മതകലാലയത്തിലെ വിദ്യാര്‍ഥിനി വൈവാഹിക പരസ്യത്തിലെ ആകര്‍ഷക പദം മാത്രമോ?

മുഹ്‌സിന കല്ലായി / പ്രതികരണം No image

ഷീര്‍ തൃപ്പനച്ചിയുടെ 'മതകലാലയത്തിലെ വിദ്യാര്‍ഥിനി വൈവാഹിക പരസ്യത്തിലെ ഒരാകര്‍ഷക പദം മാത്രമാണോ' എന്ന ലേഖനത്തോട് പൂര്‍ണമായും യോജിക്കുന്നു. മതകലാലയ വിദ്യാഭ്യാസ രംഗം ചര്‍ച്ചക്കെടുക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന മറ്റു വിഷയങ്ങള്‍ കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് വിവാഹം ചെയ്തുകൊണ്ടു വന്ന സുഹൃത്തിന് അഫ്ദലുല്‍ ഉലമ തുടര്‍പഠനത്തിന് ഇസ്‌ലാമിക സ്ഥാപനങ്ങള്‍ അന്വേഷിച്ചപ്പോള്‍ പേരുകേട്ട ഇസ്‌ലാമിക സ്ഥാപനങ്ങളെല്ലാം തന്നെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളാണെന്ന് അറിയാന്‍ സാധിച്ചു. എണ്ണമറ്റ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ ഉള്ളിടത്തുനിന്ന് നാട്ടില്‍ പോയി പഠനം തുടരേണ്ടി വന്ന ദുരവസ്ഥ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിനെക്കുറിച്ച് അവരുടെ ഭര്‍ത്താവ് ഉത്കണ്ഠയോടെ ചോദിച്ചത് ഇവര്‍ക്ക് പേരുമാറ്റി സ്ഥാപനം നടത്തിക്കൂടെ എന്നായിരുന്നു.
പി.ജിയും ബി.എഡും പഠിച്ചിറങ്ങുന്നവരുടെ ട്രെയിനിംഗ് സെന്ററുകള്‍ മാത്രമായി ഇസ്‌ലാമിക സ്ഥാപനങ്ങള്‍ മാറുന്നത് പൊതുകാഴ്ചയാണ്. വിദ്യാര്‍ഥികള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും ഇതുതന്നെ. വര്‍ഷത്തില്‍ ഒന്നും രണ്ടും അധ്യാപകര്‍ മാറുന്നത് പഠന പാഠ്യേതര രംഗത്തെ നിലവാരത്തകര്‍ച്ചക്ക് കാരണമാകുന്നു. യാതൊരു വിധത്തിലുളള പരിശീലനങ്ങള്‍ക്കും വിധേയരാകാത്ത അധ്യാപകര്‍ക്കുളള ട്രെയിനിംഗ് സെന്ററുകള്‍ ഒരുക്കുക എന്ന 'മഹത്തായ' ധര്‍മം നിര്‍വഹിച്ച് ഗുണമേന്മയുടെ സര്‍ട്ടിഫിക്കറ്റ് കൊടുത്ത് റഫര്‍ ചെയ്യുന്ന കാഴ്ച കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി അധ്യാപകര്‍ മാറുന്നത് തലവേദന സൃഷ്ടിക്കുമെന്നതും പഠനരീതിയെ മോശമായി ബാധിക്കുമെന്നതും ഗൗരവമായി പരിഗണിക്കപ്പെടണം എന്നാവശ്യപ്പെടുന്ന വിദ്യാര്‍ഥികളെ 'കുറഞ്ഞ ശമ്പളത്തില്‍ ആളെ കിട്ടാനില്ല' എന്ന പതിവ് ഉത്തരം പറഞ്ഞ് മൗനികളാക്കുന്നു.
നമ്മുടെ ഇസ്‌ലാമിക സ്ഥാപന സങ്കല്‍പങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഇതര മതവിഭാഗങ്ങള്‍ അതൊരു സാധ്യതയും നേട്ടവുമായി കാണുമ്പോള്‍ ഉത്തരവാദിത്ത നിര്‍വഹണം നടത്താതെ നമ്മുടെ സ്ഥാപനങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നു. വൈകാതെ അടച്ചുപൂട്ടലുകള്‍ക്കും കാരണമാകുന്നു.
