കുഞ്ഞുങ്ങളുടെ വസ്ത്രധാരണം

ജിജി നിലമ്പൂര്‍

രിച്ചും രസിച്ചും തമാശ പറഞ്ഞും സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ സ്കൂള്‍ യൂണിഫോം പണ്ടത്തേതു പോലെ നീലയും വെള്ളയുമല്ല, വര്‍ണാഭമായ ചെക്ക് അല്ലെങ്കില്‍ പുള്ളികളുള്ള ഭംഗിയുള്ള യൂണിഫോം. പക്ഷേ കേരളത്തിലെ ഈ ചൂടുള്ള കാലാവസ്ഥയില്‍ അവര്‍ക്കെന്തിനാണ് കഴുത്തില്‍ ഒരു 'ടൈ'? സുഖപ്രദമായ കോട്ടണ്‍ തുണികള്‍ക്കു പകരം ചൂടനുഭവപ്പെടുന്നതും സുതാര്യവുമായ തുണികള്‍ യൂണിഫോമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്തിനാണ്?
സുഖം:
കുട്ടികളുടെ വസ്ത്രം സൌകര്യമുള്ളതായിരിക്കണം. വീട്ടില്‍ ധരിക്കുന്നതും സ്കൂള്‍ യൂണിഫോമും ഒരേ പോലെ ധരിക്കാന്‍ സുഖകരമായിരിക്കണം. ഇറുകിപ്പിടിച്ച, ചൂടു പകരുന്ന വസ്ത്രം ധരിച്ച കുട്ടിക്ക് ക്ളാസില്‍ ശരിയായി ശ്രദ്ധിക്കാന്‍ പറ്റില്ല.
സ്റൈല്‍;
ഒരു പാര്‍ട്ടിയിലോ മറ്റു പരിപാടികളിലോ പങ്കെടുക്കുന്നതിനായി മുതിര്‍ന്ന കുട്ടികള്‍ ഭംഗിയായി അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നു. കാണാന്‍ കൌതുകമുള്ള ഒരു കുട്ടി മറ്റുള്ളവരില്‍ മതിപ്പുളവാക്കുന്നു. പെട്ടെന്ന് സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്യുന്നു. നല്ല വസ്ത്രധാരണം കുട്ടിയുടെ ആകര്‍ഷകത്വത്തിന്റെ മാറ്റു കൂട്ടുന്നു. വിശേഷാവസരങ്ങളില്‍ വസ്ത്രത്തിന്റെ ആകര്‍ഷകത്വത്തിനാണ് സുഖത്തേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത്. വര്‍ണശബളമായ ഞൊറികളും മറ്റ് അലങ്കാരങ്ങളും തുന്നിച്ചേര്‍ത്ത ഫാഷനനുസരിച്ച വസ്ത്രങ്ങള്‍. വസ്ത്രത്തിനു ചേര്‍ന്ന ഹെയര്‍ബാന്റ്, വളകള്‍ ഇവയൊക്കെയും ചെലവു കുറഞ്ഞ സൌന്ദര്യ വര്‍ധക രീതികളാണ്.
ചെറിയ കുട്ടികള്‍ പെട്ടെന്നു വളരുന്നതിനാല്‍ ആ പ്രായത്തില്‍ വളരെ വില പിടിച്ച വസ്ത്രങ്ങള്‍ വാങ്ങുന്നത് വെറുതെയാണ്. സാധാരണ കുഞ്ഞുങ്ങള്‍ വര്‍ഷത്തില്‍ ശരാശരി 6 സെ.മീറ്റര്‍ (രണ്ടര ഇഞ്ച്) ഉയരം വെക്കുന്നു.
