ഏറെ വൈകിപ്പോയി

മാതൃസ്നേഹം പോലെ പരിശുദ്ധം മറ്റൊന്നുമില്ല. പെറ്റമ്മയെ മുന്‍നിര്‍ത്തി റഹീമ ബാനുവിന്റെ തൂലികയില്‍ വിരിഞ്ഞ \'എന്നിട്ടും\' എന്ന കവിത മനോഹരമായി. ജയശ്രീ കിഷോറിന്റെ കഥ \'ഇന്റര്‍നെറ്റ് കഫെ\' ഇത്ര നീട്ടണമായിരുന്നോ? എന്‍.പി രഞ്ചുവിന്റെ കവിത \'ഇയ്യാംപാറ്റ\' സുന്ദരമായി. ബീയ്യമ്മയുടെ വര്‍ത്തമാനത്തില്‍ കണ്ണിന്റെ കാഴ്ചപോയിട്ടും വീല്‍ചെയറിലിരുന്ന് ഉറപ്പുള്ള വാക്കുകള്‍ പറയാന്‍ മഅ്ദനിക്ക് കഴിയുന്നുണ്ട് എന്നത് അത്ഭുതം തന്നെ. സക്കരിയ്യയയെ ആദ്യം മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഉസ്താദ് കാണിക്കുന്ന സഹജീവിയോടുള്ള ആ സഹാനുഭൂതിക്ക് സ്രഷ്ടാവ് അദ്ദേഹത്തെ സഹായിക്കുമെന്നത് തീര്‍ച്ചയാണ്. മാതൃഭാഷയിലെ അനേകം പ്രസിദ്ധീകരണങ്ങള്‍ നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഏര്‍പാട് തുടങ്ങിയിട്ട് ഏറെയായെങ്കിലും ആരാമത്തിന്റെ അഭ്യുദയകാംക്ഷിയാകാന്‍ ഏറെ വൈകിപ്പോയി. പളപളാ മിന്നുന്ന ഏടുകളല്ല ഒരു മികച്ച പ്രസിദ്ധീകരണത്തിന്റെ ശക്തി എന്ന് ഇനിയും ഓര്‍ക്കേണ്ടവര്‍ ധാരാളമുണ്ട്.
മുഹമ്മദ് ശരീഫ് കാപ്പ്
പെരിന്തല്‍മണ്ണ


മരിക്കാത്ത ഓര്‍മകള്‍
ഡിസംബര്‍ ലക്കം ആരാമത്തിലെ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ \'മാതാപിതാക്കളുടെ വേര്‍പാട്\' എന്ന ഓര്‍മക്കുറിപ്പ് എന്റെ കുട്ടിക്കാലം പകര്‍ത്തിയെഴുതിയ പോലെ അനുഭവപ്പെട്ടു. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല എന്ന ആപ്തവാക്യം പോലെയാണ് മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം. അവര്‍ അടുത്തുള്ളപ്പോള്‍ അവരെ നാം അറിയാറില്ല. പക്ഷെ അവര്‍ അകലുന്നതോടെ അകതാരില്‍ അല്ലലുകള്‍ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ പംക്തിയിലെ ഓരോ വാക്കുകളും എന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. കൈയില്‍ നിന്ന് ചോര്‍ന്നു പോയ സ്നേഹത്തിന്റെ ഉറവിടമാണ് എന്റെ മാതാവിന്റെ വേര്‍പാട് എന്നിലുണ്ടാക്കിയ വികാരം. ഇത് ഓരോ വായനക്കാര്‍ക്കും ഇങ്ങനെത്തന്നെയായിരിക്കുമെന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു. അത് ആ എഴുത്തിന്റെ വൈഭവമാണ്. തനതായ ശൈലിയും ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന അവതരണവും എന്റെ കണ്ണുകളെ ഈറനണിയിപ്പിച്ചു. കോഴിക്കോട് നിര്‍മല ഹോസ്പിറ്റലിലെ ജനറല്‍ വാര്‍ഡും ജെ.ഡി.ടി സ്കൂളിലെ ആംബുലന്‍സും കണ്ണുനീര്‍ നിറവോടെ എന്റെ മുന്നിലൂടെ ഓടി മറയുന്നതുപോലെ എനിക്കു തോന്നി. എന്റെ സഹോദരന്മാരുമായി ഞാനിത് പങ്കിട്ടപ്പോള്‍ അവരുടെയും അവസ്ഥയും മറ്റൊന്നായിരുന്നില്ല. ഒരുപാട് രോഗങ്ങളുമായി മരണത്തിലേക്ക് യാത്ര ചെയ്യുമ്പോഴും കുട്ടികളായ ഞങ്ങളെ അതറിയിക്കാതെ അവസാന ശ്വാസം വരെ ഞങ്ങള്‍ക്കു വേണ്ടി ജീവിച്ച മാതാവ് ശൈഖ് സാഹിബിന്റെ തൂലികയിലൂടെ കടലാസിലേക്ക് പകര്‍ന്നത് എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ മുപ്പത് വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുവാന്‍ എന്നെ പ്രേരിപ്പിച്ചുവെന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്. ഇത്തരം എഴുത്തുകള്‍ കണ്ണുകളെ ഈറനണിയിക്കുന്നതോടൊപ്പം മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല.
കെ.പി റുഖിയ
ചെറുവണ്ണൂര്‍

