ഫൂള്‍സ് ബുക്ക് വിശേഷങ്ങള്‍

കെ.വൈ.എ No image

ഫൂള്‍സ് ബുക്ക് വിശേഷങ്ങള്‍
''ഫ്രന്‍ഡ് = ചങ്ങാതി, സുഹൃത്ത്.
''ലൈക് = ഇഷ്ടപ്പെടുക
''ഐ ലൈക് മൈ ഫ്രന്‍ഡ് = ഞാന്‍ എന്റെ ചങ്ങാതിയെ ഇഷ്ടപ്പെടുന്നു.
''ഫ്രന്‍ഡ്= ചങ്ങാതി, സുഹൃത്ത്.
''ലൈക്= ഇഷ്ടപ്പെടുക..
അമ്മേ ആരു മരിച്ചാലാണ് അമ്മക്ക് എറ്റവുമിഷ്ടപ്പെടുക?''
കുട്ടന്‍ സംശയം ചോദിക്കുമ്പോഴൊക്കെ കുട്ടന്റമ്മക്ക് നെഞ്ചിടിപ്പു വരും. പഠിപ്പ് മടുക്കുമ്പോഴാണ് കുട്ടന് ഓരോ സംശയം തോന്നുക. അയ്യഞ്ച് മിനുട്ട് കഴിയുമ്പോഴാണ് കുട്ടന് പഠിപ്പ് മടുക്കുക.
അതുകൊണ്ട് കൂടെക്കൂടെ കുട്ടന്റമ്മ ഞെട്ടും. പക്ഷേ ഇത്തവണ കുറെ കൂടിപ്പോയി. മരിക്കുന്നത് ഇഷ്ടപ്പെടുകയോ?
''ആരു മരിച്ചാലും ഇഷ്ടാവില്ലല്ലോ, കുട്ടാ. ഇതെന്ത് ചോദ്യം?''
''പക്ഷേ ചേച്ചി പറഞ്ഞല്ലോ ഒരു ചാവേസ് മരിച്ചപ്പോ അരലക്ഷം പേര് ഇഷ്ടപ്പെട്ടു എന്ന്. അല്ലേ ചേച്ചി?''
''മരിച്ചത് അവര്‍ ഇഷ്ടപ്പെട്ടതല്ല. ലൈക് ചെയ്തതാ. അരലക്ഷത്തി ഒന്നാമത്തെതാണ് ഞാന്‍.''
കുട്ടന്റമ്മ ഡിക്ഷണറി എടുത്തു:
ഇവന് സ്‌കൂളീന്ന് കൊടുത്ത അസൈന്‍മെന്റാ. കുറെ വാക്കുകളുടെ അര്‍ഥം.''െലൈക്'' എന്നാല്‍ ഇഷ്ടപ്പെടുക എന്നാണ് ഇതിലുള്ളത്.
അത് ഡിക്ഷണറീല്, ഇത് ഫേസ്ബുക്കില്.
ഫേസ്ബുക്കില്‍ അങ്ങനെത്തന്നെയാണ്. ദല്‍ഹി പെണ്‍കുട്ടിയുടെ മരണത്തിനു വരെ കിട്ടി 'ലൈകി'ന്റെ കൂമ്പാരം. നമ്മുടെ ഡിക്ഷണറിയൊന്നും അവിടെ ചേരില്ല.
കുട്ടന്റമ്മ അന്തംവിട്ട് ഇരിക്കുമ്പോള്‍ മകള്‍ വിശദീകരിച്ചു: ഫേസ്ബുക്, ഇതാ, ഈ കമ്പ്യൂട്ടറിലെ ഒരു രാജ്യമാണമ്മേ. ജനസംഖ്യ 50 കോടി. ജനസംഖ്യയില്‍ ലോകത്തെ മൂന്നാമത്തെ രാജ്യമാണത്. ഒരു കൊല്ലം വരവ് 9600 കോടി ഡോളറാണത്രെ.
കുട്ടന്റമ്മ അന്തം വിട്ടു. അമേരിക്കയുടെ തലസ്ഥാനം ആഫ്രിക്കയാണെന്ന് ഉത്തരക്കടലാസില്‍ കൂസലില്ലാതെ എഴുതിയ ആളാണിപ്പോള്‍ ഇങ്ങനെ കൃത്യതയോടെ... അല്ല, ഇതും വെറുതെ തട്ടിവിടുന്നതാകില്ലേ?
നിനക്കെവിടുന്നു കിട്ടി ഈ വിവരമൊക്കെ?
ചെറിയച്ഛന്‍ പറഞ്ഞതാ. ഇപ്പോ ഞാന്‍ കണ്ടു. സംസാരിച്ചു വരികയാ.
