വിനയാന്വിതം

ജസീന. കെ No image

2003-ല്‍ ജി.ഐ.ഒവിന്റെ സെക്രട്ടറി സ്ഥാനം എന്നില്‍ ചുമത്തപ്പെട്ടപ്പോള്‍ നല്ല ആശങ്കയായിരുന്നു. ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്ത് നേതൃപാടവം തെളിയിച്ച സൗദത്തായുടെ കൂടെ (ആ മീഖാത്തില്‍ സൗദത്തായും ഞാനുമായിരുന്നു പ്രസിഡണ്ടും സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടത്) സംസ്ഥാനസമിതിയില്‍ വന്നിട്ട് രണ്ടുവര്‍ഷത്തെ പരിചയം മാത്രമുള്ള ഞാന്‍ എങ്ങനെ ഒന്നിച്ച് നടക്കുമെന്ന വേവലാതിയായിരുന്നു. എന്നാല്‍, സൗദത്തായുടെ സൗഹൃദ ഇടപെടല്‍ ആ സംശയങ്ങളെല്ലാം അസ്ഥാനത്താക്കി. ജി.ഐ.ഒവിന്റെ അമരത്ത് ഏഴു വര്‍ഷത്തോളം തന്റെ കഴിവ് ഉപയോഗപ്പെടുത്താന്‍ സൗദത്താക്ക് സാധിച്ചിട്ടുണ്ട്. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നിടത്ത് മാത്രമല്ല, അണികളുടെ അഭിപ്രായങ്ങള്‍ക്ക് പ്രത്യേകം പ്രധാന്യം നല്‍കിയിരുന്നു. സഹപ്രവര്‍ത്തകരുടെ കഴിവുകള്‍ എന്താണെന്ന് മനസ്സിലാക്കി അവര്‍ക്ക് പരിപാടികള്‍ ആസൂത്രണം ചെയ്യാനും നടപ്പില്‍ വരുത്താനും അതിലൂടെ അവരെ വളര്‍ത്തിക്കൊണ്ടുവരാനും ശ്രദ്ധിച്ചിരുന്നു. അതിന്റെ ഒരു ഫലം തന്നെയായിരുന്നു 'സാംസ്‌കാരിക അധിനിവേശത്തിനെതിരെ സ്ത്രീശക്തി' എന്ന പേരില്‍ സംഘടിപ്പിച്ച കാമ്പയിന്‍. ഈ കാലയളവില്‍ ഒരു കൂട്ടം പ്രവര്‍ത്തകരെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു.
കഴിവുറ്റ വ്യക്തിത്വത്തിന് ഉടമയായിരുന്നു അവര്‍.  അത്ഭുതപ്പെടുത്തുന്ന പ്രസംഗശൈലിയായിരുന്നു. ജി.ഐ.ഒവിന്റെ പ്രവര്‍ത്തനം യുവതികളിലും വിദ്യാര്‍ഥിനികളിലും ഒതുങ്ങിയിരുന്ന സമയത്ത് പെരുമ്പിലാവില്‍ വെച്ച് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ നടന്ന ചോദ്യോത്തര സെഷനില്‍ സൗദത്തായുടെ പങ്കാളിത്തം എല്ലാവരെയും അത്ഭുതപ്പെടുത്തി. ജി.ഐ.ഒവില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗത്തിന്റെ കണ്ണൂര്‍ ജില്ലാ സാരഥിയായും ജീവിതം പ്രസ്ഥാനത്തിനു വേണ്ടി നീക്കിവെച്ച വ്യക്തിത്വമായിരുന്നു. ആ സമയത്തും ജി.ഐ.ഒവിന് വേണ്ടി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. തുടര്‍ന്നുള്ള മീഖാത്തില്‍ സൗദത്തായുടെ വീട്ടില്‍ താമസിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. അന്ന് പാതിരാവരെയും പ്രാസ്ഥാനിക കാര്യങ്ങള്‍ പറഞ്ഞിട്ടും മതിയായില്ല. ആ സംഭാഷണങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പങ്കുവെച്ചിരുന്നു. 'എന്റെ കഴിവുകള്‍ മനസ്സിലാക്കി വളര്‍ച്ചയില്‍ പ്രോത്സാഹനം നല്‍കിയതില്‍ പ്രധാന പങ്ക് എന്റെ പിതാവിനാണ്' എന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. പിന്നീട് വിവാഹശേഷം സ്‌കൂള്‍ സംബന്ധമായ വിഷയങ്ങളിലും മറ്റും ഭര്‍തൃപിതാവിന്റെ പിന്തുണയെക്കുറിച്ചും അനുസ്മരിച്ചിരുന്നു.
