ഫെമിനിസത്തിന്റെ അര്‍ഥ തലങ്ങള്‍

കെ.പി സല്‍വ / കണ്ണടകളില്ലാതെ No image

കാനഡ നഷ്ടപ്പെട്ടാല്‍ ഏറ്റവും വലിയ നഷ്ടമേതാണെന്ന് ഞാനെന്നോട് സ്വകാര്യമായി ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം എന്റെ സ്ത്രീ ജീവിതത്തിന്റെ സ്വാതന്ത്ര്യം എന്നതായിരിക്കും. നീയൊരു പെണ്ണാണെന്ന സമൂഹത്തിന്റെ ഓര്‍മപ്പെടുത്തലില്ലാത്ത ജീവിതം. ഞാനെന്ന വ്യക്തിയുടെ ആവശ്യങ്ങള്‍ സാധിക്കാനുള്ള അവസരം ഏതൊരാളുടെയും ജന്മാവകാശമായിരിക്കേണ്ട അത് എത്രക്ക് വിലപ്പെട്ടതാണ്. (നിര്‍മല-'ലഞ്ച് റൂം @ കാനഡ' മാധ്യമം 2013 ജൂണ്‍ 23)
ലോകത്തിന്റെ വൈവിധ്യവും അവ തമ്മിലുള്ള വിനിമയത്തിന്റെ രീതിയും സ്വഭാവവുമൊക്കെ ചിന്തിച്ചു കൊണ്ടിരുന്ന നാളുകളിലാണ് ഈ ലേഖനം വായിച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ കാനഡാ ജീവിതവും ഇന്ത്യന്‍ സാഹചര്യവും വിലയിരുത്തുകയാണതില്‍. ദേശം സമൂഹം, സംസ്‌കാരം, ഭാഷ, മതം, വര്‍ഗം, ലിംഗം, തലമുറ, കുടുംബം, വ്യക്തികള്‍, തുടങ്ങിയവക്കെല്ലാം പല രീതിയിലുള്ള വിനിമയങ്ങള്‍ നടക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹികതയാണ് ഈ വിനിമയ മാര്‍ഗം. അവന്റെ അപൂര്‍ണതയാണ് അതിന്റെ ഹേതു. ആധിപത്യ വിധേയത്വ ശ്രേണിയാണ് വിനിമയങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. നാല് ഗണത്തിലേക്ക് വിനിമയങ്ങളെ വര്‍ഗീകരിക്കാമെന്ന് തോന്നുന്നു. സ്വീകരണം, നിരാകരണം, അംഗീകാരം, ഉന്മൂലനം. സ്വീകരിക്കാത്ത ഒന്നിനെ നിരാകരിക്കണമെന്നില്ല. അംഗീകരിക്കാം, അതില്ലാത്തിടത്ത് ഉന്മൂലനം നടക്കും.
മനുഷ്യന്റെ പരിമിതിയാണ് വിനിമയങ്ങള്‍ അനിവാര്യമാക്കുന്നത്. ജീവിതാവസ്ഥകളുടെ മാറ്റം, വികസനം, നവീകരണം എന്നിങ്ങനെയുള്ള ധനാത്മകമായ പ്രേരണകള്‍ സാധിക്കുന്നത് വിനിമയങ്ങളിലൂടെയാണ്. മൃതമല്ലാത്ത, ചലനാത്മകമായ സംവിധാനങ്ങള്‍ക്കെല്ലാം മാറ്റവും വികാസവും നവീകരണവുമൊക്കെ ആവശ്യമാണ്. ഇസ്‌ലാം അത്തരത്തിലുള്ള ദര്‍ശനമാണ്. ആരംഭകാലം തൊട്ട് ഇന്ന് വരെ വ്യത്യസ്ത സ്വഭാവത്തിലുള്ള വിനിമയങ്ങള്‍ക്ക് അത് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ആന്തരികമായ നവീകരണ ശേഷി ഇസ്‌ലാമിന്റെ ദൈവികതയുടെ അടയാളമാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനങ്ങളെ കാലികമായി അവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലിയായിരുന്നു ആധുനികാനന്തര ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ച നവീകരണ ദൗത്യം. ദൈവിക നീതി എന്ന ബഹുസ്വരതയെക്കാള്‍ ദൈവിക അടിമത്തമെന്ന ഏകതാനത ആയിരുന്നു ഈ ഒന്നാം തരംഗം മുന്നോട്ട് വെച്ചത്. സ്വാഭാവികമായും