മുസ്്‌ലിം പിന്നാക്കാവസ്ഥ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും

സൗദ പടന്ന No image

ന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തിന് പ്രവാചക കാലത്തോളം പഴക്കമുണ്ട്. അറേബ്യയും കേരളവും തമ്മില്‍ നിലനിന്നുപോന്ന ചിരപുരാതനമായ വ്യാപാര ബന്ധമാണ് കേരളീയ ജനതക്ക് ഇസ്‌ലാമിനെ പരിചയപ്പെടാന്‍ അവസരമൊരുക്കിയതെങ്കില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിന് വഴിയൊരുക്കിയത് ഉമവി ഭരണകാലത്ത് നടന്ന സിന്ദ് വിജയമാണ്. ക്രി. 712-ല്‍ മുഹമ്മദ്ബ്‌നു ഖാസിമിന്റെ സിന്ദ്‌വിജയത്തോടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച മുസ്‌ലിം ഭരണം പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലീഷുകാരുടെ ആഗമനം വരെ നിലനിന്നു. ഇന്ത്യയുടെ മത-സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയ ജീവിതങ്ങളില്‍ ഇസ്‌ലാം വളരെയധികം സ്വാധീനം ചെലുത്തുകയുണ്ടായി.
ഏകദൈവത്വം, സമത്വം, സഹോദര്യം, സാമൂഹിക നീതി, വിജ്ഞാനത്തിന്റെ സാര്‍വത്രികത തുടങ്ങിയവ സംബന്ധിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ കടുത്ത ജാതീയതയും വൈജ്ഞാനിക യത്‌നങ്ങളിലെ ബ്രാഹ്മണ കുത്തകയും നിലനിന്നിരുന്ന ഇന്ത്യന്‍ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി. പേര്‍ഷ്യന്‍ വാസ്തുവിദ്യ, താജ്മഹല്‍ പോലുള്ള വിശ്വോത്തര സൗധങ്ങള്‍, ഹിന്ദുസ്ഥാനി സംഗീതം, ഉറുദു ഭാഷ, കേരളത്തില്‍ പ്രചാരമുള്ള അറബി മലയാള ഭാഷ, മാപ്പിളപ്പാട്ട്, ഗസലുകള്‍, ഖവാലി തുടങ്ങിയവ ഇന്ത്യയുടെ സാംസ്‌കാരിക രംഗത്തെ സമ്പന്നമാക്കിയ മുസ്‌ലിം സംഭാവനകളില്‍ പെടുന്നു.
വൈദേശികാധിപത്യത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്ക് സുവിദിതമാണ്. വിദേശാധിപത്യവും വിഭജനവും തീര്‍ത്ത മുറിവുകള്‍ മുസ്‌ലിം സമൂഹ ഗാത്രത്തില്‍ ഇന്നും ഉണങ്ങാതെ കിടക്കുന്നു.
ജാതീയത രൂഢമൂലമായ ഇന്ത്യന്‍ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച പഠനത്തിന് രണ്ട് ദേശീയ കമ്മീഷനുകള്‍ നിയോഗിക്കപ്പെടുകയുണ്ടായി. ഇതിലാദ്യത്തേത് 1953-ല്‍ കാക്കാ കലേല്‍ക്കറിന്റെ കീഴില്‍ നിയമിക്കപ്പെട്ടതാണ്. ഇതിലൊന്നുപോലും നടപ്പായില്ല. മുസ്‌ലിംകളിലും മറ്റു മതന്യൂനപക്ഷങ്ങളിലുമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ആദ്യത്തെ കണ്ടെത്തലായിരുന്നു ഈ കമ്മീഷന്‍ റിപ്പോര്‍ട്ട്. രണ്ടാമത്തേത് 1978-79 ല്‍ നിലവില്‍ വന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തിലുള്ള കമ്മീഷനായിരുന്നു. ഇതില്‍ ഇരുപത്തിയേഴ് ശതമാനം പിന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള ധാരാളം നിര്‍ദേശങ്ങളുണ്ടായിരുന്നു.