നോവുണര്‍ത്തിയ ദുരന്ത കഥാപാത്രങ്ങള്‍
ശ്രേഷ്ഠവും ശ്രദ്ധേയവുമായ പംക്തികളാല്‍ സമ്പന്നമായിരുന്നു ജനുവരി ലക്കം ആരാമം. സൂഫിയ മദനിയുമായുള്ള അഭിമുഖം മനസ്സില്‍ വല്ലാത്തൊരു നോവുണര്‍ത്തി. അതുപോലെ തന്നെയായിരുന്നു ബീയ്യമ്മ പറഞ്ഞ കാര്യങ്ങളും അവരുടെ ജീവിതാനുഭവങ്ങളും. സൂഫിയ തന്റെ അഭിപ്രായങ്ങളും സങ്കടങ്ങളും പരാതികളും തീരുമാനങ്ങളുമായി പലപ്പോഴും വാര്‍ത്താ മാധ്യമങ്ങളില്‍ വരാറുണ്ടെങ്കിലും ബീയ്യമ്മ നമ്മള്‍ അധികമാരുമറിയാതെ പോയ ദുരന്ത കഥാപാത്രമാണ്. അവരുടെ സങ്കടങ്ങളിലൂടെയും പുത്ര ദുഃഖത്തിന്റെ തോരാ കണ്ണീരിലൂടെയും ലേഖിക നടത്തിയ അന്വേഷണങ്ങള്‍ പലതും പുതിയ അറിവുകളായിരുന്നു. സര്‍വശക്തന്‍ ഇവരുടെയൊക്കെ മനസ്സുകള്‍ക്ക് തന്റേടവും മനഃസ്സമാധാനവും പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എന്‍.പി ഹാഫിസ് മുഹമ്മദിന്റെ ലേഖനം, \'അപരിചിതരോടുള്ള സൌഹൃദം\' മാസിക കൈയില്‍ കിട്ടിയപ്പോള്‍ ഞാനാദ്യം വായിച്ചു തീര്‍ത്തു. മനോഹരമായ ഉള്ളടക്കം. അതിലേറെ വിസ്മയിപ്പിച്ചത് ലേഖനത്തിന്റെ ഭാഷാ സൌന്ദര്യമാണ്. ഓരോ വാക്കിലും വരിയിലും നിറയുന്ന ആകര്‍ഷണീയത- അത് പറയാതെ വയ്യ
അപ്രതീക്ഷിതമായി നമ്മില്‍ വന്നുചേരുന്ന ചില സൌഹൃദങ്ങള്‍, പിന്നീടത് തുടരുവാനാവാതെ വന്നാല്‍ പോലും പെട്ടെന്നൊന്നും നമുക്കത് മറന്നുകളയാന്‍ പറ്റിയെന്ന് വരില്ല. ചിലപ്പോള്‍ ഓര്‍മയില്‍ അവരുടെ മുഖങ്ങള്‍ മങ്ങിയിട്ടുണ്ടാകാം. പക്ഷേ, കൈമാറിയ ആശയങ്ങളും പറഞ്ഞു തീര്‍ത്ത വിശേഷങ്ങളും മതി ആ സൌഹൃദത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍. ലേഖകനും മാസികക്കും വിജയാശംസകള്‍.
പി.പി ഹഫ്സത്ത്
തൊഴുക്കാട്
അപ്രഖ്യാപിത വധശിക്ഷയോ?
ജനുവരി ലക്കം സൂഫിയ മദനിയുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായി. രാജ്യം കണ്ട ഏറ്റവും കടുത്ത പൌരാവാകാശ ധ്വംസനത്തിനിരയായ അബ്ദുന്നാസര്‍ മഅ്ദനിക്ക് വേണ്ടി കക്ഷി ഭേദമന്യേ കേരളവും നീതിബോധമുള്ള പൌരാവലിയും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യത്വ രഹിതമായ നീതിവ്യവസ്ഥകള്‍ ദുരുപയോഗിച്ച് ഭരണകൂടവും ശത്രുക്കളും ഒന്നുചേര്‍ന്നു. കവര്‍ന്നെടുത്ത ജീവിതം തിരിച്ചുകൊടുക്കാന്‍ കഴിയാതെ ആ മനുഷ്യന്റെ സഹനങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് തലതാഴ്ത്തി നില്‍ക്കുമ്പോഴാണ് പ്രത്യക്ഷത്തില്‍ തന്നെ കെട്ടിച്ചമച്ചതെന്നു തോന്നാവുന്ന ആരോപണങ്ങളുമായി വീണ്ടും നിയമം വന്നത്. നിയമപരമായ അവകാശങ്ങള്‍ക്ക് പരോക്ഷ വിലക്കേര്‍പ്പെടുത്തിയും അതിമാരകമായ രോഗങ്ങള്‍ക്ക് അനിവാര്യ ചികിത്സ നിശ്ചയിച്ചും ഭരണകൂടം മഅ്ദനിയെ അപ്രഖ്യാപിത വധശിക്ഷക്ക് വിധേയനാക്കുകയാണ് എന്നതാണ് ശരി.
ഡിസംബര്‍ ലക്കം ഡോ: സമീര്‍ യൂനുസ് എഴുതിയ \'രോഗക്കിടക്കയിലെ സംതൃപ്തമുഖങ്ങള്‍\' എന്ന ലേഖനം വളരെ നന്നായി. നമുക്ക് ചുറ്റും ഒരുപാട് ആശുപത്രികളുണ്ടെങ്കിലും ഒന്നിലും രോഗികളില്ലാതെ പൂട്ടിപ്പോകുന്ന അവസ്ഥയല്ല. എത്രയെത്ര ഡോക്ടര്‍മാരും മരുന്ന് കമ്പനികളും ആരോഗ്യ മാസികകളുമാണ് ചുറ്റും. എന്നിട്ടും രോഗികള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു.
റഹീം കെ
പറവന്നൂര്‍

