ഒരു കുടക്കീഴില്‍

ഫ്ളാറ്റ് / സി.ദാവൂദ് No image

കേരളത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ വിഷയം ഏതാെണന്ന് ചോദിച്ചാല്‍ കണ്ണടച്ച് ഉത്തരം പറയാന്‍ കഴിയും; ഭൂമിയെന്ന്. വ്യവസായ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സംരംഭങ്ങളും തുടങ്ങാന്‍ കേരളത്തില്‍ ഭൂമിയില്ല. ഇതുമായി ബന്ധപ്പെട്ട ഏത് നീക്കവും ആദ്യം ഭൂമിയില്‍ തട്ടിയാണ് ഉടക്കി നില്‍ക്കുന്നത്. പദ്ധതിവിരുദ്ധ സമരങ്ങളും കുടിയിറക്ക് വിരുദ്ധ സമരങ്ങളും കൊണ്ട് സജീവമാണ് കേരളം.
കൃഷിഭൂമി കുറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നതാണ് ഭൂമിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്‌നം. കൃഷിക്ക് അനുയോജ്യമായ ഏറ്റവും മികച്ച കാലാവസ്ഥയും സാര്‍വത്രികമായ ജല ലഭ്യതയുമുള്ള പ്രദേശമായിട്ടും ഇവിടെ കൃഷി നടക്കുന്നേയില്ല. നമുക്കാവശ്യമായതിന്റെ കാല്‍ ശതമാനം പോലും കാര്‍ഷിക വിഭവങ്ങള്‍ നമുക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല. നിത്യേന ഉപയോഗിക്കുന്ന പച്ചക്കറിക്ക് പോലും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണ് കേരളത്തിന്. ഇത് ഒരു മഹാ കുറച്ചിലായി പലരും സൂചിപ്പിക്കാറുണ്ട്. അങ്ങനെയൊരു കാഴ്ചപ്പാട് ഏതായാലും ഈ ലേഖകനില്ല. പച്ചക്കറിക്കും അരിക്കും മറ്റൊരു പ്രദേശത്തെ ആശ്രയിക്കുന്നത് തെറ്റൊന്നുമല്ല. ലോകത്ത്, എല്ലാ കാലത്തും എല്ലാ നാഗരികതകളും ഇങ്ങനെ പരസ്പരം വിഭവങ്ങള്‍ കൈമാറ്റം ചെയ്തും ഇറക്കുമതി ചെയ്തുമൊക്കെയാണ് ജീവിച്ചു പോന്നത്. ഒരു പ്രദേശം അവര്‍ക്കാവശ്യമുള്ള വിഭവങ്ങള്‍ എല്ലാം സ്വയം ഉല്‍പാദിപ്പിക്കുകയെന്നത് ഒരിക്കലും സാധ്യമല്ലാത്ത ഉട്ടോപ്യയാണ്. വിഭവങ്ങള്‍ പരസ്പരം കൊടുത്തും കൈമാറിയും വിപണനം ചെയ്തുമാണ് നാഗരികതകള്‍ എല്ലാം നിലനിന്നതും വികസിച്ചതും. പ്രവാചകന് ചെറുപ്പത്തില്‍ തന്നെ സിറിയയിലേക്ക് പോവേണ്ടി വന്നത് ഇത്തരമൊരു കച്ചവട ആവശ്യവുമായിട്ടായിരുന്നു. ശൈത്യനാളുകളിലും വസന്തനാളുകളിലും നടത്തുന്ന കച്ചവട യാത്രകളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അതിനാല്‍, തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വരുത്തുന്നുവെന്നത് നാണിക്കേണ്ട കാര്യമൊന്നുമല്ല. പിന്നെ, ചിലയാളുകള്‍ പറയാറുണ്ട്; തമിഴ്‌നാട്ടില്‍ നിന്ന് ലോറികള്‍ വന്നില്ലെങ്കില്‍, അവര്‍ റോഡ് അടച്ചാല്‍ നമ്മള്‍ പട്ടിണിയിലാവുമെന്ന്. ഇതും ശരിയല്ല, തമിഴ്‌നാട്ടില്‍ നിന്ന് ലോറികള്‍ വന്നില്ലെങ്കില്‍ നമ്മള്‍ മാത്രമല്ല, അവരും പട്ടിണിയിലാവും. കാരണം, വെണ്ടക്കയും വഴുതനയും തക്കാളിയും തിന്ന് അവര്‍ക്ക് ജീവിക്കാനൊക്കില്ല. അവര്‍ക്ക് ജീവിക്കണമെങ്കില്‍ വിശാലമായ കേരള മാര്‍ക്കറ്റില്‍ അത് വിറ്റഴിച്ചിട്ടു വേണം. അല്ലെങ്കില്‍ അത് അവിടെ ലോറിയില്‍ കിടന്ന് കെട്ടുനാറുകയേ ഉള്ളൂ. അതിനാല്‍ അത്തരം പേടിപ്പിക്കലിലൊന്നും കാര്യമില്ല. പക്ഷേ, കൃഷിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സാഹചര്യമുണ്ടായിട്ടും-കാലാവസ്ഥ, മണ്ണ്, ജലലഭ്യത-അത് ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം നാണിപ്പിക്കേണ്ട കാര്യം.
