കരുത്തുറ്റ വിത്തിട്ട് മുളപ്പിച്ച സന്തോഷത്തില്‍

ഫാത്തിമ ഉമര്‍ /ഫൗസിയ ഷംസ് No image

                 ആദ്യകാല പ്രസ്ഥാന നായകന്മാര്‍ കടന്നുപോയ വഴികളിലൂടെ ഇന്നത്തെ തലമുറയുടെ ജീവിതത്തിന് ദീനിന്റെ ഊടും പാവും നെയ്യാനായി പ്രയത്‌നിച്ച ഫാത്തിമ ഉമറിനെ എന്തുകൊണ്ടോ പുതുതലമുറക്ക് അജ്ഞാതമാണ്.   പ്രൊഫസര്‍ സിദ്ദീഖ് ഹസന്‍ സാഹിബിനെ കാണാനായി പൊന്നാനിയില്‍നിന്നും കോഴിക്കോട് ഹിറാ സെന്ററില്‍ വന്നതായിരുന്നു അവര്‍. കോഴിക്കോടുള്ള മകളുടെ വീട്ടില്‍ അല്‍പദിവസം താമസിക്കുന്നതിനിടയിലാണ് അവരെ ചെന്നു കണ്ടത്. വാര്‍ധക്യത്തിന്റെ അവശതകളും മറവിയും ഏറെയുണ്ടെങ്കിലും അന്‍പതുകളിലെ പ്രാസ്ഥാനിക അനുഭവങ്ങള്‍ വര്‍ധിച്ച ആവേശത്തോടെ അവര്‍ പറയാന്‍ തുടങ്ങി.
''അന്ന് പൊന്നാനിയില്‍ സാധാരണ സ്ത്രീകളാരും പൊതുരംഗത്തോ സമൂഹ്യരംഗത്തോ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ആ കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് വരാനും പ്രവര്‍ത്തിക്കാനും എനിക്ക് കഴിഞ്ഞു.  സ്ത്രീകള്‍ പുറത്തിറങ്ങുന്നതും പഠിക്കുന്നതും വിലക്കിയ  കാലത്ത് സമൂഹത്തില്‍നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും  ബാപ്പയും ഭര്‍ത്താവും സജീവ പ്രവര്‍ത്തകരായിരുന്നതിനാല്‍ അവര്‍ തന്നെയായിരുന്നു എന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിച്ചത്.   
അന്ധവിശ്വാസവും അനാചാരവും കൊടികുത്തി വാണ കാലത്ത്, യഥാര്‍ഥ ഇസ്‌ലാമിക സന്ദേശം എത്തിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനം പാടുപെടുന്ന കാലത്ത് അതിന്റെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞതാണ് അല്ലാഹു ഈ ദുനിയാവില്‍ എനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം. അന്ന്  ഇന്നത്തെ പോലെ കുടുംബഭദ്രത അറ്റുപോയിട്ടില്ലെങ്കിലും പാരമ്പര്യമായി ദീനില്‍ കടന്നുകൂടിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കാരണം അതിന്റെ ചൈതന്യം പൂര്‍ണമായും ചോര്‍ന്നുപോയിരുന്നു. ഇസ്‌ലാമിലെ ആരാധനകള്‍ എന്താണെന്നും അതെങ്ങനെ ചെയ്യണമെന്നും അറിയാത്തവരായിരുന്നു മുസ്‌ലിംകളിലധികവും. പലരുടെയും ധാരണ, ചെറിയ പ്രായത്തില്‍ നമസ്‌കാരം ആവശ്യമില്ലെന്നായിരുന്നു. പ്രായമായി മരിക്കുമെന്ന അവസ്ഥയെത്തിയവര്‍ക്കാണ്  അത് നിര്‍ബന്ധമെന്ന് ചിന്തിക്കുന്നവരായിരുന്നു പലരും.  ഇവരുടെ ഇടയിലായിരുന്നു എനിക്ക് പ്രവര്‍ത്തിക്കേണ്ടിയിരുന്നത്.
ഞാന്‍ ഉയര്‍ന്ന വിദ്യാഭ്യാസമൊന്നും നേടിയ ആളല്ല. പക്ഷേ, ചെറുപ്പത്തിലേ വായന ഒരു ഹരമായിരുന്നു. കൈയില്‍ കിട്ടുന്നതെന്തും വായിക്കും. എസ്.കെ പൊറ്റക്കാട്, തകഴി, ബഷീര്‍, ചങ്ങമ്പുഴ തുടങ്ങി അന്ന് പ്രശസ്തരായവരുടെ കൃതികളൊക്കെ വായിച്ചു. ഇസ്‌ലാമിലെ ആരാധനകളെ കുറിച്ചും ജീവിതരീതിയെ കുറിച്ചും എനിക്ക് അറിവ് പകര്‍ന്നുതന്നത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മഹത്തായ പുസ്തകങ്ങളാണ്. കന്യാകുമാരി മുതല്‍ കാസര്‍കോഡ് വരെ ഞാന്‍ പ്രസംഗിക്കാന്‍ പോയിട്ടുണ്ട്. എന്റെ വിഷയം പ്രധാനമായും കുടുംബത്തെ കുറിച്ചായിരിക്കും. പ്രസംഗിക്കാന്‍ പോകുന്നതിനു മുമ്പ് ഐ.പി.എച്ചില്‍ നിന്നും അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി വായിക്കും. അന്ന് പ്രധാനമായും ഓരോ വീട്ടില്‍ വെച്ചായിരിക്കും ക്ലാസ്സ്. ഞങ്ങളെ 'പുത്തന്‍ മതക്കാര്‍' എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തിയിരുന്ന കാലമായിരുന്നു അത്.