ജനസംഖ്യയിലെ മുസ്‌ലിം വളര്‍ച്ച ഒരു പതിറ്റാണ്ടിനിടയില്‍ ഒരു ശതമാനത്തില്‍ താഴെയാണ്. മൊത്തം ജനസംഖ്യയുടെ 23 ശതമാനം പത്തു വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍ മുസ്‌ലിം ജനസംഖ്യയുടെ 27 ശതമാനവും ഈ ഘടനയിലുള്ളവരാണ്. ഇന്ത്യന്‍ മുസ്‌ലിംകളില്‍ എഴുപത്തിയഞ്ച് ശതമാനം ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. സെന്‍സസ്, കുടുംബാരോഗ്യ സര്‍വേകള്‍ പ്രകാരം മുസ്‌ലിംകളില്‍ മൊത്തം സന്താനോല്‍പാദന നിരക്ക് ശരാശരിയേക്കാള്‍ ഒരു ശതമാനം വരെ കൂടുതലാണ്.പ്രത്യുല്‍പാദന ശേഷിയോടെ വിവാഹം ചെയ്യപ്പെടുന്ന സ്ത്രീകളുടെ അനുപാതം മുസ്‌ലികളില്‍ താരതമ്യേന ഉയര്‍ന്നതാണ്. ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തമായി വിധവാ പുനര്‍വിവാഹം മുസ്‌ലിംകള്‍ക്കിടയില്‍ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വന്ധ്യംകരണം മുസ്‌ലിംകളില്‍ വ്യാപകമല്ല. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗത്തില്‍ ശരാശരിക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പത്ത് ശതമാനത്തിന്റെ വിടവുണ്ട്. എന്നിവയാണ് ഇതിനുള്ള കാരണങ്ങള്‍.
കോണ്‍ഗ്രസിന്റെ 'മുസ്‌ലിം പ്രീണനം, കപട മതേതരത്വം' തുടങ്ങിയ വാദങ്ങളുയര്‍ത്തി അക്രമോത്സുക ഹിന്ദുത്വം ഇവിടെ വളര്‍ത്തപ്പെട്ടു. ഈ വളര്‍ച്ചക്ക് വേണ്ടി അവരുപയോഗിച്ചത് മുഖ്യമായും അപ്രധാന വിഷയങ്ങളുടെ പര്‍വതീകരണമായിരുന്നു. അങ്ങനെയാണ് ഗോവധം, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ സ്വഭാവം, ഷാബാനു പ്രശ്‌നം, ഏക സിവില്‍കോഡ്, അറബികല്ല്യാണം എന്നിവ വമ്പിച്ച ദേശീയ പ്രശ്‌നങ്ങളായി ഇവിടെ വളര്‍ന്നുവന്നത്. മുന്‍ഗണന നല്‍കേണ്ട പല വിഷയങ്ങളും മാറ്റിവെച്ച് ഇത്തരം സംഗതികളെ പ്രതിരോധിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു. ഇത് മുസ്‌ലിം പിന്നോക്കാവസ്ഥയെ ത്വരിതപ്പെടുത്തി.
നീതിനിഷേധത്തിന് ഏറ്റവും കൂടുതല്‍ ഇരയായ ജനതയാണ് മുസ്‌ലിംകള്‍. പിന്നാക്ക വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ സംവരണ തത്വം പലവിധത്തില്‍ അട്ടിമറിക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നാല്‍പത് ശതമാനം ഗ്രാമവും മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങളാണ്. വൃത്തിഹീനമായ ഗലികളും തകര്‍ന്ന റോഡുകളും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും അച്ചടക്കമില്ലാത്ത കുട്ടികളും വിദ്യാഭ്യാസ സംവിധാനങ്ങളുടെ കുറവുമെല്ലാം മുസ്‌ലിം പ്രദേശങ്ങളുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. സുരക്ഷാ പേടികൊണ്ട് മുസ്‌ലിംകള്‍ ചേരിതിരിഞ്ഞ് താമസിക്കുന്നത് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് അവരെ അവഗണിക്കുന്നതിന് എളുപ്പമാവും. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മുസ്‌ലിം ഏരിയകളില്‍ വേണ്ടത്ര ഇല്ല. ചികിത്സാ സൗകര്യങ്ങളും ലഭ്യമേയല്ല. മുസ്‌ലിംകള്‍ വിവേചനപരമായ സമീപനത്തിന്റെ ഇരകളാണ്. വിവേചനത്തിന്റെ ഈ വികാരവും സ്വത്ത്-സുരക്ഷാ പ്രശ്‌നങ്ങളും സമുദായത്തെ കടുത്ത അപകര്‍ഷതാബോധത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.
