സൈനബ് ബിന്‍ത് അലി (റ) പരീക്ഷണങ്ങളുടെ തോഴി

സഈദ് മുത്തനൂര്‍ No image

ബുദ്ധി, കാര്യശേഷി, ധീരത, വൈജ്ഞാനിക ബോധം, ക്ഷമ, ലാളിത്യം, ഭക്തി എന്നീ ഗുണങ്ങള്‍ ഒത്തിണങ്ങിയ മാതൃകാവനിതയായിരുന്നു സൈനബ്. നല്ല പ്രാബോധകയും പ്രാസംഗികയും കൂടിയായിരുന്നു അവര്‍.
അവരുടെ മരണം ഈജിപ്തിലോ സിറിയയിലോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. കൈറോവില്‍ അവരുടെ മഖ്ബറയുണ്ട്.
ഹസ്രത്ത് സൈനബ് ബിന്‍ത് അലിയുടെ കുട്ടിക്കാലം ഏറെ മാധുര്യം നിറഞ്ഞതും ഗൃഹാതുരത്വം തുളുമ്പുന്നതുമാണ്. അലിയുടെ(റ) യുടെയും ഫാതിമ (റ) യുടെയും  പേരമകള്‍. തിരുമേനി (സ) മടിയിലിരുത്തി മധുരം നല്‍കി. സൈനബ് എന്ന പേര് വിളിച്ചു. 'ഖദീജയുടെ സാദൃശ്യമുള്ള കുട്ടി' എന്ന് നബിതിരുമേനി മൊഴിഞ്ഞതും അപ്പോള്‍ തന്നെ. ഹജ്ജത്തുല്‍ വിദാഇന്റെ വേളയില്‍ ഇവര്‍ക്ക് അഞ്ച് വയസ്സായിരുന്നു.
കുടുംബത്തില്‍ പെട്ട അബ്ദുല്ലാഹിബ്‌നു ജഅ്ഫറുമായി വിവാഹം. 480 ദിര്‍ഹം മഹ്ര്‍ നല്‍കിയാണ് അബ്ദുല്ല, സൈനബിനെ സ്വന്തമാക്കിയത്. അബ്ദുല്ലയുടെ വീട്ടില്‍ സൈനബിന് സുന്ദരമായ ജീവിതസാഹചര്യമാണുണ്ടായിരുന്നത്. വേലക്ക് തോഴിമാരുണ്ടായിരുന്നെങ്കിലും സൈനബ് അവരെ ആശ്രയിക്കാതെ വീട്ടുകാര്യങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്ല നല്ല വ്യാപാരിയും ധര്‍മിഷ്ഠനുമായിരുന്നു.
അദ്ദേഹത്തിന്റെ ദാനധര്‍മ്മങ്ങള്‍ കുറച്ചധികമാണന്ന് അളിയന്‍ ഹുസൈന്‍ (റ) ഒരിക്കല്‍ അനുസ്മരിച്ചു.
വീട്ടിലെ ധാരാളിത്തമൊന്നും സൈനബിനെ സ്വാധീനിച്ചില്ല. ലളിതജീവിതം നയിക്കാനാണവര്‍ ഇഷ്ടപ്പെട്ടത്. നേരാംവണ്ണം വീട്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചുപോന്നു. ഒരിക്കല്‍ അബ്ദുല്ല തന്നെ തുറന്നുപറഞ്ഞു: ''സൈനബ് ഒരു നല്ല കുടുംബിനിയാണ്.''