എന്റെ ഭര്‍ത്താവ് ഉമര്‍ അവരുടെ ഉമ്മയുടെ ഏക മകനാണ്. അദ്ദേഹത്തിന്റെ ഉപ്പ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. ആദ്യകാലത്ത്  മുസ്‌ലിംലീഗിലെ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു അദ്ദേഹം. അപ്പോഴാണ് എടയൂര്‍ ഹാജി സാഹിബ് പൊന്നാനിയില്‍ വന്ന് ജമാഅത്തിനെ പരിചയപ്പെടുത്തിയത്.  അതോടെ അദ്ദേഹവും എന്റെ ബാപ്പയും  ജമാഅത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. 'പുത്തന്‍ ആശയക്കാരന്‍' എന്നുപറഞ്ഞ് എല്ലാവരും അവരെ അതോടെ ഒറ്റപ്പെടുത്തി. ആയിടക്ക് എടപ്പാളില്‍ വെച്ച് ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രസംഗം കേള്‍ക്കാന്‍ പോയവരില്‍ പലര്‍ക്കും നാട്ടുകാരില്‍നിന്നും അടികിട്ടി. അടിയേറ്റവരില്‍ ഉമറിനൊപ്പം സര്‍ദാര്‍ കെ.സിയും ഉണ്ടായിരുന്നു.
അങ്ങനെയുള്ള അദ്ദേഹത്തിന് ബാപ്പ എന്നെ വിവാഹം കഴിച്ച് കൊടുത്തത് വലിയ ചര്‍ച്ചയായിരുന്നു. കെ.സി സര്‍ദാറിന്റെ രണ്ട് മക്കളാണ് പില്‍ക്കാലത്ത് എന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചത്. ഞങ്ങളെ പുത്തന്‍ ആശയക്കാര്‍ എന്ന് പറയുന്നതില്‍ പ്രധാന കാരണം അവിടെ നടന്നിരുന്ന കല്യാണ ആചാരങ്ങളായിരുന്നു. അന്ന് പൊന്നാനിയില്‍ കല്യാണമെന്നാല്‍ ഭയങ്കര ഉത്സവം പോലെയായിരുന്നു. ഇതൊന്നുമില്ലാതെയായിരുന്നു എന്റെ നിക്കാഹ്. അന്നത് പൊന്നാനിക്കാര്‍ക്ക് അതിശയമായിരുന്നു. അതൊക്കെ നല്ലൊരു കാര്യമായിട്ടാണ് എല്ലാവര്‍ക്കും ഉള്ളില്‍ തോന്നിയത്. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ അവര്‍ പാത്തും പതുങ്ങിയും നോക്കും. നല്ല കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നതെന്ന് അടക്കം പറയും.  കര്‍ശനമായി മത ചിട്ടകള്‍ പാലിക്കുന്നത് കാണുമ്പോള്‍ വസ്‌വാസാണ്, എന്തോ ബാധയേറ്റതുകൊണ്ടാണിങ്ങനെ ചെയ്യുന്നത് എന്നായിരുന്നു അവരുടെ വിചാരം. എന്നാലും ഇവരെന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ വിളിച്ചാല്‍ ആളുകള്‍ വരുമായിരുന്നു. പത്തു മുപ്പത് പേര് എന്തായാലും കാണും. ഒരു വീട്ടില്‍ തന്നെ കുറെയാളുള്ള കാലമല്ലേ, പറയുന്നതൊക്കെ എല്ലാവരും ശ്രദ്ധിച്ച് കേള്‍ക്കും. ഞങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അടക്കം പറയും.
അന്ന് കുടുംബത്തിലാരെങ്കിലും മരിച്ചാല്‍ എത്ര സ്‌നേഹമുള്ള ആളായാലും അവര്‍ക്കു വേണ്ടി മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ അടുത്ത ബന്ധുക്കളാരും മുതിരാറില്ല. മയ്യിത്തിന് വേണ്ടി വീട്ടില്‍ നിന്ന് പെണ്ണുങ്ങള്‍ നമസ്‌കരിക്കാറില്ല. കുളിപ്പിക്കുന്നത് കൂലികൊടുത്ത് വരുത്തുന്ന സ്ത്രീകളായിരിക്കും. ഞാനും അവരുടെ കൂടെ സഹായിക്കുവാന്‍ നില്‍ക്കുമായിരുന്നു. ഇതൊന്നും ഇസ്‌ലാമികമല്ലെന്നും  ഇസ്‌ലാമിന്റെ ചര്യ ഇന്നതാണെന്നും പറഞ്ഞ് നിരവധി ക്ലാസ്സുകള്‍ നടത്തിയപ്പോള്‍ അതിനൊക്കെ പതിയെ മാറ്റമുണ്ടായി. കേരളത്തിലങ്ങോളമിങ്ങോളം ഇങ്ങനെ ക്ലാസ്സെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫിലും പോയി ക്ലാസ്സെടുത്തിട്ടുണ്ട്. പ്രസംഗിക്കാന്‍ പോകുമ്പോള്‍ നോട്ട് എഴുതിത്തയ്യാറാക്കുന്ന സ്വഭാവം ഇല്ല. എന്റെ മുന്നില്‍ പ്രസംഗിച്ചവര്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ട് തുടങ്ങും. അന്നത്തെ കാലത്ത് ഷാര്‍ജയില്‍ നഫീസത്ത് ബീവിയെ പോലുളള പ്രഗല്‍ഭരായ സ്ത്രീകള്‍ പങ്കെടുത്ത ക്ലാസ്സില്‍ എനിക്ക് പ്രസംഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന പല അനുഭവങ്ങളും എന്റെ ഇത്തരം യാത്രകളില്‍ ഉണ്ടായിട്ടുമുണ്ട്. ഒരിക്കല്‍ കുറ്റിയാടിയില്‍ പ്രസംഗിക്കാന്‍ ക്ഷണം കിട്ടി. വലിയ സദസ്സായിരുന്നു. പ്രസംഗിച്ചുകൊണ്ടിരിക്കെ എന്തോ ഒരു വല്ലായ്മപോലെ തോന്നി. പറഞ്ഞ വാക്കുകള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. വാക്കുകള്‍ കുഴഞ്ഞ് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയായി. അന്ന് എന്റെ രക്ഷക്കെത്തിയത് മകളായിരുന്നു. സദസ്സിലുണ്ടായിരുന്ന മകള്‍ ഷഹര്‍ബാനു ഉടനെ കയറിവന്ന് സദസ്സ് അലങ്കോലമാകാതെ ബാക്കി ഭാഗങ്ങള്‍ പ്രസംഗിച്ച് പൂര്‍ത്തിയാക്കി. അന്നവള്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്നു.
