പ്രണയം പ്രശ്‌നമാവുന്നത്.

കെ.പി സല്‍വ No image

ന്റേതായ പുരുഷന്റെ സ്‌നേഹവും അംഗീകാരവും സ്ത്രീയുടെയും തന്റേതായ സ്ത്രീയുടെ സ്‌നേഹവും അംഗീകാരമൊക്കെ പുരുഷന്റെയും തേട്ടമായതുകൊണ്ട് തികച്ചും ജൈവീകമായ വികാരമാണ് പ്രണയം. അതാണ് ജീവിതത്തെ ആര്‍ദ്രവും മധുരവും ധനാത്മകവുമാക്കുന്നത്. അതുകൊണ്ടാണ് പ്രണയരഹിതമായ കുടുംബങ്ങള്‍ അഴികളില്ലാത്ത നടവറകളാവുന്നത്. സ്ത്രീ പുരുഷബന്ധങ്ങള്‍  ഇത്ര തരളിതമാകുന്ന വികാരം വേറെയുണ്ടോ? എക്കാലത്തെയും എല്ലാ നാട്ടിലെയും സാഹിത്യ കലാരൂപങ്ങള്‍ക്ക് പ്രണയം വിഷയീഭവിച്ചിട്ടുണ്ട്.
ഇടപഴകാനും അടുത്തറിയാനും ആശയക്കൈമാറ്റത്തിനും എളുപ്പവും സൗകര്യമുള്ളതാണ് സമകാലിക പൊതുമണ്ഡലം. 'ഒപ്പം പ്രണയത്തെ ഇത്രകണ്ട് ആഘോഷിക്കുന്ന മാധ്യമ വിപണി സംസ്‌കാരവും കൂടിച്ചേരുമ്പോള്‍ പ്രണയവും അനുബന്ധങ്ങളും നന്നായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. 'ഒരിക്കലെങ്കിലും പ്രണയിക്കാത്തവരെ വിവാഹം കഴിക്കരുതെന്ന്' പുതുതലമുറയിലെ തമാശയാണെങ്കിലും മാറുന്ന മനോഭാവങ്ങളുടെ സൂചനയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും സമകാലിക ജീവിതത്തിലെ ഒരു പ്രധാന അലോസരം കൂടിയാണ് പ്രണയം. പ്രണയികള്‍ അതിനെ എന്ത് വിലകൊടുത്തും ശുഭകരമായ പര്യവസാനത്തിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും എങ്ങനെയെങ്കിലും അഴിച്ചു കളയേണ്ട ഊരാകുടുക്കായിരിക്കും. ജീവിതത്തെയും പ്രണയത്തെയും രണ്ടായികാണുന്നതാണ് രണ്ട് പ്രശ്‌നങ്ങളുടെയും കാതല്‍. വിശദീകരിക്കാം; പ്രണയം വിവാഹത്തിലെത്തണമെന്നതാണ് നടപ്പ് എങ്കില്‍ നാം വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കുടുംബം, കുട്ടികള്‍, സമൂഹം, മതം, സംസ്‌കാരം, സാമ്പത്തികം, ലൈംഗികം തുടങ്ങിയവയിലേക്കെല്ലാം വാതിലുകള്‍ തുറന്നുവെച്ച സ്ഥാപനമാണ് വിവാഹം. പ്രണയം കൊണ്ട് മാത്രം ഈ പറഞ്ഞവയെല്ലാം സാക്ഷാത്കരിക്കുവാന്‍ സാധ്യമല്ല. സാധാരണഗതിയില്‍ തന്നെ ഒരുപാട് ത്യാഗവും നീക്കുപോക്കുകളും ആവശ്യമാണ് വിവാഹ/കുടുംബജീവിതത്തില്‍. പ്രണയത്തെ മാത്രം കേന്ദ്രീകരിച്ച വിവാഹ/കുടുംബ ബന്ധങ്ങള്‍ അസാധ്യമാംവിധം ത്യാഗവും, വിട്ടുവീഴ്ചയും ആവശ്യപ്പെടുന്നു. പലപ്പോഴും ഇത് രണ്ടിലൊരാളുടെ ചുറ്റുപാടുകളെയും സ്വത്തത്തെ തന്നെയും തിരസ്‌കരിക്കുന്നതിലോ ബന്ധം പൊട്ടുന്നതിലോ ചെന്നെത്തുന്നു.
