ആടിനൊരു മെനു

ഡോ: പി.കെ മുഹ്‌സിന്‍ താമരശ്ശേരി No image

'പാവപ്പെട്ടവന്റെ പശു' എന്ന അപരനാമത്തിലാണ് ആട് അറിയപ്പെടുന്നത്. പാലിനും ഇറച്ചിക്കും പുറമെ തുകല്‍, രോമം, ജൈവവളം എന്നിവയും ആടുകളില്‍ നിന്ന് ലഭിക്കുന്നു. ആട്ടിറച്ചിയുടെ വില ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നല്ല ജനുസ്സില്‍ പെട്ട ഒരാടിന് നിശ്ചിത അളവ് തീറ്റയില്‍ നിന്നും ഒരു പശു ഉല്‍പാദിപ്പിക്കുന്ന പാലിന്റെ അളവിനെക്കാള്‍ പാല്‍ ഉല്‍പാദിപ്പിക്കുവാന്‍ കഴിവുണ്ട്. പലതരത്തിലുള്ള സസ്യവസ്തുക്കളെ പോഷക മേന്മയേറിയ ആഹാര പദാര്‍ഥങ്ങളായി മാറ്റാനും ആടുകള്‍ക്ക് മറ്റ് മൃഗങ്ങളെക്കാള്‍ കഴിവുണ്ട്. സസ്യങ്ങളുടെ ഇലകള്‍ തൊട്ട് മരത്തിന്റെ പുറം തോട് വരെ ഇവ തീറ്റയായി ഉപയോഗിക്കുന്നു. താരതമ്യേന കുറഞ്ഞ അളവില്‍ ജലാംശം അടങ്ങിയ പച്ചിലത്തീറ്റയാണ് ജലാംശമുള്ള പരുഷാഹാരങ്ങളെക്കാള്‍ ആടുകള്‍ക്ക് കൂടുതല്‍ ഇഷ്ടം. മൊത്തം തീറ്റയുടെ എണ്‍പത് ശതമാനത്തിലധികവും ഇത്തരം തീറ്റയാണ്.
ആടുകള്‍ക്ക് സാധാരണ കൊടുക്കുന്ന തീറ്റകളെ സാന്ദ്രിതാഹാരങ്ങള്‍ എന്നും പരുഷാഹാരങ്ങള്‍ എന്നും രണ്ടായി തരം തിരിക്കാം. വിവിധ തരം പിണ്ണാക്കുകള്‍, ധാന്യങ്ങള്‍ ധാന്യ ഉല്‍പന്നങ്ങള്‍, പയറുവര്‍ഗങ്ങള്‍ അവയുടെ ഉല്‍പന്നങ്ങള്‍ എന്നിവ സാന്ദ്രിതാഹാരത്തില്‍ പെടുന്നു. ഇവയില്‍ പിണ്ണാക്കുകള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ മാംസ്യ പ്രധാനവും ധാന്യങ്ങള്‍ അവയുടെ ഉല്‍പന്നങ്ങള്‍ എന്നിവ ഊര്‍ജ്ജ പ്രധാനവുമായ ഇനങ്ങളാണ്. വിവിധ ഇനം പുല്ലുകള്‍, പയറു വര്‍ഗചെടികള്‍, പച്ചില തീറ്റകള്‍, വൃക്ഷ ഇലകള്‍ എന്നിവ സരസ പരുഷാഹാരങ്ങളും, ഉണണക്കപ്പുല്ല്, വൈക്കോല്‍ എന്നിവ ശുഷ്‌ക പരുഷാഹാരങ്ങളുമാണ്.
ആടുകള്‍ക്ക് ദിനം പ്രതി കൊടുക്കുന്ന ആഹാരത്തിന്റെ അളവ് അവയുടെ ശരീര ഭാരം, ശാരീരികാവസ്ഥ, ഉല്‍പാദന ശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി ഇവ ശരീര ഭാരത്തിന്റെ മൂന്ന് മുതല്‍ എട്ട് ശതമാനം വരെ ഭക്ഷണം കഴിക്കുന്നു. ഏകദേശം മുപ്പത് കിലോഗ്രാമോളം തൂക്കം വരുന്ന ഒരാടിന് സംരക്ഷണാവശ്യത്തിനായി നാല് കിലോഗ്രാമോളം പച്ച പുല്ലോ മൂന്ന് കിലോഗ്രാം വൃക്ഷ ഇലകളോ മതിയാവും. പുല്ലുകള്‍, പയറുവര്‍ഗ ചെടി, പച്ചില തീറ്റകള്‍, പാഴ്‌ച്ചെടികള്‍, പ്ലാവ്, കൈനി, പൂവ്വം വെണ്‍ തേക്ക്, വാഴയില തുടങ്ങിയവ പരുഷാഹാരമായി ഉപയോഗിക്കാം.
വൃക്ഷ ഇലകളില്‍ പൊതുവെ മാംസ്യവും കാത്സ്യവും മെച്ചപ്പെട്ട അളവില്‍ അടങ്ങിയിരിക്കുന്നു. പക്ഷേ ഫോസ്ഫറസ് വൃക്ഷ ഇലകളില്‍ കുറവാണ്. പച്ചില തീറ്റയുടെ പോഷക ഗുണവും ലഭ്യതയും മോശമാണെങ്കില്‍ സംരക്ഷണാവശ്യത്തിനായി മൂന്ന് മുതല്‍ മുന്നൂറ് ഗ്രാം വരെ സാന്ദ്രിതാഹാരവും വളര്‍ച്ചയെത്തിയ ആടുകള്‍ക്ക് നല്‍കണം. പച്ചിലത്തീറ്റ വേണ്ടത്ര കൊടുക്കുന്നുണ്ടെങ്കിലും കറവയാടുകള്‍ക്കും മുട്ടനാടുകള്‍ക്കും ആട്ടിന്‍ കുട്ടികള്‍ക്കും സാന്ദ്രിതാഹാരവും നല്‍കേണ്ടതാണ്.
ഗര്‍ഭമുള്ള ആടുകള്‍ക്ക് അവസാനത്തെ രണ്ട് മാസങ്ങളില്‍ സംരക്ഷണത്തിന് പുറമെ 100 മുതല്‍ 200 ഗ്രാം വരെ തീറ്റ മിശ്രിതം കൂടുതല്‍ കൊടുക്കാം. മുട്ടനാടുകള്‍ക്കാകട്ടെ നല്ല പച്ചിലത്തീറ്റക്ക് പുറമെ 200 മുതല്‍ 300 ഗ്രാം വരെ സാന്ദ്രിതാഹാരം നല്‍കണം. പൊതുവെ ആടുകള്‍ക്ക് തീറ്റയുടെ മൂന്നില്‍ രണ്ട് ഭാഗം പരുഷാഹാരവും ഒരു ഭാഗം സാന്ദ്രിതാഹാരവും കൊടുക്കുകയാണ് നല്ലത്.
ആടുകള്‍ക്ക് വെള്ളത്തിന്റെ ആവശ്യകത താരതമ്യേന കുറവാണ്. ദിനം പ്രതി 1 മുതല്‍ 5 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്. കറവയുള്ളപ്പോള്‍ ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുവാന്‍ മൂന്ന് ലിറ്റര്‍ വെള്ളം കൂടുതല്‍ കൊടുക്കണം. ഗര്‍ഭിണികള്‍ക്കും ഒരു ലിറ്റര്‍ വെള്ളം അധികം വേണം.