ഇന്നത്തേതിനേക്കാള്‍ നല്ലൊരു ബന്ധമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്നുണ്ടായിരുന്നത് എന്ന് എനിക്ക് തോന്നുന്നു. അന്ന് വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ക്ലാസ്സുകള്‍. കുടുംബക്കാരെയും അയല്‍ക്കാരെയും അടുത്തറിയാന്‍ അത് വഴിവെച്ചു. പറയുന്ന കാര്യം മുഴുവന്‍ ഉള്‍ക്കൊള്ളില്ലെങ്കിലും എന്താണ് പറയുന്നതെന്നറിയാന്‍ ആകാംക്ഷയോടെ ഒരുപാട് സ്ത്രീകള്‍ വരുമായിരുന്നു. അമ്പത് പേരെങ്കിലും ഓരോ ക്ലാസ്സിലുമുണ്ടാകും.
1953-ന് ശേഷമാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ പരിപൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.  1953-ലാണ് എന്റെ വിവാഹം കഴിഞ്ഞത്. അന്ന് പ്രസ്ഥാനവഴിയില്‍ എനിക്ക് കരുത്തേകിയത് ഐ.പി.എച്ചിന്റെ  പുസ്തകങ്ങളായിരുന്നു. ഞാന്‍ ഐ.പി.എച്ചിന്റെ പല പുസ്തകങ്ങളും വായിച്ചു. ഖുര്‍ആന്‍ പഠനം, ഹദീസ്, സ്ത്രീകളെ കുറിച്ചുള്ള പുസ്തകങ്ങള്‍, സൈനബുല്‍ ഗസ്സാലി, ഖുതുബാത്ത്, രക്ഷാസരണി തുടങ്ങി പല പുസ്തകങ്ങളും. ആ വായനയില്‍ നിന്നെല്ലാം ചെറിയ കുറിപ്പുകള്‍ ഉണ്ടാക്കും. അതുപോലെ പത്രങ്ങളിലെ പ്രധാനപ്പെട്ടതെന്ന് തോന്നുന്ന കാര്യങ്ങളുടെ കട്ടിംഗ്‌സും ഞാന്‍ സൂക്ഷിച്ച് വെക്കും. അങ്ങനെ അതില്‍നിന്നൊക്കെ കിട്ടിയ അറിവുമായി  ആരുടെയും മുന്നില്‍ ഭയമില്ലാതെ കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങി. പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ഏത് സ്‌കൂളിലാണ് പഠിച്ചതെന്ന്. ഞാനവരോട് പറഞ്ഞത് ഐ.പി.എച്ചാണ് എന്റെ വിദ്യാലയമെന്നാണ്.
ആദ്യമൊക്കെ സ്ത്രീകള്‍ക്കുമാത്രമായി ക്ലാസ്സുകളുണ്ടായിരുന്നില്ല. പുരുഷന്മാരുടെ ഇജ്തിമാഅ ് എന്ന പേരില്‍ പൊന്നാനിയില്‍ ജമാഅത്തുമായി ബന്ധപ്പെട്ട ആളുകള്‍ പത്തുപന്ത്രണ്ടുപേര്‍ ഉണ്ടാകും. അന്ന് പൊന്നാനി അമീര്‍ എന്റെ ഭര്‍ത്താവായ സി.വി ഉമ്മറാണ്. എല്ലാ വെള്ളിയാഴ്ചയും പൊന്നാനിയിലെ വണ്ടിപേട്ട എന്ന സ്ഥലത്ത് കാലത്ത് സംബന്ധിച്ച് ക്ലാസ്സുകള്‍ എടുക്കും. ഖുര്‍ആനില്‍നിന്നും ഒന്നോ രണ്ടോ ആയത്ത് ഓതി അതിന്റെ അര്‍ഥം പറഞ്ഞ് ചെറുതായൊന്ന് വ്യാഖ്യാനിച്ച് പറയും. ഒരു തവണ ഖുര്‍ആനാണെങ്കില്‍ അടുത്ത ക്ലാസ്സ് ഹദീസായിരിക്കും. ഏതെങ്കിലും ഒരു സാഹിത്യം തുടര്‍ച്ചയായി വായിക്കും. ആളുകള്‍ മാറിമാറിയാണ് വായിക്കുക. ഓരോ ആഴ്ചയും അടുത്തയാഴ്ച വായിക്കേണ്ട ആളെ മുന്‍കൂട്ടി നിശ്ചയിക്കും.  കിതാബ് ഓതിയവര്‍ ചിലര്‍ ഉണ്ടായിരുന്നെങ്കിലും ആരും വലിയ പാണ്ഡിത്യം ഉള്ളവരായിരുന്നില്ല. അതുകൊണ്ട് എടുക്കേണ്ട ഭാഗങ്ങള്‍ നല്ലവണ്ണം പഠിച്ച് വരും. ഒന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് മിക്കവാറും ക്ലാസ്സുകള്‍ അവസാനിക്കും. അടുത്തയാഴ്ച പള്ളിയില്‍ പോയി ആളുകളെ കണ്ട്, സംസാരിക്കുന്നതിനു വേണ്ടിയുള്ള ആളുകളെ അവിടെ നിന്നു തന്നെ തരംതിരിക്കും. ഓരോരുത്തരും ഇത്ര വീട് സ്‌ക്വാഡ് വര്‍ക്ക് നടത്തണമെന്ന് തീരുമാനിക്കും. അവര്‍ക്ക് കൊടുക്കുന്ന സാഹിത്യങ്ങള്‍ ഐ.പി.എച്ചില്‍നിന്നും പൈസ കൊടുത്തുവാങ്ങുന്നതാണ്. പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കമ്മീഷന്‍ ബൈത്തുല്‍മാലില്‍ നിക്ഷേപിക്കും. ചിലര്‍ക്ക് പൈസകൊടുക്കാതെത്തന്നെ പുസതകങ്ങള്‍ കൊടുക്കും. ക്ലാസ്സില്‍ വരുന്നവര്‍ എല്ലാ ആഴ്ചയും അവരവര്‍ക്ക് കഴിയുന്ന സംഭാവന കൊടുക്കണമെന്നത് നിര്‍ബന്ധമാണ്.