ഇളയച്ഛനെപ്പഴാ...
അമേരിക്കയില്‍ നിന്ന് വന്നത് എന്നല്ലേ? വന്നില്ല. ഫേസ്ബുക്കിലാണ് കണ്ടത്.
വെറുതെയല്ലല്ലോ അവര്‍ക്ക് 9600 കോടി ഡോളര്‍ കിട്ടുന്നത്. എല്ലാവരും കൂടി അതില്‍ ചെലവാക്കുന്ന സമയത്തിന്റെ വിലയല്ലേ അത്. ശരി, ഈ ഫേസ്ബുക്കില്‍ എനിക്കും ഒന്നിരിക്കണം.
അതെന്തിനാ? അമ്മക്ക് അതൊന്നും പറ്റില്ല. അമ്മക്ക് പ്രൊഫൈല്‍ ഉണ്ടോ? ലോഗിന്‍ ചെയ്യാന്‍ അറിയാമോ?
കുട്ടന്റമ്മയുടെ തല താഴ്ന്നു. ഇതുവരെ ചീത്തപ്പേര് സമ്പാദിച്ചിട്ടില്ല. ഇന്നിപ്പോ ഇങ്ങനെയൊരു കുറച്ചില്...
രജനിക്ക് പാവം തോന്നി.
അമ്മേ, നെറ്റ് തുറന്ന് ലോഗ് ഓണ്‍ ചെയ്ത് ഒരു മെയില്‍ ഐഡി ഉണ്ടാക്കി ഫേസ്ബുക്ക് തുറന്ന് ഒരു അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ എപ്പോള്‍ വേണമെങ്കിലും ഫേസ് ബുക്കില്‍ ചെല്ലാം. യൂസര്‍നെയിമും പാസ്‌വേഡുമടിച്ച് ലോഗിന്‍ ചെയ്താല്‍ പിന്നെ ടൈം ലൈനോ ന്യൂസ് ഫീഡോ ക്ലിക്ക് ചെയ്യാം. ഗെയിം ആപ്പോ ഗ്രൂപ്പോ എടുക്കാം. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. പ്രൊഫൈല്‍ എഡിറ്റു ചെയ്യാം. അപ്പുറത്തെ അമ്മിണിയമ്മക്കും തെക്കേപ്പുറത്തെ ത്രേസ്യാമ്മക്കുമൊക്കെ ഫ്രന്റ്‌സ് റിക്വസ്റ്റയക്കാം. കമന്റയക്കാം. വീഡിയോ അപ്‌ലോഡ് ചെയ്ത് ഫ്രന്റ്‌സിനോടെല്ലാം ലൈക് ചെയ്യാന്‍ പറയാം. അവരയക്കുന്നത് ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്യാമമ്മേ. പിന്നെ ഫ്രന്റ്‌സുമായി ചാറ്റ് ചെയ്യാം. അമ്മക്ക് ഏതാണാദ്യം വേണ്ടത്?
എനിക്കൊരു ഗ്ലാസ്സ് വെള്ളം വേണം.
ചായ വേണോ? എഫ്ബിയില്‍ കുക്കറി ഐറ്റംസ് ഉണ്ടമ്മേ. ചോക്ലേറ്റിന്റെ ഫോട്ടോ, ബിരിയാണി ഫോട്ടോ... എന്റമ്മേ ഈ ഫേസ്ബുക്കിലങ്ങനിരുന്നാല്‍...
കുട്ടന്റമ്മക്ക് അരിശം വരുന്നുണ്ടായിരുന്നു.
ഇരിക്കാനെന്താ അതൊരു കസേരയാ?
അതായത് ഫേസ്ബുക്കില്‍ കയറിയാല്‍...
അപ്പോ അതെന്താ വണ്ടിയാ?
പോട്ടെ പോട്ടെ. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്താല്‍ പിന്നെ നേരം പോണതറിയില്ല.
അതില്‍ ആരൊക്കെ വരും?
എല്ലാരും. ക്ലാസ്‌മേറ്റ്‌സ് വന്നാല്‍ പിന്നെ രസമാ. അവരിട്ട ഉടുപ്പിന്റെ ഫോട്ടോ അയക്കും. ഞാന്‍ പല്ലുതേക്കുന്ന പടം അങ്ങോട്ടുമയക്കും. ഇന്നലെ ഷീബ കൈയിലിട്ട മൈലാഞ്ചിപ്പടത്തിന് എത്ര ലൈക്കാണെന്നോ കിട്ടിയത്! അതിപ്പഴും ഷെയര്‍ ചെയ്ത് കഴിഞ്ഞിട്ടില്ല. അന്നൊരുനാള്‍ ഒരാള്‍ ബൈക്കില്‍ നിന്ന് വീണതിന്റെ വീഡിയോ ഉണ്ടായിരുന്നു. നല്ല ക്ലിയര്‍ പടം.