ഇതുപോലെത്തന്നെയാണ് വൈകാരിക തേട്ടങ്ങളുടെയും സ്ഥിതി. ഇണകള്‍ക്കിടയിലുണ്ടാവുന്ന പ്രണയം, ലൈംഗികത തുടങ്ങിയവക്കിടയില്‍ നടക്കേണ്ട വൈകാരിക പങ്കുവെപ്പ് ഇണകളെക്കൊണ്ട് മാത്രം സാധിക്കുകയില്ല. ഇതിനെയെല്ലാം റദ്ദ് ചെയ്ത് നേടുന്ന പ്രണയസാഫല്യത്തിന് ഒടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. ജീവിതത്തെ പ്രണയത്തിലേക്ക് ചുരുക്കാതെ പ്രണയത്തെ ജീവിതത്തിലേക്ക് വലുതാക്കാന്‍ പ്രണയികള്‍ക്ക് സാധിക്കേണ്ടതുണ്ട്. അതിന് പ്രണയം തെരഞ്ഞെടുപ്പാണോ സംഭവിച്ചു പോകുന്നതല്ലേ എന്ന് ചോദക്കാം. ജീവിക്കാനാണ് പ്രണയിക്കുന്നതെങ്കില്‍ അതിനെ മുന്‍നിര്‍ത്തിയുള്ള ഒറ്റത്തെരഞ്ഞെടുപ്പിന് ഒരുപാട് തിരസ്‌കാരങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. അത് പ്രണയത്തെയും പ്രണയികളെയും നൂനീകരിക്കലല്ലേ എന്നു ചോദിക്കാം. ഒരു വ്യക്തി സ്വയം തന്നെ പൂര്‍ണമാണെന്നും വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക് മേലെ മറ്റൊന്നുമില്ലെന്നുമുള്ള യൂറോപ്യന്‍ വ്യക്തിവാദത്തില്‍ പ്രണയം ഒരു വിശുദ്ധ പശുവാണ്. പക്ഷേ ഈ വാദം അതിനകത്ത് തന്നെ നിരന്തരം കുടുംബജീവിതത്തെയും പങ്കുവെപ്പിനെയും നിരാകരിക്കുന്നു. പകരം വ്യക്തിയുടെ ശാരീരികമായ ആവശ്യപൂരണത്തെ മുന്നോട്ട് വെക്കുന്നു. അവിടെ പ്രണയവും ഒരുമിച്ച് ജീവിക്കലും വ്യാപകമാവുകയും വിവാഹമോചനവും കുടുംബത്തകര്‍ച്ചയും ഏറുകയും ചെയ്യുന്നു.
