ഏഴു പെണ്‍കുട്ടികള്‍

റഹ്മാന്‍ മുന്നൂര് No image

കാഴ്ച ഇരുപത്തിയേഴ്
പ്രഭാത നമസ്‌കാരം കഴിഞ്ഞ് ബഹാഉദ്ദീന്‍ ഇബ്‌നു ശദ്ദാദ് തന്റെ കൂടാരത്തിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. ഒരു പാറാവുകാരന്‍ വന്ന് അദ്ദേഹത്തിന് സലാം ചൊല്ലി.
പാറാവ്: ''പുറത്ത് വിദേശികളായ മൂന്ന് പേര്‍ വന്നിട്ടുണ്ട്. അവര്‍ക്ക് അമീര്‍ സലാഹുദ്ദീനെ കാണണമത്രെ. എന്തോ ആവലാതി ബോധിപ്പിക്കാനാണ്. അവരെ കടത്തിവിടണോ?''
ബ.ശ: ''ആയുധങ്ങള്‍ കൈവശമുണ്ടെങ്കില്‍ വാങ്ങിവെച്ച ശേഷം കടത്തിവിട്ടോളൂ.''
പാറാവുകാരന്‍ തിരിച്ചുപോയി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് ഒരു മധ്യവയസ്‌കനും രണ്ട് ചെറുപ്പക്കാരും കയറിവന്നു. അവര്‍ ബഹാഹുദ്ദീന്‍ ഇബ്‌നു ശദ്ദാദിന് അഭിവാദ്യമര്‍പ്പിച്ചു. ഇബ്‌നു ശദ്ദാദ് അവരോട് ഇരിക്കാന്‍ അഭ്യര്‍ഥിച്ചു.
ബ.ശ: ''സലാഹുദ്ദീന്‍ കൈറോയിലാണ്. എന്താണ് നിങ്ങള്‍ക്കുള്ള ആവലാതി?''
മധ്യവയസ്‌കന്‍: ''ഞങ്ങള്‍ ഇറ്റലിയില്‍നിന്ന് വരുന്നവരാണ്. കുരിശ് പടക്കാര്‍ ഞങ്ങളുടെ മൂന്ന് പെണ്‍കുട്ടികളെ തട്ടിയെടുത്ത് കൊണ്ടുവന്നിട്ടുണ്ട്. അവര്‍ ഇവിടെയുണ്ടെന്നറിയാന്‍ കഴിഞ്ഞു.''
ബ.ശ: ''നിങ്ങളുടെ ആരാണാ കുട്ടികള്‍?''
മ.വ: ''ഒരാള്‍ എന്റെ മകള്‍. മറ്റേ രണ്ടുപേര്‍ ഈ ചെറുപ്പക്കാരുടെ സഹോദരിമാരാണ്.''
ബ.ശ: ''അവര്‍ ഇവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു?''
മ.വ: ''കപ്പലുകള്‍ക്ക് തീപിടിച്ചപ്പോള്‍ അവയിലുണ്ടായിരുന്ന സ്ത്രീകളെ ഒരു ബോട്ടില്‍ കയറ്റി കരയിലേക്ക് രക്ഷപ്പെടുത്തിയതായി യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ കുരിശ് പോരാളികള്‍ പറഞ്ഞു. ഞങ്ങള്‍ ഈ കടലോരങ്ങളില്‍ മുഴുവന്‍ അവരെ അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അങ്ങനെ, നിരാശപ്പെട്ട് മടങ്ങാനിരിക്കെയാണ് ചില മുക്കുവന്മാര്‍ പറഞ്ഞത്, വിദേശികളായ ഏതാനും പെണ്‍കുട്ടികളെ ഈ സൈനിക കേമ്പില്‍ അവര്‍ കണ്ടിട്ടുണ്ടെന്ന്.''
