നേരു ചൊല്ലാന്‍ മടിക്കാത്ത കുട്ടി

നൂറുദ്ദീന്‍ ചേന്നര / ചരിത്രം കഥ പറയുന്നു 1 No image

പ്രശസ്ത സൂഫീ പണ്ഡിതനായ അബൂ അബ്ദില്ല സൗമഇയുടെ പുത്രിയായിരുന്നു ഉമ്മുല്‍ ഖൈര്‍ ഫാത്വിമ. ഇറാനിലെ ജീലാന്‍ എന്ന പ്രദേശത്ത് രണ്ടു മക്കളുമൊത്ത് ജീവിക്കുകയായിരുന്നു അവര്‍.. തന്റെ മകനായ അബ്ദുല്‍ ഖാദറിനെ നല്ലൊരു പണ്ഡിതനാക്കണമെന്ന ചിന്തയായിരുന്നു അവര്‍ക്ക്. പക്ഷേ, ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടിയിരുന്ന ആ മഹതിക്ക് നിത്യജീവിതകാര്യങ്ങള്‍ത്തന്നെ പ്രയാസകരമായിരുന്നു.
വിജ്ഞാനം സമ്പാദിക്കുകയെന്ന ലക്ഷ്യം അബ്ദുല്‍ ഖാദിറിലും വളര്‍ന്നുകൊണ്ടിരുന്നു. അവന്‍ ഉമ്മയോടു പറഞ്ഞു. ''ഞാന്‍ ഉപ്പൂപ്പയുടെ അടുത്തുപോയി പഠിക്കട്ടെ? ഉമ്മക്ക് സമ്മതമല്ലേ?''
പണ്ഡിതനായ തന്റെ പിതാവില്‍ നിന്ന് മകന്‍ വിദ്യയഭ്യസിക്കുന്നതില്‍ ഉമ്മക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ. അവര്‍ സമ്മതം മൂളി. അങ്ങനെ അബ്ദുല്‍ ഖാദര്‍ വിജ്ഞാനത്തിന്റെ ആദ്യപാഠങ്ങള്‍ അബൂ അബ്ദില്ല സൗമഇയില്‍നിന്നും അഭ്യസിച്ചു.
അബ്ദുല്‍ ഖാദറിന് പതിനെട്ടുവയസ്സായി. വിജ്ഞാനത്തിന്റെ പുതിയ മേഖലകള്‍ കീഴക്കാന്‍ ആ കൗമാരക്കാരന്‍ കൊതിച്ചു. ഇപ്പോള്‍ അവന്റെ സ്വപ്നം ബാഗ്ദാദ് ആണ്. വിജ്ഞാനം കൊതിക്കുന്ന എല്ലാവരും എത്തിച്ചേരാന്‍ കൊതിക്കുന്ന നഗരമാണല്ലോ അത്. അബ്ദുല്‍ ഖാദര്‍ തന്റെ ആഗ്രഹം ഉമ്മയോട് പറഞ്ഞു. ''ഉമ്മാ, എനിക്ക് ബാഗ്ദാദില്‍ പോകണം. കൂടുതല്‍ പഠിക്കണം. ബഗ്ദാദിലെ മഹാന്മാരായ പണ്ഡിതന്മാരുടെ കൂടെയുള്ള ജീവിതം എനിക്കേറെ ഉപകാരപ്പെടും.''
പണ്ഡിതകുടുംബത്തില്‍ വളര്‍ന്ന ആ മാതാവ് മകന്റെ വിജ്ഞാനദാഹത്തിനുമുമ്പില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല.
'' നീ ബാഗ്ദാദിലേക്ക് പഠിക്കാന്‍ പോകുന്നതില്‍ ഉമ്മക്ക് സന്തോഷമേയുള്ളൂ. പക്ഷേ, നിനക്ക് അവിടത്തെ ജീവിതച്ചെലവുകള്‍ താങ്ങാനാവുമോ?'' ഉമ്മ ചോദിച്ചു.