അത് വൈവിധ്യങ്ങളുടെ ലോകത്ത് ധനാത്മകമായ വിനിമയങ്ങളെ റദ്ദ് ചെയ്യും. അതോടൊപ്പം ഇസ്‌ലാമിന്റെ മാതൃകാ ലോകം നടപ്പിലാകാതെ വന്നതും ഇസ്‌ലാമിക മുന്നേറ്റത്തെ തടഞ്ഞു. താത്വികമായ ഈ നവീകരണത്തെ കഴിയും വിധം പ്രായോഗികമാക്കി സംരക്ഷിക്കുക എന്ന മിനിമം പരിപാടി നവോത്ഥാനപ്രസ്ഥാനങ്ങള്‍ നിറവേറ്റി. മുസ്‌ലിംകള്‍ക്കു നേരെ പല ഭാഗത്തുനിന്നുള്ള എതിര്‍പ്പും കൂടിയായപ്പോള്‍ ഇസ്‌ലാമിന്റെ മൗലികതയെ കാത്ത് സൂക്ഷിക്കുന്ന പ്രതിരോധത്തിന്റെ തലം ഇതിന് കൈവന്നു. അത് ആധുനികതയുടെ ഉല്‍പന്നങ്ങളായ മുതലാളിത്തം, മാര്‍ക്‌സിസം, പ്രദേശികമായ നബിദിനാഘോഷം മുതലായവയെയും ഒരുപോലെ എതിര്‍ക്കുന്നതില്‍ കൊണ്ടെത്തിച്ചു. മുഹമ്മദന്‍ ലോയില്‍ നിന്നുരുത്തിരിഞ്ഞ മുസ്‌ലിം പേഴ്‌സണല്‍ ലോ ഇന്നും വിശുദ്ധ പശുവായി തുടരുന്നതും ഈ പ്രതിരോധ രാഷ്ട്രീയത്തിന്റെ മികച്ച ഉദാഹരണമാണ്.
ഇത്തരത്തിലുള്ള പ്രതിരോധത്തിന്റെ, ജഡത്വത്തിന്റെ എല്ലാ ദയനീയതയും ഏറ്റുവാങ്ങുന്ന സമൂഹമാണ് മുസ്‌ലിം സ്ത്രീ. ന്യൂനപക്ഷമെന്ന നിലയിലും ലിംഗപരമായും ഉള്ള ഇരട്ട പാര്‍ശ്വവല്‍കരണം അവര്‍ നേരിടുന്നു. കേരളത്തിലേക്ക് ചുരുങ്ങിയാല്‍ അതിലെ സ്ത്രീ വിരുദ്ധത സ്തൂലമായി തന്നെ നമ്മെ ആകുലപ്പെടുത്തും. കൈവിട്ട് പോകുമോ എന്ന ആധിയില്‍ നിന്നുള്ള പ്രതിരോധത്തിന്റെ നിറമാണതിന്. 'ഖലീഫതുല്ല' എന്ന പദവിയുള്ള ആവിഷ്‌കാരവും ഉത്തരവാദിത്തവുമുള്ള മനുഷ്യനെന്ന മുസ്‌ലിം സ്ത്രീയെ നമുക്കതില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മറിച്ച് കുടുംബമെന്ന പ്രഥമ ബാധ്യത ഏറ്റെടുക്കേണ്ട കാലിനടിയില്‍ സ്വര്‍ഗവുമായി നില്‍ക്കുന്ന മഹനീയ വ്യക്തിത്വത്തെ കാണാം. അവകാശങ്ങളെക്കുറിച്ചും നിഷേധത്തെക്കുറിച്ചുമുള്ള വാക്കുകള്‍ കേള്‍ക്കാം. മുസ്‌ലിം സ്ത്രീയുടെ സൗകര്യങ്ങളും സുരക്ഷിതത്വവും ആഘോഷിക്കുന്നത് കാണാം. അതിനെല്ലാം ഉപരി നിര്‍ണിതമായ ഈ വര്‍ത്തമാനങ്ങള്‍ക്കപ്പുറത്തുള്ളതെല്ലാം പാശ്ചാത്യ സ്ത്രീവാദത്തിന്റെ ശബ്ദങ്ങളാണെന്ന തീര്‍പ്പും കാണാം.
കേരളത്തില്‍ സ്ത്രീ പക്ഷത്തു നിന്ന് സംസാരിക്കുന്ന ഒരാളെ എളുപ്പം നിരാകരിക്കാനുള്ള വഴിയാണ് ഫെമിനിസ്റ്റെന്ന് ആരോപിക്കുന്നത്. ഫെമിനിസവും ഫെമിനിസ്റ്റും നമ്മെ സംബന്ധിച്ചിടത്തോളം കളത്തിന് പുറത്ത് നിര്‍ത്തേണ്ടവയാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമുണ്ടാവില്ല. അത് പടിഞ്ഞാറാണ് അതിവാദമാണെന്നൊക്കെ ഉത്തരം ലഭിക്കും. അമൂര്‍ത്തമായ ഒരു ആശയമാണ്. സത്യത്തില്‍ ഫെമിനിസം. പുരുഷനുള്ളതുപോലെ അവകാശങ്ങളും അവസരങ്ങളും സ്ത്രീകള്‍ക്കുമുണ്ടെന്ന വിശ്വാസമാണ് അതെന്ന് നിഘണ്ടു പറയുന്നു.