ബ.ശ: ''ഏഴു പെണ്‍കുട്ടികള്‍ ഇവിടെ വന്നിരുന്നു. കുരിശ് പടക്കാര്‍ തട്ടിക്കൊണ്ടുവന്നതാണെന്ന കഥയാണ് അവരും പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ അവരെല്ലാം കുരിശ് പടക്കുവേണ്ടി ചാരപ്പണി നടത്താന്‍ വന്നവരാണെന്ന് വ്യക്തമായി.''
മ.വ: ''ഞങ്ങളുടെ കുട്ടികള്‍ ചാരപ്രവര്‍ത്തകരല്ല.''
ബ.ശ: ''അവരല്ലാതെ മറ്റു പെണ്‍കുട്ടികളാരും ഇവിടെ വന്നിട്ടില്ല. അഞ്ച് ചെറുപ്പക്കാരും അഞ്ച് കച്ചവടക്കാരുമാണ് പിന്നെ വന്നത്. അവരും പരിശീലനം സിദ്ധിച്ച ചാരപ്രവര്‍ത്തകരാണ്. പെണ്‍കുട്ടികളില്‍ ഒരാള്‍ വന്ന ദിവസം തന്നെ രാത്രി ഒളിച്ചോടി. ബാക്കിയുള്ളവരെയും അഞ്ചു ചെറുപ്പക്കാരെയും ഇന്നലെയാണ് കൈറോയിലേക്ക് കൊണ്ടുപോയത്.''
മ.വ: ''താങ്കളുടെ നല്ല പെരുമാറ്റത്തിനും ഇത്രയും വിവരങ്ങള്‍ പറഞ്ഞു തന്നതിനും നന്ദി. ഞങ്ങള്‍ പോവുകയാണ്.''
ബ.ശ: ''കൈറോയില്‍ ചെന്ന് അമീര്‍ സലാഹുദ്ദീനോട് അപേക്ഷിച്ചാല്‍ ആ പെണ്‍കുട്ടികളെ കാണാന്‍ കഴിഞ്ഞേക്കും. അദ്ദേഹം ദയാലുവാണ്.''
മ.വ: ''ഇനി അതിന്റെയൊന്നും ആവശ്യമില്ല. ഞങ്ങള്‍ ഞങ്ങളുടെ നാട്ടിലേക്ക് മടങ്ങുകയാണ്. ഈശോ മിശിഹാ ഞങ്ങളുടെ കുട്ടികളെ രക്ഷിക്കട്ടെ.''
കാഴ്ച ഇരുപത്തിയെട്ട്
നടുക്കടലില്‍ നങ്കൂരമിട്ട ബോട്ടില്‍ പതിനെട്ട് ചെറുപ്പക്കാര്‍ മദ്യപിച്ചും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചും ഉല്ലസിക്കുകയാണ്. ഒരു ചെറുവഞ്ചിയില്‍ മധ്യവയസ്‌കനും രണ്ടു ചെറുപ്പക്കാരും അവിടേക്ക് വന്നു. ചെറുപ്പക്കാര്‍ ആഹ്ലാദപൂര്‍വം അവരെ സ്വാഗതം ചെയ്യുകയും ബോട്ടിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു.
ഒരു ചെറുപ്പക്കാരന്‍: ''ഭാ... മാരിയൂസ്. നിങ്ങളുടെ ദൗത്യം വിജയിച്ചോ?''
മ.വ: ''കര്‍ത്താവിന് സ്തുതിയായിരിക്കട്ടെ. നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.''
ചെറുപ്പക്കാരന്‍: ''പറയൂ എന്താണത്?''
മ.വ: ''സലാഹുദ്ദീന്‍ കൈറോയിലാണുള്ളത്. നമ്മുടെ ആറു പെണ്‍കുട്ടികളെയും റോബിന്‍ അടക്കമുള്ള അഞ്ചു ചെറുപ്പക്കാരെയും ഇന്നലെ കൈറോയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അഞ്ചു പേര്‍ ഇപ്പോള്‍ കേമ്പില്‍ തന്നെയാണ്.''
ചെറുപ്പക്കാരന്‍: ''അപ്പോള്‍ ഒരു പെണ്‍കുട്ടി?''
