കടലാസില്‍ മേല്‍വിലാസമില്ലാത്തവര്‍

അജുമാം മമ്പാട് (ഹംദര്‍ദ് യൂണിവേഴ്‌സിറ്റി ഡല്‍ഹി) No image

നാവുകള്‍കൊണ്ട് നീട്ടിപ്പരത്തി, ലിംഗ വ്യത്യാസങ്ങളോടെ മസാലക്കൂട്ടുകളുടെ ചുവന്ന ചവര്‍പ്പുള്ള 'ഹിന്ദികള്‍' കേട്ട് ഞാന്‍ കണ്ണു തുറന്നു (തുറക്കേണ്ടി വന്നു). ചണ്ഡീഗഢില്‍ നിന്നും കേരളത്തിലേക്കുള്ള സമ്പര്‍ക് ക്രാന്തി ട്രെയിനിന്റെ ഒട്ടിയൊട്ടിക്കിടക്കുന്ന കമ്പാര്‍ട്ടുമെന്റുകളിലൊന്നില്‍ ആകാശം കാണാതെ കിടക്കുകയായിരുന്നു ഞാന്‍. നാടോടാന്‍ തുടങ്ങുന്ന ഒരു കുടുംബം അഛനും അഛഛനും അമ്മയും അമ്മമ്മയും ചിറ്റപ്പനും- എതിര്‍ലിംഗവും, ഗണനത്തിനിണങ്ങാത്ത മക്കളും. കൈകളില്‍ നീണ്ടുരുണ്ട മരക്കഷ്ണങ്ങള്‍ കണ്ടപ്പോള്‍ ആദ്യം കരുതി പൂപ്പാത്രങ്ങളായിരിക്കുമെന്ന്. അവ സീറ്റിനടിയിലും (സീറ്റിലും) ബര്‍ത്തുകളിലും കുത്തി നിറച്ചുകൊണ്ടേയിരിക്കുന്നു. ഭാഗ്യം ഇനി ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാതെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാമല്ലോ. (ആരോടും പറയില്ലെങ്കില്‍ ഒരു കാര്യം കൂടി പറയാം. ടോയ്‌ലറ്റില്‍ പോലും 'ഗതി' മറ്റൊന്നല്ല.) വൃത്തിക്കുറവ് മാറ്റി നിര്‍ത്തിയാല്‍ തറവാടിത്തമുള്ള ഒരു കുടുംബം പെട്ടെന്ന് നാട്ടിലേക്ക് പോകേണ്ടി വന്നപ്പോള്‍ ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്നും 'ജനറല്‍ വാര്‍ഡില്‍' കയറേണ്ടി വന്ന, തറവാട് കൂടെയില്ലാത്ത മറ്റൊരു നാടോടിയാണ് ഞാന്‍. ഏതായാലും നനഞ്ഞു. ഇനി കുളിയൊക്കെ കഴിഞ്ഞങ്ങു കയറാം. എന്നു തന്നെ ഞാന്‍ കരുതി, അല്ല പിന്നെ.
