ഭജനമിരിക്കല്‍

കെ.പി സല്‍വ / കണ്ണടകളില്ലാതെ No image

മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം എളുപ്പത്തില്‍ കത്തിപ്പിടിക്കാവുന്ന വിഷയമാണ് കേരളത്തില്‍. ശരീഅത്ത് വിവാദകാലത്തും തുടര്‍ന്നും ഇത് വിവാദമായിരുന്നു. പ്രതിഷേധ പ്രകടനങ്ങളും ബോധവല്‍ക്കരണങ്ങളും. സമ്മേളനങ്ങളുമൊക്കെ നടന്നു. തദ്വിശയകമായ പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൂട്ടം സ്ത്രീകള്‍ അനുകൂലമായ കോടതി വിധിയും സമ്പാദിച്ചു. സ്ത്രീകളെക്കുറിച്ച് മറ്റൊന്നും പറയാനില്ലാത്ത ചില മതസംഘടനകളുടെ 'സ്ത്രീകളുടെ പള്ളിപ്രവേശന സ്വാതന്ത്ര്യം സംരക്ഷിക്കുക' എന്ന പത്ര പ്രസ്താവന ഇപ്പോഴും ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. നാടുനീളെ സ്ത്രീകള്‍ക്ക് നിസ്‌കരിക്കാനുള്ള പള്ളികള്‍' വര്‍ധിച്ചു വരുന്നതും വിഷയത്തിന്റെ വൈകാരികതയെ സൂചിപ്പിക്കുന്നുണ്ട്.
സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാമോ ഇല്ലേ എന്നൊക്കെ ചര്‍ച്ച ചെയ്യുന്നത് പക്ഷേ പള്ളിയില്‍ ഭജനമിരുന്നിരുന്ന ഒരു മഹതിയെക്കുറിച്ച ആയത്തുകള്‍ ഓതിക്കൊണ്ട് തന്നെയാണെന്നതാണ് ഏറെ രസകരം. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് ആണായിരിക്കുമെന്ന പ്രതീക്ഷയില്‍ ഉമ്മ അതിനെ ഭജനമിരിക്കാന്‍ നേര്‍ച്ചയാക്കി. പടച്ച തമ്പുരാന്‍ കുഞ്ഞിനെ പെണ്ണാക്കി. ഉമ്മയുടെ നേര്‍ച്ച സ്വീകരിക്കുകയും കുഞ്ഞിനെ ഏറ്റവും നന്നായി പരിപാലിക്കുകയും ചെയ്തു. ദിവ്യാത്ഭുതങ്ങള്‍ അനുഭവിപ്പിച്ചു. അത്യപൂര്‍വമായ ഭക്ഷ്യവിഭവങ്ങള്‍ ഈസായുടെ മാതാവ് മറിയമിന് അല്ലാഹു മിഹ്‌റാബില്‍ നല്‍കി. പള്ളികളോട് ചേര്‍ന്ന് ഉയര്‍ന്ന വിതാനത്തില്‍ ധ്യാനത്തിനും ഭജനക്കുമായി പ്രത്യേകം ഒരുക്കിയ ഇടമാണ് മിഹ്‌റാബ്.
ഈ മിഹ്‌റാബുകളെ ഓര്‍മിപ്പിക്കുന്നതാണ് റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കായി ഒരുക്കുന്ന തമ്പുകള്‍. തടഞ്ഞു നിര്‍ത്തുക, ഒരു കാര്യത്തില്‍ തന്നെ നില നില്‍ക്കുക എന്നതൊക്കെയാണ് ഇഅ്തികാഫിന്റെ പദാര്‍ഥം. പുറം ജീവിതത്തിന്റെ കെട്ടുപാടുകളില്‍ നിന്നകന്ന് പള്ളികളുടെ ശാന്തതയിലും ആത്മീയതയിലും വിലയം പ്രാപിച്ച ജീവിതമായിരിക്കും പിന്നീട്. രാത്രികള്‍ ഖിയാമുല്ലൈല്‍ കൊണ്ടും പകലുകള്‍ ഖുര്‍ആന്‍ പാരായണം കൊണ്ടും മുഖരിതമായ പള്ളികള്‍ക്കടുത്തെത്തുമ്പോള്‍ തേനീച്ച ക്കൂട്ടിനകത്തു നിന്നെ പോലെ ഇരമ്പല്‍ കേള്‍ക്കാം. തെറ്റുകള്‍ ഏറ്റു പറഞ്ഞും സങ്കടങ്ങള്‍ അല്ലാഹുവിലേക്ക് മടക്കിയും ദുആകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കണ്ണുകളെല്ലാം നിറഞ്ഞിരിക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രം വന്നെത്തുന്ന റമദാനിനെയും ലൈലത്തുല്‍ ഖദ്‌റിനെയും തീവ്രമായി പിടിച്ചടക്കാനുള്ള കച്ച കെട്ടലാണ് ഇഅ്തികാഫ്.
