നിങ്ങളുടെ നമ്പരെത്ര

കെ.വൈ.എ No image

അപേക്ഷ പൂരിപ്പിക്കാനുണ്ടോ എന്ന ചോദ്യവുമായി വന്നപ്പോഴാണ് സെയ്തുവിനെ ഞാന്‍ പരിചയപ്പെടുന്നത്.
പലതരത്തിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ചു കൊടുക്കുക, ആ വകയില്‍ ചില്ലറ വാങ്ങി കുടുംബം പോറ്റുക- ഇതായിരുന്നു അവന്റെ തൊഴില്‍.
സെയ്തുവിന്റെ കരിയര്‍ ഗ്രാഫ് മേലോട്ടാണ്.
എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസം. കൊട നന്നാക്കാനുണ്ടോ എന്ന് ഉറക്കെ ചോദിക്കാനുള്ള ലങ് പവര്‍ മൂലധനമാക്കി തുടങ്ങിയ ജോലി പതുക്കെ പതുക്കെ വളര്‍ന്നപ്പോള്‍ ചെറിയൊരു മുറിയില്‍ മേശയും കസേരയുമിട്ട് ഇരുന്നു. കുട നന്നാക്കേണ്ടവരെ തേടി അങ്ങോട്ട് പോകുന്നതിന് പകരം അവര്‍ ഇങ്ങോട്ട് വരുന്ന സ്ഥിതിയായി.
സെയ്തുവിന്റെ കരിയര്‍ മെച്ചപ്പെടാനുള്ള കാരണം ഇവിടെ വ്യക്തമാണ്. ഡിമാന്റ് കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു എന്നതാണത്. മഴ ഉണ്ടായിരുന്ന കാലത്ത്, ആളുകള്‍ കുടകള്‍ വാങ്ങുകയും കേടുവന്നവ നന്നാക്കാന്‍ കൊടുക്കുകയും ചെയ്തുവന്ന കാലത്ത് ആ പണി കൊള്ളാമായിരുന്നു. പക്ഷേ മഴയും കുടയും ടി.വി പരസ്യങ്ങളില്‍ നിന്നുപോലും പിന്‍വലിഞ്ഞ കാലത്ത് എന്തു ചെയ്യും?
സെയ്തു മാര്‍ക്കറ്റ് നന്നായി പഠിച്ചു. ജനങ്ങളൊക്കെ ധാരാളമായി ചെയ്തുവന്ന വൃത്തി അപേക്ഷ എഴുത്താണ് എന്ന് കണ്ടെത്തി. അയാള്‍ കുറെ കടലാസും അപേക്ഷാ ഫോറവും പേനയും മഷിയും വാങ്ങിവെച്ചു.
എന്നിട്ട് നിരത്തിലിറങ്ങി ചോദിച്ചു: അപേക്ഷ പൂരിപ്പിക്കാനുണ്ടോ?
ഉണ്ടായിരുന്നു.
വിധവാ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, തൊഴിലുറപ്പ്, തൊഴിലില്ലായ്മ, തൊഴിലപേക്ഷ, പെന്‍ഷന്‍ അപേക്ഷ, ക്രീമിലയര്‍, വരുമാനം, കമ്യൂണിറ്റി, നാറ്റിവിറ്റി, ഗ്യാസ് കണക്ഷന്‍, ട്രാന്‍സ്ഫര്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ്, അത് പുതുക്കല്‍, വാട്ടര്‍ കണക്ഷന്‍, ഫോണ്‍ കണക്ഷന്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, ജനന രജിസ്‌ട്രേഷന്‍, മരണ രജിസ്‌ട്രേഷന്‍, സ്‌കൂള്‍ അഡ്മിഷന്‍... അങ്ങനെയങ്ങനെ ജീവിതത്തിന്റെ പത്തുനൂറായിരം അപേക്ഷകരും അപേക്ഷകളും സെയ്തുവിലൂടെ കടന്നുപോയി.
എന്നാല്‍ ഈ മാര്‍ക്കറ്റും പതുക്കെപ്പതുക്കെ മോശമായിക്കൊണ്ടിരുന്നു. അപേക്ഷ പൂരിപ്പിക്കാനറിയാത്ത വൃദ്ധരും വിധവകളും കുറഞ്ഞു. ഡ്രൈവിങ്ങിനും പാസ്‌പോര്‍ട്ടിനും ജാതിസര്‍ട്ടിഫിക്കറ്റിനുമൊക്കെ അതത് ഓഫീസില്‍ തന്നെ അപേക്ഷ പൂരിപ്പിക്കല്‍ സര്‍വീസ് തുടങ്ങി. കുറെ അപേക്ഷകള്‍ ഇന്റര്‍നെറ്റ് വഴിയായി.