വിദ്യാലയങ്ങളില്‍ കായികക്ഷമതക്ക് നിശ്ചിത സ്ഥലം ഉണ്ടായിരിക്കണമെന്നതും കായിക പരിശീലനത്തിന് അധ്യാപകരെ നിയമിക്കണമെന്നതും നിയമമാണ്. പല പ്രൈവറ്റ് മതസ്ഥാപനങ്ങളും ഈ ചിട്ടവട്ടം അനുസരിച്ചുള്ളതോ വിദ്യാര്‍ഥിനികളുടെ കായികക്ഷമതക്ക് പ്രാധാന്യം കൊടുക്കുന്നവരോ അല്ല. വിദ്യാര്‍ഥിനികളുടെ പ്രവര്‍ത്തന ക്ഷമതക്ക് വേണ്ടിയുളള പഠന സാംസ്‌കാരിക കായിക പ്രവര്‍ത്തനങ്ങള്‍ പലതും ഇത്തരം സ്ഥാപനങ്ങളില്‍ നടത്തപ്പെടാത്തത് തിരുത്തേണ്ടതുണ്ട്. പഠനകാലത്ത് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളും പ്രവര്‍ത്തനങ്ങളും ലഭിക്കാതെ പോകുന്നത് ആരോഗ്യമനസ്സുള്ള യുവത്വത്തിന് ഇരുട്ടടിയാകും.
പല മതസ്ഥാപനങ്ങളുടെയും അധ്യാപക കസേരകള്‍ ആര്‍ക്കൊക്കെയോ റിസര്‍വ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. പല സ്ഥാപന മേധാവികളും നിശ്ചയിച്ച പ്രായപരിധിക്ക് പുറമെയുള്ള പണ്ഡിത ശ്രേഷ്ഠരോ കഴിഞ്ഞ കാലങ്ങളിലെ കഴിവ് തെളിയിച്ച ഖത്തീബുമാരോ ആണ്. പുതുതലമുറ തേടുന്ന പഠന കളരിയൊരുക്കാന്‍ ഇത്തരക്കാര്‍ക്ക് പരിമിതികളുണ്ട്.
ഏകപക്ഷീയമായ സ്ഥാപനങ്ങള്‍ ഉണ്ടാക്കുക വഴി സാമൂഹിക അവബോധമുള്ളവരെ സൃഷ്ടിക്കാന്‍ കഴിയുമെന്നത് അബദ്ധധാരണയാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുമ്പോള്‍ കിട്ടുന്ന സാമൂഹ്യാന്തരീക്ഷം ഏക പക്ഷത്തെ മാത്രം ഇരുത്തിപഠിപ്പിക്കുമ്പോള്‍ കിട്ടുകയില്ല. ഒരു പക്ഷത്തിനായുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ തന്റെ എതിര്‍ധാരയിലുള്ള വിഭാഗത്തെ അറിയാതെ പോകുന്നത് സാമൂഹിക ആഘാതങ്ങളുടെ ആക്കം കൂട്ടിത്തരുമെന്നതില്‍ സംശയമില്ല. ശരിയായ സാമൂഹ്യവല്‍ക്കരണം സാധ്യമാക്കുമ്പോഴാണ് നാമിന്ന് കാണുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളുടെ ആക്കം കുറക്കാനാവുക. ഒരുമിച്ചിരുന്നാല്‍ പ്രണയിച്ചുപോകുമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരോടും ഒരുമിച്ചിരുത്തി 'മറ' കൊണ്ട് സദാചാരം നടപ്പിലാക്കുന്നവരോടും പറയാനുള്ളത് നാം നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ദൈവഭയത്തിന്റെയും ദൗത്യനിര്‍വഹണത്തിന്റെയും അവബോധം അനുസരിച്ചിരിക്കും വിദ്യാര്‍ഥികളുടെ വിദ്യാപ്രകടനമെന്നാണ്. ജൈവികമായ അധിനിവേശത്തെ ഒരളവുവരെ  നിയന്ത്രിക്കാന്‍ ഇസ്‌ലാമിക പഠനാന്തരീക്ഷം സാധ്യമാക്കുന്നില്ലെങ്കില്‍ നമ്മുടെ പ്രത്യയശാസ്ത്രത്തിന് തകരാറുണ്ടെന്ന് വരും. കാമ്പസുകള്‍ പോലും പ്രണയിക്കാന്‍ മടിക്കുന്നിടത്ത് ആരോഗ്യകരമായ സംവേദന ശൈലി മുന്നോട്ട് വെക്കാന്‍ നമുക്കാകണം.
