വെളിച്ചം / പുണ്യമാസം

ഇല്‍യാസ് മൗലവി No image

അല്ലാഹുവിനെ തിരിച്ചറിഞ്ഞ് സ്വേഛയനുസരിച്ച് അവന് ഇബാദത്ത് ചെയ്യണമെന്ന് ഉദ്ദേശിച്ചു കൊണ്ടാണ് മനുഷ്യനെ അവന്‍ സൃഷ്ടിച്ചിട്ടുള്ളത്. തന്റെ സൃഷ്ടികളായ മലക്കുകള്‍, ജന്തുജാലങ്ങള്‍, സസ്യലതാദികള്‍ തുടങ്ങി അനേകം സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ഈയൊരു സവിശേഷമായ പ്രകൃതിയോടെയാണ്. സത്യവും അസത്യവും തന്റെ സ്വാതന്ത്ര്യമനുസരിച്ച് തീരുമാനിക്കാനുള്ള കഴിവോടെയും സന്മാര്‍ഗവും നേര്‍മാര്‍ഗവും ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടെയുമാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്. അങ്ങനെ അവന്‍ തന്റെ സ്രഷ്ടാവിനെ തിരിച്ചറിയട്ടെ. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന, തനിക്കാവശ്യമായ എല്ലാ ജീവിതസൗകര്യങ്ങളും കനിഞ്ഞരുളിയ തന്റെ നാഥന്റെ മാത്രം അടിമയായി ജീവിക്കട്ടെ. അതുവഴി ഇതര സൃഷ്ടികളെക്കാള്‍ ഉന്നതനും വിജയിയുമായിത്തീരട്ടെ, അതിന്റെ പാരിതോഷികമായി അല്ലാഹു അവന് സ്വര്‍ഗവും ശാശ്വത മോക്ഷവും വാഗ്ദാനം ചെയ്തിരിക്കുന്നു. ആ സ്വര്‍ഗം വിലക്കപ്പെടാതിരിക്കാനാവശ്യമായ, ആ സമ്മാനം നഷ്ടപ്പെട്ടു പോവാതിരിക്കാനുള്ള എല്ലാ സഹായവും കാരുണ്യവാനായ അല്ലാഹു തന്നെ നല്‍കിയിരിക്കുന്നു. ആ കാരുണ്യം പല രൂപത്തില്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. വേദഗ്രന്ഥങ്ങള്‍ ഇറക്കിയതും, പ്രവാചകന്മാരെ നിയോഗിച്ചതുമെല്ലാം ഈ കാരുണ്യത്തിന്റെ രൂപത്തിലാണ്. മനുഷ്യന് ബുദ്ധിയും മനസ്സാക്ഷിയും നല്‍കി. പക്ഷെ ഇങ്ങനെയെല്ലാമുള്ളതോടൊപ്പം തന്നെ മനുഷ്യരില്‍ ചിലര്‍ നാശത്തിന്റെ വഴി തെരഞ്ഞെടുക്കുന്നു. പിശാചിന്റെയും സ്വേഛയുടെയും പ്രലോഭനങ്ങള്‍ക്ക് വിധേയരായിപ്പോകുന്നു. അനശ്വരമായ ഐശ്വര്യത്തിന് പകരം ക്ഷണികമായ അനുഭൂതിയുടെ മുമ്പില്‍ തോറ്റുപോകുന്നു. ഈയൊരു പരിമിതിയും ന്യൂനതയും മനുഷ്യന് നല്‍കപ്പെട്ട എല്ലാ കഴിവുകളുമുള്ളതോടൊപ്പം തന്നെ അല്ലാഹു കണ്ടറിഞ്ഞിരിക്കുന്നു. അതും അവന്റെ അപാരമായ അനുഗ്രഹം തന്നെ.