പരിചയമുള്ളവരൊക്കെ ക്ലാസ്സില്‍ വരാന്‍ തുടങ്ങി. മുന്‍കാല പ്രവര്‍ത്തകരില്‍  ബിസ്മി അബ്ദുല്ല, ടി.വി ഹാജി, പി.ടി അബൂബക്കര്‍, പി.വി.സി മുഹമ്മദ്, അദ്രു, കുഞ്ഞിമുഹമ്മദ്ഹാജി, ടി.വി ഇബ്രാഹീം, എം.പി.എം ഇസ്മാഈല്‍, ഹംസ ഹാജി, സൈനുദ്ദീന്‍ ഹാജി, കുഞ്ഞാക്ക,  ഇമ്പിച്ചി, ബാവൂട്ടി മാഷ്, ബിസ്മി ഹാജി, എം.സി സമദ്,  വി.പി ഹംസ ഹാജി... അങ്ങനെ പലരും അക്കാലത്തെ എന്റെ സമകാലികരായിരുന്നു അവരില്‍ പലരും മരിച്ചു. അവരൊക്കെയും സമ്പത്തുകൊണ്ടും സമയംകൊണ്ടും പ്രസ്ഥാനത്തിനു വേണ്ടി അകമഴിഞ്ഞ് സഹായിച്ചവരാണ്. അവരുടെയൊക്കെ പ്രവര്‍ത്തനംകൊണ്ട് പൊന്നാനിയില്‍ പ്രസ്ഥാനം സജീവമായി. അവരുടെ കൂടെ സ്ത്രീയായിട്ട് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്ത്രീകളും വരാന്‍ തുടങ്ങിയപ്പോള്‍ അവരെയൊക്കെ പങ്കെടുപ്പിച്ച് സ്ത്രീകള്‍ക്കു മാത്രമായി ക്ലാസ്സെടുക്കാന്‍ തുടങ്ങി. ടൗണില്‍ പ്രവര്‍ത്തകരുടെ  വീട്ടില്‍ വെച്ചായിരുന്നു ക്ലാസ്സ് നടന്നിരുന്നത്.  പിന്നെ പൊന്നാനിയിലെ പള്ളിയില്‍ വെച്ച് ക്ലാസ്സ് നടത്താന്‍ തുടങ്ങി. ഖത്തീബ് കെ.എന്‍ അബ്ദുല്ല മൗലവിയെ പോലുള്ളവരായിരുന്നു ക്ലാസ്സ് നടത്തിയത്. വി മൂസ മൗലവി, പള്ളിക്കര സൈദ് സാഹിബ് തുടങ്ങിയവരൊക്കെ ക്ലാസ്സെടുക്കാന്‍ തുടങ്ങി. അവരുടെയൊക്കെ  സംസാരം കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നും. അവരുടെ എല്ലാ പരിശ്രമങ്ങളും ദീനിനു വേണ്ടി തന്നെയായിരുന്നു. അന്ന് പൊന്നാനിയില്‍ നിന്ന് എനിക്കൊപ്പം ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുത്ത   അഞ്ച് പേരില്‍ ഞാന്‍ മാത്രമേ സ്ത്രീയായി ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് എന്നെക്കൊണ്ട് കഴിയുന്നത്ര പ്രവര്‍ത്തിക്കാന്‍ എനിക്കായിട്ടുണ്ട്. പക്ഷേ, അതൊന്നും ഒരു ത്യാഗമായി ഞാന്‍ കാണുന്നില്ല. വളരെ സന്തോഷത്തോടെയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. കാരണം, കഴിഞ്ഞുപോയ സഹാബത്തും അവരുടെ ഭാര്യമാരും അനുഭവിച്ച ത്യാഗാനുഭവങ്ങളൊന്നും നമുക്കുണ്ടായിട്ടില്ലല്ലോ. പ്രസ്ഥാനത്തിന്റെ പഴയ തലമുറയിലെ നേതാക്കന്മാരോടെല്ലാം ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അവരെല്ലാവരും വീട്ടിലെ സന്ദര്‍ശകരായിരുന്നു.
