കരുതിവെക്കാം; പാഴാക്കാതെ

വി.നന്ദകുമാര്‍ No image

ഇനിയൊരു ലോകമഹായുദ്ധമുണ്ടെങ്കില്‍ അത് ജലത്തിനുവേണ്ടിയായിരിക്കും എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നാം എത്തി നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു നമ്മെയും നമ്മുടെ വിഭവങ്ങളെയും ചൂഷണം ചെയ്തിരുന്നതെങ്കില്‍ ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഡസന്‍ കണക്കിനു കമ്പനികളാണു ജലചൂഷണത്തിനും, അനുബന്ധവ്യവസായങ്ങളിലൂടെ സമ്പത്ത് ചൂഷണത്തിനും തുനിഞ്ഞിറങ്ങിയിട്ടുള്ളത്. പുതിയ നയത്തിന്റെ ഭാഗമായി കുടിവെള്ള വിതരണവും, വൈദ്യുതി വിതരണവും കമ്പനിവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും പാതയിലാണ്. വരാന്‍പോകുന്ന അവസ്ഥയില്‍ വെള്ളത്തിന്റെ വില ഗണ്യമായി വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ സാഹചര്യത്തെ നേരിടാന്‍ നാം തയ്യാറെടുക്കേണ്ടതുണ്ട്. നമ്മുടെ കിണറുകളും, മരങ്ങളും, കാടുകളും സംരക്ഷിക്കുന്നതു കൂടാതെ ജല ഉപയോഗം സൂക്ഷ്മമായി നിയന്ത്രിക്കുകയും പുനരുപയോഗത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.
2012-ലെ ഇടവപ്പാതിയും, തുലാവര്‍ഷവും ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തില്‍ നാം ശുദ്ധജല ദൗര്‍ലഭ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ ശുദ്ധജല സംഭരണം, സംരക്ഷണം, ഉപയോഗം, പാഴ്ജല ശുദ്ധീകരണം, പുനരുപയോഗം എന്നിവയെ കുറിച്ച് സൂക്ഷ്മമായ ചിന്തയും പ്രവര്‍ത്തനവും നമുക്ക് അത്യാവശ്യമായിരിക്കുന്നു. ശുദ്ധജലത്തിനുവേണ്ടി നാം കിണറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ന് കിണറുകളിലെയും കുഴല്‍ കിണറുകളിലെയും ശുദ്ധജലത്തിന്റെ വിതാനം കുറഞ്ഞു വരികയും മലിനമായികൊണ്ടിരിക്കുകയുമാണ്. ഇതിനു പ്രധാന കാരണം നീര്‍ത്തടങ്ങളും വയലുകളും നികത്തുക, കുന്നുകളും മലകളും ഇടിക്കുക, വനനശീകരണം തുടങ്ങിയ പരിസ്ഥിതി നാശപ്രവര്‍ത്തനങ്ങളും മലിനജലശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതും ആകുന്നു. ഇത്തരം പരിസ്ഥിതി നാശപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ശക്തമായ നിയമങ്ങള്‍ ഇനിയും ഉണ്ടാവേണ്ടതാണ്.
കിണറുകളിലെയും, കുഴല്‍കിണറുകളിലെയും ജലവിതാനം ഉയര്‍ത്തുന്നതിനായി മഴവെള്ളത്തിന്റെ ശരിയായ വിനിയോഗം ആവശ്യമാണ്. മഴവെള്ളസംഭരണ (Rain water Harvesting)ത്തിന് ഇന്ന് പലവിധ രീതികളും നിലവിലുണ്ട്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് ഒഴുകിവരുന്ന ജലം ഒരു ചാനലിലൂടെ ശേഖരിച്ച് അരിപ്പ (Filter)യിലൂടെ ടാങ്കില്‍ ശേഖരിക്കാവുന്നതാണ്. ടാങ്ക് നിറഞ്ഞശേഷം ജലം കിണറുകളിലേക്കോ, കുഴല്‍കിണറുക (Tubewell charging) ളിലേക്കോ ഒഴുക്കി വിടാവുന്നതാണ്. കൃഷിയിടങ്ങളിലും മറ്റും കിടങ്ങുകള്‍ എടുത്ത് അതില്‍ മഴവെള്ളം ശേഖരിച്ചുവെക്കുന്നത് മഴവെള്ളം കൂടുതല്‍ മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് സഹായിക്കും. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം പുതിയ കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തി ജലസമ്പത്ത് വര്‍ധിപ്പിക്കുന്നത് നമുക്കും ഭാവി തലമുറകള്‍ക്കും അനുഗ്രഹമായി തീരും.
