മുയലിനൊരു കൂട്‌

ഡോ: പി.കെ മുഹ്‌സിന്‍ No image

മുയല്‍ വളര്‍ത്തല്‍ വളരെ വ്യാപകമായിക്കൊണ്ടിക്കുകയാണ്. മുയല്‍ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ അവക്കാവശ്യമായ കൂട് നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്.
മുയലുകളെ പ്രധാനമായും രണ്ടു തരത്തിലാണ് വളര്‍ത്തുന്നത്; കൂടുകളിലും ലിറ്ററിലും.
കൂടുകള്‍ ഒറ്റക്കുള്ളതും കൂടുതല്‍ എണ്ണത്തെ താമസിപ്പിക്കാവുന്ന തരങ്ങളിലുള്ളതുമുണ്ട്. പ്രജനനത്തിനുള്ളവയെ ഒറ്റക്കുള്ള കൂടുകളില്‍ തന്നെ വളര്‍ത്തണം. വളരുന്ന പ്രായത്തിലുള്ള മുയലുകളെയും ഇറച്ചി മുയലുകളേയും ഒരുമിച്ച് വളര്‍ത്താം. ആണ്‍ മുയലുകളെയും പെണ്‍ മുയലുകളെയും വെവ്വേറെ കൂടുകളിലാണ് വളര്‍ത്തേണ്ടത്. മരത്തിന്റെ കൂട് മുയലുകള്‍ക്ക് അനുയോജ്യമല്ല.
കോഴികളെ വളര്‍ത്തുന്നപോലെ ലിറ്ററിന്റെ മുകളിലും മുയലുകളെ വളര്‍ത്താം. കൂട്ടിലിടുന്ന ചിപ്പിലിപ്പൊടി, ഈര്‍ച്ചപ്പൊടി, ഉമി എന്നിവയെയാണ് 'ലിറ്റര്‍' എന്ന് പറയുന്നത്. ഇവ ഏതെങ്കിലും ഒന്ന് ഒരിഞ്ച് കനത്തില്‍ കൂട്ടില്‍ വിരിച്ച് മുയലുകളെ വളര്‍ത്താം. ഇടക്കിടക്ക് പഴയതിന് മുകളില്‍ പുതിയ ലിറ്റര്‍ ഇട്ട് കൊടുക്കണം. ഇത്തരം ലിറ്ററുകളില്‍ മൂന്ന് നാല് മാസം വരെ മുയലുകളെ വളര്‍ത്താം. ലിറ്റര്‍ പിന്നീട് വളമായി ഉപയോഗിക്കാം. ആണ്‍ മുയലുകള്‍ രണ്ട് കിലോഗ്രാം ഭാരമാകുന്നതുവരെ ഇങ്ങനെ വളര്‍ത്താം. വളര്‍ച്ച കൂടുന്നതിനനുസരിച്ച് ആണ്‍ മുയലുകള്‍ തമ്മില്‍ കടികൂടാനുള്ള പ്രവണത കൂടുതലാണ്.
കൂട്ടില്‍ വളര്‍ത്താനും ലിറ്ററില്‍ വളര്‍ത്താനും ഒരു ഷെഡ്ഡ് ആവശ്യമാണ്. ഓടോ, ഓലയോ, ഫൈബര്‍സീറ്റുകളോ മേല്‍ക്കൂരയായുള്ള ഷെഡ്ഡ് ഇതിനായി നിര്‍മിക്കാം. ഷെഡ്ഡിന്റെ പകുതി ഉയരം കല്ലോ ഇഷ്ടികയോ ഉപയോഗിച്ച് ഭിത്തി പണിയണം. ബാക്കിഭാഗത്ത് കമ്പിവല ഉപയോഗിക്കാം. മേല്‍കൂരയും വശങ്ങളും മറ്റുജീവികള്‍ക്ക് അകത്ത് കടക്കാന്‍ പറ്റാത്ത രീതിയില്‍ സുരക്ഷിതമായിരിക്കണം. ഷെഡ്ഡിന്റെ തറ കോണ്‍ക്രീറ്റ് ചെയ്തില്ലെങ്കില്‍ മുയലുകള്‍ മാളങ്ങളുണ്ടാക്കും. കോണ്‍ക്രീറ്റ് ചെയ്താല്‍ തറ കഴുകാനും സൗകര്യമാണ്.
ഇരുമ്പ് പട്ടയില്‍ ചട്ടക്കൂടുണ്ടാക്കി വലകള്‍ ഘടിപ്പിച്ച കൂടുകളിലും മുയലുകളെ വളര്‍ത്താം. ഓരോ കൂടിനും നീളം 80 സെ.മീ, വീതി 6.0 സെ.മീ, ഉയരം 50 സെ.മീ എന്നീ അളവുകള്‍ വേണം. ഷെഡ്ഡിനുള്ളില്‍ കൂടുകള്‍ വെക്കുന്നത് തറയില്‍ നിന്ന് ഉയരത്തിലായിരിക്കണം. കാഷ്ഠവും മൂത്രവും കൂട്ടില്‍ കെട്ടിക്കിടക്കാതെ ഷെഡ്ഡിന്റെ തറയില്‍ വീഴാന്‍ ഇത് സഹായിക്കുന്നു.