ഒരു കാലം വരെ മധ്യവയസ്സ് പിന്നിട്ട പുരുഷന്മാരായിരുന്നു ഇഅ്തികാഫിരിക്കാറ്. പിന്നീട് യുവാക്കളുടെ സാന്നിധ്യം വര്‍ധിച്ചപ്പോഴും നാട്ടില്‍ പെണ്ണുങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ചേന്ദമംഗല്ലൂര്‍ മഹല്ല് പള്ളിയിലാണ് ആദ്യമായി സ്ത്രീകള്‍ പ്രഖ്യാപിതമായി ഇഅ്തിഖാഫിരുന്നത് എന്നാണറിവ്. കെ.സി അബ്ദുല്ല മൗലവിയുടെ ഭാര്യ ഉമ്മയ്യയും പരേതരായ കൊടക്കാട് മാളു, ഫാത്വിമ എന്നിവരുമായിരുന്നു അത്. പള്ളിക്കകത്ത് പ്രത്യേകം മറച്ചുണ്ടാക്കിയ മുറികളിലായിരുന്നു അവരുടെ താമസം. നോമ്പ് നോല്‍ക്കുന്നതും തുറക്കുന്നതുമെല്ലാം അവിടെ തന്നെ. വുളുവെടുക്കുന്നിടത്തു നിന്നും പുറത്തേക്കുള്ള വാതിലടച്ച് 'സെമി ഓപ്പണ്‍ ബാത്തിംഗും വാഷിംഗ് ഏരിയയും. മറിയം ബീവിയുടെ മിഹ്‌റാബിനോളം ഇല്ലെങ്കിലും ഈ മിഹ്‌റാബിലും ഉണ്ടാകും ധാരാളം വിഭവങ്ങള്‍. സ്വന്തം വീട്ടില്‍ നിന്നുള്ളതും സുഹൃത്തുക്കളും ബന്ധുക്കളും കൊടുത്തു വിടുന്നതുമായ നോമ്പുതുറ പലഹാരങ്ങളുടെ പങ്ക് ജുമുഅക്കും തറാവീഹിനുമായി പള്ളിയിലെത്തുന്ന കുട്ടികള്‍ക്കും കിട്ടും. ഇന്ന് സുരക്ഷിതത്വവും സൗകര്യവുമുള്ള ഒരുപാട് പള്ളികളില്‍ ഒട്ടേറെ സ്ത്രീകള്‍ ഇഅ്തികാഫിരിക്കുന്നുണ്ട്. അവിടെയും യുവതികളുടെ അസാന്നിധ്യം പ്രകടമാണ്. കുഞ്ഞു കുട്ടി പരാധീനതകളാകാം കാരണം. അതൊന്നുമില്ലാത്തവരും അവിവാഹിതരുമായ പെണ്‍കുട്ടികള്‍ക്ക് യഥാര്‍ഥത്തിലിത് സുവര്‍ണാവസരമാണ്. സുരക്ഷിതത്വമാണ് പ്രശ്‌നമെങ്കില്‍ മുതിര്‍ന്നവരുടെ സാന്നിധ്യം കൊണ്ടും സങ്കീര്‍ണതകള്‍ കൊണ്ടും ഇതിനെ മറികടക്കാവുന്നതാണ്. മാറേണ്ടത്, ഒരുത്തനെ ഏല്‍പ്പിക്കുന്നതുവരെ പെണ്‍കുട്ടികളെ വേലികെട്ടി അണിയിച്ചൊരുക്കി വളര്‍ത്തിയെടുക്കേണ്ടതാണെന്നും ഇത്തരം ഇബാദത്തുകളില്‍ മുഴുകേണ്ടത് വാര്‍ധക്യത്തിലാണെന്നുമുള്ള മാനസികാവസ്ഥയാണ്. നാട്ടില്‍ സാധാരണ ഹജ്ജിന് പോവുന്നവര്‍ ചെറുപ്പക്കാരല്ലെങ്കിലും ചില നാടുകളില്‍ നിന്നും കൂട്ടത്തോടെ ഹജ്ജിനൊരുങ്ങുന്ന ചെറുപ്പക്കാരികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവിടെ ഹജ്ജ് ചെയ്തവര്‍ക്കാണത്രെ വിവാഹത്തിന് മുന്‍ഗണന. പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും ആഘോഷത്തിലാണ് ആത്മീയോര്‍ജം കരുതല്‍ ധനമായുണ്ടാവേണ്ടത്. അതില്‍ നിന്നാണ് പക്വതയും ചിന്തയും രൂപപ്പെട്ട് വരേണ്ടതും മുസ്‌ലിമിന്റെ സത്വം ഉരുവം കൊള്ളേണ്ടതും. ഏത് ആശയ പരിസരത്ത് നിന്നാണോ സത്വം രൂപപ്പെട്ടുവരുന്നത് അതിന്റെ സ്വഭാവം അവയില്‍ അന്തര്‍ലീനമായിരിക്കും. ആധിപത്യമനോഭാവം എപ്പോഴും കീഴടക്കലിനെ സ്വാധീനിക്കും. ജാതീയത, വംശീയത, ദേശീയത തുടങ്ങിയ ഏകശിലാത്മക തരംതിരിവുകള്‍ ഉള്‍ക്കൊള്ളലിനെ നിരാകരിക്കും. സത്വങ്ങള്‍ വിനാശകരമോ ചലനമറ്റതോ വികസനാത്മകമോ ഒക്കെയാവുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ദൈവിക നീതിയുടെ പ്രതിനിധാനം എന്ന തന്റെ ഖിലാഫത്ത് തിരിച്ചറിയുമ്പോഴാണ് ഒരു മുസ്‌ലിമിന്റെ സത്വം പൂത്തുലയുന്നത്. അല്ലാഹുവുമായുള്ള ആത്മബന്ധമാണ് ഈ തിരിച്ചറിവ് സാധ്യമാക്കുന്നത്. ദൈവവുമായി അടുക്കാനുള്ള മാധ്യമങ്ങള്‍ ആരാധനകളാണ്. ഒറ്റക്കും കൂട്ടായും ചെയ്യുന്ന ആരാധനകള്‍. ഈ അര്‍ഥത്തില്‍ സമഗ്രമായ ഒന്നാണ് ഇഅ്തികാഫ്.
