പെരുന്നാള്‍ പൊലിവ്‌

എ.എം. ഖദീജ / ഓര്‍മ No image

''കോഴിക്കോട് കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടിരിക്കുന്നു.'' മുന്നിലിരിക്കുന്ന റേഡിയോയില്‍ നിന്നും അനൗണ്‍സ്‌മെന്റ് വരേണ്ട താമസം, കുട്ടികളായ ഞങ്ങള്‍ പുത്തനുടുപ്പിന്റെ ആഹ്ലാദം കൊണ്ടും, മുതിര്‍ന്നവര്‍ക്ക് പാകം ചെയ്യേണ്ടതിന്റെ ഒരുക്കത്തിന്റെ ആധി കൊണ്ടും ശ്വാസം നിലക്കും. ഫുട്‌ബോള്‍ കമന്ററി കേള്‍ക്കുന്നതു പോലെയായിരുന്നു പലപ്പോഴും മാസപ്പിറവി അറിയിപ്പും. ''ഇല്ല അവിടെ യാതൊന്നും സംഭവിച്ചിട്ടില്ല ഗോള്‍ ആയിട്ടില്ല.'' എന്നു പറയുന്നതുപോലെ അനൗണ്‍സര്‍ പറയും: ''ശവ്വാല്‍ മാസപ്പിറവി കണ്ടതായി ഇതുവരെ അറിവ് ലഭിച്ചിട്ടില്ല... അടുത്ത അറിയിപ്പ് രാത്രി പതിനൊന്ന് മണിക്ക്'' അതോടെ കുട്ടികള്‍ നിരാശരാകും. പുത്തനുടുപ്പ് അലമാരയില്‍ കേറും. ഉമ്മമാര്‍ ആശ്വാസത്തോടെ അത്താഴച്ചോറിന് വിഭവങ്ങള്‍ എന്തുണ്ടാവും എന്നു നോക്കും. ഇരുപത്തിയൊമ്പതാം നോമ്പിന് രാത്രി ഞങ്ങളുടെ പ്രദേശത്ത് മീന്‍ വാങ്ങില്ല. പെരുന്നാളായെങ്കിലോ, അതുകൊണ്ട് റേഡിയോ അനൗണ്‍സ്‌മെന്റ് നിരാശരാക്കിയാല്‍ അന്നത്തെ അത്താഴം പച്ചക്കറിയില്‍ ഒതുക്കും. പെരുന്നാളായാല്‍ മീന്‍ ബാക്കിയാവരുത്. പെരുന്നാളിന് കോഴിയാണ് വിഭവം.
ടി.വി പ്രചാരത്തില്‍ ആകും മുമ്പേ ജനിച്ച ഒരാളാണ് ഞാന്‍. അന്ന് മാസം കാണും എന്നു തോന്നിയാല്‍ പ്രധാനമായും റേഡിയോ ഓരോ മണിക്കൂറും വെച്ചു നോക്കുകയായിരുന്നു പതിവ്. റേഡിയോയുടെ മുന്നില്‍ എല്ലാവരും കാതുകൂര്‍പ്പിച്ചു വെക്കും. പെരുന്നാളിന് രാവിലെ നമസ്‌കാരത്തിന് പോകും മുമ്പ് ഉമ്മ പെരുന്നാള്‍ സ്‌പെഷലായി പല്ലന്‍ പത്തിരിയാണ് ഉണ്ടാക്കുക. ചോറ്റരിയില്‍ പെരുംജീരകവും തേങ്ങയും ചേര്‍ത്തരച്ച്, പൊരിച്ച ആ പത്തിരിക്ക് പെരുന്നാള്‍ ദിവസം വെറും വയറ്റില്‍ തിന്നുമ്പോള്‍ വല്ലാത്ത ഒരു സ്വാദാണ്. കൂട്ടാന്‍ ഒന്നും വേണ്ട; ഒരു ഗ്ലാസ് കട്ടന്‍ചായയും കൂടിയായാല്‍ പിന്നെ പറയാനില്ല. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞിറങ്ങി സേമിയപായസവും കുടിച്ച് ഉപ്പയുടെ വീട്ടിലേക്ക് പോകും.