വീടുവെക്കാന്‍ ഭൂമി കിട്ടുന്നില്ല എന്നതാണ് ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും സെന്‍സിറ്റീവ് ആയ മൂന്നാമത്തെ കാര്യം. നിറയൗവനത്തില്‍, കുടുംബത്തെയും കൂട്ടുകാരെയും പ്രിയതമയെയും വിട്ട് മരുഭൂമിയുടെ ചൂടിലേക്ക് പറക്കുന്ന യുവാക്കളോട് സംസാരിച്ചു നോക്കൂ; എന്തിനാണ് ഗള്‍ഫിലേക്ക് പോകുന്നതെന്ന് ചോദിച്ചാല്‍ എല്ലാവരും നല്‍കുന്ന മറുപടി ഏതാണ്ട് ഒന്നാണ്-'വീട് വെക്കേണ്ടിഷ്ടാ.' കുഞ്ഞാറ്റക്കിളിയുടെ കൂട് പോലുള്ളൊരു വീടെങ്കിലും എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, അത് പണിതുകൂട്ടാന്‍ ഒരു തുണ്ട് ഭൂമി വേണ്ടേ? അത് സംഘടിപ്പിക്കാനുള്ള സമരമാണ് ഇന്ന് മലയാളി ചെറുപ്പക്കാരന്റെ ജീവിതം. ഭൂമിയുടെ പൊള്ളുന്ന വില, അവന്റെ ജീവിതത്തെയാകെ പൊള്ളിച്ചിരിക്കുന്നു.
മറ്റൊരു നിലക്ക് ആലോചിക്കുമ്പോള്‍ ഇത് വൈരുധ്യം നിറഞ്ഞ ഒരു തമാശയാണ്. നമുക്ക് കൃഷിയില്ല, കൃഷിഭൂമിയില്ല. വ്യവസായ പദ്ധതികളില്ല, വ്യവസായവുമില്ല. എന്നാലോ, വീടുവെക്കാന്‍ നാലു സെന്റുമില്ല. ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. കാര്‍ഷികോല്‍പന്നങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന്. പണം വിദേശത്ത് നിന്ന്. അത്യാവശ്യം പദ്ധതി വിരുദ്ധ സമരങ്ങളും കൃഷിയെക്കുറിച്ച സവര്‍ണ്ണ ഗൃഹാതുരതകളുമായി നാമിങ്ങനെ ജീവിച്ചു പോകുന്നു. പിന്നെ, നമുക്കെന്താണുള്ളത്? ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വീടുകളാലും അങ്ങാടികളാലും നിറഞ്ഞ ഒരു വലിയ നഗരമായിരിക്കുന്നു, ഇന്ന് കേരളം. കേരളത്തിന്റെ ഈ ആവാസ വ്യവസ്ഥ തന്നെയാണ് ഭൂമിയുമായി ബന്ധപ്പെട്ട മൂന്ന് പ്രതിസന്ധികള്‍ക്കും കാരണം. ഇത് മറികടക്കാന്‍ ഒരു വഴിയേ കാണുന്നുള്ളൂ. നമ്മുടെ ആവാസ ഘടനയില്‍ നാം ചില മാറ്റങ്ങള്‍ വരുത്തണം. ഇന്റഗ്രേറ്റഡ് വില്ലേജ് ടൗണ്‍ഷിപ്പ് എന്നൊരു ആശയമാണ് ഞാന്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. അതെന്താണെന്നാണ് ഇനി പറയുന്നത്:
