നീ അവളെ കാണുമോ

ഫാറൂഖ് ഉസ്മാന്‍ No image

'ഈ ബാഗ് (ശ്വാസകോശത്തില്‍ നിന്നും ട്യൂബിലൂടെ വെള്ളം ശേഖരിക്കുന്ന) ഒന്ന് അഴിച്ചോട്ടെ, ഇന്‍ശാ അല്ലാഹ് ഞാന്‍ രണ്ട് ദിവസം കൊണ്ട് നാട്ടിലെത്തും'. 'മോന്‍ പോയി നന്നായി പഠിക്ക,് പരീക്ഷക്ക്‌മോനെ സ്‌കൂളിലയക്കാന്‍ ഉമ്മ എത്തും'. ശരീരത്തെ രോഗം തീവ്രതയോടെ കാര്‍ന്ന് തിന്നുമ്പോഴും മരണം ഏത് നിമിഷവും തന്നെ തഴുകി തലോടും എന്ന് തിരിച്ചറിയുമ്പോഴും  സൗദ പറഞ്ഞ ഈ വാക്കുകള്‍ അവരുടെ അചഞ്ചലമായ ഈമാനിന്റെ ബഹിര്‍സ്ഫുരണമായിരുന്നു. സര്‍വ്വോപരി അവര്‍ നമ്മെ  എല്ലാവരെയും ആശ്വസിപ്പിക്കുകയായിരുന്നു.
ജീവിക്കുന്നുവെങ്കില്‍ ഇങ്ങനെ ജീവിക്കണം. 41 കൊല്ലം കൊണ്ട് കേരളത്തെ മുഴുവന്‍ തന്നിലേക്കാവാഹിച്ച ധന്യമായ ജീവിതം. സൗദയുടെ മരണം പുരുഷന്മാരെയാണ് കൂടുതല്‍ കരയിച്ചതെന്ന് തോന്നുന്നു. കേരളത്തിലെ കരുത്തുറ്റ പ്രസ്ഥാനത്തിന്റെ അമീര്‍ സൗദയുടെ പ്രിയതമനെ കെട്ടിപ്പിടിച്ച ശേഷം പതിവിന് വിപരീതമായി  ഒരാളെയും തിരിഞ്ഞ് നോക്കാതെ ഒന്നും പറയാതെ വണ്ടിയില്‍ കയറി കണ്ണുനീരുറ്റിച്ച്  ഇരിക്കുന്ന രംഗം മറക്കാനാകുന്നില്ല. സൗദയുടെ മരണം നേരിട്ട് ദര്‍ശിച്ചപ്പോഴും അതിന് മുമ്പും ശേഷവും, പൊതുവെ സെന്‍സിറ്റീവായ എന്റെ മനസ്സിനെ ഞാന്‍ നിയന്ത്രിക്കുകയായിരുന്നു. കരഞ്ഞ് പോകരുതെ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഉള്ളില്‍ വേദന നീറിപ്പുകയുകയായിരുന്നു. പക്ഷെ അവസാനം  ഞാന്‍ സിദ്ധീഖിനെ' ആലിംഗനം ചെയ്തപ്പോള്‍ അവന്റെ ഹൃദയം എന്റെ ഹൃദയത്തോട് ചേര്‍ത്തുവെച്ചപ്പോള്‍  ആ ഹൃദയത്തിന്റെ വിങ്ങല്‍, ആ മനസ്സിന്റെ നീറ്റല്‍ ഞാന്‍ അനുഭവിച്ചു. പിന്നെ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. എങ്കിലും ഇത് എന്തൊരു ക്ഷമയാണ് സിദ്ധീഖ്.... നിനക്കൊന്ന് പൊട്ടിക്കരഞ്ഞ് കൂടെ? നിന്നെ ഞാന്‍ ആശുപത്രി മുതല്‍ ശ്രദ്ധിക്കുന്നു. ഏതൊരു ഭര്‍ത്താവിനാണ് ഇത്ര ക്ഷമയോടെ സ്വന്തം പ്രിയതമയെ മരണത്തിന്  വിട്ട് കൊടുക്കാന്‍ കഴിയുക?  നീ ഒരു പാട് കരഞ്ഞിട്ടുണ്ടാകാം…പക്ഷെ അല്ലാഹുവല്ലാതെ അത് ആരും കാണാന്‍ നീ അനുവദിച്ചില്ല. സൗദയുടെ ഒരു കുറവും നീ  അവള്‍ ജീവിച്ചിരിക്കുമ്പോള്‍  ആരോടും പറഞ്ഞില്ല. കാണിച്ചുമില്ല. അവളുടെ മയ്യത്തിനോടും നീ കാണിച്ച ആദരവ് എത്ര സ്‌നേഹസ്പര്‍ശിയായിരുന്നു. അവളുടെ രോഗത്തിന്റെ കാഠിന്യം മുഴുവനായി നിനക്കറിയാമായിരുന്നു. എന്നിട്ടും എന്തൊരു പ്രതീക്ഷയായിരുന്നു നീ എല്ലാവര്‍ക്കും നല്‍കിയത്. നിന്നെ അല്ലാഹു ഈമാന്‍ കൊണ്ട് പുതച്ചിരിക്കുകയാണോ? നിന്റെ മുന്നില്‍ നമ്മുടെ ശിരസ്സ് ലജ്ജ കൊണ്ട് താഴ്ന്നു പോകുന്നു.
