''കൊഴിയാനായ് വെമ്പുന്ന നൊമ്പരപ്പൂക്കള്‍''

എ.യു റഹീമ No image

രാഗിണിയമ്മ. എഴുപത്തഞ്ച് വയസ്സ്. കുഷ്ഠരോഗം വന്നു മാറിയതാണ്. കാലിലെ മുറിവ് പഴുത്തത് അങ്ങനെത്തന്നെയിരിക്കുന്നു. എങ്ങനെ പഴുക്കാതിരിക്കും?
രണ്ടായിരം സ്‌ക്വയര്‍ഫീറ്റ് വരുന്ന മണിമാളിക. വിശാലമായ പുരയിടം. പിന്നില്‍ കണ്ണെത്താ ദൂരത്തില്‍ റബ്ബര്‍ തോട്ടം. ചുറ്റും ഫലവൃക്ഷങ്ങള്‍. വീടിനു മുമ്പില്‍ വിശാലമായ മുറ്റം അലങ്കാര ടൈല്‍സ് പതിപ്പിച്ചു മോടി പിടിപ്പിച്ചിരിക്കുന്നു. ചെടികളും പൂക്കളും ജലധാരായന്ത്രത്തില്‍ നിന്നും ഇടവിട്ട് തെറിച്ചുവീഴുന്ന ജലകണങ്ങളേറ്റ് കുളിര്‍മയോടെ തലയാട്ടി രസിക്കുന്നു. മണിമാളികയുടെ പിന്നില്‍ പഴയ വീട്ടുസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ തറവാട്. അതിനു പിന്നിലായി ആധുനിക രീതിയില്‍ സൗകര്യപ്പെടുത്തിയിരിക്കുന്ന കാലിത്തൊഴുത്ത്. തൊഴുത്തില്‍ നാലഞ്ച് പശുക്കള്‍. അവക്കിടയില്‍ പുല്‍ത്തൊട്ടിയിലിട്ടിരിക്കുന്ന പഴയ പച്ചക്കറിയില്‍ നിന്നും വെള്ളരിക്കയുടെ കഷ്ണങ്ങള്‍ നോക്കി പെറുക്കിയെടുക്കുന്ന രാഗിണിയമ്മ. കിട്ടിയ കഷ്ണങ്ങള്‍ ഉടുമുണ്ടില്‍ തുടച്ച് അപ്പോള്‍ തന്നെ വായിലിടുകയാണ് ആ വൃദ്ധ! പഴങ്കഞ്ഞിയല്ലാത്ത എന്തെങ്കിലുമൊന്ന് ഭക്ഷ്യവസ്തുവായി അവര്‍ക്കു കിട്ടിയിട്ട് കാലങ്ങളെത്രയോ ആയി! പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരെ കണ്ടപ്പോള്‍ അവര്‍ ആര്‍ത്തിയോടെ നോക്കി. അവര്‍ കൊടുത്ത ചെറിയ പൊതി കണ്ണുനീരോടെ കൈനീട്ടി വാങ്ങി. സന്തോഷത്തിന്റെ കണ്ണുനീരാണത്! എന്നിട്ടവര്‍ തന്റെ കിടപ്പറയിലേക്കു നീങ്ങി.
എവിടെയാണ് രാഗിണിയുടെ കിടപ്പറ? തൊഴുത്തിന്റെ മറ്റേ അറ്റത്ത്! ഒരറ്റത്ത് ചുരുട്ടി വച്ചിരിക്കുന്ന കിടക്കപ്പായയുടെ മുകളിലിരുന്ന് ആര്‍ത്തിയോടെ അവര്‍ ആ പൊതിയഴിച്ച് തിന്നാന്‍ തുടങ്ങി! കഴിച്ചുകൊണ്ടിരിക്കെ രാഗിണിയമ്മയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ പൊതിയിലേക്കടര്‍ന്നു വീണുകൊണ്ടിരുന്നു. ഗതകാല ചിന്തകളുടെ വേലിയേറ്റം, അവരുടെ കണ്‍തടങ്ങളുടെ തീരം തകര്‍ത്തു താഴോട്ടൊഴുകിക്കൊണ്ടിരുന്നു...!
