പാട്ടുവഴിയില്‍ നടന്നവര്‍

ഫൗസിയ ശംസ്‌ No image

ണിച്ചിത്ര കൊലുസിട്ട
കുഞ്ഞുപെണ്ണിന്‍
കാതില്‍ പൂവ് തങ്കത്തുണ്ട്
തിങ്കള്‍ തോല്‍ക്കും
മണവാട്ടി പെണ്ണിനായ്
അറബി കര പരി ചാരുത....
സിതാര പാടിയ അറേബ്യന്‍ ജ്വല്ലറിയുടെ ഈ ജിംഗിള്‍സ് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ആ വരികള്‍ കേള്‍ക്കുമ്പോള്‍ ഇതെഴുതി  ഈണം പകര്‍ന്നത് ആരായിരിക്കുമെന്ന് നാമൊന്നാലോചിക്കും.  ആ  അന്വേഷണം ചെന്നെത്തുന്നത് ഉറുദു ഭാഷയുടെ മാസ്മരിക ചാരുതയില്‍ വശ്യമനോഹരമായ ശൈലിയില്‍ ഉറുദു ഗസലുകളെഴുതുകയും ഈണം നല്‍കുകയും ചെയ്യുന്ന ഫൗസിയ. എ.ബക്കറിലാണ്. കേരളത്തിലെ പാട്ടെഴുത്തുകാരിലും ആലപിക്കുന്നവരിലും ഏറെയൊന്നും അറിയപ്പെടാതെ പോയ ഫൗസിയ മുന്നൂറോളം മാപ്പിളപ്പാട്ടുകളും ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്.
ഫൗസിയ പാട്ടുകളെഴുതിയതൊക്കെയും മറ്റൊരു ഭാഷയായ ഉറുദുവിലാണ്. ഉറുദുവിലുള്ള അവരുടെ ഗസലും അതിന്റെ ഈണവും ആലാപനരീതിയും കാണുമ്പോള്‍ നാം ഒരിക്കലും വിചാരിക്കില്ല, ഉറുദു ഭാഷയില്‍   ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാത്തൊരാളാണ് ഫൗസിയയെന്ന.് നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് തന്നെയുണ്ടായിട്ടും നാമാരും അധികം അറിയാതെ പോയ ഫൗസിയക്ക് ഉറുദു ഗാനമെഴുത്ത് ജീവിതചര്യയാണ്. ഞാന്‍ വെറുമൊരു വീട്ടമ്മയാണെന്ന് പലവുരു അവര്‍ പറയുന്നുണ്ടെങ്കിലും അവരുടെ ജീവിത താളങ്ങള്‍ ഉറുദു ഭാഷയുടെ മനോഹര ചാരുതയില്‍ മയങ്ങിക്കിടക്കുകയാണെന്ന് കാണാം. വീട്ടിലെ അടുക്കളയില്‍ പാത്രങ്ങളെക്കാള്‍ കൂടുതല്‍ ഉറുദു ഭാഷയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ്.   മനസ്സില്‍ തികട്ടിവരുന്ന ഉറുദു ഗസലുകളുടെ വരികള്‍ കുറിച്ചുവെക്കുന്നതും അതിന് ഈണമിടുന്നതും അടുക്കളയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണമുണ്ടാക്കുന്ന തിരക്കില്‍ തന്നെയാണ്. ഉറുദു ഭാഷയുടെ ഭംഗിയും ഗാംഭീര്യവുമാണ് ഫൗസിയയെ ഈ രംഗത്തേക്കെത്തിച്ചത്.