ഇതുകൊണ്ടൊക്കെ എന്താ പ്രയോജനം?
ഉണ്ടല്ലോ. ഞങ്ങള്‍ ഒരു മത്സരം നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്ന പോസ്റ്റിന് ഒരു ഐസ്‌ക്രീം സമ്മാനം. ഞാന്‍ മിക്കവാറും ജയിക്കും. അച്ഛനെ കളിയാക്കുന്ന ഒരു പോസ്റ്റിന് എനിക്ക് 160 ലൈക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. ഫ്രന്റ്‌സിനോട് പറഞ്ഞ് ഇനിയും ലൈക്ക് വരുത്തും.
അപ്പോള്‍ ലൈക്ക് എന്നാല്‍ ഇഷ്ടം എന്നല്ല, അല്ലേ?
അല്ല. ഇഷ്ടം കാണിക്കാന്‍ സ്‌മൈലി ചേര്‍ക്കുകയാണ് ചെയ്യുക. അനിഷ്ടം കാണിക്കാന്‍ വേറെ സ്‌മൈലിയുണ്ട്.
ലൈക്ക് എന്നാല്‍ ഇഷ്ടപ്പെടലല്ല!
ശരി. ഫ്രന്റ്‌സ് എന്നു പറഞ്ഞാല്‍ ചങ്ങാതിമാരല്ലേ?
അല്ലല്ലോ. എനിക്ക് 506 ഫ്രന്റ്‌സ് ഉണ്ട്. അധികം പേരെയും എനിക്കിഷ്ടമല്ല.
എങ്കിപ്പിന്നെ അവരെങ്ങനെ ഫ്രന്റ്‌സായി?
അത് ഫേസ്ബുക്കിലല്ലേ? അവരെ എനിക്ക് ചീത്ത പറയണമെങ്കിലും ഫ്രന്റ്‌സാവണമല്ലോ. ഇന്നലെ ഫേസ്ബുക്ക് ഗ്രൂപ്പിലൊരുത്തനെ ഞാന്‍ ശരിക്കുമൊന്ന് വിരട്ടി.
എന്താ അവന്റെ പേര്?
തൊമ്മി അറ്റ് ഫണ്‍ ഡോട്ട് നെറ്റ്.
നാടേതാ?
ഫേസ്ബുക്ക്, അല്ലാതേതാ!
പണിയില്ലാത്തവരാണ് ഫേസ്ബുക്കിലെന്ന് അമ്മ പറഞ്ഞപ്പോള്‍ രജനി വിട്ടുകൊടുത്തില്ല. തൊഴിലില്ലായ്മക്കുള്ള പരിഹാരമാണത്രെ അത്. കച്ചവടക്കാര്‍ കച്ചവടം ചെയ്യുന്നു. വിദ്യാര്‍ഥികള്‍ പഠിക്കുന്നു. അധ്യാപകര്‍ പഠിപ്പിക്കുന്നു. പ്രത്യേക പണിയില്ലാത്തവര്‍ ഫേസ്ബുക്ക് നോക്കുന്നു.
കുട്ടന്‍ ഓടിക്കിതച്ചെത്തുന്നത് അപ്പോഴാണ്. അമ്മയെയും ചേച്ചിയെയും ഫേസ്ബുക്ക് ചര്‍ച്ചയില്‍ കുടുക്കി രക്ഷപ്പട്ടതായിരുന്നു അവന്‍.
കുട്ടന്‍ നിന്ന് കിതക്കുന്നു. അമ്മേ, അപ്പുറത്തെ അമ്മിണിയമ്മയെ ബൈക്കിടിച്ചു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടന്റമ്മ രജനിയോടു പറഞ്ഞു: നീയൊന്ന് ഓടിച്ചെന്ന് നോക്ക്. അവള്‍ ഓടി അകത്തേക്ക്.
ഒറ്റ മിനിട്ട്, അമ്മേ, -അവള്‍ പറഞ്ഞു: ഒന്ന് എഫ്ബിയില്‍ കേറട്ടെ. ന്യൂസ് ഇടാനാ. നേരത്തെ ഇട്ടാല്‍ മുന്നൂറ് ലൈക്കെങ്കിലും കിട്ടും. ഒരു ഫോട്ടോ കിട്ടുമോ ആവോ? മൊബൈലില്‍ ആരും പിടിച്ചിട്ടില്ലേ?
അതെങ്ങനെ? അവള്‍ സ്വയം പറഞ്ഞു: അത്ര സെന്‍സുള്ളവര്‍ ഇവിടെ ഉണ്ടെങ്കിലല്ലേ?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top