എത്ര ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തിയാലും അബദ്ധങ്ങളും വീഴ്ചകളും വരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. ഇങ്ങനെ വീണുപോകുന്നവര്‍ക്ക്, അബദ്ധം സംഭവിച്ചു പോകുന്നവര്‍ക്ക്, പിശക് പറ്റിപ്പോവുന്നവര്‍ക്ക്, നിരാശപ്പെടാന്‍ ഇടവരുത്താതെ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാനും ശരിയായ വഴിയിലേക്ക് തിരിച്ചെത്താനും, അബദ്ധങ്ങള്‍ തിരുത്താനും ഒരുപാട് സംവിധാനങ്ങള്‍ അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇവിടെയാണ് റമദാന്‍ വ്രതത്തിന്റെ പ്രസക്തി.
അല്ലാഹുവിന്റെ അടിമയാണെന്ന് വിസ്മരിച്ച് ദേഹേഛയുടെയും പിശാചിന്റെയുമെല്ലാം അടിമയായിത്തീരുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ വേണ്ടി കാരുണ്യവാനായ അല്ലാഹു ചെയ്തുവെച്ച മഹത്തായ സംവിധാനമാണ് റമദാന്‍ വ്രതം.
മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന് അല്ലാഹു തന്റെ ആത്മചൈതന്യം നല്‍കി ആദരിച്ചു. ആ പദവി മനുഷ്യന്‍ എപ്പോള്‍ മനസ്സിലാക്കുന്നുവോ അപ്പോള്‍ അവന്‍ ഉന്നതനായിത്തീരും. അല്ലാഹുവിന്റെ മലക്കുകളുടെ പരിശുദ്ധിയോളമോ അതിലുപരിയോ ഉയരാന്‍ അവന് സാധിക്കും. അവന്‍ തന്റെ മഹത്തായ പദവിയും സ്ഥാനവും എപ്പോള്‍ വിസ്മരിക്കുന്നുവോ അപ്പോഴവന്‍ മൃഗങ്ങളെക്കാള്‍ അധഃപതിക്കും. ഇവിടെയെല്ലാം നോമ്പ് മനുഷ്യനെ തന്റെ മഹത്തായ പദവിയും സ്ഥാനവും കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ സഹായിക്കുന്നു. ചൈതന്യവത്തായ നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് അത് ശരിക്കും അനുഭവവേദ്യമാണ്. അതില്ലായിരുന്നുവെങ്കില്‍ വലിയ നഷ്ടമായേനെ എന്ന് യഥാര്‍ഥവിശ്വാസികള്‍ ചിന്തിച്ചുപോവുന്നതാണ്.
നോമ്പ് മനുഷ്യനെ സ്വാഭിഷ്ടത്തെക്കാള്‍ ദൈവാഭിഷ്ടമനുസരിക്കാന്‍ പ്രാപ്തനാക്കുന്നു. നോമ്പ് ആരംഭിക്കുന്നതിനു മുമ്പ് നാം അത്താഴം കഴിക്കുന്നു. പ്രഭാതോദയത്തിന് മുമ്പ് കഴിക്കുന്ന ഭക്ഷണത്തിനാണങ്ങനെ പറയുന്നത്. അത് വളരെയേറെ പുണ്യമുള്ള സുന്നത്താണ്. ''നിങ്ങള്‍ അത്താഴം കഴിക്കുക അത്താഴത്തില്‍ ബര്‍ക്കത്തുണ്ട്.'' ''അത്താഴം മുഴുക്കെ ബര്‍ക്കത്താണ് അതിനാല്‍ നിങ്ങളത് ഉപേക്ഷിക്കുവാന്‍ പാടില്ല, ഒരിറക്ക് വെള്ളം കുടിച്ചിട്ടാണെങ്കിലും ശരി. അത് നിങ്ങള്‍ വെടിയരുത്.'' എന്നെല്ലാം പല രൂപത്തില്‍ ധാരാളം പ്രവാചക വചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.
