ഉന്നതതലം തേടുമ്പോള്‍

സുലൈമാന്‍ ഊരകം No image

രക്ഷിതാക്കള്‍ക്ക് ആഹ്ലാദത്തിന്റെയും നെടുവീര്‍പ്പിന്റെയും ആശങ്കയുടെയും ഒരു ജൂണ്‍ കൂടി കടന്നുപോയി. പ്രൈമറി തൊട്ട് ഉന്നതതലം വരെ തന്റെ കുട്ടി ഉയര്‍ന്ന നിലവാരത്തോടെ മികച്ച കോഴ്‌സ് പഠിച്ചിറങ്ങണം എന്നത് ഏത് രക്ഷിതാവിന്റെയും മോഹമാണ്. ഇവരുടെ മോഹത്തിന് ചുറ്റും വല വീശാന്‍ കുറെ ഏജന്റുമാരും. MBBS, BDS, BHMS, BAMS, BUMS, Nursing, B.Tech. BE, B.Arch, MBA, MCA, MCJ കോഴ്‌സുകള്‍ നല്ല കാഷ് കൊടുത്താല്‍ ഏജന്റ് വഴി ലോകത്തിന്റെ ഏത് മുക്ക് മൂലയിലും ചെന്ന് പഠിക്കാം. മുന്‍ കൂട്ടി ബുക്ക് ചെയ്യാതെ സ്‌പോട്ടില്‍ ചേരുന്നവര്‍ക്ക് ലക്ഷങ്ങള്‍ പിഴ വേറെയും. ഇപ്പോള്‍ ഇംഗ്ലീഷ് പത്രങ്ങള്‍ മാത്രമല്ല, മലയാള പത്രങ്ങളും 'എജുക്കേഷന്‍ ഫെയര്‍' എന്ന തലക്കെട്ടില്‍ ഈ ഏജന്റുമാരുടെ ഒത്തുചേരലുകള്‍ക്ക് ആതിഥ്യം വഹിക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഒരു എം.ബി.ബി.എസ് സീറ്റിന് 75 ലക്ഷവും ബി.ഡി.എസിന് 10 മുതല്‍ 21 ലക്ഷവും ബി.ടെകിന് 5 മുതല്‍ 7 ലക്ഷം രൂപയും കൊടുത്താല്‍ മതി. അല്ലെങ്കില്‍ അതിലും കൂടും. ഇത്തരം സ്ഥാപനങ്ങളുടെയും യൂനിവേഴ്‌സിറ്റികളുടെയും അംഗീകാരത്തെക്കുറിച്ചോ ഗുണ നിലവാരത്തെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല. മിക്ക വിദ്യാര്‍ഥികളും സ്വാശ്രയ മേഖലയിലെ പ്രഫഷണല്‍ പഠനത്തിന് എത്തിചേരുന്നത് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ്. അടിസ്ഥാന സൗകര്യങ്ങളോ സാമാന്യ നിലവാരമോ ഇല്ലാത്ത യൂനിവേഴ്‌സിറ്റികളും സ്ഥാപനങ്ങളും രാജ്യത്ത് കൂടുതല്‍ ഉള്ളത് ഇവിടങ്ങളിലാണെന്ന് ടെന്റല്‍ കമീഷന്‍ കണ്ടെത്തിയിട്ടുള്ളതാണ്.
എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ദേശീയതലത്തില്‍ നടത്തിയ നാഷ്‌നല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി(നീറ്റി)ന്റെ ഫലം പുറത്തുവന്നു. രാജ്യത്ത് മൊത്തം 658040 പേര്‍ പരീക്ഷയെഴുതിയതില്‍ 366317 പേരാണ് യോഗ്യത നേടിയത്. സംസ്ഥാന ക്വാട്ടയില്‍ കേരളം തെരഞ്ഞെടുത്ത് പരീക്ഷയെഴുതിയവരുടെ എണ്ണം 61042 ആണ്. ഇതില്‍ 46049 പേരാണ് (75.43 ശതമാനം) യോഗ്യത നേടിയത്. എന്നാല്‍ മെരിറ്റില്‍ മെഡിസിന്‍ സീറ്റുകള്‍ വളരെ പരിമിതവും. കഴിഞ്ഞ തവണ കേരളത്തിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 589 റാങ്ക് വരെ ലഭിച്ചവര്‍ക്ക് സംസ്ഥാന മെരിറ്റില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 1039 റാങ്കുവരെയുള്ളവര്‍ക്കും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 2000 വരെ റാങ്കുള്ളവര്‍ക്കും സംസ്ഥാന മെരിറ്റില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചിട്ടുണ്ട്. ബി.ഡി.എസിന് ഇത് 2237 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, 2092 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജിലും 5301 സ്വകാര്യ സ്വാശ്രയത്തിലുമാണ് കഴിഞ്ഞ വര്‍ഷം പ്രവേശിച്ചത്. കേരളത്തിലെ ഇത്തവണത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം 'നീറ്റി'ന്റെ അടിസ്ഥാനത്തിലായതിനാല്‍ മിക്ക രക്ഷിതാക്കളും വിദ്യാര്‍ഥികളും നല്ല ആശങ്കയിലായിരുന്നു.
'നീറ്റ്' എന്നത് ദേശീയ തലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലെ യൂനിവേഴ്‌സിറ്റികളും സ്ഥാപനങ്ങളും നടത്തുന്ന പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള യോഗ്യത കൂടിയാണ്. ഒട്ടുമിക്ക വിദ്യാര്‍ഥികളും ദേശീയതലത്തില്‍ നടത്തുന്ന 'നീറ്റ്' പോലുള്ള പരീക്ഷയും സംസ്ഥാന തലത്തിലുള്ള ഒന്നോ രണ്ടോ പ്രവേശന പരീക്ഷയും മാത്രമാണ് മെഡിക്കലും എഞ്ചിനീയറിംഗും ഉള്‍പ്പെടെയുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് എന്ന തെറ്റിദ്ധാരണയിലാണ്. അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ ജമ്മുവിലും കൊല്‍ക്കത്തയിലും പ്രവേശനം കിട്ടിയാല്‍ പോലും അവിടെ പോയി പഠിക്കാന്‍ മാനസികമായി തയാറാകുന്ന വിദ്യാര്‍ഥികള്‍ ഒരിക്കലും രാജ്യത്തെ താരതമ്യേന ഫീസ് കുറഞ്ഞ, മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (www.amucontrollerexam.com), ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് രാജ്യത്തെ പ്രധാന ആറ് സ്ഥാപനങ്ങളിലേക്ക് നടത്തുന്ന AIIMS Test (www.aiimsexams.org), വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തുന്ന പ്രവേശന പരീക്ഷ (www.admissions.cmcvellore.ac.in), നാഗ്പൂര്‍ യൂനിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ പ്രവേശന പരീക്ഷ (www.admission.edu.in), ബനാറസ് (bhu.ac.in), പോണ്ടിച്ചേരിയിലെ ജിപ്മര്‍ (www.jipmerentranceexams.org), മഹാരാഷ്ട്രയിലെ വാര്‍ദ(www.mgims.ac.in), ചെന്നൈയിലെ എസ്.