ഹി. 31-ല്‍ ഹസ്രത്ത് അലി തന്റെ ഭരണ സിരാകേന്ദ്രമായി കൂഫ തെരഞ്ഞെടുത്തപ്പോള്‍ സൈനബും പ്രിയതമന്‍ അബ്ദുല്ലയും കൂഫയിലേക്ക് മാറിത്താമസിച്ചു. നല്ല പ്രാസംഗികയായിരുന്ന ഹസ്രത്ത് സൈനബ (റ) കൂഫയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. സാരോപദേശ ക്ലാസുകള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. സ്ത്രീകള്‍ ധാരാളമായി അവരുടെ ക്ലാസുകളില്‍ തടിച്ചുകൂടിയിരുന്നു. പലരും സംശയം നിവര്‍ത്തിക്കായി അവരെ സമീപിച്ചു. ഖുര്‍ആനിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ സൈനബ് ഒരിക്കല്‍ 'മര്‍യം' അധ്യായത്തെ അധികരിച്ച് ക്ലാസ്സെടുക്കുന്നത് പുറത്തുനിന്ന് ഹസ്രത്ത് അലി(റ) കേട്ടു. അദ്ദേഹം അത് നന്നായി ആസ്വാദിച്ചു. ക്ലാസ് കഴിഞ്ഞപ്പോള്‍ അലി(റ) പറഞ്ഞു: ''മകളെ, ഞാന്‍ നിന്റെ വിശദീകരണം ശ്രദ്ധിച്ചു. ദൈവിക വചനങ്ങളില്‍ ഇങ്ങനെ ഊളിയിട്ടിറങ്ങാനുള്ള നിന്റെ കഴിവില്‍ ഞാന്‍ സന്തോഷിക്കുന്നു.''
മഹതിയുടെ ജീവിതത്തില്‍ നല്ല നാളുകള്‍  കുറഞ്ഞ കാലം മാത്രമേ നീണ്ടുനിന്നുള്ളു. പിന്നീട് ചരിത്രഗതികള്‍ മാറിമറിയുകയായിരുന്നു. ഹി. 40-ല്‍ റമദാന്‍ 17-ന് അലി(റ) കൂഫാ പള്ളിയില്‍ സൂജൂദിലായിരിക്കെ ഖവാരിജിയായ അബ്ദുറഹിമാന്‍ മുല്‍ജീം അദ്ദേഹത്തെ കടന്നാക്രമിച്ചു.
വിഷം പുരട്ടിയ വാളില്‍നിന്നേറ്റ മുറിവ് അലി(റ) ന്റെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചു. ഹി: 40 റമദാന്‍ 21-ന് ഹസ്രത്ത് അലി (റ) രക്തസാക്ഷിയായി.
ഹി. 50-ല്‍ സഹോദരന്‍ ഹസന്‍ (റ)വും പരലോകം പൂകി. പിന്നീട് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അവര്‍ മദീനയിലേക്ക് മടങ്ങി അവിടെ താമസമാക്കി. ഹി: 60 ദുല്‍ഹജ്ജ് മാസത്തില്‍ ഹ: ഹുസൈന്‍ (റ) കൂഫക്കാരുടെ ക്ഷണപ്രകാരം കൂട്ടുകുടുംബങ്ങളോടൊപ്പം കൂഫയിലേക്ക് യാത്രതിരിച്ചു. ഈ സമയത്ത് ഹ: സൈനബ് (റ)വും തന്റെ രണ്ട് ചെറിയ കുട്ടികളോടൊപ്പം സഹോദരന്റെ കൂടെ കൂഫക്ക് പോയി. അവരുടെ ഭര്‍ത്താവ് അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ ഈ യാത്രാസംഘത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, മക്കളേയും കൂട്ടി സഹോദരനോടൊപ്പം പോകുന്നതില്‍നിന്ന് സൈനബിനെ അദ്ദേഹം തടഞ്ഞതുമില്ല. ഹി: 61 മുഹര്‍റം 10-ന് ചരിത്രത്തിലെ ആ ദാരുണ സംഭവം നടക്കാന്‍ പോകുകയാണ്. കര്‍ബല സംഭവം നടക്കുമ്പോള്‍ ഹസ്രത്ത് ഹുസൈന്‍ (റ) ഹൃദയസ്പര്‍ക്കായി കവിത ചൊല്ലിക്കൊണ്ടിരുന്നു. അടുത്തുണ്ടായിരുന്ന സൈനബ് ദയനീയമായ ഒരവസ്ഥയെ നേരിടുകയായിരുന്നു. അവരില്‍നിന്ന് പ്രതികരണം വന്നു:
''ഇതൊന്നും കാണാന്‍ പടച്ചവനേ ഞാന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നു. എന്റെ വല്ലിപ്പ, എന്റെ പ്രിയപ്പെട്ട ഉമ്മ, എന്റെ ഉപ്പ, സഹോദരന്‍ ഹസന്‍ എല്ലാവരും എന്നെ വേര്‍പെട്ടുപോയി.'' തുടര്‍ന്ന് ഹുസൈന്‍ (റ)നോടായി അഭ്യര്‍ത്ഥിച്ചു: ''സഹോദരാ, അല്ലാഹു കഴിഞ്ഞാല്‍ താങ്കള്‍ മാത്രമാണ് ഇനി എനിക്ക് അവലംബം. താങ്കള്‍ ഇല്ലാതെ ഞാന്‍ എങ്ങനെ ജീവിക്കും?''