ഉറക്കച്ചടവില്‍ എത്ര സ്വാദുള്ള ഭക്ഷണവും അവഗണിച്ച് ഉറങ്ങുക എന്നതാണ് പലരുടെയും സ്വഭാവം. ഉറക്കച്ചടവോടെ ആരും ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടില്ല. നല്ല വിശപ്പുണ്ടെങ്കില്‍ പോലും. ആ സമയത്ത് മറ്റേതെങ്കിലും ജീവികള്‍ ഭക്ഷണം കഴിക്കാറോ ഇര തേടാറോ ഇല്ലെന്നാണ് തോന്നുന്നത്. ആ സമയത്ത് ഭക്ഷണം കഴിക്കാന്‍ ഒട്ടും താല്‍പര്യമില്ലെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ഒരു വിശ്വാസി തയ്യാറാവുന്നു. എഴുന്നേല്‍ക്കാന്‍ വേണ്ടി അലാറം വെക്കുന്നു. വിളിച്ചുണര്‍ത്താന്‍ മറ്റുള്ളവരെ പറഞ്ഞേല്‍പ്പിക്കുന്നു. എന്നിട്ട് നിശ്ചിത സമയത്തെഴുന്നേറ്റ് ഭക്ഷണം കഴിക്കുന്നു. പ്രതിഫലാര്‍ഹനാവാന്‍ വേണ്ടി മാത്രം, അല്ലാതെ ആ സമയത്ത് വിശന്നിട്ടല്ല. അല്‍പം കഴിഞ്ഞാല്‍ ഇന്നലെ വരെ പ്രാതല്‍ കഴിച്ചിരുന്ന സമയമാകും, അന്നേരത്ത്. കഴിക്കണമെന്ന് മനസ്സും വയറും വായയുമെല്ലാം പറയുന്നുണ്ടാവൂ. 11 മാസം ശീലിച്ചതാണല്ലോ. നന്നെ ചുരുങ്ങിയത് ഒരു കാലിച്ചായയെങ്കിലും കഴിക്കുന്നത് ആരും കൊതിച്ചെന്നിരിക്കും. പ്രത്യേകിച്ച് ആരും തടയാനുമില്ല. തനിച്ചാണെങ്കില്‍ അതാരുമൊട്ടറിയുകയുമില്ല. പക്ഷെ ഒന്നു രുചിച്ചുനോക്കാന്‍ പോലും വിശ്വാസി കൂട്ടാക്കുന്നില്ല. നോമ്പില്ലാത്ത രോഗികളും പിഞ്ചു കുട്ടികളും വീട്ടിലുണ്ടെങ്കില്‍ അവര്‍ക്കായി ഭക്ഷണമുണ്ടാക്കുന്ന മാതാക്കള്‍ അവയില്‍ ഉപ്പുണ്ടോ എന്നു നോക്കുന്നതുപോലും എത്ര ശ്രദ്ധയോടെയാണ്. ആ ഉപ്പുരസം നാവില്‍ നിന്ന് ഇല്ലാതാവുന്നത് വരെ തുപ്പിക്കൊണ്ടിരിക്കും! അതെ, എത്ര മഹത്തായ ഉപവാസം! എത്ര ഉദാത്തമായ ദൈവഭക്തി! എത്ര വലിയ ജാഗ്രതയും സൂക്ഷ്മതയും! വായയും വയറും മനസ്സും കൊതിക്കുന്നു. പക്ഷെ അല്ലാഹു വിലക്കുന്നു. നേരത്തെ അത്താഴമാകട്ടെ വായയും വയറും മനസ്സും മടുപ്പു പ്രകടിപ്പിക്കുന്നു. പക്ഷെ അല്ലാഹു അനുവദിക്കുന്നു. ഇവിടെ ഒരു വിശ്വാസി സ്വാഭീഷ്ടത്തെ അതിജയിച്ച് ദൈവാഭീഷ്ടത്തിന് പ്രാമുഖ്യം നല്‍കുന്നു. അങ്ങനെ വിജയിയാവുന്നു. സ്വന്തത്തെ കീഴ്‌പ്പെടുത്തുക എന്നതാണ് ഏറെ ശ്രമകരമായ ദൗത്യം. അതുകൊണ്ടാണ് ''ഗുസ്തിയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്നവരല്ല ശക്തിമാന്‍. പ്രത്യുത കോപം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാര്‍ഥ ശക്തിമാന്‍'' എന്ന് തിരുമേനി പഠിച്ചത്.