കോഴിക്കോട്ടെ നഗരമധ്യത്തില്‍ 'തെക്കേപ്പുറം' എന്ന ഒരു മുസ്‌ലിം ഗ്രാമമുണ്ട്. അവിടെയാണ് ഞാന്‍ ജനിച്ചത്. അവിടെ തറവാടുകളില്‍ മരുമക്കത്തായ സമ്പ്രദായമാണ്. അതിനാലാണ് ഉമ്മയുടെ വീട്ടിലുള്ള ഞങ്ങള്‍ പെരുന്നാളിന് നമസ്‌കാരം കഴിഞ്ഞ ഉടനെ ഉപ്പ വീട്ടിലേക്ക് പോകുന്നത്. 'ഇത്തോഹം' എന്നാണ് ഉപ്പയുടെ വീടിന് പറയുന്നത്. ഉപ്പയുടെ വീട്ടിലേക്ക് പോകുന്നത് ചരിത്ര പ്രസിദ്ധമായ മിശ്കാല്‍ പള്ളിയുടെ പടികള്‍ കയറിയിറങ്ങിയാണ്. ശില്‍പഭംഗി തുളുമ്പുന്ന മനോഹരമായ പള്ളിയുടെ പൈതൃക സൗന്ദര്യം കാത്ത് സൂക്ഷിച്ചു കൊണ്ട് കുളിര്‍മയേകുന്ന വിശാലമായ കുറ്റിച്ചിറ കുളത്തിന്റെ ഓരത്തു കൂടിയാണ് പെരുന്നാള്‍ ദിനത്തിലെ യാത്ര. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മിശ്ഖാല്‍ നഗൂത എന്ന അറബി നിര്‍മിച്ച അഞ്ചു നില കെട്ടിടമായ പള്ളി ഞങ്ങളുടെ ശൈശവത്തിലെ അത്ഭുതം തന്നെയായിരുന്നു. ഉച്ചഭാഷിണി കണ്ടെത്തും മുമ്പ് മാസം കണ്ടത് അറിയിച്ചിരുന്നത് മിശ്ഖാല്‍ പള്ളിയിലെ പെരുമ്പറ അടിച്ചു കൊണ്ടാണെന്ന് ഉമ്മ പറയുമായിരുന്നു. ഇത്തോത്ത് എത്തിയാല്‍ ഉടനെ ചോറു വിളമ്പുകയായി. അവിടെ രാവിലെ പത്ത് മണിക്കു തന്നെ ചോറ് വിളമ്പും. നെയ്‌ച്ചോറാണ് അന്നത്തെ സ്‌പെഷല്‍. കൂട്ടാന്‍ ഇറച്ചി സ്റ്റ്യൂ വെച്ചതും പരിപ്പു കറിയും വെണ്ട മുളകിട്ട് കുറുക്കിയതും സ്ഥിരമാണ്. ചിലപ്പോള്‍ ചമ്മന്തിയും ചീരയും ഉണ്ടാകും. ചോറ് കഴിയുന്നതോടെ പെരുന്നാള്‍ പൈസ കിട്ടിത്തുടങ്ങും. അത് കിട്ടിയാല്‍ ഉടനെ വീട്ടിലേക്ക് മടങ്ങും.
വീട്ടില്‍ ഉപ്പയും ഇക്കാക്കയും ഈദ്ഗാഹില്‍ നിന്നും വന്നപാടെ- രാത്രിക്കച്ചവടത്തിന്റെ ക്ഷീണം മാറ്റാന്‍ ഉറങ്ങിക്കളയും. അതിനാല്‍ ഞങ്ങള്‍ തിരിച്ചെത്തുമ്പോഴാണ്, വീട്ടില്‍ ചോറ് വിളമ്പുന്നത്. വൈകുന്നേരം ചായക്ക് പഴംപൊരിയും കായ വറുത്തതും ഹലുവയുമൊക്കെ ഉണ്ടാകും. രഹസ്യമായി അക്രോട്ടും ആപ്രിക്കോട്ടും ഓരോന്ന് കിട്ടും. മുന്തിയ ചോക്ലേറ്റ് ആദ്യമായി കണ്ടതും പെരുന്നാളിന് മാത്രം. അപ്പോഴേക്കും തറവാട്ടില്‍ അമ്മാവന്മാരുടെ മക്കള്‍ എത്തിയിട്ടുണ്ടാവും. അവരൊക്കെ നെയ്‌ച്ചോറ് തിന്നുകഴിഞ്ഞാല്‍ ഞങ്ങളും അവരും കൂടി ഭയങ്കര കളിയാണ്. വലിയ മുറ്റം, ധാരാളം കളികള്‍. ഗോട്ടികളി, കുട്ടീം കോലും, കള്ളനും പോലീസും, നടസോഡി തുടങ്ങിയ തരാതരം കളികള്‍ കഴിഞ്ഞ് അളിങ്കാക്കമാരോ മുതിര്‍ന്ന ആണുങ്ങളോ ഉണ്ടെങ്കില്‍ അവരുടെ കൂടെ കടല്‍ കാണാന്‍ പോകും. തെക്കേപ്പുറത്തെ ഇടവഴികളിലൂടെ ചുറ്റി നടന്നാല്‍ കോഴിക്കോട് കടപ്പുറത്തെത്താം. കടപ്പുറം കാണാന്‍ പോകുമ്പോള്‍ മനസ്സ് നിറയെ കടലയും ഐസ്‌ക്രീമുമായിരിക്കും. പളുങ്ക് കപ്പില്‍ ഐസ്‌ക്രീം കഴിച്ച് സന്ധ്യയോടെയായിരിക്കും വീട്ടിലേക്കുള്ള മടക്കം. .