എന്റെ തന്നെ കുടുംബത്തിന്റെ ഉദാഹരണം വെച്ച് പറയാന്‍ ശ്രമിക്കാം: ഞങ്ങള്‍ എട്ട് മക്കളുള്ള കുടുംബമാണ്. മക്കളെല്ലാം പല വഴിക്കായി താമസം മാറ്റി. തറവാട്ടില്‍ മാതാപിതാക്കളോടൊപ്പം അനുജന്റെ കുടുംബം; അനുജന്‍ ഗള്‍ഫില്‍. എട്ട് സഹോദരങ്ങള്‍ ഇങ്ങനെ പല സ്ഥലങ്ങളില്‍ ഭൂമിയെടുത്ത് വീടുവെച്ച് താമസിക്കുന്നതിന് പകരം, എല്ലാവരും തറവാട് നിന്ന സ്ഥലത്ത് തന്നെ എട്ട് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്‌ളാറ്റ് പണിതിരുന്നെങ്കില്‍ എങ്ങനെയിരിക്കും. ഇപ്പോള്‍ ജ്യേഷ്ഠന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മിനിമം ഒരു ദിവസത്തെ മെനക്കേടാണ്. കൂടാതെ വാഹനവും വേണ്ടി വരും. ഒന്നിച്ച് ഒരിടത്താണെങ്കില്‍, കുടുംബാംഗങ്ങള്‍ക്കിടയിലെ രോഗസന്ദര്‍ശനം, മരണം, സല്‍ക്കാരം എന്നിവക്ക് വേണ്ടിയുള്ള യാത്രകള്‍ ചുരുങ്ങിക്കിട്ടും. ഇതിലൂടെ വന്നുചേരുന്ന സമയ, പണ, ആരോഗ്യ, ഇന്ധന, പരിസ്ഥിതി ലാഭങ്ങള്‍ ഓര്‍ക്കുക. എട്ട് വീടുകള്‍ക്ക് എട്ട് മതിലുകളും എട്ട് പൂന്തോട്ടങ്ങളും എട്ട് മേല്‍ക്കൂരകളും വേണം. എട്ട് കുടുംബങ്ങള്‍ ഒരു സമുച്ചയത്തിലാകുന്നതോടെ ഇതെല്ലാം ഒന്നായി ചുരുക്കാം. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു കുടുംബനാഥന് ദീര്‍ഘ യാത്ര നടത്തണമെങ്കില്‍ തന്റെ വീടിന്റ/വീട്ടുകാരുടെ സുരക്ഷിതത്വം വലിയൊരു തലവേദനയാണ്. കൂട്ടു ഫ്‌ളാറ്റിലാകുമ്പോള്‍ ആ തലവേദനയില്ല. കുടുംബത്തിലെ പ്രായമായവരുടെ സംരക്ഷണം, പേരമക്കളോടുത്തുള്ള അവരുടെ ആനന്ദങ്ങള്‍ എല്ലാം പ്രയാസമില്ലാതെ നടക്കുന്നു. പല വീടുകള്‍ പലയിടത്താകുമ്പോള്‍, അതുമായി ബന്ധപ്പെട്ട അനുബന്ധ സംവിധാനങ്ങളെല്ലാം ചേര്‍ന്ന് ഒരുപാട് കൃഷിഭൂമിയാണ് നഷ്ടപ്പെടുന്നത്. പല സ്ഥലങ്ങളില്‍ വീട് വെക്കുന്നത് ഒഴിവാക്കി ഫ്‌ളാറ്റ് സമുച്ചയമാകുന്നതിലൂടെ നമുക്ക് അത്രയും കൃഷി ഭൂമി ലാഭിക്കാന്‍ കഴിയുന്നു.