ചൈതന്യവത്തായ നോമ്പെന്ന് പറയുന്നത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിലല്ല യഥാര്‍ഥത്തില്‍ സാക്ഷാല്‍കൃതമാവുന്നത്. മറിച്ച് തന്റെ പഞ്ചേന്ദ്രിയങ്ങളും മറ്റവയവങ്ങളുമെല്ലാം നോമ്പെടുക്കുമ്പോഴാണ്. അന്നപാനീയങ്ങളുപേക്ഷിച്ച് പശിയും ദാഹവും സഹിക്കുക എന്നത് താരതമ്യേന എളുപ്പമാണ്. എന്നാല്‍ നാവും കണ്ണും ഇതര അവയവങ്ങളും നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. യഥാര്‍ഥ നോമ്പ് സ്ഥിതിചെയ്യുന്നത് അവയിലാണുതാനും. ഖുര്‍ആനില്‍ തന്നെ മൗനത്തെ പറ്റി 'സൗം' എന്ന നോമ്പിന് ഉപയോഗിക്കുന്ന പദമാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. തല്‍ക്കാലം സംസാരം ഉപേക്ഷിക്കുക എന്ന് നേര്‍ന്നിരിക്കുന്നു എന്നാണ് ആ സൂക്തത്തിന്റെ താല്‍പര്യം. ഗര്‍ഭം ചുമന്ന കന്യാമറിയം നാട്ടുകാരുടെ ചോദ്യത്തിനും കുത്തുവാക്കിനും മറുപടി പറയാതിരിക്കുകയാണ് വേണ്ടത് എന്ന് അല്ലാഹു നിര്‍ദ്ദേശിക്കുകയായിരുന്നു. (മര്‍യം)
ഈ കാലത്ത് യുവാക്കളും യുവതികളും ഏറെ പരീക്ഷിക്കപ്പെടുന്നതും കണ്ണും കാതും നാവും സൂക്ഷിക്കുന്നിടത്തായിരിക്കും. അവിടെ തോറ്റുപോകുന്നവര്‍ വെറുതെ പട്ടിണി കിടന്നിട്ടും ദാഹം സഹിച്ചിട്ടും യാതൊരു ഫലവുമില്ല എന്ന് മനസ്സിലാക്കേണ്ടതാണ്. തിരുമേനി വളരെ വ്യക്തമായി പറയുന്നത് നോക്കൂ. ''അനാവശ്യ വാക്കും പ്രവൃത്തിയും വെടിയാന്‍ കൂട്ടാക്കാത്തവര്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചുകൊള്ളണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.'' അതുപോലെ ''എത്ര നോമ്പുകാരാണ് വെറുതെ പട്ടിണി കിടക്കുന്നു, കുറെ ദാഹം സഹിച്ചു എന്നല്ലാതെ'' എന്ന് തുടങ്ങിയ ധാരാളം വചനങ്ങള്‍ നമുക്ക് കാണാവുന്നതാണ്. അതിനാല്‍ വെറുതെ പട്ടിണി കിടക്കണമോ, അതോ ദൈവസാമീപ്യം നേടാനുതകും വിധം ചൈതന്യവത്തായ വ്രതമനുഷ്ടിക്കാമോ എന്നു നാം തീരുമാനിക്കേണ്ടതാണ്.