ഓര്‍മവെച്ച നാള്‍ മുതല്‍ പാട്ടിന്റെ വഴിയെ നടക്കണമെന്നാഗ്രഹിച്ചിരുന്നുവെങ്കിലും ആ പൂതി സാഫല്യമായത് വിവാഹ ശേഷം കോഴിക്കോട്ടുനിന്നും എറണാകുളത്തേക്ക് താമസം മാറ്റിയതോടെയായിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഫൗസിയ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ബി.എസ്.സി ബോട്ടണിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു  വിവാഹം. റഫിയെയും മുകേഷിനെയും സ്‌നേഹിക്കുന്ന പാട്ടുപ്രേമികളുടെ നാടായ കോഴിക്കോട്ടുകാരിയുടെ  ഉറുദു ഗസലുകളില്‍ മാസ്മരികത തീര്‍ക്കുന്ന രചനാ ആലാപന രീതികളെ തിരിച്ചറിഞ്ഞത് ഒരുപാട് ഗാനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ ആലുവാ മണപ്പുറമുള്ള എറണാകുളത്തുകാരായിരുന്നു.  പിന്നീട് കുട്ടികളും കുടുംബവും സല്‍ക്കാരങ്ങളുടെ തിരക്കുമെല്ലാം ആയപ്പോഴും ഉറുദു ഭാഷയോടുള്ള കമ്പം നീങ്ങിപ്പോയിരുന്നില്ല. ടി.വി പരിപാടികള്‍ സ്ഥിരമായി കാണാന്‍ തുടങ്ങിയതോടെ ഹിന്ദി വശമായെന്നും അതിലൂടെയാണ്  ഉറുദു ഭാഷയുടെ ഗാംഭീര്യവും താളവും ലയവും മനസ്സിലായതെന്നും അവര്‍ പറയുന്നു.  ഭാഷകളെ സ്‌നേഹിക്കാന്‍ തുടങ്ങിയതോടെ  ഉറുദുവും തമിഴും അറബിയും ഇംഗ്ലീഷുമടക്കം ആറോളം  ഭാഷകള്‍ ഫൗസിയ അനായാസം കൈകാര്യം ചെയ്യാന്‍ പഠിച്ചു.
അവരിലെ കഴിവിനെ കണ്ടെത്താന്‍ വൈകിപ്പോയെങ്കിലും കാണേണ്ടവര്‍ കണ്ടപ്പോള്‍ അംഗീകാരം അവരെ തേടിയെത്തുകയാണ്. സിനിമാരംഗത്തും ഇന്നവര്‍ പാടി. ശഹനായ് എന്നു പേരുള്ള സൂഫിസം അടിസ്ഥാനമാക്കിയുള്ള സിനിമയുടെ സൂഫി ഡാന്‍സിന് വേണ്ടി അവരാണ് ഗാനം രചിച്ചിരിക്കുന്നത്.  കാനേഷ് പൂനൂരാണ് അവരുടെ പേര് സിനിമക്ക് വേണ്ടി നിര്‍ദ്ദേശിച്ചതെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. അഷ്‌റഫ് എടക്കര കമ്പോസ് ചെയ്തിട്ടുള്ള ഗാനം ആലപിക്കുന്നത് ഖവാലി സിംഗറായ ബോംബെ സ്വദേശി പ്രഭാത് ദാവേദാണ്. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി വര്‍ഷം തോറും നടത്തിവരുന്ന കവിയരങ്ങിലും തനിമ സര്‍ഗവേദിയുടെ വിവിധ പരിപാടികളിലും യുവ കലാസാഹിതിയുടെ പരിപാടികളില്‍ ക്ഷണിക്കപ്പെടുന്നതിലൂടെയും തന്റെ ഗാനരചനാപാടവം തെളിയിക്കാന്‍ കഴിയുന്നതില്‍  അവര്‍ വളരെ സന്തോഷവതിയാണ്. മനസ്സില്‍ സംഗീതം മാത്രമല്ല, വിരലുകളില്‍  ചിത്രരചനയും ഫൗസിയക്ക് വഴങ്ങും. ഗ്ലാസ്സ് പെയിന്റിംഗും വാട്ടര്‍ പെയിന്റിംഗുമൊക്കെ ചെയ്യുന്ന അവര്‍ക്ക് മനസ്സില്‍ ഈണമിടുന്ന ഗാനങ്ങളെ  ചിത്രങ്ങളായും കരവിരുതുകളെ  ഗാനങ്ങളായും മാറ്റിപ്പണിയാനുള്ളൊരു കഴിവുകൂടിയുണ്ട്. വിവിധ സ്ഥലങ്ങളിലായി ആറോളം ഇത്തരം പ്രദര്‍ശങ്ങള്‍ നടത്തിയിട്ടുമുണ്ട്.