എടയൂരില്‍നിന്ന് ഹാജി സാഹിബ് പൊന്നാനിക്ക് വന്നത് മുതല്‍ ഞങ്ങളുടെ കുടുംബം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സ്ത്രീകളുടെ ഇടയില്‍ അന്നുതൊട്ടേ സജീവപ്രവര്‍ത്തനം നടത്തിയിരുന്നു. നാസിമത്തായും  സെക്രട്ടറിയായും ഖജാന്‍ജിയായും സേവനമനുഷ്ഠിച്ചു. ബൈത്തുല്‍ മാലിന്റെ കാര്യത്തിലും മികച്ചുനിന്നു. അന്ന് പുരുഷന്മാരുടെ ക്ലാസ്സ് സുബ്ഹിക്ക് ശേഷം പള്ളിയില്‍ വെച്ചാണ്് നടക്കാറ്. ഞാനൊരു പെണ്ണ് മറക്കിപ്പുറം ഇരുന്ന് അതില്‍ പങ്കുകൊണ്ടു. അവിടെ നിന്നാണ് ഓരോ തീരുമാനങ്ങളും എടുത്തിരുന്നത.് സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ടുള്ള ക്ലാസ്സുകള്‍ അധികവും നടന്നിരുന്നത് ഐ.എസ്.എസ്സില്‍ വെച്ചായിരുന്നു. സാഹിത്യങ്ങള്‍ ഞങ്ങള്‍ ഓരോരുത്തരും വാങ്ങി  എല്ലാവര്‍ക്കും വായിക്കാന്‍ കൊടുക്കും. ഐ.പി.എച്ച് ഇറക്കുന്ന മിക്ക പുസ്തകങ്ങളും ഞങ്ങള്‍ വാങ്ങിവെക്കും, വായിക്കും. 'മുസ്‌ലിം വനിതകളും ഇസ്‌ലാമിക പ്രബോധനവും' എന്ന അബുല്‍ അഅ്‌ലാ മൗദൂദിയുടെയും അമീന്‍ അഹ്‌സന്‍ ഇസ്ലാഹിയുടെയും പ്രഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം എനിക്ക് കാണാപ്പാഠമായിരുന്നു. അന്ന് ഹല്‍ഖ കഴിഞ്ഞാല്‍ ആശുപത്രി, രോഗസന്ദര്‍ശനം, മൗനത്തുല്‍ ഇസ്‌ലാം സഭ തുടങ്ങി പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ പോകാറുണ്ട്.
അന്ന് പൊന്നാനിയില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് പുറത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അക്കാലത്ത് തന്നെ എനിക്ക് ഡ്രൈവിംഗ് പഠിക്കാന്‍ സാധിച്ചു. പൊന്നാനിയില്‍ അന്ന് മുസ്‌ലിം സ്ത്രീകളാരും വണ്ടിയോടിച്ചിരുന്നില്ല; പ്രത്യേകിച്ച് പര്‍ദ്ദ ധരിച്ചും. ഡ്രൈവിംഗ് പഠിച്ച ശേഷം ആണുങ്ങള്‍ക്കും ഡ്രൈവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടുങ്ങിയ വഴികളിലൂടെയും ബസ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലൂടെയും പ്രസ്ഥാന ആവശ്യത്തിനായി പോകേണ്ടതുണ്ടായിരുന്നു. ഏതെങ്കിലും പ്രവര്‍ത്തകന്റെ പെട്ടെന്നുള്ള മരണമോ അസുഖമോ നാട്ടിലേതെങ്കിലും പെണ്ണുങ്ങള്‍ക്ക് പ്രസവ വേദനയോ എന്തുണ്ടായാലും ഉടനെ ഞാന്‍ വണ്ടിയുമായി ഇറങ്ങും. അന്ന് നമ്മുടെ നാട്ടില്‍ പുതുതായി ആരംഭിച്ച 'മുനമ്പത്ത് ബീവി' ജാറം കാണാന്‍ പെണ്ണുങ്ങള്‍ മാത്രമായി എന്റെ വാഹനത്തില്‍ പോയി. ഞങ്ങളെ നന്നായി അറിയുന്നവരാണ് നാട്ടുകാര്‍.  ആ ഭാഗത്തെ കുട്ടികള്‍ ചുറ്റും കൂടി 'ഛലോ ഛലോ ഐ.എസ്.എസ്' എന്ന് ആരവം മുഴക്കി ഞങ്ങളുടെ കൂടെ കൂടി. അവര്‍ക്കെല്ലാം നന്നായറിയാം ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ലെന്ന്. അവര്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചതൊന്നും ഇല്ല. ഒരു രസം, അവര്‍ക്കും ഞങ്ങള്‍ക്കും. പൊതുപ്രവര്‍ത്തനം അന്നും ഇന്നും ചെയ്യാന്‍ വലിയ ഉത്സാഹമാണ്. മറ്റുള്ളവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍, വിധവാപെന്‍ഷന്‍, വാര്‍ധക്യപെന്‍ഷന്‍ തുടങ്ങിയവ അര്‍ഹരായവര്‍ക്ക് കിട്ടാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനായിട്ടുണ്ട്. ഒരിക്കല്‍ തിരൂരില്‍ ഒരു യോഗത്തില്‍ സിദ്ദീഖ് ഹസന്‍ സാഹിബ് 'ഇങ്ങനത്തെ കാര്യങ്ങള്‍ നിങ്ങളൊക്കെ ചെയ്തിട്ടുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ 'ഉണ്ട് എന്ന് മാത്രമല്ല  ഒമ്പത് പേര്‍ക്ക് വാങ്ങിക്കൊടുക്കാനും കഴിഞ്ഞു' എന്ന് ഞാന്‍ മറുപടി പറഞ്ഞു. അന്ന് ഓരോരുത്തരെയും കണ്ട് കാര്യങ്ങള്‍ സാധിച്ചുകൊടുത്തിരുന്നു. ഇപ്പോള്‍ ഫോണില്‍ കൂടി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നു.