ധാരാളം സമ്പത്ത്, അതെല്ലാം കൃഷിയിലൂടെ നേടിയതാണ്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടു. ഏക മകന്‍ പഠനത്തില്‍ നിന്നും വഴുതിമാറി രാഷ്ട്രീയക്കാരുടെ ചൂടുചോറു മാന്തുന്ന കുട്ടിക്കുരങ്ങനായി. അമ്മയുടെ നിയന്ത്രണത്തിലൊതുങ്ങാതെയായി. മാത്രമല്ല കഠിന ഹൃദയനുമായി. നേരും നെറിയും ധര്‍മവും നീതിയും മനഃസാക്ഷിയുമൊക്കെ അവനില്‍ നിന്നും അന്യമായി. ഒരുപാട് സുഹൃത്തുക്കളും 'അഭ്യുദയ കാംക്ഷികളും അവനുണ്ടായി. അവനെപ്പോലെയുള്ള രാഷ്ട്രീയ നേതാവിന്റെ മകളെ വിവാഹം കഴിച്ചു. അതോടെ അമ്മയുടെ സ്ഥാനം പുതിയ മാളികയില്‍ നിന്നും പഴയ തറവാട്ടിലേക്കും അവിടെ നിന്നും പിന്നെ തൊഴുത്തിലേക്കും നീങ്ങി. തൊഴുത്തിലേക്ക് നീങ്ങാന്‍ കാരണമുണ്ട്.
പത്തുപന്ത്രണ്ടു വര്‍ഷം മുമ്പ് അവര്‍ക്ക് കൈകാലുകളില്‍ ഒരു വൃണമുണ്ടായി. ബന്ധുക്കളിടപെട്ട് ചികിത്സിച്ച് ഭേദമാക്കിയതാണ്. പക്ഷേ, കുഷ്ഠരോഗമാണല്ലോ. ആശുപത്രിയില്‍ നിന്നും ഇരു ചെവിയറിയാതെ അമ്മയെ മകന്‍ കൊണ്ടുവന്നതാണ്. പിന്നെ പുറംലോകം കണ്ടിട്ടില്ല. സന്ദര്‍ശകരെ അനുവദിക്കില്ല. നാലാളറിയുന്നത് മാലോകരറിയുന്ന രാഷ്ട്രീയനേതാവായി വളര്‍ന്നുകൊണ്ടിരിക്കുന്ന മകന് കുറച്ചിലാണ്.
പാലിയേറ്റീവ് കെയറില്‍ രഹസ്യമായി കിട്ടിയ വിവരം വെച്ചാണ് അവിടെ എത്തിയത്. പ്രവേശനം കിട്ടില്ലെന്നറിഞ്ഞതിനാല്‍ അയാളില്ലാത്ത സമയം നോക്കിയാണ് ആദ്യമെത്തിയത്. ഇപ്പോഴും അങ്ങനെ തന്നെ! തൊഴുത്തിലെ ചാണകം വാരുന്നതും തൊഴുത്ത് വൃത്തിയാക്കുന്നതും രാഗിണിയമ്മ തന്നെയാണ്. ആ മിണ്ടാപ്രാണികള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമായിരുന്നെങ്കില്‍ തങ്ങളുടെ സഹായിയായ ആ വൃദ്ധക്ക് ദാഹം തീരാന്‍ മാത്രം പാല്‍ ചുരന്നു കൊടുക്കുമായിരുന്നു. വീട്ടുകാരെ ഭയമില്ലാത്ത കറവക്കാരനും അതുതന്നെ ചെയ്യുമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിനെ പിണക്കുന്നത് സൂക്ഷിച്ചുവേണമെന്ന് മനസ്സിലാക്കി ജീവിക്കുന്നവരാണല്ലോ നാം. അതുകൊണ്ടു എതിര്‍ക്കാന്‍ ത്രാണിയില്ലാത്ത പാലിയേറ്റീവ് പ്രവര്‍ത്തകരും അയാളില്ലാത്ത നേരം നോക്കി ഒരു കള്ളനെപ്പോലെ നാലുപാടും വീക്ഷിച്ച് പതിയെ ആ വൃദ്ധയെ സമീപിക്കേണ്ടിയിരിക്കുന്നു. കൊഴിയാനായ് വെമ്പുന്ന ഈ നൊമ്പരപ്പൂക്കള്‍ക്ക് ഇനിയുമധികം പീഡനങ്ങള്‍ ഏല്‍ക്കാതിരിക്കണമെങ്കില്‍ കേട്ടതും കണ്ടതും കേട്ടെന്നും കണ്ടെന്നും നടിക്കാതിരിക്കുകയാണ് ബുദ്ധി.
''മോളേ, എനിക്ക് മാറിയുടുക്കാന്‍ ഒരു വസ്ത്രമില്ല. ഒരെണ്ണം കൊണ്ടു താ മകളെ! പഴയതായാലും മതി...!!''
