ഒരു പുന്നയൂര്‍ പുരാണം

നസീം പുന്നയൂര്‍ No image

വിശുദ്ധ വേദപുസ്തകത്തിലെ ആറാം അദ്ധ്യായത്തിലെ പതിനേഴാം ഖണ്ഡികയില്‍ മനസ്സും മിഴികളും ആഴ്ന്നിരിക്കെ ഒരു നടുക്കം കണക്കെ ഇടി മുഴങ്ങി.
ഒസാത്തി കദീസാത്ത വിശുദ്ധ വേദപുസ്തകത്തില്‍ നിന്നും മനസ്സകറ്റാതെ മിഴികളുയര്‍ത്തി. ചെറ്റവാതിലിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കി.
പുറത്തു പാതിരയുടെ കനത്ത അന്ധകാരത്തിനു മുകളില്‍ ചാറ്റല്‍ മഴ പെയ്തിറങ്ങുന്നു...
ദൈര്‍ഘ്യം കുറഞ്ഞൊരു ഇടവേളക്കു ശേഷം വീണ്ടും ഇടി മുഴങ്ങി. ആദ്യത്തേതിനേക്കാള്‍ ശക്തിയില്‍. അതോടെ പാതയോരത്തെ കാവല്‍ വിളക്കുകള്‍ കണ്ണടച്ചു. വിളക്കുകള്‍ കണ്ണടച്ചതില്‍ ഒസാത്തി ഖദീസാത്ത കുണ്ഠിതപ്പെട്ടില്ല. അവരുടെ ബാല്യ കൗമാരപ്രായത്തില്‍, എന്തിന് വാര്‍ധക്യത്തിന്റെ ആദ്യപകുതിയില്‍ പോലും 'സ്വിച്ചമര്‍ത്തിയാല്‍ കത്തുന്ന വിളക്കില്ല.'  റാന്തല്‍ വിളക്കിന്റെയും ചിമ്മിനി വിളക്കിന്റെയുമൊക്കെ കരിയും പുകയും കൊണ്ടു നിറഞ്ഞ നിറം കെട്ട ഓര്‍മകളേ അവര്‍ക്കുള്ളൂ. ഇടി വീണ്ടും മുഴങ്ങി. ഒപ്പം കാറ്റും കാറ്റിനകമ്പടിയായി മഴയും.
കദീസാത്ത കാതോര്‍ത്തു.
ഹസനാര്‍ ഹാജിയുടെ വീട്ടില്‍ നിന്നല്ലെ ആ ഞരക്കവും തേങ്ങലും കേള്‍ക്കുന്നത്. ഇപ്പോള്‍ മഴ നിലച്ചിരിക്കുന്നു.
തെങ്ങോലത്തുമ്പുകളില്‍ നിന്നു നിലത്തു പതിക്കുന്ന ജലകണങ്ങളുടെ താളം തെറ്റിയ സംഗീതം. ആ സംഗീതത്തിനു മുകളില്‍ ഇപ്പോള്‍ പെറ്റുവീണ ഒരു പൈതലിന്റെ കരച്ചിലൊഴുകുന്നില്ലെ.
ഇല്ല അതു തോന്നലാണ്. തോന്നല്‍ മാത്രം!
'എന്റെ മേലായ റബ്ബേ, നീ കാക്കണെ. ആപത്തൊന്നും വരുത്താതെ തടി സലാമത്താക്കിക്കൊടുക്കണേ.'
കദീസാത്തക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഹസനാജിയുടെ മകള്‍ സൈനബാക്കും 'നമ്പലം' കൂടിയിട്ടുണ്ട്.
പത്തു തേഞ്ഞിരിക്കുന്നൊരു പെണ്ണിനു പ്രസവവേദന വന്നാല്‍ ദേശത്തെ ഒസാത്തിക്കു കണ്ടില്ല കേട്ടില്ല എന്നും വെച്ചു ചുരുണ്ടു കൂടി കെടക്കാന്‍ കഴിയുമോ?