ഇസ്‌ലാമിക സ്ഥാപനത്തില്‍ കഴിവ് തെളിയിക്കുന്ന പെണ്‍കുട്ടികളെ വേഗത്തില്‍ വിവാഹം ചെയ്തയക്കുന്ന സമ്പ്രദായം മാറേണ്ടതുണ്ട്. പഠനത്തെയും സര്‍ഗാത്മകതയെയും ദോഷകരമായി ബാധിക്കുന്ന ഇത്തരം നടപടിയെ ആരും ചോദ്യം ചെയ്യാറുമില്ല. വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചായിരിക്കും ഇത്തരം വിദ്യാര്‍ഥിനികളെ വിവാഹത്തിലേക്ക് ക്ഷണിക്കുന്നത്. ഇതിന് ഇടനിലക്കാരായി നില്‍ക്കുന്നത് അധ്യാപകരാകുമ്പോള്‍ രക്ഷിതാക്കള്‍ക്ക് പൂര്‍ണ സമ്മതം. ഇത്തരത്തില്‍ നേരത്തെ വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളും പഠന സാംസ്‌കാരിക മേഖലയില്‍ കഴിവ് തെളിയിച്ചതായി കാണുന്നില്ല. വിവാഹ ശേഷം എതിര്‍ത്തു പറയാന്‍ വകുപ്പില്ലല്ലോ. അഥവാ ശബ്ദിച്ചാല്‍ ഇസ്‌ലാമിക സ്ഥാപന സംസ്‌കാരം ഇതാണോ എന്ന അവഹേളനമായിരിക്കും ഉണ്ടാവുക, ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ചിട്ടുകൂടി പൊതുസമൂഹം വളരെ ലാഘവത്തോടുകൂടിയാണ് അവരെ വീക്ഷിക്കുന്നത്.
ഇസ്‌ലാമിക വൈജ്ഞാനിക മേഖലക്ക് കളമൊരുക്കിയിട്ടും വിളവെടുക്കാന്‍ ആളില്ലെങ്കില്‍ നാളെ ഉത്തരങ്ങളില്ലാതെ പ്രയാസപ്പെടുമെന്നതില്‍ സംശയം വേണ്ട. സ്വഭാവ ശുദ്ധീകരണവും സംസ്‌കരണവും വളര്‍ത്തപ്പെടേണ്ടുന്ന സാഹചര്യം ഒരുക്കാതെ ശമ്പളക്കാര്യം പറഞ്ഞ് പിന്നോട്ടടിക്കുന്ന അധ്യാപകരെ മാന്യമായി പരിഗണിച്ച് കര്‍മോത്സുകരാക്കാന്‍ ഉത്തരവാദിത്തപ്പെട്ട ട്രസ്റ്റുകളും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നാം പറയുന്ന പുതിയ തലമുറക്ക് കാര്യമായ മാറ്റം സംഭവിക്കാന്‍ പോകുന്നില്ല. പഠനസൗകര്യത്തിനുള്ള അന്തരീക്ഷം സാധ്യമായിരുന്നിട്ടും അറിവ് നല്‍കാന്‍ ആളില്ലാത്തത് അരക്ഷിതമായ സാഹചര്യം സൃഷ്ടിക്കും.
                                         ==========================================

വിദ്യാഭ്യാസത്തെക്കുറിച്ച് രണ്ട് സ്ത്രീകളോട് നടത്തിയ അന്വേഷണമാണ് ഇങ്ങനെയൊരു എഴുത്ത് എഴുതാന്‍ പ്രേരിപ്പിച്ചത്.