''സഹോദരി ക്ഷമിക്കൂ, സമാധാനചിത്തത്തിനായി അല്ലാഹുവിനോട് കേണപേക്ഷിക്കൂ. ദൈവത്തിന്റെ അസ്തിത്വമൊഴിച്ച് ബാക്കിയെല്ലാം ഒരിക്കല്‍ നാശമടയും. നമുക്ക് നമ്മുടെ വല്ലിപ്പ മാതൃകാപുരുഷനാണ്. നീ അദ്ദേഹത്തിന്റെ കാല്‍പാടുകളെ പിന്തുടരുക. ഞാന്‍ അഥവാ ഈ മാര്‍ഗത്തില്‍ വധിക്കപ്പെട്ടാല്‍ നീ നിരാശപ്പെടരുത്. മുഖം മാന്തിക്കീറി വാവിട്ട് കരയരുത്''- ഹസ്രത്ത് ഹുസൈന്‍ ഉപദേശിച്ചു.
മുഹര്‍റം 10-ന് അഹ്‌ലുബൈത്തിലെ പ്രമുഖരായ ഓരോ വ്യക്തിയേയും ഛിന്നഭിന്നമാക്കുന്ന കാഴ്ച ലോകം നെടുവീര്‍പ്പോടെ കണ്ടുനിന്നു. ഹുസൈന്‍(റ) ന്റെ പുത്രന്‍ അലി അക്ബറുബ്‌നു ഹുസൈന്‍ രക്തസാക്ഷിത്വം വരിക്കുന്നത് കണ്ട് സൈനബ് 'യാ അഖാഹ്' എന്നാര്‍ത്തുവിളിച്ചുകൊണ്ട് തമ്പില്‍നിന്ന് പുറത്തേക്ക് ചാടി. ചോരയില്‍ കുതിര്‍ന്ന ആ മൃതശരീരം കെട്ടിപിടിച്ച് അവര്‍ ആര്‍ത്തുകരഞ്ഞു. ഹസ്രത്ത് ഹുസൈന്‍ (റ) സഹോദരിയെ പിടിച്ച് ടെന്റിനകത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ചേതനയറ്റ മകന്റെ ശരീരം അദ്ദേഹം ചുമന്നുകൊണ്ട് ടെന്റിലെത്തിച്ചു.
അപ്പോള്‍ സൈനബ് തന്റെ ചെറുമക്കളായ മുഹമ്മദിനേയും ഔനിനേയും യുദ്ധക്കളത്തിലേക്കയക്കാന്‍ സഹോദരന്‍ ഹുസൈന്‍ (റ)യോട് സമ്മതം ചോദിച്ചു. അദ്ദേഹം അതിനനുവദിച്ചില്ല. എന്നാല്‍ സൈനബ് വീണ്ടും വീണ്ടും നിര്‍ബന്ധം ചെലുത്തിക്കൊണ്ടിരുന്നു. സൈനബ്ബ്‌നു അലിയുടെ മക്കളാകട്ടെ, ഒരു കളിക്കളത്തിലേക്കെന്നോണം യുദ്ധക്കളത്തിലേക്ക് പോകാന്‍ തിടുക്കം കാട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്കും കിരാതരായ ഭരണകൂട ഭീകരന്‍മാര്‍ ആ കുഞ്ഞുങ്ങളെ റാഞ്ചിക്കഴിഞ്ഞിരുന്നു.