പടച്ചോനതു പൊറുക്കുമോ...
രണ്ടും രണ്ടോടമാക്കേണ്ട കടമക്കാരിയല്ലെ ഒസാത്തി.
''നൂര്‍ജാ... നൂര്‍ജാ... ഒന്നെണീറ്റെ...''
നൂര്‍ജാ എന്ന് ചുരുക്കപ്പേരില്‍ വിളിക്കുന്ന നൂര്‍ജഹാന്‍ കദീസാത്താന്റെ മകന്‍ ഖാദറിന്റെ കെട്ട്യോളാണ്. നൂര്‍ജഹാനപ്പോള്‍ സുഖമുള്ള കുളിരില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്നു.
ഖദീസാത്ത വീണ്ടും വിളിച്ചു.
നൂര്‍ജാ ഒന്നെണീറ്റെ സൈനബാക്കു നമ്പലം കൂട്യേക്കാണ്,
നൂര്‍ജ ഞെട്ടിയുണര്‍ന്നു.
എന്നിട്ടു അമ്മായിയമ്മയെ രൂക്ഷമായൊന്നു നോക്കി.
''പണ്ടാറടക്കാന്‍, ഈ തള്ളാനെക്കൊണ്ടു മനുസമ്മാര്‍ക്കൊന്നുറങ്ങാനും പറ്റൂലാന്നു വെച്ചാ. പിരാന്താണെങ്കി പിടിച്ചു ചങ്ങലക്കിടണം.''
ഒസാത്തി കദീസാത്ത തങ്ങളുടെ ഗ്രാമത്തിന്റെ പൊതു സ്വത്താണ്. ഗ്രാമത്തിലെ ഏതൊരു പെണ്ണിന് പ്രസവ വേദന വന്നാലും അവിടെ ഒസാത്തി കദീസാത്ത ഓടിയെത്തും. പിന്നെ 'രണ്ടും രണ്ടോടമായ' ശേഷമെ കദീസാത്ത അവിടെ നിന്നും മടങ്ങൂ. തങ്ങളുടെ ഗ്രാമത്തില്‍ പെറ്റു വീഴുന്ന നവജാത ശിശുക്കളെയെല്ലാം തന്റെ കൈകള്‍ കൊണ്ടേറ്റുവാങ്ങണമെന്ന് അവര്‍ക്കു നിര്‍ബന്ധമുള്ള പോലെ. അതൊരവകാശമായി അവര്‍ കണക്കാക്കുന്നു. അതവരുടെ തലമുറകളായുള്ള അവകാശമാണ്. ഒസാത്തി കദീസാത്തയുടെ ഉമ്മയും വലിയുമ്മയും വലിയുമ്മയുടെ ഉമ്മയും അങ്ങനെ തലമുറയുടെ ആദ്യ കണ്ണി മുതല്‍ തന്നെ വയറ്റാട്ടികളായിരുന്നു. കദീസാത്ത പലപ്പോഴും വീമ്പിളക്കാറുണ്ട്.
''ഈ പുന്നൂരു ദേശത്തുള്ള എല്ലാ സുജാഹികളും ന്റീം ന്റെ മ്മാട്യേം കൈവെള്ളേ പിറന്നു വീണോരാ. അല്ലാന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയോ?''
ഇല്ല, ആര്‍ക്കും പറയാന്‍ കഴിയില്ല.
കദീസാത്ത പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. കദീസാത്തേടെയോ അവരുടെ ഉമ്മ വല്ലിമ്മമാരുടേയോ കൈവെള്ളകളിലേക്കാണ് ഗ്രാമവാസികളുടെയെല്ലാം ജനനം! ഗ്രാമത്തിലേതെങ്കിലുമൊരു പെണ്ണിന് പ്രസവ വേദനയുടെ ലക്ഷണം കണ്ടു തുടങ്ങിയാല്‍ മതി ഉടന്‍ ആളോടുകയായി ഒസാത്തി കദീസാത്തയുടെ അടുത്തേക്ക്.