മ.വ: ''അവര്‍ നേരത്തേ തടവു ചാടിയില്ലേ?
അവളിപ്പോള്‍ കൈറോയില്‍ ഉണ്ടായിരിക്കും. അവളെ കണ്ടെത്തണം. കൈറോയിലെത്തിയ ശേഷമുള്ള നമ്മുടെ നീക്കങ്ങള്‍ക്ക് അവളുടെ സഹായം അത്യാവശ്യമാണ്.''
മറ്റൊരു ചെറുപ്പക്കാരന്‍: ''ബാക്കി കാര്യങ്ങളൊക്കെ നാളെ. ഈ രാത്രി നമുക്ക് അടിച്ചുപൊളിക്കാം. വന്നാട്ടെ, മൂന്നു പേരും.''
കാഴ്ച
മല പോലെ ഉയര്‍ന്നുനില്‍ക്കുന്ന  മണല്‍ക്കൂനക്ക് ചുവട്ടില്‍ ബാലിയാന്റെ താല്‍ക്കാലിക താവളം. ബാലിയാനും മോബിയും എന്തോ സംസാരിച്ചിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് അവരുടെ അംഗരക്ഷകരായ ആറു ഭടന്മാര്‍ കിടന്നുറങ്ങാനുള്ള ഒരുക്കത്തിലാണ്. അല്‍പ്പമകലെ ഇരുട്ടില്‍ അവരുടെ കുതിരകളുടെയും ഒട്ടകങ്ങളുടെയും  അവ്യക്ത രൂപങ്ങള്‍.
മോബിയുടെ കൂട്ടുകാരികളായ ആറു യുവതികള്‍ കത്തിച്ചുവെച്ച  ഒരു പന്തത്തിനു ചുറ്റുമിരുന്ന് സല്ലപിക്കുന്നു. പന്തത്തിന്റെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന അവരുടെ മുഖങ്ങളിലേക്ക് നോക്കിബാലിയാന്‍ അല്‍പനേരം മോബിയെ മറന്നു.
മോബി: ''എന്താണ് ആലോചിക്കുന്നത്?''
ബാലിയാന്‍: ''മോബീ, നിന്റെ കൂട്ടുകാരികളെ നോക്കൂ. അഴകും ആരോഗ്യവുമുള്ള ആറു യുവതികള്‍.  നമ്മള്‍ രണ്ടു പേരും ഇവിടെ സല്ലപിച്ചിരിക്കുമ്പോള്‍ അവരങ്ങനെ തനിച്ചിരിക്കുന്നത് ശരിയാണോ? പ്രത്യേകിച്ച്, ആറു പുരുഷന്മാര്‍ ഇപ്പുറത്ത് ഒറ്റക്ക് കിടക്കുമ്പോള്‍. നീ അവരെ ഇങ്ങോട്ട് വിളിക്കൂ.''
മോബി: ''അവരെ ഉപദ്രവിക്കരുത്. താങ്കള്‍ കരുതും പോലെ പിഴച്ച പെണ്ണുങ്ങളല്ല അവര്‍. അന്തസ്സുള്ള കുടുംബത്തില്‍ ജനിച്ചവരാണ്.''
ബാലിയാന്‍: ''അങ്ങനെ ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ചാരപ്പെണ്ണുങ്ങളുടെ വിശുദ്ധിയെപ്പറ്റി എന്നോട് പ്രസംഗിക്കരുത്.
മോബി: ''ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഞങ്ങള്‍ പലതിനും സന്നദ്ധരായെന്നു വരും. അതൊന്നും ഞങ്ങളുടെ സ്വന്തം സുഖത്തിനോ ഉപജീവനത്തിനോ  വേണ്ടിയല്ല.''
ബാലിയാന്‍: ''പക്ഷേ, ഇപ്പോള്‍ നീയെന്നെ അനുസരിച്ചേപറ്റൂ. അവരെ വിളിക്കൂ.''