ആര്‍.എം (www.jssuni.edu.in), പൂനൈയിലെ ഭാരതി വിദ്യാപീഠ് (www.bvuniversity.edu.in), ഡോ. ഡി.വൈ പാഡി വിദ്യാപീഠ് (www.dpu.edu.in), ഒഡീസയിലെ KIIT (www.kiit.ac.in), ഹൈദരാബാദിലെ ജെ.എന്‍.ടി (www.apeancet.org), മഹാരാഷ്ട്രയിലെ ലോനി പ്രവാര ഇന്‍സ്റ്റിറ്റിയൂട്ട് (www.pravara.com), കര്‍ണാടകയിലെ COMED.K (www.comedk.org), ബംഗളുരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് (www.stjohns.in), അമൃത (www.amrita.edu), മണിപ്പാല്‍ യൂനിവേഴ്‌സിറ്റി (www.manipal.edu), ദല്‍ഹി ജാമിഅഃ മില്ലിയ്യയുടെ ബി.ഡി.എസ് (www.jmi.ac.in) എന്നിവയെല്ലാം അവയില്‍ ചിലതാണ്. ഇവയിലെ ഒട്ടുമിക്കതിലും കേരളത്തില്‍ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പ്ലസ്ടു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിപ്പെടുന്ന മറ്റൊരു മേഖലയാണ് എഞ്ചിനീയറിംഗ്. ആയിരക്കണക്കിന് എഞ്ചിനീയറിംഗ് കോളേജുകളും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുമാണ് രാജ്യത്തുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലും എയ്ഡഡ് മേഖലയിലും സ്വകാര്യ മേഖലയിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്നു ഈ സ്ഥാപനങ്ങള്‍. ഏവരും ഉറ്റുനോക്കുന്നത് മികച്ച സ്ഥാപനങ്ങളിലെ പ്രവേശനമാണ്. രണ്ട് ഘട്ടമായി നടത്തുന്ന JEE(joint entrance examination)വഴിയാണ് മികച്ച സ്ഥാപനങ്ങളായ ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയവയിലേക്കുള്ള പ്രവേശനം.
എഞ്ചിനീയറിംഗ് മേഖലയിലേക്ക് കടന്നുചെല്ലാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ഥിയുടെയും ആഗ്രഹമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിക്കുക എന്നത്. രാജ്യത്ത് മൊത്തം 16 ഐ.ഐ.ടികളാണുള്ളത്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, സിസ്റ്റംസ് സയന്‍സ്, ബയോളജിക്കലി ഇന്‍സ്പയേഴസ് സിസ്റ്റംസ് സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എയ്‌റോ സ്‌പേസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, ബയോ എഞ്ചിനീയറിംഗ്, ബയോ ടെക്‌നോളജി, ബയോ കെമിക്കല്‍, സിറാമിക് കെമിക്കല്‍, എന്‍വയന്‍മെന്റല്‍ ഇന്‍ഡസ്ട്രി യല്‍, ഇന്‍സ്ട്രമെന്റേഷന്‍, മെറ്റലര്‍ജിക്കല്‍ മിനറല്‍, മൈനിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എഞ്ചിനീയറിംഗ് തുടങ്ങിയ പാരമ്പര്യ ന്യൂ ജനറേഷന്‍ കോഴ്‌സുകളും ഇവിടങ്ങളില്‍ ലഭ്യമാണ്.
ബി.ടെക്‌നു പുറമെ നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്), ബി.ഫാം, ഡിസൈന്‍, ബി. ആര്‍ക്ക്, എം.ഫാം, ഡ്യുവല്‍ ഡിഗ്രി, എം.സ്, ഇന്റഗ്രേറ്റഡ് ബി.എസ് - എം.എസ് തുടങ്ങിയ കോഴ്‌സുകളും ലഭ്യമാണ്. ഇവയിലെല്ലാം പ്രവേശനം ജെ.ഇ.ഇ വഴിയാണ് നടത്തുന്നത്. എഞ്ചിനീയറിംഗ് ടെക്‌നോളജി പഠന മേഖലക്ക് പുറമെ മാനേജ്‌മെന്റ്, നിയമം, ഹ്യൂമാനിറ്റീസ്, അപ്ലൈഡ് സയന്‍സ് തുടങ്ങിയ കോഴ്‌സുകളും ഐ.ഐ.ടികള്‍ നല്‍കുന്നുണ്ട്.