ഞാന്‍ മുകളില്‍ തന്നെ കിടന്ന് 'ലൊക്കേഷന്‍' വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രംഗം തികച്ചും ശാന്തമല്ല. കാലഘട്ടത്തിനിണങ്ങാത്ത വേഷവിധാനങ്ങള്‍, തലമുടിയിലെ കൊത്തുപണികള്‍. ശരീരത്തില്‍ അങ്ങിങ്ങായി അറ്റകുറ്റ പണികള്‍. അലങ്കാരാഭരണങ്ങള്‍, മൂക്കിനോളം പൊന്തി നില്‍ക്കുന്ന മൂക്കുത്തികള്‍. കുഞ്ഞുങ്ങളെങ്കിലും സ്വയം പര്യാപ്തര്‍. എല്ലാം തന്നത്താനങ്ങു ചെയ്തുകൊള്ളും. പരസ്പരം ഇടിച്ചും, അടിച്ചുമൊക്കെയാണ് സ്‌നേഹ പ്രകടനങ്ങള്‍. കൂട്ടത്തിലെ ചെറുപ്പക്കാരികള്‍ ആധുനിക പുരോഗതിയുടെ ആദ്യപടി പോലും കാണാത്തവരോ? അതോ കണ്ടില്ലെന്നു നടിക്കുന്നവരോ? കാണാത്തത് ഭേദമെന്ന് മനസ്സിലുറപ്പിച്ചവരോ? പിച്ചവെച്ച് തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരിടത്തരം കുടുംബത്തിലെ കുട്ടിയുടെ വാശിയും, തകൃതത്തകൃതയും. കുടുംബനാഥന്റെ കൈയില്‍ രണ്ട് മൊബൈലുകള്‍. ഒന്ന് പരുപരുത്ത കൈയിലിരുന്ന് ഞെരുങ്ങി ഏതോ ഹിന്ദി സിനിമാ പാട്ടിന്റെ ശബ്ദത്തില്‍ നിലവിളിക്കുന്നു. മറ്റൊന്ന് ഭദ്രമായി ഷര്‍ട്ടിന്റെ അക്കൗണ്ടില്‍. പെണ്ണുങ്ങളുടെ കൈയിലും കാലിലും ഒരു പതാകക്കുമിണങ്ങാത്ത പലതരം വളകള്‍. വണ്ടി മെല്ലെ ഇഴഞ്ഞു തുടങ്ങി. ആരോ ചോദിച്ചു: ''എല്ലാവരും കൂടി എങ്ങോട്ടാ?'' ''എറണ-കുളം.'' മറുപടി കേട്ട് ഞാന്‍ രണ്ടാമതും നെടുവീര്‍പ്പിട്ടു. ട്രെയിനിന് എന്നേക്കാള്‍ മുഖ്യര്‍. ഞാന്‍ പാവം, കോഴിക്കോട്ടേക്കല്ല്യേ...
അഞ്ചുപത്തു മിനുട്ടുകള്‍ക്കകം കമ്പാര്‍ട്ടുമെന്റ് അവരുടെ കൊട്ടാരം. ഞാന്‍ അവിടത്തെ കാഷ്വല്‍ ഡ്രസ്സിലെ വേലക്കാരനും. ഭാഗ്യം തൊപ്പി ധരിക്കേണ്ടി വന്നില്ല. ജനലുകളിലും വാതിലുകളിലും വസ്ത്രങ്ങള്‍ നനച്ചു പിഴിഞ്ഞ് വിരിക്കുന്നതോടുകൂടി തുടങ്ങി കേറിത്താമസ വിളംബരം. സീറ്റിലിരിക്കുന്നതിനേക്കാള്‍ പ്രിയം ഇരുമ്പുനിലത്തോടാണ്. കുത്തിക്കുത്തി നിറക്കപ്പെട്ട സാധനങ്ങള്‍ക്കിടയിലെ ഗ്യാപുകളടച്ചു തിരിഞ്ഞും മറിഞ്ഞും, ചുരുണ്ടു കിടന്ന് ടോയ്‌ലറ്റിലേക്കും, വാതിലുകളിലേക്കുമുള്ള യാതൊരു വിധ പ്രക്ഷോഭവുമില്ലാത്ത വഴിമുടക്കം. ലിംഗവ്യത്യാസമില്ലാതെയാണീ കര്‍മങ്ങളൊക്കെയും. കൃത്യമായ ഭക്ഷണ രീതികള്‍. പച്ചരിച്ചോറും, ഗോതമ്പുറൊട്ടിയും, വഴുതനങ്ങായും പിന്നെ ആലുവും (ആലുവില്ലാത്ത കച്ചവടമില്ലല്ലോ ഇങ്ങു വടക്കോട്ട്). സംഗതി സുഭിക്ഷമാണ്. പിന്നെ മറ്റൊരു കാര്യം, ഞാനൊരു ചെറിയ നോമ്പുകാരനാണേ. (റമദാന്‍ മാസമായിരുന്നു). ഏതു തരം ഭക്ഷണവും വളരെ സുഭിക്ഷമായിത്തന്നെ തോന്നുന്ന നട്ടുച്ച കഴിഞ്ഞ നേരം. കൂട്ടത്തിലെ വൃദ്ധയും നോമ്പുകാരന്‍ തന്നെ. മറ്റുള്ള മുതിര്‍ന്നവരെല്ലാം നോമ്പിനെക്കുറിച്ച് ബോധവാന്മാരും. മുസ്‌ലിം കുടുംബമെന്ന് ചുരുക്കം. എല്ലാം ഞാനങ്ങു സഹിച്ചു. രണ്ടു ദിവസം എനിക്കു സഹിക്കാമെങ്കില്‍ ഒരായുസ്സ് മുഴുവന്‍ സഹിക്കുന്നതില്‍ അവരെയെങ്ങനെ കുറ്റപ്പെടുത്താനാവും? തെരുവില്‍ ജനിച്ച് തെരുവില്‍ വളര്‍ന്ന് തെരുവോടുന്ന മനുഷ്യര്‍. അവരാണ് മണ്ണിനു പുന്നാര മക്കള്‍. അമ്മയോടൊട്ടി അന്തിയുറങ്ങുന്നവര്‍.