ഏതു പാതിരാത്രിയാണേലും, എന്തു കാറ്റും മഴയാണേലും അതൊന്നും വകവെക്കാതെ കദീസാത്ത പാഞ്ഞെത്തും. എന്നിട്ടവര്‍ പേറ്റുനോവു പേറുന്ന പെണ്ണിനെ ഒന്നാകെ മിഴികള്‍ കൊണ്ടുഴിഞ്ഞ് നോക്കിയിട്ട് കൃത്യമായി പ്രസവിക്കുന്ന സമയം പ്രവചിക്കും. കദീസാത്തയുടെ പ്രവചനം ഇരുവരെ പിഴച്ചിട്ടില്ല. അതുപേലെ ഇന്നുവരെ ഒരു കൈപിഴ വന്നിട്ടുമില്ല.
കല്ല്യാണം കഴിഞ്ഞ വീടുകളില്‍ ആഴ്ചക്കകം കദീസാത്ത എത്തും. എന്നിട്ട് പുതുമണവാട്ടിയുടെ അടിവയറ്റിലേക്കും പിന്നെ മുഖത്തേക്കും അവര്‍ മാറി മാറി നോക്കും. എന്നിട്ടവര്‍ അര്‍ഥം വെച്ചൊന്നു മൂളും. ആ മൂളലില്‍ പുതുപ്പെണ്ണു നാണം കൊണ്ടു ചൂളിപ്പോകും.
പുതുതായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ചെറുപ്പക്കാരുടെ ഭാര്യമാരെയും കദീസാത്ത ഇത്തരത്തില്‍ സന്ദര്‍ശിക്കും. എന്നു വേണ്ട ഗ്രാമത്തിലെ മനുഷ്യനായി പിറന്ന ഓരോരുത്തര്‍ക്കും ഒസാത്തി കദീസാത്തയെ വേണമായിരുന്നു. അവരുടെ സേവനം വേണമായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ അവരെ സ്‌നേഹിച്ചു. ആ സ്‌നേഹം ഏറ്റുവാങ്ങിക്കൊണ്ടു കദീസാത്ത ഗ്രാമത്തിന്റെ പ്രിയപ്പെട്ടവളായി വാണു.
അതന്ന്-
ഇന്നോ?
മഴക്കിപ്പോള്‍ ആക്കവും തൂക്കവും കൂടിയിരിക്കുന്നു. മഴയിലിപ്പോള്‍ സംഗീതമില്ല. മറിച്ച് ഗര്‍ജനമാണ്. ഒരു വന്യജീവിയുടെ അലര്‍ച്ച പോലെ. കദീസാത്താടെ കരളില്‍ ഭയത്തിന്റെ കരിനാഗങ്ങള്‍ ഫണമുയര്‍ത്തിയാടി.
സൈനബാക്ക് നമ്പലം കൂടിയിരിക്കുന്നു. സൈനബാടെ ദീനനൊമ്പരം. കദീസാത്തക്കു കെടന്നിട്ടു കെടത്തം കിട്ടിയില്ല. അവര്‍ പായയില്‍ നിന്നെഴുന്നേറ്റു. മരുമകള്‍ കിടക്കുന്നിടത്തേക്ക് നീങ്ങി. എന്നിട്ടവളെ തൊട്ടുവിളിച്ചു, കേണപേക്ഷിച്ചു.
''മോളെ നൂര്‍ജാ ഒന്നെണീക്കു മോളെ, സൈനബാക്കു നമ്പലം കൂടിയിരിക്കുന്നു.''
''പണ്ടാര തള്ളെ, പിച്ചും പിരാന്തും പറയാണ്ടു അടങ്ങിയൊതുങ്ങി കിടന്നോ അല്ലെങ്കില്‍ ഞാന്‍...''
