പൊന്നലങ്കാരം

വി. മൈമൂന No image

കേരളം സ്വര്‍ണാഭരണ വിപണന രംഗത്ത് മുന്‍പന്തിയിലാണിന്ന്. നഗരങ്ങളെയും ഗ്രാമങ്ങളെയും അലങ്കരിക്കുന്ന പടുകൂറ്റന്‍ ജ്വല്ലറികളും ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ബദല്‍ സംവിധാനങ്ങളും സ്ത്രീയുടെ സ്വര്‍ണഭ്രമമാണ് വിളിച്ചോതുന്നത്. കേരളത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള വന്‍ കവര്‍ച്ചകള്‍, കാല്‍നട യാത്രക്കാരിക്കുപോലും നേരിടുന്ന വന്‍ ആക്രമണങ്ങള്‍ തുടങ്ങിയവക്ക് സ്വര്‍ണാഭരണ ഭ്രമവുമായി ബന്ധമില്ലെ? ആയുസ്സിനും അഭിമാനത്തിനും ഹാനികരമെങ്കിലും പൊങ്ങച്ച സംസ്‌കാരത്തിന്റെയും ആഡംബര ജീവിതത്തിന്റെയും അടിമത്വത്തില്‍ നിന്നും മുക്തി നേടാന്‍ നാം എന്തുകൊണ്ട് ശ്രമിക്കുന്നില്ല. എത്രയെത്ര ഫലഭൂയിഷ്ഠമായ ഭൂമികളാണ് പെണ്‍കുട്ടികളുടെ കഴുത്തിലും ലോക്കറിലും ചലനമറ്റു കിടക്കുന്നത്? ഇവ സാമൂഹിക സാമ്പത്തിക ക്രമങ്ങളില്‍ മാന്ദ്യത സൃഷ്ടിക്കുകയില്ലേ? സ്ത്രീകള്‍ക്ക് തന്നെ കരുതല്‍ ശേഖരമാക്കിവെക്കാതെ പ്രത്യുല്‍പാദന മേഖലയില്‍ വിനിമയം ചെയ്യാന്‍ സംരംഭങ്ങള്‍ ആവിഷ്‌കരിച്ചു കൂടെ? സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുന്ന ആഭരണ ഭ്രമമെന്ന സംസ്‌കാരിക ജീര്‍ണതക്കെതിരെ നടത്തിയ അന്വേഷണം.
ജാഗ്രതാ സമിതി കോ-ഓര്‍ഡിനേറ്ററും അധ്യാപികയുമായ രാജി ടീച്ചറുടെ അഭിപ്രായം ഇങ്ങനെയാണ്. സ്വര്‍ണാഭരണങ്ങള്‍ സ്ത്രീയുടെ വ്യക്തിത്വ വികാസത്തിനും അംഗീകാരത്തിനും ആവശ്യമോ അനിവാര്യമോ അല്ല. സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതത്വത്തിന് ഏറെ ഭീഷണി സൃഷ്ടിക്കുന്നു. മാല പിടിച്ചുപറി സംഘങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ ജീവഹാനിക്കുമുമ്പില്‍ സ്വര്‍ണമുപേക്ഷിച്ചുകൂടെന്ന വാശി തികഞ്ഞ സാംസ്‌കാരിക ജീര്‍ണതയാണ്. ഇന്ത്യയില്‍ തന്നെ മറ്റൊരു സംസ്ഥാനത്തും ഇത്ര വിലകൂടിയ ആഭരണങ്ങള്‍ അണിഞ്ഞ് സ്ത്രീകള്‍ പ്രദര്‍ശന വസ്തുക്കളായി നടക്കുന്ന കാഴ്ച കാണാനാവില്ല. സ്വര്‍ണവും വജ്രവുമല്ലാത്ത കമനീയമായ മുത്തിന്റെ വിലകുറഞ്ഞ ആഭരണങ്ങളും സ്ത്രീക്ക് വിപണിയില്‍ ധാരാളമുണ്ടെങ്കിലും ഒരു പേഴ്‌സ് പിടിച്ചു നടക്കാന്‍ ആത്മധൈര്യമില്ലാത്ത സ്ത്രീകള്‍ ലക്ഷങ്ങളുടെ ആഭരണം അണിഞ്ഞ് സഞ്ചരിക്കുന്ന സ്വര്‍ണക്കടകളായി ജോലിസ്ഥലത്തും കല്യാണവീടുകളിലുമെത്തുന്നതിലെ പരിഹാസ്യത പുനഃപരിശോധിക്കേണ്ടത് തന്നെയാണ്. വിവാഹദിവസമായാലും പൊതു വേദികളിലും സ്ത്രീകളുടെ വസ്ത്രവും