യുദ്ധം കൊടുമ്പിരികൊള്ളുകയും ഹുസൈന്‍(റ) ദാരുണമായി വധിക്കപ്പെടുകയും ചെയ്തു! കരളലിയിക്കുന്ന കര്‍ബലാ സംഭവങ്ങള്‍ക്ക് നേര്‍സാക്ഷിയായ ഹസ്രത്ത് സൈനബ്(റ) പ്രാര്‍ത്ഥിച്ചുകൊണ്ട് കണ്ണീര്‍പൊഴിച്ചു.
കൊല്ലപ്പെട്ടവരുടെ പാവനമായ മൃതശരീരങ്ങള്‍ യുദ്ധക്കളത്തില്‍ ഇട്ടേച്ച് ശത്രുപക്ഷം പിന്‍മാറി. ഈ കാഴ്ച കണ്ടപ്പോള്‍ സൈനബിന് സഹിച്ചില്ല.ിക്കുന്നു''.  കര്‍ബലാ ദുരന്തം അറിഞ്ഞ് കൂഫക്കാര്‍ അവിടെ തടിച്ചുകൂടി. അവരെ നോക്കി സൈനബ് (റ) പ്രഖ്യാപിച്ചു: ''ജനങ്ങളേ ലജ്ജിക്കുക, മുഹമ്മദ് നബി തുരുമേനിയുടെ പ്രിയപ്പെട്ട പേരമക്കളാണ് ഈ രണാങ്കണത്തില്‍ കിടക്കുന്നത്.'' തുടര്‍ന്ന് കൂഫക്കാരുടെ ആ വലിയ സംഘത്തെ നോക്കി സൈനബ്(റ) ചില അപ്രിയ സത്യങ്ങള്‍ വിളിച്ച് പറഞ്ഞു: ''കൂഫക്കാരെ, വഞ്ചകരെ, കരാര്‍വഞ്ചകരെ, നിങ്ങളുടെ കണ്ണുകളില്‍ കണ്ണീര്‍ ഒരിക്കലും വറ്റാതിരിക്കട്ടെ. സ്വയം നൂല്‍ നൂറ്റിട്ട് പിന്നീട് അതുടച്ച് കളഞ്ഞവരെ പോലെയാണ് നിങ്ങള്‍. നിങ്ങളുടെ ഹൃദയങ്ങളെ നൈതികത തൊട്ടുതീണ്ടിയിട്ടില്ല. നിങ്ങള്‍ എന്റെ സഹോദരനെ വിളിച്ചുവരുത്തി ബൈഅത്ത് ചെയ്തിട്ട് വഞ്ചിച്ചു. നിങ്ങളുടെ സ്‌നേഹം കേവലം കാപട്യം മാത്രം. ചതിയും വഞ്ചനയും നിങ്ങളുടെ ഹൃദയങ്ങളെ ആവരണം ചെയ്തിരിക്കുന്നു. ക്രൂരത നിങ്ങളില്‍ മൂടപ്പെട്ടിരിക്കുന്നു.''
സൈനബിന്റെ ഈ ചരിത്രപ്രസിദ്ധമായ പ്രഭാഷണം കേട്ടവരില്‍ അറബികളിലെ പ്രമുഖ സാഹിത്യകാരനും വാഗ്മിയുമായ ഖദ്‌ലമ്ബ്‌നു കഥീര്‍ ഉണ്ടായിരുന്നു. ''അല്ലാഹുവാണ, ധീരമായി സത്യം തുറന്നടിക്കാന്‍ ആരെയും ഭയക്കാത്ത മഹിളാരത്‌നമത്രെ അലിയുടെ പുത്രി സൈനബ്'' -അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സംഭവത്തിന് രണ്ടാം നാള്‍ കൂഫയിലെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്‌നു സിയാദ് ദര്‍ബാര്‍ വിളിച്ചു ചേര്‍ത്തു. തടവുകാരാക്കപ്പെട്ട നബികുടുംബത്തെ അയാളുടെ മുമ്പില്‍ ഹാജരാക്കി. തികച്ചും മുറിവേറ്റ ഹൃദയത്തോടെയായിരുന്നു ഹസ്രത്ത് സൈനബിന്റെ നില്‍പ്. ഇബ്‌നു സിയാദ് ചോദിച്ചു: ''ഈ സ്ത്രീ ആരാണ്?''