നാപ്കിന്‍:
നവജാത ശിശു ദിവസത്തില്‍ 20-25 പ്രാവശ്യം മൂത്രമൊഴിക്കുന്നതിനാല്‍ 2 ഡസണ്‍ നാപ്കിനെങ്കിലും കരുതണം. സാധാരണ ഉപയോഗിക്കുന്ന ത്രികോണാകൃതിയിലുള്ള നാപ്കിന്‍ ആണ്‍കുഞ്ഞുങ്ങള്‍ക്ക് തീരെ ഫലപ്രദമല്ല, അവര്‍ക്ക് പല മടക്കായി മൂത്രം വലിച്ചെടുക്കാന്‍ പാകത്തിന് കട്ടിയുള്ള നാപ്കിന്‍ ഉപയോഗിക്കണം. നാപ്കിന്‍ യഥാസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ പിന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പിന്‍ ചെയ്യുമ്പോഴോ പിന്നീട് അത് തുറന്ന് പോരുകയോ ചെയ്ത് കുഞ്ഞിന് മുറിവ് പറ്റാന്‍ സാധ്യതയുണ്ട്. പല അമ്മമാരും പിന്നിനു പകരം ഇപ്പോള്‍ വെല്‍ക്രോസ് ഉപയോഗിക്കുന്നത് കുഞ്ഞിന് ആശ്വാസകരം തന്നെ. നാപ്കിനില്‍ വെക്കാവുന്ന സാനിറ്ററി പാഡ് പോലെ നാപ്പി പാഡുകള്‍ ഇപ്പോള്‍ ലഭ്യമാണ്. നനവു പുറത്തേക്ക് വരാതിരിക്കാന്‍ നനുത്ത തുണിയുണ്ടെങ്കില്‍ നമുക്കു തന്നെ നാപ്പി പാഡുകള്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. ചെലവും കുറവ്, കുഞ്ഞിന് സുഖവും കൂടും. അലക്കി വീണ്ടും ഉപയോഗിക്കാം എന്ന മെച്ചവും. നാപ്കിനു പുറമെ പ്ളാസ്റിക് പാന്റി കുഞ്ഞിനെ ധരിപ്പിക്കാറുണ്ട്. ഇതു പക്ഷേ ഉഷ്ണ സാധ്യത വര്‍ധിപ്പിക്കുന്നു.
ഡയപ്പര്‍:
ഒരു പ്രാവശ്യം ഉപയോഗിച്ച് മാറ്റാവുന്ന ഡയപ്പറുകള്‍ വളരെ സൌകര്യപ്രദമാണ്. വില കൂടുതലാണ് എന്നു മാത്രം. ഡയപ്പര്‍ ആയാലും നാപ്കിനായാലും കുഞ്ഞ് അതില്‍ മൂത്രമൊഴിച്ചാല്‍ ഉടനെത്തന്നെ അത് മാറ്റേണ്ടതാണ്. സാധാരണ ഗതിയില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ കുഞ്ഞിന്റെ ചേഷ്ടകള്‍ നമുക്ക് മനസ്സിലാക്കിത്തരും. വിസര്‍ജനം ചര്‍മത്തോട് കുറെ നേരം ചേര്‍ന്നിരുന്നാല്‍ 'ഡയപ്പര്‍ ഡെര്‍മാറ്റൈറ്റിസ്' (ഉശമുലൃ ഉലൃാമശേശേ) എന്ന ത്വക്ക് രോഗം ഉണ്ടാകാം. ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല.
കുറച്ചു ദിവസത്തേക്ക് ഡയപ്പര്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. ഗുരുതരമാവുകയാണെങ്കില്‍ ഓയിന്റ്മെന്റ് പുരട്ടാം. ഡയപ്പര്‍ മാറ്റിയ ശേഷം കുറച്ചു നേരം ഒന്നും ധരിപ്പിക്കാതെ കുറച്ചു നേരം കാറ്റു കൊള്ളിക്കുന്നത് നല്ല കാര്യമാണ്.