അങ്ങനെയാണ് സെയ്തു വീണ്ടും വഴിയാധാരമായത്.
***
പക്ഷേ, ഈയിടെ കണ്ടപ്പോള്‍ സെയ്തു ശരിക്കും കൊഴുത്തിരിക്കുന്നു.
പുതിയ തൊഴില്‍ ഏതുനിലക്കും കൊള്ളാമത്രെ. വെയിലോ മഴയോ കൊള്ളേണ്ട. ഓഫീസിലിരുന്ന് കമ്പ്യൂട്ടര്‍ ചലിപ്പിച്ചാല്‍ മതി.
തൊഴിലിന്റെ പേര് ചോദിച്ചപ്പോള്‍ സെയ്തു മനസ്സിലൊന്ന് പരതി. എന്നിട്ട് പറഞ്ഞു: പേഴ്‌സണല്‍ ഡാറ്റാ മേനേജ്‌മെന്റ്. പി.ഡി.എം
- ച്ചാല്‍?
-പറയാം.
- കേടുവരാന്‍ കുടകളുള്ള കാലത്ത് കുട സര്‍വീസിങ്. റൈറ്റ്?
- റൈറ്റ്.
- പൂരിപ്പിക്കാന്‍ അപേക്ഷകളുള്ള കാലത്ത് ആപ്ലിക്കേഷന്‍ മാനേജ്‌മെന്റ്. ശരിയല്ലേ?
- ശരിയാണല്ലോ.
- ഇക്കാലത്ത് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നമെന്താണ്? ആലോചിച്ചു നോക്ക്.
ഞാന്‍ ആലോചിച്ച് പറഞ്ഞുനോക്കി: അഴിമതി? അന്ന് ആര്‍.ടി ഓഫീസില്‍ പോയതിന്റെ ഓര്‍മ മനസ്സിലുണ്ടായിരുന്നു.
- അതിലും വലുത്?
ഇവന്‍ പങ്കാളിത്ത പെന്‍ഷനിലേക്കാണോ പോക്ക് എന്ന് വെറുതെ വിചാരിക്കുമ്പോഴേക്കും അവന്‍ തന്നെ പൂരിപ്പിച്ചു- ഡാറ്റ. പേഴ്‌സണല്‍ ഡാറ്റ! നമ്പേഴ്‌സ്.
ഞാന്‍ അമ്പരന്നു നില്‍ക്കെ അവന്‍ വിശദീകരിച്ചു:
എല്ലാവരെയും- പണക്കാരനെയും പാവപ്പെട്ടവനെയും, സ്ത്രീയെയും പുരുഷനേയും, കുട്ടിയെയും കിഴവനെയും- ഒരേപോലെ ബാധിച്ചിട്ടുള്ള പ്രശ്‌നമാണിത്. നമ്പറുകള്‍
ഞാന്‍ തലകുലുക്കിപ്പോയി. ശരിയാണല്ലോ.
ആര്‍.ടി ഓഫീസില്‍ നമ്പറുകള്‍ കാരണം ഞാന്‍ വല്ലാതെ വിഷമിച്ചതാണ്. വീട്ടുനമ്പര്‍, ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, പിന്‍കോഡ്... ഒടുവില്‍ പോക്കറ്റില്‍ നിന്ന് നൂറിന്റെ നമ്പരിറക്കിയാണ് പെട്ടെന്ന് കാര്യം സാധിച്ചത്.
സെയ്തു പറഞ്ഞു:
- എത്ര നമ്പറുണ്ട് നിങ്ങള്‍ക്കിപ്പോള്‍? ഒരു ശരാശരി മലയാളിക്ക് ചുരുങ്ങിയത് പതിനഞ്ച് നമ്പറെങ്കിലും സ്വന്തമായി ഉപയോഗിക്കാന്‍ ഉണ്ടാകും. റേഷന്‍ കാര്‍ഡ് നമ്പര്‍, വോട്ടര്‍ ഐ.ഡി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, വീട്ടു നമ്പര്‍, ആധാര്‍, എന്‍.പി.ആര്‍, ഭൂ സര്‍വേയും റീ സര്‍വേയും, ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷന്‍, ഇലക്ട്രിസിറ്റി, ലാന്റ് ഫോണ്‍, വാഹനം, ഡ്രൈവിംഗ് ലൈസന്‍സ്, ആദായ നികുതി, 'പാന്‍', ജനനതീയതി, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്...