നോമ്പു തുറക്കുന്നത്
തന്റെ സൃഷ്ടികളെ പട്ടിണിക്കിടലല്ല അല്ലാഹുവിന്റെ ഉദ്ദേശ്യം. മറിച്ച് തന്റെ കല്‍പനകള്‍ക്ക് അവര്‍ വിധേയരായി യഥാര്‍ഥ അടിമത്വം അവര്‍ പ്രകടിപ്പിക്കുണ്ടോ എന്ന് പരീക്ഷിക്കലാണ്. ഇത്രസമയം മുതല്‍ ഇത്രസമയം വരെ ചില കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹു കല്‍പിച്ചിട്ടുണ്ടെങ്കില്‍ അത്ര സമയം അത് അനുസരിക്കുക എന്നതാണ് നമ്മുടെ ധര്‍മം. അതിനാല്‍ സമയമായാല്‍ പിന്നെ താമസംവിനാ നോമ്പവസാനിപ്പിക്കേണ്ടതാണ്. അതുകഴിഞ്ഞ് വൈകിപ്പിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്. അങ്ങനെ അല്‍പ സമയം കൂടി പൈദാഹങ്ങള്‍ സഹിക്കുക വഴി ദൈവത്തിന്റെ സംതൃപ്തി അധികം നേടാമെന്നാരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ സംതൃപ്തിയല്ല മറിച്ച് അതൃപ്തിയാണവര്‍ നേടാന്‍ പോകുന്നത്. അതുകൊണ്ടാണ് നബി (സ) പറഞ്ഞത്? ''നോമ്പ് തുറക്കാന്‍ ധൃതികാണിക്കുന്ന കാലത്തോളം ആളുകള്‍ നന്മയിലായിരിക്കും'' എന്ന്. അതിനാല്‍ സമയമായ ഉടനെ നോമ്പ് മുറിച്ച്-അത് ലഘുവായി അല്‍പം ഈത്തപ്പഴവും വെള്ളവുമായാല്‍ വളരെ ഉത്തമം. മഗ്‌രിബ് നമസ്‌ക്കരിച്ച് ഭക്ഷണം കഴിച്ച് റമദാനിലെ അടുത്ത പ്രധാന കര്‍മമായ തറാവീഹ് നമസ്‌കാരത്തിന് ഒരുങ്ങുക. ഒരു ഇബാദത്തില്‍ നിന്ന് വിരമിക്കുമ്പോഴേക്കും അടുത്തതിലേക്ക് പ്രവേശിക്കാന്‍ സമയമായി. അതിനിടയില്‍ വിശ്രമിക്കാന്‍ വിശ്വാസികള്‍ക്ക് ഒട്ടും സമയമില്ല. നിദാന്ത വിശ്രമം ഐശ്വര്യപൂര്‍ണമാക്കാന്‍ വേണ്ടിയുള്ള തത്രപ്പാടിലാണവര്‍. അവര്‍ക്ക് പ്രത്യേകം തയ്യാറാക്കപ്പെട്ട സ്വര്‍ഗത്തിലെ റിസര്‍വേഷന്‍ കൗണ്ടറില്‍ മുന്നിലെത്താനുള്ള പരിശ്രമത്തിലാണവര്‍.
വയറ് കാഞ്ഞിരിക്കുന്ന നേരം അല്ലാഹുവിനെ ശരിക്കും ഓര്‍ക്കാന്‍ പറ്റിയ സന്ദര്‍ഭമാണ്. അന്നേരത്ത് അല്ലാഹുവിനോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവന്‍ പരിഗണിക്കും. അതുകൊണ്ടാണ് തിരുമേനി ഇങ്ങനെ പഠിപ്പിച്ചിട്ടുള്ളത്. ''നോമ്പുകാരന് തള്ളപ്പെടാത്ത ഒരു പ്രാര്‍ഥനയുണ്ട്'' എന്ന്. ഉത്തരം ലഭിക്കുമെന്ന് ഉറപ്പിക്കാവുന്ന മൂന്ന് വിഭാഗക്കാരുടെ പ്രാര്‍ഥനയില്‍ ഒരെണ്ണം നോമ്പുകാരന്റെതാണ്. അത് നോമ്പ് നോറ്റ സമയമത്രയും ഉണ്ടോ? നോമ്പു തുറന്ന ഉടനെയാണോ? രണ്ടും തിരുമേനി പഠിപ്പിക്കുന്നു.