വിദ്യാഭ്യാസം മനുഷ്യനെ ശുദ്ധീകരിക്കുന്നതിനും ദൈവത്തെ കണ്ടെത്തുന്നതിന് വേണ്ടിയാണെന്ന് കാഴ്ചപ്പാടുള്ള പെണ്‍കുട്ടി മതസ്ഥാപനത്തിലും, സാമൂഹ്യ സേവനമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പറഞ്ഞ പെണ്‍കുട്ടി പ്രൊഫഷണല്‍ സ്ഥാപനത്തിലും പഠിക്കുന്നവരാണ്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം മത കലാലയത്തിലെ വിദ്യാര്‍ഥിനികളെ കെട്ടിച്ചയക്കുന്നതിനെപ്പറ്റിയും അവരുടെ കുടുംബ ജീവിതത്തെ പറ്റിയും മാത്രമല്ല. പെണ്‍ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്ക് രണ്ട് വശങ്ങളാണുള്ളത്. ഒന്നാമതായി മാര്‍ക്കനുസരിച്ച് ഏതെങ്കിലും ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയെന്ന സാമാന്യചിന്ത. വിദ്യാഭ്യാസമെന്നാല്‍ പെണ്‍കുട്ടി വിവാഹം വരെ കൊണ്ടെത്തിക്കേണ്ട കേവലം ഒരവസ്ഥ മാത്രമാണെന്ന പൊതു മനസ്സ് ഉത്ഭവിക്കുന്നത് അവിടെ നിന്നാണ്. മറുവശത്ത് പണമുണ്ടാക്കാനും സമൂഹത്തില്‍ സ്ഥാനമുറപ്പിക്കാനും വിദ്യാഭ്യാസം ഉപയോഗിക്കുന്നവരാണ്. ഇവിടെയാണ് മതവിദ്യാഭ്യാസമോ പ്രൊഫഷണല്‍ വിദ്യാഭ്യാസമോ നാം നല്‍കേണ്ടത് എന്ന ചോദ്യം നിലനില്‍ക്കുന്നത്. ലേഖകന്‍ ചൂണ്ടിക്കാട്ടിയ കാര്യമിതാണ്. ''അമ്പതില്‍ താഴെ മാത്രം ദീനി കോഴ്‌സുകള്‍ പഠിക്കുന്നവരും ബാക്കി 450 വിദ്യാര്‍ഥികളും ഭൗതിക ഡിഗ്രികള്‍ പഠിക്കുന്നവരായിട്ടും ആ സ്ഥാപനങ്ങള്‍ മഹത്തായ പാരമ്പര്യം പേറി ഇസ്‌ലാമിക സ്ഥാപനങ്ങളെന്ന പേരില്‍ ഇപ്പോഴും തുടരുന്നു.'' വിദ്യാഭ്യാസം നേടുന്ന ഏതൊരാള്‍ക്കും നിലകൊള്ളേണ്ട മേഖലകള്‍ നിര്‍ണയിക്കേണ്ടതുണ്ട്. പഠന വിധേയമാക്കിയ വിഷയം പ്രവൃത്തിയിലേക്ക് കൊണ്ടുവരാന്‍ വേണ്ട പരിശീലനവും ആത്മവിശ്വാസവും അവസരവും നല്‍കുക എന്നതാണ് പൂര്‍ണതയുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷണം.
എന്നാല്‍ മത വിദ്യാഭ്യാസം പ്രവൃത്തി പഥത്തിലേക്ക് കൊണ്ടുവരാന്‍ ഒരു വിദ്യാര്‍ഥിക്ക് എന്തൊക്കെയാണ് നല്‍കുന്നത്. വിദ്യാഭ്യാസ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തരാക്കുക എന്നതാണല്ലോ നാം നല്‍കുന്ന മത വിദ്യാഭ്യാസത്തിന്റെ ലക്ഷണളിലൊന്ന്. ഇതിനായ് എന്തു തരത്തിലുള്ള പരിശീലനമാണ് നല്‍കുന്നത്? മതവിദ്യാഭ്യാസം ലഭിച്ചവരുടെ പ്രവര്‍ത്തന മേഖല ഏതുവരെ നീളും. എഞ്ചിനീയര്‍മാക്കിടയിലും ഡോക്ടര്‍മാര്‍ക്കിടയിലും മറ്റു പ്രൊഫഷനലുകള്‍ക്കിടയിലും എങ്ങനെയാണ് ഇസ്‌ലാമിക പ്രബോധനം ഇവരിലൂടെ സാധ്യമാകുന്നത്? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നില്ലേ? വിദ്യാഭ്യാസം നല്‍കുന്നതിലൂടെ രണ്ട് വിഭാഗങ്ങളാണ് ഉണ്ടാകുന്നത്. സമൂഹത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നവരും, ഇവര്‍ക്ക് വേണ്ടി ആത്മീയത പ്രസംഗിക്കുന്നവരും. ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉല്‍പന്നങ്ങളെ വീണ്ടും ഇസ്‌ലാം പഠിപ്പിക്കേണ്ടി വരുന്നു. എത്ര സങ്കീര്‍ണമാണ് നമ്മുടെ വിദ്യാഭ്യാസ പ്രബോധന സങ്കല്‍പം! സമ്പൂര്‍ണ ജീവിത പദ്ധതിയാണ് ഇസ്‌ലാം എന്ന നിലക്ക് ജീവിതത്തിലെ സര്‍വ മേഖലകളിലും അനുശാസിക്കപ്പെടേണ്ട പാഠങ്ങളാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. അതിന് മത മേഖലയെന്നോ ഭൗതിക മേഖലയെന്നോ വ്യത്യാസമില്ല എന്നിരിക്കെ ഇങ്ങനെ അശാസ്ത്രീയമായ തരംതിരിവിന്റെ ആവശ്യകതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി അയാളുടെ പ്രവൃത്തി മേഖലയെപ്പറ്റി പഠിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നതോടൊപ്പം അയാള്‍ പാലിക്കേണ്ട നീതിയും നന്മയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മനുഷ്യന്റെ അവയവങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ അതിന്റെ അസ്ഥിത്വത്തെപ്പറ്റി ഓര്‍മിപ്പിക്കാനുള്ള വലിയ സാധ്യതകളല്ലേ ഈ മേഖലയില്‍ തുറന്ന് കിട്ടുന്നത്. അവരുടെ ഗവേഷണങ്ങള്‍ക്ക് പ്രചോദനം ഖുര്‍ആന്‍ ആകുന്നതിനെപ്പറ്റി ചിന്തിച്ചു കൂടെ. ഇങ്ങനെ പഠിപ്പിക്കപ്പെടുന്ന സമൂഹത്തിന്റെ നന്മ മരങ്ങളായി വര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ സമൂഹ സേവനമെന്ന നിലയില്‍ നിര്‍വഹിക്കുന്നവര്‍ ഏതു തൊഴിലിലും ഇസ്‌ലാം ചേര്‍ക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട മറ്റൊരു പാഠം കുടുംബജീവിതമാണ്. കുട്ടികളുടെ ശിക്ഷണവും കുടുംബജീവിതത്തിന്റെ ഭദ്രതയും ചര്‍ച്ചചെയ്യാത്ത വിദ്യാഭ്യാസം പൂര്‍ണമാകില്ല.  ഇത് പറയുമ്പോള്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് പഠനങ്ങള്‍ നിലക്കുകയും മറ്റ് വിഷയങ്ങള്‍ മാത്രം പഠിപ്പിക്കപ്പെടുകയും ചെയ്യുമെന്ന ആശങ്ക ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവും. അവരോടുള്ള വിനീതമായ ചോദ്യമിതാണ്. ലേഖകന്‍ ചൂണ്ടിക്കാട്ടിയത് പോലെ പരസ്യപ്പലകയില്‍ നിന്നും ഇനിയും പുറത്ത് വന്നിട്ടില്ലാത്ത (പ്രബോധന പ്രവര്‍ത്തകര്‍ എന്ന നിലക്ക് വളര്‍ന്ന് വികസിച്ചിട്ടില്ലാത്ത) ഖുര്‍ആനും സുന്നത്തും യഥേഷ്ടം കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടികളെക്കാളും എത്രയോ മഹത്തരമാണ് ഖുര്‍ആനും സുന്നത്തും ജീവിതത്തില്‍ പകര്‍ത്തുന്ന സാമൂഹ്യ സേവകരായ പെണ്‍കുട്ടികള്‍. പുതിയ കാലത്ത് ഭൗതിക വിദ്യാഭ്യാസ സിലബസുകള്‍ ഏറെ പരിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. പുത്തന്‍ ജീവിതരീതികളെ നിര്‍വചിക്കുന്ന ഏറെ വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നു. ഖുര്‍ആനിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് ബദല്‍ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്ക് സമയം അതിക്രമിച്ചിരിക്കുന്നു.