സാന്ദ്രിതാഹാരം ഉണ്ടാക്കാം 

നിലക്കടലപ്പിണ്ണാക്ക് : 25 ശതമാനംനം
തേങ്ങാപിണ്ണാക്ക് : 10 ശതമാനം
അരി തവിട് : 27 ശതമാനം
ചോളം പൊടിച്ചത് : 15 ശതമാനം
മുതിര : 10 ശതമാനം
കപ്പപ്പൊടി : 10 ശതമാനം
ധാതുമിശ്രിതം : 2 ശതമാനം
കറിയുപ്പ് : 1 ശതമാനം

മുകളില്‍ പറഞ്ഞ തീറ്റകള്‍ക്ക് പുറമെ റബ്ബര്‍ക്കുരു, പിണ്ണാക്ക്, പഞ്ഞിക്കുരു, പുളിങ്കുരു, ഉണക്കിയ കപ്പയില എന്നിവയും ചെറിയ തോതില്‍ സാന്ദ്രിതാഹാര മിശ്രിതത്തില്‍ ചേര്‍ക്കാം. കന്നുകാലികള്‍ക്ക് കൊടുക്കുന്ന വിവിധ കാലിത്തീറ്റകളും ആടിന് നല്‍കാവുന്നതാണ്. ഒരു കിലോഗ്രാം പാലുല്‍പാദനത്തിന് 400 ഗ്രാം തീറ്റ എന്ന കണക്കിന് കൂടുതലായി കൊടുക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top