ജലസംഭരണം
കിണറുകളോ, കുഴല്‍കിണറുകളോ ഇല്ലാത്തവര്‍ക്ക് പൊതുജലവിതരണ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന ജലമാണ് ആശ്രയം. കേരളത്തില്‍ കേരള ജല അതോറിറ്റിയാണ് പ്രധാനമായും ജലവിതരണം നടത്തുന്നത്. ജനകീയ കമ്മറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ചെറിയ പദ്ധതികള്‍ വഴിയും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. കേരള ജലഅതോറിറ്റിയുടെ ജലവിതരണ ശൃംഘലകള്‍ ഉള്ള സ്ഥലങ്ങളില്‍ അതത് സബ് ഡിവിഷന്‍ ഓഫീസുകളുമായി ബന്ധപ്പെട്ടാല്‍ ജല ലഭ്യത സാധ്യതാ പഠനത്തിനുശേഷം കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതാണ്. ഇതിനായി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ പ്രമാണ (Ownership Certificate)ത്തോടൊപ്പം നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിച്ചശേഷം അറിയിപ്പു ലഭിക്കുന്ന മുറക്ക് ഗാര്‍ഹിക കണക്ഷന് 550 രൂപയും ഗാര്‍ഹികേതര കണക്ഷന് 1050 രൂപയും അടച്ച് റോഡില്‍ അല്ലെങ്കില്‍ ഫുട്പാത്തില്‍ കുഴിയെടുത്ത് പൈപ്പ് ഇടുന്നതിനുള്ള അനുമതിപത്രം പൊതുമരാമത്ത് വകുപ്പില്‍ നിന്നോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ വാങ്ങി സമര്‍പ്പിക്കുന്നപക്ഷം കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതാണ്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പരാതികളും, സംശയങ്ങളും അറിയിക്കുന്നതിന് അതത് സബ് ഡിവിഷന്‍ ഓഫീസ് ഫോണ്‍ നമ്പറിലോ, 1800 425 5313 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
കുഴല്‍ കിണര്‍
ജല അതോറിറ്റിയുടെ വിതരണ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭൂജലവകുപ്പിലെ വിദഗ്ധരെ കൊണ്ട് സര്‍വെ നടത്തിച്ച് കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നത് ഗുണമേന്മയുള്ള ജലം ലഭിക്കുന്നതിനും, ജലം ലഭിക്കാതെ കിണര്‍ പാഴായി പോകാതിരിക്കാനും സഹായിക്കുന്നതാണ്. ഇതിനായി ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വകുപ്പില്‍ അപേക്ഷിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി അനുസരിച്ച് കുഴല്‍ കിണറുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇതിന് ഇപ്പോഴത്തെ ഫീസ് മീറ്ററിന് 230 രൂപ നിരക്കിലാണ്. ചില ബ്ലോക്കുകളില്‍ ഇതിനും ഭൂജലവകുപ്പിന്റെ അനുമതി ആവശ്യമാണ്.
ജലദുരുപയോഗം
ജലത്തിന്റെ ഉപയോഗം ആവശ്യത്തിലധികം ആകുമ്പോള്‍ അത് ദുരുപയോഗമായി മാറുന്നു. ഓരോ തുള്ളി ജലം ഉപയോഗിക്കുമ്പോഴും ലോകത്ത് കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നവരും കോടികള്‍ ചെലവാക്കേണ്ടി വരുന്നവരുമുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. സെക്കന്റില്‍ ഒരു തുള്ളിവീതമാണ് നിങ്ങളുടെ വാട്ടര്‍ ടാപ്പില്‍ നിന്നും ശരിയായി അടക്കാത്തതുമൂലമോ, റിപ്പയര്‍ ചെയ്യാത്തതുമൂലമോ ജലം നഷ്ടപ്പെടുന്നത് എന്ന് കരുതുക. ഒരു തുള്ളി എന്നത് 0.15 മി.ലിറ്റര്‍ എന്ന് ശരാശരി കണക്കാക്കിയാല്‍ ഒരു വര്‍ഷം കൊണ്ട് നഷ്ടപ്പെടുന്ന ജലം 4730 ലിറ്റര്‍. ഇത് ഒരാള്‍ക്ക് ഒന്നോ രണ്ടോ മാസത്തേക്ക് എല്ലാ വ്യക്തിഗത ആവശ്യത്തിനും ഉപയോഗിക്കാവുന്ന അത്രയും ജലം ആണ്.
