കുഞ്ഞുവാവക്ക് എന്തുകൊടുക്കും

ഡോ: ശിഹാബ് കല്‍പകഞ്ചേരി No image

ഒരു കുഞ്ഞ് ജനിക്കുന്നത് തൊട്ട് ഭക്ഷണത്തെ കുറിച്ച് മാതാപിതാക്കള്‍ക്ക് ആധിയാണ്. എത്രകാലം മുലയൂട്ടണം, എത്രകാലം മുലപ്പാല്‍ മാത്രം നല്‍കാം, കുറുക്കുകള്‍ എപ്പോള്‍ നല്‍കിത്തുടങ്ങാം, സംശയങ്ങള്‍ നീളുന്നു. കുഞ്ഞുങ്ങളുടെ ഭക്ഷണത്തെ സംബന്ധിച്ച് മുന്‍കാലങ്ങളില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. കുടുംബത്തില്‍ വല്യുമ്മമാര്‍ക്കും അമ്മായിമാര്‍ക്കുമൊക്കെ കുഞ്ഞിനെന്ത് നല്‍കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ ഭക്ഷണ രീതികളക്കുറിച്ചുള്ള ഏകദേശ ധാരണ മാതാപിതാക്കള്‍ക്കാവശ്യമാണ്. അതിലേക്കാണീ ലേഖനം വിരല്‍ ചൂണ്ടുന്നത്.
ഗര്‍ഭപാത്രത്തിന്റെ ഇരുട്ടറയില്‍ നിന്നും വിശാലമായ ബാഹ്യ ലോകത്തേക്ക് പിറന്നുവീഴുന്ന കുഞ്ഞിന് മാതാവില്‍ നിന്നും ലഭിക്കുന്ന ആദ്യഭക്ഷണമാണ് മുലപ്പാല്‍. കുഞ്ഞിന് അഭയവും സ്വാന്തനവും ജീവജലവുമാണീ മുലപ്പാല്‍. അവന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ മുലപ്പാല്‍ നല്‍കിയിരിക്കണം. ആദ്യത്തെ മൂന്നു നാലു ദിവസം ആദ്യപാലായ മഞ്ഞ നിറത്തിലുള്ള 'കൊളസ്ട്രം' എന്ന ദ്രാവകമാണ് വരിക. ഇത് പൂര്‍ണമായും കുഞ്ഞിന് നല്‍കണം. യാതൊരു കാരണവശാലും പിഴിഞ്ഞു കളയരുത്. കുഞ്ഞിന്റെ രോഗപ്രതിരോധത്തിനാവശ്യമായ () ആന്റീബോഡികള്‍, മാക്രോഫോജസ് തുടങ്ങിയ കോശങ്ങള്‍, ലൈസോസെം, ലാക്‌ടോഫെറിന്‍, ലാക്‌ടോപെറോക്‌സിഡൈസ് തുടങ്ങിയ പദാര്‍ഥങ്ങളെല്ലാം ആദ്യപാലായ കൊളസ്ട്രത്തിലുണ്ട്. കുഞ്ഞിനെ രണ്ടു വയസ്സുവരെയെങ്കിലും മുലയൂട്ടണം. ഇതു കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിനും മാനസികോല്ലാസത്തിനും പുറമെ സ്‌നേഹബന്ധം ഊട്ടിവളര്‍ത്തുന്നതിനും അത്യന്താപേക്ഷികമാണ്. സ്വന്തം സൗന്ദര്യത്തിന് ക്ഷതം പറ്റുമോ എന്നുഭയന്ന് ചില സത്രീകള്‍ കുഞ്ഞുങ്ങളുടെ മുലകുടി നേരത്തെ നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ സ്വന്തം മക്കളുടെ പിന്നീടുള്ള പെരുമാറ്റത്തില്‍ നിന്നും, സ്‌നേഹക്കുറവില്‍ നിന്നും ആരോഗ്യത്തില്‍ നിന്നുമൊക്കെ അവര്‍ക്ക് തിരിച്ചടി കിട്ടുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം മതിയാകും. ആവശ്യമുള്ളപ്പോഴെല്ലാം കുഞ്ഞിന് പാല്‍ കൊടുക്കണം. പ്രത്യേക സമയത്തിന്റെ ഇടവേള ഇതിനാവശ്യമില്ല. എന്നാല്‍ മിനിമം മൂന്നുപ്രാവശ്യമെങ്കിലും 20-30 മിനുട്ട് വീതം നല്‍കിയാല്‍ കുഞ്ഞിന് ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുകയും വിശപ്പുമ ാറുകയും ചെയ്യും. ഇതാണ് കൂടുതല്‍ പ്രാവശ്യം കുറച്ച് നല്‍കുന്നതിനേക്കാള്‍ നല്ലത്. ഇരുന്നുമാത്രമേ മുലകൊടുക്കാവൂ. കിടന്ന് മുലകൊടുക്കുന്നത് കുഞ്ഞിന് ശ്വാസകോശ രോഗങ്ങളും കര്‍ണരോഗങ്ങളുമുണ്ടാകുന്നതിനും സാധ്യത കൂട്ടും. പാലൂട്ടല്‍ കഴിഞ്ഞ് തോളില്‍ കിടത്തി പുറത്തു തട്ടണം. കുഞ്ഞിന്റെ വയറ്റിലെ ഗ്യാസ് പുറത്തുപോകാനാണിത്.