സ്ത്രീകളുടെ അവസ്ഥയും പരമദയനീയമാണ്. ഇസ്‌ലാം സ്ത്രീക്ക് കല്‍പിച്ച സാമൂഹിക അന്തസ്സും അവകാശങ്ങളും മുസ്‌ലിം സ്ത്രീ ഇനിയും അനുഭവിച്ചു തുടങ്ങിയിട്ടില്ല. യാഥാസ്ഥിതികത്വം അവള്‍ക്കു കല്‍പ്പിച്ച ചങ്ങലക്കെട്ടുകള്‍ അഴിഞ്ഞുതുടങ്ങണമെങ്കില്‍ ഇസ്‌ലാമിക നവജാഗരണം നടക്കേണ്ടിയിരിക്കുന്നു.
ഒപ്പം കാലഹരണപ്പെട്ട പാഠ്യവിഷയങ്ങളുമായി ഖുര്‍ആനും ഹദീസും മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിക്കാത്ത മദ്രസകളും മുസ്‌ലിം സമൂഹത്തിലുണ്ട്. ഇവിടങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് കാലവും ലോകവും തിരിച്ചറിയാനോ സാമൂഹിക ദൗത്യം നിര്‍വഹിക്കാനോ ഉള്ള കഴിവ് ലഭ്യമാകുന്നില്ല.
ഉറുദു മുസ്‌ലിംകളുടെ ഭാഷയായി ചിത്രീകരിക്കപ്പെട്ടതും അതിന്റെ രാഷ്ട്രീയവല്‍കരണവും ആ ഭാഷയുടെ വികസനത്തെയും ഒരു തലമുറയുടെ ഉന്നമനത്തെയും പ്രതികൂലമായി ബാധിച്ചു. സര്‍ക്കാറിലോ തദ്ദേശ ഭരണ സ്ഥാപനങ്ങളിലോ മതിയായ മുസ്‌ലിം ശബ്ദമില്ലാത്തത് മുസ്‌ലിംകള്‍ പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടാക്കി. മുസ്‌ലിംകള്‍ കൂടുതലുള്ള നിയമസഭാ മണ്ഡലങ്ങള്‍ പട്ടികജാതിക്കാര്‍ക്ക് മാത്രം മത്സരിക്കാന്‍ കഴിയുന്ന 'സംവരണ' മണ്ഡലങ്ങളായി പ്രഖ്യാപിച്ച് രാഷ്ട്രീയ  പങ്കാളിത്തം നിഷേധിച്ചു. സാമ്പത്തിക അച്ചടക്കത്തിന്റെ അഭാവവും ദാരിദ്ര്യവും പിന്നാക്കാവസ്ഥയുടെ മറ്റ് കാരണങ്ങളാണ്. മാധ്യമരംഗത്തെ ഒരു തൊഴില്‍മേഖലയായി ഈ സമൂഹം കണ്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ മാധ്യമരംഗത്തെ പ്രാതിനിധ്യം വേദനാജനകമാണ്.
പരിഹാര മാര്‍ഗങ്ങള്‍
മുസ്‌ലിംകള്‍ എത്തിനില്‍ക്കുന്ന പതനത്തിന്റെ ആഴവും വ്യാപ്തിയും സമുദായം ഇനിയും തിരിച്ചറിയുന്നില്ല എന്നത് വാസ്തവമാണ്. 'ഈ യാത്രാ സംഘത്തിന് ചരക്ക് നഷ്ടപ്പെട്ടതിലല്ല ദുഃഖം; ചരക്ക് നഷ്ടപ്പെട്ടു എന്ന ബോധം നഷ്ടപ്പെട്ടതിലാണ്.' ഇതിന്റെ ചെറിയൊരുദാഹരണമാണ് കേരളത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് നിശ്ചയിച്ച നരേന്ദ്രന്‍ കമ്മീഷന്‍ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് കണ്ടെത്തുവോളം സര്‍ക്കാര്‍ സര്‍വീസില്‍ 7383 തസ്തികകള്‍ മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെട്ടത് നാം അറിഞ്ഞില്ല എന്നത്.
പരിഹാരത്തിന്റെ പ്രഥമ പടി എന്നോണം മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ച് സമുദായം സ്വന്തമായി ഒരു സര്‍വേ നടത്തി സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കണം. സമുദായാവസ്ഥയെക്കുറിച്ചും മുന്നേറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും താഴെ തലങ്ങളോളം ചെന്നെത്തുന്ന ബോധവല്‍ക്കരണം സാധ്യമാക്കണം. ഇതിന് മഹല്ല് സംവിധാനവും സംഘടനാ സംവിധാനങ്ങളും വിചക്ഷണരുടെ സഹായ സഹകരണവും സമുദായം ഉപയോഗപ്പെടുത്തേണ്ടതാണ്.