ടാപ്പ് പൂര്‍ണ്ണമായും തുറന്നുവെച്ച് കൈ കഴുകുമ്പോള്‍ ഏകദേശം ഒന്നര ലിറ്റര്‍ ശരാശരി ഉപയോഗിക്കേണ്ടി വരുന്നു. എന്നാല്‍ അതേ വാട്ടര്‍ ടാപ്പ് ആവശ്യത്തിനുള്ള കുറഞ്ഞ വേഗത്തിലാക്കി വെച്ച് ഉപയോഗിക്കുമ്പോള്‍ ആ ഉപയോഗത്തിന് നമുക്ക് അര ലിറ്റര്‍ ശരാശരി ആയി കുറക്കാന്‍ സാധിക്കുന്നു. ഇത്തരത്തില്‍ എത്രത്തോളം ജലം ലാഭിക്കാന്‍ സാധിക്കുന്നുവോ അതൊക്കെ നാം ശീലിക്കുക. കുളിക്കുന്നതിന് ഷവര്‍ ഉപയോഗിക്കുന്നത് ശീലമാക്കുക.
വീട്ടില്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടാപ്പുകള്‍ ആവശ്യത്തിനുള്ള കുറഞ്ഞ ജലപ്രവേഗത്തിലാക്കുന്നതിന് വാഷ്‌ബേസിനുകളുടെയും, സിങ്കിന്റെയും മെയിന്‍ വാല്‍വുകളോ, അല്ലെങ്കില്‍ പൈപ്പ്‌ലൈനിന്റെ മെയിന്‍ വാല്‍വുകളോ നിയന്ത്രിതമായ രീതിയില്‍ തുറന്നു വെച്ചാല്‍ മാത്രം മതി.
പൂന്തോട്ടവും, പച്ചക്കറിത്തോട്ടവും നനക്കുന്നതിന് ഡ്രിപ്പ് ഇറിഗേഷന്‍ രീതി ഉപയോഗിക്കുന്നതിലൂടെ വളരെയധികം ജലനഷ്ടം കുറക്കാം. ഇതിനായി പൈപ്പുകള്‍ ഉപയോഗിച്ചുള്ള ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളില്‍ ചെറുദ്വാരങ്ങളിട്ട് ഡ്രിപ്പ് ഇറിഗേഷന്‍ വളരെ ലളിതമായി നടപ്പാക്കാവുന്നതാണ്.
പൈപ്പ്‌ലൈനുകളിലെ പൊട്ടല്‍ മൂലവും, ജോയിന്റുകളിലെ ലീക്കുമൂലവും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. ഇവ കണ്ടെത്തി യഥാസമയം റിപ്പയര്‍ ചെയ്യുന്നത് ജലനഷ്ടവും ധനനഷ്ടവും കുറക്കും. ടാങ്കുകളിലെ ലീക്കുമൂലവും ധാരാളം ജലം നഷ്ടപ്പെടാം. കോണ്‍ക്രീറ്റിന്റെയും, മേസണറി ഗ്രൗണ്ട് ലെവല്‍ ടാങ്കുകളിലെ ലീക്കുകള്‍ കണ്ടുപിടിക്കുവാന്‍ പ്രയാസകരമാണ്. സംഭരണടാങ്കുകളിലേക്കുള്ള ആഗമനം നിയന്ത്രിക്കുന്നത് ഫ്‌ളോട്ടിംങ് വാള്‍വ് ഉപയോഗിച്ചാണെങ്കില്‍ അത് യഥാസമയം പരിശോധിച്ച് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് സംഭരണി നിറഞ്ഞൊഴുകി ജലം നഷ്ടപ്പെടുന്നത് ഒഴിവാക്കാവുന്നതാണ്. ഫ്‌ളഷിംങ് ടാങ്കുകളിലെ വാള്‍വുകള്‍ വേഗത്തില്‍ കേടാവുന്നതുകാരണം ഇത് യഥാസമയങ്ങളില്‍ പരിശോധിച്ച് ലീക്ക് ഇല്ലെന്ന് ഉറപ്പുവരുത്തണം. തുരുമ്പെടുത്ത പൈപ്പുകള്‍ ലീക്ക് ആകുന്നതിനുമുമ്പുതന്നെ മാറ്റി സ്ഥാപിക്കുന്നതാണ് ഉത്തമം. അല്ലാത്തപക്ഷം ലീക്ക് ശ്രദ്ധയില്‍പെടുമ്പോഴേക്കും ധാരാളം ജലം നഷ്ടപ്പെടുകയും ബില്‍ തുക അധികമായി ധനനഷ്ടം ഉണ്ടാവുകയും ചെയ്യും.