അതിന്റെ ഉല്‍ഭവമോ പശ്ചാത്തലമോ അറിയാതെയാണ് വിമര്‍ശനങ്ങള്‍. വ്യാവസായിക വിപ്ലവാനന്തരം തൊഴിലാളി വര്‍ഗങ്ങളും മറ്റും വോട്ടവകാശത്തിനായി നടത്തിയ സമരമാണ് 'സഫ്രെജറ്റ് മൂവ്‌മെന്റ്''. അനന്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അവകാശ നിഷേധങ്ങള്‍ക്കെതിരെ പോരാടാന്‍ ആരംഭിച്ചു. അങ്ങനെയാണ് ഫെമിനിസം ഉത്ഭവിച്ചത്. ഇന്നും വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ജ്ഞാനശാഖയാണത്. പുരുഷനെയും കുടുംബത്തെയും നിരാകരിക്കുന്ന ആത്യന്തിക വാദം മുതല്‍ പരസ്പരം പൂരകമായ കുടുംബ സങ്കല്‍പം വരെ അതിനകത്തുണ്ട്. വിരുദ്ധങ്ങളായ കാഴ്ചപ്പാടുകളാല്‍ സമ്പുഷ്ടമാണത്. അതിനൊരുപാട് ഉപശാഖകളുണ്ട്. അതിലൊന്നാണ് ഇസ്‌ലാമിക ഫെമിനിസം. തങ്ങളുടെ സൂക്ഷ്മ ജീവിതവുമായി ബന്ധപ്പെട്ട് വ്യത്യസ്തരായ സ്ത്രീകള്‍ ഉയര്‍ത്തുന്ന ചലനങ്ങളെല്ലാം അതിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോള്‍ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനുമുള്ള അവകാശത്തിന് വേണ്ടി വാദിച്ചാല്‍ അതും ഫെമിനിസമാണ്.
ഇതൊന്നുമറിയാതെ പാശ്ചാത്യമായതുകൊണ്ട് എതിര്‍ക്കുമ്പോള്‍ അവരുടെ ഒരുപാട് നന്മകള്‍ നമ്മള്‍ കാണാതെ പോകുന്നു. സിവില്‍ നിയമങ്ങള്‍ അനുസരിക്കുന്നതിലും ഏത് ജോലി ചെയ്യുന്നതിലും മടിയില്ലാത്തവരാണവര്‍. വ്യക്തിസ്വാതന്ത്ര്യത്തെ മാത്രമല്ല വ്യക്തിയെ തന്നെ അങ്ങേയറ്റം ആദരിക്കുന്നവരും (ഇസ്‌ലാമോഫോബിയയും, വര്‍ണവെറിയും പടിഞ്ഞാറിന്റെ മാത്രം പ്രശ്‌നമല്ല.) മറ്റെല്ലാ കാരണങ്ങള്‍ക്കുമൊപ്പം അന്നാട്ടിലുയര്‍ന്നു വന്ന ദര്‍ശനങ്ങളും ഈ നന്മയെ സ്വാധീനിച്ചിട്ടുണ്ട്. പാശ്ചാത്യ സ്ത്രീവാദത്തെ വാക്കാല്‍ എതിര്‍ക്കുമ്പോഴും സ്ത്രീ ശാക്തീകരണത്തിനായി നമ്മള്‍ സ്വീകരിക്കുന്നത് അതിന്റെ തന്നെ രീതിശാസ്ത്രവും മാനദണ്ഡങ്ങളുമാണ്. വിദ്യാഭ്യാസവും തൊഴിലും പൊതുപ്രവര്‍ത്തനങ്ങളുമൊക്കെ മാനകങ്ങളാകുന്നത് അങ്ങനെയാണ്. പുരുഷനെ പ്രതിസ്ഥാനത്ത് നിര്‍ത്തുക, അവനെ വെല്ലുക എന്ന സമീപനം അറിഞ്ഞോ അറിയാതെയോ നമ്മുടെ ബോധമണ്ഡലത്തിലുമുണ്ട്.
