മണലും കമ്പിയും വാങ്ങും മുമ്പ്

അറിയേണ്ട കാര്യങ്ങള്‍ / എം.എ നാസര്‍ (ഓവര്‍സിയര്‍, വാഴക്കാട് ഗ്രാമ പഞ്ചായത്ത്) No image

മുളച്ചുപൊങ്ങിയ കെട്ടിട സമുച്ചയങ്ങളും വീടുകളും എന്നും കൗതുകം തന്നെയാണ്. കീശ വീര്‍ത്തവര്‍ക്ക് തോന്നിയപോലെ കെട്ടിപ്പൊക്കാനാവുന്നതല്ല ഇവയൊന്നും. കെട്ടിടങ്ങളും വീടും പണിയുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ അവഗണിച്ചാല്‍ പിന്നീടത് വിനയായി മാറും. വീട് വെക്കാന്‍ ഒരുങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഗ്രാമപ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂളും (KPBR) നഗര പ്രദേശങ്ങളില്‍ കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂളും (KMBR) പാലിക്കേണ്ടതുണ്ട്.
വീട് നിര്‍മിക്കുമ്പോള്‍ പ്രാരംഭ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത് ആ സ്ഥലത്തേക്ക് സ്വന്തമായി റോഡോ വഴിയോ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ്. ഭൂമിയുടെ രേഖകള്‍ കൃത്യമായിരിക്കേണ്ടതും സമയാസമയങ്ങളില്‍ ഭൂനികുതി അടച്ചു തീര്‍ത്തതുമായിരിക്കണം. വയലുകളിലാണ് വീടുവെക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുന്‍കൂട്ടി പഞ്ചായത്തില്‍ നിന്നോ റവന്യൂ അധികൃതരില്‍ നിന്നോ അനുവാദം വാങ്ങേണ്ടതാണ്. ഇത്തരം വയലുകളില്‍ കഴിഞ്ഞ കാലങ്ങളില്‍ കൃഷി നടത്തുന്നില്ലെന്നും കൃഷിക്ക് യോഗ്യമല്ലെന്നുമുള്ള രീതിയില്‍ റിപ്പോര്‍ട്ട് അധികൃതര്‍ നല്‍കേണ്ടതാണ്.
വീട് വെക്കുന്നതിന്റെ പ്രാരംഭഘട്ടം എന്ന നിലക്ക് ഇഷ്ടപ്പെട്ട പ്ലാനില്‍ കൂടുതല്‍ സ്ഥലം ഉപയോഗ ശൂന്യമാകാത്ത നിലയില്‍ സ്ഥലത്തിന് അനുയോജ്യമായ രീതിയിലായിരിക്കണം വീടിന്റെ പ്ലാന്‍ കണ്ടെത്തേണ്ടത്. ഗ്രാമപ്രദേശങ്ങളില്‍ വീടിന്റെ പ്ലാനിനൊപ്പം പ്ലാന്‍ (സെക്ഷന്‍, എലവേഷന്‍ ഉള്‍പ്പെടെ) സൈറ്റ് പ്ലാന്‍, സര്‍വീസ് പ്ലാന്‍, കിണര്‍ പ്ലാന്‍, ലീച്ച്പിറ്റ് പ്ലാന്‍ എന്നിവ ഒരു അംഗീകൃത എഞ്ചിനീയറെക്കൊണ്ട് തയ്യാറാക്കി ഒപ്പ് വെപ്പിക്കുക. ആധാരത്തിന്റെ പകര്‍പ്പും വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന കൈവശ സര്‍ട്ടിഫിക്കറ്റും കൂടി പഞ്ചായത്തില്‍ ഇതോടൊപ്പം സമര്‍പ്പിക്കുകയും വേണം. ഈ അപേക്ഷ പ്രകാരം സ്ഥലം പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നതും പരമാവധി ഒരു മാസം കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതുമാണ്.
ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് വീടിന്റെ മുന്‍ഭാഗം അതിര്‍രേഖയില്‍ നിന്ന് മൂന്ന് മീറ്റര്‍ ദൂരം പാലിക്കേണ്ടതും പിന്‍ഭാഗത്തെ അതിരില്‍ നിന്ന് 1.5 മീറ്റര്‍ അകലം വിടേണ്ടതുമാണ്. വശങ്ങളില്‍ 1.20 സെ.മി അകലങ്ങള്‍ പാലിക്കേണ്ടതുമാണ്.
ചില സാഹചര്യങ്ങളില്‍ വശങ്ങളില്‍ വേണ്ടത്ര അളവുകള്‍ ഒഴിച്ചിടാന്‍ കഴിയാതിരുന്നാല്‍ തൊട്ടടുത്ത ഭൂവുടമയുടെ രേഖാമൂലമുള്ള സമ്മതപ്രകാരം ഒരു വശം അതിരില്‍ ചേര്‍ത്ത് നിര്‍മിക്കാവുന്നതാണ്. ഈ വശങ്ങളിലെ മഴവെള്ളം അടുത്ത പറമ്പില്‍ വീഴാന്‍ പാടുള്ളതല്ല. ഈ ഭാഗങ്ങളിലെ ചുമരുകളില്‍ വാതിലുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ ഉണ്ടാവാന്‍ പാടില്ല. റോഡിനോട് ചേര്‍ന്നല്ലാത്ത അതിരുകളില്‍ മേല്‍പറഞ്ഞ അളവുകള്‍ ശരാശരിയായി പരിഗണിക്കാവുന്നതാണ്.
ഗ്രാമപ്രദേശങ്ങളില്‍ സാധാരണയായി മൂന്ന് നില വരെയുള്ള വീടുകള്‍ക്ക് പഞ്ചായത്തില്‍ നിന്ന് തന്നെയാണ് അനുമതി വാങ്ങേണ്ടത്. ഇതില്‍ കൂടുതല്‍ നിലകളുള്ള വീടുകള്‍ക്ക് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ നിന്നും അനുമതി വാങ്ങാവുന്നതാണ്.
വിമാനത്താവളത്തിന്റെ പരിധിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വിമാനത്താവള അധികൃതരില്‍ നിന്നും അനുമതി വാങ്ങേണ്ടതാണ്. പത്ത് മീറ്ററിന് മുകളില്‍ ഉയരമുള്ള വീടുകള്‍ക്ക് അതിരുകളില്‍ നിന്നും പാലിക്കേണ്ട അളവുകളില്‍ ഉയരത്തിന് ആനുപാതികമായി മാറ്റങ്ങള്‍ വരുന്നതാണ്.
അധിക നില നിര്‍മിക്കുമ്പോള്‍
വീടിനു മുകളില്‍ അധിക നില നിര്‍മിക്കുമ്പോള്‍ നിയമങ്ങള്‍ പാലിക്കേണ്ടതും പഞ്ചായത്ത് അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുമാണ്.
വീടിന് ചുറ്റുമതില്‍, കിണര്‍ എന്നിവ നിര്‍മിക്കുന്നതിനും അധികൃതരില്‍ നിന്നുള്ള അനുമതി വേണം. വീടിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും മുറികള്‍ നിര്‍മിക്കുന്നതിനും ഈ നിയമം ബാധകമാണ്. പുറംഭാഗത്തെ ചുമരുകള്‍ക്ക് മാറ്റം വരുത്താതെ (അളവുകള്‍ അധികരിക്കാത്ത രീതിയില്‍) വീടിനുള്ളില്‍ രൂപ മാറ്റം വരുത്തുന്നതിന് അനുമതി വാങ്ങേണ്ടതില്ല.
മണല്‍ ലഭിക്കാന്‍
ഇന്ന് കേരളക്കരയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വന്തമാക്കാന്‍ എറെ പ്രയാസമുള്ളതുമായ ഒരു ഉപയോഗ വസ്തുവായി മണല്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ പുഴകളില്‍ നിന്നും കൈവരികളില്‍ നിന്നും യഥേഷ്ടം ലഭ്യമായിരുന്ന മണല്‍ ഇന്ന് കിട്ടാക്കനിയായി മാറിയിരിക്കുന്നു.