സമുദായത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനായി അധീനതയിലുള്ള പത്രമാധ്യമങ്ങളും പള്ളിമിമ്പറുകളും പ്രസംഗവേദികളും ചര്‍ച്ചകളും ചിന്തകളും ഈ ദിശയില്‍ മാറ്റിയെഴുതേണ്ടതുണ്ട്. അശാസ്ത്രീയമായ മതപഠനവും അറബിമലയാളം അധ്യയനവുമൊക്കെ സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഘടകങ്ങളാണ്. മാനവ വിഭവശേഷി വികസനത്തിലും സമുദായം ശ്രദ്ധിച്ചില്ല. മുസ്‌ലിം വിഷയങ്ങളില്‍ യുക്തിഭദ്രമായ മറുപടിനല്‍കാന്‍ കഴിയുന്ന നേതാക്കള്‍ അപൂര്‍വമായത് ഇക്കാരണം കൊണ്ടാണ്. ചുരുക്കത്തില്‍ സമുദായവും സര്‍ക്കാറുമാണ് മുസ്‌ലിം പിന്നാക്കാവസ്ഥയുടെ പ്രധാന കാരണക്കാര്‍.
പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ദീര്‍ഘവീക്ഷണവും കൃത്യമായ ആസൂത്രണവും ആവശ്യമാണ്. അത് വിജയിപ്പിച്ചെടുക്കുന്നതിന് നിരന്തര പരിശ്രമവും സ്ഥിരോത്സാഹവും ഇഛാശക്തിയും പ്രാര്‍ഥനയും സമുദായത്തിന് അനുപേക്ഷണീയമാണ്. ജനസംഖ്യയുടെ വളരെ ചെറിയ പങ്ക് മാത്രം വരുന്ന ക്രൈസ്തവ സമൂഹം കേരളക്കരയില്‍ കൈവരിച്ച നേട്ടങ്ങള്‍ നമുക്ക് പാഠമാവേണ്ടതുണ്ട്. ഒരു ഘട്ടത്തില്‍ മലയോര പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തുകൊണ്ട് കാര്‍ഷികാഭിവൃദ്ധി കൈവരിക്കുകയും തലമുറകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ ബദ്ധശ്രദ്ധരായിക്കൊണ്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ വന്‍പ്രാതിനിധ്യം നേടിയെടുക്കുകയും അവര്‍ ചെയ്തു. പത്രപ്രസിദ്ധീകരണ രംഗത്ത് നേടിയെടുത്ത ആധിപത്യവും മത നേതൃത്വത്തിന്റെ ഉചിതമായ ഇടപെടലുകളും അവരുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയ ഘടകങ്ങളാണ്.
ഇസ്‌ലാമിക സത്വം എന്നത് പര്‍ദയോ താടിയോ തൊപ്പിയോ ആചാരപരമായ മറ്റ് സംഗതികളോ അല്ലെന്നും മൂല്യവും ആദര്‍ശവുമാണ് അതിന്റെ അടിസ്ഥാനങ്ങളെന്നും നാം തിരിച്ചറിയണം. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്തമ സമുദായമായി നാം പരിവര്‍ത്തിക്കണം. ഇസ്‌ലാമിനെ ഫിഖ്ഹിലൂടെ മാത്രം നാം മനസ്സിലാക്കുന്നത് ദോഷകരമാണ്. ഇത്തരം കുടുസ്സാര്‍ന്ന മനഃസ്ഥിതിയില്‍നിന്ന് പുറത്ത് കടക്കുകയും ഖുര്‍ആനിന്റെ ആശയ വിശാലത നാം നെഞ്ചേറ്റുകയും വേണം.
ഉറുദു ഭാഷയുടെ പോഷണം സമുദായ പിന്നാക്കാവസ്ഥയെ മറികടക്കാന്‍ തീര്‍ച്ചയായും അനിവാര്യം തന്നെ. ഒപ്പം പൊതുസമൂഹത്തിന്റെ ഭാഷ സ്വായത്തമാക്കുന്നതില്‍ നാം അമാന്തിക്കരുത്.
