മൈസൂര്‍ കല്യാണം

കെ.പി സല്‍വ No image

മറ്റു നാടുകളിലുള്ള കല്ല്യാണങ്ങള്‍ മലയാളത്തിലെന്നും വാര്‍ത്തയാണ്. അറബികല്ല്യാണം, മൈസൂര്‍ കല്ല്യാണം, ഹൈദരാബാദ് കല്ല്യാണം, ഹരിയാന കല്ല്യാണം, നിലമ്പൂര്‍ കല്ല്യാണം, വയനാട് കല്ല്യാണം... ഭരണ രംഗത്ത് വരെ പ്രതികരണമുണ്ടാക്കിത്തരുന്നു അറബികല്ല്യാണങ്ങള്‍. പത്രമാധ്യമങ്ങള്‍ക്ക് ഇതൊരാഘോഷമാണ്. കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ മാതൃഭൂമി ദിനപത്രം തിരിച്ചുവരുന്ന മൈസൂര്‍ കല്ല്യാണങ്ങളെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്തു. കേരളത്തിലെ മുസ്‌ലിം ദരിദ്ര വിഭാഗങ്ങളില്‍ നിന്നും മൈസൂരിലെ ഗല്ലികളിലേക്കെത്തിപ്പെടുന്ന ദുരിത ജന്മങ്ങളെക്കുറിച്ചായിരുന്നു അത്. അതിവൈകാരികമായ ഭാഷ. മുഖ്യധാരാ മാധ്യമങ്ങളുടെ മുസ്‌ലിം നിലപാടിന്റെ മികവും ചേരുവയുമായിരിക്കും ഇത്തരം വാര്‍ത്തകള്‍. മുസ്‌ലിം സമുദായത്തില്‍ നടക്കുന്നവ മാത്രം ഹൈലേറ്റ് ചെയ്യുക, മറ്റുള്ളവ പരാമര്‍ശിച്ചോ ഒഴിവാക്കിയോ വിടുക. ഇത്തരം വിവാഹങ്ങളുടെ സാമ്പത്തിക-സാമൂഹിക- സാംസ്‌കാരിക കാരണങ്ങള്‍ പരിഗണിക്കാതെ എല്ലാ ഉത്തരവാദിത്തവും ഇസ്‌ലാമിനും ശരീഅത്തിനും മേല്‍ കെട്ടിവെക്കുക എന്നിങ്ങനെ പോകുമത്. പണ്ടത്തെപോലെ ഫലിക്കാത്തതുകൊണ്ടായിരിക്കണം ഇക്കുറി മാതൃഭൂമി ശരീഅത്തില്‍ കൈവെച്ചു കണ്ടില്ല. അപ്പോഴും ഇതര സമുദായങ്ങള്‍ ഇരയാക്കപ്പെടുന്ന കോയമ്പത്തൂര്‍ ഹരിയാന കല്ല്യാണങ്ങള്‍ പരമ്പരകളോ പഠനങ്ങളോ ഒന്നുമാവാറില്ല. സമുദായത്തിനകത്തുമുണ്ട് രണ്ടു പക്ഷം. ഇതു തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെ മൗലികമായ പ്രശ്‌നമെന്നും ഇതിനെക്കെയുള്ള പരിഹാരം തങ്ങളുടെ പക്കലുള്ളതാണെന്നും ചില ബുജികള്‍ വാദിച്ചു കളയും. അതേസമയം ഇത്തരം വാര്‍ത്തകളില്‍ നൊമ്പരപ്പെടുകയും അതിനപ്പുറത്ത് ഇത് തന്റെയോ സമുദായത്തിന്റേയോ ശ്രദ്ധ പതിയേണ്ടുന്ന ഒന്നല്ല എന്ന നിസ്സംഗതയും.
2000-ല്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വയനാട്ടിലെ പൊഴുതന ഇത്തരത്തില്‍ വാര്‍ത്തയായിരുന്നു. അവിടുത്തെ എസ്റ്റേറ്റ് പാടികളില്‍ ഉപേക്ഷിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകളുടെ ആധിക്യമായിരുന്നു വിഷയം. ഇസ്‌ലാമിലെ പുരുഷാധിപത്യം, ബഹുഭാര്യത്വം, വിവാഹമോചനം മതനേതൃത്വത്തിന്റെ നിസ്സംഗത ഇവയൊക്കെയായിരുന്നു അവയുടെ ഉള്ളടക്കം.