ഉമ്മ ബാപ്പമാര്‍
ഡിസംബര്‍ ലക്കം ആരാമത്തില്‍ ശൈഖ്മുഹമ്മദ് കാരകുന്നിന്റെ- \'മാതാപിതാക്കളുടെ വേര്‍പാട്\' വായിച്ചു. കൊച്ചുനാള്‍ മുതല്‍ ലാളിച്ച് വലിയവനായപ്പോള്‍ മാതാപിതാക്കളെ നോക്കിയില്ലെങ്കില്‍ ദൈവശിക്ഷ ഉറപ്പായിരിക്കും. ബാപ്പയായാലും ഉമ്മയായാലും അറിഞ്ഞോ അറിയാതെയോ വല്ല തെറ്റും ചെയ്തുപോയാല്‍ ഉള്ളറിഞ്ഞ് പൊറുക്കാന്‍ നമുക്ക് കഴിയണം. ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഷാനവാസ്
പെരിങ്ങോട്ടുകര

ലേഖനം പ്രസക്തമായി
\'നിയമം നോക്കുകുത്തിയാവുന്നിടം\' എന്ന എം ജിഷയുടെ ജനുവരി ലക്കത്തിലെ ലേഖനം വായിച്ചു. നിയമവും മാധ്യമപ്രവര്‍ത്തകരും പണത്തിന് മുമ്പില്‍ വെറും നോക്കുകുത്തികളായി മാറുകയാണിന്ന്. ഇക്കഴിഞ്ഞ മനുഷ്യാവകാശ ദിനം കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെ മറന്നു കളഞ്ഞാണ് കടന്നു പോയത്. ആയിരക്കണക്കിന് നിരപരാധികള്‍ ഭരണകൂട ഭീകരതയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ജിഷയുടെ ലേഖനം പ്രസക്തമാകുന്നത്.
നവാസ് വി.എം
വിയ്യത്ത്

