ജ്യേഷ്ഠത്തി

കെ.പി സല്‍വ / അനുസ്മരണം No image

രിച്ചവരെ ഓര്‍ക്കുന്നത് ജീവിതത്തെ തിരിച്ചുപിടിക്കലാണ്. മരിച്ചുപോയവര്‍ വിട്ടേച്ചുപോയ വിടവുകള്‍ നികത്താന്‍ ഈ ഓര്‍മകള്‍ക്ക് സാധിക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ മരണം തനിച്ചാക്കിയ പലരും ഈ ഓര്‍മകളില്‍ ഊര്‍ജസ്വലരാവാറുണ്ട്. പിരിഞ്ഞുപോയവരുടെ വസ്ത്രം, പുസ്തകം, കണ്ണട തുടങ്ങി സൂക്ഷിച്ചു വെക്കുന്ന പലതും കൊണ്ടുവരുന്ന സ്മരണകള്‍ നല്‍കുന്നതും ഈ മരണം കൊണ്ടുവരുന്ന ശൂന്യതയുടെ തീവ്രത മരണത്തിന് മാത്രമേ അനുഭവിപ്പിക്കാനാവൂ എന്ന് തോന്നുന്നു. അതും നമ്മുടെ സാമീപ്യത്തില്‍ അല്ലെങ്കില്‍ അനുഭവത്തില്‍ വരുന്ന മരണത്തിന്.
അതുകൊണ്ടായിരിക്കാം ഓര്‍മയും ബുദ്ധിയും നശിച്ച് കാലങ്ങളായി കിടപ്പിലായവരും ബുദ്ധിമാന്ദ്യം, ഓട്ടിസം എ ന്നിവ ബാധിച്ച അബ്‌നോര്‍മല്‍ എന്ന് നമ്മള്‍ വിളിക്കുന്ന, ജനിച്ച നാള്‍തൊട്ട് ബാധ്യതകളായ കുട്ടികളും ഒക്കെ മരിക്കുമ്പോള്‍ അവരെ കാരുണ്യത്തോടെ ശുശ്രൂഷിച്ചിരുന്നവര്‍ അങ്ങേയറ്റത്തെ ശൂന്യത അനുഭവിക്കുന്നത്. നമ്മുടെ കാഴ്ച്ചക്കപ്പുറം പരദേശത്ത് മരിച്ച് മറമാടപ്പെട്ട ഉറ്റവര്‍ തിരിച്ച് വരാനുള്ളവരാണെന്ന് ചിലപ്പോഴെങ്കിലും നിനച്ചുപാകുന്നതും അതുകൊണ്ടായിരിക്കാം. ഒരാള്‍ നമുക്ക് എന്തെല്ലാമായിരുന്നു എന്ന് പറഞ്ഞുതരാനും അടയാളപ്പെടുത്താനും അയാളുടെ മരണത്തിനല്ലാതെ മറ്റൊന്നിനും സാധിക്കാത്തതും അതായിരിക്കാം.
എന്നെ സംബന്ധിച്ചിടത്തോളം സൗദത്തായുടെ മരണം ഇപ്പറഞ്ഞതില്‍ പലതുമായിരുന്നു. ഞാനിപ്പോള്‍ നേതൃരംഗത്തല്ല പ്രവര്‍ത്തിക്കുന്നത് എന്നതിനാലും ഞങ്ങളുടെ സ്ഥലങ്ങള്‍ മലബാറിന്റെ തെക്കും വടക്കും ആയതുകൊണ്ടും ബന്ധം നിലനിര്‍ത്തുന്നത് ഫോണിലൂടെയാണ്. നേരത്തെ കീമോ കഴിഞ്ഞ് സുഖം പ്രാപിച്ച് വീണ്ടും സജീവമായപ്പോള്‍ സൗദത്താ വിളിച്ചിരുന്നു. സ്ത്രീസംഘടനയുമായി ബന്ധപ്പെട്ട് ഒരു പേപ്പര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞു. പണിയെടുക്കാനുള്ള മടി കാരണം തിരിച്ചു വിളിച്ചതേയില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും വിളിയൊന്നും കാണാഞ്ഞ് അന്വേഷിച്ചപ്പോഴാണ് രോഗം കൂടിയ വിവരം അറിയുന്നത്; അല്‍പം ഗൗരവമാണെന്നും. വിളിച്ചു നോക്കാന്‍ മനസ്സ് കൂട്ടാക്കിയില്ല. അഭിമുഖീകരിക്കാന്‍ മാത്രമല്ല, ആ അവസ്ഥയുള്ള