എന്റെ സുഹൃത്തുക്കളുടെ നോമ്പ്‌

ആദം അയ്യൂബ്‌ No image

മിഡിയാവണ്‍ ടിവിയിലെ ഉദ്യോഗം സ്വീകരിച്ചു കൊണ്ട് കോഴിക്കോട് താമസം തുടങ്ങിയപ്പോള്‍ ആദ്യമായി ഓര്‍ത്തത് കോഴിക്കോട്ടുകാരുടെ വിഭവസമൃദ്ധമായ നോമ്പുതുറയെക്കുറിച്ചാണ്. അമൃത ടി.വിക്ക് വേണ്ടി കോഴിക്കോട്ടെ വലിയ തറവാടുകളിലെ സമൂഹ നോമ്പുതുറ ചിത്രീകരിച്ചിരുന്നു. അവിടെ കണ്ട ഭക്ഷണ ബാഹുല്യവും വൈവിധ്യവും എന്റെ കാമറാമാനെ അത്ഭുതപ്പെടുത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോള്‍ വളരെ ആവേശത്തോടെയാണ് കോഴിക്കോട്ടെ നോമ്പുതുറ സഹപ്രവര്‍ത്തകരുടെ മുമ്പില്‍ അദ്ദേഹം വര്‍ണിച്ചത്. മീഡിയാവണ്ണിലെ ആദ്യനാളുകളില്‍ കുറെ പ്രഗത്ഭ വ്യക്തികളെക്കുറിച്ച് ഞാന്‍ പരിപാടികള്‍ തയ്യാറാക്കിയിരുന്നു. അതില്‍ മാപ്പിളപ്പാട്ട് പ്രതിഭകളായ എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, ഗോള ശാസ്ത്രജ്ഞനായ അലി മണിക്ഫാന്‍ എന്നിവരെക്കുറിച്ചുള്ള പരിപാടികള്‍ ചിത്രീകരിച്ചത് റമദാനിലായിരുന്നു. കണ്ണൂര്‍, തലശ്ശേരി, തമിഴ്‌നാട്ടിലെ വള്ളിയൂര്‍ എന്നിവിടങ്ങളില്‍ ഇതിനായി യാത്ര ചെയ്തിരുന്നു. അമുസ്‌ലിംകളായ രണ്ട് ക്യാമറാമാന്മാര്‍ മനോജും ലയേഷും ഞങ്ങളോടൊപ്പം മുടങ്ങാതെ നോമ്പ് നോറ്റിരുന്നു. അവര്‍ ഞങ്ങളോടൊപ്പം വെളുപ്പിന് എഴുന്നേറ്റ് അത്താഴം കഴിക്കുകയും പകല്‍ മുഴുവന്‍ നോമ്പ് നോല്‍ക്കുകയും സന്ധ്യക്ക് ഞങ്ങളോടൊപ്പം നോമ്പ് തുറക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് പകല്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നുവെങ്കിലും അവരത് സ്‌നേഹപൂര്‍വം നിരസിക്കുകയും സ്വമനസ്സാലെ ഞങ്ങളോടൊപ്പം നോമ്പു നോല്‍ക്കുകയുമാണ് ചെയ്തത്.