ആഭരണവും വിഷയമായി മാറുന്ന സമീപനരീതി തന്നെ മാറ്റിയെടുക്കണം. അധ്യാപികയെന്ന നിലയില്‍ സ്വയം മാതൃക സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന രാജി ടീച്ചര്‍ കുട്ടികള്‍ അധ്യാപകരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നു എന്നതില്‍ തികഞ്ഞ ബോധവതിയാണ്. സ്‌കൂളിലും പൊതുവേദികളിലും പൊതുപരിപാടികളിലും സ്ത്രീക്ക് വേണ്ടി മാത്രം ഏകീകരിച്ച വസ്ത്രധാരണരീതി രൂപപ്പെടുത്തുന്നതിലും വിയോജിപ്പുള്ള ഈ അധ്യാപിക അത്യാകര്‍ഷകമായ രീതിയില്‍ ആര്‍ഭാഡമായ വസ്ത്രമോ ആഭരണമോ ഉപയോഗിക്കുന്നില്ല. ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ടാകുമ്പോള്‍ ഒരു കുട്ടിയെങ്കിലും തിരുത്തി ചിന്തിക്കാതിരിക്കില്ല എന്ന ധാരണയിലാണവര്‍.
സംസ്ഥാന മദ്യനിരോധന സമിതിയിലെ ഒ.ജെ ചിന്നമ്മ പറയുന്നതിങ്ങനെ- കേരള സംസ്ഥാന പൈതൃകത്തിലെവിടെയോ സ്ത്രീക്ക് സ്വര്‍ണാഭരണം വേണമെന്ന ധാരണ കടന്നു കൂടിയിട്ടുണ്ട്. ഇപ്പോള്‍ ആഭരണ വിപണിയില്‍ റെക്കോഡാണ് കേരളത്തിനുള്ളത്. പെണ്ണുങ്ങള്‍ക്ക് പെട്ടെന്നുപയോഗിക്കാവുന്ന കരുതല്‍ ശേഖരമെന്ന നിലയില്‍ ഉപകാരമാകുമെങ്കിലും ഇന്ന് സംജാതമായ ആഭരണഭ്രമം സാംസ്‌കാരിക ജീവിതത്തെയാണ് വിളിച്ചറിയിക്കുന്നത്. വിവാഹദിവസം വധു സര്‍വാഭരണ വിഭൂഷിതയായിരിക്കണമെന്ന മിഥ്യാധാരണ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വീണ്ടുമൊരിക്കല്‍ ധരിച്ചില്ലെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ പോലും സ്വര്‍ണാഭരണങ്ങള്‍ വാങ്ങിവെക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. കോടികളുടെ ആസ്തി കച്ചവട മേഖലയിലേക്കു മാറ്റുകയാണെങ്കില്‍ സ്ത്രീക്കു തന്നെ കുതിച്ചു ചാട്ടത്തിന് സാധിക്കുമായിരുന്നു. വന്‍ ജ്വല്ലറികളുടെ പരസ്യങ്ങള്‍ക്ക് സാമൂഹ്യ പ്രാധാന്യമുള്ള മാഗസിനുകള്‍ മത്സരിക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് അവരുടെ ആശങ്ക. സ്ത്രീക്ക് കൈവശം വെക്കാവുന്ന ആഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിക്കുന്ന നിയമ നടപടിക്കൊപ്പം പത്രമാധ്യമങ്ങള്‍, ചാനലുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള അതിശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ പൊങ്ങച്ച സംസ്‌കാരം തടയാനാവൂ. മാധ്യമ ശ്രദ്ധ നേടിയെടുക്കാനാവുന്ന പരിപാടികള്‍ സ്ത്രീ ശാക്തീകരണ സംരംഭകര്‍ ആവിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് ചിന്നമ്മയുടെ അഭിപ്രായം.