കുടുംബത്തിന് അവരുടെതായ വ്യക്തിത്വവും സ്വാതന്ത്ര്യവും ലഭിക്കുന്നില്ല എന്നതാണ് കൂട്ടുകുടുംബ വ്യവസ്ഥയുടെ ഏറ്റവും വലിയ ദൗര്‍ബല്യം. ദാമ്പത്യ ജീവിതത്തിന്റെ തുടക്ക നാളുകളില്‍ അത് യഥോചിതം ആസ്വദിക്കാന്‍ പല ദമ്പതികള്‍ക്കും സാധിക്കാതെ വരുന്നതില്‍ കൂട്ടുകുടുംബത്തിന്റെ കെട്ടുപാടുകള്‍ കാരണമാവും. എന്നാല്‍, എല്ലാവരും ഒന്നിച്ച് താമസിക്കുമ്പോള്‍ സംഭവിക്കുന്ന പങ്കുവെക്കലുകളും ബന്ധങ്ങളും കുടുംബാംഗങ്ങളുടെ വ്യക്തിത്വ രൂപീകരണത്തെയും മാനസിക വികാസത്തെയും ഗുണപരമായി സ്വാധീനിക്കുന്നുവെന്നതാണ് കൂട്ടുകുടുംബത്തിന്റെ പോസിറ്റീവ് ഗുണമായി വിലയിരുത്തപ്പെടുന്നത്. കുടുംബ ഫ്‌ളാറ്റ് എന്ന ആശയം വികസിപ്പിക്കുന്നതിലൂടെ ഈ രണ്ട് സാധ്യതകളും നേടിയെടുക്കാന്‍ കഴിയും. ഓരോ കുടുംബവും അവരവര്‍ക്ക് സ്വന്തമായ ഫ്‌ളാറ്റുകളില്‍ അവരുടെ മുന്‍ഗണനകളും അഭിരുചികളുമനുസരിച്ച് ജീവിക്കുന്നു. അതോടൊപ്പം മാതാപിതാക്കളും സഹോദരങ്ങളുമടക്കമുള്ള ബന്ധുജനങ്ങള്‍ സമീപത്ത് തന്നെയുണ്ട് താനും. വൈകുന്നേരങ്ങളിലും ഒഴിവുദിവസങ്ങളിലും അവര്‍ ഒത്തുചേരുന്നു. അവരുടെ മക്കള്‍ തമ്മില്‍ ഹൃദയ ബന്ധം സ്ഥാപിക്കുന്നു. ഒരേ സമയം കൂട്ടുകുടുംബത്തിന്റെയും അണുകുടുംബത്തിന്റെയും സാധ്യതകള്‍ സമന്വയിക്കുകയാണിവിടെ. തൊഴില്‍പരമായ കാരണങ്ങളാല്‍ കുടുംബാംഗങ്ങള്‍ ചിതറിപ്പോയവര്‍ക്ക് ഒരു പക്ഷേ ഇതു സാധിച്ചുകൊള്ളണമെന്നില്ല. തൊഴിലിടങ്ങളിലെ സഹപ്രവര്‍ത്തകര്‍, പ്രസ്ഥാന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ഈ ആശയം പരീക്ഷിച്ചു നോക്കാവുന്നതാണ്. പ്രവാസകാലത്ത് അടുത്ത സൗഹൃദത്തിലായ കുടുംബങ്ങളുണ്ടാവും. അവര്‍ക്ക് നാട്ടിലെത്തിയാലും തുടരാവുന്ന ബന്ധമെന്ന നിലക്ക് ആലോചിക്കാവുന്നതാണ് ഈ രീതി.
ഒരു വലിയ കുടുംബം കൂട്ടു ഫ്‌ളാറ്റിലേക്ക് മാറുമ്പോഴുള്ള മെച്ചങ്ങളാണ് ഇതുവരെയും സൂചിപ്പിച്ചത്. ഇത്, ഒന്നിലേറെ കുടുംബങ്ങള്‍ ചേര്‍ന്നാകുമ്പോള്‍ ഇതിലും വിസ്തൃതമാക്കാന്‍ കഴിയും. ഈ കാഴ്ചപ്പാട് വികസിപ്പിച്ച് ഒരു ഗ്രാമത്തില്‍ എല്ലാവരും ഇങ്ങനെ ഒരു പ്രത്യേക സ്ഥലത്ത്, വിവിധ ഫ്‌ളാറ്റുകളിലായി, താമസിക്കുന്ന രീതി സ്വീകരിക്കാം. സ്‌കൂള്‍, മാര്‍ക്കറ്റ്, ഹെല്‍ത്ത് സെന്റര്‍, സര്‍ക്കാറിന്റെ ഗ്രാമീണ കാര്യാലയങ്ങള്‍ (വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്...) എന്നിവ ഈ താമസ കേന്ദ്രത്തിന് സമീപത്ത് തന്നെയായിരിക്കുക. നമുക്കിതിനെ ഇന്റഗ്രേറ്റഡ് വില്ലേജ് ടൗണ്‍ഷിപ്പ് എന്ന് വിളിക്കാം. അങ്ങനെ കേരളത്തിന്റെ മൊത്തം ആവാസ ഘടന ഈ നിലയില്‍ പുനര്‍നിര്‍ണയിക്കുകയാണെങ്കില്‍ കൃഷി ഭൂമിയും പദ്ധതി ഭൂമിയും ലഭിക്കുന്നില്ല എന്ന ഇന്നത്തെ പ്രശ്‌നത്തിന് വലിയൊരു പരിഹാരമാവും. യാത്രക്ക് വേണ്ടിവരുന്ന അധ്വാനം, സമയം, പണം, പരിസ്ഥിതി ആഘാതം എന്നിവയില്‍ വലിയ കുറവ് വരുത്താന്‍ കഴിയും. ഓരോ വീടിന്റെയും പരിസരം, മതില്‍, ഉദ്യാനം എന്നിവ ഉണ്ടാക്കാനും സംരക്ഷിക്കാനുമുള്ള ചെലവുകള്‍ കുറച്ച് കൊണ്ടുവരാന്‍ കഴിയും. സുരക്ഷിതത്വവും കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അടുപ്പവും കൂടും.