മോബി: ''ഇല്ല. ഇക്കാര്യത്തില്‍ എന്നെ നിര്‍ബന്ധിക്കരുത്. ഈ പാപത്തിന് ഞാന്‍ കൂട്ടുനില്‍ക്കുകയില്ല.''
ബാലിയാന്‍: ''നിങ്ങളിപ്പോള്‍ എന്റെ ദാസികളാണ്.''
മോബി: ''അല്ല, ഞങ്ങള്‍  കര്‍ത്താവിന്റെ ദാസികളാണ്. കുരിശിന്റെ സംരക്ഷണത്തിനു വേണ്ടി വീടുകളില്‍നിന്നും ഇറങ്ങിപ്പുറപ്പെട്ടവരാണ്. അതിനുവേണ്ടി മരിക്കാനും സന്നദ്ധരാണ്.
ബാലിയാന്‍: ''അപ്പോള്‍ നിന്റെ കര്‍ത്താവും കുരിശുമാണ് നിനക്ക് വലിയത്!''
മോബി: ''അപ്പോള്‍ നീ എന്നെ വഞ്ചിക്കുകയായിരുന്നു ഇത്രയും ദിവസം!
താങ്കള്‍ അമിതമായി മദ്യം കുടിച്ചിരിക്കുന്നു. അധിക നേരം ഒരിടത്തും തങ്ങരുതെന്ന് ഞാന്‍ എത്ര തവണയാണ് താങ്കളോട് പറഞ്ഞിട്ടുള്ളത്. എഴുന്നേല്‍ക്കൂ, നമുക്ക് പോകാം. സലാഹുദ്ദീന്റെ ഭടന്മാര്‍ നമ്മുടെ പിറകെ ഉണ്ടെന്ന കാര്യം താങ്കള്‍ മറന്നു.''
മോബി ബാലിയാന്റെ കൈ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അവളുടെ പെരുമാറ്റം അയാള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അയാള്‍ കോപംകൊണ്ട് വിറച്ചു. മോബി അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അയാള്‍ അംഗരക്ഷകരെ വിളിച്ചു.
ബാലിയാന്‍: ''എല്ലാവരും ഉടനെ യാത്രക്ക് തയ്യാറാവുക. വിശ്രമമൊക്കെ ഇനി കൈറോയില്‍ എത്തിയിട്ട്.''
ഭടന്‍-1: ''കൈറോയിലോ? നമ്മള്‍ തിരിച്ചുപോവുകയാണോ?''
ബാലിയാന്‍: ''അതേ, നമ്മള്‍ കൈറോയിലേക്ക് മടങ്ങുകയാണ്. സലാഹുദ്ദീന്റെ മുമ്പില്‍ കീഴടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ പെണ്‍കുട്ടികളെ  പിടിച്ച് കുതിരപ്പുറത്ത് കെട്ടിയിടുക.''
കാര്യം മനസ്സിലാകാതെ അല്‍പ്പനേരം അന്തംവിട്ടു നിന്ന ശേഷം ഭടന്മാര്‍ മോബിയെയും കൂട്ടുകാരികളെയും പിടിച്ച് കുതിരപ്പുറത്ത് ബന്ധിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഒരസ്ത്രം ചീറിവന്ന് ബാലിയാന്റെ നെഞ്ചില്‍ തറച്ചു. അയാള്‍  ഒരാര്‍ത്തനാദത്തോടെ നിലംപതിച്ചു. അസ്ത്രങ്ങള്‍ പിന്നെയും തുരുതുരാ പറന്നുവന്നു. ബാലിയാന്റെ അംഗരക്ഷകരായ ആറു ഭടന്മാരും  അമ്പേറ്റു വീണു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പെണ്‍കുട്ടികള്‍ അന്ധാളിച്ചു നില്‍ക്കുമ്പോള്‍ ഇരുട്ടിലൂടെ  നാല്  ഒട്ടകങ്ങള്‍  അവരുടെ അരികിലേക്ക് നടന്നടുത്തു.