എഞ്ചിനീയറിംഗിന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മറ്റൊരിടമാണ്. കാലിക്കറ്റ് അടക്കം മുപ്പത് എന്‍.ഐ.ടികളാണ് രാജ്യത്തുള്ളത്. എന്‍.ഐ.ടികളില്‍ ലഭ്യമായ സീറ്റില്‍ പകുതി എന്‍.ഐ.ടി സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തുള്ളവര്‍ക്കായിരിക്കും. പകുതി മറ്റു സംസ്ഥാനക്കാര്‍ക്കും. ഇവിടെയും പ്രവേശനം ജെ.ഇ.ഇ വഴി തന്നെ. ഇവ കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ്, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, കൊച്ചിയിലെ കുസാറ്റ്, ജാമിഅഃ മില്ലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റി, അസാം യൂനിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍പ്പറ്റ് ടെക്‌നോളജി, സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചര്‍, ദല്‍ഹി ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി, മാരിടൈം യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് എനര്‍ജി സ്റ്റഡീസ് എന്നിവയെല്ലാം എഞ്ചിനീയറിംഗ് പഠനത്തിന്, രാജ്യത്തെ മികച്ച സ്ഥാപനങ്ങളാണ്. അവയെല്ലാം വ്യത്യസ്ത പ്രവേശന പരീക്ഷകളും നടത്തുന്നുണ്ട്. പ്രഫഷണല്‍ ബിരുദം നേടിയ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും പ്രഫഷണലിസത്തിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുക തന്നെയാണ്. എന്നാല്‍, മത്സര പരീക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തി മുകളില്‍ സൂചിപ്പിച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടി ബിരുദവുമായി പുറത്തിറങ്ങുന്നവര്‍ക്ക് ജോലി തേടി ചുറ്റേണ്ടി വരില്ല. കോഴ്‌സും ബ്രാഞ്ചും ഓപ്ഷണലും തെരഞ്ഞെടുക്കുമ്പോള്‍ രക്ഷിതാവിന്റെ താല്‍പര്യമല്ല, വിദ്യാര്‍ഥികളുടെ നൈപുണ്യവും അഭിരുചിയുമാണ് മാനണ്ഡമാക്കേണ്ടത്.
പ്ലസ്ടു കഴിഞ്ഞവര്‍ക്കും ഡിഗ്രി പഠനം കഴിഞ്ഞവര്‍ക്കും മെഡിസിന്‍, എഞ്ചിനീയറിംഗ്, ശാസ്ത്ര, വ്യാപാര, മാനേജ്‌മെന്റ്, ഭാഷാ, മാനവിക വിഷയങ്ങളില്‍ തുടര്‍ പഠനത്തിന് ഉന്നത നിലവാരം പുലര്‍ത്തുന്ന ധാരാളം സ്ഥാപനങ്ങള്‍ രാജ്യത്ത് ഉണ്ട്. ഇവിടെയൊക്കെ പ്രവേശന പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ജൂലൈ വരെയാണ് സാധാരണ നടക്കാറ്. അവസാന വര്‍ഷത്തിനു പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും ഇവിടങ്ങളില്‍ അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ മിക്ക രക്ഷിതാക്കളും വിദ്യാര്‍ഥികളും ഫൈനല്‍ റിസല്‍ട്ട് വന്നതിനു ശേഷമേ തുടര്‍ പഠനത്തെക്കുറിച്ച് ചിന്തിക്കാറുള്ളൂ. നമ്മുടെ യൂനിവേഴ്‌സിറ്റികളില്‍ റിസല്‍ട്ട് വരുമ്പോഴേക്ക് ഇത്തരം സ്ഥാപനങ്ങളുടെ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ടാകും. ഉത്സാഹവും വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവും ഉള്ളതോടൊപ്പം, വേണ്ടപ്പെട്ടവരുടെ ശക്തമായ പ്രചോദനവും ഉണ്ടെങ്കില്‍ നമ്മുടെ കുട്ടികള്‍ക്കും ഇവയൊന്നും വിദൂരമോ അപ്രാപ്യമോ ആവില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top