പൊതുസമൂഹവുമായുള്ള ഇടപഴകലിലൂടെ നമ്മെക്കുറിച്ചുള്ള അവജ്ഞയും തെറ്റിദ്ധാരണയും നാം മാറ്റിയെടുക്കേണ്ടതുണ്ട്.നേതൃപാടവം വളര്‍ത്തിയെടുക്കുന്നതിലും ശ്രദ്ധ ചെലുത്തണം. നമ്മുടെ സത്വ നൈരന്തര്യത്തില്‍ പങ്കുവഹിക്കേണ്ട മദ്രസാസംവിധാനം കുറ്റമറ്റതാക്കണം. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔന്നത്യം തിരിച്ചറിയുന്നവരും അതിന്റെ വാഹകരും സാമൂഹ്യ ദൗത്യം നിര്‍വഹിക്കാന്‍ പ്രാപ്തരുമായുള്ള തലമുറ വളര്‍ന്നു വരുംവിധം പഠന സംവിധാനത്തില്‍ മാറ്റം വരുത്തണം. മദ്രസാ പഠനം ഭൗതിക വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കും വിധം ആകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അവളുടെ അവകാശവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അവളെ ഉദ്ധരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കണം.
അഭിപ്രായ രൂപീകരണത്തിനുള്ള ഏറ്റവും കരുത്തുറ്റ ഉപകരണമാണിന്ന് മാധ്യമങ്ങള്‍. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനമില്ലായ്മ ദേശീയ നിലവാരമുള്ള മാധ്യമരംഗത്ത് പിന്തള്ളപ്പെടാന്‍ കാരണമാവുന്നുണ്ട്. ഇംഗ്ലീഷ് ലോകഭാഷയാണെന്ന യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. സമുദായ കെട്ടുപാടുകള്‍ക്കപ്പുറം സാമൂഹ്യ ദൗത്യം നിര്‍വഹിക്കുംവിധമുള്ള മാധ്യമങ്ങള്‍ നമുക്ക് സ്വന്തമായി ഉണ്ടാകണം. പ്രൊഫഷണല്‍ രീതിയില്‍ അവ നടത്തിക്കൊണ്ട് പോവാനുള്ള കഴിവ് നാം ആര്‍ജിക്കണം. അതിലൂടെ ആധുനിക മാനേജ്‌മെന്റ് സംവിധാനങ്ങളും സങ്കേതികവിദ്യയും സ്വായത്തമാക്കി കാലികമായ മാറ്റങ്ങളുള്‍ക്കൊണ്ട് മെച്ചപ്പെട്ട ബദലുകളായി വര്‍ത്തിക്കുവാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് സാധിക്കണം.
സമൂഹത്തില്‍ സാമ്പത്തിക ഉന്നമനത്തിന് ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് സകാത്തിന്റെ സംഭരണവും വിതരണവും കാര്യക്ഷമമാക്കലാണ്. ഉല്‍പാദനക്ഷമമായ കാര്യങ്ങളില്‍ സകാത്ത് വിനിയോഗിക്കപ്പെടണം. അതുപോലെ വഖഫ് ആസ്തികളും മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തണം.
ഭരണരീതിയില്‍ പങ്കാളിത്തം ലഭിക്കുന്നത് സമുദായത്തെ ശാക്തീകരിക്കുന്ന പ്രധാന ഘടകമാണ്. ജനാധിപത്യ പ്രക്രിയയില്‍ സജീവപങ്കാളിത്തം വഹിക്കുന്നതില്‍ സമുദായം ശ്രദ്ധ ചെലുത്തുന്നതോടൊപ്പം ഗവണ്‍മെന്റ് ജനസംഖ്യാനുപാധിക പ്രാതിനിധ്യം പാര്‍ലമെന്റിലും നിയമസഭയിലും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒപ്പം മുസ്‌ലിം സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങള്‍ എസ്.സി, എസ്.ടി സംവരണ മണ്ഡലങ്ങളാക്കുന്ന വിവേചനവും അനീതിയും ഭരണകൂടം അവസാനിപ്പിക്കണം. അവസര സമത്വവും സാമ്പത്തിക നീതിയും ഭരണകൂടം ഉറപ്പുവരുത്തുകയും വിവേചനം കൊണ്ട് ആരും പിന്നാക്കമാകുന്നില്ല എന്ന് ബോധ്യപ്പെടുകയും വേണം.