മാപ്പിളപ്പാട്ടിനെ മനസ്സില്‍ താലോലിക്കുന്നവരുടെ ഇടയില്‍ എന്നും ഓര്‍മയുള്ള പേരാണ്  വയനാട്ടുകാരി  സുറുമിയുടേത്. സുല്‍ത്താന്‍ബത്തേരിയിലെ പ്രൈമറി മദ്രസയില്‍ നിന്നും തുടങ്ങിയ ആലാപന സൗന്ദര്യത്തിന്റെ മാസ്മര ലഹരി കേരളീയ കുടുംബസദസ്സുകള്‍ തൊട്ടറിഞ്ഞത് കൈരളി ചാനലിലെ പട്ടുറുമാല്‍ പരിപാടിയിലൂടെയാണ്. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ലളിതഗാനങ്ങളും സിനിമാ പിന്നണി ഗായിക ചിത്ര പാടിയ പാട്ടുകളും ആലപിച്ച് തുടക്കം കുറിച്ച സുറുമി ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മാപ്പിളപ്പാട്ടിന്റെ ലഹരിയിലാണ്. കേരളത്തിനകത്തും പുറത്തുമായി ഒരുപാട് സ്റ്റേജ് ഷോകളില്‍ തിളങ്ങി നില്‍ക്കുന്ന സുറുമിയിലെ പാട്ടുകാരിയെ കണ്ടെത്തിയത്  ബത്തേരി മദ്രസയിലെ അധ്യാപകരാണെന്നാണ് സുറുമി ഓര്‍ക്കുന്നത്. ബത്തേരി ജമാഅത്ത് മദ്രസയിലെ അധ്യാപകരായ സലാഹുദ്ദീനും മനാഫും പ്രോത്സാഹിപ്പിച്ചപ്പോള്‍ അവളൊരു അറിയപ്പെടുന്ന പാട്ടുകാരിയായി.  പിന്നെ സ്‌കൂളിലും കോളേജിലും ഗാനരംഗത്ത് തിളങ്ങി. ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലളിതഗാനത്തിനും മാപ്പിളപ്പാട്ടിനും ജില്ലയില്‍ ഒന്നാം സ്ഥാനം എന്നും സുറുമിക്കു തന്നെ. ബത്തേരിയിലുള്ള മലബാര്‍ കോളേജിലെത്തിയപ്പോഴും ആ സ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തട്ടമിട്ട കുട്ടി ലളിതഗാനത്തില്‍ ഒന്നാമതെത്തിയപ്പോള്‍ പലര്‍ക്കും സംശയമായി. ജഡ്ജസ്സിനെ സ്വാധീനിച്ചോ എന്ന് പലരും ചോദിക്കാനും മറന്നില്ല. അന്നത് പത്രങ്ങളില്‍ വാര്‍ത്തയായതും സുറുമിയുടെ പാട്ടോര്‍മകളാണ്. മകളുടെ സര്‍ഗവാസനക്ക് തണലും വളവും നല്‍കി ഉപ്പയും ഉമ്മയും നിന്നപ്പോള്‍ സുറുമിയുടെ ആലാപനസൗന്ദര്യം കടല്‍ കടന്നു. ഷാര്‍ജ, ഖത്തര്‍,  ദുബൈ തുടങ്ങി ഒരുപാട് സ്ഥലങ്ങളില്‍ സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കാനവള്‍ക്കായി.