മുസ്‌ലിം പ്രമാണങ്ങളിലും പ്രയോഗങ്ങളിലും വന്ന് ചേര്‍ന്ന സ്ത്രീ വിരുദ്ധതയെ അവര്‍ വിമര്‍ശിക്കുമ്പോള്‍ അവയെ വിശകലനം ചെയ്യുകയും പഠനവിധേയമാക്കുകയുമല്ല നമ്മള്‍ ചെയ്യുന്നത്. മറിച്ച്, അവരുടെ സദാചാര രംഗത്തെ അപചയങ്ങളുടെ കണക്കുകള്‍ നിരത്തുകയാണ്. ഒരുവേള പരിപാടികളുടെയെല്ലാം ഉള്ളടക്കം അതായി മാറുന്നു. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുകൂല സാഹചര്യമുള്ള രാജ്യമാണ് കാനഡ എന്ന് യു.എന്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബ ശൈഥില്യവും വിവാഹമോചനവും പടിഞ്ഞാറിന്റെ കുത്തകയായിട്ടാണ് നമ്മള്‍ അവതരിപ്പിക്കാറുള്ളത്. ''സ്‌നേഹം ഒരിക്കലും പൊട്ടി മുളക്കാത്തതോ വറ്റിപ്പോയതോ ആയ വിവാഹബന്ധത്തെ ചുമന്ന് കൊണ്ട് നടക്കുന്നതാണ് നമ്മുടെ ശരി. മാന്യതയെന്ന പേരിലുള്ള ഈ കപട നാടകത്തെ ഡൈവേഴ്‌സിന്റെ എണ്ണത്തിലെ കുറവായി നാം ഉയര്‍ത്തിപ്പിടിക്കുന്നു.'' (അതേ ലേഖനം)കുട്ടികളുള്ളതുകൊണ്ടും ഇല്ലാത്തതു കൊണ്ടുമാണ് കേരളത്തില്‍ കുടുംബങ്ങള്‍ നിലനില്‍ക്കുന്നതെന്ന നിരീക്ഷണം ശക്തമാണ്. ഇതില്‍ നിന്ന് മുസ്‌ലിം സമുദായവും ഒഴിവല്ല. വിവാഹ മോചനങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ മുലകുടിക്കുന്ന കുഞ്ഞ് പോലും ഇഷ്ടമില്ലാത്ത വിവാഹത്തില്‍ തുടരാന്‍ ബാധ്യതയാകേണ്ടതില്ലെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. (അത്വലാഖ്:6)
ഇതിനേക്കാള്‍ രസകരം അമേരിക്കയിലെയും യൂറോപ്പിലെയും മുസ്‌ലിം നേതൃത്വത്തിലുള്ള സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്നതാണ്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്ന, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇസ്‌ലാമിന്റെ അമ്പാസഡര്‍മാരായ ഇവരെല്ലാം മുമ്പെ പറഞ്ഞ സാമൂഹ്യ സാഹചര്യങ്ങളുടെ അനുകൂല കാലാവസ്ഥയില്‍ ശക്തരായവരാണ്. ഇസ്‌ലാം സ്വീകരിച്ചവരുടെ തെരഞ്ഞെടുപ്പ് പോലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. അവരുടെ കുടുംബങ്ങള്‍ നമ്മുടേത് പോലെ വലുതോ ആധിപത്യ വിധേയത്വ ബന്ധങ്ങളില്‍ ഊട്ടിയുറപ്പിച്ചതോ അല്ല. മുസ്‌ലിം നാടുകളില്‍ നിന്നോ പൗരസ്ത്യ ദേശങ്ങളില്‍ നിന്നോ അത്തരത്തിലുള്ള നേതൃത്വങ്ങള്‍ ഉയര്‍ന്നു വരാത്തതും അതുകൊണ്ടാണ്. അപ്പോഴും അവരെ അവരാക്കിയ പശ്ചാത്തലം നമ്മള്‍ മറക്കുന്നു. പടിഞ്ഞാറന്‍ ദര്‍ശനങ്ങളും പടിഞ്ഞാറും പുണ്യങ്ങള്‍ പൂക്കുന്നിടമാണെന്നല്ല, അതിലെ നന്മയെ അംഗീകരിക്കുമ്പോള്‍ മാത്രമേ അവയുമായി ആരോഗ്യകരമായ വിനിമയം സാധ്യമാവുകയുള്ളൂ

പെയിന്‍ ഗ്ലാസ്:
പ്രദേശികവും വൈദേശികവുമായ ധാരകളോട് വിനിമയത്തിലേര്‍പ്പെട്ട് നന്മയെയും മൗലികതയെയും സ്വാംശീകരിച്ച് ഇസ്‌ലാമിന്റെ വര്‍ണം ചാലിച്ച് ഇടം നേടിയതിന്റെ നേര്‍ചിത്രങ്ങളാണ് തുര്‍ക്കിയിലെ എ.കെ പാര്‍ട്ടിയും തുനീഷ്യയിലെ അന്നഹ്ദയും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top