ഇന്ത്യയില്‍ സാമൂഹിക സാമ്പത്തിക പുരോഗതി നേടാന്‍ ജാതീയത പ്രതിബന്ധമാണ്. കേരളീയ അവസ്ഥയല്ല ഇന്ത്യയില്‍ ഒട്ടാകെയുള്ളത്. കേരളത്തിന് പുറത്ത് കടുത്ത സാമൂഹിക വിവേചനം നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ജാതിയുടെ അടിസ്ഥാനത്തില്‍ പിന്തള്ളപ്പെട്ട വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജാതി അടിസ്ഥാനത്തില്‍ സംവരണം നടത്തണം. മുസ്‌ലിംകളിലെ ചില വിഭാഗങ്ങള്‍ക്കല്ല, മൊത്തം മുസ്‌ലിംകള്‍ക്കും സംവരണം ബാധകമാക്കണം. ഭരണ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലൊക്കെത്തന്നെ ജനസംഖ്യാനുപാതികമായി സംവരണം അനുവദിക്കേണ്ടത് സാമൂഹിക നീതി സ്ഥാപിക്കാന്‍ അനിവാര്യമാണ്. മുസ്‌ലിംകളില്‍ സുരക്ഷിതത്വ ബോധം ഉണ്ടാക്കാനും നടപടികള്‍ സ്വീകരിക്കണം.     
ഇന്ത്യയുടെ സാമൂഹ്യ-സാംസ്‌കാരിക വൈവിധ്യം ഉള്‍ക്കൊള്ളാനും അതിനെ ആദരിക്കാനും പാകത്തില്‍ മനസ്സ് വിശാലമാക്കുന്നതിനാവശ്യമായ സംഗതികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വരും തലമുറയുടെ സഹവര്‍ത്തിത്വം സംസ്‌കരിക്കുന്നതിനും ഹൃദയ വിശാലതക്കും അതു വഴിയൊരുക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രഗവണ്‍മെന്റും മറ്റും പ്രഖ്യാപിക്കുന്ന പല പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ യഥാസമയം ജനങ്ങളിലേക്കെത്താതെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ അവ പ്രയോജനപ്പെടുത്താനാവാതെ പോവുന്നു. ഇത് കണ്ടെത്തി സമുദായത്തിനകത്ത് എത്തിക്കാന്‍ നമുക്കാവേണ്ടതുണ്ട്.
വ്യക്തിയും സമുദായവും ഭരണകൂടവും ഒത്തു ചേര്‍ന്ന് ത്വരിതഗതിയില്‍ പരിശ്രമിച്ചാല്‍ മാത്രമേ മുസ്‌ലിം പിന്നാക്കാവസ്ഥ മറികടക്കാനാവൂ. എല്ലാത്തിനുമപ്പുറം 'ഒരു ജനത സ്വയം പരിവര്‍ത്തിക്കുവോളം അവരെ അല്ലാഹു പരിവര്‍ത്തിപ്പിക്കുകയില്ല' എന്ന ഖുര്‍ആന്‍ വചനം താക്കീതായി നമ്മുടെ നെഞ്ചകങ്ങളില്‍ മുഴങ്ങേണ്ടതുണ്ട്.
ധനാഢ്യരായ പൗരപ്രമുഖര്‍ സമുദായത്തിന്റെ ആദരവ് അര്‍ഹിക്കുന്നുണ്ടെങ്കിലും അറിവും കാര്യശേഷിയും ആസൂത്രണ പാടവവുമുള്ള സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വിദ്യാഭ്യാസ സമ്പന്നര്‍ക്കും മുസ്‌ലിം സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ഒരു പങ്ക് വഹിക്കാന്‍ അവസരം നല്‍കണം. അവരുടെ കഴിവുകള്‍ സമുദായത്തിന്റെ ഉന്നമനത്തിന് പ്രയോജനപ്പെടുത്തണം. ചൂഷണവും അഴിമതിയും ദരിദ്രവിഭാഗങ്ങളോട് അവഗണനയും മുസ്‌ലിം സ്ഥാപനങ്ങളില്‍ നിന്ന് ഉണ്ടായിക്കൂടാ. ഉയര്‍ന്ന ധാര്‍മിക മൂല്യങ്ങളുടെ പ്രസരണ കേന്ദ്രങ്ങളാവേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഴിമതിയുടെയും അരുതായ്മയുടെയും കേളീരംഗമാക്കുന്നത് സമുദായനേതൃത്വം കണ്ടില്ലെന്ന് നടിക്കുന്ന ദുഃഖകരമായ അവസ്ഥ മാറേണ്ടിയിരിക്കുന്നു. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം, സ്ത്രീ ശാക്തീകരണം തുടങ്ങിയവ നിരീക്ഷിക്കുകയും വീഴ്ചകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ന്യൂനപക്ഷ ക്ഷേമത്തെ കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ മുസ്‌ലിം സമുദായത്തിന് അര്‍ഹിക്കന്ന പുരോഗതി കരസ്ഥമാക്കാനാവുകയുള്ളൂ.     

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top