''കൈയില്‍ പണമില്ലാതെ ഞാനവിടെയെങ്ങനെ ജീവിക്കുമെന്നോര്‍ത്ത് ഉമ്മ വിഷമിക്കരുത്. അല്ലാഹു എന്തെങ്കിലും വഴി കാണിച്ചുതരും. എനിക്ക് ബാഗ്ദാദിലെ മഹാന്മാരായ പണ്ഡിതന്മാരോട് സഹവസിക്കാന്‍ കൊതിയാവുന്നു.''
മകന്റെ മറുപടി കേട്ട് ഉമ്മുല്‍ ഖൈറിന് സന്തോഷം കൊണ്ട് കണ്ണില്‍ വെള്ളം നിറഞ്ഞു. ബാഗ്ദാദിലേക്കുള്ള യാത്ര എത്രയോ ദുഷ്‌കരമാണ്. വാഹനപ്പുറത്തു യാത്ര ചെയ്യാനുള്ള സാമ്പത്തികശേഷി തന്റെ മകനില്ല. കൊടുംകാടുകള്‍ പലതും കടന്നുവേണം ബാഗ്ദാദിലെത്താന്‍. കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യം വേറെയും.
ഉമ്മുല്‍ ഖൈര്‍ ഫാത്വിമ മകനോട് പറഞ്ഞു.''പൊന്നുമോനേ, എനിക്ക് വയസ്സായി. നീ തിരിച്ചുവരുമ്പോള്‍ നിന്നെക്കാണാന്‍ ഞാനുണ്ടാവുമെന്നെനിക്കുറപ്പില്ല. പക്ഷേ, എന്റെ പ്രാര്‍ഥന നിന്റെ കൂടെയെപ്പോഴുമുണ്ടാകും. വിജ്ഞാനം തേടിയുള്ള നിന്റെ യാത്ര അല്ലാഹു വിജയിപ്പിച്ചുതരട്ടെ.''
അവര്‍ അകത്തുപോയി ഒരു പണക്കിഴിയുമായി തിരിച്ചുവന്നു. പണക്കിഴി അബ്ദുല്‍ ഖാദറിനെ ഏല്‍പിച്ചുകൊണ്ട് ഉമ്മുല്‍ ഖൈര്‍ പറഞ്ഞു.''നിന്റെ ഉപ്പ അവശേഷിപ്പിച്ചുപോയ 80 ദീനാര്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു. അതില്‍നിന്ന് 40 ദീനാര്‍ ഇതാ നിനക്കു തരുന്നു. ഇനിയുള്ളത് നിന്റെ അനിയന്‍ അബ്ദുല്ലക്കുള്ളതാണ്.''
ഉമ്മുല്‍ ഖൈര്‍ നാല്പതു ദീനാര്‍ അബ്ദുല്‍ ഖാദറിന്റെ മേല്‍കുപ്പായത്തിന്റെ കൈയില്‍ ഉള്‍ഭാഗത്തായി തുന്നിപ്പിടിപ്പിച്ചു. പ്രിയപ്പെട്ട മകനുവേണ്ടി ഒരിക്കല്‍ കൂടി ആ മഹതി പ്രാര്‍ഥിച്ചു. കണ്ണീരോടെ വിടചോദിക്കുന്ന മകനോട് പറഞ്ഞു. ''പൊന്നുമകനേ, എനിക്ക് നിന്നോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. അത് നിന്റെ ജീവിതത്തില്‍ നീയെപ്പോഴും പ്രധാനമായിക്കാണണം. നീ സത്യം മാത്രമേ പറയാവൂ. കളവു പറയുന്നതിനെപ്പറ്റി ചിന്തിക്കുകപോലും ചെയ്യരുത്.''
ഉമ്മയുടെ വാക്കുകള്‍ കേട്ട അബ്ദുല്‍ ഖാദര്‍ മറുപടി പറഞ്ഞു.''പ്രിയപ്പെട്ട ഉമ്മാ, ഉമ്മ പറഞ്ഞത് ഞാനെപ്പോഴും പാലിക്കുമെന്ന് ഞാനിതാ വാക്കുതരുന്നു. ഉമ്മാ എന്റെ മനസ്സിന്റെ ആഴങ്ങളില്‍നിന്നാണ് ഞാനിതു പറയുന്നത്.''