ആ അമ്മയുടെ നിവേദനം മനുഷ്യമനസ്സിനെ തകര്‍ക്കുന്നതായിരുന്നു. ധാരാളം ഭൂസ്വത്തുള്ള, സമൂഹത്തില്‍ ഉന്നത സ്ഥാനത്തേക്ക് ഇടിച്ചു കയറി ഇരിപ്പിടം കണ്ടെത്തിയ, എന്തു ചെയ്താലും സ്വന്തം പാര്‍ട്ടി രക്ഷക്കെത്തുന്ന, സുസജ്ജമായ സംവിധാനത്തില്‍ കഴിയുന്ന ഒരു മകന്റെ അമ്മയുടെ പരിവേദനമാണ് നമ്മളീ കേട്ടത്. ചാണകപ്പൊടി മേല്‍ക്കുമേല്‍ പറ്റിപ്പിടിച്ച് കട്ട പിടിച്ച ആ വസ്ത്രത്തില്‍, ലോകത്തിന്റെ സര്‍വ ദുഃഖങ്ങളും ആവാഹിച്ചെടുത്ത ഹൃദയത്തില്‍ നിന്നുയര്‍ന്ന ചുടുകണ്ണീര്‍ തുള്ളികള്‍ ഇറ്റിവീണു തെറിക്കുന്നത് തകര്‍ന്ന ഹൃദയത്തോടെ ഞാന്‍ നോക്കി നിന്നുപോയി. അന്നു തന്നെ അവര്‍ക്കുള്ള ഡ്രസ്സുകളും വൃത്തിയാക്കാനുള്ള സോപ്പും എണ്ണയും അടങ്ങുന്ന കിറ്റ് അവര്‍ക്കെത്തിച്ചു കൊടുത്തു.
പിന്നെ കണ്ടപ്പോള്‍ അവര്‍ അപേക്ഷിച്ചു, ''എന്നെ എവിടെയെങ്കിലും കൊണ്ടാക്കിത്താ മോളേ...!''
ഇവിടെയും നിസ്സഹായത നമ്മെ തളര്‍ത്തുന്നു. അവര്‍ക്കു ചുറ്റും അവരുടെ ജീവിത സ്വാതന്ത്ര്യത്തെ തടഞ്ഞു നിര്‍ത്തുന്ന വന്‍മതിലുകളാണ്. അമ്മ ഏതോ വൃദ്ധസദനത്തിലാണെന്ന് പുറം ലോകമറിയുന്നത് മകന് കുറച്ചിലാണ.് അയാള്‍ അവരെ വിട്ടുതരില്ല. ബലമായി എന്തെങ്കിലും ചെയ്യാന്‍ നമുക്ക് വകുപ്പില്ല!
പാവം രാഗിണിയമ്മ! ഇത്രയേറെ ശിക്ഷിക്കപ്പെടാന്‍ എന്തു തെറ്റാണ് ചെയ്തത്! ഒരിക്കല്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ആ വീട്ടുകാരിയോട് കെഞ്ചി നോക്കി. അവരെ വീട്ടില്‍ കയറ്റിക്കിടത്താന്‍. കുഷ്ഠരോഗം മാറിയതാണ്. അതിനിപകരില്ല എന്നൊന്നും അവര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. ശരീരത്തിലെ മുറിവ് പഴുക്കുന്നത് വൃത്തിഹീനത കൊണ്ടാണ്. വേണ്ടത്ര പരിചരണം നല്‍കിയാല്‍ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാം...! ഏതായാലും പഴയ വീട്ടിലെ വര്‍ക്കേരിയയില്‍ കയറിക്കിടന്നോളാന്‍ പറഞ്ഞു. അങ്ങനെ അവര്‍ക്കൊരു 'സ്ഥാനാരോഹണം' ലഭിച്ചു. പക്ഷേ, പിറ്റേന്നു മുതല്‍ അവര്‍ വീണ്ടും ആ തൊഴുത്തില്‍ വന്നു കിടന്നു. കാരണം ആ വര്‍ക്കേരിയയില്‍ ഒരു ബള്‍ബുപോലുമവര്‍ ഇട്ടുകൊടുത്തില്ല. തൊഴുത്തില്‍ പശുക്കള്‍ക്ക് ഒരു ബള്‍ബ് ഉണ്ട്. ആ വെളിച്ചവും ശബ്ദവും രാഗിണിയമ്മക്ക് ഒറ്റപ്പെടലിന്റെ ഭീതിയകറ്റുന്നതുമാണ്.
ദുഷ്ടസന്തതിയുടെ ബീജത്തെ സ്വന്തം വയറ്റിലിട്ട് മനുഷ്യന്റെ രൂപത്തില്‍ പ്രസവിച്ചു. സ്വന്തം ജീവരക്തം നല്‍കി വളര്‍ത്തി, ഊണും ഉറക്കവും നഷ്ടപ്പെടുത്തി പോറ്റി വലുതാക്കി. ഈ ഗുരുതരമായ തെറ്റ് മാത്രമല്ലേ ആ അമ്മ ചെയ്തുള്ളൂ?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top