സൗദാ... ആഗസ്റ്റ് 20-ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് രാത്രി 12 മണിക്ക് സോളിഡാരിറ്റിയുടെ ആംബുലന്‍സില്‍ ലേക്‌ഷോര്‍ ഹോസ്പിറ്റലിലേക്കുള്ള യാത്ര തുടങ്ങുമ്പോള്‍ സ്വന്തം കുടുംബാംഗങ്ങളോട് നീ പറഞ്ഞ യാത്രാമൊഴി അവസാനത്തേതാണെന്ന് കരുതിയില്ല. നിന്റ തിരിച്ചുവരവ് ഒരു ആംബുലന്‍സിലല്ല പ്രതീക്ഷിച്ചത്.  പറഞ്ഞ ദിവസം തന്നെ നീ നാട്ടില്‍ തിരിച്ചെത്തി. നിന്റെ ചേതനയറ്റ ശരീരം നീ ഞങ്ങള്‍ക്ക് തന്നു. നിന്റെ ആത്മാവിനെ മാലാഖമാര്‍ സ്വര്‍ഗത്തിലേക്കാനയിച്ചു. രോഗത്തെകുറിച്ച് നീ ഒരു ആവലാതിയും ആരോടും പറഞ്ഞില്ല. നിന്റെ വേദന മുഖത്ത് പ്രകടമായിരുന്നില്ല. ആയിശബിയുടെ ചുംബനം നിന്നെ ആദ്യമായി കരയിച്ചത് ഞങ്ങളിപ്പോഴാണല്ലോ അറിയുന്നത്. ഹംസ എളേപ്പയുടെ സ്‌നേഹ ചുംബനം നിന്നെ കോരിത്തരിപ്പിച്ചുവല്ലെ? നീ നിന്റെ ഉമ്മയോട് ചോദിച്ചില്ലെ…'ഉമ്മ നിങ്ങളുടെ എളേപ്പ എപ്പോഴെങ്കിലും നിങ്ങളെ ചുംബിച്ചിട്ടുണ്ടോ' എന്ന്? നീ മരണം മുന്നില്‍ കണ്ടതുകൊണ്ടാണോ മരണത്തിന് രണ്ട് ദിവസം മുമ്പ് ഞങ്ങളോട് നിന്നോടൊപ്പം താമസിക്കാന്‍ ആവശ്യപ്പെട്ടത്. അതുകൊണ്ടാണോ നീ  ഞങ്ങളോട് ഒരു ഗ്ലാസ്സ് പായസം വാങ്ങി കുടിച്ചത്? ഓണ ദിവസം (സെപ്റ്റംബര്‍ 16) നിന്നെ കണ്ടപ്പോള്‍ ഞങ്ങള്‍ പതിവില്ലാതെ നിന്നെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു. പടച്ചവനെ ഈ ജീവന്റെ തുടിപ്പ് ഇനിയും നമുക്ക് കാണാനാകില്ലേ? എന്നായിരുന്നു ചിന്ത. വിനോദയാത്ര ഇഷ്ടപ്പെട്ട നിന്നോടൊപ്പം ഒരു യാത്ര ഞങ്ങള്‍ സ്വപ്‌നം കണ്ടതായിരുന്നു. അല്ലാഹുവിന്റെ വിധിയെ മാനിച്ചുകൊണ്ട് പറയട്ടെ, ഇത് കുറെ നേരത്തെയായിപ്പോയി  സൗദാ.…
 സ്വന്തം നാടും നല്ല കച്ചവടവും ഉപേക്ഷിച്ച് നിന്റെ പിതാവ് മക്കളു ടെ വിദ്യാഭ്യാസം മാത്രം ലക്ഷ്യം വെച്ച് അങ്ങ് ദൂരെ ചേന്ദമംഗലൂരിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേക്കേറിയപ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധിയാല്‍ കുരുത്തതായിരുന്നു നീ. ആ പിതാവിന്റെ സ്വപ്‌നത്തേക്കാളേറെ ഉയരത്തില്‍ നീ പറന്നു. പ്രസ്ഥാനവേദികളില്‍ വി.കെ മൊയ്തുഹാജിയുടെയോ വി.കെ ഹംസ സാഹിബിന്റെയോ പേര് പറഞ്ഞ് നമ്മളെ പരിചയപ്പെടുത്തുമ്പോള്‍ പരിഗണനകള്‍ ലഭിക്കാറുണ്ടെങ്കിലും നിന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍ അവരുടെ മുഖത്ത് പ്രകടമാകുന്ന പുഞ്ചിരി തന്നെ മതി സൗദാ, നിന്നെ ഈ പ്രസ്ഥാനം എത്ര സ്‌നേഹത്തോടെയാണ് സ്വീകരിച്ചതെന്നറിയാന്‍.