ശൈത്യം:
തണുപ്പു കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ചൂടു വസ്ത്രം മുതിര്‍ന്നവരെക്കാള്‍ ആവശ്യമാണ്. നവജാത ശിശുവിന് ആനുപാതികമല്ലാത്ത വലിയ തലയും തലയില്‍ പ്രായേണ മുടി കുറവുമായതിനാല്‍ പെട്ടെന്ന് തണുപ്പടിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് തണുപ്പു കാലത്ത് തൊപ്പിയിടീക്കുന്നത് നന്നായിരിക്കും. കുഞ്ഞുങ്ങള്‍ എപ്പോഴും മൂത്രമൊഴിച്ച് മറ്റ് തുണികളും നനക്കുന്നതു കൊണ്ട് തുണി കഴുകുന്നതിനുള്ള ബുദ്ധിമുട്ടു കുറയ്ക്കാന്‍ കുഞ്ഞിനെ ഏറ്റവും കുറച്ച് വസ്ത്രം ധരിപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്. തണുപ്പടിക്കാത്ത തരത്തില്‍ കുഞ്ഞിനെ വസ്ത്രം ധരിപ്പിക്കേണടത് ആവശ്യമാണ്. ശരിയായ രീതിയില്‍ നാപ്കിനോ ഡയപ്പറോ ധരിപ്പിച്ചാല്‍ മറ്റു വസ്ത്രങ്ങള്‍ നനയാതെ സൂക്ഷിക്കാവുന്നതേയുള്ളൂ. കമ്പിളി വസ്ത്രങ്ങള്‍ ശീത കാലത്ത് ഉപയോഗിക്കേണ്ടി വരും. പക്ഷേ അത് ചൊറിച്ചിലിനു കാരണമാകുന്നതിനാല്‍ ത്വക്കിനെ സ്പര്‍ശിക്കാത്ത വിധത്തില്‍ സാധാരണ വസ്ത്രത്തിന്റെ മുകളില്‍ മാത്രമേ ധരിപ്പിക്കാവൂ. അകത്തിടുന്ന ഷര്‍ട്ടിന്റെ കൈയും കോളറും കമ്പിളി വസ്ത്രത്തെക്കാള്‍ വലുതായിരിക്കണം.
വേനല്‍ക്കാലം:
ആവശ്യത്തിലധികം വസ്ത്രം ഈ സമയത്ത് കുഞ്ഞിനെ ധരിപ്പിക്കരുത്. വേനലില്‍ തൊപ്പിയും കാലുറയും അനാവശ്യമാണ്.
ഇലാസ്റിക്:
ഉടുപ്പുകള്‍ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ ഹുക്ക്, ചരട്, സിബ്ബ്, ബട്ടണ്‍, ഇലാസ്റിക് ഇവയാണ് ഉപയോഗിക്കാറ്. നവജാത ശിശുക്കളുടെ വസ്ത്രങ്ങളില്‍ കഴിവതും ഇലാസ്റിക് ഒഴിവാക്കുക. കുഞ്ഞിനെ ഇലാസ്റിക്കുള്ള സോക്സ് ഇടുവിച്ച് അത് മാറ്റി നോക്കിയാല്‍ ചുവന്ന നിറത്തില്‍ തൊലിക്ക് കേടു പറ്റിയതായി കാണാം. ദീര്‍ഘ നേരം ഇങ്ങനെ തുടര്‍ന്നാല്‍ രക്തയോട്ടം തടസ്സപ്പെടും.
ബട്ടണ്‍:
മൂന്നു വയസ്സായ കുട്ടിക്ക് ബട്ടണ്‍ ഇടാനും ഊരാനും സാധിക്കുമെന്നതിനാല്‍ ഷര്‍ട്ടിലും പാന്റിലും ബട്ടണ്‍ ഉപയോഗിക്കാം. ബട്ടണ്‍ ഊരിപ്പോയാല്‍ പകരം പിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. അത് കാഴ്ചക്ക് വൃത്തിയില്ല എന്ന് മാത്രമല്ല പിന്ന് കുത്തുകയും അഴിക്കുകയും ചെയ്യുമ്പോള്‍ പരിക്കു പറ്റാനും മതി. പെണ്‍കുഞ്ഞുങ്ങളുടെ ഉടുപ്പില്‍ ഹുക്കോ ബട്ടണ്‍സോ മുന്‍വശത്തു തന്നെ വെക്കുന്നത് അവര്‍ക്ക് സ്വയം ഉടുപ്പിടാനും അഴിക്കാനും സഹായകമാകും.