സര്‍ഗാത്മക സംഗീതത്തിന് മതജാതി ചിന്തകള്‍ക്കപ്പുറത്ത് ചിന്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് അമ്പലങ്ങളില്‍ ഭക്തിഗാനങ്ങള്‍ പാടാനും  ഫാദര്‍ ബെന്നി നിലയത്തിന്റെ കീഴില്‍ പുല്‍പ്പള്ളി സങ്കീര്‍ത്തന എന്ന പേരില്‍ ക്രൈസ്തവ പുരോഹിതര്‍ നടത്തുന്ന ട്രൂപ്പില്‍ പാടാനും സുറുമിക്കായി. സങ്കീര്‍ത്തന ട്രൂപ്പിന്റെ കൂടെ ഹിമാചല്‍, ആസാം, ത്രിപുര, നാഗാലാന്റ് എന്നീ സ്ഥലങ്ങളില്‍ പോയി പരിപാടി അവതരിപ്പിക്കാനായി. അവിടങ്ങളിലെ മലയാളി കൂട്ടായ്മക്കു കീഴിലായിരുന്നു പരിപാടി അവതരിപ്പിച്ചത്. ഫ്‌ളൂട്ട് വായിക്കുന്ന ചേട്ടനാണ് അമ്പലത്തിലെ പരിപാടിക്ക് പോകാന്‍ പ്രോത്സാഹിപ്പിച്ചത്. അമ്പലത്തിലെ പരിപാടിക്ക് പാടാന്‍ പോകുമ്പോള്‍ ആദ്യമൊക്കെ തട്ടമിട്ട മുസ്‌ലിം കുട്ടിയെ സ്വീകരിക്കുമോ എന്ന ചെറിയൊരു ഭയമായിരുന്നു. സുറുമിയിലെ ആലാപന സൗന്ദര്യത്തിന്റെ വശ്യതയെ അംഗീകരിക്കുന്നവര്‍ക്ക് അവളുടെ തട്ടമൊരു പ്രശ്‌നമേയല്ല. അതുകൊണ്ട് തട്ടമിട്ടുകൊണ്ടുതന്നെയാണ് അമ്പലത്തിലെ ഭക്തിഗാനങ്ങള്‍ ആലപിക്കാന്‍ പോകാറ്. ശാലോം ടി. വി. ചാനലിലും ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കാനായി. പാട്ടിന്റെ വഴിയില്‍ കൈപിടിച്ച് നടത്തിയ ഉപ്പയെയും ഉമ്മയെയും പോലെത്തന്നെ ഇന്നവള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മറ്റൊരാള്‍ കൂടിയുണ്ട്; അവളുടെ ഭര്‍ത്താവായ തിരൂര്‍ക്കാരന്‍ അക്ബര്‍. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പ്രോത്സാഹനത്തില്‍ പാട്ടിന്റെ വഴിയെ നടക്കുന്ന സുറുമിക്ക് ചെറിയൊരാഗ്രഹം സിനിമയില്‍ പാടണമെന്നാണ്.

മാപ്പിളപ്പാട്ട് രചനാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ആളാണ് കണ്ണൂര്‍ മാടായി വാടിക്കല്‍ സ്വദേശിയായ ഖൈറുന്നിസ. പാട്ട് രചിക്കുന്നതിലും പാടുന്നതിലും മാത്രമല്ല, കഥയെഴുതിയും ടെലിഫിലിം ഇറക്കിയും സര്‍ഗാത്മകരംഗത്ത് നിശ്ശബ്ദമായി മുന്നേറുകയാണവര്‍. ചെറുപ്പത്തില്‍ തന്നെ പാടുന്നവരോട് ആരാധനയും പാടാനുള്ള പൂതിയും ഉണ്ടായിരുന്നെങ്കിലും അത് പൂത്തുതളിര്‍ത്തത് നാട്ടിലെ പ്രൈമറി സ്‌കൂളില്‍ നിന്നും അഞ്ചാം ക്ലാസ്സ് കഴിഞ്ഞ് ഹയര്‍സെക്കന്ററി പഠനത്തിന് വേണ്ടി  ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളജില്‍ ചേര്‍ന്നതോടെയാണ്. 