സൗദത്തായെ അംഗീകരിക്കാനും എന്റെ ഉള്ളിലെ എനിക്ക് സാധിക്കുമായിരുന്നില്ല. നേരത്തേ പോലെ രോഗശാന്തിയില്‍ ഒരു വിളി ഞാന്‍ പ്രതീക്ഷിച്ചു. ശാരീരിക കാരണങ്ങളാല്‍ ഞാന്‍ എന്നിലേക്ക് ചുരുങ്ങിയതും സൗദത്തായുടെ രോഗം മൂര്‍ച്ഛിച്ചതും ഒരേ കാലത്താണ്. അതോടൊപ്പം 'നീ ഇനി പോകേണ്ട. ഇപ്പോള്‍ മനസ്സില്‍ നല്ലൊരു രൂപമില്ലേ, അത് അവിടെ നിന്നോട്ടെ' എന്ന് പോയിക്കണ്ട സുഹൃത്തുക്കളുടെ ഉപദേശവും കാണാനുള്ള ആഗ്രഹം പ്രാര്‍ഥനയില്‍ ഒതുക്കി. അപ്രതീക്ഷിതമല്ലെങ്കിലും മരണവാര്‍ത്ത മരവിപ്പ് തന്നെയാണ് കൊണ്ടുവന്നത്. പക്ഷെ, അന്നോ പിറ്റേന്നോ ഇല്ലാതിരുന്ന ഒരുതരം സങ്കടവും വിങ്ങലും മൂകതയും രണ്ടുദിവസം കഴിഞ്ഞ് എന്നെ പൊതിയാന്‍ തുടങ്ങി. എത്ര കരഞ്ഞാലും പറഞ്ഞാലും തീരാത്ത കനം തൊണ്ടക്കുഴിയില്‍ തിങ്ങിനിന്നു.
ഒഴുക്കിനൊത്ത് നീന്താതെ വേറിട്ട വഴിയെ പോകുമ്പോള്‍, പുതിയ ചിന്തകള്‍ അവതരിപ്പിക്കുമ്പോള്‍, നിലനില്‍ക്കുന്ന അവസ്ഥയെ വിമര്‍ശിക്കുമ്പോള്‍ ഒക്കെ പ്രയാസങ്ങളും പ്രശ്‌നങ്ങളും സ്വാഭാവികമാണ്. പങ്കുവെക്കുന്നതിലൂടെയാണ് അതിനെ മറികടക്കുന്നത്. തീക്ഷ്ണവും വൈകാരികവുമായ പല അവസ്ഥകളും പങ്കുവെക്കാവുന്ന കുറച്ച് ജ്യേഷ്ഠത്തിമാരുണ്ടെനിക്ക്. അവരില്‍ ഒരാളായിരുന്നു സൗദത്താ. 1999-ല്‍ അവര്‍ പ്രസിഡണ്ടായ പ്രവര്‍ത്തന കാലയളവില്‍ തന്നെയാണ് ഞാന്‍ സ്റ്റേറ്റ് കൗണ്‍സിലില്‍ എത്തുന്നതും. പ്രായവും പരിചയവും കുറവായ എനിക്ക് അബദ്ധങ്ങള്‍ പിണയുക സാധാരണമായിരുന്നു. എന്നിട്ടും അടുത്ത വര്‍ഷം സംസ്ഥാന കാമ്പസ് മീറ്റിന്റെ സംഘടനാ ചുമതല സൗദത്താ എന്നെത്തന്നെ ഏല്‍പ്പിച്ചു. പിഴവുകള്‍ എണ്ണിപ്പറയലായിരുന്നില്ല അവരുടെ രീതി. ചെയ്തതിലെ നന്മകള്‍ അംഗീകരിക്കുന്നതോടൊപ്പം ഉത്തരവാദിത്വ നിര്‍വഹണത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യും. ആ ക്യാമ്പില്‍ കാമ്പസിലെ പ്രവര്‍ത്തനവും സംഘാടനവും സംബന്ധിച്ച് ഒരു പ്രബന്ധം ഞാന്‍ അവതരിപ്പിക്കണമെന്ന് സൗദത്തായുടെ നിര്‍ദ്ദേശമായിരുന്നു. എഴുത്തിന്റെ വഴിയില്‍ വളരെയധികം ആത്മവിശ്വാസം നല്‍കിയ സംഭവമായിരുന്നു അത്. അതുവരെ ചില്ലറ കവിതയെഴുത്തില്‍ ഒതുങ്ങിയിരുന്ന എനിക്ക് മറ്റൊരു വാതില്‍കൂടി തുറന്നുകിട്ടുകയായിരുന്നു. അണികളുടെ സാധ്യതകള്‍ കണ്ടെത്തി അവരെ ആ വഴിയില്‍ പ്രോത്സാഹിപ്പിക്കുക എന്നത് മികച്ച നേതൃഗുണമാണ്.