''പേടിക്കേണ്ട. ഞങ്ങള്‍ ശത്രുക്കളല്ല. നിങ്ങളെ രക്ഷിക്കാന്‍ വന്നവരാണ്. വേഗം കുതിരകളെ എടുത്ത് ഞങ്ങളോടൊപ്പം വരിക.''
ഭയന്ന് ഓടാന്‍ ശ്രമിച്ച പെണ്‍കുട്ടികളോട് ഒട്ടകപ്പുറത്തിരുന്ന പുരുഷന്മാരില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. പെണ്‍കുട്ടികള്‍ ഓടിച്ചെന്ന് കുതിരകളെ കെട്ടഴിച്ച് അവയുടെ പുറത്ത് കയറി  അവരോടൊപ്പം ഇരുട്ടില്‍ മറഞ്ഞു.
കാഴ്ച  
 പ്രഭാതം. കുറ്റിച്ചെടികളാല്‍ ചുറ്റപ്പെട്ട ഒരു ഒളിത്താവളം. വിദേശികളായ ഇരുപത്തിയൊന്ന് പുരുഷന്മാരും മോബി അടക്കമുള്ള ഏഴു യുവതികളും.  അവര്‍ വട്ടത്തിലിരുന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. അവരുടെ ഒട്ടകങ്ങളും കുതിരകളും തീറ്റ തിന്നുകൊണ്ട് തൊട്ടരികെയുണ്ട്. മഗ്നാനാ മാരിയൂസ് ആണ് ആ സംഘത്തിന്റെ തലവന്‍.  
മോബി: ''മാരിയൂസ്, ബാലിയാന്റെ കയ്യില്‍നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടത് ശരിതന്നെ. പക്ഷേ, സലാഹുദ്ദീന്റെ ഭടന്മാര്‍ ഞങ്ങള്‍ക്ക് പിറകിലുണ്ട്.''
മാരിയൂസ്: ''ഇനി നിങ്ങളെ നാട്ടിലെത്തിക്കണം. പക്ഷേ, അതിനുമുമ്പ് മറ്റൊരു ദൗത്യം കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സുല്‍ത്താന്‍ സലാഹുദ്ദീന്റെ കഥകഴിക്കുക. അതിനാല്‍ നമ്മളില്‍നിന്ന് ഒരു സംഘം ഇപ്പോള്‍ കൈറോയിലേക്കും മറ്റേ സംഘം നിങ്ങളെയുംകൊണ്ട് സമുദ്രതീരത്തേക്കും.''
ഒരു സംഘാംഗം: ''ഇവരെ രക്ഷപ്പെടുത്തിയതോടെ നമ്മുടെ ദൗത്യം അവസാനിച്ചു. സലാഹുദ്ദീനെ വകവരുത്തുക നമ്മുടെ ദൗത്യത്തില്‍ പെട്ടതല്ല.''
മറ്റൊരംഗം: ''അതാണ് ശരി. ഇപ്പോള്‍ ഈ കുട്ടികളേയും കൊണ്ട് എത്രയും വേഗം നാട്ടിലേക്ക് മടങ്ങുകയാണ് വേണ്ടത്.''  
മോബി: ''ഇവര്‍ പറയുന്നതാണ് ശരി. ഇപ്പോള്‍ കൂടുതല്‍ സാഹസങ്ങളിലേക്ക് എടുത്തുചാടുന്നത്് ബുദ്ധിയല്ല.''
മാരിയൂസ്: ''പക്ഷേ, കുരിശ് തൊട്ട് ഞാന്‍ എടുത്ത പ്രതിജ്ഞ എനിക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നിങ്ങളാരും  കൂട്ടിനില്ലെങ്കിലും ഞാനത് ഒറ്റക്ക് പൂര്‍ത്തിയാക്കും. നിങ്ങള്‍ക്കറിയുമോ, മുപ്പത് വര്‍ഷക്കാലം ഞാന്‍ ജയിലില്‍ കഴിഞ്ഞത് എന്തിനായിരുന്നുവെന്ന്? അറിയില്ലെങ്കില്‍ നിങ്ങളത് കേള്‍ക്കണം.''

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top