കേരളം മുഴുക്കെ വീടുകള്‍ വ്യാപിച്ചുകിടക്കുന്നുവെന്ന് പറയുന്നതിന്റെ മറ്റൊരര്‍ഥം കേരളം മുഴുക്കെ സെപ്റ്റിക് ടാങ്കുകള്‍ വ്യാപിച്ചു കിടക്കുന്നുവെന്ന് കൂടിയാണ്. കേരളത്തിന്റെ മഹാ അനുഗ്രഹമാണ് വ്യാപകമായി ലഭ്യമായ ഭൂഗര്‍ഭ ശുദ്ധജലം. ശുദ്ധജല ലഭ്യതയെ തുറിച്ചു നോക്കുന്ന ഒരു ഭീകര യാഥാര്‍ഥ്യമാണ് സെപ്റ്റിക് ടാങ്കുകളുടെ ഈ ആധിക്യം. കേരളത്തിലെ മൊത്തം സെപ്റ്റിക് ടാങ്കുകളുടെ വ്യാപ്തി ഒന്നിച്ചുവെച്ചാല്‍ അത് ഒരു പക്ഷേ, ഏതാണ്ട്, വയനാട് ജില്ലയോളം വരും. അതായത് ശരിക്കും ഒരു മലനാട്! ഈ മലം നമ്മുടെ ജലസ്രോതസ്സുകളെ ഭീഷണിപ്പെടുത്തുന്നു. ഒപ്പം വലിയൊരു ഊര്‍ജ്ജേസ്രാതസ്സാണ് ഈ മലശേഖരമെന്നും നാം മനസ്സിലാക്കണം. കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് മാലിന്യ നിര്‍മാര്‍ജനം. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആഭ്യന്തരം കോടിയേരിയോ വി.എസോ എന്ന വലിയൊരു രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. ആ 'സന്ദര്‍ഭത്തില്‍ ആഭ്യന്തര വകുപ്പല്ല; മാലിന്യ നിര്‍മാര്‍ജന വകുപ്പാണ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്' എന്ന് സക്കറിയ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇന്റഗ്രേറ്റഡ് വില്ലേജ് ടൗണ്‍ഷിപ്പ് എന്ന കാഴ്ചപ്പാടിലേക്ക് നാം മാറുമ്പോള്‍ ഈ പ്രശ്‌നത്തിന് വലിയൊരു പരിഹാരമാകും അത്. ഇത്തരം ടൗണ്‍ഷിപ്പിലെ മാലിന്യങ്ങളും അവശിഷ്ടങ്ങളും -സെപ്റ്റിക് മാലിന്യം ഉള്‍പ്പെടെ-കേന്ദ്രീകൃതമായി ശേഖരിക്കാനും ശുദ്ധീകരിക്കാനുമുള്ള സംവിധാനം എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ കഴിയും. കൂടാതെ, ടൗണ്‍ഷിപ്പിനാവശ്യമായ ബയോഗ്യാസിന്റെ നല്ലൊരംശം ഇത്തരം പ്ലാന്റില്‍ നിന്ന് ഉദ്പാദിപ്പിക്കാനും കഴിയും. മനുഷ്യ മലമുള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങളില്‍ നിന്ന് ഊര്‍ജം ഉദ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ ഇന്ന് എളുപ്പവും വ്യാപകവുമാണ്.