കദീസാത്ത ആ താക്കീതു കേട്ടില്ല. അവരുടെ മനസ്സിലപ്പോള്‍ പ്രസവ വേദനയാല്‍ മരണ പരാക്രമം കാണിക്കുന്ന സൈനബയായിരുന്നു. ഒന്നിനു പുറകെ ഒന്നായി ഒന്നും രണ്ടും തവണ കൊള്ളിയാന്‍ മിന്നി. തുടര്‍ന്ന് ആകാശച്ചെരുവില്‍ നിന്നൊരു മുരള്‍ച്ചയും. കദീസാത്തക്കപ്പോള്‍ ആ പാതിരാത്രിയില്‍ കൂരിരുട്ടില്‍, ആ പെരും മഴയില്‍ ഇറങ്ങിയോടണമെന്നു തോന്നി. പക്ഷെ തളര്‍ന്ന കാലുകള്‍...
എത്രയെത്ര ജനങ്ങള്‍ക്കു സാക്ഷ്യം നിന്ന ജന്മമാണ് കദീസത്താടേത്. എന്നിട്ടിപ്പോള്‍ തളര്‍ന്നൊരു പഴന്തുണി പോലെ.
മൂന്ന് മക്കളായിരുന്നു കദീസാത്തക്ക്. അബുട്ടിയും അസുക്കറും പിന്നെ സീനത്തും. സീനത്തെന്നുപറഞ്ഞാല്‍ അവള്‍ ശരിക്കും സീനത്ത് തന്നെയായിരുന്നു.
സുന്ദരി!
കണ്ടാലാരും കണ്ണെടുക്കാത്ത സുന്ദരി. പറഞ്ഞിട്ടെന്താ അവള്‍ 'നസീബ് കെട്ടോളാണെ'ന്നാണ് കദീസാത്ത പറയുന്നത്. വെറുതെ പറയുകയല്ല. അതിനു തക്ക കാരണമുണ്ട്. സീനത്ത് പെറ്റുവീണതിന്റെ മൂന്നാം പക്കം ഒസാന്‍ അവറസുകുട്ടിക്ക, സീനത്തിന്റെ ബാപ്പ ഇഹലോകവാസം വെടിഞ്ഞു. ഒന്നാന്തരം തണ്ടും തടിയുമുണ്ടായിരുന്നു. വെട്ടിയിട്ട തടിപോലെ വഴിയില്‍ വീണാണ് മരിച്ചത്. വാപ്പയുടെ മരണത്തിന്റെ പഴി മുഴുവന്‍ സീനത്തിനായിരുന്നു. തന്തയെക്കൊല്ലി എന്നവള്‍ക്കൊരോമനപ്പേരു നല്‍കിയതു മറ്റാരുമല്ല, പെറ്റ തള്ള തന്നെയാണ്. അങ്ങനെ താരാട്ടു കേട്ടുറങ്ങേണ്ട ഇളം പ്രായത്തില്‍ സീനത്ത് കേട്ടതത്രയും ശാപവാക്കുകളാണ്. അബൂട്ടി കുരുത്തവും കുടുംബവിചാരമുള്ളവനുമായിരുന്നു. വാപ്പ മരിച്ച എഴാം ദിവസം കത്തിയും കല്ലുമടങ്ങുന്ന വാപ്പയുടെ തകരപ്പെട്ടി കൈയിലെടുത്തു. കുറഞ്ഞ സമയം കൊണ്ട് ബാപ്പൂട്ടി പുന്നയൂര്‍ക്കാരുടെ പ്രിയപ്പെട്ട ഒസാനായി. അവര്‍ക്ക് താടി വടിക്കാനും മുടി വെട്ടാനും അവരുടെ മക്കളുടെ ചേലാകര്‍മം കഴിക്കാനും അബൂട്ടി അനിവാര്യമായി. പക്ഷെ, അബൂട്ടിക്കു ഗ്രാമവാസികളുടെ മുടിവെട്ടിയും താടി വടിച്ചും കഴിഞ്ഞു കൂടിയാല്‍ മതിയോ? അതുകൊണ്ടു നാലു വയറെങ്ങനെ കഴിയും? ആയിടെയാണ് ചേറ്റുവായില്‍ നിന്ന് ദുബായിലേക്ക് പോകുന്ന വേലായുധന്റെ ലാഞ്ചിനെക്കുറിച്ച് അബൂട്ടി അറിഞ്ഞത്. പിന്നീട് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. ആഴക്കടലില്‍ അസ്തമിച്ച ഒരു സ്വപ്നം. അബൂട്ടിയുടെ കഥ അവിടെ അവസാനിക്കുന്നു.