വ്രതാനുഷ്ഠാനം എല്ലാ മതങ്ങളിലും എല്ലാ കാലത്തും വ്യത്യസ്ത രൂപങ്ങളില്‍ നിലനില്‍ക്കുന്നുവെങ്കിലും ഇസ്‌ലാം മതത്തിലെ നോമ്പുകള്‍ ആത്മീയവും ആരോഗ്യകരവുമായ കാരണങ്ങളാല്‍ അന്യമതസ്ഥര്‍ക്കും വ്യത്യസ്തവും ആകര്‍ഷണീയവുമായിരുന്നു. സഹോദര സമുദായങ്ങളിലെ സുഹൃത്തുക്കള്‍ നോമ്പിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന് മനസ്സിലാക്കാനുള്ള അവസരം ലഭിച്ചത് അമൃതാ ടി.വിക്കുവേണ്ടി 'റംസാന്‍ രാവുകള്‍' എന്ന പരിപാടി സംവിധാനം ചെയ്തപ്പോഴായിരുന്നു. ഈ പരിപാടിയില്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളുടെ നോമ്പനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ചുമട്ടുതൊഴിലാളി മുതല്‍ മന്ത്രിമാര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. നോമ്പു പിടിക്കുന്നതിന് ഒരു തൊഴിലും തടസ്സമാകുന്നില്ല എന്ന സത്യം സ്ഥാപിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഒരു സിനിമാ നടന്റെ നോമ്പനുഭവം കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നി. മതപരമായ കാര്യങ്ങളില്‍ നിഷ്‌കര്‍ഷത പുലര്‍ത്തുന്ന മമ്മൂട്ടിയെ സമീപിക്കാന്‍ തീരുമാനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ എന്റെ സമകാലികനായിരുന്ന മമ്മുട്ടിയെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം സമ്മതം മൂളുകയും ഷൊര്‍ണ്ണൂരില്‍ വെച്ച് ചിത്രീകരിക്കാനുള്ള ഡേറ്റ് തരികയും ചെയ്തു. കോഴിക്കോട്ടെ ചിത്രീകരണം കഴിഞ്ഞ് പറഞ്ഞ ദിവസം ഷൊര്‍ണ്ണൂരിലെ സിനിമാ ലൊക്കേഷനിലേക്ക് പുറപ്പെടും മുമ്പേ ഞാന്‍ മമ്മൂട്ടിയെ ഫോണ്‍ ചെയ്തു. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ നിരാശപ്പെടുത്തി. ''നോമ്പ് എന്റെ വ്യക്തിപരമായ കാര്യമാണ്. അത് പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' എന്നാണദ്ദേഹം പറഞ്ഞത്. ഏതായാലും മമ്മൂട്ടി ക്ഷമാപണപൂര്‍വം ഒഴിഞ്ഞു മാറി. മമ്മൂട്ടിയുടെ ബൈറ്റ്‌സ് പരിപാടിയില്‍ ഉണ്ടാകുമെന്ന് അമൃത ടി.വിയുടെ ചീഫ് ശ്യാമപ്രസാദിന് ഞാന്‍ ഉറപ്പുകൊടുത്തിരുന്നതാണ്. അതുകൊണ്ട് അവസാന നിമിഷത്തിലെ മമ്മൂട്ടിയുടെ പിന്മാറ്റം എനിക്ക് വലിയ ക്ഷീണമായി.
തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം അബ്ദുല്‍ ഗഫാര്‍ മൗലവിയെ ഇന്‍ര്‍വ്യൂ ചെയ്യുമ്പോള്‍ ഞാനിക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹമെന്നോട് പറഞ്ഞു: ''സുരേഷ് ഗോപി നോമ്പ് പിടിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്.'' അന്ന് സുരേഷ്‌ഗോപിയെ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. (പിന്നീടദ്ദേഹം കേരള സര്‍ക്കാറിന് വേണ്ടി ഞാന്‍ നിര്‍മിച്ച ചില ലഘു ചിത്രങ്ങളില്‍ സൗജന്യമായി സഹകരിച്ചു.) ഏതായാലും വെറുമൊരു ഫോണ്‍വിളിയില്‍ തന്നെ അദ്ദേഹം സമ്മതിക്കുകയും വീട്ടില്‍ വെച്ച് തന്നെ ചിത്രീകരിക്കാന്‍ എന്നെ ക്ഷണിക്കുകയും ചെയ്തു. 