കണ്ണുതുറക്കാത്ത ദൈവങ്ങള്‍

എ.യൂ റഹീമ / മറുപുറം No image

സനോജ്. 24 വയസ്സുള്ള ചെറുപ്പക്കാരന്‍. അവനൊരു ദീര്‍ഘയാത്രക്ക് ഒരുങ്ങുകയാണ്. കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ ഒരുക്കിവെച്ചിട്ടുണ്ട്. ആര്‍മി റിക്രൂട്ട്‌മെന്റിനാണ് പോകുന്നത്. അവന്റെ രണ്ട് ജ്യേഷ്ഠന്മാരില്‍ ഒരാള്‍ ആര്‍മിയിലും ഒരാള്‍ പോലീസിലുമാണ്. അച്ഛനും അമ്മയും മൂന്ന് ആണ്‍മക്കളും. സന്തുഷ്ടമായ കുടുംബം. കഴിഞ്ഞുകൂടാന്‍ വകയുണ്ട്. ധാരാളം ഭൂസ്വത്തുക്കള്‍ വേറെയുമുണ്ട്. അമ്മയും അച്ഛനും അതീവ ദൈവ ഭക്തരാണ്. എന്നും അമ്പലത്തില്‍ വഴിപാടും നേര്‍ച്ചയുമാണ്. 
കാറില്‍ സാധനങ്ങള്‍ എടുത്തുവെച്ചു കൊണ്ടിരിക്കെ അമ്മ അമ്പലത്തില്‍ നിന്നെത്തി. പ്രസാദം മകനു നല്‍കി. തലയില്‍ കൈവെച്ച് കണ്ണടച്ചു പ്രാര്‍ഥിച്ചു. എന്നിട്ടു പറഞ്ഞു: ''മോനെ, അവിടെ ചെന്നാലും തൊട്ടടുത്ത അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കണം. അവിടെ കാണിക്കയിടണം.''
മംഗളകരമായ ഒരു യാത്രയയപ്പായിരുന്നു അത്. സുഖകരമായ ഒരു യാത്രയുടെ അവസാനം റിക്രൂട്ട്‌മെന്റ് നടക്കുന്ന സ്ഥലത്തെത്തി. അമ്മ പറഞ്ഞതു പോലെ അടുത്ത് അമ്പലമുണ്ടോ എന്ന് അന്വേഷിച്ചു. കുറച്ച് ദൂരെ ഒന്നുണ്ടെന്നറിഞ്ഞു. അവിടെ എത്തി കാണിക്കയര്‍പ്പിക്കാന്‍ നില്‍ക്കുന്നവരുടെ നീണ്ട ക്യൂവില്‍ ഒരു കണ്ണിയായി അമ്പലത്തിന്റെ പുറം മതിലിനോട് ചേര്‍ന്ന് ഭക്തിനിറഞ്ഞ മനസ്സുമായി സനോജും നില്‍ക്കുകയായിരുന്നു. പെട്ടെന്നതാ മതിലിടിഞ്ഞ് സനോജുള്‍പ്പെടെയുള്ളവരുടെ ദേഹത്തേക്കു വീഴുന്നു! ഓടിക്കൂടിയവര്‍ മതിലിനടിയില്‍ നിന്നും ആളുകളെ നീക്കിക്കൊണ്ടിരുന്നു; അപകടത്തില്‍ പെട്ടവരെ ഉടനെ ആശുപത്രിയിലേക്കെത്തിച്ചു. നാളുകളോളം ആശുപത്രി കിടക്കയില്‍ ഉടക്കി കിടന്ന ജീവിതം. ഒടുവിലാസത്യം ഉള്‍ക്കൊള്ളാനാവാത്തവിധം സനോജ് തളര്‍ന്നു പോയി. അപകടം വരുത്തിവെച്ച അവസ്ഥ (കോര്‍ട്ടര്‍ പ്ലീജിയ) താനൊരിക്കലും ഇനി എഴുന്നേറ്റ് നടക്കില്ല. അരക്കുകീഴെ ചലനമില്ലാതായിപ്പോയിരിക്കുന്നു. ഇപ്പോള്‍ അഞ്ചുവര്‍ഷമായി ഈ കിടപ്പു തുടങ്ങിയിട്ട്. മലമൂത്ര വിസര്‍ജനം അറിയാതെ പോകുന്നു. കത്തീറ്റര്‍ ഇട്ടിട്ടുണ്ട്. പാഡും ഉപയോഗിക്കുന്നു. അമ്മ ശാലിനിയുടെ കഷ്ടപ്പാടും കണ്ണീരും വര്‍ധിപ്പിച്ചുകൊണ്ട് ആ വീട്ടില്‍ മറ്റൊരു ദുരന്തം കൂടി വന്നുചേര്‍ന്നു.
അച്ഛന് ക്യാന്‍സര്‍. 'മള്‍ട്ടിപ്പില്‍ മൈലോമ'- മജ്ജയിലാണ് ക്യാന്‍സര്‍. ആദ്യം ജൂബിലി മിഷന്‍ (തൃശൂര്‍) ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളേജിലും ചികിത്സിച്ചു. കീമോതറാപ്പി നടന്നുകൊണ്ടിരുന്നു. തലയിലെ മുടിയെല്ലാം കൊഴിഞ്ഞു.