1960-മുതല്‍ 1963-വരെയുള്ള ചേന്ദമംഗല്ലൂരിലെ പഠനകാലം യു.കെയുടെ പാട്ടിനോടുള്ള ഹരമായിരുന്നു. കോളേജിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം കല്ല്യാണം കഴിഞ്ഞതോടെ പിന്നീട് പാട്ടുപാടുന്നത് കുടുംബസദസ്സുകളിലായി. കുടുംബത്തില്‍ എന്തെങ്കിലും പരിപാടിയുണ്ടായാല്‍ അതുമായി ബന്ധപ്പെട്ട പാട്ടുണ്ടാക്കി ആലപിക്കാന്‍ ഖൈറുന്നിസ എന്നും മുന്നിലുണ്ടാവും. കുടുംബത്തില്‍ ആഴ്ചയിലൊരു കല്ല്യാണമോ അല്ലെങ്കില്‍ ആഹ്ലാദകരമായ മറ്റെന്തെങ്കിലുമോ ഉണ്ടാകും. അതുകൊണ്ടുതന്നെ പുറത്തേക്ക് പോയി പാടേണ്ട ആവശ്യമില്ല. കുടുംബത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയത് ഉപ്പയില്‍ നിന്നാണ്. ഉപ്പ ഒരുപാട് മഹാന്മാരുടെ കഥകളും അവരെ കുറിച്ചുള്ള പാട്ടുകളും കുഞ്ഞു ഖൈറുന്നിസക്ക് പറഞ്ഞുകൊടുക്കും.  ഉപ്പാക്ക് കപ്പപ്പാട്ട,് കിളിപ്പാട്ട്  തുടങ്ങിയവ വളരെ ഇഷ്ടമായിരുന്നു. 'നിങ്ങളും പാട്ട് പാടിക്കോ. പക്ഷേ, നല്ല സന്ദേശങ്ങള്‍ ഉള്ളതായിരിക്കണം' എന്ന് ഉപ്പക്ക് പറഞ്ഞിരുന്നുവെന്ന് ഖൈറുന്നിസ ഓര്‍ക്കുന്നു.  ഇങ്ങനെ ഉപ്പയില്‍ നിന്നും പാട്ടുകള്‍ ഇഷ്ടപ്പെടുന്ന കുടുംബത്തില്‍ നിന്നും  കേട്ടുപഠിച്ചതാണ് ആയിശബീവി, യൂസൂഫ് കിസ്സ, ബദര്‍ പാട്ട്, കച്ചവടപ്പാട്ട് തുടങ്ങിയ പാട്ടുകള്‍. മോയിന്‍കുട്ടി വൈദ്യരുടെ പാട്ടാണ് ഖൈറുന്നിസ ഏറെയും പാടിയിട്ടുള്ളത്. പക്ഷേ, ബദറുല്‍ മുനീര്‍, ഹുസ്‌നുല്‍ ജമാല്‍ എന്ന പാട്ട് അവരൊരിക്കലും പാടിയിട്ടില്ല. അത് ആഭാസമാണെന്നാണവരുടെ വാദം. കുട്ടികള്‍ക്ക് ഒപ്പനക്കുവേണ്ടിയും പാട്ടുകളെഴുതിയിട്ടുണ്ട്. 'അല്ലാഹു എന്റെ എല്ലാമാണ്' എന്ന ഭക്തിഗാന സി.ഡി ഇറക്കിയ ഖൈറുന്നിസ ഒരുപാട് പാട്ടുകളുള്ള പേരിട്ടിട്ടില്ലാത്ത ഒരു സി.ഡി തയ്യാറാക്കുന്ന തിരക്കിലാണിപ്പോള്‍. മകന് കല്ല്യാണത്തിന് സമ്മാനമായി കൊടുക്കാനാണത് തയ്യാറാക്കുന്നത്. ഗാനങ്ങളെ പോലെത്തന്നെ കഥയും വഴങ്ങുന്ന ഖൈറുന്നിസയുടെ ഏഴോളം കഥകളുടെ സമാഹാരമാണ് 'ഭാര്യമാരുട ശ്രദ്ധക്ക്' എന്ന പേരില്‍ പുറത്തിറങ്ങിയ ടെലിഫിലിം. 'യാത്രക്കിടയില്‍' എന്ന കഥാസമാഹാരം ഐ.പി.എച്ച് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ പ്രവാസ ജീവിതം നയിച്ച് തിരിച്ചുവന്ന ഭര്‍ത്താവും മക്കളുമാണ്  പാട്ടുവഴിയില്‍ ഖൈറുന്നിസയുടെ പിന്തുണ.  