എനിക്ക് ആവേശം കയറി. ഞാന്‍ കൂട്ടിച്ചേര്‍ത്തു: പോലീസ് സ്റ്റേഷന്‍ ഫോണ്‍, കെ.എസ്.ഇ.ബി ഫോണ്‍, ഗ്യാസ് ഏജന്‍സി ഫോണ്‍...
-ഡോക്ടറുടെ ഫോണ്‍...
-മീന്‍കാരന്‍...
-ടി.വി സര്‍വീസുകാരന്‍...
- ഇന്റര്‍നെറ്റ് പ്രൊവൈഡര്‍...
- മതി, മതി. കാര്യം മനസ്സിലായല്ലോ. ഇതില്‍ പലതും (വാഹനം, മൊബൈല്‍, ഡോക്ടര്‍) ഒന്നിലേറെയുണ്ടാകും. ഇതെല്ലാം കൂടി ഓര്‍ത്തുവെക്കാന്‍ ആര്‍ക്കാണ് കഴിയുക.
- അതുകൊണ്ട്?
- നിങ്ങളുടെ എല്ലാ നമ്പറും ഞാന്‍ മാനേജ് ചെയ്യും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറില്‍ നിന്ന് ഏതു നമ്പറും ഏതു സമയത്തും കിട്ടും.
ഞാന്‍ അപ്പോള്‍ തന്നെ ഫീസടച്ച് ചേര്‍ന്നു. മൊബൈല്‍ വഴി വിവരത്തിനായി ലോഗിന്‍ ചെയ്യാന്‍ യൂസര്‍നെയിമും പാസ്‌വേഡും അവനെനിക്ക് തന്നു.
കുറച്ചു കഴിഞ്ഞ് സെയ്തു എന്നെ ഫോണില്‍ വിളിച്ചു. പുതിയൊരു സര്‍വീസ് തുടങ്ങിയിരിക്കുന്നു. വേണോ?
- എന്തു സര്‍വീസ്?
- പാസ്‌വേഡ് സര്‍വീസ്. ഓരോരുത്തര്‍ക്കും എത്രയെത്ര ഐ.ഡിയും പാസ്‌വേഡും ഓര്‍ക്കേണ്ടി വരുന്നു! ഇമെയില്‍ ഐ.ഡി, പാസ്‌വേഡ്, ഫേസ്ബുക്, ട്വിറ്റര്‍, വിവിധ സൈറ്റുകള്‍, പരീക്ഷാ സൈറ്റുകള്‍, അഡ്മിഷന്‍ സൈറ്റുകള്‍, എ.ടി.എം പാസ്‌വേഡ് എന്നിങ്ങനെ എത്രയെണ്ണം! ഇതെല്ലാം നിങ്ങള്‍ക്കായി സൂക്ഷിക്കും. അവശ്യമനുസരിച്ച് പറഞ്ഞുതരും. അതിന് പറ്റിയ സോഫ്റ്റ്‌വെയര്‍ വെച്ചിട്ടുണ്ട്.
ഞാന്‍ ഒട്ടും സംശയിച്ചില്ല; അതിനും പണമടച്ച് ചേര്‍ന്നു. അതിന്റെ അക്കൗണ്ട് ഐ.ഡിയും പാസ്‌വേഡും സെയ്തു എനിക്ക് തന്നു.
ലാന്‍ഡ്‌ഫോണിലും മൊബൈലുകലുമായി വരുന്ന കാളുകളുടെ ഉടമകളെയും നമ്പറുകളെയും വിഷയങ്ങളെയും എനിക്കുവേണ്ടി സൂക്ഷിക്കുന്നു പുതിയൊരു സര്‍വീസ് സെയ്തു തുടങ്ങിയപ്പോള്‍ അതും ഞാന്‍ സബ്‌സ്‌ക്രൈബ് ചെയ്തു. അതിനും കിട്ടി സ്വന്തമായി ഐ.ഡിയും പാസ്‌വേഡും.
ഇന്ന് ഞാന്‍ സെയ്തുവിനെ ഒന്നുകൂടി കാണുന്നുണ്ട്- അവന്‍ നല്‍കുന്ന സേവനങ്ങളുടെ ഐ.ഡികളും പാസ്‌വേഡുകളും എനിക്കുവേണ്ടി സൂക്ഷിക്കുന്ന പുത്തന്‍ സേവനം കൂടി ആവശ്യപ്പെട്ടുകൊണ്ട് എന്റെ എല്ലാറ്റിനും കൂടി ഒറ്റ പേര് മതി- എന്റേത്. അതിന് എത്ര ഫീസ് വേണമെങ്കിലും കൊടുക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top