സ്വന്തം കുലത്തൊഴില്‍ ചെയ്യാന്‍ മടിയും നാണവുമാണെങ്കില്‍ വേണ്ട. നാണക്കേടില്ലാത്ത അന്തസ്സുള്ള വേറെ നൂറായിരം ജോലികളില്ലെ, ഈ ഭൂമുഖത്ത്. എങ്കില്‍ അതെന്തെങ്കിലും ചെയ്തു കൂടെ. ഇതൊരു ജോലിയും ചെയ്യില്ലെന്നുവെച്ചാല്‍ എന്തു ചെയ്യും. എങ്ങനെ കുടുംബം പോറ്റും.
അസുക്കറിന്റെ ലോകം മറ്റൊന്നായിരുന്നു. അവന്റെ ലോകം മുഴുവന്‍ സംഗീതമായിരുന്നു. സംഗീത മയം! ഹാര്‍മോണിയവും തബലയും ഗിത്താറുമൊക്കെ അവിടെ ശ്രുതികളുണര്‍ത്തി. റാഫിയും തലത്തും മന്നാഡെയും കിഷോറുമൊക്കെ അവിടെ പാടിത്തകര്‍ത്തു. സത്യം പറയാമല്ലോ സാമാന്യം തെറ്റില്ലാതെ പാടാന്‍ കഴിയുന്ന ഒരു ഗായകനെന്ന സല്‍പേരിതിനകം അസുക്കര്‍ നേടിക്കഴിഞ്ഞിരുന്നു. സ്ഥിരം ഗായകനായി. അങ്ങനെ പുന്നയൂരിന്റെ സംഗീതസ്വരം ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കൊഴുകിയെത്തി. ഗ്രാമതിര്‍ത്തി വിട്ടു പട്ടണങ്ങളിലേക്കും പടരാന്‍ തുടങ്ങി. ഗാനമേള ട്രൂപ്പിലെ ഗായികയായിരുന്നു നൂര്‍ജഹാന്‍. നൂര്‍ജഹാനും അസുക്കറും പരിചയപ്പെട്ടു. യുഗ്മഗാനം പാടി...
അതോടൊപ്പം ഒരു തീരുമാനമെടുത്തു. ഒരു ദിവസം കൂറ്റനാടൊരു ഗാനമേളയും കഴിഞ്ഞു മടങ്ങി വരുമ്പോള്‍ അസുക്കറിനോടൊപ്പം ഒരു സുന്ദരിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കൈപിടിച്ചു വീടിന്റെ വരാന്തയിലേക്കു കയറുമ്പോള്‍ അസുക്കര്‍ ഉമ്മയോട് പറഞ്ഞു. ''ഇത് ഞാന്‍ നികാഹു കഴിച്ച പെണ്‍കുട്ടി നൂര്‍ജ.''