ജമാഅത്തെ ഇസ്‌ലാമി കുറ്റിപ്പുറം വനിതാ സമ്മേളനത്തിന്റെ സമയത്താണ് അസുഖത്തിന്റെ തുടക്കം. ആയിടക്ക് നടത്തിയ സൗഹൃദ സംഭാഷണത്തില്‍ ആരോഗ്യസ്ഥിതി മോശമാവുന്നുണ്ട് എന്ന് സൂചിപ്പിക്കുകയുണ്ടായി. 'പ്രസംഗിക്കരുത്, സംസാരിക്കരുത്, വര്‍ത്തമാനം ആംഗ്യരൂപത്തില്‍ മാത്രം മതി' ഡോക്ടര്‍ നിര്‍ദേശിച്ചു. പ്രസ്ഥാനം സിരകളില്‍ ലയിച്ചു ചേര്‍ന്ന അവരെ വിശ്രമിക്കാന്‍ മനസ്സനുവദിക്കുകയുണ്ടായില്ല (ആരോഗ്യമുള്ള മനസ്സും ശരീരവും ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്ന വസ്തുത പലപ്പോഴും നമ്മുടെ പ്രസ്ഥാന പ്രവര്‍ത്തകര്‍ മറന്നു പോവുന്നു.
പിന്നീട് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിനു സാധിച്ചിരുന്നില്ല. ഫോണ്‍ സംഭാഷണത്തിലൂടെയായിരുന്നു ഞങ്ങള്‍ ബന്ധം നിലനിര്‍ത്തിയിരുന്നത്. അപ്പോഴൊക്കെ പറയും പ്രസ്ഥാനത്തില്‍ ഒന്നുകൂടി സജീവമാകണമെന്ന്, എന്തെല്ലാമോ ഇനിയും പ്രവര്‍ത്തിക്കാനുണ്ട് എന്നൊക്കെ. പിന്നീട് മരണത്തിന് ഒന്നര മാസം മുമ്പാണ് കാണാന്‍ അവസരം ലഭിച്ചത്. അപ്പോള്‍ സൗദത്തായുടെ മുഖത്ത് കണ്ട തെളിഞ്ഞ ഈമാനികമായ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അപ്പോഴും പറഞ്ഞു, 'ഈ പെരുന്നാളിന് വിളിക്കാന്‍ പറ്റിയില്ല ജസീ' എന്ന്. സംസാരിക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടം, എന്നിട്ടും എല്ലാ പെരുന്നാളിനും പരസ്പരം ആശംസകള്‍ കൈമാറിയിരുന്ന ഞങ്ങള്‍ക്ക്, ആ പെരുന്നാളിന് അതിന് പറ്റാത്തതിലെ വിഷമം പങ്കുവെച്ചത് എന്നെ അത്ഭുതപ്പെടുത്തി. വിനയത്തിന്റെ ഉത്തമ മാതൃക ഞാന്‍ അവരില്‍ കണ്ടു.
നിശ്ചലമായ ശരീരം ഹിറാസെന്ററില്‍ വെച്ച് കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ സൗദത്തായെക്കുറിച്ച അഭിമാനവും അടങ്ങാത്ത ദുഃഖവും ഒന്നിച്ചുവന്നു. ജീവിതം മുഴുക്കെ പ്രസ്ഥാനത്തിന് സമര്‍പ്പിച്ച് പ്രവര്‍ത്തകരുടെ മനസ്സില്‍ എന്നെന്നും ജീവിക്കുന്ന വ്യക്തിത്വത്തിന് ഉടമയാവാന്‍ കഴിഞ്ഞല്ലോ എന്ന അഭിമാനവും ഇസ്‌ലാമിന്റെ വിശാലതലത്തില്‍ നിന്ന് വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള 'കേരള മുസ്‌ലിം സ്ത്രീ' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിത്വത്തെ ഇനി നമുക്ക് അനുഭവിക്കാന്‍ പറ്റില്ലല്ലോ എന്ന ദുഃഖവും ആണ് എന്നില്‍ ഉളവായത്. സൗദത്തായുടെ ജീവിതവും പ്രവര്‍ത്തന ശൈലിയും നേതൃത്വപാടവവും എന്നും നമുക്കും വരാനിരിക്കുന്ന തലമുറക്കും മാതൃകയാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top