ഒരു പുരുഷന്‍ വീട്ടില്‍നിന്നും വിട്ടു നില്‍ക്കുമ്പോഴുണ്ടാകുന്ന പുകിലല്ല ഒരു പെണ്ണ് വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴുണ്ടാകുന്നത്. പേടിക്കും കടയില്‍ പോകാന്‍ ഒരാളും ചെലവിനുള്ളതും ഉണ്ടെങ്കില്‍ സാധാരണ ഗതിയില്‍ പത്തു ദിവസം പുരുഷനില്ലാത്ത വീടൊരു പ്രശ്‌നമല്ല. വീടു നിയന്ത്രണത്തില്‍ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മികച്ച പകരക്കാരിയോ നീക്കുപോക്കുകളോ ഒക്കെ ആവശ്യമായി വരുന്നു. കുടുംബത്തെ കേന്ദ്രീകരിച്ച് ജീവിക്കുന്നവരായതുകൊണ്ട് ഇഅ്തികാഫ് സ്ത്രീകള്‍ക്കൊരു പലായനം കൂടിയാണ്. ഖഅ്ബയിലേക്കല്ലെങ്കിലും അവര്‍ പോകുന്നത് അപൂര്‍വമായി മാത്രം ലഭിക്കുന്ന സംരക്ഷകന്റെ സാന്ദ്രതയേറിയ സാന്നിധ്യത്തിലേക്കാണ്. ഇഹ്‌റാം വസ്ത്രങ്ങളില്ലെങ്കിലും മിക്ക സമയത്തും അവര്‍ 'നമസ്‌കാരക്കുപ്പായ'ത്തിലായിരിക്കും. ലബ്ബൈക്കക്ക് പകരം ദിക്‌റ്, ദുആകള്‍ ഉരുവിട്ടുകൊണ്ടിരിക്കും. ഖിയാമുല്ലൈലുകളില്‍ തൊട്ടടുത്ത് നില്‍ക്കുന്ന ദൈവത്തിന്റെ കരം പിടിച്ചുകൊണ്ടെന്ന പോലെ പ്രാര്‍ഥിക്കും. അവസാനം ഇരുപത്തിയൊമ്പതാം നോമ്പിന് എല്ലാവരും മാസം കാണാന്‍ കൊതിച്ചിരിക്കുമ്പോള്‍ ഒരു ദിവസം കൂടി നോമ്പാകണേ എന്നായിരിക്കും അവരുടെ പ്രാര്‍ഥന. ഒടുവിലത്തെ നോമ്പും തുറന്ന് തക്ബീര്‍ ചൊല്ലി വീട്ടിലേക്ക് തിരിക്കുമ്പോള്‍ പിറ്റേന്നത്തെ പെരുന്നാളിനെയല്ല അടുത്ത വര്‍ഷത്തെ ഇഅ്തികാഫിനെയായിരിക്കും അവര്‍ പ്രതീക്ഷിക്കുക.
പ്ലെയിന്‍ഗ്ലാസ്:
നബി (സ)യുടെ പത്‌നിമാര്‍ ഇഅ്തികാഫിരുന്നത് പള്ളിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു... അതുപോലെ സ്ത്രീകളുടെ ഇഅ്തികാഫ് പള്ളിയിലായിരിക്കുകയില്ല. വീടുകളിലായിരിക്കും. 1985-ല്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'വ്രതാനുഷ്ഠാനം' എന്ന പുസ്തകത്തില്‍ നിന്നാണിത്. 1990-കളുടെ തുടക്കത്തിലാണ് കെ.സി അബ്ദുല്ല മൗലവിയുടെ മുന്‍കൈയില്‍ ചേന്ദമംഗല്ലൂര്‍ പള്ളിയില്‍ സ്ത്രീകള്‍ക്ക് ഇഅ്തികാഫ് തുടങ്ങിയത്. മൗദൂദി സാഹിബാണ് ജമാഅത്തെ ഇസ്‌ലാമിയുടെ തുടക്കവും ഒടുക്കവുമെന്ന് വിമര്‍ശിക്കുന്നവരും അഭിമാനിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചെറിയൊരു കാര്യമാണിത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top