മുലപ്പാല്‍ കുറവാണെന്നു കരുതി യാതൊരു കാരണവശാലും കൊടുക്കുന്നത് കുറക്കരുത്. പാലുണ്ടോ എന്ന് നോക്കാന്‍ മുലപ്പാല്‍ പിഴിഞ്ഞു നോക്കൂന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്. കുഞ്ഞ് അഞ്ചാറുപ്രാവശ്യം മൂത്രമൊഴിക്കുന്നുണ്ടോ, 25-30 ഗ്രാം വീതം ദിവസവും തൂക്കം കൂടുന്നുണ്ട്, നന്നായി ഉറങ്ങുന്നുമുണ്ടെങ്കില്‍ പാലിന് യാതൊരു കുറവുമുണ്ടാകാനിടയില്ല. കുഞ്ഞിന്റെ ചുണ്ട് തട്ടിയുള്ള ഉത്തേജനമാണ് മുലപ്പാല്‍ വര്‍ധിക്കാനുള്ള എറ്റവും നല്ല മാര്‍ഗം. അതല്ലാത്ത സാഹചര്യത്തില്‍ മുലപ്പാല്‍ വര്‍ധിക്കാന്‍ ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
കുഞ്ഞുങ്ങളുടെ ആഹാരം മാറ്റുന്നത് ക്രമേണയായിരിക്കണം. ദ്രവ പദാര്‍ഥത്തില്‍ നിന്ന് ദ്രാവകാംശം കുറഞ്ഞവയിലേക്കും പിന്നീട് ഖര ക്ഷണത്തിലേക്കും പതിയെ മാറ്റാം. ആറാം മാസത്തില്‍ പഴങ്ങളുടെ നീര്, കുറുക്കുകള്‍ എന്നിവ കുഞ്ഞിന് നല്‍കിത്തുടങ്ങാം. റാഗി (മുത്താറി), ഞവര അരി, ഏത്തക്കായ എന്നിവ പൊടിച്ച് ശര്‍ക്കരയോ കല്‍കണ്ടമോ ചേര്‍ത്ത് തയ്യാറാക്കുന്ന കുറുക്കുകള്‍ കുഞ്ഞിന് നല്‍കാം. നിലക്കടല പൊടിച്ചത്, ചെറുപയര്‍ പൊടി എന്നിവ കുറുക്കില്‍ ചേര്‍ക്കുന്നത് അന്നജത്തിനും ഇരുമ്പിനും പുറമെ മാംസ്യവും കുഞ്ഞിന് ധാരാളമായി കിട്ടാനിടയാകും. കുറുക്കുകള്‍ വ്യത്യസ്തമായി നല്‍കുമ്പോള്‍ കുഞ്ഞുങ്ങള്‍ കഴിക്കാന്‍ താല്‍പര്യം കാണിക്കും. മടിയില്‍ കിടത്തി പിടിച്ചുവെച്ച് ഭക്ഷണം കൊടുക്കുന്നത് നന്നല്ല. ഇത് ഭക്ഷണം ശ്വാസനാളത്തിലേക്ക് കയറി ബുദ്ധിമുട്ടുണ്ടാക്കാനിടയാകും. മടിയിലിരുത്തിയോ എടുത്തുകൊണ്ടു നടന്നോ ഭക്ഷണം കഴിപ്പിക്കുന്നതാണ് നല്ലത്. ഉടച്ച ചോറും പുഴുങ്ങിയ ഏത്തപ്പഴവുമെല്ലാം ക്രമേണ നല്‍കി തുടങ്ങാം.
ഒമ്പത് മാസമായിക്കഴിഞ്ഞാല്‍ പഴുത്ത വാഴപ്പഴം, ഇഡ്ഡലി, ദോശ എന്നിവ ഉടച്ചു നല്‍കാം. പച്ചക്കറി സൂപ്പ്, വേവിച്ചുടച്ച മീന്‍ എന്നിവയും നല്‍കിത്തുടങ്ങാം. മുട്ടയുടെ മഞ്ഞക്കരു മാത്രം ആദ്യം നല്‍കിയാല്‍ മതി. ഒരു വയസ്സുവരെ കുഞ്ഞിന്റെ വളര്‍ചാനിരക്ക് വളരെ കൂടുതലാണ്. ജനിക്കുമ്പോള്‍ 2.5-3 കിലോഗ്രാം മാത്രമുള്ള കുട്ടി ആറുമാസത്തില്‍ 6-7 കിലോ തൂക്കമുണ്ടാകും. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞ് 9-10 കിലോ തൂക്കമുണ്ടായിട്ടുണ്ടാകും.
ഒരു വയസ്സുകഴിഞ്ഞാല്‍ വീട്ടിലെ സാധാരണ ഭക്ഷണം കഴിപ്പിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം. നന്നായി വേവിച്ചുടച്ച മീനിനുപുറമെ ഇറച്ചിയും നല്‍കി തുടങ്ങാം. മുട്ട വെള്ളയുള്‍പ്പെടെ നല്‍കാം. പച്ചക്കറികള്‍, നെയ്യ്, മോര് എന്നിവയെല്ലാം ശീലിപ്പിക്കാം. പാക്കറ്റ് ഫുഡുകള്‍ യാതൊരു കാരണവശാലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്.
ഒന്നര വയസ്സാകുമ്പോഴേക്ക് കുഞ്ഞ് ചവച്ചരക്കാന്‍ പഠിച്ചിരിക്കും. ചില പ്രത്യേക താല്‍പര്യവും വിരക്തിയുമെല്ലാം ആരംഭിക്കുന്നത് ഇപ്പോഴാണ്. കുഞ്ഞുങ്ങള്‍ക്ക് അന്നജവും, കൊഴുപ്പും, മാംസ്യവും, ഇരുമ്പും, കാത്സ്യവും മറ്റും സൂക്ഷ്മപോഷണങ്ങളെല്ലാം അടങ്ങിയ സമീകൃതാഹാരമാണ് നല്‍കേണ്ടത്. പിച്ചവെച്ചു നടക്കുന്ന പ്രായത്തില്‍ ഇരുമ്പ്, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇരുമ്പിന്റെ അംശത്തിനായി നെല്ലിക്ക, ശര്‍ക്കര എന്നിവ നല്‍കാം. കാത്സ്യം കൂടുതലുള്ള ഇലക്കറികള്‍, പാലുല്‍പന്നങ്ങള്‍, മാംസ്യം കൂടുതലായുള്ള പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം കുഞ്ഞിന് നല്‍കണം. പഴങ്ങള്‍ വിറ്റമിന്‍ എ,സി മഗ്നീഷ്യം എന്നിവയുടെ ഉറവിടമാണ്. ഒന്നര വയസ്സുകഴിഞ്ഞാല്‍ വിശപ്പു കുറയുന്നത് സാധാരണമാണ്. വളര്‍ച്ചാ നിരക്ക് കുത്തനെ താഴുന്നതിനാലാണിത്. ആദ്യത്തെ ഒരു വര്‍ഷത്തില്‍ മൂന്ന് കിലോയില്‍ നിന്ന് പത്തുകിലോയെത്തുമെങ്കില്‍ രണ്ടാമത്തെ വര്‍ഷം രണ്ടു കിലോ തൂക്കം മാത്രം വര്‍ധിക്കുന്നുള്ളൂ. ഇത് മനസ്സിലാക്കാതെ രക്ഷിതാക്കള്‍ ആവലാതിപ്പെടേണ്ട കാര്യമില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top