സിബ്ബ്:
ആണ്‍കുഞ്ഞുങ്ങള്‍ അടിവസ്ത്രം ധരിക്കാതെ സിബ്ബുള്ള പാന്റ് ഇടുന്നത് അപകടമാണ്. സിബ്ബിടുമ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ മൂത്രമൊഴിക്കുന്ന ഭാഗം അതിനിടയില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.
അടിവസ്ത്രം:
അടിവസ്ത്രങ്ങള്‍ മേല്‍വസ്ത്രങ്ങളെക്കാള്‍ കൂടുതല്‍ ഉരച്ചു കഴുകുന്നതു കൊണ്ട് അതു പെട്ടെന്ന് തുള വീഴുകയും നിറം മങ്ങുകയും ചെയ്യും. കുഞ്ഞുങ്ങള്‍ ഇരിക്കുകയും കളിക്കുകയും ചെയ്യുന്നതിനിടയില്‍ അവരുടെ അടിവസ്ത്രങ്ങള്‍ മിക്കപ്പോഴും കാണാമെന്നതിനാല്‍ ഉടുപ്പുകള്‍ പോലെത്തന്നെ അടിവസ്ത്രങ്ങളും മനോഹരമായിരിക്കാനും വൃത്തിയുള്ളതായിരിക്കാനും ശ്രദ്ധിക്കുക.
ബിബ്:
ഒരു വയസ്സുകാരന് തനിയെ ഭക്ഷണം കഴിക്കുക ഇഷ്ടമുള്ള ഒരു സംഗതിയാണ്. എന്നാല്‍ ഈ സാഹസത്തിനിടയില്‍ മുഖവും കൈയും മാത്രമല്ല, ഉടുപ്പിന്റെ മുന്‍വശം മുഴുവനും വൃത്തികേടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കുഞ്ഞിനെ 'ബിബ്' ധരിപ്പിക്കുന്നത് നല്ലതാണ്.
വ്യക്തിപരമായ അഭിരുചികള്‍:
മുതിര്‍ന്ന കുട്ടികള്‍ക്ക് ചില പ്രത്യേക തരം വസ്ത്രങ്ങളോട് താല്‍പര്യം തോന്നാം. അതുപോലെ ചില നിറങ്ങള്‍, ചില ഡിസൈന്‍- കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരു പരിധി വരെ അവരുടെ അഭിരുചികള്‍ കണക്കിലെടുക്കേണ്ടതാണ്.
അഴുക്കു പുരണ്ട വസ്ത്രങ്ങളും യൂണിഫോമും മറ്റും വൃത്തികേടാക്കി വിയര്‍ത്തൊലിച്ച് കുട്ടികള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ മാതാപിതാക്കളേ, നിങ്ങള്‍ സന്തോഷിക്കുക. എന്തെന്നാല്‍ നിങ്ങളുടെ കുട്ടി കായികമായ കളികള്‍ ആസ്വദിക്കുന്നു. എന്നാല്‍ അഴുക്കു പുരണ്ട കീറിയ വസ്ത്രങ്ങള്‍ ധരിച്ച് വീട്ടില്‍ നിന്ന് പുറത്തേക്കു പോകാന്‍ അനുവദിക്കരുത്. മുഷിഞ്ഞതോ കീറിയതോ ആയ വസ്ത്രങ്ങള്‍ കുട്ടിയെപ്പറ്റിയുള്ള മതിപ്പില്ലാതാക്കും. നിങ്ങളെപ്പറ്റിയും.