ഒരു അടിമ സ്ത്രീ പറഞ്ഞു: '' സൈനബ് ബിന്‍ത് അലി.''
ഇബ്‌നുസിയാദിന്റെ ആഹ്ലാദപ്രകടനം ഹസ്രത്ത് സൈനബിന്റെ മനസ്സില്‍ രോഷാഗ്നി പടര്‍ത്തി. കര്‍ബലയില്‍ വീണുടഞ്ഞ അവരുടെ വേദനിക്കുന്ന ഹൃത്തടം ഒന്നുകൂടെ പിടഞ്ഞു. അയാള്‍ ഹസ്രത്ത് സൈനുല്‍ ആബിദിനെ നോക്കി ചോദിച്ചു: ''കുട്ടി നീ ഏതാ?!'' മറുപടി വന്നു: ''അലിയബ്‌നു ഹുസൈന്‍ (ഹുസൈന്റെ മകന്‍ അലി).''
ഉടനെ അംറബ്‌നു സിയാദിനോട് ഇബ്‌നുസിയാദ് ചോദിച്ചു: ''ഇവനെ എന്തുകൊണ്ട് ബാക്കിവച്ചു?'' ''രോഗിയായതിനാല്‍.''
അവനെ എന്റെ മുമ്പിലിട്ട് കൊന്നേക്ക്.'' ഇബ്‌നു സിയാദിന്റെ കരാളമനസ്സ് അപ്പോഴും തപിക്കുകയായിരുന്നു. ''ഇബ്‌നുസിയാദ്! ഇനിയും ഞങ്ങളുടെ രക്തം കുടിച്ചത് നിനക്ക് മതിയായില്ലെ. ഈ പാവം കുട്ടിയെ യമപുരിക്കയക്കണമെങ്കില്‍ എന്നെ കൂടി കൊല്ല്!'' സൈനബ് പൊട്ടിത്തെറിച്ചു. അവര്‍ സൈനുല്‍ ആബിദിനെ അണച്ചുപിടിച്ചു.
മറ്റെന്തോ ചിന്തിച്ചിട്ടെന്നോണം കുട്ടിയെ അവരോടൊപ്പം വിട്ടേക്കാന്‍ അയാള്‍ ആജ്ഞാപിച്ചു.
ഇമാം ഇബ്‌നു ഹുസൈന്റെ തിരുശിരസ്സ് യസീദിന്റെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ രംഗം കണ്ടുനില്‍ക്കാനാവാതെ നബികുടുംബത്തിലെ സ്ത്രീകള്‍ വിങ്ങിപ്പൊട്ടി. ശോകമൂകമായ ഹസ്രത്ത് സൈനബ് സ്വസഹോദരന്റെ ചേതനയറ്റ തിരുശിരസ്സിനെ നോക്കി വിലപിച്ചു. ഹൃദയഭേദകമായ സൈനബിന്റെ ഈ തുടക്കം കണ്ടപ്പോള്‍ യസീദ് ഇടപെട്ടു. ''ഈ സ്ത്രീ ഏതാണ്''?