ഒരയല്‍വാസിക്ക് രാത്രിയില്‍ പ്രസവ വേദന വന്നു. അടുത്തൊന്നും ഒരു വണ്ടിയും കിട്ടാനില്ല, അവരുടെ ഉപ്പ ഓടിവന്ന് 'എന്റെ മകളെ ഹോസ്പിറ്റലില്‍ എത്തിക്കണ'മെന്ന് പറഞ്ഞു. രാത്രികാലങ്ങളില്‍ ഞാന്‍ വണ്ടി ഓടിക്കാറില്ലെങ്കിലും അത്യാവശ്യകാര്യമായതിനാല്‍ രാത്രിയില്‍ പോയി. ആ സ്ത്രീ സുഖമായി പ്രസവിച്ചു.
1975-നു മുമ്പാണ് ഞാന്‍ ജമാഅത്ത് റുക്‌നായി അംഗത്വമെടുത്തത്. ടി.കെയാണ് മുലാഖാത്ത് നടത്തിയതെന്നാണ് എന്റെ ഓര്‍മ. രണ്ട് പേരാണ് അന്ന് സ്ത്രീകളില്‍നിന്നും അംഗത്വമെടുത്തത്. ഞാനും ഫാത്തിമ കൊടിഞ്ഞിയും. അതില്‍ ഫാത്തിമ കൊടിഞ്ഞി അല്ലാഹുവിലേക്ക് യാത്രയായി. പ്രസ്ഥാന പ്രവര്‍ത്തന വഴിയില്‍ ഒരുപാട് ഓര്‍മകളുണ്ട്. അതിലേറ്റവും മനസ്സില്‍ തങ്ങിനില്‍ക്കുന്നത് അടിയന്തരാവസ്ഥയിലെ സംഭവങ്ങളാണ്. ജമാഅത്തുകാരെ അറസ്റ്റു ചെയ്യാന്‍ വരുമെന്ന വിവരം കിട്ടിയിരുന്നു. എന്റെ ഭര്‍ത്താവിനെയും ബാപ്പയെയും പോലീസുകാര്‍ വന്ന് അറസ്റ്റു ചെയ്ത് കൊണ്ടുപോയി. ഭര്‍ത്താവ് ഖുതുബ കഴിഞ്ഞു വന്നപ്പോഴാണ് വീട്ടില്‍ പോലീസുകാര്‍ വന്നത്. ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ്  അവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സമയം ഏറെ കഴിഞ്ഞിട്ടും വരാത്തതിനാല്‍ അന്വേഷിച്ചു ചെന്നതായിരുന്നു ഉപ്പ.  രണ്ടാളേയും കാണാത്തതിനാല്‍ ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുചോദിച്ചു, അപ്പോഴാണ് അറിയുന്നത് രണ്ടാളെയും അറസ്റ്റു ചെയ്‌തെന്ന്. എന്തിനാണെന്ന് ഫോണിലൂടെ അന്വേശിച്ചപ്പോള്‍  രണ്ടാളും ജമാഅത്ത് പ്രവര്‍ത്തകരായതിനാലാണ് അറസ്റ്റുചെയ്തതെന്ന് എസ്.ഐ പറഞ്ഞു. 'ജമാഅത്ത് പ്രവര്‍ത്തകരായതിനാലാണ് ബാപ്പയെയും ഭര്‍ത്താവിനെയും അറസ്റ്റു ചെയ്തതെങ്കില്‍ എന്നെ മാത്രം നിങ്ങളെന്തിനാണ് ഒഴിവാക്കിയത്. എന്നെയാണ് ആദ്യം അറസ്റ്റു ചെയ്യേണ്ടത്. ഞാനും ജമാഅത്ത് പ്രവര്‍ത്തകയാണ്' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'എന്നാല്‍ നിങ്ങളെ അറസ്റ്റു ചെയ്യാന്‍ വനിതാ പോലീസിനെ അയച്ചേക്കാ'മെന്ന് പറഞ്ഞ് പരിഹസിച്ചു. ഞാന്‍ നേരെ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. കൂടെ മകളുമുണ്ടായിരുന്നു. ഞങ്ങളില്‍ യാതൊരു ഭാവമാറ്റവും കാണാത്തതില്‍ അവര്‍ക്ക് അതിശയമായിരുന്നു. 'വിശ്വാസത്തിന്റെ കരുത്തല്ലേ അവര്‍ക്ക്' എന്നൊക്കെ പറഞ്ഞ് കൂട്ട പരിഹാസമായിരുന്നു.   പ്രസ്ഥാനപ്രവര്‍ത്തകരായ ഒരുപാട് ആളുകളുടെ വീട്ടിലേക്ക് ഞാനന്ന് പോയി. എല്ലാവരെയും സമാധാനിപ്പിച്ചു. ഇന്ന് തീവ്രവാദികളെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അവരെ കാണാന്‍ പോകാന്‍ പേടിയല്ലേ. അതുപോലെയായിരുന്നു ഞങ്ങളുടെ അന്നത്തെ അവസ്ഥ. ഞങ്ങളെ കാണുമ്പോള്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. ആരും ഒന്നും സംസാരിക്കുകയില്ല. എനിക്ക് ആരെയും വകവെക്കുന്ന സ്വഭാവമില്ല. ബാപ്പയില്‍നിന്ന് കിട്ടിയ സ്വഭാവമാണത്. ഞാനും മകളും ജയിലിലുണ്ടെന്നറിഞ്ഞ് മാതൃഭൂമി പത്രത്തിലെ ചോയുണ്ണി എസ്.ഐ.യോട് വിളിച്ച് ചോദിച്ചു 'നിങ്ങള്‍ എന്താണ് ചെയ്യുന്നത് അവരെല്ലാം സമൂഹത്തില്‍ മാന്യന്മാരായി ജീവിക്കുന്നവരല്ലേ'യെന്ന്. അവരെ പൊന്നാനിയില്‍നിന്ന് മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി. അഞ്ച് ദിവസം കഴിഞ്ഞ് നിരുപാധികമാണ് അവരെ വിട്ടത്. അവര്‍ക്കു വേണ്ടി ഞാന്‍ തന്നെയാണ് ജാമ്യം നിന്നിരുന്നത്.