ഇത് ഒരു വശം. മറുവശത്ത് ഒരുമിച്ചുള്ള ജീവിതത്തിന് വലിയ സാധ്യതകളുണ്ടായിരിക്കെ പ്രണയിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് അംഗീകരിക്കേണ്ടതില്ല എന്നതാണ് നാട്ടില്‍ മൂടുറച്ച പൊതുബോധം. തങ്ങളുടെ വിശ്വാസം, ആദര്‍ശം, സംസ്‌കാരം എന്നിവയോടൊന്നും ഒരു നിലക്കും ഒത്തുപോകുന്നതല്ല പ്രശ്‌നം. മറിച്ച് മാതാപിതാക്കളുടെ കുടുംബക്കാരുടെയൊക്കെ മേല്‍കോയ്മയെ, അധികാരത്തെ, അവകാശത്തെ മറികടന്നുകൊണ്ട് പ്രണയിച്ചു കളഞ്ഞു എന്നതാണ് കാരണം. ഇവിടെ കുടുംബബന്ധങ്ങളുടെ സ്വഭാവമാണ് പരിശോധിക്കേണ്ടത്. ഒന്നിന് താഴെ മറ്റൊന്നാണെന്ന ശ്രേണിയിലാണ് കുടുംബങ്ങളില്‍ വ്യക്തികളുള്ളത്. ഇവക്കിടയിലെ ബന്ധം ആധിപത്യവും വിധേയത്വവുമായി വരച്ചെടുക്കാന്‍ വളരെ എളുപ്പമാണ്. മുകളിലേക്ക് പോകുംതോറും അവകാശങ്ങളും താഴേക്ക് വരുംതോറും ബാധ്യതകളും കൂടിവരുന്ന ശ്രേണി. ഒരു കാലത്ത് അത് അങ്ങനെയായിരുന്നു. അധികാരവും അവകാശവും പദവിക്കായിരുന്നു. ഫ്യൂഡല്‍ ഗോത്രവര്‍ഗ രീതികളുടെ ശരിയാണത് തത്വത്തിലും പ്രയോഗത്തിലും മുസ്‌ലിം സമൂഹം ഇസ്‌ലാമിന്റെ മൂല്യങ്ങളെ വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാലമാണിത്. പരമ്പരാഗതവും പ്രദേശികവുമായ ശീലങ്ങളില്‍ നിന്ന് മര്‍ദിതര്‍ക്കും അരികിലുള്ളവര്‍ക്കും ശബ്ദവും ഇടവും നല്‍കുന്ന പുതിയതും വിപ്ലവാത്മകവുമായ മാറ്റങ്ങളിലൂടെയാണ് മുസ്‌ലിം ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. അവിടെ അധികാരവും വ്യവസ്ഥകളുമെല്ലാം നീതി എന്ന ബോധ്യത്തില്‍ നിന്ന് ചോദ്യം ചെയ്യപ്പെടുകയും പൊളിച്ചെഴുതപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് അധികാരം അവകാശമല്ല ഉത്തരവാദിത്തമാണ് എന്ന മുദ്രാവാക്യം രൂപപ്പെടുന്നത്. ഈ സംക്രമണം കുടുംബങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഓരോ അംഗത്തിനും ദൈവീക പ്രതിനിധാനം സാക്ഷാല്‍കരിക്കാനാവശ്യമായ അവസരവും അംഗീകാരവും ഉറപ്പ് വരുത്തലാണ് മുസ്‌ലിം കുടുംബത്തിലെ അധികാര ഘടനയുടെ ഉത്തരവാദിത്തം. പ്രായം- പദവി വ്യത്യാസമില്ലാതെ അംഗങ്ങളുടെ വ്യക്തിത്വം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. വിവാഹിതരാവുന്നതോടെയല്ല കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുന്നത്. അത് ഗര്‍ഭത്തിനകത്ത് തുടങ്ങുന്നുണ്ട്. അതിനെ തിരിച്ചറിഞ്ഞ് സമീപനങ്ങളില്‍ മാറ്റം വരുത്തുന്ന കുടുംബങ്ങളിലാണ് സുഖദുഃഖങ്ങള്‍ പങ്കുവെക്കുന്ന തുറന്ന ബന്ധങ്ങളുണ്ടാവുക. പുതിയ കാലത്തെ സ്പന്ദനങ്ങളെ പോയ കാലത്തെ മൂല്യബോധം കൊണ്ടളക്കാതെ ഇസ്‌ലാമിന്റെ നീതിബോധത്തില്‍ ചാലിച്ചെടുക്കാനുള്ള അയവുണ്ടാവുക. അത്തരം കുടുംബങ്ങളില്‍ പ്രണയം മാത്രമല്ല മറ്റ് പുതുതലമുറ പ്രവണതകളെല്ലാം ഭംഗിയായി അഭിമുഖീകരിക്കപ്പെടുന്നുണ്ട്.