കദീസ ഒന്നു നടുങ്ങി. പിന്നീടാ നടുക്കം ഖല്‍ബിലൊതുക്കി. ശബ്ദമില്ലാതെ തേങ്ങി. എന്റെ ബദരീങ്ങളേ... കദീസാക്കു മകന്‍ കല്ല്യാണം കഴിച്ചതിലായിരുന്നില്ല ദുഃഖം. പക്ഷെ ഇത്തരത്തിലുള്ള ഒരു കല്ല്യാണമായിരുന്നില്ല അവര്‍ പ്രതീക്ഷിച്ചത്. അവരുടെ സ്വപ്നത്തില്‍ ഒപ്പനയും ദബ്ബുമുട്ടും കോല്‍ക്കളിയുമൊക്കെയായി മകന്റെ മംഗല്യമുണ്ടായിരുന്നു... അത് നടന്നില്ല, കല്ല്യാണപ്രായമായി പുര നിറഞ്ഞു നില്‍ക്കുന്ന ഒരു പെണ്ണില്ലേ വീട്ടില്‍. അവളെ അന്തസ്സായി ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കണ്ടെ. അതിനി എങ്ങനെ നടക്കും. അതായിരുന്നു കദീസാത്തയുടെ കരളിനെ നീറ്റിയ ചിന്ത. പക്ഷെ സീനത്ത് നല്ലവളായിരുന്നു. കുടുംബസ്‌നേഹമുള്ളവളായിരുന്നു. അവളെ ആരും ഇറക്കിവിടേണ്ടി വന്നില്ല. അവള്‍ മനസ്സിനിണങ്ങിയ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി. ഉമ്മയുടെ ഖല്‍ബിന്റെ കനം കുറച്ചു. അതുകൊണ്ടൊന്നും കദീസാത്ത കുലുങ്ങിയില്ല. അവര്‍ നാടുനീളെ നടന്നു പേറെടുത്തു, പേരെടുത്തു. പുന്നയൂര്‍ക്കാര്‍ക്കു മാത്രമല്ല, അകലാട്ട്, അണ്ടത്തോട്, അവിയൂര്‍ തുടങ്ങിയ പ്രദേശത്തുകാര്‍ക്കും കദീസുതാത്ത പ്രിയപ്പെട്ടവളായി. അവിടങ്ങളിലൊക്കെ ഒരു ജനനം നടക്കുന്നുണ്ടെങ്കില്‍ - അവിടങ്ങളിലൊക്കെ കദീസാത്ത അനിവാര്യമായി.
അതന്ന് -
ഇന്നോ-
മഴയുടെ ശക്തി ഇപ്പോഴും കുറഞ്ഞില്ല... ഇന്ന് നാടായ നാടൊക്കെ ആസ്പത്രികളെക്കൊണ്ടു നിറഞ്ഞു. നാട്ടിലേതെങ്കിലുമൊരു പെണ്ണിനു ഗര്‍ഭലക്ഷണം കണ്ടു തുടങ്ങിയാല്‍ അവര്‍ ആസ്പത്രിയില്‍ ചീട്ടെടുക്കുകയായി. പിന്നെ ആഴ്ച തോറും മാസംതോറുമുള്ള പരിശോധന. ആ പരിശോധനയുടെ അന്ത്യത്തില്‍ പെണ്ണു സുഖമായി പ്രസവിച്ച് കുഞ്ഞുമായി വീട്ടിലേക്ക് വരുന്നു. അവിടെ ഒസാത്തി കദീസാത്തയുടെ പ്രസക്തി നഷ്ടപ്പെടുന്നു. ഇന്ന് ഞങ്ങളുടെ നാട്ടില്‍ പെണ്ണിന് പ്രസവിക്കണമെങ്കില്‍ കദീസാത്തയുടെ ആവശ്യമില്ല. കദീസാത്തയെ ആര്‍ക്കും വേണ്ട. പക്ഷെ, കദീസാത്തക്ക് പേറെടുക്കാതെ പൊറുക്കാന്‍ പറ്റില്ലെന്ന നിലയായി. അവര്‍ നാടുനീളെ ഓടി നടന്നു ചോദിച്ചു.