''നീയിനി ധൈര്യമായി പൊയ്‌ക്കോളൂ. അല്ലാഹു നിന്നോടൊപ്പമുണ്ടാവും. അവനാണ് ഇനി എല്ലാ അര്‍ഥത്തിലും നിന്റെ രക്ഷിതാവ്.''
അബ്ദുല്‍ ഖാദര്‍ ബാഗ്ദാദിലേക്കുള്ള ഒരു യാത്രാസംഘത്തോടൊപ്പം ചേര്‍ന്നു. സുരക്ഷിതത്വമോര്‍ത്ത് സംഘമായി മാത്രമേ അക്കാലത്ത് ആളുകള്‍ ദീര്‍ഘയാത്ര ചെയ്തിരുന്നുള്ളൂ.
ഹംദാന്‍ പട്ടണം വരെ യാത്ര സുഖമായി മുന്നേറി. ഇനി കാട്ടിലൂടെയുള്ള യാത്രയാണ്. യാത്രാസംഘം ഭയപ്പെട്ടതുതന്നെ സംഭവിച്ചു. കൊള്ളസംഘം അവരെ പിടികൂടി. അഹ്മദ് ബദവി എന്നു പേരുള്ള കുപ്രസിദ്ധനായ കൊള്ളത്തലവനുകീഴിലുള്ള അറുപതു പേരടങ്ങുന്ന കവര്‍ച്ചാസംഘമായിരുന്നു അത്. ആള്‍ബലംകൊണ്ടും ആയുധബലം കൊണ്ടും ശക്തരായ കൊള്ളക്കാര്‍ക്കു മുമ്പില്‍ കീഴടങ്ങുകയല്ലാതെ യാത്രക്കാര്‍ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കൊള്ളക്കാര്‍ കരസ്ഥമാക്കി.
യാത്രക്കാരുടെ മുമ്പില്‍ വെച്ചുതന്നെ കൊള്ളക്കാര്‍ മുതലുകള്‍ പങ്കിട്ടെടുക്കുന്നതിനായി വട്ടം കൂടിയിരുന്നു. കൊള്ളസമയത്തു നടന്ന പല രസകരമായ കാര്യങ്ങളും അവര്‍ അതിനിടെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് ഒരു കൊള്ളക്കാരന്‍ ഇപ്രകാരം പറഞ്ഞത്.
''ആ കൂട്ടത്തില്‍ ഒരു പയ്യനുണ്ടല്ലോ. അവന്റെ കൈയിലൊന്നുമില്ല. ഞാന്‍ പരിശോധിച്ചതാ. എന്നിട്ടും ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പറയുകയാ, എന്റെ കൈയില്‍ നാല്‍പതു ദീനാറുണ്ടെന്ന്. അവന് തമാശ പറയാന്‍ കണ്ട നേരം!''
''ഞാന്‍ ചോദിച്ചപ്പോഴും അവന്‍ അങ്ങനെ പറഞ്ഞു. പക്ഷേ, അരിച്ചുപെറുക്കി നോക്കിയിട്ടും അവന്റെ കൈയിലൊന്നുമില്ലെന്നു മനസ്സിലായി. ഒരു പക്ഷേ, അവന്റെ കൈയില്‍നിന്ന് വഴിയില്‍ നഷ്ടപ്പെട്ടതായിരിക്കും.''
ഇതു കേട്ട കൊള്ളത്തലവന്‍ പറഞ്ഞു.''ആ പയ്യനെ വിളി. ഞാനൊന്നു ചോദിക്കട്ടെ.''
കൊള്ളക്കാര്‍ അബ്ദുല്‍ ഖാദറിനെ തലവനുമുമ്പില്‍ ഹാജരാക്കി. കൊള്ളത്തലവന്‍ ചോദിച്ചു. ''നിന്റെ അടുത്ത് എന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങളുണ്ടോ?''