ആ അഭിപ്രായം തിരുത്തേണ്ടതുണ്ട്
ശൈഖ് മുഹമ്മദ് കാരകുന്നിന്റെ \'ഓര്‍മയുടെ ഓളങ്ങളില്‍\' എന്ന പംക്തി ഒരു വനിതാ പ്രസിദ്ധീകരണമായ ആരാമത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന മാജിദ അത്തോളി എഴുതിയ വരികളാണ് ഈ കത്തെഴുതാന്‍ പ്രചോദനം. ആരാമം ഇന്ന് കേവലമൊരു വനിതാ പ്രസിദ്ധീകരണമാത്രമല്ല. അത് കുടുംബമാസികയിലേക്ക് വളര്‍ന്നിട്ടുണ്ട്. ഈ കുടുംബത്തില്‍ എല്ലാവരും ഉണ്ടാകുമല്ലോ? ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള വിഭവങ്ങളുമായാണ് ആരാമം പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. അതിലെ എഴുത്തുകാരും പ്രതികരണക്കാരും ഈ കുടുംബത്തിലെ അംഗങ്ങളാണ്. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഈ ഓര്‍മകള്‍ മറ്റുവല്ല പ്രസിദ്ധീകരണത്തിലും വരികയാണെങ്കില്‍ ആരാമത്തിന്റെ അനുവാചകര്‍ക്കതൊരു തീരാനഷ്ടം തന്നെയായിരിക്കില്ലേ? അത്രയും ചൂടും ചടുലതയും ഈടും പാവുമുള്ള ഓര്‍മകള്‍ തന്നെയല്ലെ ശൈഖ് നമുക്ക് വേണ്ടി ഓര്‍മിച്ചെടുത്ത് ഓര്‍മപ്പെടുത്തിത്തരുന്നത്. ഈ പരമ്പരയിലൂടെ ആരാമത്തെയും ശൈഖിനെയും പ്രശംസിക്കുകയല്ലേ വേണ്ടിയിരുന്നത്? മാത്രവുമല്ല ആരാമത്തിന് ബീജാവാപം നല്‍കിയ ഒരു പ്രസ്ഥാനത്തിന്റെ വഴിയിലൂടെയാണ് ശൈഖ് മുഹമ്മദ് കാരകുന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ശൈഖിന്റെ ഓര്‍മകള്‍ പ്രസ്ഥാനത്തിന്റെയും ഓര്‍മകളാണ്. കേവലം ഓര്‍മകള്‍ മാത്രമല്ല ഒരു ചരിത്രം കൂടിയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ആഗസ്റ് ലക്കത്തില്‍ വന്ന \'സൈനബുല്‍ ഗസ്സാലിയോടൊപ്പം\' എന്ന ഭാഗം മാജിദയുടെ സംശയത്തിനും ആവലാതിക്കും അല്‍പമെങ്കിലും ശമനം തന്നിരിക്കും.
നസീര്‍ പള്ളിക്കല്‍
റിയാദ്


സൂഫിയയുടെ വേദന

കാലഘട്ടത്തിനനുസൃതമായ മുഖച്ചിത്രത്തോടെ ഇറങ്ങിയ പുതുലക്കം കിട്ടി. മനുഷ്യന്‍ എന്ന അവകാശം കവര്‍സ്റോറി ആനുകാലികം തന്നെ. സൂഫിയാ മഅ്ദനിയും മകനുമായി ആരാമം നടത്തിയ അഭിമുഖം സന്ദര്‍ഭോചിതവും മനുഷ്യത്വവുമാണ്. 'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്' എന്നാണ് ഇന്ത്യന്‍ നിയമമെന്നത് വര്‍ഗീയ രാഷ്ട്രീയക്കാര്‍ മറന്നു പോകുന്നു. സൂഫിയയുടെയും മക്കളുടെയും ഭാഗം കേള്‍ക്കാന്‍ ഇതിനുമുമ്പ് തയ്യാറായത് കലാകൌമുദി മാത്രമാണ്. ആര്‍ക്കും ആരെയും തീവ്രവാദിയാക്കാന്‍ പറ്റുന്ന യൂറോപ്യന്‍ ഇസ്രയേല്‍ മനോഗതിയാണ് ഇന്ത്യയിലും മുഖ്യധാരാ മാധ്യമങ്ങള്‍ തുടരുന്നത്.
എ.എം ഖദീജ
പൂവാട്ടുപറമ്പ്

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top