ഇരട്ടകള്‍:
~ഒരേപോലെ ഉടുപ്പിട്ട സമാന ഇരട്ടകളെ കാണുന്നത് വളരെ കൌതുകകരമാണ്. 7-8 മാസം പ്രായമുള്ള കുഞ്ഞിന് കണ്ണാടിയില്‍ തങ്ങളെത്തന്നെ കാണുന്നത് വളരെ ആനന്ദകരമായ സംഗതിയാണ്. തന്റെ ഇരട്ടയെ കാണുമ്പോള്‍ കണ്ണാടി നോക്കുന്നതു പോലെയാണ് കുഞ്ഞിന് തോന്നുക. ഇത് പ്രശ്നമാണ്. ക്രമേണ ഏതു കാര്യം ചെയ്യുന്നതും ഒരുപോലെയായിരിക്കണം എന്ന ധാരണ അവരില്‍ ശക്തമായി രൂപപ്പെടും. ഒരു കുട്ടിക്ക് ഒരു കളിപ്പാട്ടം കിട്ടിയാല്‍ മറ്റെയാള്‍ക്കും അതു തന്നെ വേണമെന്ന വാശിയാകും. എല്‍.കെ.ജി യില്‍ ചേരുമ്പോള്‍ ഒരുമിച്ചിരിക്കണം എന്നതാകും ആവശ്യം. ഒന്നാം ക്ളാസില്‍ വെച്ച് എല്ലാ വിഷയങ്ങള്‍ക്കും ഒരേ മാര്‍ക്ക് കിട്ടണമെന്ന് വാശി പിടിച്ചാല്‍ എങ്ങനെയിരിക്കും? സമാനമായ ഇരട്ട പെണ്‍കുട്ടികളെ കിട്ടിയാലേ വിവാഹം കഴിക്കൂ എന്നു വാശി പിടിച്ച ഇരട്ട സഹോദരങ്ങളുടെ കാര്യവും പുതുമയല്ല.
ഈ പ്രശ്നം നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളൂ. ആറു മാസം മുതല്‍ ഇരട്ട കുഞ്ഞുങ്ങളെ കഴിവതും വ്യത്യസ്തരായി വസ്ത്രധാരണം ചെയ്യിക്കണം. നിറത്തില്‍ മാത്രമല്ല, വസ്ത്രത്തിന്റെ ഡിസൈനും മോഡലും വ്യത്യസ്തമായിരിക്കണം. ധരിക്കുന്ന ആഭരണങ്ങള്‍- കമ്മല്‍, വള, മാല, ഹെയര്‍ബാന്റ്, ക്ളിപ്പ്, ചെരിപ്പ് ഇവയെല്ലാം.
തലമുടി:
മുടി എപ്പോഴും വൃത്തിയായി ചീകി വെക്കണം. ചെറു പ്രായത്തില്‍ മുടി വൃത്തിയായി സൂക്ഷിക്കാന്‍ പഠിപ്പിക്കണം. നീട്ടി വളര്‍ത്തുന്നതിനേക്കാള്‍ നീളം കുറഞ്ഞിരിക്കുന്നതാണ് എളുപ്പം. നിറമുള്ള റിബണ്‍, ഹെയര്‍ബാന്റ്, ക്ളിപ്പ് ഇവ ഉപയോഗിച്ച് വലിയ ചെലവില്ലാതെ സുന്ദരിയായി അണിഞ്ഞൊരുങ്ങാന്‍ സാധിക്കും. മുടി മുറുക്കി പിന്നി വെയ്ക്കുന്നതും റബര്‍ബാന്റിടുന്നതും മുടി കൊഴിയാന്‍ കാരണമാകും.
ഷൂസ്:
കുഞ്ഞുങ്ങളുടെ പാദം വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ഇറുകിപ്പിടിച്ചിരിക്കുന്ന തരത്തിലുള്ള ഷൂ നല്ലതല്ല. മുന്‍വശം വിസ്താരമില്ലാത്ത ഷൂ കാല്‍വിരലുകളെ അമര്‍ത്തുന്നതിനാല്‍ പാദത്തിന് ക്ഷതം സംഭവിക്കും. മുന്‍വശത്ത് ആവശ്യത്തിന് വിസ്താരമുള്ള ഷൂ തെരഞ്ഞെടുക്കണം. ഉപ്പൂറ്റി ഉയര്‍ന്ന ഷൂ (ചെരിപ്പ്) ഉപയോഗിക്കുന്നത് നല്ലതല്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top