ബില്‍ഡിംഗ് പെര്‍മിറ്റും തിരിച്ചറിയല്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, ഒഴിവുള്ള കടവുകളില്‍ നിന്നും സമയബന്ധിതമായി പഞ്ചായത്ത് മുഖേന മണല്‍ ലഭിക്കുന്നതാണ്. ഇതില്‍ സൗകര്യപ്രദമായ ഉപപഞ്ചായത്തുകളെ തെരഞ്ഞെടുക്കാമെങ്കിലും അപേക്ഷയുടെ ആധിക്യം കാരണം ദൂരസ്ഥലങ്ങളില്‍ നിന്നും മറ്റും മണല്‍ കരസ്ഥമാക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ചില ജില്ലകളില്‍ മേല്‍പറഞ്ഞ രേഖകള്‍ സഹിതം പഞ്ചായത്തില്‍ അപേക്ഷ നല്‍കി പഞ്ചായത്ത് നേരിട്ട് മണല്‍ നല്‍കുന്ന രീതിയും തുടരുന്നുണ്ട്.
പുഴ മണലിന് പുറമെ മണലിന് സമാന രീതിയില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കുപയോഗിക്കുന്ന 'എം സാന്റ്' ക്രഷറുകളില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ യൂണിറ്റുകളില്‍ നിന്നും ലഭ്യമാണ്. ഇതിനു പുറമെ കരമണലും ചാക്കുകളിലാക്കിയ മണലും ഔട്ട്‌ലെറ്റുകള്‍ മുഖേന ലഭിക്കുന്നതാണ്.
നികുതി കണക്കാക്കാനും മാനദണ്ഡങ്ങള്‍
നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന എല്ലാ ഭാഗത്തിനും പഞ്ചായത്തില്‍ കെട്ടിട നികുതി നല്‍കേണ്ടതാണ്. താഴെ നിലക്കും മുകളിലത്തെ നിലക്കും നികുതി ഈടാക്കുന്നതാണ്.
2500 സ്‌ക്വയര്‍ ഫൂട്ടിന് മുകളിലുള്ള വീടുകള്‍ക്ക് ആഡംബര നികുതിയും ചുമത്തുന്നതാണ്. ഇത്തരം വീടുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് മഴവെള്ള സംഭരണിയും നിര്‍മിക്കേണ്ടതാണ്.
വീടിന്റെ പുറംഭാഗത്ത് നിന്നും മൂന്ന് മീറ്ററിനുള്ളില്‍ വൈദ്യുത ലൈനുകള്‍ പോകാന്‍ പാടില്ല. വീടിന്റെ ഉയരത്തിന് സമാനമായും ലൈന്‍ ഉണ്ടാകരുത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും രണ്ട് മീറ്ററിലധികം ഉയരം ലൈനിനു ഉണ്ടായിരിക്കണം. കക്കൂസിന് കുഴിയെടുക്കുമ്പോള്‍ കിണറില്‍ നിന്നും 7.5 മീറ്റര്‍ അകലം പാലിക്കേണ്ടതും അതിരുകളില്‍ നിന്നും 1.20 സെ.മി ദൂരം പാലിക്കേണ്ടതുമാണ്.
വീടിന്റെ പണി തുടങ്ങുന്നതിന് മുമ്പ് അധികൃതരില്‍ നിന്നും അനുമതി വാങ്ങേണ്ടതും വീടിന്റെ പണികള്‍ തീര്‍ത്ത് (താമസ യോഗ്യമായാല്‍) കംപ്ലീഷന്‍ പ്ലാന്‍ പഞ്ചായത്തില്‍ നല്‍കി വീട്ടുനമ്പര്‍ കരസ്ഥമാക്കി നികുതി അടക്കാവുന്നതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top