ഒരുകാലത്ത് പൊന്നാനിക്കാര്‍  എന്നെ 'അജിതപ്പെണ്ണ് എവിടെപ്പോയി' എന്ന് പറഞ്ഞ് കളിയാക്കി ജാഥ വിളിച്ചു നടന്നിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ഇലക്ഷനിലായിരുന്നു പ്രസ്ഥാനം ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിക്കെതിരെയായിരുന്നു വോട്ട.് ഞങ്ങള്‍ വോട്ട് ചെയ്ത പൊന്നാനി മണ്ഡലത്തിലെ  ഇടതുപക്ഷ സ്ഥാനാര്‍ഥി തോറ്റു. അതുകൊണ്ടാണ് അങ്ങനെ ജാഥ വിളിച്ചത്.
  എന്റെ ഉപ്പ പൊന്നാനിക്കാരനാണ്. 'ചെറിയ മക്ക' എന്നാണ് പൊന്നാനി അന്ന് അറിയപ്പെട്ടിരുന്നത്. 'മഖ്ദൂം' തറവാട്ടുകാരാണ് അധിക പേരും. പൊന്നാനിയിലെ തൊണ്ണൂറ് ശതമാനം ആളുകളും ആലിമീങ്ങളും പണ്ഡിതന്മാരും ദീന്‍ നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നവരും അതിനു വേണ്ടി ത്യാഗം ചെയ്യുന്നവരുമാണ്. എല്ലാവരും സമ്പാദ്യത്തിന്റെ നല്ല പങ്ക് പള്ളികള്‍ക്കും മറ്റു ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിച്ചവരായിരുന്നു. ഉസ്താദുമാരുടെ  ഭക്ഷണം മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ ഒത്തൊരുമിച്ച് ചെയ്യുകയും ചെയ്തിരുന്നു. അതിന്റെ ഉദാഹരണമാണ് ഇന്നും നിലനില്‍ക്കുന്ന ജുമുഅത്ത് പള്ളി. അക്കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ് ഐ.എസ്.എസ് എന്ന സ്ഥാപനം പൊന്നാനിയില്‍ തുടങ്ങിയത്. അഞ്ച് പെണ്‍കുട്ടികളെ കൊണ്ടാണ് അത് തുടങ്ങിയത്. ചേന്ദമംഗല്ലൂരിലെ ബനാത്ത്‌പോലെയായിരുന്നു പെണ്‍കുട്ടികള്‍ക്കന്നത്. അവിടെ പെണ്‍കുട്ടികള്‍ക്ക് മതപഠന ക്ലാസ്സെടുക്കാനും ക്രാഫ്റ്റ് ക്ലാസ്സെടുക്കാനും പോയിരുന്നു. അതിന്റെ വര്‍ക്കിംഗ് കമ്മറ്റി മെമ്പറായിരുന്നു ഞാന്‍.
പൊന്നാനിയിലെ എ.പി.എം തറവാട്ടിലാണ് എന്റെ ഉപ്പ കുഞ്ഞിമുഹമ്മദ് ജനിച്ചത്. എന്റെ ഉമ്മ സൈനബ. ഉപ്പ നല്ല കോണ്‍ഗ്രസ്സുകാരനും സജീവ പ്രവര്‍ത്തകനുമായിരുന്നു. അമ്മാവന്‍ എ.പി.എം അബ്ദുല്‍ അസീസും സ്വതന്ത്ര്യ സമര സേനാനിയായിരുന്നു. ഖിലാഫത്ത് സമരത്തിലും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം വാഗണ്‍ട്രാജഡിയില്‍നിന്നും രക്ഷപ്പെട്ട ആളാണ്. പിന്നീട് ഇന്ത്യ സ്വാതന്ത്രമായപ്പോള്‍ അതിന്റെ പെന്‍ഷന്‍ അവരുടെ ഭാര്യക്ക് കിട്ടിക്കൊണ്ടിരുന്നു.  
സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കുട്ടിയായിരുന്ന ഞാന്‍ ഇന്ത്യയുടെ കൊടിയും പിടിച്ച് ജാഥ വിളിക്കാന്‍ പോയിട്ടുണ്ട്. അന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വകയില്‍ വയനാട്ടില്‍ ഭൂമി കിട്ടിയിരുന്നു. പക്ഷേ ഞങ്ങള്‍ പോയില്ല. അങ്ങനെയുള്ള ബാപ്പയെ കാണാനാണ് ജമാഅത്ത് പ്രവര്‍ത്തകനായിരുന്ന ഹാജി സാഹിബ് വരുന്നത്. വരവിന്റെ ഉദ്ദേശ്യം ജമാഅത്ത് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു. ഹാജിസാഹിബിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് ഉപ്പ ജമാഅത്തിലേക്ക് വരുന്നത്;
പ്രസ്ഥാനം ഇതുവരെ നടത്തിയ എല്ലാ സമ്മേളനങ്ങളിലും ഞാന്‍  പങ്കെടുത്തിട്ടുണ്ട്.  മലപ്പുറം, നൂറടിപ്പാലം, ശാന്തപുരം, തിരൂര്‍ അങ്ങനെ പലതും. എന്നാല്‍  ഏറ്റവുമധികം സന്തോഷിച്ച ദിവസമായിരുന്നു കുറ്റിപ്പുറത്ത് നടന്ന വനിതാ സമ്മേളനദിനം. ഇസ്‌ലാമിക പ്രസ്ഥാനത്തിനുവേണ്ടി  കരുത്തുറ്റ വിത്തിട്ട് മുളപ്പിക്കാന്‍ കഴിഞ്ഞല്ലോയെന്ന സന്തോഷമായിരുന്നു അത്.  ഞങ്ങളന്ന് വിത്തിട്ട പ്രസ്ഥാനം പല ശാഖകളായി വളര്‍ന്ന് പന്തലിക്കുകയും അതിന്റെ അനുയായികള്‍ എല്ലാ നിലക്കും സമൂഹത്തിന് കൂട്ടാവുകയും ചെയ്യുന്നത് കാണുമ്പോഴുള്ള സന്തോഷത്തിനപ്പുറം ഈ ദുനിയാവില്‍ മറ്റൊന്നുമില്ല. ആ സമ്മേളനത്തിന് സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് എനിക്ക് പ്രസ്ഥാനപ്രവര്‍ത്തനത്തിന് പോകാന്‍ കഴിഞ്ഞത്. എനിക്ക് ആറ് മക്കളാണ്.  നാല് പെണ്ണും രണ്ട് ആണും. അവര്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിലും സേവനത്തിലും മുന്നിട്ട് നില്‍ക്കുന്നു. ഒരാള്‍ റുക്‌നാണ്. മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പം  ഇംഗ്ലണ്ടും ഗള്‍ഫും ഉള്‍പ്പെടെ ഒരുപാട് വിദേശ രാജ്യങ്ങളില്‍ എനിക്ക് സന്ദര്‍ശിക്കാനും താമസിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അഞ്ചാറു പ്രാവശ്യം മക്ക സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുമുണ്ട്. 1971-ലായിരുന്നു ആദ്യ സന്ദര്‍ശനം. സംസം വെള്ളം കോരിത്തന്നിരുന്ന കാലമായിരുന്നു അത്.
എനിക്ക് അന്നും ഇന്നും ഇഷ്ടപ്പെട്ടൊരു കാര്യമാണ് കൃഷിചെയ്യുകയെന്നത്.   ഞങ്ങളുടെ പാടത്തും പറമ്പിലും രാസവളം ഉപയോഗിക്കാതെ കൃഷിചെയ്യാന്‍ പ്രസ്ഥാനപ്രവര്‍ത്തനത്തിനിടയിലും സമയം കണ്ടെത്തിയിരുന്നു. അന്ന് പൊന്നാനി കൃഷിഭവനില്‍നിന്നും അഞ്ച് കര്‍ഷകരെ തെരഞ്ഞെടുത്ത് ആദരിച്ച കൂട്ടത്തില്‍ ഞാന്‍ മാത്രമേ സ്ത്രീയായി ഉണ്ടായിരുന്നുള്ളൂ. പൊന്നാനി എം.എല്‍.എ ആയിരുന്ന ഹരിദാസ് ആയിരുന്നു പൊന്നാടയണിയിച്ചത്. ഇപ്പോഴും എനിക്ക് കാര്‍ഷിക പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. മകന്റെ കൂടെ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ആ വഴിയോരത്തും  ഞാനൊരു മരം നട്ടിരുന്നു. അത് തളിര്‍ത്തോ  എന്തോ... അറിയില്ല.
   എന്റെ പ്രസ്ഥാന ഓര്‍മകളൊക്കെയും 1950-52 കാലഘട്ടത്തിലുള്ളതാണ്. അവക്കൊക്കെ കുറച്ചെങ്കിലും മറവികള്‍ സംഭവിച്ചിട്ടുണ്ട്. 1990-ല്‍ ആണ് പ്രസ്ഥാന വഴിയില്‍ താങ്ങായി നിന്ന ഭര്‍ത്താവ് മരിച്ചത്. ആറ് മക്കളും വിദേശത്താണ്. അവര്‍ നാട്ടില്‍ ഒറ്റക്കിരിക്കാന്‍ അനുവദിക്കുകയില്ല.  അതുകൊണ്ട് പ്രസ്ഥാനത്തില്‍ പിന്നീട് കൂടുതല്‍ സജീവമാകാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ എവിടെ ഏത് യാത്രയിലായാലും എന്നെ തിരിച്ചറിയുന്ന പ്രസ്ഥാനത്തിന്റേതായ ഒരുപാട് മക്കളുണ്ട് എന്നതാണെന്റെ സന്തോഷം.
 മക്കളുടെയും പേരമക്കളുടെയും കൂടെ അവരുടെ ഉമ്മയും വല്യുമ്മയും കാരണവത്തിയുമൊക്കെയായി അവരുടെ ഇടയില്‍ സന്തോഷത്തോടെ ജീവിക്കുന്ന ഫാത്തിമ ഉമര്‍ ഓര്‍മകളില്‍ നിന്നും അല്‍പം പറഞ്ഞുനിര്‍ത്തി.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top