കുട്ടികള്‍ക്ക് വേണ്ടി ഒപ്പനപ്പാട്ടെഴുതിയും സ്വന്തം പാട്ടുകള്‍ക്ക് ഈണം പകര്‍ന്നും പാട്ടിന്റെ  വഴിയെ നടക്കുന്ന മറ്റൊരാളാണ് നിലമ്പൂര്‍ സ്വദേശിയായ ഉമ്മു സാബിത് എന്ന സൈനബ്. കൊച്ചുനാളിലേ പാട്ടിന്റെ താളത്തില്‍ മയങ്ങിയ സൈനബ് കുട്ടിക്കാലത്ത് പാട്ടും ഡാന്‍സും  പഠിക്കാനായി പോയിട്ടുണ്ട്. സ്‌കൂള്‍ പരിപാടികളിലും കലോത്സവ വേദികളിലും ഒരുപാട് സമ്മാനങ്ങള്‍ നേടിയിട്ടുമുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പാട്ടെഴുത്ത് തുടങ്ങിയതെന്നാണ് സാബിതിന്റെ ഓര്‍മ. സ്‌കൂളിലായാലും വീട്ടിലായാലും എന്ത് പരിപാടിക്കും സ്വാഗതഗാനം എഴുതുന്നത് സാബിത് തന്നെ. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ചേര്‍ന്നതോടെയാണ് സര്‍ഗാത്മക രംഗത്ത് ചുവടുകള്‍ നടത്താനും പാട്ടിന്റെ വഴിയില്‍ തിരിയാനും സാധിച്ചതെന്ന് നന്ദിയോടെ അവരോര്‍ക്കുന്നു.  ഒപ്പനപ്പാട്ടും ഭക്തിഗാനങ്ങളും എഴുതി പാട്ടുപാടിയും  ആടിപ്പാടിയും നടക്കുന്നതിനിടയില്‍ തന്നെ കല്ല്യാണവും കഴിഞ്ഞു. കല്ല്യാണത്തോടെ കടല്‍ കടന്നെങ്കിലും ഇരുപത്തഞ്ച് വര്‍ഷത്തെ മരുഭൂമിയിലെ വാസമാണ് ഉമ്മു സാബിത്തിന്റെ പാട്ടെഴുത്തിനും ആലാപനത്തിനും പച്ചപ്പ് നല്‍കിയത്. ജിദ്ദയില്‍ ഭര്‍ത്താവും മക്കളുമൊത്ത് താമസിക്കുന്നതിനിടയിലാണ് പാട്ടിന്റെ രണ്ട് സി.ഡി ഇറക്കിയത്. ഉമ്മു സാബിത് പാട്ടെഴുത്ത് പ്രബോധന ദൗത്യമായാണ് കാണുന്നത.് അതുകൊണ്ട് തന്നെ പുറത്തേക്ക് പാട്ടെഴുതിക്കൊടുക്കണമെന്നോ അറിയപ്പെടണമെന്നോ ആഗ്രഹവുമില്ല. അത്തരമൊരു ഉദ്ദേശ്യത്തോടെയാണ് തനിമ കലാ സാഹിത്യ വേദിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും. തനിമ നടത്തിയ സഞ്ചാരം പ്രോഗ്രാമില്‍ ഒരു താരാട്ട് പാട്ട് അവരുടേതായുണ്ട്. അതുപോലെ തൃശൂര്‍ ആകാശവാണിയില്‍ പാടുന്നവര്‍ക്കും അവര്‍ പാട്ടെഴുതിക്കൊടുക്കാറുണ്ട്. പാട്ടെഴുതിയും ആലപിച്ചും കുടുംബജീവിതം നയിക്കുന്നതിനിടയില്‍ തന്നെ ഉമ്മു സാബിത് ഇടക്ക് വെച്ച് നിന്നുപോയ പഠനവും പൂര്‍ത്തിയാക്കി. ഡിഗ്രി പൂര്‍ത്തിയാക്കി പി.ജി ചെയ്യാനുള്ള തയ്യാറെടുപ്പിലാണവര്‍.





Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top