സ്ത്രീകളുടെ പരിതാപാവസ്ഥ മാത്രമല്ല, സ്ത്രീ സംഘാടനത്തിന്റെ പരിമിതികളും നയമില്ലായ്മയും സൗദത്തായെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. വിവാഹം കൊണ്ടും വിവാഹം സാധ്യമാവാത്തതുകൊണ്ടും സ്ത്രീകള്‍ പൊതു രംഗത്തുനിന്ന് പിന്‍വലിയേണ്ടി വരുന്നതിനെക്കുറിച്ച് കിട്ടുന്ന അവസരങ്ങളിലെല്ലാം അവര്‍ ഉണര്‍ത്താറുണ്ടായിരുന്നു. ഇസ്‌ലാമികാധ്യാപനങ്ങളിലൂന്നി സ്ത്രീകള്‍ക്ക് പദവിയും അന്തസ്സും നല്‍കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് പകരം 'പര്‍ദയാണോ സാരിയാണോ മുസ്‌ലിം സ്ത്രീ ധരിക്കേണ്ടത്' എന്ന ചെറിയ അജണ്ടയിലേക്ക് മുസ്‌ലിം സ്ത്രീ സംഘടനകള്‍ ചുരുങ്ങുന്നതില്‍ രോഷംകൊള്ളാറുണ്ടായിരുന്നു അവര്‍. ഒരു ക്യാമ്പ് കഴിഞ്ഞ് പോരുമ്പോള്‍ ശ്രമിച്ചാല്‍ ഒന്നുകൂടെ നന്നാക്കാമായിരുന്നു എന്ന് ഞാന്‍ സങ്കടപ്പെട്ടപ്പോള്‍ 'അസ്വസ്ഥമായ മനസ്സുകള്‍ക്ക് മാത്രമേ പുതിയ കാര്യങ്ങളും പുതിയ വഴികളും കണ്ടെത്താനാവൂ' എന്ന് സൗദത്താ പറഞ്ഞത് പലപ്പോഴും അവരുടെ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും കാണാമായിരുന്നു.
സൗദത്തായെ ഓര്‍ക്കുമ്പോള്‍ വേനല്‍ചൂടില്‍ വിണ്ടുകീറിയ ഭൂമിയിലേക്ക് പെരുമഴ പെയ്യും പോലത്തെ ആശ്വാസം നല്‍കിയ ഒരനുഭവമുണ്ട്.1997-ലാണ് ഞാന്‍ ജി.ഐ.ഒ പ്രസിഡണ്ടാകുന്നത്. പെണ്‍കുട്ടികളുടെ വൈജ്ഞാനികവും ചിന്താപരവുമായ ഉണര്‍വിനെ മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ അന്ന് ആസൂത്രണം ചെയ്തിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു 'സ്ത്രീപക്ഷ ചിന്തകള്‍' എന്ന ശില്‍പശാല. അതില്‍ ഞാന്‍ അവതരിപ്പിച്ച പ്രബന്ധം പിന്നീട് പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചു. അംഗീകാരങ്ങളെക്കാള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ എന്നെ തേടിവന്നു. കാമ്പുള്ള വിമര്‍ശനങ്ങളില്‍നിന്നാണ് ഊര്‍ജം കൊള്ളേണ്ടത്. പറഞ്ഞതിലെ പതിരുകള്‍ അംഗീകരിക്കുകയും വേണം. പക്ഷേ, ഞാന്‍ അങ്ങനെ എഴുതാനേ പാടില്ലായിരുന്നു എന്ന നിലപാടുകളിലെ ജനാധിപത്യമില്ലായ്മ നേരിടാനുള്ള തൊലിക്കട്ടിയില്ലാതിരുന്നതുകൊണ്ട് അത്തരം വിമര്‍ശനങ്ങള്‍ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. ഈ വിഹ്വലതകള്‍ക്കിടയിലാണ് സൗദത്തായുടെ വിളിവരുന്നത്. ''ഒരുപാട് കാലമായി മനസ്സില്‍ കിടന്ന് വിങ്ങുന്ന, പറയണമെന്ന് ആഗ്രഹിച്ചിരുന്ന കാര്യമാണ് എഴുതിയത്. വളരെ നന്നായി.'' ഞാന്‍ വിമര്‍ശനങ്ങളെക്കുറിച്ച് പറഞ്ഞു. 'അത് പ്രശ്‌നമാക്കേണ്ട. പുതിയ അനുഭവമായതുകൊണ്ടാണ്.' അരമണിക്കൂറോളം അവര്‍ സംസാരിച്ചു. ഈ പിന്തുണ എനിക്ക് നല്‍കിയ ആത്മധൈര്യം അനല്‍പമായിരുന്നു.        

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top