അങ്ങനെ കേരളം ഇത്തരം വില്ലേജുകള്‍ നിറഞ്ഞ ഒരു സംസ്ഥാനമാകുന്നു. നമുക്ക് വിശാലമായ കൃഷിഭൂമികള്‍ ഒഴിഞ്ഞു ലഭിക്കുന്നു. മാലിന്യം വന്നുചരാത്ത, ജല ശേഖരണികള്‍ കിട്ടുന്നു. പദ്ധതികള്‍ക്കും റോഡുകള്‍ക്കും എളുപ്പത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നു. കാര്‍ഷികോത്പാദനവും വ്യാവസായികോത്പാദനവും വര്‍ധിക്കുന്നു. ഇതല്ലാതെ നമുക്ക് വേറെ വഴിയുണ്ടോ?
പക്ഷേ ഈ സ്വപ്നം എങ്ങനെ യാഥാര്‍ഥ്യമാക്കും? നിലവിലെ അവസ്ഥയില്‍ അത് വളരെ പ്രയാസകരം തന്നെയാണ്. എന്നാലും മനസ്സുവെച്ചാല്‍ അത് സാധിക്കുകയും ചെയ്യും; പതിയെയാണെങ്കിലും. ഒന്നാമതായി കൂറ്റന്‍ വീടുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരണം. വ്യാപകമായ നികുതിയും പ്രത്യേകമായ വൈദ്യുതി താരിഫും അത്തരം വീടുകള്‍ക്ക് വേണം. 'മതില്‍ നികുതി' എന്ന പുതിയ ഇനം നികുതി തന്നെ ഏര്‍പ്പെടുത്താമെന്ന് തോന്നുന്നു. രണ്ടാം ഘട്ടമെന്ന നിലക്ക് ഓരോ ഗ്രാമത്തിലും നിര്‍ണിത പ്രദേശങ്ങള്‍ 'റെസിഡന്‍ഷ്യല്‍ സോണു'കളായി സര്‍ക്കാര്‍ നോട്ടിഫൈ ചെയ്യുക. (ഫലഭൂയിഷ്ടമല്ലാത്ത, മൊട്ടയായ പ്രദേശങ്ങളായിരിക്കും ഇതിന് നല്ലത്) ഇവ സര്‍ക്കാര്‍ ഏറ്റെടുത്ത് ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കുടുംബങ്ങള്‍ക്ക് വില്‍ക്കുകയോ സ്വന്തമായി ഫ്‌ളാറ്റ് നിര്‍മിച്ച് വില്‍ക്കുകയോ ചെയ്യുക. സ്വന്തം സ്ഥലത്ത് കുടുംബ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പാ സഹായങ്ങള്‍ ചെയ്യുക. ചെറുപ്പക്കാര്‍ക്കായി ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകള്‍ ട്രഷറിയിലോ ദേശസാത്കൃത ബാങ്കുകളിലോ ആരംഭിക്കുക. കുടുംബ ജീവിതം ആരംഭിക്കുന്ന മുറക്ക് ചെറുപ്പക്കാര്‍ക്ക് ഫ്‌ളാറ്റ് നേടിയെടുക്കാനുള്ള സാമ്പത്തിക അവസ്ഥ ഇതിലൂടെ വന്നുചേരണം. രണ്ടാം ഘട്ടത്തില്‍ ഓരോ ഗ്രാമത്തിലെയും നിര്‍ണിത പ്രദേശങ്ങള്‍ സമ്പൂര്‍ണമായും കൃഷി ഭൂമിയായി നോട്ടിഫൈ ചെയ്യുക. ഇത്തരം സ്ഥലങ്ങളില്‍ വീട് നിര്‍മാണം അനുവദിക്കരുത്. ഒപ്പം ഈ കാഴ്ചപ്പാടിനെക്കുറിച്ച ജനകീയ ബോധവല്‍കരണങ്ങള്‍ വ്യാപകമാക്കുക. പതുക്കെപ്പതുക്കെ നമ്മുടെ ആവാസഘടനയില്‍ മാറ്റം വരും. അങ്ങനെയല്ലാതെ, ഇന്നത്തെ രീതിയില്‍ നമുക്ക് മുന്നോട്ട് പോകാന്‍ വലിയ പ്രയാസം തന്നെയാണ്. കാരണം, ജനങ്ങള്‍ കൂടുന്നുണ്ട്; ഭൂമിയുടെ വിസ്തൃതി കൂടുന്നുമില്ല. സര്‍ക്കാറും വിദഗ്ദരും സന്നദ്ധ സംഘടനകളുമെല്ലാം ഈ വിഷയത്തില്‍ ഗൗരവപ്പെട്ട ആലോചന നടത്തേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top