റമദാനിനെ ഈര്‍പ്പമുള്ളതാക്കുന്ന മറ്റൊരു മഹത്തായ കാര്യമാണ് പരിശുദ്ധ ഖുര്‍ആന്‍ പഠനം. ആ ഗ്രന്ഥം അവതീര്‍ണമായ മാസത്തിന്റെ വാര്‍ഷികാഘോഷം കൂടിയാണ് റമദാന്‍. വാര്‍ഷികാഘോഷത്തില്‍ ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും സമ്മേളിക്കുന്നു. ഉപരിലോകം അലംകൃതമാവുന്നു. പരിശുദ്ധ ഗ്രന്ഥത്തിന്റെ പ്രചാരണ കാമ്പയിന്‍ കൂടിയാണ് റമദാന്‍. ഏറ്റവും കൂടുതല്‍ അത് പാരായണം ചെയ്യപ്പെടണം. ഏറ്റവും കൂടുതല്‍ പഠിക്കണം, പഠിപ്പിക്കപ്പെടണം. ആ മഹാ കര്‍മത്തില്‍ തന്നെ കൊണ്ടാവും വിധം പങ്കുവഹിക്കുന്നവര്‍ മഹാഭാഗ്യവാന്മാര്‍ തന്നെ. നമ്മുടെ പ്രസിദ്ധീകരണങ്ങളുടെയും സംരംഭങ്ങളുടെയും വാര്‍ഷികാഘോഷങ്ങള്‍ എത്ര കെങ്കേമമായാണ് നടത്തപ്പെടാറുള്ളത്? എത്ര രാവുകളും പകലുകളുമാണ് നാം അതിനു വേണ്ടി നിരതരാകാറുള്ളത്? എത്ര സമ്പത്തും അധ്വാനവുമാണ് നാമതില്‍ വ്യയം ചെയ്യാറുള്ളത്? കേവലം സൃഷ്ടി മാത്രമായ നമ്മുടെ സംരംഭങ്ങള്‍ക്കാണീ കാട്ടിക്കൂട്ടുന്നതൊക്കെയും. ദൈവിക ഗ്രന്ഥം, മാനവരാശിയുടെ വഴികാട്ടിയായ, ലോക വിമോചനത്തിന്റെ ഗ്രന്ഥം. ഇഹപര ഐശ്വര്യം നേടാന്‍ മാര്‍ഗദര്‍ശനം നല്‍കുന്ന, ഓരോ അക്ഷരവും മൊഴിയുമ്പോള്‍ പത്തിരട്ടി മുതല്‍ എഴുനൂറ് ഇരട്ടി വരെ പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥം. ഗഹനപൂര്‍വം ഗൗനിക്കേണ്ടതാണ് ഈ മഹത്ഗ്രന്ഥത്തെ. അതും ഗ്രന്ഥമവതരിപ്പിച്ചതിന്റെ ശാസ്ത്രവും പ്രതാപവും വര്‍ധിപ്പിക്കാനല്ല. അവനതിന്റെ ആാവശ്യവുമില്ല. മറിച്ച് ആരാണോ അതുപയോഗപ്പെടുത്തുന്നത് അവരുടെ ഐശ്വര്യത്തിന് വേണ്ടി മാത്രം. അബൂഹുറൈറ (റ) പ്രസ്താവിക്കുന്നു. റമദാന്‍ മാസമായപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ''അനുഗ്രഹീതമായ മാസമിതാ നിങ്ങള്‍ക്ക് സമാഗതമായിരിക്കുന്നു. ഇതില്‍ സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇതില്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാവുണ്ട്. അതിന്റെ പുണ്യം ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടാല്‍ അവന് എല്ലാം നഷ്ടപ്പെട്ടത് തന്നെ. (അഹ്മദ്, സാഈ)
നബി (സ) ഇപ്രകാരം പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം ചെയ്യുന്നു. ''നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ അടിമകള്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പ് പറയും: ''നാഥാ, ഞാനവനെ പകല്‍ ആഹാരത്തില്‍ നിന്നും കാമവികാരത്തില്‍ നിന്നും തടയുകയുണ്ടായി. അതിനാല്‍ അവന്റെ കാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിക്കണം, ഖുര്‍ആന്‍ പറയും:'' ഞാനവനെ രാത്രിയുറക്കത്തില്‍ നിന്നും തടഞ്ഞിരിക്കുന്നു. അതുകൊണ്ട് അവന്റെ കാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിക്കണം. അങ്ങനെ അവ രണ്ടിന്റെയും ശിപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ്.'' (അഹ്മദ്)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top