നിന്റെ ഉമ്മ എത്ര ധന്യവതിയാണ്. സ്വന്തം മക്കളാല്‍ ഖിദ്മത്ത് കിട്ടേണ്ട പ്രായത്തില്‍ അവര്‍ നിന്നോടൊപ്പം തന്നെ നിന്ന് നിന്നെ സേവിച്ചു ഒരു ഇടവേള പോലുമില്ലാതെ. ഇങ്ങനെയൊരു ഉമ്മയെ കിട്ടിയ നീ എത്ര അനുഗ്രഹീതയാണ്. നല്ല വിത്തില്‍ നിന്നു മാത്രമെ നല്ല ചെടികളുണ്ടാകൂ എന്ന് പറഞ്ഞത് പോലെ നിന്റെ എല്ലാ ഗുണങ്ങളുടെയും  ഉറവിടം അവരിലാണ് ചെന്നെത്തുന്നത്.
ഇങ്ങനെയൊരു ഭര്‍ത്താവിനെ നിനക്ക് ദൈവം തന്ന വലിയ അനുഗ്രഹമല്ലെ? നിന്റെ പ്രസ്ഥാന ജീവിതത്തിലെ കൈത്താങ്ങായിരുന്നില്ലേ   അവന്‍. അവന്‍ അല്ലായിരുന്നെങ്കില്‍ നിനക്ക് കേരളം അറിയപ്പെടുന്ന ഒരു ഇസ്‌ലാമിക പ്രവര്‍ത്തകയാകാന്‍ കഴിയുമായിരുന്നോ? നിന്റെ  രോഗാവസ്ഥയില്‍ ഒരു കുഞ്ഞിനെ എന്നവണ്ണം അവന്‍ നിന്നെ താലോലിച്ചില്ലേ? നിന്നില്‍നിന്ന് ഒരു നിമിഷം പോലും അവന്‍ അകന്നുനിന്നില്ലല്ലോ? നിന്നോടൊപ്പം ചായ കുടിച്ചും ഇഷ്ട ഭക്ഷണങ്ങള്‍ വാങ്ങിത്തന്നും കളിതമാശകള്‍ പറഞ്ഞും അവസാനം ഒരു തുള്ളി വെള്ളം തന്നും അവന്‍ നിന്നെ സുന്ദരമായി  യാത്രയയച്ചില്ലേ? നീ എത്ര പുണ്യവതിയാണ് സൗദ.
നീ ഇവിടെ ബാക്കിയാക്കി പോയ കൂട്ടത്തില്‍ നിന്റെ മകനുണ്ടല്ലോ? എത്ര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് അല്ലാഹു അവനെ നിങ്ങള്‍ക്ക് സമ്മാനിച്ചത്. ഈ ചെറു പ്രായത്തില്‍ തന്നെ നിങ്ങളുടെ രണ്ട്  പേരുടെയും ക്ഷമയും മനോധൈര്യവും അവന്‍ പ്രകടിപ്പിക്കുന്നു. നാളെ അവന്‍ നിന്നെക്കാളും വലിയ ദൂരത്തില്‍ സഞ്ചരിക്കും തീര്‍ച്ച.