മുയലുകള്‍ക്ക് പാര്‍പ്പിടം ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. ജല ലഭ്യത
ശുദ്ധജലം സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം മുയലുകള്‍ക്ക് പാര്‍പ്പിടമൊരുക്കുന്നത്. കുടിക്കാനും, കൂടുകളും ഷെഡ്ഡുകളും കഴുകി വൃത്തിയാക്കാനും വെള്ളം വേണം. ക്ലോറിന്‍ കലര്‍ത്തിയ വെള്ളം മുയലുകള്‍ക്ക് കുടിക്കാന്‍ കൊടുക്കാതിരിക്കുകയാണ് അഭികാമ്യം.
2. ജല നിര്‍ഗമന മാര്‍ഗം
വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം മുയല്‍ക്കൂടുകള്‍ നിര്‍മിക്കേണ്ടത്. കൂട് കഴുകുമ്പോഴുണ്ടാകുന്ന മലിനജലം കൂടിന്റെ പരിസരത്ത് കെട്ടിനില്‍ക്കരുത്. മലിനജലത്തില്‍ കൂടി രോഗാണുക്കള്‍ വരാനുള്ള സാധ്യതയുണ്ട്.
3. സുരക്ഷിതത്വം
മുയലുകളെ പാര്‍പ്പിക്കുന്നത് സുരക്ഷിതമായ സ്ഥലത്തായിരിക്കണം. പാമ്പ്, മരപ്പട്ടി, പൂച്ച, നായ, മൂങ്ങ തുടങ്ങിയവ മുയലിന്റെ ശത്രുക്കളാണ്. കൂടാതെ കള്ളന്മാര്‍ക്ക് മുയലിനെ കൊണ്ടുപോകാനും സാധിക്കരുത്. മുയല്‍ കൂടുകളുള്ള ഷെഡ്ഡുകളില്‍ പക്ഷികള്‍ക്ക് കയറാന്‍ പറ്റാത്തതാവണം.
4. ഗതാഗത സൗകര്യം
ശരിയായ ഗതാഗത സൗകര്യമുള്ള സ്ഥലത്തായിരിക്കണം മുയല്‍ ഷെഡ്ഡുകള്‍. മുയലുകളേയും തീറ്റയും കൊണ്ടുവരാനും ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനും ഗതാഗത സൗകര്യം ആവശ്യമാണ്. പക്ഷെ തുടര്‍ച്ചയായി വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന റോഡുവക്കില്‍ മുയല്‍ക്കൂടുകള്‍ പണിയരുത്.
4. കാലാവസ്ഥ
മുയലിന് തണുത്ത കാലാവസ്ഥയാണ് കൂടുതല്‍ നല്ലത്. ഷെഡ്ഡിന് ചുറ്റും തണല്‍ മരങ്ങളും ഷെഡ്ഡില്‍ ഫാനും നല്ലതാണ്. സൂര്യരക്ഷ്മികള്‍ നേരിട്ട് കൂട്ടിലേക്ക് പതിക്കരുത്. ടെറസ്സ്, പാറപ്പുറം, കുന്നിന്‍പുറം എന്നിവിടങ്ങളില്‍ മുയല്‍ വളര്‍ത്തല്‍ അനുയോജ്യമല്ല. ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും ഇരുപത് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.
മുയല്‍ക്കൂടുകള്‍ മുയലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്ന തരത്തില്‍ സ്ഥലപരിമിതി ഉണ്ടാവാന്‍ പാടില്ല. മുയല്‍ക്കൂടിനുള്ളിലും ശരിയായ കാറ്റും വെളിച്ചവും ആവശ്യമാണ്. മുയല്‍ കൂട് വൃത്തിയുള്ളതായാല്‍ മിക്ക രോഗങ്ങളും തടയാം. ശത്രുക്കളുടെ ശബ്ദമോ ഗന്ധമോ അതുമല്ലെങ്കില്‍ മറ്റ് വലിയ ശബ്ദങ്ങളോ മുയലുകളെ ഭീതിപ്പെടുത്തുന്നു. മുയല്‍ക്കൂടിനകത്തേക്ക് സന്ദര്‍ശകരെ കയറ്റരുത്. കൂടുതല്‍ അന്തരീക്ഷ ആര്‍ദ്രതയും മുയലുകള്‍ക്ക് രോഗം വരുത്തും. ഇതിനൊക്കെ പുറമെ കൂട്ടില്‍ തീറ്റയും വെള്ളവും കൊടുക്കാനുള്ള നല്ല സൗകര്യവും ഉണ്ടായിരിക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top