''ഹുസൈനും കൂട്ടുകാരും മരിച്ചിട്ടില്ല. അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നു. അത് മതി അവര്‍ക്ക്. നീതിമാനായ ദൈവം തമ്പുരാന്‍ നബികുടുംബത്തിലെ മക്കളോടും കൂട്ടുകാരോടും അക്രമം ചെയ്തവരെ കഠിനകഠോരമായി വിചാരണചെയ്യും. പടച്ചതമ്പുരാന്റെ മുമ്പില്‍ ഞങ്ങള്‍ ആവലാതികളും പരാതികളും സമര്‍പ്പിക്കുന്നു.'' ഹൈദറെ കര്‍റാറിന്റെ പുത്രിയുടെ സിംഹഗര്‍ജ്ജനം കേട്ട് യസീദും തന്റെ സഭക്കാരും തരിച്ചിരുന്നുപോയി. യസീദിന് ഉള്ളാലെ ഭീതിപരന്നു. റസൂല്‍ തിരുമേനിയുടെ കുടുംബത്തെ സഹായിക്കാതെയും സംരക്ഷിക്കാതെയുമിരുന്നാല്‍ ആളുകള്‍ തനിക്കെതിരെ തിരിയുമോ എന്നയാള്‍ ഭയപ്പെട്ടു. അയാള്‍ നബികുടുംബത്തിലെ സ്തീകളെ തന്റെ അന്തപുരത്ത് താമസിപ്പിക്കാന്‍ പ്രത്യേം ഏര്‍പ്പാട് ചെയ്തു. അവരെ മാനസികമായി തണുപ്പിക്കാനും ശ്രമിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹസ്രത്ത്‌നുഅ്മാനുബ്‌നു ബഷീര്‍ അന്‍സാരിയുടെ കൂടെ സൈനബിനെയും കുടുംബങ്ങളെയും മദീനയിലേക്ക് യാത്രയാക്കി. ഖാഫില പോകാനൊരുങ്ങുമ്പോള്‍ ഹസ്രത്ത് സൈനബ് പ്രസ്താവിച്ചു: ''ഒട്ടകക്കട്ടിലില്‍ കറുത്തവിരി ഇട്ടേക്കൂ. സയ്യിദതിതുന്നിസാ ഫാതിമയുടെ അരുമമക്കളാണീ പോകുന്നതെന്ന് എല്ലാവരും അറിയട്ടെ.''
എന്നാല്‍ നുഅ്മാനുബ്‌നു ബഷീര്‍ പരമാവധി കാരുണ്യത്തോടെയാണ് ആ മര്‍ദ്ദിതസംഘത്തോട് പെരുമാറിയത്. യാത്രയിലുടനീളം അവര്‍ക്ക് പ്രശ്‌നങ്ങളൊന്നും വരാതിരിക്കാന്‍ അദ്ദേഹം ആവത് ശ്രമിച്ചു.
ശരണമേതുമില്ലാതെ താനനുഭവിച്ച വേദനകളും നേരിട്ട ദുരന്തങ്ങളും കാരണമായി സൈനബിന്റെ ഹൃദയം പൊട്ടിത്തകര്‍ന്നിരുന്നു. കര്‍ബലയില്‍നിന്ന് മടങ്ങിയതില്‍ പിന്നെ ആരും അവരുടെ വദനത്തില്‍ ചിരിപരന്ന് കണ്ടിട്ടില്ല.
ഒരു അഭിപ്രായമനുസരിച്ച് ഹിജ്‌റ: 62-ല്‍ മദീന മുനവ്വറയില്‍ തന്റെ ജീവന്‍, ജീവന്‍നല്‍കിയ സൃഷ്ടികര്‍ത്താവിന് ഏല്‍പ്പിച്ചുകൊടുക്കാന്‍ അവര്‍ വെമ്പി. അനാഥമായ അഹ്‌ലുബൈത്തിന്റെ സംരക്ഷണത്തിലും കര്‍ബലാ രക്തസാക്ഷികളുടെ സ്മരണയിലും അവര്‍ മരണത്തെ നോക്കിനടന്നു. അപ്പോഴും അക്രമികള്‍ക്ക് നേരെയും ഭരണകൂട ഭീകരക്കെതിരെയും ദൈവികശിക്ഷയുടെ താക്കീത് ഉതിര്‍ക്കുന്ന ചടുല പ്രസംഗങ്ങള്‍ അവര്‍ തീക്ഷ്ണമായിത്തന്നെ നടത്തിക്കൊണ്ടിരുന്നു.