സാധാരണ നിലയില്‍ 120 ദിവസം കൊണ്ടാണ് കോശവിഭജനം നടക്കുക. എന്നാല്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത് കോശങ്ങള്‍ വര്‍ധിച്ച തോതില്‍ പെട്ടെന്ന് പെട്ടെന്ന് വിഭജിക്കുമ്പോഴാണ്. ഈ വിഭജനം കൊണ്ട് ശക്തികുറഞ്ഞ കോശങ്ങളാണ് ഉണ്ടാവുക. ഈ കോശങ്ങള്‍ക്ക് ശരീരത്തില്‍ തന്റെ ധര്‍മങ്ങള്‍ നിര്‍വഹിക്കാനാവില്ല. ശക്തി കുറഞ്ഞ ഇത്തരം കോശങ്ങളെ നശിപ്പിക്കാനാണ് കീമോതെറാപ്പി ചെയ്യുന്നത്. കീമോ നടത്തുമ്പോള്‍ ശരീരത്തിലെ ശക്തി കുറഞ്ഞതെങ്കിലും ഉപകാരപ്രദമായ കോശങ്ങളും നശിക്കാനിടവരുന്നു. അപ്പോള്‍ വായിലും മറ്റുമുള്ള അത്തരം കോശങ്ങള്‍ നശിക്കുകയും വായ്പുണ്ണ്, മുടി കൊഴിച്ചില്‍, നഖം കറുക്കല്‍ എന്നിവ സംഭവിക്കുന്നു.
സനോജിന്റെ അച്ഛന്‍ ബാലന് അസുഖം ബാധിച്ചിട്ട് രണ്ടെര വര്‍ഷമായി. നടുവേദനയാണ് ആദ്യം തുടങ്ങിയത്. മകന്റെ ദുരന്തത്തില്‍ മുഴുകി അവന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഓട്ടത്തിനിടയില്‍ തന്റെ കാര്യം ആ പിതാവ് അധികം ശ്രദ്ധിച്ചില്ല. എല്ലാ ചികിത്സയും മുറപോലെ നടക്കുന്നു. ഇപ്പോള്‍ ശരീരത്തിലെ എല്ലാ എല്ലിലേക്കും രോഗം ബാധിച്ച്. കഠിനമായ വേദനകൊണ്ട് പുളയുകയാണ്. ആ വീടിന്റെ നടുത്തളത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ള രണ്ടു മുറികളില്‍ രണ്ടു നഷ്ടജീവിതങ്ങള്‍ വിലപിക്കുന്നു. സനോജ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കമ്പ്യൂട്ടറില്‍ പലതും ചെയ്തു നോക്കുന്നു. ചാരിയിരുത്തിയാല്‍ ഇരിക്കും. അപ്പുറത്തെ മുറിയില്‍ നിന്നും തീരാ വേദനയുടെ ഞരക്കങ്ങള്‍ ആരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇരിക്കാനോ കിടക്കാനോ കഴിയാത്ത വിധം പ്രയാസപ്പെടുന്ന ബാലേട്ടന്‍. ഇവക്കു നടുവില്‍ ദുഃഖത്തില്‍ തീര്‍ത്ത ഒരു വലിയ മെഴുകുതിരിപോലെ ഉരുകിത്തീരുന്ന ശാലിനി! അച്ഛന്റെയും മകന്റെയും ചുറ്റും ഒരു ഉപഗ്രഹം പോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ആ സാധ്വിയുടെ ജീവിതം ആരെയും ഉലക്കുന്നതാണ്!
അന്നും ഞങ്ങള്‍ ചെന്ന് സനോജിന് കത്തീറ്റര്‍ മാറ്റി കൊടുക്കുകയും ബാലേട്ടന് ഇഞ്ചക്ഷനും മരുന്നുകളും കൊടുത്ത് തിരിച്ചു പോരുമ്പോള്‍ അകലെ നിന്ന് ശാലിനി വരുന്നുണ്ടായിരുന്നു. അടുത്ത അമ്പലത്തില്‍ പോയി വരികയാണ്. ഞങ്ങളുടെ വാഹനം അവര്‍ക്കരികില്‍ നിര്‍ത്തി. ഞാന്‍ ചോദിച്ചു ''ശാലിനി അമ്പലത്തില്‍ നിന്ന് വരികയാണോ?''
''ദൈവങ്ങളെ എത്ര വിളിച്ചിട്ടും എന്താണാവോ എന്നോട് ഇങ്ങനെ... മനുഷ്യന്‍ അനുഭവിക്കാനുള്ളവരല്ലെ. അനുഭവിച്ചു തന്നെ തീരണ്ടേ. ദൈവങ്ങള്‍ എന്റെ നേരെ കണ്ണടച്ചിരിക്കുകയാണ്. പക്ഷേ, എന്റെ ഹൃദയം തുറന്നു വെച്ചിരിക്കുന്നത് അവകാണുന്നില്ലേ!
''ശാലിനി അവളുടെ ദുഃഖങ്ങള്‍ പറഞ്ഞ് വിലപിച്ചുകൊണ്ട് പ്രസാദം ഞങ്ങളുടെ നേരെ നീട്ടി...!''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top