ഭര്‍ത്താവ്.
''നല്ല സാരി തന്നെ ആയിക്കോട്ടെ, അല്ലേ?''
''ഹ്ംംം.''
''ടൗണിലെ മാളില്‍ തന്നെ പോകാം. ഇത്തിരി വില കൂടിയാലും നല്ല സാധനം കിട്ടും.''
ഈ സമയത്താണ് ഭര്‍ത്താവ് താന്‍ കുടുക്കില്‍ പെട്ടതറിയുന്നത്. എന്നാലും താന്‍ ഇതുവരെ ശ്രദ്ധിക്കാതിരുന്നത് അവളറിഞ്ഞിട്ടില്ലല്ലോ. ജയിച്ചത് താന്‍ തന്നെ.
ചായ കഴിക്കാത്ത സമയത്താണെങ്കില്‍ മൂളുന്നതിന് പകരം തലയാട്ടുന്നത് നല്ല തന്ത്രമാണ് - മൂളലിലെപ്പോലുള്ള കെണികള്‍ സൂക്ഷിക്കണമെന്നുമാത്രം. തലയാട്ടല്‍ താളത്തിലാവാതെ ശ്രദ്ധിക്കുകയും വേണം. പണ്ടത്തെ ക്ലാസ് ഓര്‍മ വരാനും ഉറക്കംതൂങ്ങി വീഴാനും അത് ഇടയാക്കും.
പരീക്കുട്ടി ഇപ്പോഴും പരീക്ഷണത്തിലാണ്. നല്ല കേള്‍വിക്കാരനായിരിക്കുക, ഒപ്പം കെണിയിലൊന്നും പെടാതിരിക്കുക- ഇതിനെന്തു വഴി എന്നാണ് നോക്കുന്നത്. നല്ല മാര്‍ഗം കണ്ടെത്തിയാല്‍ പേറ്റന്റ് സമ്പാദിക്കാനും ഉദ്ദേശ്യമുണ്ട്. നല്ല കച്ചവടസാധ്യതയുള്ളതാണത്രെ അത്.  
          

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top