മറ്റൊരു റിപ്പോര്‍ട്ടില്‍, തന്റെ പ്രിയതമന്‍ അബ്ദുല്ലാഹിബ്‌നു ജഅ്ഫറിനോടൊപ്പം സിറിയയിലേക്ക് അവര്‍ പോയതായി പറയുന്നു. ഡമസ്‌കസിനടുത്ത് അബ്ദുല്ലക്ക് കുറച്ച് ഭൂമി ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ രോഗിയായ സൈനബ് പരലോകം പൂകിയതായി പറയുന്നു.
ഇനിയും ഒരു റിപ്പോര്‍ട്ടുള്ളത് ഇങ്ങനെയാണ്. ഹ: സൈനബ് മദീനാ മുനവ്വറയില്‍ കര്‍ബലയുടെ രക്തസാക്ഷി ഹ: ഹുസൈന്‍ (റ)ന്റെ ദാരുണമായ അന്ത്യം ഹൃദയസ്പൃക്കായും അനല്‍പമായ ആകര്‍ഷണീതയോടെയും ജനങ്ങളെ നിരന്തരം കേള്‍പ്പിച്ചുകൊണ്ടിരുന്നു. ജനങ്ങള്‍ ഈ വിവരണം കേള്‍ക്കാന്‍ താല്‍പര്യപൂര്‍വ്വം ഒഴുകിയെത്തിയിരുന്നു. അവരില്‍ നബിതിരുമേനിയുടെ കുടുംബത്തോട് അനുഭാവവും അനുകമ്പയും വളര്‍ന്നു. നബിയുടെ അനന്തരവന്‍മാരെ സംരക്ഷിക്കണമെന്ന ബോധം അവരില്‍ കുത്തിക്കയറി.
എന്നാല്‍ മദീനയിലെ ഗവര്‍ണര്‍ ഈ സ്ഥിതികളത്രയും ഖലീഫ യസീദിനെ അറിയിച്ചു. സൈനബിനെ ഉടനെ മറ്റേതെങ്കിലും ഇടത്തേക്ക് മാറ്റാന്‍ യസീദ് ഉത്തരവിട്ടു.  ഹുസൈന്‍ (റ) ന്റെ മക്കളായ ഹസ്രത്ത് സക്കീന, ഹസ്രത്ത് ഫാത്തിമ, കൂടാതെ അടുത്ത ബന്ധുക്കളായ ഏതാനും സ്ത്രീകള്‍ ഇവരൊന്നിച്ച് സൈനബ് (റ) ഈജിപ്തിലേക്ക് പോയി.
അവിടത്തെ ഗവര്‍ണ്ണര്‍ മുസല്ലാമബ്‌നു മുവല്ലദ് അന്‍സാരി സൈനബിനെയും കുടുംബത്തെയും ഏറെ സ്‌നേഹാദരവോടെ സ്വീകരിക്കുകയും ഗവര്‍ണറുടെ വസതിയില്‍ താമസത്തിന് സൗകര്യങ്ങളേര്‍പ്പെടുത്തുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഹിജ്‌റ 63ല്‍ സൈനബ് തന്റെ നാഥന്റെ സന്നിധാനത്തിലേക്ക് എന്നെന്നേക്കുമായി യാത്രയായി.
സൈനബിന്റെ മഖ്ബറ മദീനയില്‍ കാണുന്നില്ല. അതേയവസരം കൈറോവിലും ഡമസ്‌കസിലും അവരുടെ ഖബര്‍ ഉണ്ടെന്നും പറയുന്നു.
ഭരണാധികാരിയുടെ മുഖത്തുനോക്കി അവര്‍ പലപ്പോഴും ഗര്‍ജിച്ചു. അക്രമിയായ രാജാവിനോട് സത്യം തുറന്നടിക്കലാണ് യഥാര്‍ത്ഥ ജിഹാദ് എന്ന് നബിതിരുമേനി പ്രഖ്യാപിച്ചത് സൈനബ് അക്ഷരംപ്രതി നടപ്പാക്കി.
   

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top