''അല്ല മക്കളെ, പെണ്ണിന് പള്ളേലില്ലേ... പെറാനായില്ലെ, പേറെടുക്കണ്ടെ.'' ആരും കദീസതാത്തയെ പേറെടുക്കാന്‍ വിളിച്ചില്ല. കദീസാത്താക്കു ദേഷ്യം, സങ്കടം- ഈ ദുനിയാവിനോട് തന്നെ വെറുപ്പ്. ആയിടെയാണ് ആ സംഭവമുണ്ടായത്. അകലാട്ട് ഹൈദ്രോസിന്റെ പെണ്ണിന് നാലാമത്തെ ഗര്‍ഭം. കൃത്യം പ്രസവം നടക്കേണ്ട ദിവസം നോക്കി കദീസാത്ത ഹൈദ്രോസിന്റെ വീട്ടിലെത്തി. പക്ഷേ, ഹൈദ്രോസിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. അവരെ പ്രസവത്തിനു വേണ്ടി കുന്ദകുളം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. കദീസാത്തക്കിതൊട്ടും സഹിച്ചില്ല. തന്നോടുള്ള അവഗണയായി അവര്‍ കണക്കാക്കി. ഹൈദ്രോസിന്റെ ഭാര്യയുടെ കഴിഞ്ഞ മൂന്നു പ്രസവങ്ങള്‍ക്കും താനാണ് പേറെടുത്തത്. ഇപ്പോള്‍ ഈ നാലാമത്തെ പ്രസവത്തിനു മാത്രമെന്താ ഒരാസ്പത്രി.
അതു തന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ലേ... ഇല്ല ഇതനുവദിക്കാന്‍ പാടില്ല. കദീസാത്ത നേരെ ഇറങ്ങിയോടി. ആ ഓട്ടം ചെന്നവസാനിച്ചതു കുന്ദകുളം ഹോസ്പിറ്റലിലാണ്. നിരന്നു കിടക്കുന്ന രോഗികള്‍ക്കിടയിലൂടെ അലറി വിളിച്ചവര്‍ ഓടി.
''ഇല്ല ഇത് ഞാന്‍ സമ്മതിക്കില്ല. ഈ പേറു ഞാന്‍ തന്നെയെടുക്കും.'' ആരൊക്കെയോ ഓടി വന്ന് കദീസാത്തയെ പിടിച്ചു. കണ്ടു നിന്നവര്‍ പറഞ്ഞു. ഈ സ്ത്രീക്ക് ഭ്രാന്താണ്. ലോകം അതേറ്റു പാടി. ''കദീസാത്തക്ക് ഭ്രാന്താ-'' ഭ്രാന്തിയായ കദീസാത്ത പേറെടുക്കാന്‍ പോകാതെ മകന്റെയും മരുമകളുടെയും മേല്‍നോട്ടത്തില്‍ വീട്ടുതടങ്കലിലായി.
മഴയുടെ ശക്തിയിപ്പോള്‍ അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും കാറ്റിന്റെ ശക്തി കൂടിയിരിക്കുകയാണ്. കാറ്റില്‍ തലതുള്ളിയാടുന്ന തെങ്ങുകളും മരക്കൂട്ടങ്ങളും ഇടക്കിടെ തിമിര്‍ത്തു വെട്ടുന്ന ഇടിയില്‍ ആകാശഭൂമികള്‍ ഞെട്ടിവിറക്കുന്നു. ആ ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും കദീസാത്ത ഒരു ദീനരോദനം കേട്ടു. ആ രോദനമവര്‍ തിരിച്ചറിഞ്ഞു. ഹസനാര്‍ ഹാജിയുടെ മകള്‍ സൈനബാടെതാണത്. സൈനബ പ്രസവ വേദനകൊണ്ടു മരണവെപ്രാളം കാട്ടുകയാണ്.
''കദീസാത്ത ഓടിവായോ- എന്നെ രക്ഷിക്കൂ'' സൈനബാടെ ആര്‍ത്തനാദം. കദീസാത്തക്കു പിന്നെ കിടത്തം കിട്ടിയില്ല. അവര്‍ ചാടിയെണീറ്റു ആകാശ ഭൂമിയിലെ എല്ലാ ശക്തിയും ആവാഹിച്ചെടുത്തുകൊണ്ടവര്‍ ഇറങ്ങിയോടി. അകലങ്ങളില്‍ നിന്നകലങ്ങളിലേക്ക്. ആരും എത്തിപ്പെടാത്തൊരു ലോകത്തേക്ക്.      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top