'കോളേജ് വിദ്യാഭ്യാസ കാലത്തെ മുസ്‌ലിം സുഹൃത്തുക്കളുടെ സഹവാസമാണ് നോമ്പു പിടിക്കാന്‍ പ്രേരണയായത്' എന്നദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും അദ്ദേഹം മുടങ്ങാതെ നോമ്പു പിടിക്കുന്നു. ഒരിക്കല്‍ നോമ്പ് പിടിച്ചുകൊണ്ട് ആലപ്പുഴയില്‍ പൊരിവെയിലത്ത് സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുമ്പോള്‍ ദാഹിച്ച് അവശനായെങ്കിലും സംവിധായകന്‍ ആലപ്പി അഷ്‌റഫ് നിര്‍ബന്ധിച്ചിട്ടും നോമ്പ് ഒഴിവാക്കാന്‍ തയ്യാറാവാത്ത സംഭവം അദ്ദേഹം വിശദീകരിച്ചു. വ്രതാനുഷ്ഠാനം തന്റെ ശരീരത്തിനും മനസ്സിനും ഒരുപാട് ഗുണം ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ പരിപാടിയില്‍ അനുഭവം പങ്കുവെച്ച മറ്റൊരു സുഹൃത്ത് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോക്ടര്‍ ചന്ദ്രശേഖരന്‍ ആണ്. മലപ്പുറത്ത് സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് റമദാന്‍ മാസത്തില്‍ അദ്ദേഹം പകല്‍ മുഴുവന്‍ പട്ടിണിയിലായിരുന്നുവത്രെ. ഹോട്ടലുകളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു അവിവാഹിതനായിരുന്നു അദ്ദേഹം. ഭക്ഷണം മുടങ്ങിയാലും ചെയിന്‍ സ്‌മോക്കറായിരുന്ന അദ്ദേഹത്തിന് പുകവലി മുടക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ ഉപദേശിച്ചു. ''ഏതായാലും പകല്‍ മുഴുവന്‍ പട്ടിണി കിടക്കുന്നതല്ലേ എന്നാല്‍ പിന്നെ ആ പുകവലി കൂടി ഉപേക്ഷിച്ചു കൂടെ?'' അദ്ദേഹം ആ ഉപദേശം സ്വീകരിച്ചു. നോമ്പ് നോറ്റതോടുകൂടി അദ്ദേഹത്തിന് അത്ഭുതകരമായ മാറ്റം സംഭവിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. പുകവലി ശീലം എന്നെന്നേക്കുമായി ഉപേക്ഷിച്ചു. പിന്നെ പല ചികിത്സകള്‍ക്കും പിടികൊടുക്കാതെ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്ന irritable bowels syndrome എന്ന അസുഖം അതോടെ മാറി. ഏതു ഭക്ഷണം കഴിച്ചാലും ഉടനെ കക്കൂസില്‍ പോകേണ്ടി വരുന്ന ഗതികേടില്‍ നിന്ന് അദ്ദേഹത്തിന് മോചനം കിട്ടി.
എല്ലാവര്‍ഷവും മുടങ്ങാതെ നോമ്പ് പിടിക്കുന്ന ആളാണ് കേരളത്തില്‍ എഴുപത്തിനാല് പള്ളികള്‍ പണിത കോണ്‍ട്രാക്ടര്‍ ഗോപാല കൃഷ്ണന്‍. തിരുവനന്തപുരം പാളയം പള്ളി ഉള്‍പ്പെടെ പല പള്ളികളിലും നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ അദ്ദേഹം സ്വന്തം ചെലവില്‍ എത്തിക്കാറുണ്ട്. അദ്ദേഹത്തിന്റെ വീടിന്റെ മുന്‍വശത്ത് 'ഹാദാ മിന്‍ ഫള്‌ലി റബ്ബീ' (ഇത് അല്ലാഹുവിന്റെ അനുഗ്രഹം) എന്ന വാചകം എഴുതിവെച്ചിട്ടുണ്ട്. ജാതിമതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കതീതമായി സര്‍വമനുഷ്യര്‍ക്കും ആത്മീയവും ശാരീരികവുമായ ഗുണം ചെയ്യുന്ന പുണ്യറമദാന്‍ വീണ്ടും ആഗതമാകുമ്പോള്‍, ആത്മവിശുദ്ധിയോടെ ആഘോഷിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top