ഇതിനെക്കുറിച്ച് പഠിക്കാന്‍ നാല് ജി.ഐ.ഒ ക്കാര്‍ അവിടെ ചെന്നു. ആറു ദിവസം പാടികളില്‍ താമസിച്ചു. വിവാഹം അനിവാര്യമാകുന്ന സാമൂഹ്യ പദവിയുടെയും സുരക്ഷിതത്വത്തിന്റെയും പ്രശ്‌നം കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥ, കഠിനമായ ജോലി, സ്വകാര്യത അനുവദിക്കാത്ത സ്ഥലപരിമിതി തുടങ്ങി പത്രങ്ങള്‍ കാണാത്ത ഒരുപാട് വസ്തുതകള്‍ അവര്‍ വിശകലനം ചെയ്തു. വിദ്യാഭ്യാസവും പരിഷ്‌കാരവും കുറഞ്ഞവരാണ് പാടിയിലെ പെണ്ണുങ്ങള്‍. വായനയും ലോകവിവരവുമൊക്കെ കുറവ്. മതവുമില്ല വേണ്ടത്ര. എന്നിട്ടും സാഹിത്യം, നിയമം, സോഷ്യോളജി, ദുരന്ത നിവാരണം ഒക്കെ മുഖ്യ വിഷയമായി പഠിച്ചു കൊണ്ടിരിക്കുന്ന ജി.ഐ.ഒ ക്കാര്‍ ഇവിടെ വന്ന് പറഞ്ഞു: ''പെണ്ണുങ്ങളെ കാണണമെങ്കില്‍ പാടിയില്‍ പോകണം.'' അതായത് മാധ്യമങ്ങള്‍ അവര്‍ക്ക് ചാര്‍ത്തിക്കൊടുത്ത ദുരിതവും കണ്ണീരുമൊന്നും അവിടെ കാണാനേ ഇല്ലായിരുന്നു. കാല്‍പനിക വര്‍ണനകള്‍ക്കിണങ്ങുന്നവരല്ല അവിടത്തെ സ്ത്രീകള്‍. ജീവിതത്തെ നേരിടാന്‍ പഠിച്ചവരാണ്.
എങ്കിലും സമുദായം അകത്തേക്ക് നോക്കി ചോദിക്കേണ്ടുന്ന ചില ചോദ്യങ്ങളുണ്ട് ഈ വിഷയത്തില്‍. നിയമസാധുതയുള്ള ഒരു വിവാഹം എങ്ങനെയെങ്കിലും തരപ്പെടുത്തുക എന്നത് എങ്ങനെയാണ് വലിയ അനിവാര്യതയായി മാറിയത്? വരന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ന ഉപാധിയെക്കുറിച്ച് പൊഴുതനയിലെ മത നേതൃത്വത്തോട് ചോദിച്ചിരുന്നു. ''ഞങ്ങള്‍ക്കാവശ്യമില്ലാത്ത ക്ലിയറന്‍സ് എന്തിന്ന് പങ്കാളിക്ക്?'' എന്ന പെണ്‍ വീട്ടുകാരുടെ മറു ചോദ്യമാണ് അവര്‍ക്ക് മറുപടിയായി കിട്ടിയത്. 'എനിക്കെങ്ങനെയെങ്കിലും ഒരു കല്ല്യാണം ശരിയാക്കിത്തരണം അവിടെ ചെന്ന് സുഖമായി ജീവിക്കാനല്ല ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ട് പോന്നാലും സാരമില്ല. അനിയത്തിമാരുടെ കല്ല്യാണം മുടങ്ങില്ലല്ലോ.' പാലക്കാടിന്റെ ഉള്‍നാട്ടിലെ ഗ്രാമീണ പെണ്‍കുട്ടിയുടെ വാക്കുകളാണിത്. അവിവാഹിതയെക്കാള്‍ മാന്യതയും സുരക്ഷിതത്വവും വിവാഹമോചിത/ ഉപേക്ഷിക്കപ്പെട്ടവള്‍ക്കുണ്ട്. പുരുഷനോട് ചേര്‍ക്കപ്പെടുമ്പോള്‍ മാത്രമേ പെണ്‍കുട്ടിയെ മനുഷ്യനായി പരിഗണിക്കുന്നുള്ളൂ. അപ്പോഴവള്‍ പിഴക്കാത്തവളും നിലനില്‍പ്പുള്ളവളുമൊക്കെയാണ്. ഈ പൊതുബോധമാണ് പെണ്‍കുട്ടികളെ വിവാഹ കേന്ദ്രീകൃതമായി വളര്‍ത്തുന്നതിലെത്തിക്കുന്നത്. ഇങ്ങനെ നിയമസാധുതയുള്ള വിവാഹത്തിന്/വിവാഹമോചനത്തിന് വേണ്ടി 'എങ്ങനെയെങ്കിലും' ഒരു വരനെ കണ്ടെത്തേണ്ട ഗതികേട് ഉണ്ടായതെങ്ങനെയാണ്? ആണ് എന്ന ഒറ്റ യോഗ്യത മാത്രമെടുത്തിട്ടും വരന്മാര്‍ക്ക് ഇത്ര ദൗര്‍ലഭ്യം ഉണ്ടായതെങ്ങനെ? എവിടെ നിന്ന് ആര് അന്വേഷിച്ച് വന്നാലും കിട്ടാന്‍ മാത്രം വിവാഹിതരാകേണ്ട സ്ത്രീകളുടെ സാന്ദ്രത ഇത്രകണ്ട് വര്‍ധിച്ചതെങ്ങനെ?
കേരളത്തില്‍ സ്ത്രീ പുരുഷ ജനനനിരക്ക് ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. ഇപ്പോള്‍ പെണ്‍ ജനനനിരക്ക് കുറയുകയാണ്. എന്നിട്ടും അവിവാഹിതര്‍, വിവാഹ മോചിതര്‍, വിധവകള്‍, സഹഭാര്യമാര്‍ എന്നിവരുടെ എണ്ണം എതിര്‍ ലിംഗത്തെക്കാള്‍ വളരെ കൂടുതലാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ ഈ പ്രവണത വളരെ കുറവാണെന്ന് കാണാം. മുസ്‌ലിം സമുദായത്തില്‍ മതപരമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളിലടക്കം അവിവാഹിതരായ സ്ത്രീകളുടെ ദൃശ്യത വലുതാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ വിവാഹിതരാവുന്ന സ്ത്രീ പുരുഷന്മാരുടെ പ്രായാന്തരം കവിഞ്ഞാല്‍ മൂന്ന് ആണ്. ദമ്പദികള്‍ക്കിടയില്‍ ഇണക്കവും സൗഹൃദവുമുണ്ടാവാന്‍ ഇത് നല്ലതാെണന്നാണവരുടെ കാഴ്ചപ്പാട്. സമപ്രായവും അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ പത്തും പന്ത്രണ്ടും പ്രായവ്യത്യാസം അസ്വാഭാവികമല്ല. ഒന്നും രണ്ടുമൊക്കെ അസഹനീയവും. 'വെളുത്ത സുമുഖന്‍, 38 വയസ്സ്, ആദ്യ വിവാഹം, 20-നും 25-നുമിടക്കുള്ള സുന്ദരികളുടെ രക്ഷിതാക്കള്‍ ബന്ധപ്പെടുക.'' പത്രത്തില്‍ വന്ന പരസ്യമാണിത്. എന്റെ ഒരു അയല്‍വാസി മരിച്ചു. 65 വയസ്സിന് മുകളില്‍ പ്രായം ഭാര്യക്ക് 32- ഒരു കുട്ടിയുള്ളവള്‍, ഇപ്പോള്‍ മാനസിക രോഗിയാണ്. ആറു പെണ്‍കുട്ടികളുള്ള വീട്ടില്‍ അംഗമായി എന്നതാണ് അവളെ ഈ ബന്ധത്തിലെത്തിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. കൃത്യമായ ഫീല്‍ഡ് സ്റ്റഡികളാണ് ഇക്കാര്യത്തില്‍ നടത്തപ്പെടേണ്ടത്. സമുദായത്തിലെ എണ്ണം പറഞ്ഞ സംഘടനകള്‍ക്കൊന്നും ഈ വസ്തുതാ പഠനം ശ്രമകരമല്ല. വേണ്ടത് മനസ്സ് മാത്രം.