മതകലാലയങ്ങളെന്ന പേരിലറിയപ്പെടുന്ന സ്ഥാപനങ്ങള്‍ ഇത്തരം ശൈലികള്‍ പിന്തുടരാന്‍ മനസ്സ് വെച്ചാല്‍ മുസ്‌ലിം സ്ത്രീകള്‍ വീടുകളിലൊതുങ്ങിക്കൂടാനുള്ളതല്ലെന്നും  ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ജീവിക്കുന്ന മാതൃകകളായി സമൂഹത്തിലിടപെടേണ്ടവരാണെന്നുമുള്ള സംസ്‌കാരം പുനര്‍ജ്ജനിക്കും തീര്‍ച്ച.
ഹസന്‍ നസീഫ് എ
തിരുവനന്തപുരം

ഇാസ്‌ലാമിക കലാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍ കലാലയം ഉദ്ദേശിക്കുന്നതോ സമുദായം പ്രതീക്ഷിക്കുന്നതോ ആയ ലക്ഷ്യങ്ങളിലെത്തിക്കാറില്ല. വിദ്യാഭ്യാസം വിവാഹത്തിനു തടസ്സം നില്‍ക്കുന്നുണ്ടോ എന്നത് പഠിക്കുന്ന കോഴ്‌സിനെ ആശ്രയിച്ചിരിക്കും. പുതുതലമുറക്കനുയോജ്യമായ സാധ്യതകളുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുന്നതില്‍ മത കലാലയങ്ങള്‍ പിന്നിട്ടു നില്‍ക്കുന്നു. സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ കല്ല്യാണം ശരിയാകുന്നതുവരെ എന്തെങ്കിലും പഠികട്ടെ എന്ന് ചിന്തിക്കുന്നവരുടെ മക്കളോ അല്‍പം ദീനും കുടുംബത്തിലെ പാരമ്പര്യവും നിലനിര്‍ത്തട്ടെയെന്ന് ശഠിക്കുന്നവരുമായിരിക്കും ഇത്തരം സ്ഥാപനത്തില്‍ പഠിക്കുന്നവരിലധികവും. ഇങ്ങനെയുള്ളവര്‍ക്ക് വിവാഹത്തിന് മുന്നില്‍ വിദ്യാഭ്യാസത്തിന് പ്രസക്തിയില്ല. വിവാഹത്തിന് ശേഷം ഭര്‍ത്താവ് ചിന്തിക്കുന്നത് പഠിക്കുന്ന കോഴ്‌സിന്റെ സാധ്യതകളെക്കുറിച്ചാണ്. തുച്ഛമായ ശമ്പളത്തിന് താങ്ങാനാവുന്നതിലധികം ജോലിഭാരം നല്‍കുന്ന ഒരു അണ്‍ എയ്ഡഡ് സ്ഥാപനത്തില്‍ അധ്യാപികയാകാനേ അവള്‍ക്ക് കഴിയൂ എങ്കില്‍ ഭര്‍ത്താവ് ഒരു നല്ല കുടുംബിനിയാകാനായിരിക്കും ഭാര്യയെ പ്രേരിപ്പിക്കുന്നത്. മതകലാലയത്തിലെ കോഴ്‌സുകളുടെ അശാസ്ത്രീയ പഠന രീതിയാണ് ഇതിന് കാരണം. മതകലാലയങ്ങളില്‍ അറബി സാഹിത്യത്തില്‍ കഴിവുള്ള അധ്യാപകരുണ്ടെങ്കിലും മറ്റു വിഷയങ്ങളില്‍ കുറവായിരിക്കും. സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സ്റ്റേജ് അവസരങ്ങള്‍ നല്‍കാറുണ്ടെങ്കിലും അത് വളര്‍ത്തിക്കൊണ്ടു വരാനുള്ള കോച്ചിംഗ് നല്‍കുന്നില്ല. ശാസ്ത്രീയമായ പഠന രീതിയും കോഴ്‌സുകളും കൊണ്ടുവരുമ്പോള്‍ അതിന്റെ സാധ്യതകള്‍ വര്‍ധിക്കുകയും വിദ്യാര്‍ഥിനിക്ക് ആകര്‍ഷണീയത കൂടുകയും ചെയ്യും.
മുഹ്‌സിന ഹബീബ്
പുല്‍പറമ്പ്   
     

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top