''എന്റെയടുത്ത് നാല്പത് ദീനാറുണ്ട്.'' അബ്ദുല്‍ ഖാദര്‍ ഭാവഭേദമൊന്നും കൂടാതെ മറുപടി പറഞ്ഞു.
''നീ തമാശ പറയുകയൊന്നുമല്ലല്ലോ. ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു പേര്‍ നിന്നെ പരിശോധിച്ചതാണ്.''
''ഞാന്‍ സത്യമാണ് പറയുന്നത്.''
'' എങ്കില്‍ എടുക്കൂ, കാണട്ടെ.''
''ഇതാ ഈ കോട്ടിന്റെ കൈയിലുണ്ട്. എടുക്കണമെങ്കില്‍ എടുത്തോളൂ.'' അബ്ദുല്‍ ഖാദിര്‍ ആരെയും കൂസാതെ കോട്ടൂരിയെടുത്തു കൊള്ളത്തലവനുനേരെ നീട്ടി.
കോട്ടിന്റെ കൈ ഭാഗം പരിശോധിച്ചപ്പോള്‍ അവിടെ നാണയം തുന്നിപ്പിടിപ്പിച്ചതായി കണ്ടു. അവര്‍ ആ പണമെടുത്തു.
കൊള്ളത്തലവന്‍ ചോദിച്ചു.''നിന്റെ കൈയില്‍ പണമുള്ളത് ഞങ്ങള്‍ക്കാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നിട്ടും നീയെന്തിനിത് വെളിപ്പെടുത്തി?''
''നിങ്ങള്‍ ചോദിച്ചതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ യാത്ര പുറപ്പെടുമ്പോള്‍ എന്റെ ഉമ്മക്ക് ഞാനൊരു വാക്കു കൊടുത്തിട്ടുണ്ടായിരുന്നു. സത്യമേ ഞാന്‍ പറയൂ എന്ന്. എന്നിട്ടിപ്പോള്‍ അറുപതു കൊള്ളക്കാര്‍ എന്റെ നേരെ വന്നുവെന്നു വെച്ച് ഞാന്‍ എന്റെ ഉമ്മയോടുള്ള വാക്കു തെറ്റിക്കുകയോ? അതെനിക്ക് ചിന്തിക്കാന്‍ പോലുമാവില്ല.'' അബ്ദുല്‍ ഖാദര്‍ ശാന്തസ്വരത്തില്‍ പറഞ്ഞു.
ഇതു കേട്ട അഹ്മദ് ബദവി പൊട്ടിക്കരഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ വിറക്കുന്ന സ്വരത്തില്‍ പറഞ്ഞു. ''കുട്ടീ, നീ നിന്റെ പ്രിയ മാതാവിനോടുള്ള വാക്കു പാലിക്കാന്‍ ഏത് പ്രയാസഘട്ടത്തിലും തയ്യാറാകുന്നു. ഞാനെന്തൊരു പാപിയാണ്. എന്റെ സ്രഷ്ടാവായ ദൈവത്തോടുള്ള വാക്കുകള്‍ വര്‍ഷങ്ങളായി ഞാന്‍ തെറ്റിച്ചുനടക്കുന്നു.''
അഹ്മദ് ബദവി അവിടെ വെച്ചുതന്നെ തന്റെ തെറ്റുകള്‍ക്ക് പശ്ചാത്തപിച്ചു. അനുയായികളും അതുതന്നെ ചെയ്തു. യാത്രക്കാര്‍ക്ക് സമ്പാദ്യമെല്ലാം മടക്കിക്കിട്ടി.
പ്രിയപ്പെട്ട മാതാവിന്റെ വാക്കുകളോര്‍ത്ത് സത്യം മാത്രം പറയാന്‍ തയ്യാറായ ആ കുട്ടി പിന്നീട് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി എന്ന പേരില്‍ പ്രശസ്തനായിത്തീര്‍ന്നു. ജീവിതാന്ത്യം വരെ സത്യത്തിനുവേണ്ടി നിലകൊണ്ട ആധ്യാത്മികനേതാവും വിപ്ലവകാരിയുമായിരുന്നു ആ പണ്ഡിതവര്യന്‍.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top