മതത്തിന്റെ കുഴപ്പം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. തികച്ചും പ്രതിലോമകരമായ പുരുഷകേന്ദ്രീകരണം മതത്തിലും സ്ഥാനമുറപ്പിച്ചതുകൊണ്ടാണ്. സ്ത്രീക്ക് പുരുഷനേക്കാള്‍ അഞ്ച്, ആറ് വയസ്സ് കുറവിലാണ് സംതൃപ്ത ദാമ്പത്യവും ലൈംഗികതയും സാധ്യമാവുന്നത് എന്നത് പുരുഷ കേന്ദ്രീകൃത സാംസ്‌കാരിക വായനയാണ്. അതിന് മതത്തില്‍ പഴുതില്ല, മറിച്ചുണ്ടുതാനും.
ശാരീരികവും മാനസികവും വൈകാരികവുമായ തേട്ടങ്ങളും സാധ്യതകളും സ്ത്രീകള്‍ക്കുമുണ്ട്. അതിന് ശരിയായ ഒഴുക്കു സാധ്യമാവണം. സേഫ്റ്റി വാള്‍വുകള്‍ പൊട്ടുന്നത് മാത്രമല്ല പ്രശ്‌നം. മാനവികതക്ക് മുതല്‍കൂട്ടാകേണ്ട ഊര്‍ജം തടഞ്ഞു വെച്ച് ദുഷിപ്പിക്കുകയാണ് നമ്മള്‍. രണ്ട് സംഭവങ്ങള്‍ കുറിക്കാം. ഒന്ന് ചരിത്രം. ചരിത്രത്തില്‍ മാത്രമേ അത് ആഘോഷിക്കപ്പെടുന്നുള്ളൂ. രണ്ടാമത്തേത് കാലികം. ഖലീഫ ഉമര്‍ രാത്രി നടത്തത്തിലാണ്. വിദൂരത്തുള്ള പട്ടളക്കാരന്റെ ഉറക്കം വരാത്ത ഭാര്യ പാടുന്നു-
''ഈ രാത്രിക്കെന്തൊരു നീളമാണ്
അതിന്നരികുകള്‍ ഇരുണ്ടിരിക്കുന്നു.
എന്നരികും ശൂന്യമാണ്
കളി പറയാനൊരു കൂട്ടില്ലാതെ
പടച്ചവനാണേ,
അല്ലാഹു ഇല്ലായിരുന്നുവെങ്കില്‍
അവന്റെ ശിക്ഷയെ
ഭയപ്പെട്ടില്ലായിരുന്നുവെങ്കില്‍
എന്റെയീ കട്ടിലരികുകള്‍ക്കും
ജീവനുണ്ടാകുമായിരുന്നു.''
ആറ് മാസത്തിലധികം പട്ടാളക്കാര്‍ കുടുംബത്തില്‍ നിന്നും അകന്ന് കഴിയാന്‍ പാടില്ലെന്ന നിയമം നിലവില്‍ വന്നു.
അമ്പത് തികയാത്ത സ്ത്രീകളുടെ ഗര്‍ഭ പാത്രം നീക്കം ചെയ്തു. ഒരു മകനേയുള്ളൂ. ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതാണ്. സഹോദരന്മാരെ അകത്തേക്ക് വിളിച്ച് മുറിച്ചു മാറ്റിയ ഗര്‍ഭപാത്രം കാണിച്ചു കൊടുത്തുകൊണ്ട് ഡോക്ടര്‍ പറഞ്ഞു: ''എത്ര ആരോഗ്യമുള്ളതാണിത്. നിങ്ങളെന്തുകൊണ്ട് ഇവരെ വീണ്ടും വിവാഹം ചെയ്യിച്ചില്ല. പടച്ചവന്‍ നിങ്ങളോട് ചോദിക്കുമ്പോള്‍ എന്ത് പറയും?''
പ്ലെയിന്‍ ഗ്ലാസ്
''ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് അവള്‍ എന്ത് കുറ്റത്തിന് വധിക്കപ്പെട്ടു എന്ന് ചോദിക്കപ്പെടുമ്പോള്‍.''
(അത്തക്‌വീര്‍ : 8-9)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top