സ്ത്രീ സ്വര്‍ണാഭരണം അണിയണമെന്നത് അവളുടെ അന്തസ്സിന് അത്യാവശ്യമാണെന്നാണ് യുവ ഡോക്ടര്‍ ഫര്‍ഹ അക്ബറിന്റെ അഭിപ്രായം. സ്ത്രീയുടെ ആഭരണഭ്രമത്തോട് പുഛമാണ്. വിവാഹ ദിവസമോ, വിവാഹ മൂല്യമായോ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ ഉപയോഗിച്ചിട്ടില്ല. വധു വിവാഹദിവസം സ്വര്‍ണവും വജ്രവുമണിഞ്ഞൊരുങ്ങേണ്ടതില്ലെന്ന തന്റെ ധാരണ സ്വയം മാതൃക സൃഷ്ടിച്ച് തിരുത്താനാണ് താന്‍ ശ്രമിച്ചതെന്ന് ഫര്‍ഹ പ്രതികരിച്ചു. സ്ത്രീയുടെ വ്യക്തിത്വത്തിനും അംഗീകാരത്തിനും ആഭരണങ്ങളുടെ പിന്‍ബലം ആവശ്യമില്ലെന്നും കേരളീയ വനിതകളുടെ സാംസ്‌കാരിക അധപതനത്തിനെതിരെ വാക്കും പ്രവര്‍ത്തിയും സമന്വയിപ്പിക്കുകയും ചെയ്യണം. കുഞ്ഞിന് പോലും സ്വര്‍ണം അണിയരുതെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള ഭര്‍ത്താവിന്റെയും ഉയര്‍ന്ന് ചിന്തിക്കുന്ന മാതാവിന്റെയും സഹോദരിമാരുടെയും സഹകരണം മഹാഭാഗ്യമായി കാണുന്നു.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാ വിഭാഗം വൈസ് പ്രസിഡണ്ട് സഫിയ അലിയുടെ അഭിപ്രായം ആഭരണ ഭ്രമത്തിനെതിരെയുള്ള സമരപ്രവര്‍ത്തനങ്ങളുടെ സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ്. ജാതിഭേദമില്ലാതെ, സംഘടനാഭേദമില്ലാതെ ആഭരണ ഭ്രമത്തില്‍ സ്ത്രീകള്‍ ഒറ്റക്കെട്ടാണ്. കേരളീയ വനിതകള്‍ പൊങ്ങച്ചത്തിന്റെയും ആഭരണത്തിന്റെയും അടിമകളാണ്. സ്ത്രീ ശാക്തീകരണ പ്രസംഗങ്ങളിലും പൊതുരംഗത്തും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും സജീവരായവര്‍ പോലും ഇതിനപവാദമല്ലാത്ത ദുഃസ്ഥിതിയാണുള്ളത്. സ്ത്രീകളില്‍ നിന്നാണ് ഈ മാറ്റം വരേണ്ടത്. പ്രബോധന പ്രവര്‍ത്തനങ്ങളുമായി വനിതകളിലേക്കിറങ്ങിച്ചെന്നപ്പോള്‍ അവരില്‍ വളര്‍ന്നു വികസിച്ച ആഭരണഭ്രമ സാംസ്‌കാരത്തോടുള്ള വെറുപ്പില്‍ നിന്നും സ്വര്‍ണത്തോട് മാനസികമായി വലിയ അകല്‍ച്ചയാണെന്നും അവര്‍ വ്യക്തമാക്കി. കല്ല്യാണ വീടുകളും കുടുംബ കൂട്ടായ്മകളും രോഗസന്ദര്‍ശന വേളകളും മരണവീടുകളും തുടങ്ങി ആഭരണങ്ങളുടെ അഴകും ആകൃതിയും മാത്രം സ്ത്രീകളില്‍ ഇതിവൃത്തമാകുന്നത് ലജ്ജാകരമാണ്. പണ്ടുകാലങ്ങളില്‍ പാതിരാ മതപ്രസംഗങ്ങളുടെ ആവേശത്തില്‍ ദാനധര്‍മങ്ങള്‍ക്ക് സന്മനസ്സുള്ള സ്ത്രീകള്‍ ധാരാളമുണ്ടായിരുന്നു. പള്ളികളുടെയും മദ്രസകളുടെയും പുനര്‍ നിര്‍മാണത്തില്‍ സ്ത്രീകളുടെ ആഭരണങ്ങള്‍ക്ക് വലിയൊരു പങ്കുണ്ടായിരുന്നു. ആ സ്ഥിതിവിശേഷം ഇന്ന് സമുദായത്തിനന്യമായിരിക്കുന്നു എന്ന് സഫിയ അലി ചൂണ്ടിക്കാണിക്കുന്നു. പ്രസവിച്ചു വീഴുന്ന ആണ്‍കുട്ടികള്‍ക്കും വിവാഹദിവസം വരനും സമ്മാനമായി നല്‍കുന്നത്പുരുഷന് നിരോധിക്കപ്പെട്ട സ്വര്‍ണമാണെന്നത് സമുദായം ലാഘവ ബുദ്ധിയോടെ നോക്കിക്കാണാവതല്ല. ആഭരണ ഭ്രമത്തിനെതിരെ സ്വയം മാതൃക സൃഷ്ടിക്കാനുള്ള ഇച്ഛാശക്തിയാണ് പ്രബോധനപ്രവര്‍ത്തകര്‍ വിശിഷ്യാ നേടിയെടുക്കേണ്ടത്. അമ്മമാരില്‍ നിന്നും കുട്ടികളിലേക്ക് കൈമാറപ്പെടേണ്ട ഒരാശയമായി മാറിയാല്‍ ഈ സാമൂഹ്യ വിപത്തിനെതിരെ ഉയര്‍ന്ന് നില്‍ക്കാല്‍ തനിക്കു കഴിഞ്ഞുവെന്ന് ഓരോ അമ്മമാര്‍ക്കും അഭിമാനിക്കാം. നാടോടുമ്പോള്‍ നടുവെ ഓടാനല്ല ഒഴുക്കിനെതിരെ നീന്താനുള്ള ആത്മവിശ്വാസം നേടിയെടുത്തേ മതിയാകൂ. ചെറുപ്പം മുതലേ സ്വര്‍ണത്തോട് താല്‍പര്യമില്ലാത്ത ഈ മാതൃകാ പ്രബോധക കുട്ടികളില്‍ പോലും സ്വര്‍ണത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല വീടിനു പുറത്ത് അതുപയോഗിക്കില്ലെന്ന നിര്‍ബന്ധക്കാരി കൂടിയാണ്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്‌റ മമ്പാട് പറയുന്നു- സ്ത്രീകള്‍ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ പുരോഗതി കൈവരിച്ചപ്പോഴും മഞ്ഞ ലോഹത്തോടുള്ള അതിരുകവിഞ്ഞ പ്രതിപത്തി മലബാറിലെ മുസ്‌ലിം സ്ത്രീകളില്‍ ക്രമാതീതമായിരിക്കുന്നു. വിലകൂടിയ കൊത്തുപണികളും ഫാഷനുകള്‍ മാറ്റി പണിതെടുത്തും ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും അസഹനീയമായ വിതാനത്തിലാണ് ആഭരണ നിര്‍മാണ കല ഇന്നെത്തിനില്‍ക്കുന്നത്. എന്റെ വീട്ടില്‍ പിതാവിന്റെ നിര്‍ബന്ധ ബുദ്ധി പെണ്‍കുട്ടികളുടെ ആഭരണ നിയന്ത്രണ വിഷയത്തിലുള്ളതിനാല്‍ ഉപയോഗത്തില്‍ പൊങ്ങച്ചത്തിന് ഇടം നല്‍കിയില്ല. മകന്റെ ഭാര്യക്ക് അവന്‍ നല്‍കിയ വിവാഹമൂല്യം മാത്രമണിയിച്ചാണ് അവളെ സ്വീകരിച്ചത്. അതിനുപിന്നില്‍ എന്റെ നിര്‍ബന്ധമായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.
കേരളത്തിലെ ആഡംബര പ്രേമികളായ കുറ്റവാളികളെ മോഷണ പിടിച്ചുപറി സംഘങ്ങളെ സൃഷ്ടിക്കുന്നതില്‍ ആഭരണ ഭ്രമമുള്ള സ്ത്രീകള്‍ക്കാണ് പങ്കെന്ന് തിരുത്താന്‍ നാം തയ്യാറാകണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top