രണ്ടാമത്തെ പകലെത്തി. നേരിട്ടു തന്നെ ഇടപെടാന്‍ തീരുമാനിച്ചു. ആരാ? എന്താ? എവിടാ? എന്നൊക്കെത്തന്നെ. ആരെപ്പിടിക്കും, ഇരയായി? കൂട്ടത്തില്‍ പത്ത് പതിമൂന്ന് വയസ്സ് തോന്നിക്കുന്ന ഇരു നിറത്തിലുള്ളൊരു കൊച്ചു സുന്ദരി ജനലിനടുത്ത് ദൃശ്യം കാണലിലാണ്.
''ഛോട്ടീ എന്താ പേര്?'' 'മുസ്‌കാന്‍', ഉറുദുവില്‍ പുഞ്ചിരി എന്നാണ് അര്‍ഥമെങ്കിലും പറഞ്ഞത് പക്ഷേ പുഞ്ചിരിച്ചു കൊണ്ടായിരുന്നില്ല. ''ഇങ്ങടുത്ത് വാ ചോദിക്കട്ടെ! '' ''എന്തു ചോദിക്കാനാ?'' വായടപ്പന്‍ മറുപടി. ശുദ്ധ ബീഹാരി ഹിന്ദി. ചോദ്യം ന്യായം തന്നെയായിരുന്നു. രക്ഷയില്ല. കുടുംബ നാഥനെതന്നെ പിടിക്കാം. പിടിച്ചു ചോദിച്ചു.
നാട് മുംബൈ- ഇരുപത് വര്‍ഷമായി കേരളത്തിലെ സന്ദര്‍ശകര്‍. ചെണ്ട വില്‍പനക്കാരനാണ്. വീടും കുടിയുമൊന്നുമില്ല. 'കുടി'യുമില്ല. റോഡരികില്‍ കെട്ടിയുണ്ടാക്കിയ ചായ്പുകളിലാണ് വാസം. വടക്കേ ഇന്ത്യയിലെ 'കത്തുന്ന തണുപ്പുകാലത്ത്' കേരളത്തിലേക്ക് പോവും. പിന്നെ നാലുമാസം കച്ചവടവും. ടൂറും കഴിഞ്ഞ് മടക്കയാത്ര. അദ്ദേഹത്തിന്റെ സംസാരത്തില്‍ അഭിമാനക്കുറവിന്റെ നേരിയ നാരുപോലുമില്ല. നാഗരികതയുടെ പോറലേല്‍ക്കാത്ത പച്ചമനുഷ്യര്‍. പുറത്ത് മഴയും വെയിലും ഇണചേരുകയും, പിരിയുകയും ചെയ്യുന്നു. ഇടവിട്ട സ്റ്റേഷനുകളില്‍ വടാപ്പാവും, കാക്കടിയും അലറി വിളിക്കുന്നു. ട്രെയിന്‍ അതിവേഗത്തില്‍ തുരങ്കങ്ങളെയെല്ലാം പിന്നിലാക്കി മുന്നേറുകയാണ്. ഞാന്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top