ഞങ്ങള്‍ പഠിച്ചിരുന്നത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിലായിരുന്നു. പെരുന്നാള്‍ പിറ്റേന്ന് ്ക്ലാസ്സില്‍ വരുമ്പോള്‍ പെരുന്നാള്‍ വസ്ത്രം ഇട്ടു വരണമെന്ന് ടീച്ചര്‍ പറയുമായിരുന്നു. അതിനാല്‍ പിതൃഗൃഹ സന്ദര്‍ശനം വേഗം കഴിച്ച് വീട്ടിലെത്തി പുതു വസ്ത്രം അഴിച്ചുവെച്ചാണ് കളികളൊക്കെ. പിറ്റേന്ന് പെരുന്നാള്‍ വസ്ത്രമിട്ടു ചെല്ലുന്ന ഞങ്ങളെ ടീച്ചര്‍മാര്‍ക്ക് വല്യ കാര്യമായിരിക്കും. വീട്ടിലെ സാമ്പത്തിക സ്ഥിതി അറിയാനോ പുതു ഫാഷന്‍ മനസ്സിലാക്കാനോ ഒക്കെയായിരിക്കും അതെന്നാണ് എനിക്ക് അന്ന് തോന്നിയത്. ആ കാലം തിരിച്ച് വരാത്ത വണ്ണം എങ്ങോ മറഞ്ഞു പോയി, പെരുന്നാള്‍ പൈസ അന്ന് 25, 50 പൈസ തുട്ടുകള്‍ വാങ്ങിയത്, മക്കളുടെ കാലമായപ്പോള്‍ ഇരുപതും അമ്പതും രൂപയുടെ നോട്ടുകളായി. ഇന്ന് ഞങ്ങള്‍ 12 ചെറു വീട്ടുകാര്‍ ഏതെങ്കിലും ഒരു വീട്ടില്‍ കൂടി, 'പെരുന്നാള്‍ ഗെറ്റുഗദര്‍' നടത്തുന്നു. ഓരോ വര്‍ഷം ഓരോ അതിഥികള്‍. മുറ്റത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ക്വിസ് പരിപാടി, അടിക്കുറിപ്പു മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. എന്നാലും പഴയ ആഘോഷവും ലാഘവത്വവും എങ്ങുമില്ല. കുട്ടികള്‍ പരീക്ഷയുടെ സ്വല്ലയിലും എന്‍ട്രന്‍സിന്റെ തിരക്കിലും, മുതിര്‍ന്നവര്‍ക്ക് നാനാതരം ഉത്കണ്‍ഠകള്‍ വേറെയും. അഴിമതി, വിലക്കയറ്റം, കൂലി വര്‍ധനവുകൊണ്ട് വീടുപണിയാന്‍ കഴിയാത്തവര്‍, വര്‍ഗീയ ആരോപണങ്ങള്‍. ഇതിനിടയില്‍ നിന്ന് നാട് ആ നല്ല നാളുകളിലേക്ക് ഇനിയും തിരിച്ചു പോകാന്‍ ഈ പുണ്യ നാളില്‍ പ്രാര്‍ഥിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top