പ്രണയം ഗുരുതരമായ പ്രശ്‌നമാവുന്നത് അതിന്റെ അതിരുകവിച്ചിലിലാണ്. ശാരീരിക ബന്ധങ്ങളില്‍ എത്തുമ്പോള്‍ മാത്രമല്ല എല്ലാവിധ വിനിമയോപാധികളോടെയും പ്രണയത്തെ ആഘോഷിക്കുമ്പോഴും പരിധി വിടല്‍ നടക്കുന്നു. ഭൂമിയിലും ആകാശത്തിലുമല്ലാതെ നടക്കുന്ന പ്രണയകാലം സദാചാര ബോധ്യങ്ങളെ എപ്പോഴും കൊത്തിനോവിച്ചുകൊണ്ടിരിക്കും. അരാജകത്വം അരങ്ങയറ്റത്തെത്തുന്നതാണ് ശാരീരിക ബന്ധങ്ങള്‍. ജൈവീകമായ ഒന്നിനെ ശരിയായ വഴിയിലേക്ക് തിരിച്ചുവിടാതെ വൈകാരികോത്തേജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ പ്രണയത്തിന്റെ ഉദാത്ത ഭാവങ്ങളല്ല ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുക എന്ന വിപണിയുടെ മിനിമം പരിപാടിയാണുള്ളത്.
ആധുനിക സമൂഹം ഉദാരമായിക്കാണുന്ന വിവാഹേതര ലൈംഗിക ബന്ധങ്ങളില്‍ ഇരയാക്കപ്പെടുന്നത് പെണ്‍വര്‍ഗമാണെങ്കിലും അവരെ കുറ്റവിമുക്തരാക്കാന്‍ ഞാനില്ല. പണം, അനുഭൂതി, സമര്‍പ്പണം, ആക്രമണം എന്നിങ്ങനെയെല്ലാം പെണ്‍കുട്ടികള്‍ ഇരയാക്കപ്പെടുന്നുണ്ട്. ആക്രമണമൊഴിച്ച് ലൈംഗികബന്ധങ്ങളുടെ എല്ലാ ദുരിതങ്ങളും അടയാളങ്ങളും പേറേണ്ടി വരുന്നത് തങ്ങളാണെന്ന യഥാര്‍ഥബോധം അവര്‍ക്കുണ്ടാവേണ്ടതുണ്ട്. വികാരങ്ങള്‍ മനുഷ്യരെയല്ല മനുഷ്യന്‍ വികാരങ്ങളെയാണ് നിയന്ത്രിക്കേണ്ടത്. ഉന്നതമായ ദൈവികബോധം മനുഷ്യന് ആ കഴിവ് നല്‍കുന്നുണ്ട്. റബ്ബും ദീനും മറ്റെല്ലാ വികാരങ്ങളെയും കവച്ച് വെക്കുമ്പോഴാണ് മനുഷ്യന് ലക്ഷ്യബോധമുണ്ടാവുന്നത്. വിവാഹം/ കുടുംബമെന്ന ലക്ഷ്യത്തിലേക്ക് മാത്രം വളര്‍ത്തപ്പെടുന്നത് കൊണ്ട് കാമ്പസുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതലായി പ്രണയത്തിലേക്ക് വഴുതി വീഴുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (എന്‍.പി. ഹാഫിസ് മുഹമ്മദ്. പച്ചക്കുതിര)
പ്ലെയിന്‍ഗ്ലാസ്
വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ തളിരിടുന്ന പ്രണയത്തെ അംഗീകരിക്കാന്‍ നമുക്ക് മടിയാണ്. അതിനെ പ്രണയമെന്ന് വിളിക്കാമോ എന്ന് സംശയിക്കുന്നവരാണധികം. വിവാഹം കഴിഞ്ഞിട്ട് കൊല്ലങ്ങളും കുട്ടികളും പിറന്നിട്ടും പ്രണയത്തിലെ 'പ്ര' പോലും നാമ്പിടാത്ത ബന്ധങ്ങളെ കുടുംബം എന്ന് വിളിക്കുന്നവര്‍ക്ക് നല്ല നമസ്‌കാരം             


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top