ജലസംഭരണം
പൈപ്പുകളിലെയും ടാങ്കുകളിലെയും പൊട്ടല്‍ മൂലവും, വിള്ളല്‍ മൂലവും മലിനജലമോ മറ്റു മാലിന്യമോ അതിലേക്ക് കലര്‍ന്ന് ജലം ഉപയോഗയോഗ്യമല്ലാതായിത്തീരും. ജലത്തിന്റെ ഭൗതികഗുണങ്ങളെക്കുറിച്ച് നമുക്ക് അറിവുള്ളതാണല്ലോ. നിറമില്ലാത്ത, മണമില്ലാത്ത, രസമില്ലാത്തതാണ് ശുദ്ധജലം. ഇതില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ കാണുന്നപക്ഷം ജലത്തിന്റെ സാമ്പിളെടുത്ത് ജലപരിശോധനാ സൗകര്യങ്ങളുള്ള ഒരു ലബോറട്ടറിയില്‍ പരിശോധനക്ക് അയക്കേണ്ടതാണ്. കേരള വാട്ടര്‍ അതോറിറ്റിയിലും, ഭൂജല വകുപ്പിലും ഇത്തരം ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിശ്ചിത ഫീസടച്ച് രണ്ട് ലിറ്റര്‍ കൊള്ളുന്ന സ്റ്റെറിലൈസ് ചെയ്ത കുപ്പിയിലോ അല്ലെങ്കില്‍ ലബോറട്ടറിയില്‍ നിന്നും നിര്‍ദേശിക്കുന്ന തരത്തിലോ സാമ്പിള്‍ കൊടുത്താല്‍ പരിശോധന നടത്തുന്നതാണ്. ഗുണനിലവാര പരിശോധനയില്‍ ഇരുപത്തഞ്ചോളം പാരാമീറ്ററുകള്‍ ഉണ്ട്.
സാധാരണയായി കിണറുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ശുദ്ധീകരിക്കുകയും, മൂന്നു മാസത്തിലൊരിക്കലോ അല്ലെങ്കില്‍ ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളിലോ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തുന്നത് ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തും. ഇതിനായി ബ്ലീച്ചിംഗ് പൗഡറുകള്‍ സര്‍ക്കാരിന്റെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാണ്. കുടിവെള്ള സംഭരണികള്‍ മൂന്നു മാസത്തിലൊരിക്കലെങ്കിലും ശുദ്ധീകരണം നടത്തുന്നത് അഭികാമ്യമാണ്. കുടിക്കാനുപയോഗിക്കുന്ന ജലം തിളപ്പിച്ചാറിയശേഷം ഉപയോഗിക്കുന്നത് ആരോഗ്യം നിലനിര്‍ത്തും. ഗുണനിലവാരമുള്ള ഫില്‍ട്ടറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതും ഉപയോഗിക്കാവുന്നതാണ്.
വ്യവസായശാലകളിലും, ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍ പോലുള്ള വലിയ സ്ഥാപനങ്ങളിലും മലിനജല ശുദ്ധീകരണം ഇപ്പോള്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലിനജല ശുദ്ധീകരണി ഉപയോഗിക്കുന്നത് പരിസ്ഥിതി മലിനീകരണം വളരെയധികം കുറക്കും. ഇങ്ങനെ ശുദ്ധീകരിച്ചെടുത്ത മലിനജലം തോട്ടം നനക്കാനും മറ്റും ഉപയോഗിക്കുന്നു. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചെറിയ ശുദ്ധീകരണികള്‍ ലഭ്യമാണ്. എന്നാല്‍ പ്രചാരത്തിലെത്തിയിട്ടില്ല. ഇനിയും ഈ മേഖലയില്‍ പഠനഗവേഷണങ്ങള്‍ നന്നായി നടക്കേണ്ടതായിട്ടുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top