നീ എന്തിനാണ് സൗദ നിന്റെ ഭര്‍തൃവീട്ടുകാരെ ഇത്രമാത്രം സ്‌നേഹിച്ചത്. നീ എന്തൊക്കെ മദ്ഹുകളായിരുന്നു അവരെക്കുറിച്ച് നിന്റെ വീട്ടുകാരോട് ചൊല്ലിക്കൊടുത്തത്. ഇതൊക്കെ ഞങ്ങള്‍ അറിയുന്നത് നിന്റെ വിയോഗ ശേഷമാണല്ലോ? ഞങ്ങളെ കാണുമ്പോള്‍ തന്നെ നിന്റെ വേദന പകുതി ശമിക്കുമെന്നാണല്ലോ നീ നിന്റെ വീട്ടുകാരോട് പറഞ്ഞത്.
നിന്റെ സ്ഥാനവും വിലയും ഞങ്ങള്‍ തിരിച്ചറിഞ്ഞില്ലല്ലോ? നമ്മുടെ കൈയിലുണ്ടായിരുന്ന മുത്തിനെ ഇനി നമുക്ക് തിരിച്ചുപിടിക്കാനാകില്ലല്ലോ? എന്തൊരു ജനക്കൂട്ടമായിരുന്നു നിന്റെ ജനാസ നമസ്‌കരിച്ചത്. നിന്റെ മൂന്നാമത്തെ വീടായിരുന്നല്ലോ കോഴിക്കോട് ഹിറാസെന്റര്‍. ആ ഹിറാ സെന്ററില്‍ നിനക്ക് വേണ്ടി എത്ര മഹത്തുക്കളാണ് പ്രാര്‍ത്ഥിച്ചത്? കാലാവസ്ഥ പോലും നിനക്ക് വേണ്ടി സ്വയം ക്രമീകൃതമായില്ലെ? നിന്റെ വിശ്വാസദര്‍ശനങ്ങള്‍ക്കനുസരിച്ച് തന്നെ നിന്നെ ഖബറിടം വരെ കൊണ്ട് ചെന്നില്ലെ?
ഞങ്ങള്‍ വേവലാതികള്‍ പറഞ്ഞു എന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദുഃഖിക്കേണ്ടതില്ലല്ലോ? നീ സന്തോഷവതിയല്ലെ? നീ സ്വര്‍ഗീയാരാമത്തില്‍ പീലികള്‍ വിടര്‍ത്തി സന്തോഷ ചുവടുകള്‍ വെക്കുന്നത് നമ്മള്‍ അറിയുന്നു. അത് മാത്രം മതി സൗദ ഇന്നലെ വരെ ഞങ്ങളില്‍ ഒരുവളായി ശാന്തിനികേതനിലും ദാറുസ്സലാമിലും നിറഞ്ഞുനിന്ന നിന്നെ കുറിച്ചുള്ള സ്മൃതികള്‍ ധന്യമാകാന്‍. രണ്ടര വര്‍ഷം മുന്‍പ് നമ്മെ വിട്ട് പിരിഞ്ഞ ഉപ്പയെ കണ്ട് നീ സലാം ചൊല്ലിയോ?  ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വാദിഹുദയുടെയും നെടുംതൂണുകളായിരുന്ന, അഭിമാന സ്തംഭങ്ങളായിരുന്ന നിങ്ങള്‍ക്ക് ഇനി പരസ്പരം എല്ലാം സംസാരിക്കാമല്ലോ? അതെന്തൊരു ഭാഗ്യം.
സൗദ ഒന്നു കൂടി പറഞ്ഞോട്ടെ... നീ ഞങ്ങളുടെ മകളെ ഒന്ന്  കാണണെ... നിനക്കോര്‍മയില്ലെ 'അനാഹ് ആയിഷ'യെ.”അവള്‍ അല്ലാഹുവിന്റെ അര്‍ശിനു കീഴിലുണ്ട്. നിന്നെക്കാളും ഉപ്പയേക്കാളും മുമ്പ് സ്വര്‍ഗത്തിലെത്തിയവളല്ലെ അവള്‍. നീ മറന്നുപോയാലും ഉപ്പ നിന്നെ അവളുടെ അടുത്തെത്തിക്കും. അവളോട് പറയണം, ഞങ്ങളെ സ്വര്‍ഗത്തിലെത്തിക്കാന്‍ അല്ലാഹുവോട്  കേണുകൊണ്ടിരിക്കുന്നത് നിര്‍ത്തരുതേയെന്ന്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top